
ലണ്ടന്‍ ബ്രിഡ്ജ്, കന്യാകുമാരി വിവേകാനന്ദ പാറ, ഷൊര്‍ണൂര്‍ റെയില്‍േവ സ്റ്റേഷന്‍ അങ്ങനെ നാടകവേദിയില്‍ ഈ പശ്ചാത്തലമൊക്കെ അഴകോടെ പകര്‍ത്തിയ രംഗപട ആചാര്യനാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. നാടകത്തിലെ ഗംഭീര കലാസംവിധാനം കണ്ട് ഭ്രമിച്ച് സിനിമയിലേക്ക് കിട്ടിയ ക്ഷണങ്ങളുണ്ട്. പക്ഷേ, നാടകത്തില്‍ മുറുക്കി ഹൃദയം ചേര്‍ക്കാനേ ആര്‍ട്ടിസ്റ്റ് സുജാതന് കഴിഞ്ഞിട്ടുള്ളൂ.
ഈ അഴകാര്‍ന്ന മികവിലൂടെ സുജാതനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. സംസ്ഥാനത്ത് നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും പരമോന്നത ബഹുമതിയായ എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്‌കാരം. നാടകമത്സരം നടത്തിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രംഗപടത്തിനുള്ള 19 പ്രാവശ്യത്തെ അവാര്‍ഡ്. സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ്. രംഗപടത്തിന് ദേശീയതലത്തിലുള്ള ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ലാല്‍ മെമ്മോറിയല്‍ അവാര്‍ഡ്... അങ്ങനെ സ്വന്തമാക്കിയ അവാര്‍ഡുകള്‍ നീളുമ്പോള്‍ കേരളത്തില്‍ വെച്ച് ലഭിച്ച ഒരു ദേശീയ അംഗീകാരം കിട്ടിയത് വളരെ നാടകീയമായിട്ട്. അതും 2023ല്‍ തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ വെച്ച്. നാലായിരത്തിലധികം നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കിയ സുജാതന് നാടകീയമായിത്തന്നെ ആദരമൊരുക്കിയ വേദി. ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപനസമ്മേളന വേദിയില്‍ സ്വാഗതപ്രസംഗം ആരംഭിച്ചപ്പോഴേ അക്കാദമി സെക്രട്ടറി ഒരു കാര്യം മൈക്കിലൂടെ പറഞ്ഞു. ''വേദിയില്‍ ഒരു കസേര ഒഴിച്ചിട്ടിട്ടുണ്ട്. അതൊരു വിശിഷ്ടവ്യക്തിക്കുള്ളതാണ്. അമ്മന്നൂര്‍ പുരസ്‌കാര ജേതാവിനുള്ളതാണ് ആ കസേര. അതാരെന്ന് ഒടുവില്‍ പറയാം. അത് കൊണ്ട് എല്ലാവരും സദസില്‍ ഉണ്ടാകണം.'' പ്രസംഗത്തിനൊടുവില്‍ അദ്ദേഹം ജേതാവിന്റെ പേര് അനൗണ്‍സ് ചെയ്തു. 'ആര്‍ട്ടിസ്റ്റ് സുജാതന്‍'. സദസ്സ് പ്രഖ്യാപനത്തെ കൈയടിയോടെ സ്വീകരിച്ചപ്പോള്‍ പുരസ്‌കാരജേതാവ് അവിടെയില്ല. അല്‍പസമയത്തിനുള്ളില്‍ ആരോ പറഞ്ഞ് അവിടേയ്ക്ക് എത്തുമ്പോള്‍ അവാര്‍ഡ് കിട്ടിയതിന്റെ ആനന്ദമൊന്നും പുറത്ത് കാണിക്കാതെ ആ വിശിഷ്ടവ്യക്തി വേദിയിലെത്തി. അപ്രതീക്ഷിതമായ പുരസ്‌കാരനേട്ടത്തിന്റെ ഞെട്ടലില്ല. തീര്‍ത്തും ശാന്തനായി എല്ലാവരേയും കൈകൂപ്പിയശേഷം ആ കസേരയിലിരുന്നു. ഈ സമയമത്രയും സദസ്സ് കൈയടിച്ചുകൊണ്ടേയിരുന്നു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതായിരുന്നു ആ പുരസ്‌കാരം. കോട്ടയം വേളൂര്‍ അമ്പലപ്പറമ്പില്‍ ആര്‍ട്ടിസ്റ്റ് കേശവന്റെ മകന്‍ വീടിനോട് ചേര്‍ന്ന് ആര്‍ട്ടിസ്റ്റ് കേശവന്‍ മമ്മോറിയല്‍ ഓഡിറ്റോറിയം നിര്‍മിച്ചത് രംഗപടം തയാറാക്കാനുള്ള ഒരിടം എന്നതിനൊപ്പം നാടകകമ്പനികള്‍ക്ക് റിഹേഴ്സല്‍ ചെയ്യാനുള്ള അവസരം കുടിയാണ് ഒരുക്കിയത്.
ഇതിനോടകം ചെയ്ത രംഗപടങ്ങള്‍?
ഒരു ചിത്രകാരന്‍ ചെയ്യുന്ന കല കാലങ്ങളോളം നിലനില്‍ക്കും. എന്നാല്‍, നാടകം രണ്ട് സീസണില്‍ അവതരിപ്പിച്ച് കഴിയുമ്പോള്‍ അതിന്റെ പ്രാധാന്യം കഴിയും. ഇത്രകാലം ചെയ്ത രംഗപടങ്ങളില്‍ ഒന്നുപോലും പക്കലില്ല. നമ്മള്‍ രംഗപടം വരച്ച് നല്‍കിയാല്‍ അതിന്റെ ഉടമ പിന്നീട് നാടകക്കമ്പനികളാകും. അതിനാല്‍ അച്ഛനൊപ്പം ചെയ്ത കാലത്തു മുതലുള്ള രംഗപടങ്ങളുടെ ചിത്രങ്ങള്‍ പോലും കൈയിലില്ല. അതിനു പരിഹാരമായി ഞാനും അച്ഛനുമായി ചെയ്ത നാടകങ്ങളുടെ രംഗപടങ്ങളുടെ ചിത്രം ക്യാന്‍വാസില്‍ അക്രിലിക്കില്‍ വീണ്ടും വരച്ചു തുടങ്ങിയിട്ടുണ്ട്. 50 നാടകങ്ങളുടെ 50 പെയിന്റിങ് പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം.
രംഗപടത്തിന് വന്ന മാറ്റമെന്താണ്?
പണ്ടൊക്കെ എത്ര സുദീര്‍ഘമായ നാടകങ്ങള്‍ക്കും രണ്ടോ മൂന്നോ സെറ്റേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 20 രംഗങ്ങള്‍ വരെയുണ്ടാകും. കര്‍ട്ടന്‍ എന്നതില്‍ നിന്ന് ത്രിമാനകാഴ്ച നല്‍കുന്ന ആര്‍ട്ട് വര്‍ക്കുകളാണ്. 1952ല്‍ അച്ഛനാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന് രംഗപടം ചെയ്തത്. പിന്നീട് പലപ്പോഴും ഞാനും ചെയ്തിട്ടുണ്ട്. അടുത്തിടെ അതേ നാടകത്തിന് വീണ്ടും രംഗപടം തയ്യാറാക്കി. പാടത്തിന് സമീപം അടിയാളന്മാരുടെ കട്ടില്‍ കിടക്കുന്നത്, ജന്മിയുടെ തകര്‍ന്ന വീട്, തകര്‍ന്ന ഒരു തറവാട്. പണ്ട് ഈ മൂന്ന് കര്‍ട്ടനാണ് വരച്ചത്. ഇന്ന് ആ തറവാട് ചെറിയ തിണ്ണയും മുറ്റവും മുറിയുടെ വാതിലുമൊക്കെയുള്ള രീതിയില്‍ നിര്‍മിക്കുന്നു. പടികള്‍ കയറി തിണ്ണയിലേക്ക് ചെന്ന് അവിടെയിരിക്കാം. ത്രീ ഡി ഇഫക്ട് വരുന്ന വിധത്തിലാണ് രംഗപടം തയ്യാറാക്കിയത്.
ശരിയായ ബസ്
കെ.പി.എ.സിയുടെ 'കൈയും തലയും പുറത്തിടരുത്' എന്ന നാടകത്തിന്റെ സെറ്റ് വെല്ലുവിളി ഉയര്‍ത്തിയ ഒന്നായിരുന്നു. ഒരു യഥാര്‍ഥ ബസിന്റെ ബോഡിയുടെ നീളം കുറച്ച് സ്റ്റേജിന്റെ വലിപ്പത്തിന് ആനുപാതികമായി മുറിച്ചെടുത്തു. ബസ്സിലിരിക്കുമ്പോള്‍ വെളിയിലുള്ള ഭാഗങ്ങള്‍ കാണുന്നിടത്ത് കൂടി മരങ്ങളും കെട്ടിടങ്ങളും മറ്റും ഓടി നീങ്ങുന്നത് കാണണം. അതിനുവേണ്ടി നാല്‍പത് മീറ്ററര്‍ നീളത്തില്‍ കര്‍ട്ടന്‍ വരച്ച് പിന്നില്‍ നിന്നും മെല്ലെ വലിച്ചു. യാത്ര ചെയ്യുമ്പോള്‍ പുറംഭാഗം കാണാവുന്ന ഭാഗത്തു ബസ് ഓടുന്നതിന്റെ എതിര്‍ ഭാഗത്തേക്ക് പ്രകൃതിയും കെട്ടിടങ്ങളും ഓടി നീങ്ങുന്നത് കാണാം. ഓടി മറയുന്ന മരത്തിന്റെ നിഴലുകളും മറ്റും പ്രതിഫലിപ്പിക്കുവാന്‍ ലൈറ്റിങ് സംവിധാനവും ഉപയോഗിച്ചു. ആ സെറ്റ് എനിക്കേറെ ഇഷ്ടമാണ്. നടന്‍ തിലകന്‍ സംവിധാനം ചെയ്ത നാടകത്തിനായി മുകളിലേക്ക് പൊങ്ങിപ്പോകുന്ന ലിഫ്റ്റ് തയ്യാറാക്കിയിരുന്നു.
ആദ്യമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍
രംഗപടം ഒരുക്കിയിരുന്ന അച്ഛന്‍ ആര്‍ട്ടിസ്റ്റ് കേശവനൊപ്പം 1967 മുതല്‍ നാടകം കണ്ട് വളര്‍ന്നായിരുന്നു കൊച്ചു സുജാതന്റെ ജീവിതം. ''എങ്കിലും 1973ലാണ് സ്വതന്ത്രമായി രംഗപടം ഒരുക്കിയത്. അന്നെനിക്ക് 19 വയസ്. കോട്ടയം നാഷനല്‍ തിയ്യറ്റേഴ്സിന്റെ 'നിശാസന്ധി' എന്ന നാടകം. ഒറ്റപ്പാലം സ്വദേശി എ.എന്‍.ഗണേഷ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ ഒരുക്കിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പശ്ചാത്തലം. അതില്‍ രണ്ട് രംഗങ്ങളുണ്ട്. ഒന്ന് ക്വാര്‍ട്ടേഴ്സിന്റെ ഉള്‍വശം. മറ്റൊന്ന് സ്റ്റേഷന്‍ എത്തുന്നതിന് മുന്പുള്ള റെയില്‍വേ സ്റ്റേഷന്റെ ഭാഗം. അതില്‍ ഒരുക്കിയ സിഗ്നല്‍ ലൈറ്റുകള്‍ അന്ന് വലിയ പുതുമയായിരുന്നു.. അന്നത്തെ റെയില്‍വേയുടെ അതേ പോലെയുള്ള ലൈറ്റ് തയ്യാറാക്കി. അതില്‍ പച്ച, ചുവപ്പ്, മഞ്ഞ ലൈറ്റുകള്‍ മാറ്റി വെച്ച് ട്രയിന്‍ വരുന്നതിന്റെ തോന്നലുണ്ടാക്കി. പശ്ചാത്തലത്തില്‍ ട്രയിനിന്റെ ശബ്ദവുമുണ്ട്.'

അത്ഭുതപ്പെട്ട് എന്‍.എന്‍.പിള്ള സാര്‍
രംഗപടം കണ്ട് സ്വയം അത്ഭുതം തോന്നിയ അവസരങ്ങളുമുണ്ടായിട്ടുണ്ടെന്ന് സുജാതന്‍ ''1978 ല്‍ കെ.പി.എ.സിക്കു വേണ്ടി എന്‍.എന്‍.പിള്ള സാര്‍ ആദ്യമായി എഴുതിയ' മന്വന്തര'ത്തിനായി ചെയ്ത സെറ്റ് മറക്കാനാകില്ല. 'അജന്ത എല്ലോറ' ഗുഹയ്ക്കകത്ത് നടക്കുന്ന കഥയാണ്. സാറും കുടുംബവും അജന്ത എല്ലോറ ഗുഹയില്‍ പോയി വന്നശേഷം എഴുതിയ നാടകമാണ്. അതിനാല്‍ അവിടെ നിന്ന് വാങ്ങിവന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ടിട്ടാണ് സെറ്റൊരുക്കാന്‍ പറഞ്ഞത്. നാടകത്തിന്റെ ആദ്യ അവതരണം തിരുവനന്തപുരം ടഗോര്‍ തീയേറ്ററില്‍ നടക്കുമ്പോള്‍ എന്‍.എന്‍.പിള്ള സാറും സഹോദരി ഓമനയുമെത്തി. വേദിയില്‍ ലൈറ്റ് വീണതും 'എടീ ഓമനേ, ഇതു നമ്മള്‍ നേരില്‍ കണ്ടതു പോലെയുണ്ടല്ലോ' എന്ന് പറഞ്ഞ് സന്തോഷം മറച്ചുവെച്ചില്ല പിള്ള സാര്‍.
കന്യാകുമാരിയും ലണ്ടന്‍ ബ്രിഡ്ജും
'കന്യാകുമാരിയില്‍ ഒരു കടങ്കഥ' എന്ന നാടകത്തിലെ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്ന് കാണാവുന്ന വിവേകാനന്ദ പാറയിലെ സ്തൂപം. കടലിന്റെ ഒരു ഭാഗം അടങ്ങുന്ന ആ സെറ്റിന് വലിയ കൈയടി നേടിയിട്ടുണ്ട്. സംഘമിത്രയുടെ ഒരു നാടകത്തില്‍ ലണ്ടന്‍ പാലം ഉള്‍പ്പെടുന്ന പശ്ചാത്തലം തയാറാക്കിയിട്ടുണ്ട്. ശൂന്യാകാശ വാഹനം, സ്വര്‍ണ-കല്‍ക്കരി ഖനി, കടല്‍ത്തീരം ഒക്കെ തീര്‍ത്തെടുത്തിട്ടുണ്ട്. ഒരുപാട് മജീഷ്യന്‍മാര്‍ക്കും സെറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. 2024 മാര്‍ച്ച് 27ന് ലോക നാടകദിനത്തില്‍ രംഗപടത്തിന് പുറമേ അഭിനയം, സംവിധാനം എന്നിവ നിര്‍വഹിച്ചും ആര്‍ട്ടിസ്റ്റ് സുജാതന്‍ എത്തി. സുജാതന്‍ പ്രസിഡന്റായി കോട്ടയം വേളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആത്മ സംഘടനയുടെ നേതൃത്വത്തിലായിരുന്നു 'കാട്ടുകുതിര' വേദിയില്‍ എത്തിച്ചത്. എസ്.എല്‍.പുരം സദാനന്ദന്‍ രചിച്ച 'കാട്ടുകുതിര'യിലെ ആനക്കാരന്റെ വേഷമാണ് സുജാതന്‍ അവതരിപ്പിച്ചത്. 1980കളില്‍ നാലു വര്‍ഷംതുടര്‍ച്ചയായി വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകം രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതായിരുന്നു. അത് 48 മിനിറ്റില്‍ ഒതുക്കിയിയാണ് സുജാതന്‍ പരീക്ഷണം നടത്തിയത്.
''പുതിയ കാലത്ത് അത്രനേരം നാടകം കാണാനുള്ള ക്ഷമ പ്രേക്ഷകനില്ല. അതിനാല്‍ സമയം ചുരുക്കി. ഒപ്പം പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായ കൊച്ചുവാവയുടെ തമാശയും ഉദ്വേഗവും കൂടുതല്‍ ഉള്‍പ്പെടുത്തി. ക്ലൈമാക്സിന്റെ ഭംഗി അതേ പോലെ ഉള്‍പ്പെടുത്തി. 11 കഥാപാത്രങ്ങളും രംഗത്തുവന്നിരുന്നു.''-സുജാതന്‍ പറയുന്നു. രംഗപടങ്ങള്‍ ഒരുക്കുന്ന തിരക്കിനിടയിലും 1973 മുതല്‍ 2005 വരെ ഒരു നാടകം സംവിധാനം ചെയ്ത് വേദിയില്‍ എത്തിക്കുന്ന പതിവുണ്ടായിരുന്നു സുജാതന്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും നാടകം വേദിയില്‍ എത്തിച്ചതെന്ന് മാത്രം. ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്‍ നാടകത്തിലെ കേന്ദ്രകഥാപാത്രമാകുന്ന പുതുമയുണ്ടായിരുന്നു 'കാട്ടുകുതിര'ക്ക്. അന്ന് പ്രധാനമായി രണ്ട് രംഗപടത്തിലാണ് നാടകം അവതരിപ്പിച്ചത്. ഒരു പൊളിഞ്ഞ കോവിലകവും കൊച്ചുബാവയുടെ ബംഗ്ലാവും. ഈ രണ്ട് രംഗപടം തയ്യാറാക്കിയതും സുജാതനായിരുന്നു. എന്നാല്‍ സംവിധാനം ചെയ്ത നാടകത്തില്‍ ഒരു സെറ്റ് മാത്രമാണ് ഉപയോഗിച്ചത്. കൊച്ചുവാവയുടെ വീട് മാത്രം. മറ്റൊരു പുതുമ ഗാനങ്ങള്‍ തത്സമയം അവതരിപ്പിച്ചു.
നാടകത്തിന് പുറമേ സിനിമയിലും അഭിനയിച്ചിട്ടുണ്ട് സുജാതന്‍. അനില്‍ നാഗേന്ദ്രന്റെ 'തീ', ജയരാജിന്റെ 'നിറയെ തത്തകള്‍ ഉള്ള മരം', ജോഷി മാത്യുവിന്റെ നൊമ്പരക്കൂട് എന്നിവയിലാണ് മറ്റ് സിനിമകള്‍.
ഭാര്യ: ഐഷാകുമാരി. മക്കള്‍ രണ്ട് പേരും അച്ഛനെ പോലെ കലാലോകമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. . മൂത്തമകന്‍ ജിതിന്‍ ശ്യാം ഓഡിറ്റോറിയങ്ങളുടെ ഡിസൈനും മോട്ടോറൈസ്ഡ് കര്‍ട്ടനും തയ്യാറാക്കുന്നു. അച്ഛന്റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികസഹായവും നല്‍കുന്നു. ഇളയയാള്‍ ജിജോ ബെംഗളൂരുവില്‍ ഒരു സിനിമാ നിര്‍മാണ കമ്പനിയില്‍ അനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
Content Highlights: Award-winning stage designer Artist Sujathan`s career spans decades, creating stunning sets
Published: 29 Nov 2024, 03:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented