'ജസ്റ്റീസ് ഡസിന്റ് ബ്ലീഡ്. ഇറ്റ് ഫ്രീസസ്.'

To advertise here,

അറുപ്പുക്കോട്ടൈ മുത്തുവിന്റെ കാര്യത്തിൽ സമർ ബനഡിക്ടിന്റെ അന്തിമ നിർദ്ദേശം അതായിരുന്നു.

മുത്തുവിനെ കസ്റ്റഡിയിൽ ലഭിച്ചത് ഏഴു ദിവസത്തേക്കാണ്. സമയപരിധി കർശനമാണ്. അരവിന്ദിന്റെ കാര്യത്തിൽ സ്വീകരിച്ച സമീപനം മുത്തുവിനോട് വിലപോകില്ല. അയാളെപ്പോലെ, ഒരു തരത്തിലും വഴങ്ങാത്ത കുറ്റവാളിയെ പതിവുരീതിയിൽ ചോദ്യം ചെയ്തതുകൊണ്ടോ പരീക്ഷണങ്ങൾക്കു വിധേയനാക്കിയതുകൊണ്ടോ കാര്യമില്ല. ഏതു തരത്തിലുള്ള ചോദ്യം ചെയ്യലിനെയും പ്രതിരോധിക്കാൻ ശീലിച്ച, സംരക്ഷിതവും അപകടകരവുമായ മനസ്സാണ് അയാളുടേത്. നിയമപരവും സമാധാനപരവുമായ ചോദ്യം ചെയ്യലല്ല, അടയാളങ്ങളൊന്നും അവശേഷിപ്പിക്കാത്ത മൂന്നാം മുറയാണ് വേണ്ടത്. മുറിവില്ലാത്ത, തെളിവില്ലാത്ത, കോടതിക്ക് കണ്ടെത്താനാകാത്ത വിധത്തിലുള്ള മൂന്നം മുറ.

ആദിൽഖാൻ ഊട്ടിയിലേക്കു തിരിക്കുന്നതിനു മുൻപ് സമർ നൽകിയ നിർദ്ദേശം അതായിരുന്നു. അതു കൃത്യമായി നടപ്പാക്കുന്ന പദ്ധതിയാണ് ആദിൽഖാനും ഒപ്പമുള്ള നാലംഗസംഘവും ചേർന്ന് തയ്യാറാക്കിയത്.

കസ്റ്റഡിയിൽ ലഭിച്ച മുത്തുവിനെ പ്രത്യേക താവളത്തിലേക്കെത്തിച്ചത് രാജേന്ദ്രനും വർഗ്ഗീസും ചേർന്നാണ്. എതിർപ്പൊന്നും പ്രകടിപ്പിക്കാതെ മുത്തു അവർക്കൊപ്പം നടന്നു. എന്നാൽ, ഒറ്റപ്പെട്ട മുറിയിലെത്തിയതോടെ പന്തികേടിന്റെ ചൂരടിച്ച അയാൾ അസ്വസ്ഥതയോടെ നാലുപാടും നോക്കി. അയാളെ എത്തിച്ചിരുന്ന മുറിക്ക് പോലീസ് സെല്ലിന്റെ ലക്ഷണമൊന്നുമില്ല. വൃത്തിയുള്ള മുറിയിൽ എസിയുടെ തണുപ്പ് ഇഴഞ്ഞുനീങ്ങുന്നു.

ചോദ്യം ചെയ്യുന്നതിനു തയ്യാറാക്കിയ മുറിയുടെ പ്രതീതി അവിടെയില്ലെന്നു സംശയിച്ചുനിൽക്കുമ്പോഴാണ്, മുന്നറിയിപ്പൊന്നുമില്ലാതെ, മുത്തുവിന്റെ വസ്ത്രത്തിൽ പിന്നിൽനിന്ന് രാജേന്ദ്രൻ ശക്തമായി വലിച്ചത്. ഞെട്ടിത്തിരിഞ്ഞ അയാൾ, കാര്യമെന്തെന്നു മനസ്സിലാക്കും മുമ്പെ ഷർട്ട് ഊരിമാറ്റിക്കഴിഞ്ഞിരുന്നു. അർദ്ധനഗ്‌നനായ അയാൾ മുരൾച്ചയോടെ കുതറിയെങ്കിലും വർഗ്ഗീസും സത്യപ്രകാശും ചേർന്ന് ഒതുക്കിനിർത്തി. പിന്നിലൂടെയെത്തിയ ഉബൈദ് ബലമായി മുത്തുവിനെ ഇരുമ്പുകസേരയിലേക്കു വലിച്ചിരുത്തി.

കോൺക്രീറ്റു തറയിൽ ആഴത്തിൽ ബോൾട്ടിട്ട് ഉറപ്പിച്ച കസേരയായിരുന്നു അത്. വലപൊട്ടിക്കാൻ ശ്രമിക്കുന്ന കാട്ടുപന്നിയെപ്പോലെ മുത്തു ശക്തമായി പ്രതിഷേധിച്ചു. അതോടെ അയാളുടെ കൈത്തണ്ടകൾ ഇരുമ്പുകസേരയോടു ചേർത്ത് വിലങ്ങിട്ടു. കുതിക്കാനും തൊഴിക്കാനുമെല്ലാം ശ്രമിച്ച അയാൾ ഉച്ചത്തിൽ ശകാരിച്ചു. ഇതിനിടെ ഉബൈദ് കാലുകളും കൂട്ടിക്കെട്ടി.

'എന്നടാ ഇത്...?'

മുത്തു നിലത്തേക്കു കാർക്കിച്ചു തുപ്പി

'എന്നെ ഇപ്പടിയേ പിടിച്ചുവെച്ചിരിക്കലാംന്നു നിനച്ചിയാ. ഏഴു നാൾ താൻ കസ്റ്റഡി. അപ്പുറം കോടതി. അപ്പോ പാക്കലാം.'

'തെരിയും ഡാ.'

തെല്ലും നാടകീയതയില്ലാതെ ആദിൽഖാൻ പറഞ്ഞു.

'വേറെ വഴി ഇല്ലെടാ... അതിനാൽതാൻ ഇതെല്ലാമേ സെയ്യ വേണ്ടിവന്തുത്. ഉന്ന മാതിരി ഒരുത്തനെ കൈയാള വേണ്ടിയിരുക്ക്.'

മറുപടിക്കു കാത്തുനിൽക്കാതെ ആദിൽഖാൻ ഒരു ഹെഡ്ഫോൺ മുത്തുവിന്റെ ശിരസ്സിൽ തിരുകി. ശകാരവാക്കുകൾ ചൊരിഞ്ഞ് അയാൾ അതു കുടഞ്ഞുകളയാൻ ശ്രമിച്ചു. ആദിൽഖാൻ അമർഷത്തോടെ വലതുകാൽ മുത്തുവിന്റെ കാൽമുട്ടിലേക്ക് ശക്തിയോടെ ഉയർത്തിവച്ചു. ഒന്നു പരുങ്ങിയ മുത്തുവിന്റെ കണ്ണുകളും ഹെഡ്ഫോണടക്കം ശിരസ്സും ആ തക്കത്തിന് രാജേന്ദ്രൻ കറുത്ത കമ്പിളിക്കഷണം കൊണ്ട് പൊതിഞ്ഞുകെട്ടുി. കണ്ണും കാതും മൂടി, കൈയും കാലും ബന്ധിച്ച്, ഇരുട്ടിനും സ്തംഭനാവസ്ഥയ്ക്കും കാത്തിരിപ്പിനുമിടയിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്ന ബോധ്യത്തിൽ മുത്തു മുരൾച്ചയോടെ കസേരയിൽ പുളഞ്ഞു.

ആദിൽഖാൻ മൊബൈൽ ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് ഒരു വോയ്സ് പ്ലേ ചെയ്തു. കുഞ്ഞിന്റെ വാവിട്ടുള്ള കരച്ചിൽ മുത്തുവിന്റെ കർണപുടങ്ങളെ തുളച്ചു. അസഹ്യമായ ശബ്ദത്തിൽനിന്നു രക്ഷനേടാൻ അയാൾ ശിരസ്സ് ഇരുവശത്തേക്കും കുടഞ്ഞു. ശബ്ദമില്ലാതെ ചിരിച്ചുനിന്ന ആദിൽഖാൻ കുറച്ചുസമയം പ്രതികരണം നിരീക്ഷിച്ചു. തുടർന്ന,് മുത്തുവിനോടു സംസാരിക്കാൻ മൊബൈലിലെ ശബ്ദം ഓഫ് ചെയ്തു.

'എന്ന പണ്ണ? നീ കോർട്ട്ക്ക് പോയ് കംപ്ലെയിന്റ് പണ്ണുവേല്ല? ഉന്നെ കെട്ടിത്തൂക്കി, കേൾവി കേട്ടു, അടിച്ചു നിരൂബിക്ക... എല്ലാം മുടിയാമെ ഇല്ലേ.'

താളത്തിൽ പാട്ടുപാടും പോലെ അയാൾ തുടർന്നു.

'അതനാല മുത്തൂ... മുത്തേ... നീ കോപ്പറേറ്റ് പണ്ണ്.'

വീണ്ടും കുഞ്ഞിന്റെ കരച്ചിൽ ഓൺ ചെയ്തു.

അടുത്ത മുറിയിൽനിന്ന് ഇതിനകം ഐസ് ബാഗുകൾ എത്തിച്ചിരുന്നു. രാജേന്ദ്രനും ഉബൈദും ചേർന്ന് മുത്തുവിന്റെ കൈകൾ ശരീരത്തിൽനിന്ന് അൽപ്പം അകറ്റി. നഗ്‌നമായ കക്ഷഭാഗത്തേക്ക് ഐസ് ബാഗുകൾ തിരുകിവയ്ക്കാനായിരുന്നു അത്.

സൂചികൾ പോലെ തണുപ്പ് തൊലിക്കുള്ളിലേക്ക് തുളച്ചു കയറിയപ്പോൾ, എസി മുറിയിലിരുന്ന് മുത്തു വിറപൂണ്ടു. മഞ്ഞുകട്ടയുടെ മരവിപ്പിക്കുന്ന പൊള്ളൽ, കാതുകളിൽ അലയടിക്കുന്ന നിലവിളി, കണ്ണുകളിൽ പൂർണ്ണമായ ഇരുട്ട്- ബന്ധനസ്ഥൻ. കോപതാപങ്ങൾ മുത്തുവിന്റെ മുഖത്ത് മൂർദ്ധന്യം പ്രാപിച്ചു.

അതു നോക്കിനിൽക്കെ, സമറിന്റെ വാക്കുകൾ ആദിൽഖാൻ ആവർത്തിച്ചു.

'ജസ്റ്റീസ് ഡസിന്റ് ബ്ലീഡ്. ഇറ്റ് ഫ്രീസസ്.'

മുപ്പതു മിനുട്ടു തികയുന്നതിനുമുമ്പേ മുത്തുവിന്റെ പല്ലുകൾ കൂട്ടിയിടിച്ചു തുടങ്ങി. മസിലുകൾ മരവിച്ചു മുറുകി. ശ്വാസം ഇടറിയ പൊട്ടിത്തെറികളായി. കസേരയുടെ കൈത്താങ്ങിൽ നഖങ്ങൾ കൊണ്ട് അയാൾ ശക്തമായി മാന്തി.

ആദിൽഖാൻ അടുത്തേക്കു നീങ്ങി, മുത്തുവിന്റെ ശരീരത്തിൽ വിളർച്ചയോ നിറവ്യതിയാനമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കി.

'ഐസ്ബാഗ് ... അതിനൊരു ബ്രേക്ക് കൊടുക്ക്. '

അയാൾ വർഗ്ഗീസിനോടു പറഞ്ഞു.

അടുത്ത മുറിയിൽ സിസി ടിവി ഔട്ട്പുട്ട് സജ്ജീകരിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂർ അവിടെയിരുന്ന് ആദിൽഖാൻ മുത്തുവിനെ നിരീക്ഷിച്ചു. ഐസ്ബാഗ് വയ്ക്കുന്നതും ലൂപ് പ്ലേ ചെയ്യുന്നതും റൊട്ടേഷൻ രീതിയിൽ തുടർന്നു. ചോദ്യം ചെയ്യുന്നതിനുള്ള മുന്നൊരുക്കമായി മുത്തുവിനെ പതം വരുത്താൻ സ്വീകരിച്ച തയ്യാറെടുപ്പുകളെപ്പറ്റി സമറിനെ അറിയിക്കേണ്ടതുണ്ട്. ആദിൽഖാൻ ഫോണെടുത്തു.

'ഇടവേളകളിൽ ഐസ്ബാഗുകൾ മാറ്റുന്നു, ലൂപ്പ് പ്ലേ ചെയ്യുന്നു. സോ... ഡഫനിറ്റ്ലി... അവനുറങ്ങാൻ കഴിയില്ല സാർ.'

'ഇരുപത്തിനാലു മണിക്കൂർ കണ്ടിന്യൂ ചെയ്യൂ. ബാക്കി പിന്നെ നോക്കാം.'

വികാരരഹിതനായി സമർ ബനഡിക്ട് പറഞ്ഞു.

'വഴങ്ങുന്നില്ലെങ്കിൽ പ്രോസസ് റിപീറ്റ് ചെയ്യാം. ഫോർ അനദർ ട്വന്റി ഫോർ അവേഴ്സ്... അവനെ ഫ്രോസ്ററ് ചെയ്യാം.'

അതൊരു ഞാണിൻമേൽകളിയാണെന്ന ബോധ്യത്തോടെയാണ് സമർ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. ഇത്തരത്തിലുള്ള ചോദ്യം ചെയ്യൽ, മൂന്നാം മുറ, അത് കൂടുതൽ സമയം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. പ്രത്യേകിച്ച്, മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ഒരാളുടെ കാര്യത്തിൽ. നിയമത്തിന്റെ ചതുരക്കൂടുകൾ മറികടക്കുമ്പോൾ സൂക്ഷ്മത ആവശ്യമാണ്. മുറിവോ ബലപ്രയോഗത്തിന്റെ സൂചനയോ മതി അന്വേഷണം ചോദ്യം ചെയ്യപ്പെടാൻ. മനുഷ്യാവകാശങ്ങൾ, നിയമപരിരക്ഷകൾ, കോടതിയുടെ ഇടപെടൽ- അവിടെയും തീരില്ല കാര്യങ്ങൾ.

മറ്റാരെക്കാളും നന്നായി കൊടുംക്രിമിനലായ മുത്തുവിന് അക്കാര്യമറിയാം. തെളിവുകളുടെ പിൻബലത്തിലുള്ള ചോദ്യങ്ങളാണെങ്കിലും അയാൾ നിശ്ശബ്ദനാകാൻ തീരുമാനിച്ചാൽ അതിന്റെ പിന്നിലെ മനശ്ശാസ്ത്രം മറ്റൊന്നാവില്ല. ചോദ്യം ചെയ്യലിന് കൂടുതൽ സമയം വേണമെങ്കിൽ, കസ്റ്റഡി കാലയളവ് നീട്ടിനൽകാൻ കോടതി തയ്യാറായേക്കും. അപ്പോഴും മുത്തുവിന്റെ നിലപാടിനു മാറ്റമില്ലെങ്കിൽ? പോളിഗ്രാഫും നാർക്കോ അനാലിസിസുമടക്കമുള്ള ബദൽ മാർഗ്ഗങ്ങളാണ് അവശേഷിക്കുക. അതിന്റെ ശാസ്ത്രീയതയെച്ചൊല്ലിയാവും പിന്നീടുള്ള വാദപ്രതിവാദങ്ങൾ.

അതുകൊണ്ടാണ് സമർ ഈ സാഹസിക തീരുമാനമെടുത്തത്. ഏഴുദിവസങ്ങൾ- അതിനുള്ളിൽ മുത്തുവിന്റെ പ്രതിരോധമതിൽ തകരണം. അങ്ങനെ ലഭിക്കുന്ന വിവരങ്ങളനുസരിച്ചേ, മുത്തുവിനെയും അരവിന്ദനെയും നേഹയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ കഴിയൂ.

സമർ ബനഡിക്ട് കസേരയിൽ പിന്നിലേക്കു ചാഞ്ഞ് കണ്ണുകളടച്ച സമയത്തുതന്നെ ഫോൺ റിംഗ് ചെയ്തു. എമ്മ ഫെർണാണ്ടസാണെന്നു മനസ്സിലായതോടെ ഫോണിലേക്കു നീണ്ട കൈ സമർ പിൻവലിച്ചു. തൽക്കാലം അവർക്കു നൽകാൻ പുതിയ വിവരങ്ങളൊന്നുമില്ല. രണ്ടുദിവസം കഴിഞ്ഞ് നേരിൽക്കണ്ട് സംസാരിക്കുന്നതാണ് നല്ലത്.

എമ്മ വീണ്ടും ഓഫീസിൽ സജീവമായിത്തുടങ്ങിയിരുന്നു. ആശുപത്രിക്കിടക്കയിലായിരുന്ന സമയത്ത് സമറുമായി ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും,കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അവർക്കു ലഭിച്ചിരുന്നില്ല. ജോലിത്തിരക്കിന്റെ ഇടവേളയിൽ സമറിനെ വിളിക്കാൻ ശ്രമിച്ചത് അതുകൊണ്ടായിരുന്നു.

ഓഫീസിൽ ഇപ്പോൾ ഫിലിപ്പ് മാത്യുവിന്റെ അഭാവവുമുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം, മുന്നറിയിപ്പൊന്നുമില്ലാതെ, ഒരു മാസത്തേക്ക് ലീവെടുത്തതാണ് അയാൾ. പ്രധാന കാര്യങ്ങളിൽ പൊതുവെ എമ്മ ആശ്രയിച്ചിരുന്നത് ഫിലിപ്പിനെയാണ്- പ്രത്യേകിച്ച്, അടുത്തിടെയായി ആശുപത്രിവാസങ്ങൾ ആവർത്തിച്ചതിനുശേഷം. കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു പോകുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും, അടിയന്തിരസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അയാളുടെ സാന്നിധ്യം ആവശ്യമായിരുന്നു. കുടുംബകാര്യങ്ങളാൽ അയാൾ ലീവെടുത്തതോടെ, മറിച്ചൊന്നും പറയാനാകാതെ എമ്മ ഒറ്റയ്ക്ക് ചുമതലാഭാരം വഹിക്കേണ്ട അവസ്ഥയിലെത്തി. തീർപ്പാക്കേണ്ട നിരവധി നിർണായക ഫയലുകൾ ഫിലിപ്പിന്റെ മടക്കവരവു കാത്ത് മാറ്റിവച്ചിരിക്കുന്നു. പിന്തുണയായി, പിന്തുടർച്ചക്കാരനായി ഒരാളുമില്ലാത്തതിന്റെ ഇടർച്ച അവരെ വീണ്ടും വേട്ടയാടി. നീഴൽപോലെ ചേർന്നുനിൽക്കുന്ന ജാക്കിന്റെ സ്മരണകൾ തീവ്രമാകാൻ തുടങ്ങി.

പാരമ്പര്യത്തിൽ അവശേഷിക്കുന്ന ഒരേയൊരുത്തരമാണ് അന്ന. എന്നാൽ, അവളെ പ്രാപ്തയാക്കുക അസാധ്യമാണ്. ഫെർണാണ്ടസിന്റെയും എമ്മയുടെയും മകളായതുകൊണ്ടോ, അലക്സാണ്ടറുടെ ഭാര്യ ആയതുകൊണ്ടോ അവളുടെ ഞരമ്പുകളിലൂടെ ബിസിനസ് രക്തം ഒഴുകില്ല. എമ്മ ഗ്രൂപ്പിനെ നയിക്കുക എന്നത്, അവളുടെ കൊക്കിലൊതുങ്ങുന്ന കാര്യമല്ല. സമ്മർദ്ദത്തിലല്ല, സമാധാനത്തിൽ മാത്രമേ അവൾക്കു ജീവിച്ചുപോകാനാകൂ. ഉറുമ്പിനെപ്പോലും നോവിക്കാത്ത ദയാലുവും എല്ലാ കാര്യത്തിലും പിൻനിരയിലേക്കൊതുങ്ങാൻ ആഗ്രഹിക്കുന്നവളുമാണ് അവൾ. ബോർഡു റൂമുകളിൽ നിർദ്ദയം നിൽക്കേണ്ടിവന്നാൽ, നിക്ഷേപകരോടും ജീവനക്കാരോടും കടുത്ത നിലപാടെടുക്കേണ്ടിവന്നാൽ... അത് അവൾക്കാവില്ല.

ആലോചനയോടെ, എമ്മ ഒരിക്കൽക്കൂടി സമറിനു ഫോൺ ചെയ്തു.

ഇത്തവണയും മൊബൈലിൽ എമ്മയുടെ പേരു തെളിഞ്ഞത് സമർ കണ്ടു. കാര്യങ്ങൾ സംസാരിക്കുന്നത് നേരിൽ കണ്ടിട്ടാവാമെന്ന് അയാൾ വീണ്ടും ഉറപ്പിച്ചു.

അടുത്ത ദിവസം സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ, ആദിൽഖാന്റെ ഫോണെത്തി.

'സാർ...അവൻ പ്രതികരിച്ചു തുടങ്ങി, പോസിറ്റീവായിട്ട്.'

'ഗുഡ്..'

മുത്തുവിനെ കസ്റ്റഡിയിൽ ലഭിച്ച് ഇരുപത്തിനാലു മണിക്കൂർ തികഞ്ഞിട്ടില്ല- അതിനു മുമ്പ് ശുഭസൂചന. കേസിനെ ക്ലൈമാക്സിലേക്കു നയിക്കുന്ന വഴിത്തിരിവ് മുത്തുവിൽനിന്നു കിട്ടണം. സമർ നിർദ്ദേശങ്ങൾ നൽകി.

'എല്ലാം രേഖകളിലാക്കണം. ഇന്ററോഗേഷൻ റൂം മാറണം. വൃത്തിയുള്ള മറ്റൊരു മുറിയിലേക്കവനെ മാറ്റണം. പുതിയ വസ്ത്രങ്ങൾ നൽകണം. ലീഗലി സേഫാക്കിയിട്ടുവേണം വീഡിയോ റക്കോർഡിംഗ്.'

'യെസ് സാർ.'

'ഓരോ വാക്കും... കുത്തും കോമയും, വിടണ്ട.'

ഫോൺ സംഭാഷണമവസാനിപ്പിച്ച് കസേരയിലേക്കിരിക്കുമ്പോൾ, മുത്തു ഇപ്പോഴനുഭവിക്കുന്ന സൈക്കോളജിക്കൽ ട്രോമയിൽ അവന്റെ പുറന്തോടു തകരട്ടെയെന്ന് സമർ ആഗ്രഹിച്ചു. ചോദ്യംചെയ്യലിൽ അവൻ എന്തു പറഞ്ഞാലും ആവർത്തിച്ചുള്ള ആലോചനകൾക്ക് അത് വിധേയമാക്കേണ്ടിവരും.

അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

'ഹി ഈസ് എ സീസൺഡ് ക്രിമിനൽ.'

(തുടരും)