എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്‌കാര ജേതാവായ സുനിതാ കൃഷ്ണനുമായി മാതൃഭൂമി പ്രതിനിധി ഷബിത നടത്തിയ അഭിമുഖത്തിൽനിന്ന്.

To advertise here,

സുനിതാ കൃഷ്ണൻ ഒരു പേരല്ല, യാഥാർഥ്യമാണ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ഇന്ത്യയിലെ ഏറ്റവും 'ഹോട്ടസ്റ്റ് ബിസിനസിന്' ഭീഷണിയായി താങ്കൾ നിലയുറപ്പിക്കുന്നു

അന്നത്തെക്കാൾ കൂടുതൽ ഭീകരമാണ് ഇന്ന്. 35 വർഷം മുൻപ് ഈ ക്രൈമിനെതിരേ പോരാടാനിറങ്ങുമ്പോൾ അക്കാലത്ത് 12-13 വയസ്സുള്ള കുട്ടിയെ വീണ്ടെടുക്കുമ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു. ഇത്രയും ചെറിയ കുട്ടികളാണോ വിൽക്കപ്പെടുന്നത് എന്നായിരുന്നു എന്റെ വേദന. ഇന്ന് ഇതേ മേഖലയിൽ മൂന്നോനാലോ വയസ്സുള്ള കുട്ടികളെ കാണുമ്പോൾ അത്ര ഷോക്കില്ല. പ്രശ്‌നം ഗൗരവമായി കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ടെക്നോളജി എന്ന സംഭവം ഈ ഗൗരവത്തിന്റെ മുഖംതന്നെ പാടേ മാറ്റിക്കളഞ്ഞിരിക്കുകയാണ്. ഇന്നു പക്ഷേ, വേട്ടക്കാർ മറഞ്ഞിരിക്കുന്നു. ഇരയുടെ മുഖം മാത്രമേ വെളിച്ചത്തുള്ളൂ.

മാറാവ്യാധി പിടിപെട്ടവരെ പുനരധിവസിപ്പിക്കുന്നതുപോലെ എളുപ്പമല്ല, ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസം.

ആദ്യമേ പറയട്ടെ, നിങ്ങളുടെ ചോദ്യത്തിൽത്തന്നെ പന്തികേടുണ്ട്. നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന പദം- ലൈംഗികത്തൊഴിലാളി. ഇതൊരു തൊഴിലാണെന്നു നിങ്ങൾ സ്ഥാപിക്കുന്നു. ഇതൊരു തൊഴിലായിട്ട് ഇന്ത്യാമഹാരാജ്യം അന്നും ഇന്നും കാണുന്നില്ല. സെക്‌സ്വർക്കർ എന്നത് ഒരു ലേബർ മൂവ്മെന്റിന്റെ ഭാഗമാണ്. ഒരു സ്ത്രീയുടെ ശരീരം എന്തുചെയ്യണമെന്ന് അവളാണ് തീരുമാനിക്കുന്നത് എന്ന ന്യായം ആഗോളതലത്തിൽ നിലനിൽക്കുന്നുണ്ട്. വേശ്യാവൃത്തിക്ക് കൃത്യമായ നിർവചനം നമ്മുടെ നിയമം നൽകുന്നുണ്ട്. വാണിജ്യപരമായി ലൈംഗികചൂഷണം നടത്തുക എന്നതാണ്. ചൂഷണം എന്നാണ് പറഞ്ഞിരിക്കുന്നത്, തൊഴിലായിട്ടല്ല. ആ വ്യക്തത നമുക്കുണ്ടാവണം.

ഒരു തൊഴിൽ നിയമവിധേയമാക്കുക എന്നുപറഞ്ഞാൽ ആ തൊഴിലിന് ഒരു നിയമം ബാധകമായിരിക്കണം. തൊഴിൽചട്ടങ്ങളുണ്ടായിരിക്കണം, ഈ പ്രവൃത്തിയിൽ ഇതെല്ലാമുണ്ടോ? കോടതി പറഞ്ഞത് ഈ രാജ്യത്തെ ഓരോ മനുഷ്യനുമുള്ള അവകാശം ഇവർക്കും ഉണ്ടായിരിക്കണം എന്നാണ്. റെസ്‌ക്യൂ ഹോമുകളുടെ ഉത്തരവാദിത്വമെന്താണെന്ന് തീർച്ചപ്പെടുത്താനാണ് രണ്ടാമതായി കോടതി പറഞ്ഞിരിക്കുന്നത്. അത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഇടക്കാല ഉത്തരവിനെ വളച്ചൊടിച്ച് ഇന്ത്യയിൽ മൊത്തം ആശയക്കുഴപ്പം പടർത്താൻ ഈ ലോബിക്ക് സാധിച്ചു. നമ്മൾ എന്തുചെയ്താലും ഹരാസ്മെന്റ് ആവും. അതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല എന്നായി പോലീസിന്റെ തീരുമാനം.

എത്രയോ സംസ്ഥാനങ്ങളിൽ പോലീസ് റസ്‌ക്യൂ ഓപ്പറേഷൻസ് നിർത്തി. ജഡ്ജുമാരിൽ ആശയക്കുഴപ്പമുണ്ടാക്കിയത് റെസ്‌ക്യു ചെയ്ത് ഹാജരാക്കിയ സ്ത്രീകളുടെ കേസിലായിരുന്നു. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിക്കഴിഞ്ഞാൽ ജഡ്ജിമാരെ ചോദ്യംചെയ്യുമോ എന്ന ഭയമായി. അപ്പോൾ ബന്ധുത്വം അവകാശപ്പെട്ട് ആരുവന്നാലും ജാമ്യത്തിൽ വിട്ടയച്ചു. അവസാനം എന്താണ് നടന്നത്? പെൺകുട്ടി തിരികെ ആ ചൂഷണകേന്ദ്രത്തിൽത്തന്നെ എത്തിപ്പെടുന്നു. ഇതൊരു സൈക്കിളിങ് ആയി നടന്നുകൊണ്ടേയിരിക്കുന്നു. വലിയ ദുരന്തമെന്താണെന്നുവെച്ചാൽ സർക്കാരിനും യാഥാർഥ്യം മനസ്സിലാവുന്നില്ല എന്നതാണ്.

സർക്കാർ റെസ്‌ക്യൂഹോമുകൾ നടത്തുന്നുണ്ടല്ലേ

ഒരു ഹോം നടത്തുന്നു എന്നതല്ല റീഹാബിലിറ്റേഷൻ. ഒരു ശരീരത്തെ, മനസ്സിനെ ആത്മാവിനെ വീണ്ടെടുക്കുക എന്നതാണ് റീഹാബിലിറ്റേഷൻ. ഒരു വീടുണ്ടാക്കി, ഭക്ഷണം കൊടുത്തു, ഉടുക്കാൻ വസ്ത്രം കൊടുത്തു. അത് റീഹാബിലിറ്റേഷനാണോ? അല്ല. സെക്‌സ് ട്രാഫിക്കിങ്ങിൽ നടക്കുന്ന യാഥാർഥ്യമെന്താണ്? പത്തുവയസ്സുള്ള ഒരു പെൺകുട്ടിയുടെ ശരീരം ഒരുദിവസം നാല്പതുതവണ നാല്പതാളുകൾ വാങ്ങുന്ന അവസ്ഥ നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ? വിചിത്രവും പ്രാകൃതവുമായ നോവിക്കലുകൾ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു പെൺശരീരത്തെ നിങ്ങൾക്ക് സങ്കല്പിക്കാനാവുമോ. ഞാനത് കണ്ടുമരവിച്ചതാണ്. ഭക്ഷണവും വസ്ത്രവും പാർപ്പിടവും കൊടുക്കുന്നതല്ല റീഹാബിലിറ്റേഷൻ. അത് ദീർഘകാലയത്‌നമാണ്. അവളുടെ ബോധം തിരിച്ചുകൊണ്ടുവരുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

35-വർഷത്തെ പ്രയത്‌നം. 35,000-ത്തിൽപ്പരം കുട്ടികളെ രക്ഷപ്പെടുത്തുക. അതിൽ മൂന്നുവയസ്സുമുതലുള്ള കുഞ്ഞുങ്ങൾ ഉണ്ടായിരിക്കുക. താങ്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന യാഥാർഥ്യം തരുന്ന ആശ്വാസം വളരെ വലുതാണ്

ഇതെന്റെ ചോയ്സായിരുന്നു. ഇത്തരമൊരു ക്രൈമിനെ നിങ്ങൾ എതിർക്കുക എന്നുപറഞ്ഞാൽ നിങ്ങളുടെ ഇനിയുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്നും ഏതു ഓടയിലേക്കും ജീവനറ്റ ശരീരമായി വലിച്ചെറിയപ്പെടാം എന്നുള്ളതും യാഥാർഥ്യമാണ്. എനിക്കുകിട്ടിയ അടിയൊന്നും ഞാനൊരു അടിയായിട്ട് കണ്ടിട്ടില്ല. എന്റെ ഉദ്യമം ശരിയായ ദിശയിലാണ് എന്നതായിരുന്നു എനിക്കുനേരേയുള്ള ഓരോ ആക്രമണവും നൽകിയ സൂചന.

താരതമ്യേന കേരളത്തിൽനിന്നുള്ള റെസ്‌ക്യു ഓപ്പറേഷനുകൾ കുറവാണെന്നും ഇവിടെ കുറച്ചുകൂടി സമാധാനിക്കാവുന്ന അന്തരീക്ഷമാണ് എന്നും വിലയിരുത്താവുന്ന സാഹചര്യമാണോ ഉള്ളത്?

ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സിറ്റികളിൽ റെഡ്ലൈറ്റ് ഏരിയ ഇല്ലാത്തതുപോലെ കേരളത്തിലും റെഡ്ലൈറ്റ് ഏരിയ ഇല്ല. പക്ഷേ, ഇവിടെയൊന്നും പ്രോസ്റ്റിറ്റിയൂഷൻ ഇല്ല എന്നെങ്ങനെ പറയാൻപറ്റും? ഇന്നു നിങ്ങൾ കേരളത്തെ ഒന്നാകമാനം വീക്ഷിച്ചുനോക്കൂ. എത്രയോ ബംഗ്ലാദേശി പെൺകുട്ടികളെ ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ഇവിടെ റെഡ്ലൈറ്റ് ഏരിയ ഇല്ലാത്തതുകൊണ്ട് മാംസബിസിനസിന് പലവിധത്തിലുള്ള മറകൾ സൃഷ്ടിച്ചിട്ടുണ്ട്. മോഡലിങ് ഏജൻസിയുടെ പേരിലും ജോബ് റിക്രൂട്ട്മെന്റിന്റെ മറയിലും ഇവിടെ ശരീരം വിൽക്കപ്പെടുന്നുണ്ട്. നിങ്ങൾക്ക് കാണാൻ താത്പര്യമുണ്ടെങ്കിലേ ഇതൊക്കെ കാണുകയുള്ളൂ

ബ്രോത്തലുകൾ നിയമപരമാക്കണമെന്ന അഭിപ്രായം ഇപ്പോഴും ഉയരുന്നുണ്ട്. ഇത്രയധികം മാംസക്കൊതി നിലനിൽക്കുന്നുവെങ്കിൽ...

ബ്രോത്തലുകൾ നിയമവിധേയമാക്കിയാൽ എന്റെ വീട്ടിലിരിക്കുന്ന പെൺകുട്ടി സുരക്ഷിതയാണെന്ന് വാദിക്കുന്ന പൊയ്മുഖങ്ങളോട് ഞാനെന്തുപറയുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ വീട്ടിലെ പെൺകുട്ടികൾക്ക് ധൈര്യമായി നഗരത്തിലൂടെ നടക്കാനും യാത്ര ചെയ്യാനും മറ്റാവശ്യങ്ങൾ നിവൃത്തിക്കാനും പാവപ്പെട്ട നൂറുകണക്കിന് പെൺകുട്ടികളെ നിയമവിധേയമായി ശരീരം വിറ്റ് ജീവിക്കുന്നവരാക്കണോ?

ഒരുപക്ഷേ, രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്ന തരത്തിൽ നിങ്ങൾ പടുത്തുയർത്തിയ പ്രസ്ഥാനമാണ് പ്രജ്ജ്വല

ലജ്ജിക്കാൻ എന്നു പറയണം. പ്രജ്ജ്വല പോലൊരു പ്രസ്ഥാനം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ എന്ന് അവസാനിക്കുന്നുവോ അന്ന് നമ്മുടെ രാജ്യത്തിന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കാം.

പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സുനിതാ കൃഷ്ണൻ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ

ഞാൻ വരുന്നത് ഒരു ഇരുണ്ടലോകത്തുനിന്നാണ്. ലൈംഗികതയ്ക്കായി മനുഷ്യരെ വിൽക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്നിടത്തുനിന്ന്. അവിടെയാണ് ഞാൻ പണിയെടുക്കുന്നത്. ഒന്നരവർഷംമുൻപ് ഞാൻ ഒരു രക്ഷാപ്രവർത്തനം നടത്തിയിരുന്നു. അതിനായി ഞാൻ വ്യാജ ഐ.ഡി.യിൽ ഒരു ആപ്പിൽ കയറി. എനിക്ക് കുട്ടികളുടെ വീഡിയോ വേണമെന്ന് പറഞ്ഞു.

മൂന്നു മിനിറ്റിനുള്ളിൽ 35,000 പേർ അംഗങ്ങളായിട്ടുള്ള രണ്ട് ഗ്രൂപ്പുകളിൽനിന്ന് എനിക്ക് മറുപടി വന്നു. നിങ്ങൾക്ക് ഏതുതരത്തിലുള്ള കുട്ടികളാണ് വേണ്ടത്? പിന്നീട് കണ്ടത് മനുഷ്യനെ വിൽക്കുന്ന മെനുക്കാർഡുകൾ ആയിരുന്നു. അംഗപരിമിതരായ കുട്ടികൾ വേണോ? ട്രൈബൽ കുട്ടികൾ വേണോ? മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വേണോ? ഇങ്ങനെ നീണ്ടു നിര. ഇതിനെല്ലാം എനിക്ക് ആകെ ചെലവായത് ആകെ 532 രൂപയാണ്. പത്തുപതിനഞ്ചു മിനിറ്റിനുള്ളിൽ എനിക്ക് 9000 ഇന്ത്യൻ കുട്ടികളുടെ വീഡിയോകളാണ് ലഭിച്ചത്. അതും ഇത്രയും ലളിതമായി വിൽക്കപ്പെടുന്നു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ഇതിലും ദുരന്തപൂർണമായ കാര്യമെന്തെന്നാൽ എല്ലാം അറിഞ്ഞിട്ടും ആളുകൾ നിശ്ശബ്ദരായി ഇരിക്കുന്നു. അതാണെന്റെ ഏറ്റവുംവലിയ വേദനയും നിരാശയും.

ഇത് യുദ്ധംനടക്കുന്ന പോലെയാണ്. യുക്രൈനിൽ യുദ്ധം നടക്കുന്നു, പലസ്തീനിൽ യുദ്ധം നടക്കുന്നു, അതുകൊണ്ട് നമുക്കെന്താണെന്നതായിരുന്നു നിലപാട്. എന്നാൽ, ഇതുകൊണ്ട് പാചകവാതക സിലിൻഡർ കിട്ടാതായി. അപ്പോൾ ബോധംവന്നു. നമുക്ക് തട്ടിയാൽമാത്രമേ പ്രതികരിക്കുകയുള്ളൂ.

എന്റെ കുട്ടി വിൽക്കപ്പെട്ടാലേ ഞാൻ പ്രതികരിക്കൂ എന്നതാണ് നിലപാട്. അതാണോ നമ്മൾ ചെയ്യേണ്ടത്? മൂന്നുവയസ്സുള്ള, അഞ്ചുവയസ്സുള്ള, പത്തുമാസം പ്രായമുള്ള കുട്ടി വിൽക്കപ്പെടുമ്പോൾ ആരാണ് ഇവരെ വാങ്ങിക്കുന്നത്. അതു നമ്മൾ ചോദ്യംചെയ്യണ്ടേ. ഈ മാംസക്കച്ചവടത്തിൽ ആവശ്യക്കാരുള്ളതുകൊണ്ടാണല്ലോ വിതരണവും വിൽപ്പനയും നടക്കുന്നത്. ആരാണ് ഈ ആവശ്യക്കാർ? അത് നമ്മുടെ മക്കളും സഹോദരന്മാരും നമുക്കിടയിലുള്ള മറ്റു പരുഷന്മാരുമാണ്.

ഇവിടെ ഇരിക്കുന്ന ആരെയും സങ്കടപ്പെടുത്താനോ വിഷമിപ്പിക്കാനോ അല്ല ഞാൻ ഇത്രയും പറഞ്ഞത്. നിങ്ങൾ വിഷമിച്ചിട്ടും സങ്കടമറിയിച്ചിട്ടും എനിക്കൊന്നും കിട്ടാനില്ല. എനിക്കറിയേണ്ടത്, ഈ വിഷമത്തിൽ നിന്നും സങ്കടത്തിൽനിന്നും നിങ്ങൾ എന്താണ് ചെയ്യാൻപോകുന്നത് എന്നാണ്.

വീരേന്ദ്രകുമാർ ചോദിച്ചു, ഒരു രാഷ്ട്രീയക്കാരനും ചോദിക്കാത്ത ചോദ്യം

മസ്‌കറ്റിൽവെച്ച് ഒരിക്കൽ എ.പി. വീരേന്ദ്രകുമാറിനെ കണ്ടിരുന്നു. എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ അനുകമ്പയും ശ്രദ്ധയോടെ കേൾക്കാനുള്ള സന്നദ്ധതയുമായിരുന്നു. ഒപ്പമിരുന്ന സമയംമുഴുവൻ അദ്ദേഹം നിശ്ശബ്ദനായി എന്നെ കേട്ടിരുന്നു. പ്രമുഖരിലും വളരെ തിരക്കുള്ള ആളുകളിലും അപൂർവമായിമാത്രം കാണുന്ന ഒരു ഗുണമാണിത്.

ഒടുവിൽ അദ്ദേഹം ചോദിച്ച ചോദ്യമാണ് എന്റെയുള്ളിൽ തങ്ങിനിൽക്കുന്നത്, ''സുനിതാ, ഇത് എങ്ങനെ പരിഹരിക്കാൻ സാധിക്കും? നമുക്ക് ഒരുമിച്ച് ഇതിനെ എങ്ങനെ പരിഹരിക്കാം?'' അത്യപൂർവമായ ചോദ്യമാണത്.

സ്വതവേ രാഷ്ട്രീയപ്രവർത്തകർ അവരുടെ ആലോചനകളിലും ആശയങ്ങളിലും മുഴുകിയിരിക്കുന്നവരാണ്. അവർ ആരോടും ഇത്ര കാര്യമായി എന്താണ് ചെയ്യാൻ സാധിക്കുക എന്ന് ആരായില്ല. എന്നാൽ, വീരേന്ദ്രകുമാർ വേറിട്ടുനിൽക്കുന്നത് അവിടെയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ഈ പുരസ്‌കാരം വിശേഷപ്പെട്ടതാണ്. ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഇനി നിങ്ങൾക്ക് അവകാശമില്ല, അറിയില്ലെന്ന് പറയാൻ

'ഈ സദസ്സിലുള്ളവർക്ക് രണ്ടുമണിക്കൂർ മുൻപുവരെ ഒഴിവുകഴിവുണ്ടായിരുന്നു. ഞങ്ങൾക്കിതേക്കുറിച്ചൊന്നും അറിയില്ലെന്ന് പറയാമായിരുന്നു. എന്നാൽ ഇനിയത് പറയാൻ പറ്റില്ല. ഇനി ഒരു ചോദ്യമേയുള്ളൂ. ഇതിനെക്കുറിച്ച് അറിയുകയും യാഥാർഥ്യം മനസ്സിലാക്കുകയുംചെയ്തശേഷം നിങ്ങൾ ഈ വിഷയത്തിൽ എന്തുചെയ്യാൻ പോകുന്നു എന്നതാണത്.'