ക്രൈസ്തവ സങ്കൽപങ്ങളും ബൈബിൾ ശൈലികളും നിറച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം പശ്ചാത്തലം ചോർന്നു പോകാതെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ റൗഫ് റൂമി പഞ്ചാബി ഭാഷയുടെ അകം തേടി ഗുർദാസ്പൂരിലാണിപ്പോൾ.'ആദം നീ എവിടെ ആകുന്നു 'വെന്ന പുസ്തകം പരിഭാഷയ്ക്കായി ഏറ്റെടുക്കുമ്പോൾ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നു. വിവർത്തനപുസ്തകം പുറത്തിറങ്ങുമ്പോൾ അദ്ദേഹം മുഖ്യമന്ത്രി.''പുസ്തകം പരിഭാഷപ്പെടുത്താൻ എന്റെ കയ്യിൽ എത്തുമ്പോൾ,നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയമാണ്. ആ സമയത്താണ് എന്റെ കയ്യിൽ പുസ്തകം എത്തിയത്. വിവർത്തനം പൂർത്തിയാക്കുമ്പോഴേക്ക് അദ്ദേഹം മുഖ്യമന്ത്രിയായി. പരിഭാഷ കണ്ടിട്ട് മുഖ്യമന്ത്രി എന്നെ വിളിച്ചു. സത്ത ചോരാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.വളരെ സന്തോഷം തോന്നി. അതൊരു ബഹുമതിയായി ഞാൻ കാണുന്നു.'' റൗഫ് റൂമി ' മാതൃഭൂമി 'യോട് പറഞ്ഞു.
കുട്ടിക്കാലം മുതൽ ഭാഷയും സാഹിത്യവും ജീവിതപ്രപഞ്ചമാക്കിയ റൗഫ് റൂമി ഇംഗ്ലീഷ് അധ്യാപികയാണ്. കണ്ണൂരിൽ ജനിച്ച് കോഴിക്കോട് വളർന്ന റൂമി ഇപ്പോൾ പഞ്ചനദികളുടെ നാട്ടിലും ഭാഷയുടെയും എഴുത്തിന്റെയും വായനയുടെയും നടുവിലാണ്. ധരിബാ ലിംധേം, സുധാമൂർത്തി തുടങ്ങിയവരുടെ രചനകൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് പരിചയമുള്ള റൗഫ് റൂമിയെ തേടി വി.ഡി.സതീശന്റെ 32 പ്രസംഗങ്ങളുടെ സമാഹാരം എത്തുകയായിരുന്നു. വിവിധ ക്രൈസ്തവ സംഘടനകളുടെ ചടങ്ങുകളിൽ നടത്തിയ പ്രസംഗങ്ങളായിരുന്നു ഉള്ളടക്കം. എന്നാൽ മുസ്ലീം ജീവിതപശ്ചാത്തലത്തിലുള്ള റൗഫ് റൂമിക്ക് ക്രൈസ്തവബിംബങ്ങളും പദാവലികളും നിറഞ്ഞ പുസ്തകം കഠിനമായ വെല്ലുവിളിയായി തോന്നിയില്ല. അതിന് കാരണം,ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പഠനവും വായനയുമാണെന്ന് അവർ പറയുന്നു.'' ഈ പുസ്തകത്തിന്റെ ഉള്ളടക്കം രാഷ്ട്രീയ ഉള്ളടക്കമല്ല. തത്വശാസ്ത്രപരമായ ഉള്ളടക്കമാണ്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഭാഷ എനിക്ക് പരിചിതമായിരുന്നു. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നവരിൽ സ്വാഭാവികമായും ബൈബിളിന്റെ ഭാഷ പരിചിതമായി വരും. ബൈബിളിലെ വാക്കുകൾ,ഭാഷാരീതി തുടങ്ങിയവ യൂറോപ്യൻ സാഹിത്യം പഠിക്കുമ്പോൾ സ്വാഭാവികമായി തന്നെ പരിചയപ്പെടും. മാത്രമല്ല, ഇതിന് മുമ്പ് ക്രിസ്ത്യൻ പശ്ചാത്തലമുള്ള ചില രചനകൾ ഞാൻ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട് ''-റൗഫ് പറഞ്ഞു.
കേരളത്തിന്റെ മതേതരത്വ സമീപനങ്ങളുടെ മുഖമുദ്രകൂടിയാണ് സതീശന്റെ പുസ്തകമെന്ന് റൗഫ് റൂമി പറയുന്നു.'' എല്ലാ മതങ്ങളെയും ആദരിക്കുന്ന,മതത്തിന്റെ ക്യാൻവാസിനപ്പുറം ചിന്തിക്കാൻ കഴിയുന്ന കേരളത്തിന്റേതായ തനത് രീതിയുണ്ട്.അതിൽ നിന്ന് നോക്കുമ്പോൾ നല്ല മുതൽക്കൂട്ടുള്ള കൃതിയാണിത്. എനിക്ക് അറിയാൻ കഴിയാത്ത ചിലത് അറിയാൻ കഴിഞ്ഞു. ഞാൻ ചിന്തിക്കാത്ത ചില വശങ്ങൾ എനിക്ക് കിട്ടി.അത്തരത്തിൽ അത് നല്ല ഒരനുഭവമായിരുന്നു.''
കണ്ണൂർ കൂടാളിയാണ് റൗഫ് റൂമിയുടെ സ്വദേശം. മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോഴിക്കോട് ഫാറൂഖ് കോളേജിലും മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിലും ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചു. തുടർന്ന് പഞ്ചാബിലും അധ്യാപികയായി. ഭർത്താവ് ആരിഫ് മുഹമ്മദും വിവർത്തകനാണ്. ഗുർദാസ്പൂരിൽ ഒരു സ്ഥാപനത്തിൽ ഉറുദു-ഇംഗ്ലീഷ് വിവർത്തകനായി പ്രവർത്തിക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പഞ്ചാബി ഭാഷയിൽ പ്രാവീണം നേടിയ റൗഫ് റൂമി പഞ്ചാബി സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഒപ്പം ചില മലയാളം പുസ്തകങ്ങളുടെ ഇംഗ്ലീഷ് മൊഴിമാറ്റവും.

To advertise here,

Read also:ബാറ്റൺ ബോസിന്റെ ആത്മകഥ 
റൗഫ് റൂമിയുമായി അഭിമുഖം :
-മുഖ്യമന്ത്രി വി.ഡി.സതീശന്റെ പുസ്തകം പരിഭാഷപ്പെടുത്താൻ അവസരമുണ്ടായത് എങ്ങനെയാണ് ?

നേരത്തെ കുറെ പരിഭാഷകൾ ഞാൻ ചെയ്തിട്ടുണ്ട്.ധരിബാ ലിംധേമിന്റെ നെയിം പ്ലെയ്സ് അനിമൽ തിംഗ്സ്,സുധാമൂർത്തിയുടെ കുട്ടികൾക്കായുള്ള രചനകൾ എന്നിവ ഉൾപ്പടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.വി.ഡി.സതീശൻ സാറിന്റെ പുസ്തകം പരിഭാഷപ്പെടുത്തമോ എന്ന് പ്രസാധകർ എന്നോട് ചോദിക്കുകയായിരുന്നു.ചെയ്യാൻ പറ്റുമെന്ന് എനിക്കും തോന്നി.അങ്ങനെയാണ് ഇത് ഏറ്റെടുത്തത്.പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു.ഞാനാണെങ്കിൽ ഇവിടെ പഞ്ചാബിലുമാണ്.പ്രസാധകർ ചോദിച്ചപ്പോൾ വളരെ സന്തോഷം തോന്നി.ഞാൻ വേഗം അതേറ്റെടുത്തു.അങ്ങനെയാണ് വിവർത്തനത്തിന്റെ തുടക്കം.പരിഭാഷ പൂർ്ത്തിയാക്കാൻ മൂന്ന് മാസത്തോളം സമയമെടുത്തു.

-സതീശന്റെ പ്രസംഗവും എഴുത്തു രീതികളും നേരത്തെ പരിചയമുണ്ടോ ?

ഈ പുസ്തകത്തിലേക്ക് കടക്കുമ്പോഴുള്ള എന്റെ അനുഭവം എന്താണെന്ന് വച്ചാൽ,പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി.സതീശൻ സാറിന്റെ പ്രസംഗം കേൾക്കാറുണ്ടായിരുന്നു.ഞാൻ കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് വരുന്ന സമയത്ത് അദ്ദേഹം പ്രധാന നേതാവായി ഉയർന്നു വരുന്ന സമയമായിരുന്നു.തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നുമില്ല.ആ സമയത്താണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർന്നത്.ദൂരത്ത് നിന്ന് അദ്ദേഹത്തെ കാണുകയായിരുന്നു.ഈ പുസ്തകത്തിലുള്ളത് ഒരു രാഷ്ട്രീയ ഉള്ളടക്കമല്ല,തത്വശാസ്ത്രപരമായ ഉള്ളടക്കമാണ്.ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഈ ഉള്ളടക്കത്തിന്റെ ഭാഷ എനിക്ക് പരിചിതമായിരുന്നു.കോളേജിൽ ഇംഗ്ലീഷ് സാഹിത്യമാണ് ഞാൻ പഠിച്ചത്. ഒരു ഇംഗ്ലീഷ് അധ്യാപിക കൂടിയാണ്.ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നവരിൽ സ്വാഭാവികമായും ബൈബിളിന്റെ ഭാഷ പരിചിതമായി വരും.ബൈബിളിലെ വാക്കുകൾ,ഭാഷാരീതി തുടങ്ങിയവ യൂറോപ്യൻ സാഹിത്യം പഠിക്കുമ്പോൾ സ്വാഭാവികമായി തന്നെ പരിചയപ്പെടും.മാത്രമല്ല,ഇതിന് മുമ്പ് ക്രിസ്ത്യൻ പശ്ചാത്തലമുള്ള ചില രചനകൾ ഞാൻ പരിഭാഷപ്പെടുത്തിയിരുന്നു.കോൺവെന്റുകളിലെ റൂൾ ബുക്ക് പരിഭാഷപ്പെടുത്താൻ ഞാനും ഉണ്ടായിരുന്നു.അപ്പോൾ ക്രിസ്ത്യൻ പദാവലി,അതിനൊപ്പമുള്ള ഫിലോസഫി ഒക്കെ പരിചയപ്പെട്ടു.ഭാഷാരീതികൾ പരിചയപ്പെടാനായി ഞാൻ വേറെയും പുസ്തകങ്ങൾ വായിച്ചിരുന്നു.വി.ഡി.സതീശന്റെ പുസ്തകം വിവർത്തനം ചെയ്യൽ അത്ര കഠിനമൊന്നുമായിരുന്നില്ല.എല്ലാ രീതിയിലുള്ള വിവർത്തനങ്ങളും ചെയ്തു നോക്കുകയാണ് എന്റെ രീതി.ബുദ്ധിമുട്ടുള്ള കാര്യം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാറുമുണ്ട്.


-ക്രിസ്ത്യൻ പശ്ചാത്തലമോ,ബൈബിൾ വായനയുടെ അനുഭവമോ ഇല്ലാതെ തന്നെ ബിബ്ലിക്കൽ സങ്കൽപങ്ങളും സമീപനങ്ങളും നിറഞ്ഞ പ്രസംഗപുസ്തകം പരിഭാഷപ്പെടുത്തുക പ്രയാസമല്ലേ ?

വി.ഡി.സതീശൻ ഈ പ്രസംഗങ്ങൾ നടത്തുമ്പോൾ ഒരു ഇന്ററസ്റ്റിംഗ് ഡ്യൂവാലിറ്റി ഉണ്ട്.ഒരു പ്രാക്ടിസിംഗ് ഹിന്ദുവാണെന്നാണ് അദ്ദേഹം സ്വയം പറയുന്നത്.എന്നാൽ ക്രൈസ്തവ പശ്ചാത്തലമുള്ള വിഷയങ്ങളാണ് പ്രസംഗിച്ചിരിക്കുന്നത്.അതു കൊണ്ട് തന്നെ ഞാനും മറ്റൊരു ഡ്യൂവാലിറ്റിയിൽ നിന്നു കൊണ്ടാണ് ഈ പുസ്തകം വായിച്ച് പരിഭാഷപ്പെടുത്തിയത്. ക്ലിഷ്ടമായ രീതിയിൽ ബിബ്ലിക്കൽ പ്രയോഗങ്ങളില്ലാതെ നിയന്ത്രണത്തോടെ ചെയ്യുക എന്നതായിരുന്നു ഞാൻ സ്വീകരിച്ച ഭാഷാന്തര ശൈലി.എന്നാൽ ഇത്തരം ഒരു പുസ്തകം വിവർത്തനം ചെയ്യുന്നതിന് ആവശ്യമായ ഒരു ടൂൾ കിറ്റ് എന്റെ കയ്യിലുണ്ടായിരുന്നു. ബൈബിൾ വായിച്ച് അങ്ങനെ എനിക്ക് ശീലമൊന്നുമില്ല.എന്നാലും ബൈബിൾ വചനങ്ങളൊക്കെ കേൾക്കുമല്ലോ.ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോൾ ബൈബിളുമായി ഭാഷാപരമായ പരിചയം പലപ്പോഴും ലഭിക്കും.പിന്നെ നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതിന്റെ പുറകെ പോകുമല്ലോ.അങ്ങനെ വായനയും പഠനവും നടത്തിയിരുന്നു.

-ഈ പരിഭാഷ ഒരു വെല്ലുവിളിയായി തോന്നിയിരുന്നോ. ? അതോ ചെയ്യാൻ എളുപ്പമുള്ള ഒന്നായിരുന്നോ ?

ഞാൻ കോൺവെന്റ് റൂൾ ബുക്ക് പരിഭാഷപ്പെടുത്തിയതു കൊണ്ട്,ബൈബിൾ ഭാഷയുടെയും രീതിയുടെയും ധാരണ എനിക്കുണ്ടായിരുന്നു.വി.ഡി.സതീശന്റെ ആശയങ്ങൾ ലക്ഷ്യഭാഷയിലേക്ക് ചോരാതെ പകരുക എന്നതായിരുന്നു എന്റെ ദൗത്യം.ഞാനെന്ന വ്യക്തിയുടെ സാന്നിധ്യം അവിടെ ആവശ്യമില്ല.വായനക്കാർ കേൾക്കാൻ ആഗ്രഹിക്കുന്നത്,പുസ്തകം എഴുതുമ്പോൾ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയുമായ ഒരു വ്യക്തിയെയാണ്.അദ്ദേഹത്തെയാണ് കേൾക്കേണ്ടത്.ഞാൻ എന്ന വ്യക്തിയെ മാറ്റി നിർത്തി,നല്ല ഒഴുക്കോടു കൂടി,അതിന്റെ വിവിധ ഭാഗങ്ങളൊന്നും ചോരാതെ തന്നെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.ആമുഖത്തിൽ തന്നെ ഞാൻ ശ്രദ്ധ നൽകിത്തുടങ്ങിയിരുന്നു.പിന്നീട് ഉള്ളടക്കത്തിൽ എനിക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല.പരിഭാഷാരീതി എങ്ങനെയായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.എവിടെയാണ് അതിന്റെ ഫൈൻ ലൈൻ എന്നേ നോക്കാനുണ്ടായിരുന്നുള്ളു. ക്രിസ്ത്യൻ ഭാഷാപദാവലികളുടെ ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിട്ടില്ല.എന്താണ് അവിടെ ഉപയോഗിക്കേണ്ടതെന്ന് നമ്മൾ തീരുമാനിക്കണം. അതിന്റെ സെൻസ് കൊണ്ടു വരണം.ബിബ്ലിക്കൽ ടച്ച് വേണ്ടിടത്ത് അത് കൊടുത്തിട്ട് മറ്റ് ഭാഗങ്ങളിൽ ഫിലോസഫിക്കൽ ആയ സമീപനം സ്വീകരിച്ചാണ് പരിഭാഷ ചെയ്തത്.ഇതൊരു പ്രസംഗ സമാഹാരമാണല്ലോ.അപ്പോൾ പ്രസംഗത്തിന്റെ രീതി നിലനിർത്തണം.എന്നാൽ എല്ലാം പ്രസംഗത്തിന്റെ മട്ടിലായിപ്പോകാനും പാടില്ല.കാരണം ഇതൊരു പുസ്തകമായി സമാഹരിക്കുകയാണ്.എവിടെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസ്സിലാക്കി ചെയ്യണം.എന്റെ കയ്യിൽ ഒരു പുസ്തകം കിട്ടിയാൽ അതിന്റെ ഉള്ളടക്കമാണ് എന്നെ നയിക്കുക.പുസ്തകത്തിന്റെ ടെക്സ്റ്റിന് ഒരു ജീവിതമുണ്ട്.ഈ ജീവിതമാണ് നമ്മൾ മറ്റൊരു ഭാഷയിലേക്ക് പകർത്തുന്നത്.

-ഈ പുസ്തകത്തെക്കുറിച്ച് എന്താണ് വിവർത്തകയുടെ അഭിപ്രായം ?

എനിക്ക് ഈ പുസ്തകം പരിഭാഷപ്പെടുത്താൻ കഠിന ശ്രമങ്ങളൊന്നും നടത്തേണ്ടി വന്നില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ.എനിക്ക് പരിചിതമല്ലാത്തതൊന്നും ഈ പുസ്തകത്തിൽ ഉണ്ടായിരുന്നില്ല.നമുക്ക് ഒരു പ്രത്യേക രീതിയിലുള്ള മതേതരത്വമുണ്ട്.എല്ലാ മതങ്ങളെയും ആദരിക്കുന്ന,മതത്തിന്റെ ക്യാൻവാസിനപ്പുറം ചിന്തിക്കാൻ കഴിയുന്ന കേരളത്തിന്റേതായ തനത് രീതിയുണ്ട്.അതിൽ നിന്ന് നോക്കുമ്പോൾ നല്ല മുതൽക്കൂട്ടുള്ള കൃതിയാണിത്.എനിക്ക് അറിയാൻ കഴിയാത്ത ചിലത് അറിയാൻ കഴിഞ്ഞു. ഞാൻ ചിന്തിക്കാത്ത ചില വശങ്ങൾ എനിക്ക് കിട്ടി.അത്തരത്തിൽ അത് നല്ല ഒരനുഭവമായിരുന്നു.

-പരിഭാഷ വായിച്ചിട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നോ ?

പുസ്തകം പരിഭാഷപ്പെടുത്താൻ എന്റെ കയ്യിൽ എത്തുമ്പോൾ,നിയമസഭാ തിരഞ്ഞെടുപ്പ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയമാണ്.ആ സമയത്താണ് എന്റെ കയ്യിൽ പുസ്തകം എത്തിയത്.വിവർത്തനം പൂർത്തിയാക്കുമ്പോഴേക്ക് അദ്ദേഹം മുഖ്യമന്ത്രിയായി.പരിഭാഷ കണ്ടിട്ട് അദ്ദേഹം എന്നെ വിളിച്ചിരുന്നു.എസ്സെൻസ് ചോരാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.വളരെ സന്തോഷം തോന്നി. എന്നെ ഇങ്ങോട്ട് വിളിച്ചത് വലിയ ഒരു ബഹുമതിയായി ഞാൻ കാണുന്നു.
Read also:വാൻഗോഗ് മരിക്കണ്ടായിരുന്നു. എന്തോരു ഭാവിയുള്ള ചിത്രകാരനായിരുന്നു. എന്തിനാണാവോ... 

-പരിഭാഷാ ലോകത്ത് എങ്ങനെയാണ് എത്തിയത് ?

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ഭാഷയാണ്.ഭാഷാ പഠനമാണ് എന്റെ ലോകം.പെട്ടെന്ന് ഭാഷ പഠിച്ചെടുക്കാൻ എനിക്ക് കഴിയും.ഭാഷയാണ് എനിക്ക് എല്ലാം.ആറാംക്ലാസ്,ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ തന്നെ വലിയ ക്ലാസിക് പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു.കുറച്ച് അന്തർമുഖ സ്വഭാവമുള്ള വ്യക്തിയാണ് ഞാൻ.അതിനാൽ വായനയിലാണ് മുഴുകിയത്.ആ പ്രായത്തിനപ്പുറമുള്ള വായനകളായിരുന്നു അന്ന് നടത്തിയിരുന്നത്.ബിരുദത്തിന് പഠിക്കാൻ ഏതെങ്കിലും ഭാഷവിഷയമെടുക്കുമെന്ന് ഞാൻ കുട്ടിക്കാലത്ത് തന്നെ തീരുമാനിച്ചിരുന്നു.അങ്ങനെയാണ് ഞാൻ പ്ലസ് ടുവിൽ സയൻസ് വിഷയമായിരുന്നിട്ടും ബിരുദത്തിന് സാഹിത്യം പഠിക്കാൻ ചേർന്നത്.കണ്ണൂരാണ് ഞാൻ ജനിച്ചു വളർന്നത.്മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്.കോഴിക്കോട് സർവകലാശാലയിൽ നിന്നാണ് പി.ജി ചെയ്തത്.പി.ജി. പഠനത്തിൽ ഒരു പേപ്പർ വിവർത്തനത്തെക്കുറിച്ചായിരുന്നു.വിവർത്തനക്ലാസ്സുകളിൽ നിന്ന് ലഭിച്ച പരിശീലനത്തിന്റെ സ്വാധീനം എനിക്കുണ്ടായിരുന്നു.ഞാൻ ഇംഗ്ലീഷ് അധ്യാപികയുമാണ്.കോഴിക്കോട് ഫാറൂഖ് കോളേജിലും മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിലും ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചു.

-എഴുത്തിന്റെയും വായനയുടെയും ലോകം എങ്ങനെയാണ് പരിചിതമായത് ?

എന്റെ മാതാപിതാക്കൾ പുസ്തക വായനയിൽ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.ഉമ്മ വായിക്കാൻ പ്രേരിപ്പിച്ചു.ഉപ്പ പുസ്തകങ്ങൾ വാങ്ങിത്തന്നു.ഉപ്പയുടെ ഉപ്പ നല്ല വായനക്കാരനും എഴുത്ത് ഇഷ്ടമുള്ളയാളുമായിരുന്നു.അതും എന്നെ സ്വാധീനീച്ചിട്ടുണ്ട്.എന്റെ ഭർത്താവും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഭർത്താവ് ആരിഫ് മുഹമ്മദ് ഗുരുദാസ്പൂരിൽ പരിഭാഷാ രംഗത്താണ് പ്രവർത്തിക്കുന്നത്.അദ്ദേഹത്തോടൊപ്പമാണ് ഞാൻ ഗുരുദാസ്പൂരിൽ എത്തിയത്.ഗുരുദാസ്പൂരിലും ഞാൻ അധ്യാപന രംഗത്താണ്.
അധ്യാപനത്തിലും വിവർത്തനത്തിലുമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുക.നിലവിൽ സുധാമൂർത്തിയുടെ കുട്ടികളുടെ രചനകൾ ഉൾപ്പടെയുള്ള ചില കൃതികൾ പരിഭാഷപ്പെടുത്തി വരികയാണ്.അതുപോലെ,പഞ്ചാബിൽ നിന്നുള്ള സാഹിത്യം മലയാളത്തിൽ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തും.ഇതിനായി പഞ്ചാബി ഭാഷ ഞാൻ പഠിച്ചു കഴിഞ്ഞു.

Read also:അമർഷനഗരം : അമര്ഷങ്ങളുടെയും ആന്തരിക വൈരുധ്യങ്ങളുടെയും കഥകൾ