തിരുവനന്തപുരം: പല വിഷയങ്ങളിലും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്കറെ ആദ്യ നിയമമന്ത്രിയായും ഭരണഘടനാ സമിതി അധ്യക്ഷനായും നിശ്ചയിച്ചത് വിമർശനത്തെയും ചേർത്തുനിർത്തുക എന്ന കാഴ്ചപ്പാടോടെയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആ സാഹചര്യം ഇന്നായിരുന്നെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇ.ഡി. എത്തിയേനെയെന്നും അദ്ദേഹം പരിഹസിച്ചു.
കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒന്നിച്ചുനിർത്തുകയെന്നതാണ് ഭരണഘടനയുടെ ലക്ഷ്യം. നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ടവരെ കൈപിടിച്ചുയർത്തി തുല്യതയിലെത്തിക്കാനാണ് സംവരണം ഏർപ്പെടുത്തിയത്.
എന്നെങ്കിലും ഭൂരിപക്ഷത്തിന്റെ മൃഗീയതയ്ക്കുകീഴിൽ ചവിട്ടിയരയ്ക്കപ്പെടാതിരിക്കാൻവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകിയത്.
ഇങ്ങനെ വിവിധ മേഖലയിലുള്ളവരെ ചേർത്തുനിർത്താൻ ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ ഇപ്പോൾ തകർക്കപ്പെടുകയാണ്. സ്വതന്ത്രവും നീതിപൂർവവുമായി നടത്തേണ്ട തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നു, ഭരണഘടനയെ അട്ടിമറിക്കാൻ ഒരു ശക്തിയെയും അനുവദിക്കാതിരിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ദിവസംകൂടിയാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വോട്ടർപട്ടികയിൽനിന്ന് അന്യായമായി പേര് നീക്കപ്പെട്ട വോട്ടർമാരുടെ പേര് പുനഃസ്ഥാപിക്കാനും സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്താനും പ്രവർത്തിക്കുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു.ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‍മുൻഷി, കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, ഡോ. ശശി തരൂർ എം.പി., മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം.എൽ.എ.മാരായ എം.വിൻസെന്റ്, രമ്യാ ഹരിദാസ്, നേതാക്കളായ എം.എം. ഹസൻ, പാലോട് രവി, പന്തളം സുധാകരൻ, നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: VD Satheesan inaugurated the Constitution Protection Meet organized by Thiruvananthapuram DCC.
Published: 27 Nov 2026, 07:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented