അന്തോണിയോണി, ഫെല്ലീനി, തര്‍കോവ്‌സ്‌കി, ആഞ്ചലോ പൗലോസ്, തവിയാനി സഹോദരങ്ങള്‍ എന്നിവരുടെയും മറ്റും സിനിമകളില്‍ സഹകരിച്ച തിരക്കഥാകൃത്തെന്ന നിലയിലാണ് കവിയായ ടൊണീനോ ഗുവേറ ഇറ്റലിക്ക് പുറത്ത് അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ എന്റെ അറിവില്‍ ആകെയുള്ളത് ഒരേയൊരു കവിതാസമാഹാരമാണ്: കാനഡയിലെ ഗേര്‍ണിക്ക 1999-ല്‍ ഇറക്കിയ Abandoned Places. മൊഴി മാറ്റിയത് അമേരിക്കന്‍ നോവലിസ്റ്റ് ഏഡ്രിയ ബെര്‍ണാര്‍ഡി. ഇറ്റലിയിലെ ആപ്പനൈന്‍ മലനിരകളിലുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗുവേറ അവിടത്തെമോന്‍തനാറിഎന്ന ഉപഭാഷയിലാണ് എഴുതിയത്. അത് മാനക ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ ഭാഷയുടെ ചുറുചുറുക്കും പരുപരുപ്പുമെല്ലാം പകുതി കെട്ടടങ്ങുമെന്നതാണ് പരിഭാഷക എടുത്തുപറയുന്ന വിഷമം. എങ്കിലും ഗുവേറയുടെ ഒരു കവിത മലയാളത്തിലാക്കാന്‍ ഞാന്‍ ഒരുമ്പെടുന്നു. 'തേന്‍' എന്ന് പേരിട്ട പരമ്പരയിലെ ഒമ്പതാമത്തെ ഭാഗമാണിത്;
മഴ തുടങ്ങിയിട്ട് നൂറു ദിവസമായിക്കാണും,
തരുലതകളുടെയെല്ലാം വേരുകള്‍ കുതിര്‍ത്ത് വെള്ളം
വായനാമുറിയിലെത്തി മഠത്തില്‍ അടച്ചിട്ടിരുന്ന
വിശുദ്ധവചനങ്ങളത്രയും വെള്ളത്തിലാക്കി.
നല്ല കാലാവസ്ഥ വന്നപ്പോള്‍,
ഏറ്റവും പ്രായം കുറഞ്ഞ സന്ന്യാസി സയ്യത്-നോവ,
ഒരേണിയെടുത്ത് പുസ്തകങ്ങളെല്ലാം മേല്‍ക്കൂരയിലേക്ക് കൊണ്ടുപോയി
വെയിലത്തുവെച്ചു. നനഞ്ഞ കടലാസ് ഉണങ്ങാന്‍
അയാള്‍ ഇളംചൂടുള്ള കാറ്റിനായി കാത്തുനിന്നു.
നല്ല കാലാവസ്ഥയായിരുന്നു ഒരു മാസം,
സന്ന്യാസി നടുമുറ്റത്ത് മുട്ടിന്മേല്‍നിന്ന്
പുസ്തകങ്ങള്‍ ജീവന്റെ അടയാളം
കാണിക്കുന്നതിനായി കാത്തു.
ഒടുവില്‍ ഒരു ദിവസം രാവിലെ
ഇളങ്കാറ്റില്‍ താളുകള്‍ നേര്‍ത്ത മര്‍മ്മരങ്ങളുതിര്‍ത്തു തുടങ്ങി,
ഒരു തേനീച്ചക്കൂട്ടം മേല്‍ക്കൂരയിലെത്തിയതുപോലെ.
അപ്പോള്‍ അയാള്‍ കരയാന്‍ തുടങ്ങി
കാരണം പുസ്തകങ്ങള്‍ സംസാരിക്കുകയായിരുന്നു.
*സയ്യത്-നോവ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അര്‍മീനിയന്‍ ഗായകകവി. സെര്‍ഗ്യേ പരാജനോഫ് കവിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത 'ഉറുമാന്‍പഴങ്ങളുടെ നിറം'(1969) എന്ന ചലച്ചിത്രം ഓര്‍ക്കുക.
Content Highlights: Tonino Guerra, Italin poet, Poem, Translated into Malayalam by Sachu Thomas
Published: 06 Jan 2024, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented