
അമൽ എഴുതിയ 9 മിനിക്കഥകൾ വായിക്കാം…
1. മൂന്നടി
''എനിക്ക് മൂന്നടി മണ്ണ് വേണം''
വാമനൻ പറഞ്ഞു.
മഹാബലി ഒരു നിമിഷം മുട്ടുകുത്തി നിലത്തിരുന്നു.
കൈപ്പത്തി വിടർത്തി കൊയ്‌തൊഴിഞ്ഞ പാടത്തെ ചെളിമണ്ണിൽ അമർത്തി. എഴുന്നേറ്റു.
ചെവിക്കല്ല് നോക്കി മൂന്ന് വട്ടം ആഞ്ഞടിച്ചു.
2. മണ്ണാകെ പുൽവിത്തുകൾ
''ഹിഹിഹിഹിഹിഹിഹി''
പെട്ടെന്ന് ഭൂമിയിലെ സകല കെട്ടിടങ്ങളും കുലുങ്ങിക്കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.
''പെട്ടെന്ന് ഇതെന്തുപറ്റി?''
താഴേക്ക്താഴേക്ക്താഴേക്ക് വീഴവേ മാനവജാതി ചോദിച്ചു.
''കിക്കിള് കിള് കിള് കിള്....കിക്കിള് കിള് കിള് കിള്..'', കെട്ടിടങ്ങൾ ഒരേ സ്വരത്തിൽ പൊട്ടിച്ചിരിച്ചു.
''അടിത്തറയ്ക്ക് കീഴെ പുൽനാമ്പുകൾ ഇക്കിളി ഇടുന്നു''
3. മെറ്റാവേൾഡ്
''എനിക്കൊരു പൂവാകണം; വീണ പൂവ്. നിനക്കോ?'', മെറ്റാറോബോട്ട് 1 ചോദിച്ചു.
''എനിക്ക് കുമാരനാശാനാകണം'', മെറ്റാറോബോട്ട് 2 പറഞ്ഞു.
4. നിറകുടം
അയാളുടെ കൂടെ കിടക്കുന്നതിനേക്കാൾ അവൾക്ക് എളുപ്പം രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ നിന്ന് പന്ത്രണ്ട് മക്കൾക്കുള്ള ആഹാരം പാകം ചെയ്യുന്നതും വസ്ത്രങ്ങൾ തുന്നുന്നതുമാണ്.
5. കേശാദിപാദം
പെട്ടന്നവനെക്കണ്ട് വിരണ്ട പല്ലി വാൽ മുറിച്ചിട്ടു.
നിലത്തേക്കിരുന്ന് ലോകാത്ഭുതമെന്ന പോലെ അവൻ പിടയ്ക്കുന്ന പല്ലിവാൽ നോക്കി.
അത് നോക്കി പല്ലി ചൊല്ലി: ''ശരി, മനുഷ്യന് ഒരവയവം മുറിച്ചിടാം. പിന്നീടാ അവയവം വളർന്ന് വന്നോളും എന്ന ഒരനുഗ്രഹം കിട്ടിയെന്നിരിക്കട്ടെ, ഏത് അവയവം തിരഞ്ഞെടുക്കും?''
6.ജ്യോതിഷാസ്ത്രജ്ഞൻ
''ഇവിടെ വലതുകാൽ വച്ചാണോ ഇടതുകാൽ വച്ചാണോ കക്കൂസിൽ കയറേണ്ടത്?''
ടോക്ക്യോ സ്റ്റേഷനിലുള്ള ഡിജിറ്റൽ ടോയിലറ്റിന് മുന്നിൽ നിന്ന് അന്താരാഷ്ട്ര റോബോട്ടിക് കോൺഫറൻസിനുവന്ന ശാസ്ത്രജ്ഞൻ ചോദിച്ചു.
7. കാറ്റാടി
കുട്ടി ഓലക്കാറ്റാടിയുമായി വരുന്നത് കാറ്റ് കണ്ടു.
'കൊള്ളാലോ', കൌതുകം മൂത്ത കാറ്റ് ഓടിച്ചെന്ന് ഓലപ്പമ്പരം കറക്കി.
കുട്ടി ചിരിച്ചപ്പോൾ കുട്ടിയേയും പമ്പരം പോലെ കറക്കി.
കറക്കിക്കറക്കി ചുറ്റിച്ചുറ്റിച്ചുറ്റി ആകാശം തൊടുവിച്ചു.
കുട്ടി ഭയന്ന് കരയാൻ തുടങ്ങി.
അന്നേരമാണ് കാറ്റ് മലകൾക്ക് ചോട്ടിൽ കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ കണ്ടത്.
'കൊള്ളാലോ', കൌതുകം മൂത്ത കാറ്റ് കുട്ടിയെ വിട്ട് സർവ്വശക്തിയും സംഭരിച്ച് കാറ്റാടിപ്പാടത്തേക്ക് പാഞ്ഞു.
8.വൃത്തി വേ ഉത്പന്നം റേ
''എന്നെ സ്‌നാനസോപ്പിന്റെ മോഡൽ ആക്കിക്കൂടെ, ഏറ്റവും വൃത്തി എനിക്കല്ലേ?''
കാക്ക ചോദിച്ചു.
''സോറി ബേബ്, പ്രോഡക്റ്റ് ലോഞ്ച് ചെയ്ത കാലം മുതൽ മോഡലിംഗിന് കൊക്കിനും പഞ്ചവർണ്ണക്കിളിക്കുമാണ് ആജീവനാന്തകരാർ നൽകിയിരിക്കുന്നത്''
സോപ്പ് കമ്പനി ഉടമ കൈ കഴുകി.
9. ബംഗാൾ വിഭജനം
അദ്ദേഹത്തിന്റെ മകൾ ഇറങ്ങിവന്നു.
അതിസുന്ദരി.
പ്രഭാമയി.
ചുറ്റും ഐശ്വര്യം പ്രസരിക്കുന്നു.
''എംബിഎയ്ക്ക് പഠിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.
''നന്നായി നന്നായി'', ഞാൻ ചിരിച്ചു.
''കല്യാണം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു''
''ഓ, കാലം മാറിയില്ലേ. ഇപ്പൊ അതിലൊക്കെ എന്തിരിക്കുന്നു'', എന്റെ ഒച്ച ഇടറി.
അന്നേരം ഒരു യുവാവ് പുറത്തേക്ക് വന്നു.
മലയാളി ലുക്കില്ല.
''മകളുടെ ഭർത്താവാണ്. അദ്ദേഹം പരിചയപ്പെടുത്തി''
യുവാവ് കൈകൂപ്പി 'നമൊഷ്‌കാർ' എന്ന് പറഞ്ഞു.
''ബംഗാളിയാണ്''
എന്റെ മുഖം ഇരുണ്ടു. അറിയാതെ മുഖത്ത് പുച്ഛം നിറഞ്ഞു. കണ്ണ് പെൺകുട്ടിയുടെ നേർക്ക് സഹതാപഭാവമണിഞ്ഞു.
''നിങ്ങൾ ഉദ്ദേശിക്കുന്ന ബംഗാളി അല്ല'', പെൺകുട്ടിയും യുവാവും അകത്തേക്ക് പോയപ്പോൾ അദ്ദേഹം ഒച്ച താഴ്ത്തി:
''ഗീതാഞ്ജലി, ആനന്ദമഠം, ആരോഗ്യനികേതനം, പഥേർ പാഞ്ചാലി, മേഘേ ദാക്കേ താരാ, ബോസ്, റായ്, ചതോപാധ്യായ, ബന്ധോപാധ്യായ, മുഖോപാധ്യായ രീതിയിലുള്ള ക്ലാസിക്കൽ ബംഗാളിയാണ്. ഡോക്ടർ ആണ്. യുകെയിൽ. രാഷ്ട്രീയ ലേഖനങ്ങളും കവിതകളും എഴുതും. പിയാനോ വായിക്കും. പെയിന്റിംഗ് ചെയ്യും. ലോക സഞ്ചാരിയാണ്. വ്‌ലോഗറാണ്.....''
അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു.
അതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ നിന്നനിൽപ്പിൽ പൊട്ടിത്തെറിച്ചു.
Published: 02 Oct 2026, 04:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented