
'റാം കെയര്‍ ഓഫ്' ആനന്ദി' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നിലവാരമില്ലാത്ത സാഹിത്യമെന്ന പേരില്‍ ശക്തമായ വിമര്‍ശനത്തിനിരയായ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മജന്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ
ഒരിക്കലുമില്ല. അങ്ങനെ അവാര്‍ഡ് നോക്കി സാഹിത്യം നടത്തുന്ന ആളല്ല ഞാന്‍. എന്റെ മാനസികമായ സന്തോഷത്തിനും എന്നെ വായിക്കുന്നവര്‍ക്കും വേണ്ടിയാണ് എഴുതുന്നത്. ഈ അവാര്‍ഡ് കിട്ടിയത് അതിഭയങ്കരമായ സന്തോഷമായും ഭാഗ്യമായും കാണുന്നു. എന്റെ ജീവിതത്തില്‍ ഓര്‍ത്തുവെക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്ന്.
പത്തു, പതിനഞ്ചു വര്‍ഷമായി എഴുത്തില്‍ കഷ്ടപ്പെടുന്നയാളാണ് ഞാന്‍. എന്റെ മൂന്നാമത്തെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദിയാണ് എല്ലാവരും ശ്രദ്ധിച്ചത്. അതിന് മുമ്പുള്ള രണ്ട് പുസ്തകത്തിന് വേണ്ടി ഞാന്‍ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് ആര്‍ക്കുമറിയില്ല. ചിലരൊക്കെ എന്റെ വിജയത്തെ മാര്‍ക്കറ്റിംഗിന്റെ ഫലമായി പറയുന്നുണ്ട്. എന്റെ ആദ്യപുസ്തകങ്ങള്‍ക്ക് എന്തുകൊണ്ടാണ് അതേ ബിസിനസ് ചെയ്യാന്‍ പറ്റാത്തത്? ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമാണ് ഒരു പുസ്തകം വിജയിക്കുന്നതും വിറ്റുപോകുന്നതും. പണം മുടക്കി പുസ്തകം വാങ്ങുന്നവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പ്രകടിപ്പിക്കാനും അവകാശമുണ്ട്. അത് കേള്‍ക്കാന്‍ എഴുത്തുകാരന്‍ ബാധ്യസ്ഥനാണ്.
നമ്മുടെ ഒരു പ്രോഡക്റ്റിനെ പറ്റി മോശം പറഞ്ഞാല്‍ അത് എന്താണെന്നറിഞ്ഞ് അടുത്ത കൃതിയില്‍ മെച്ചപ്പെടുത്തണം. ഒരാള്‍ക്ക് എന്റെ പുസ്തകം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ അതില്‍ എന്താണ് ഇഷ്ടപ്പെടാത്തത് എന്ന് ഞാന്‍ ചോദിക്കും. അടുത്ത കൃതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആ അറിവ് സഹായിക്കും. വിമര്‍ശനങ്ങള്‍ എപ്പോഴും നല്ലതിനാണ്, അത് മെച്ചപ്പെടാന്‍ സഹായിക്കും. അത് വ്യക്തിഹത്യയിലേക്ക് പോകരുത് എന്ന് മാത്രം.
താങ്കളുടെ കൃതിക്ക് നിലവാരമില്ലെന്നും ഗൗരവമുള്ള പ്രമേയമില്ലെന്നും പൈങ്കിളിയാണ് എന്നും ഒക്കെ ആരോപണങ്ങള്‍ വന്നല്ലോ
റാം കെയര്‍ ഓഫ് ആനന്ദിയില്‍ അഭയാര്‍ത്ഥികളുയെും എല്‍ജിബിടിക്യു സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പറയുന്നുണ്ട്, ചെന്നൈയില്‍ നടക്കുന്ന പലകാര്യങ്ങളും പറയുന്നുണ്ട്. ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന് ആരോപിക്കുന്നവര്‍ ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഞാനൊരു സാധാരണക്കാരനാണ് ഞാന്‍ കണ്ടിട്ടുള്ള കഥകളാണ് എഴുതുന്നത്. അത് വായിക്കുന്നവരും സാധാരണക്കാരായതുകൊണ്ടാണ് അത് അവരുമായി കണക്ട് ആവുന്നത്. ഇനിയും ഞാന്‍ സാധാരണക്കാരുടെ കഥകളാണ് എഴുതുക. റാം കെയര്‍ ഓഫ് ആനന്ദി എഴുതുംമുമ്പ് ശ്രീലങ്കന്‍ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കുകയും അത് അറിയുന്നവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
നിങ്ങള്‍ക്ക് ഭാഷാ സ്വാധീനമില്ല, നല്ല ഭാഷയില്‍ അല്ല എഴുതുന്നത് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍
എനിക്ക് ഇങ്ങനെയാണ് എഴുതാന്‍ അറിയുന്നത്. ഇനി വായിച്ചാല്‍ മനസ്സിലാകാത്ത ഭാഷകളും ദ്വയാര്‍ഥങ്ങളും ഒക്കെ കുത്തിനിറക്കണം എന്നാണോ? നേരത്തെ പറഞ്ഞ് പോലെ, ഞാന്‍ ഈ 90 ശതമാനം സാധാരണക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നത്. അതില്‍ കുട്ടികളുമൊക്കെയുണ്ട്. മലയാളം വായിക്കാന്‍ അറിയാതിരുന്ന കുട്ടികളൊക്കെ വായിച്ചു വായിച്ച് ഇപ്പോള്‍ കൂടുതല്‍ നിലവാരമുള്ള പുസ്തകങ്ങളിലേക്ക് പോകുന്നു. ഖസാക്കിന്റെ ഇതിഹാസം വരെ എത്തിയ സ്‌കൂള്‍ കുട്ടികളുണ്ട്. എന്റേത് ആദ്യചുവടു മാത്രമാണ്. വായന തുടങ്ങുന്നവര്‍ക്ക് കടുകട്ടി സാഹിത്യം കൊടുത്താല്‍ അവര്‍ വായന തന്നെ മുന്നോട്ടു കൊണ്ടുപോവില്ല. വായന മരിക്കുന്നു എന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് പുതുതായി വായിച്ചു തുടങ്ങുന്നവരോട് ഇന്ന പുസ്തകമേ വായിക്കാന്‍ പാടുള്ളൂ എന്ന് പറയാന്‍ പറ്റില്ലല്ലോ. ലളിതമായ പുസ്തകങ്ങളില്‍ തുടങ്ങി പിന്നീട് അവര്‍ വലിയ വലിയ ഗ്രന്ഥങ്ങളിലേക്ക് എത്തിച്ചേര്‍ന്നുകൊള്ളും. അതിനുള്ള സമയം അവര്‍ക്ക് കൊടുക്കണം.
താങ്കള്‍ക്ക് അവാര്‍ഡ് തന്നതിന്റെ പേരില്‍ ജൂറിയെ പലരും ട്രോളുന്നുണ്ട്
അവരാരെയും എനിക്കറിയില്ല. അവരൊക്കെ അധ്യാപകരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ നടത്തിയത് ഒരു വിപ്ലവമാണ്. ഇത്രയുംകാലത്തെ രീതികളില്‍ നിന്ന് വ്യത്യസ്തമായി ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ജനപ്രിയകൃതിക്ക് പുരസ്‌കാരം കൊടുത്തു. അതിന് അവരെ എല്ലാവരും കൂടി ചീത്തവിളിക്കുന്നത് മോശം പ്രവണതയാണ്. ജൂറിയുടെ അന്തിമതീരുമാനം ഒരാളുടെ മാത്രമല്ല, മൂന്നുപേരുടെയും ഒരുമിച്ചുള്ളതാണ്. അതിന് അവരെ ആക്ഷേപിച്ചതില്‍ എനിക്ക് കടുത്ത വിയോജിപ്പുണ്ട്.
കഥയ്ക്ക് വിഷയം തിരഞ്ഞെടുക്കുന്നത്
ഞാനൊരു സാധാരണ വായനക്കാരനും എഴുത്തുകാരനുമാണ്. നൂറുപേരെ എടുത്താല്‍ അതില്‍ പത്തുപേര്‍ മാത്രമായിരിക്കും വളരെ ആഴത്തില്‍ വായിക്കുന്നവര്‍. 90 ശതമാനം പേരും വായന ഇടയ്ക്കുവെച്ച് നിന്നു പോയവര്‍, അല്ലെങ്കില്‍ ഇതുവരെ ഒരു പുസ്തകം കൈകൊണ്ട് തൊടാത്തവരായിരിക്കും. ആ 90 സാധാരണക്കാരെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. സാധാരണ ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്നതിനെ പള്‍പ്പെന്നോ പൈങ്കിളി എന്നോ പറയുകയാണെങ്കില്‍ അത് ഞാനൊരു ക്രെഡിറ്റായി എടുക്കുന്നു.
നമ്മള്‍ ജീവനോടെയിരിക്കുന്ന സമയത്ത് നമുക്കൊരു അവാര്‍ഡ് കിട്ടുക, നമ്മുടെ പുസ്തകം വായിച്ച ആള്‍ക്കാര്‍ അഭിപ്രായം പറയുക. നമ്മള്‍ മരണപ്പെട്ട് കുറേക്കാലത്തിനുശേഷം പറഞ്ഞാല്‍ നമ്മള്‍ അറിയില്ലല്ലോ. എനിക്ക് കിട്ടിയ ഭാഗ്യം, എഴുതുന്ന സമയത്ത് തന്നെ എന്റെ പുസ്തകം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, ചെറുപ്പമായിരിക്കുമ്പോള്‍ എനിക്കൊരു പുരസ്‌കാരം കിട്ടി എന്നതാണ്. അത് ഞാനും പുസ്തകം വായിച്ചവരും ആഘോഷിക്കുന്നു. ആ സന്തോഷത്തില്‍ പങ്കുചേരുന്നതാണ് ഏറ്റവും വലിയ കാര്യം
അഖില്‍ ഏതുതരം പുസ്തകങ്ങളാണ് വായിക്കാറ്
ഞാന്‍ എല്ലാത്തരം പുസ്തകങ്ങളും വായിക്കും. പ്രത്യേകിച്ച് ആത്മകഥകള്‍. ഏറ്റവും ഒടുവില്‍ വായിച്ചത് എസ്. ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ്. പുതിയ ഒരുപാട് കുട്ടികളുടെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എനിക്ക് കിട്ടുന്ന റോയല്‍റ്റിയിലെ ഒരു നല്ല ശതമാനം പുസ്തകങ്ങള്‍ വാങ്ങാനാണ് നീക്കി വെച്ചിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും അല്ലാത്തതും വായിക്കും, എഴുതിത്തുടങ്ങുന്നവരുടെ പുസ്തകം പണം കൊടുത്തു വാങ്ങും. എന്റെ റോയല്‍റ്റിയിലെ നല്ലൊരു ഭാഗം പുസ്തകങ്ങള്‍ക്കായി ചെലവാക്കും.
മലയാളത്തിലെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍
ഞാന്‍ എഴുത്തുകാരെയല്ല, പുസ്തകങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. ഒരുപാട് പുസ്തകങ്ങള്‍ ഇഷ്ടമാണ്. ഒരു പ്രത്യേക എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരിയെ ഇഷ്ടമെന്ന് പറഞ്ഞ് എനിക്ക് അടുപ്പമുള്ള മറ്റെഴുത്തുകാരെ വിഷമിപ്പിക്കാനില്ല.
എഴുത്തുകാരുടെ ഈ തലമുറയെ ഒഴിവാക്കിയാല്‍
തൊട്ടു മുമ്പുള്ള തലമുറയില്‍ കെ.ആര്‍. മീരയുടെ നോവെല്ലകള്‍, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, അജയ് മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ഇഷ്ടമാണ്.
വായനാനുഭവത്തെ രൂപപ്പെടുത്തിയ പുസ്തകങ്ങള്‍
സ്‌കൂളില്‍ സെക്കന്‍ഡ് പേപ്പറായി വികൃതിരാമന്‍ എന്ന പുസ്തകം ഉണ്ടായിരുന്നു. മഴയുള്ള ഒരു ദിവസം അവസാന പിരീഡില്‍ ടീച്ചര്‍ ആ പുസ്തകം വായിച്ചു തരികയായിരുന്നു. പുസ്തകത്തിന്റെ അവസാനമെത്തുമ്പോള്‍ അത് ശ്രദ്ധിച്ചു കേട്ടിരുന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ കവിളിലൂടെ ഒഴുകി ബെഞ്ചിലേക്ക് വീണു. അതു കണ്ടപ്പോഴാണ് മനുഷ്യവികാരങ്ങളെക്കുറിച്ച് എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചത്. അതിനുമുമ്പ് എഴുതിയിരുന്നത് പ്രേതകഥകളും മറ്റുമായിരുന്നു.
വളരെ കൊച്ചുകുട്ടിയായിരുന്നപ്പോഴേ എഴുതുമായിരുന്നോ
അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്ന പ്രായത്തിലേ ഞാന്‍ എഴുതുമായിരുന്നു. നാട്ടിലെ ചേട്ടന്മാര്‍ പറയുന്ന കഥകളൊക്കെ എനിക്ക് ഹരമായിരുന്നു അതൊക്കെ പുസ്തകത്തില്‍ പകര്‍ത്തിയെഴുതും. ഞാനത് സ്‌കൂളില്‍ കൊണ്ടുപോയി കൂട്ടുകാര്‍ക്ക് വായിക്കാന്‍ കൊടുക്കും. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് വായന കാര്യമായി എടുക്കുന്നത്. വായനശാലയില്‍ അംഗത്വമെടുത്തു. കോട്ടയം പുഷ്പനാഥ് സാറിന്റെ 90 ശതമാനം പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. പാതിരപ്പള്ളി എസ്.എന്‍.ഡി.പി വൈ.എം.എ വായനശാലയില്‍ പുതിയ പുസ്തകം എടുക്കാന്‍ ഗ്രാന്റ് കിട്ടുമ്പോഴൊക്കെ കോട്ടയം പുഷ്പനാഥിന്റെ നോവല്‍ വാങ്ങാന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നു. വായനയ്ക്ക് ആര്‍ത്തിയായിരുന്നു ആ കാലത്ത്. സ്‌കൂളിന് തൊട്ടടുത്തുള്ള വായനശാലയില്‍ ദിവസവും പോയി പുസ്തകം എടുക്കുമായിരുന്നു.
പ്ലസ് ടു എത്തിയപ്പോള്‍ പഠനമാധ്യമം ഇംഗ്ലീഷായത് വലിയ ബുദ്ധിമുട്ടായി. എനിക്ക് വായിക്കാന്‍ സമയം കിട്ടാതായി. അങ്ങനെ മൂന്നുനാല് വര്‍ഷം പുസ്തകങ്ങളുമായി അകല്‍ച്ച വന്നു. പിന്നീട് പോളിടെക്നിക്കില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ എഴുത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഴുതുന്ന സമയത്ത് വലിയ വായന ഉണ്ടാവില്ല. എഴുതിക്കഴിഞ്ഞാല്‍ വീണ്ടും ശക്തിയായി തിരിച്ചുവരും. ഇപ്പോള്‍ തപോമയിയുടെ അച്ഛന്‍ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്.
സെല്‍ഫ് പബ്ലിഷിങ്ങിലൂടെ തുടങ്ങിയതാണല്ലോ. എത്രത്തോളം ബുദ്ധിമുട്ടായിരുന്നു ആ കാലഘട്ടം
2010-ലാണ് ഓജോബോര്‍ഡ് അച്ചടിച്ചത്. 17 വയസ്സ് മുതല്‍ ഞാനത് പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ വെക്കേഷന്‍ സമയത്താണ് ആ പുസ്തകം എഴുതിയത്. മെര്‍ക്കുറി ഐലന്‍ഡ് എഴുതിയതും 17 വയസ്സുള്ളപ്പോഴായിരുന്നു. എല്ലാ പ്രസാധകകമ്പനികളും ഓജോബോര്‍ഡ് പബ്ലിഷ് ചെയ്യാന്‍ വിസമ്മതിച്ചു. കഥ പറയുന്നതുപോലെയാണ് ഞാന്‍ എഴുതാറ്. അത് അതുവരെയുള്ള രീതികളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാകാം, പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
പിന്നെ ഞാനത് ഫെയ്സ്ബുക്കില്‍ എഴുതിയിട്ടു. അവിടെ വലിയ സ്വീകാര്യത കിട്ടി, ഒരുപാട് പേര്‍ വായിച്ചു. അവര്‍ തന്ന ധൈര്യവും ചെറിയ സംഭാവനകളും വെച്ചാണ് ഞാന്‍ സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിനുമുമ്പ് ഡി.ടി.പി ചെയ്യുന്നത് മുതല്‍ അച്ചടി വരെയുള്ള എല്ലാ കാര്യങ്ങളും പഠിച്ചു. അങ്ങനെ സ്വന്തമായി രൂപകല്‍പ്പന ചെയ്ത പുസ്തകമാണ് അച്ചടിച്ചത്. 2015-ലായിരുന്നു, പോളിടെക്നിക്കിന്റെ അവസാനവര്‍ഷം തീരുന്ന സമയത്ത്.
പുസ്തകക്കടകള്‍ ഓജോബോര്‍ഡ് എടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഞാനത് കൊണ്ട് നടന്നു വിറ്റു, ബസ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും തീവണ്ടികളിലും ഒക്കെ. ഓജോബോഡും മെര്‍ക്കുറി ഐലന്‍ഡും ഞാന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്നാട്ടില്‍ മലയാളികള്‍ ഉള്ളിടത്തും കൊണ്ടുനടന്നു വിറ്റിട്ടുണ്ട്. നാലഞ്ച് പതിപ്പുകള്‍ കൊണ്ടുനടന്ന് വിറ്റതോടെ പതുക്കെ പുസ്തകക്കടകളില്‍ നിന്നും അന്വേഷണം വന്നുതുടങ്ങി. മൂന്നാമത്തെ പുസ്തകം ആയപ്പോള്‍ നേരത്തെ തള്ളിക്കളഞ്ഞവര്‍ തന്നെ പുതിയ നോവല്‍ ഉണ്ടെങ്കില്‍ അച്ചടിക്കാമെന്നും പറഞ്ഞ് മുമ്പോട്ട് വന്നു. അങ്ങനെയാണ് റാം കെയര്‍ ഓഫ് ആനന്ദി വരുന്നത്.
ആ പുസ്തകം ചരിത്രമായി, അല്ലേ
അതിന്റെയും തുടക്കം ബുദ്ധിമുട്ടായിരുന്നു. കോവിഡ് കാലം. പിന്നീട് പതിയെ മൗത്ത് പബ്ലിസിറ്റിയിലൂടെ പുസ്തകത്തിന് പ്രചാരം കൂടി ഇപ്പോള്‍ 54 എഡിഷനായി. 4 ലക്ഷം കോപ്പിക്ക് 5,000 മാത്രമാണ് കുറവെന്ന് കേട്ടു.
പബ്ലിഷിംഗ് മുതല്‍ കൊണ്ടുനടന്ന് വില്‍ക്കുന്നത് വരെയുള്ള എല്ലാ ജോലികളും സ്വയം ചെയ്തതുകൊണ്ടാണോ താങ്കളുടേത് മാര്‍ക്കറ്റിംഗ് വിജയമാണ് എന്ന ആക്ഷേപത്തിനു കാരണം
പുസ്തകമായാലും മറ്റെന്ത് ഉത്പ്പന്നമായാലും മനുഷ്യര്‍ ഉപയോഗിച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ അറിയുകയും ആവശ്യക്കാര്‍ ഉണ്ടാകുകയും ചെയ്യൂ. ഒരു പുസ്തകത്തെ ഉത്പ്പന്നമായി കാണുകയാണെങ്കില്‍ അതിനെ ബിസിനസ് എന്ന് പറയാം. വളരെ താഴെത്തട്ടില്‍ നിന്നും വന്ന ആളായതുകൊണ്ട് എനിക്ക് അത് സ്വയം ചെയ്യേണ്ടി വന്നു. കൊണ്ടുനടന്ന് വിറ്റത് ബുക്ക്‌സ്റ്റോളുകള്‍ എടുക്കാത്തത് കൊണ്ടാണ്. എന്നെ അങ്ങനെ ഒരു കച്ചവടക്കാരനായി കണ്ടാലും ഒരു കുഴപ്പവുമില്ല. പുസ്തകം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഞാന്‍ ഇറങ്ങിയിട്ടുണ്ട്. പിന്നെ പൈസ കൊടുത്തു മേടിച്ച അവാര്‍ഡ് എന്നൊക്കെ പറയുന്നുണ്ട്. അതിന് പ്രതികരിക്കാന്‍ ഞാനില്ല. ഒരു അവാര്‍ഡിനെ പുച്ഛിക്കുന്നത് ശരിയല്ല. മുമ്പ് ഒരുപാട് പേര്‍ക്ക് കിട്ടിയിട്ടുള്ള അവാര്‍ഡ് ആണത്.
പുസ്തകം വില്‍ക്കാന്‍ റീലുകള്‍ ആദ്യമായി ഉപയോഗിച്ചത് അഖില്‍ ആണോ
എന്റെ പുസ്തകം പ്രമോട്ടു ചെയ്യാന്‍ ഇതുവരെ ഒരു റീലും ഞാന്‍ ഉണ്ടാക്കിയിട്ടില്ല, സത്യം. എന്റെ പുസ്തകം വായിച്ച് ഇഷ്ടപ്പെട്ട കുറെ കുട്ടികളാണ് റീലുകള്‍ ചെയ്തത്. അത് കണ്ടുകണ്ടു മറ്റുള്ളവരും ചെയ്തു. പുസ്തകത്തിലെ അവര്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രം വെച്ച് റീലുകള്‍ ചെയ്യുകയായിരുന്നു. എന്റെ ഇംഗ്ലീഷ് പുസ്തകം ഇറങ്ങിയപ്പോഴാണ് ഞാന്‍ ആദ്യമായി റീല്‍ ചെയ്യുന്നത്, പുസ്തകം അണ്‍പായ്ക്ക് ചെയ്യുന്ന വീഡിയോ. റാം കെയര്‍ ഓഫ് ആനന്ദിയുടെ മലയാളം പതിപ്പിനുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.
അഖിലിന് രാഷ്ട്രീയമുണ്ടോ
ഇല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ഏത് രാഷ്ട്രീയപാര്‍ട്ടി തരുന്ന വേദിയിലും ഞാന്‍ സംബന്ധിക്കും. ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ല, പ്രചാരണത്തിന് പോയിട്ടില്ല. എല്ലാവരോടും എനിക്ക് സ്നേഹമാണ്. എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.
അഖിലിനെ വിമര്‍ശിക്കുന്നവരുടേത് ഒരു വരേണ്യ മനോഭാവമാണ് എന്ന ആക്ഷേപത്തെ പറ്റി
അങ്ങനെ തോന്നുന്നില്ല. എന്റെ ബുക്ക് ഇഷ്ടപ്പെടാത്തവരാണ് സംസാരിക്കുന്നത്. എനിക്ക് അങ്ങനെ ഒരു ചേരിതിരിവ് അനുഭവപ്പെട്ടിട്ടില്ല, ഏതെങ്കിലും തരത്തില്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. അതിന്റെ ഉള്ളില്‍ ഒരു രാഷ്ട്രീയമുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് മുമ്പുള്ള എഴുത്തുസമൂഹവും ആയിട്ട് ഞാന്‍ കണക്ടഡ് അല്ല. ഇതിനിടയ്ക്ക് എന്തെങ്കിലും ഈഗോയോ പൊളിറ്റിക്സോ നടക്കുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് എനിക്ക് ധാരണയില്ല. അങ്ങനെ എന്തെങ്കിലും അനുഭവം ഉള്ളതുകൊണ്ടായിരിക്കാം അവര്‍ അങ്ങനെയൊക്കെ പറയുന്നത്.
എഴുതി തുടങ്ങുന്ന കാലത്ത് ഇത്രയധികം അറിയപ്പെടുമെന്നോ പുരസ്‌കാരം കിട്ടുമെന്നോ കരുതിയിരുന്നോ
ഒരിക്കലുമില്ല. എന്റെ പുസ്തകങ്ങള്‍ കുറച്ചു പേരെങ്കിലും വായിക്കണം എന്നു മാത്രമായിരുന്നു ആഗ്രഹം. തീവണ്ടിയാത്രയ്ക്കിടെ പുസ്തകക്കച്ചവടക്കാര്‍ നമ്മുടെ മുന്നില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കും. എന്റെ ഒരു പുസ്തകം അവര്‍ കൊണ്ടുനടന്നു വില്‍ക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. തീവണ്ടി യാത്രയ്ക്കിടെ എന്റെ ഒരു പുസ്തകം ഏതെങ്കിലും യാത്രക്കാരന്‍ ഇരുന്നു വായിക്കുന്നത് കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിപ്പോള്‍ ഞാന്‍ കാണുന്നുണ്ട്. ഇപ്പോള്‍ യാത്രയ്ക്കിടെ പുസ്തകം വായിക്കുന്ന ഒരുപാട് പേരെ കാണാം. വായന തിരിച്ചുവരികയാണ്, അതില്‍ വളരെ സന്തോഷമുണ്ട്.
2018 വന്‍വിജയമായിരുന്നല്ലോ. അടുത്ത സിനിമ
സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രം വരുന്നു. കഥയും തിരക്കഥയും എന്റേതാണ്. ദീര്‍ഘകാലമായി സിനിമയിലുള്ള ശ്യാമാണ് സംവിധായകന്‍. അടുത്തവര്‍ഷം ആരംഭിക്കാനാണ് ആലോചന.
അടുത്ത പുസ്തകം
ആലപ്പുഴ, കുട്ടനാട് കേന്ദ്രമാക്കിയുള്ള ഒരു കഥയാണ്. അതിന്റെ ഗവേഷണം നടക്കുകയാണ്. എഴുതിത്തീര്‍ക്കാന്‍ ഒരു വര്‍ഷം എടുക്കും എന്നാണ് തോന്നുന്നത്.
വീട്ടുകാര്‍ വിമര്‍ശനങ്ങളെ എങ്ങനെയാണ് എടുക്കുന്നത്
എന്റെ വീട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായവരല്ല. അവര്‍ക്കാര്‍ക്കും സാഹിത്യരംഗവുമായി യാതൊരു ബന്ധവുമില്ല. ലോട്ടറി വില്‍ക്കുന്ന ആളാണ് അച്ഛന്‍. ചേട്ടന് കൊറിയര്‍ സര്‍വീസിലാണ് ജോലി. അവര്‍ക്ക് ഈ രംഗത്തെക്കുറിച്ച് ഒന്നുമറിയില്ല. ഞാന്‍ ഉള്ളതുകൊണ്ടാണ് പലതും അറിയുന്നത്. അവാര്‍ഡിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് കുറേപ്പേര്‍ ചാടിവീണു ആക്രമിക്കുന്നത് കാണുമ്പോള്‍ എന്തുപറ്റി, എന്താണ് സംഭവിച്ചത് തുടങ്ങിയ സംശയങ്ങള്‍ അവര്‍ക്ക് ഉണ്ട്. എങ്കിലും എന്റെ സന്തോഷം അവരെയും സന്തോഷിപ്പിക്കും.
നാലു ലക്ഷം പുസ്തകം വിറ്റുപോയിട്ടും അച്ഛന് ഇപ്പോഴും ലോട്ടറി വില്‍പ്പനയാണല്ലോ.
നമുക്ക് വീടില്ലായിരുന്നു. അത് ഇപ്പോ വെച്ചതേയുള്ളൂ. എന്റെ എഴുത്തില്‍നിന്നുള്ള വരുമാനത്തില്‍ നല്ലൊരു ശതമാനം വീടിനുവേണ്ടി ചെലവാക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. എന്തായാലും വലിയ കുഴപ്പമില്ല. കഞ്ഞി കുടിച്ചു പോകാനുള്ള രീതിയില്‍ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്.
Content Highlights: Interview with writer Akhil P. Dharmajan
Published: 21 Jun 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented