സപ്തതിനിറവില് സാഹിത്യ അക്കാദമി

സപ്തതിനിറവിലാണ് കേരള സാഹിത്യ അക്കാദമി. കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗത്ത് നീണ്ട ഇടപെടലുകളുമായി മുന്നേറുമ്പോഴും അക്കാദമിക്ക് അതിന്റെ യുവത്വം നഷ്ടപ്പെടുന്നോ എന്ന ചോദ്യമുയരുന്നു. അക്കാദമിയുടെ പ്രവർത്തനയിടങ്ങൾ വല്ലാതെ ചുരുങ്ങുന്നതായും അഭിപ്രായമുണ്ട്. ''നിലവിൽ അക്കാദമി അഭിസംബോധന ചെയ്യുന്നത് പരിണതപ്രജ്ഞരായിട്ടുള്ള ആളുകളെമാത്രമാണ്. ചെറുപ്പക്കാരെ തീരേ പരിഗണിക്കുന്നില്ല. ചടങ്ങുകളിലും മറ്റും എത്തുന്നത് ഭൂരിപക്ഷവും അൻപതുകൾ പിന്നിട്ടവർ മാത്രമാണ്. ചെറുപ്പക്കാർ, സ്ത്രീകൾ, കുട്ടികൾ, പൊതുധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവർ... ഇവരൊന്നും അക്കാദമി വളപ്പിലേക്കെത്തുന്നില്ല. അക്കാദമി എത്തിപ്പിടിക്കാനാകാത്തയിടം എന്ന തോന്നലാണോ ഇവർക്ക്. അതോ അക്കാദമി ഇവരെ വേണ്ടെന്നു തീരുമാനിച്ചതാണോ? നഷ്ടപ്പെട്ട യുവത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനായി പുറപ്പെടുകയാണ് പുതിയ നേതൃത്വം. അക്കാദമി അഭിസംബോധന ചെയ്യേണ്ടത് ജെൻ സീയെത്തന്നെയാണ്. ഞങ്ങളുടെ മുൻഗണന അതിലായിരിക്കും.'' അക്കാദമിയുടെ എഴുപതാം പിറന്നാൾവേളയിൽ പുതിയ പ്രസിഡന്റ് കല്പറ്റ നാരായണനും സെക്രട്ടറി എം.പി. സുരേന്ദ്രനും പറയുന്നു.
ഈ സമീപനത്തിന് ഡൽഹിയിലെ ജെൻസീ പ്രക്ഷോഭം നിദാനമായിട്ടുണ്ടോ?
കല്പറ്റ നാരായണൻ: സംഘടിത രാഷ്ട്രീയപ്പാർട്ടികൾ അവരുടെ അജൻഡകൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. അത് വലിയ പരിവർത്തനം വരുത്തുന്നതായി കാണുന്നില്ല. അതുമാത്രമല്ല, ജെൻ സീക്ക് രാഷ്ട്രീയമില്ലെന്ന തോന്നൽ തെറ്റായിരുന്നെന്നും തെളിഞ്ഞു. പക്ഷേ, ഇന്ത്യ ഇന്ന് അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും വലിയ ബോധ്യം അവർക്കാണെന്നാണ് മനസ്സിലാകുന്നത്. മുൻവിധിയില്ലാത്തതുകൊണ്ടും ഭയമില്ലാത്തതുകൊണ്ടും ജെൻ സീക്ക് കൂടുതൽ ചെയ്യാനാവും. നമ്മുടെ ശീലത്തിനു പുറത്തുള്ള ആളുകളിൽനിന്ന് വലിയ പരിവർത്തനം വന്നേക്കാമെന്ന പ്രതീക്ഷ സമൂഹത്തിന് വന്നിട്ടുണ്ട്. മഹാത്മാഗാന്ധി സമരംചെയ്യുന്ന കാലത്ത് ജെൻ സീ ആയിരുന്നെന്ന് ഓർക്കണം. ജെൻ സീയെ പുച്ഛിക്കുന്നവർ മറന്നുപോകരുത്, ഇന്ത്യയിൽ എക്കാലത്തും മാറ്റം കൊണ്ടുവന്നത് അതത് കാലത്തെ ചെറുപ്പക്കാരാണ്.
എം.പി. സുരേന്ദ്രൻ: ഏറ്റവും നിരാശാഭരിതമായ കാലമായാണ് ചെറുപ്പക്കാർ ഇന്നിനെ കാണുന്നത്. തൊഴിലില്ലായ്മ നേരിട്ട് അവരെ ബാധിച്ചിരിക്കുന്നു. മൊത്തത്തിൽ ഇന്ത്യയുടെ ദിശ നിർണയിക്കുന്നതിൽ പങ്കുള്ളതായി അവർക്കു തോന്നുന്നില്ല. ലോകം ഒറ്റച്ചട്ടക്കൂടിലേക്ക് വന്നപ്പോൾ മറ്റു സ്ഥലങ്ങളിലെ വിവേചനങ്ങളെക്കുറിച്ചും അവർ അറിവുള്ളവരായി. സാമൂഹിക നൈതികതയിൽനിന്നാണ് ഇപ്പോഴത്തെ പ്രക്ഷോഭം ഉയർന്നുവന്നത്.
കല്പറ്റ നാരായണൻ: ജാതീയമായോ വർഗീയമായോ ഒരു താത്പര്യവും ഈ ജെൻ സീകൾക്കില്ലെന്ന വളരെ പോസിറ്റീവായ കാര്യംകൂടി കാണേണ്ടിയിരിക്കുന്നു.
ആർക്കും എഡിറ്റർമാരെയോ പ്രസാധകരെയോ ആവശ്യമില്ലാത്ത കാലമാണ് സോഷ്യൽ മീഡിയ സമ്മാനിച്ചിരിക്കുന്നത്. അതേക്കുറിച്ച്...
കല്പറ്റ നാരായണൻ: മുഖ്യധാരാ മാധ്യമങ്ങളുടെ പരിമിതികൊണ്ടാണ് കേരളത്തിൽ ലിറ്റിൽ മാഗസിനുകൾ തുടങ്ങിയത്. അത് കേരളത്തിന്റെ ഭാവുകത്വത്തെ മാറ്റി. കവിതയിലും പുതിയ മാറ്റങ്ങൾക്ക് കാരണമായി. സാമൂഹികമാധ്യമങ്ങളും അത്തരം സാധ്യതകൾ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, അവ എഴുത്തിന് ഭാവുകത്വം അനിവാര്യമല്ലാതാക്കി. ഇൻപുട്ടുകൾ വേണ്ട. അലസമായ വഴി സ്വീകരിക്കാം. ജയമോഹൻ അടുത്തകാലത്ത് എഴുത്തുകാരനെക്കുറിച്ച് പറഞ്ഞതുപോലെ 'തീർച്ചയായും അയാൾക്ക് അവാർഡ് കൊടുക്കണം, അതു സാഹിത്യ അക്കാദമിയല്ല, ചേംബർ ഓഫ് കൊമേഴ്സായിരിക്കണം. മാർക്കറ്റിങ്ങിൽ അയാൾ വിജയിച്ചിരിക്കുന്നു.' ഭാവുകത്വമുള്ളവർ സാമൂഹിക മാധ്യമങ്ങളിലും അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പക്ഷേ, കൂടുതൽ ആളുകളിലേക്ക് എത്തിക്കലാണ് പ്രധാനമെന്ന് പലരും കരുതുന്നു. ബുദ്ധിജീവിക്കൂട്ടങ്ങളും സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം.
എം.പി. സുരേന്ദ്രൻ: സമാന്തര പ്രസിദ്ധീകരണങ്ങളിൽ തീവ്രചിന്തകൾ ധാരാളമായി ഉണ്ടായിരുന്നു. ഇതിൽ എഴുത്തുകാരൻ സ്വാതന്ത്ര്യമെടുത്തിരുന്നെങ്കിലും അത് എഡിറ്റിങ്ങിന് വിധേയമായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ എഴുത്തുകാരനും എഡിറ്ററും ഒന്നായി. ഞങ്ങൾ സെയ്ഫ് സോണിലിരുന്നാണ് എഴുതുന്നതെന്ന് ഭൂരിഭാഗവും കരുതുന്നു; ദയ, അനുകമ്പ തുടങ്ങിയവ ആവശ്യമില്ലെന്ന്. എം.ടി. ഒരു വരി എഴുതിയപ്പോൾ പതിനാറുവയസ്സായ ഒരു കുട്ടി 'എടോ വാസു' എന്ന് അഭിസംബോധനചെയ്താണ് പ്രതികരിച്ചത്. അത് എത്രത്തോളം സ്വീകാര്യമാണെന്നു സമൂഹം തീരുമാനിക്കണം. സാമൂഹികമാധ്യമങ്ങൾ ചന്തയാണ്. അതിൽ ജൈവ ഉത്പന്നങ്ങളും വിഷം തളിച്ചതും വിൽക്കുന്നവരുണ്ട്.
ജെൻസീയെ അക്കാദമിയിലേക്ക് അടുപ്പിക്കാൻ എന്തുചെയ്യാനാകും?
കല്പറ്റ നാരായണൻ: അത് പ്രവർത്തിച്ചുകൊണ്ടേ സാധിക്കൂ. എല്ലാവരെയും ആകർഷിക്കാവുന്ന പരിപാടികൾക്ക് രൂപം നൽകുകയാണ് മുൻകൂട്ടി ചെയ്യാവുന്നത്. അങ്ങനെ പഠിച്ചുപഠിച്ച് കൂടുതൽ വ്യാപിപ്പിക്കാൻ കഴിയും. അവരുടെ അഭിരുചി എന്താണെന്നു നമുക്ക് മനസ്സിലാകണമല്ലോ. കാവ്യോത്സവത്തിനും കഥാക്യാമ്പുകൾക്കും വനംവകുപ്പ്, വിനോദസഞ്ചാര വകുപ്പ് തുടങ്ങിയവയുടെ മനോഹരമായ ഇടങ്ങൾ ഉപയോഗപ്പെടുത്തണം. തൃശ്ശൂരിനു പുറത്തേക്ക് അക്കാദമി ഇറങ്ങണം.
എം.പി. സുരേന്ദ്രൻ: എഴുപതാം വർഷത്തിൽ 70 പരിപാടികൾ ആലോചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ കാമ്പസുകൾ മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സർവകലാശാലകളിലും കോളേജ് കാമ്പസുകളിലും എഴുത്തുകാരുടെ പ്രകാശനമൊന്നും നടക്കുന്നില്ല. അക്കാദമിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അങ്ങോട്ടുപോയി ചെയ്യണം. അതുപോലെ, യാത്ര പറ്റാത്ത തലമുതിർന്ന എഴുത്തുകാരെ അവരുടെ വീട്ടിൽച്ചെന്ന് കാണുക.
കല്പറ്റ നാരായണൻ: ഉദാഹരണത്തിന് ലീലാവതി ടീച്ചർ. അവർ ഇപ്പോഴും സജീവമായി എഴുതുന്ന ആളാണ്. പുതിയ എഴുത്തുകാരെക്കൂട്ടി അവരുടെ അടുത്തേക്കു ചെല്ലുന്നത് വലിയ പ്രചോദനമാകും. മറ്റൊരാൾ ആനന്ദാണ്. ആനന്ദ് ഇന്ത്യയെ കാണുന്നത് വയോധികൻ കാണുന്നതുപോലെയല്ല. തികച്ചും വേറിട്ടതാണ്. ചെറുപ്പക്കാർ അദ്ദേഹവുമായി സംവദിക്കട്ടെ.
എം.പി. സുരേന്ദ്രൻ: അക്കാദമിയുടെ 70 വർഷത്തെ ചരിത്രം പറയുന്ന പുസ്തകം എഴുതാൻ കമ്മിറ്റിയെ വെക്കുന്നുണ്ട്. കൗതുകകരമായ ഒട്ടേറെ കാര്യങ്ങൾ അതിൽ രേഖപ്പെടുത്താനുണ്ട്. അക്കാദമി വളപ്പിലെ മരം വെട്ടിയതിന് 'എന്റെ കൈ നീ വെട്ടിക്കളഞ്ഞില്ലേ' എന്ന് അന്നത്തെ സെക്രട്ടറി പവനനോട് മഹാകവി പി. കുഞ്ഞിരാമൻനായർ ചോദിച്ചതുപോലുള്ള സംഭവങ്ങൾ അതിൽ ഉണ്ടാകും.
സാമ്പത്തികപരിമിതി വലിയ തടസ്സമാണോ?
എം.പി. സുരേന്ദ്രൻ: അത് യാഥാർഥ്യമാണ്. ആശ വർക്കർമാരുടെ അലവൻസ് കൊടുക്കാതെ സാഹിത്യ അക്കാദമിക്ക് പണം തരണം എന്നുപറയാൻ കഴിയില്ല. ഇതര വകുപ്പുകളുമായി ചേർന്ന് ഞങ്ങൾ പരിപാടികൾ നടത്തും. സി.എസ്.ആർ. ഫണ്ട് ഉപയോഗപ്പെടുത്തും. സ്റ്റീരിയോ ടൈപ്പ് സാഹിത്യോത്സവം ഒഴിവാക്കി എല്ലാ അക്കാദമികളും ചേർന്ന് സംഗീതവും നാടകവും നൃത്തവും എല്ലാം ഉൾച്ചേർത്ത് സാംസ്കാരികോത്സവം നടത്താനും ആലോചനയുണ്ട്. പുസ്തകപ്രസിദ്ധീകരണത്തിലെ വരുമാനം കൂട്ടാനുള്ള മാർഗവും ചിന്തയിലുണ്ട്.
Published: 18 Oct 2026, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented