വൻ ജനപ്രീതി നേടിയ പിന്നണി ഗായകനാണ് ഷാൻ. ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശബ്ദങ്ങളിൽ ഒന്നിന് ഉടമയാണെങ്കിലും സിനിമാതാരങ്ങൾക്ക് മുംബൈയിൽ ലഭിക്കാറുള്ളതുപോലെയുള്ള കടുത്ത ആരാധകക്കൂട്ടത്തിന്റെ ആവേശം തനിക്ക് വളരെ അപൂർവമായേ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. 'ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഓൾ ഇന്ത്യ മെഹ്ഫിൽ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ്, ഒരു കൂട്ടം ആരാധകർ തന്നെ അപ്രതീക്ഷിതമായി വളഞ്ഞതിനെക്കുറിച്ചും എന്നാൽ പിന്നീട് അവർക്ക് ആളെ മാറിപ്പോയതാണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ചുമുള്ള രസകരമായ സംഭവം ഷാൻ പങ്കുവെച്ചത്.

To advertise here,

ഒരുകൂട്ടം സ്‌കൂൾ വിദ്യാർഥിനികൾ തന്നെ വളഞ്ഞതിനെക്കുറിച്ചുള്ള ഓർമകളാണ് ഷാൻ പങ്കുവെച്ചത്. ഷാരൂഖ് ഖാൻ ആണെന്ന് തെറ്റിദ്ധരിച്ചാണ് സ്‌കൂൾ കുട്ടികൾ ന്റെ അടുത്തെത്തിയതെന്ന് ഷാൻ പറഞ്ഞു.

'ഞാൻ അന്ന് പുതിയൊരു മാരുതി 800 കാർ വാങ്ങിയ സമയമായിരുന്നു. പെട്രോൾ അടിക്കാനായി ഒരു പമ്പിൽ വണ്ടി നിർത്തി. സാധാരണയായി അവിടെ വണ്ടിയിൽനിന്നു പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെടാറുണ്ട്. ഞാൻ പുറത്തുനിൽക്കുന്ന സമയത്ത് സ്‌കൂൾ കുട്ടികളുമായി വന്ന ഒരു ബസ് അവിടെ നിന്നു. അതിലുണ്ടായിരുന്ന പെൺകുട്ടികൾ മുഴുവൻ എന്നെ വന്ന് വളയുകയും അവിടെ വലിയൊരു ബഹളം തന്നെ ഉണ്ടാവുകയും ചെയ്തു. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ അവർ ബസിലേക്കുതന്നെ തിരിച്ചുപോയി', ഷാൻ ഓർത്തെടുത്തു.

'അവർ തിരികെ പോകുന്നതിനിടയിലാണ്, ഞാൻ ഷാരൂഖ് ഖാൻ ആണെന്ന് അവർ തെറ്റിദ്ധരിച്ചതാണെന്ന് പറയുന്നതായി ഞാൻ കേട്ടത്. അവർ മുംബൈയിൽ നിന്നുള്ളവരായിരുന്നില്ല. അതുകൊണ്ടുതന്നെ അത്രയും വലിയൊരു താരം പെട്രോൾ പമ്പിൽ വന്ന് സ്വന്തം കാറിൽ പെട്രോൾ അടിക്കില്ലെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. കൂട്ടത്തിൽ ആരോ ഒരാൾക്ക് ആളെ മാറിപ്പോയതാണ്, ബാക്കിയുള്ളവർ അതുകണ്ട് പിന്നാലെ വന്നു. എന്തോ പന്തികേടുണ്ടെന്ന് അവർക്ക് പിന്നീട് മനസ്സിലായി', ഷാൻ കൂട്ടിച്ചേർത്തു.

'എന്നാൽ അതുവരെ, ആളുകളുടെ ആരധനയിൽ മതിമറന്ന് അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു ഞാൻ. ആ ആവേശം വളരെ കുറച്ചു സമയമേ നീണ്ടുനിന്നുള്ളൂവെങ്കിലും അതൊരു നല്ല അനുഭവമായിരുന്നു,' അദ്ദേഹം പറഞ്ഞുനിർത്തി.

ഷാരൂഖ് ഖാൻ അഭിനയിച്ച 'മേം ഹൂം ഡോൺ', 'കുച്ച് തോ ഹുവാ ഹേ', 'ദാസ്താൻ-ഇ-ഓം ശാന്തി ഓം', 'ദീവംഗി ദീവംഗി', 'ആഖേൻ ഖുലി' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഷാൻ ശബ്ദം നൽകിയിട്ടുണ്ട്. 'തൻഹാ ദിൽ', 'ചന്ദ് സിഫാരിഷ്', 'ബെഹ്തി ഹവ സാ താ വോ', 'ജബ് സേ തേരെ നൈനാ' ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന 'വെൽകം ടു ദ ജംഗിൾ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിലാണ് ഷാൻ ഏറ്റവും ഒടുവിലായി പാടിയിരിക്കുന്നത്.