നിർമിത ബുദ്ധി വിവർത്തനമേഖലയെ നശിപ്പിക്കുമെന്ന് പ്രമുഖ വിവർത്തക ഡോ. ഗീത കൃഷ്ണൻകുട്ടി. മാതൃഭൂമി നരേറ്റീവിന് നൽകിയ അഭിമുഖത്തിലാണ് സാഹിത്യഅക്കാദമി ജേതാവുകൂടിയായ ഗീതകൃഷ്ണൻകുട്ടി വിവർത്തനമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.
ഇന്ത്യൻ ഭാഷകളിൽ ഇറങ്ങുന്ന മിക്ക കൃതികൾക്കും അർഹതപ്പെട്ട വിവർത്തനങ്ങൾ ലഭിക്കുന്നില്ലെന്നും വിവർത്തകർക്ക് തുച്ഛം പ്രതിഫലമാണ് ലഭിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
എം.ടി വാസുദേവൻ നായർ, ലളിതാംബിക അന്തർജ്ജനം, എം. മുകുന്ദൻ, ആനന്ദ്, സക്കറിയ തുടങ്ങി മലയാളത്തിലെ മുൻനിര എഴുത്തുകാരുടെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഗീതാകൃഷ്ണൻകുട്ടിയാണ്.
വിവർത്തനത്തോടൊപ്പം തന്നെ മലയാളസിനിമകളുടെ സബ്‌ടൈറ്റിലിങ് മേഖലയിലും പതിറ്റാണ്ടുകൾക്കുമുമ്പേ തന്റെതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് ഗീത കൃഷ്ണൻ കുട്ടി.
നീലക്കുയിൽ, കുമ്മാട്ടി, അഗ്നിസാക്ഷി തുടങ്ങി അനേകം സിനിമകൾക്ക് സബ്‌ടൈറ്റിലിങ് ചെയ്ത ഗീതകൃഷ്ണൻകുട്ടി എം.ടി വാസുദേവൻ നായരുടെ ഒമ്പതു തിരക്കഥകളെ ആധാരമാക്കി ചിത്രീകരിച്ച ആന്തോളജിയായ മനോരഥങ്ങൾക്കുവേണ്ടിയും സബ്‌ടൈറ്റിലിങ് ചെയ്തു.
പത്തൊമ്പതാമത്തെ വയസ്സിൽ വിവാഹിതയായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗീത കൃഷ്ണൻകുട്ടി തന്റെ കരിയർ പടുത്തുയർത്തുന്നത് മുടങ്ങിപ്പോയ പഠനം മുപ്പത്തിയേഴാം വയസ്സിൽ പുനരാരംഭിച്ചുകൊണ്ടാണ്. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും താരതമ്യ പഠനത്തിൽ ഡോക്ടറേറ്റും നേടിയ അവർ ഫ്രഞ്ച് സാഹിത്യത്തോടുള്ള അതിയായ താൽപര്യം കാരണം ഫ്രഞ്ച് ഭാഷ പഠിച്ചെടുക്കുകയും ഫ്രഞ്ച് ഭാഷാധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. നാൽപതുവർഷമായി വിവർത്തനമേഖലയിൽ സജീവമായി നിലകൊള്ളുന്ന ഗീതകൃഷ്ണൻകുട്ടി തന്റെ തൊണ്ണൂറാം വയസ്സിലും കർമനിരതയാണ്. വിവർത്തനമേഖല നേരിടുന്ന അരിഷ്ടകളും സങ്കീർണതകളും നിർമിത ബുദ്ധി സർഗാത്മകമേഖലയെ നശിപ്പിക്കുന്ന വിധവും അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
Published: 01 Aug 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented