ഉണ്ണി.ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മാനസമിത്രം'. ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛൻ, മലമുകളിൽ രണ്ടുപേർ, അദൃശ്യന്മാരസത്തുക്കൾ, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പർ എന്നിങ്ങനെ ഒമ്പതു കഥകളാണ് ഇതിലുള്ളത്.

To advertise here,

''കഥയിലെ ഓരോ സംഭവവും വായനക്കാരൻ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോർത്തസാറിന്റെ 'ഹോപ്സ്‌കോച്ച്.' ബോർഹസിന്റെ 'പിരിയൻ വഴികളുടെ ഉദ്യാന'ത്തിൽ പകിട തുറന്നിടുന്ന എല്ലാ

സാദ്ധ്യതകളെയും ഒരേ സമയം യാഥാർത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാൽ മതി എന്തുമാകാൻ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തിൽനിന്നും ഒഴിഞ്ഞിരിക്കുന്ന

ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളിൽ.'' എന്ന് സനിൽ വി.

''ഉണ്ണിയുടെ കഥകളിൽനിന്ന് സാമാന്യമായി ഒരു സമസ്യയെ നിർദ്ധരിച്ചെടുക്കുക എളുപ്പമല്ല. ഓരോ കഥയും ഭാവപരമായി മറ്റൊന്നിൽ നിന്ന് കണിശമായ അകലം പാലിക്കുന്നു. ഈ കഥകൾ ഭാഷയുടെയും ചരിത്രത്തിന്റെയും ബന്ധനങ്ങളിൽനിന്ന് കുതറി പ്രകൃതയാഥാർത്ഥ്യത്തിന്റെ ഉറവകളിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ ഭാവനയുടെ രാഷ്ട്രീയമൂല്യമാണ് പ്രസ്തുത കഥകളെ പ്രസക്തമാക്കുന്നത്.'' എന്ന് ഡോ. അനിൽ കെ.എം. 'മാനസമിത്ര'ത്തിലെ 'മാനസമിത്രം' എന്ന കഥ വായിക്കാം.

ഒന്ന്‌
ഒരു കൈ ശരീരത്തിന് തിരശ്ചീനമായി നീട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം ജോലിക്കാരി ചോദിച്ചത്: ‘‘എന്ത് പറ്റി സാറേ?’’
‘‘ചെറിയൊരു വിറയലുണ്ടോന്ന് സംശയം.’’
കൈയ്ക്ക് ഇരുപുറവും വന്നുനിന്നിട്ട് അവർ പറഞ്ഞു: ‘‘ഇവിടെനിന്ന് നോക്കുമ്പോൾ ഇല്ലല്ലോ.’’
‘‘നേരേ നിന്ന് നോക്കിക്കേ.’’
വിരലുകളുടെ അടുത്തു വന്നുനിന്നും, അൽപ്പം ദൂരേക്ക് മാറിനിന്നും നോക്കിയശേഷം പറഞ്ഞു: ‘‘ചെറുതായിട്ടുണ്ടോന്ന് സംശയമുണ്ട്.`’
‘‘എന്നാൽ, കുറച്ച് വെള്ളവും ഒരു ഗ്ലാസും എടുത്തോ.’’
‘‘രാവിലെ ഗസ്റ്റാരോ ഉണ്ടെന്ന് പറഞ്ഞില്ലേ?’’ അവർ സംശയത്തോടെ നിന്നു.
‘‘ഗസ്റ്റൊന്നുമല്ല, അനിയനാ. വേണങ്കിൽ ഗസ്റ്റെന്നും പറയാം. കൊറേ വർഷങ്ങളായി കണ്ടിട്ട്.’’
ഗ്ലാസും വെള്ളവും മാത്രമല്ല, മീനച്ചാറും കൊണ്ടുവെച്ചു; കൂടെ ചെറിയൊരു ആകാംക്ഷയും, ‘‘ഒരനിയനേ ഉള്ളോ?’’
ഇര പിടിക്കാൻ നേരം കാത്തിരിക്കുന്ന തവളയെപ്പോലെ ക്ഷണനേരംകൊണ്ട് പുറത്തുചാടിയ നാവിനെ വേണമെങ്കിൽ നിരാശപ്പെടുത്താം. എവിടെവരെ നാവ് നീട്ടുമെന്നറിയാനുള്ള കൗതുകത്തിലാണ് മറുപടി പറഞ്ഞത,് ‘‘ഒരാളേയുള്ളൂ. എന്നേക്കാൾ ഇരുപതു വയസ്സ് എളപ്പമാ.’’
ആകാംക്ഷ ഇരുന്നിടത്തുനിന്ന് മെല്ലെ എണീറ്റു: ‘‘അനിയനപ്പോൾ എവിടാ താമസം?’’
ലോകത്ത് എവിടെ വേണമെങ്കിലും അവനെ കൊണ്ടുപോയി താമസിപ്പിക്കാം. എവിടെ താമസിപ്പിച്ചാലും ഇവർക്ക് ഒരു കുഴപ്പവുമില്ല. കുറച്ച് ചോദ്യങ്ങൾ ചോദിക്കണം, കുറച്ച് ഉത്തരങ്ങൾ കേൾക്കണം, അത്രേയുള്ളൂ.
‘‘കോട്ടയത്തിനടുത്ത് കുടമാളൂരിലാ.’’
‘‘അയ്യോ, അത് ഞങ്ങടെ അൽഫോൻസാമ്മയുടെ സ്ഥലമല്ലേ!’’
‘‘അൽഫോൻസാമ്മ ജനിച്ച വീടിന്റെ വഴിക്കാ എന്റമ്മേടെ തറവാട്ടിലേക്ക് പോകുന്നത്.’’
‘‘അവിടെയൊക്കെ ജനിക്കുവാന്ന് പറയുന്നതുതന്നെ എന്തൊരു ഭാഗ്യാ സാറേ’’എന്നു പറഞ്ഞുകൊണ്ട്, അദ്ഭുതപ്രവൃത്തിയെന്നപോലെ അൽഫോൻസാമ്മയെ നിമിഷനേരംകൊണ്ട് അവർ അപ്രത്യക്ഷയാക്കി. ‘‘കൊടമാളൂരിലപ്പോൾ അമ്മയും അച്ഛനുമൊക്കെയുണ്ടോ?’’
‘‘അമ്മ നാലഞ്ച് കൊല്ലം മുമ്പ് മരിച്ചു.’’
മരണമെന്ന വാക്കിന്റെ കുഴപ്പമായിരിക്കും, പെട്ടെന്ന് ആളുകൾ കുറച്ചുനേരത്തേക്ക് അനാവശ്യമായൊരു നിശ്ശബ്ദത പാലിക്കും; മൗനപ്രാർത്ഥനപോലെ. അതിനു നൽകുന്ന ചെറിയ സമയം കഴിഞ്ഞാൽ നമ്മൾ ജീവിച്ചിരിക്കുന്നല്ലോ എന്ന ആശ്വാസത്തിലും സന്തോഷത്തിലും തൊട്ടുമുമ്പുള്ള മരണത്തെ പുറത്താക്കിയിട്ട് കൂടുതൽ ഊർജ്ജസ്വലരാവും.
‘‘അച്ഛനപ്പോൾ ആര്‌ടെ കൂടെയാ താമസം?’’
‘‘പുള്ളിക്കാരൻ അനിയന്റേം ഫാമിലീടേം കൂടെയാ.’’
‘‘അപ്പോൾ...’’ എന്നുപറഞ്ഞുകൊണ്ടുള്ള വർത്തമാനമാല തുടങ്ങിയതും ഞാൻ പറഞ്ഞു: ‘‘നിങ്ങളോട് സംസാരിച്ചു എന്നുള്ളതുകൊണ്ട് ഇങ്ങനെ ഓരോന്ന് ചോദിച്ചുകൊണ്ട് നിൽക്കണ്ട.’’
ഇല്ലെന്ന് തലയാട്ടിയിട്ട്, ചോദ്യങ്ങൾ ചാരിവെച്ച കോവണിയിറങ്ങി അവർ വേഗം അടുക്കളയിലേക്കു പോയി.
രണ്ടു പെഗ്ഗിൽ നിർത്തണമെന്നു കരുതിയത് നാലിലെത്തിയപ്പോഴാണ് കുളിച്ചില്ലല്ലോ എന്നോർത്തത്. കുളി കഴിഞ്ഞ് വരുമ്പോൾ അനിയൻ എത്തിയിട്ടുണ്ടായിരുന്നു. മുന്നിലെ ചായഗ്ലാസ് കാലിയായിരുന്നു. കുറച്ചുനേരായോ വന്നിട്ട്, ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ, എങ്ങനാ വന്നത്, ഒറ്റയ്ക്കാണോ, അങ്ങനെയുള്ള ഒരു ചോദ്യവും ചോദിച്ചില്ല. രണ്ടുപേർ കണ്ടുമുട്ടുമ്പോൾ പരസ്പരം നടത്തുന്ന ഔപചാരിക നാടകത്തിലെ വേഷക്കാരനാവുന്നത് ഒരുകാലത്തും താത്പര്യമില്ലാത്തതുകൊണ്ട്, ബഹുമാനത്തിന്റെ പേരിൽ എഴുന്നേറ്റ അവനോട് ഇരിക്കാൻ കൈകാണിച്ചു.
‘‘എന്നാത്തിനാ കാണണംന്ന് പറഞ്ഞത്?’’
ചെറിയൊരു ചിരിയിൽ, അല്ലെങ്കിൽ കാണാതിരുന്ന നീണ്ട വർഷങ്ങളുടെ ഇടവേളകൾ തീർക്കുന്ന നിശ്ശബ്ദതയിൽ വിരിയുന്ന നെടുവീർപ്പിൽ, അങ്ങനെ മെല്ലെ സംസാരത്തിലേക്ക് നവവധുവിനെപ്പോലെ വലതുകാൽവെച്ച് കയറുന്ന ശീലങ്ങൾ പാലിക്കുന്ന ഒരാൾക്കും നെഞ്ചിനു നേർക്കു തൊടുക്കുന്ന ഇത്തരം ചോദ്യങ്ങളെ നേരിടുവാൻ പ്രയാസമാണ്. അതുകൊണ്ടാവാം കുറച്ചുനേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല.
‘‘പറയാൻ ബുദ്ധിമുട്ടുള്ള കാര്യം വല്ലതുമാണോ?’’
അവൻ തലയാട്ടി.
‘‘എന്തായാലും പറ.’’


അവനെന്താണ് പറയുന്നതെന്ന് കേൾക്കാൻ കാത്തിരുന്നിട്ടും ഒന്നും പറയാതിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു: ‘‘അങ്ങേര് ചത്തുപോയോ? അതോ നിനക്ക് കാശ് വല്ലതും കടം വേണോ?’’
‘‘അതല്ല...’’
‘‘പിന്നെ?’’
ശ്വാസമാഞ്ഞെടുത്തിട്ട് ശബ്ദം താഴ്ത്തിയാണ് മറുപടി പറഞ്ഞത്:
‘‘അച്ഛന് കുറച്ചു ദിവസം ചേട്ടന്റെ കൂടെ വന്ന് നിക്കണമെന്ന്.’’
ഞാനവനെ നോക്കി. തലയൽപ്പം ചെരിച്ച് മറ്റെവിടേക്കോ നോക്കിയാണ് അവനിരിക്കുന്നത്.
‘‘എന്നാത്തിന്?’’
എന്റെ മുഖത്തേക്ക് നോക്കാതെയാണ് മറുപടി പറഞ്ഞത് ‘‘അറിയാമ്മേല.’’
കുറച്ചുനേരത്തേക്ക് ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല.
‘‘ചേട്ടനെ നേരിൽത്തന്നെ കണ്ടുപറയണമെന്ന് നിർബ്ബന്ധിച്ചതുകൊണ്ടാണ് വന്നത്.’’
ഞാനൊന്നും പറഞ്ഞില്ല.
‘‘ഞാൻ ചേട്ടനെ വന്നുകണ്ടു, സംസാരിച്ചു എന്നൊന്നും കള്ളം പറയാനും പറ്റില്ല, അച്ഛന് മനസ്സിലാവും. അതുകൊണ്ടാ വന്നത്.’’ അവൻ ക്ഷമാപണ സ്വരത്തിൽപ്പറഞ്ഞു, ‘‘ഇങ്ങോട്ട് വരുന്നതിൽ ചേട്ടന് താത്പര്യമില്ലെന്ന് പറഞ്ഞോളാം.’’
കുറച്ചുകഴിഞ്ഞ് ഞാൻ ചോദിച്ചു:
‘‘പുള്ളിക്കാരന്റെ ആരോഗ്യമൊക്കെ എങ്ങനുണ്ട്?’’
‘‘എന്നാങ്കിലും കഴിക്കാൻ മടിയാണ്. ഓർമ്മയൊക്കെ നന്നായിട്ടുണ്ട്. കുറച്ചു നടന്ന് കഴിയുമ്പോ മുട്ടുവേദനയൊണ്ടെന്നും പറഞ്ഞ് ഇരിക്കും. ചിലപ്പോ രാത്രിയില് ഉറങ്ങത്തേയില്ല. ഇടയ്ക്ക് മച്ചിലേക്ക് നോക്കിയിട്ട് എന്തെക്കെയോ പറയും. അത് എപ്പഴുമൊന്നും ഇല്ല.’’
‘‘ഷുഗറോ പ്രഷറോ വല്ലോം ഉണ്ടോ?’’
‘‘ഹെൽത്തൊക്കെ പെർഫക്ടാ, അമ്മ മരിച്ച ശേഷമാണെന്ന് തോന്നുന്നു, മാനസമിത്രം ഗുളിക ഇടയ്ക്ക് കഴിക്കാറുണ്ട്.’’
‘‘അപ്പോ, പറഞ്ഞ് വരുമ്പോ പുളളിക്കാരന് മാനസികവിഭ്രാന്തി ഒഴിച്ച് വേറേ വെല്യ കൊഴപ്പമൊന്നും ഇല്ല അല്ലേ?’’
‘‘അത് ഒറക്കത്തിനുവേണ്ടി എടയ്ക്ക് കഴിക്കുന്നതാ, അല്ലാതെ...’’
നിഷ്‌കളങ്കമായി അല്ലെങ്കിൽ നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുംവിധമുള്ള അവന്റെ മറുപടി കേട്ടപ്പോൾ ചിരിയാണ് വന്നത്.
‘‘ചേട്ടാ അച്ഛനങ്ങനെ ഭ്രാന്തൊന്നുമില്ല.’’
‘‘അയാൾടെ ഭ്രാന്തെന്താണെന്ന് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാം, അതുകൊണ്ട് അതെന്നെ പഠിപ്പിക്കാൻ വരണ്ട.’’
എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് അച്ഛന്റെ കൂടെ പഠിച്ചിരുന്ന ഒരു പള്ളീലച്ചൻ വീട്ടിൽ വന്നത്. വെളുത്ത നീളൻകുപ്പായം, കുരിശുമാല, അരയിൽ കയറു വണ്ണത്തിൽ ഒരു ചരട്, കറുത്ത തൊപ്പി, നല്ല നീളൻ താടി. ഇങ്ങനെയൊരു രൂപം ആദ്യമായാണ് ഞാൻ കാണുന്നത്. ആ ചരടിൽ ഞാൻ ചെറുതായി പിടിച്ച് വലിച്ചു. തൊപ്പിയെടുത്ത് തലയിൽ വെച്ചു. അപ്പോഴെല്ലാം അച്ഛൻ എടാ എന്ന് മുരടനക്കുന്നുണ്ടായിരുന്നു. കുട്ടികളല്ലേ പരമേശ്വരാ, അവർക്കിതൊക്കെ ഒരു രസമാണ്, താനൊന്നും പറയണ്ടാന്ന് പള്ളീലച്ചൻ പറഞ്ഞു. തൊപ്പിയും ചരടുമൊന്നുമല്ല വായു കയറാൻ ചെറിയൊരു ജനൽപോലുമില്ലാത്ത ആ നീളൻ കുപ്പായമായിരുന്നു എന്നെ അദ്ഭുതപ്പെടുത്തിയത്. ഇതിനുള്ളിൽ ഈ താടിക്കാരൻ എങ്ങനെയാവും കേറിയിട്ടുണ്ടാവുക എന്ന് എനിക്ക് മനസ്സിലായതേയില്ല. കുറച്ചുമാറിനിന്നും അടുത്തുവന്നും താടിക്ക് കൈകൊടുത്ത് മുന്നിൽപ്പോയി കുന്തക്കാലിൽ ഇരുന്നുമെല്ലാം നോക്കി. കാറ്റിനുപോലും ഒളിച്ചുകടക്കാൻ പഴുതില്ലാത്തൊരു കുപ്പായം!
ഉച്ചയൂണിനായി അമ്മ വന്ന് വിളിച്ചപ്പോൾ അദ്ദേഹം എഴുന്നേറ്റു. വെള്ളക്കുഴലിനു മുകളിൽ തൊപ്പി വെച്ച തലയുമായി ഒരാൾ നിൽക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. ഞാനാ കുഴലിനു ചുറ്റും ഓടിയിട്ട് പെട്ടെന്ന് നിന്നു. ഓട്ടത്തിനിടയിൽ ഞാൻ പോലുമറിയാതെ ഓടിക്കയറിയ സംശയം പള്ളീലച്ചനോട് ചോദിച്ചു: ഇതിനടീല് ഷഡ്ഡി ഇടുവോ? കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അദ്ദേഹം എന്നെത്തന്നെ കുറച്ചുനേരം നോക്കി, അമ്മയവിടെ നിൽക്കുന്നതെന്ന ബോധം വന്നതുകൊണ്ടാവണം ആ നോട്ടം വേഗം അമ്മയിലേക്ക് തിരിഞ്ഞു. അമ്മ അപ്പോൾത്തന്നെ ഉള്ളിലേക്ക് മറഞ്ഞു. പിന്നീട് നോക്കിയത് അച്ഛനേയാണ്. വെളുത്ത കുഴൽമനുഷ്യൻ ചെറിയൊരു തളർച്ചയോടെ, നിസ്സഹായമായി അച്ഛനു മുന്നിൽ നിൽക്കുന്നത് കണ്ടു. അച്ഛൻ എണീറ്റത് മാത്രമേ ഓർമ്മയുള്ളൂ. തഴമ്പ് മുറ്റിയ, മുറംപോലുള്ള കൈപ്പടം എന്റെ മുഖത്ത് എത്ര തവണ പതിച്ചുവെന്നറിയില്ല, ചോര വായിൽനിന്ന് തെറിച്ച് ആ വെളുത്ത കുപ്പായത്തിൽ വീണു. വേണ്ട, പരമേശ്വരാ, എന്നു പറഞ്ഞ് അദ്ദേഹം അച്ഛന്റെ കൈയിൽക്കയറിപ്പിടിച്ചതും നിലത്തു വീണുകിടന്ന എന്റെ നെഞ്ചിലേക്ക് മണ്ണിൽ പതംവന്ന കാല് താഴ്ന്നു. അമ്മ ഓടിവന്ന് അച്ഛനെ പിടിച്ചുമാറ്റുമ്പോൾ വേദനയ്ക്കിടയിലൂടെ ‘‘പോടാ പട്ടീ’’ന്ന് വിളിച്ചിട്ട് മെല്ലെയെഴുന്നേറ്റ് ചോരയുമൊലിപ്പിച്ച് പുറത്തേക്ക് ഓടി. അന്നുരാത്രി മുഴുവൻ അച്ഛൻ വീണ്ടും എന്നെ തല്ലി.
അച്ഛനില്ലാതെ ഉറങ്ങാൻ കഴിയാതിരുന്ന ഞാൻ അന്നുമുതൽ അച്ഛന്റെ മണത്തിൽ നിന്നും ശരീരത്തിന്റെ നേർത്ത ചൂടിൽനിന്നും പുറത്താക്കപ്പെട്ടു. പിന്നീട് ഞങ്ങൾ സംസാരിച്ചിട്ടേയില്ല. കാണുന്നതുപോലും അപൂർവ്വമായി. ഇരുപതാമത്തെ വയസ്സിൽ വീട്ടിൽനിന്നുമിറങ്ങി. മാസത്തിലൊരിക്കൽ അമ്മയെ വിളിക്കുമായിരുന്നു. അമ്മയെന്തെങ്കിലും പറയുന്നത് കേൾക്കുന്നതല്ലാതെ ഞാനൊന്നും ചോദിക്കാറില്ലായിരുന്നു. അച്ഛന്റെ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ ഞാൻ ഫോൺ കട്ട് ചെയ്യും. എന്നാലും അച്ഛനെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാൻ അമ്മ ശ്രമിക്കും. അമ്മ മരിച്ചത് ലോക്ഡൗൺ സമയത്തായതുകൊണ്ട് എനിക്ക് വരാൻ കഴിഞ്ഞില്ല. ഞാനപ്പോൾ ദില്ലിയിലായിരുന്നു. മരിക്കുന്നതിന് ഒരാഴ്ചമുമ്പ് അമ്മ വിളിച്ചപ്പോൾ ആദ്യംതന്നെ അച്ഛനെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. അയാളെക്കുറിച്ച് കേൾക്കാൻ എനിക്ക് താത്പര്യമില്ലെന്ന് അമ്മയ്ക്കറിയാം, എന്നിട്ടും അച്ഛനോട് ദേഷ്യം കാണിക്കരുതെന്ന് പറഞ്ഞു, ആ സംസാരം മുഴുമിപ്പിക്കുംമുമ്പ് എനിക്കൊന്നും കേൾക്കെണ്ടന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
‘‘അങ്ങേര് കാരണം അവസാനകാലത്ത് അമ്മയോടുപോലും ദേഷ്യപ്പെടേണ്ടി വന്നു. എന്നിട്ടിപ്പോ പുള്ളിക്കാരന് എന്റെ കൂടെ വന്ന് നിക്കണം അല്ലേ?’’ എല്ലാം അറിയുന്നവന്റെ ഗൂഢസ്മിതത്തോടെ ഞാൻ പറഞ്ഞു, ‘‘കാർന്നോര് വെറുതെ വരില്ലന്നറിയാം, അങ്ങേർക്ക് കൃത്യമായ പ്ലാനുണ്ടാവും.’’
‘‘അങ്ങനെയൊന്നുമായിരിക്കില്ല,’’ അനിയൻ അച്ഛനെ ന്യായീകരിക്കാൻ ശ്രമിച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റു, ‘‘ഞാനെന്നാൽ എറങ്ങുവാ. വരണ്ടെന്ന് ചേട്ടൻ പറഞ്ഞൂന്ന് പറഞ്ഞോളാം. അച്ഛനുമതറിയാം.’’
ഞാനെന്തെങ്കിലും മറുപടി പറയുമെന്ന് കരുതി കുറച്ചുനേരംകൂടി നിന്നിട്ട് ഒന്നും പറയാതെ അവൻ ഇറങ്ങി.
പലപ്പോഴും മുഖക്കണ്ണാടിയിൽ ഞാൻ എന്നെയല്ല അച്ഛനെയാണ് കാണുന്നത്. അതേ ഉയരം, അതേ ഛായ, അതേ നിറം. ശബ്ദത്തിനുപോലും മാറ്റമില്ല. എങ്ങനെയൊക്കെ രൂപം മാറ്റാൻ ശ്രമിച്ചാലും ആ മനുഷ്യൻ എന്നെ പതിയിരുന്ന് ചതിക്കാറുണ്ട്. ഇപ്പോൾ ഇങ്ങോട്ട് വരണമെന്നുള്ള തീരുമാനത്തിനുപോലും ഇത്രയും വർഷത്തെ പകയുടെ ഗന്ധമുണ്ട്. വർഷങ്ങൾക്കപ്പുറത്തുനിന്നും കോപം ജ്വലിച്ച കൈയുടെ ചൂട് ശരീരത്തിൽ മെല്ലെയറിഞ്ഞുതുടങ്ങിയപ്പോൾ ഞാൻ ഫോൺ എടുത്തു:
‘‘നീ എവിടാ?’’
‘‘റെയിൽവേ സ്റ്റേഷനിൽ നിൽക്കുവാ.’’
‘‘ഒരു കാര്യം ചെയ്യ്. പുള്ളിക്കാരനെ ഇങ്ങ് കൊണ്ടുപോര്. എപ്പോ വേണമെന്ന് ഞാൻ പറയാം.’’
ഫോണിനപ്പുറത്തെ നിശ്ശബ്ദത എനിക്ക് ഊഹിക്കാമായിരുന്നു.
‘‘വേണ്ട ചേട്ടാ,’’എന്റെ ആ ക്ഷണം അവൻ ആഗ്രഹിക്കാത്തതുപോലെ, ശബ്ദത്തെ ഭയം ചുറ്റിയതുപോലെ.
എതിരാളിയെ കാത്തിരിക്കുന്നവന്റെ അഹന്തയോടെ ഞാൻ പറഞ്ഞു: ‘‘വേണം.’’
താമസിക്കാനായി ഒരാൾ വരുന്നുണ്ടെന്ന് ജോലിക്കാരിയോടു പറഞ്ഞപ്പോൾ അവർക്കറിയേണ്ടിയിരുന്നത് എത്ര ദിവസം ഉണ്ടാവും എന്നായിരുന്നു. എത്രയായാൽ നിങ്ങൾക്കെന്താ എന്ന ഒറ്റച്ചോദ്യത്തിൽ ആ സംശയം തീർന്നു.
രണ്ട്‌
ഒരാഴ്ച കഴിഞ്ഞ് അച്ഛനെ കൊണ്ടുവരാനാണ് അനിയനോടു പറഞ്ഞത്. ആഴ്ചയുടെ തുടക്കങ്ങളിൽ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലങ്കിലും അഞ്ചാമത്തെ ദിവസം മുതൽ അകാരണമായൊരു പേടി ചുറ്റിലും പതുമ്മിനടക്കുന്നതുപോലെ തോന്നി. നാളെ രാവിലെ ഞങ്ങൾ എത്തും എന്നുള്ള അനിയന്റെ ഫോൺകൂടി വന്നപ്പോൾ നെഞ്ചിടിപ്പ് കൂടുകയും വിയർക്കുകയും ചെയ്തു. എന്റെയുള്ളിലെ ഭീരുവിന്റെ ദുർഗ്ഗന്ധത്തിൽനിന്നും രക്ഷനേടുവാനാവാതെ ഞാൻ നിസ്സഹായനായി. കണ്ണടച്ച്, ശ്വാസം ആഞ്ഞെടുത്ത്, നിർഭയനായ ഒരാളെ നിർമ്മിച്ചെടുക്കുവാൻ ശ്രമിച്ചു. നിരന്തര ശ്രമത്തിനൊടുവിൽ ധീരനായ ഒരുവൻ ഉരുവംകൊള്ളുകയും നിമിഷനേരങ്ങൾക്കുള്ളിൽ അൽപ്പായുസ്സായി ഒടുങ്ങുകയും ചെയ്തു. വീണ്ടും ഭയമെന്ന അശ്ലീലം നാടവിരപോലെ ഉള്ളിൽ ഇഴയാൻ തുടങ്ങിയപ്പോൾ അദൃശ്യനായി നിന്ന് അച്ഛൻ ആദ്യത്തെ വിജയം പ്രഖ്യാപിച്ചതായിത്തോന്നി.
ഏഴാമത്തെ ദിവസം രാവിലെതന്നെ അവർ വന്നു. കാറിന്റെ പിൻസീറ്റിൽനിന്നും മെല്ലെ, എന്നാൽ ഇറങ്ങാൻ ബുദ്ധിമുട്ടില്ലെന്ന് ഭാവിച്ചാണ് അച്ഛൻ പുറത്തേക്കിറങ്ങിയത്. അനിയനോ ഭാര്യയോ സഹായിക്കാനായി ചെന്നില്ല. തന്നിഷ്ടക്കാർക്ക് സഹായം ഇഷ്ടമല്ല. അതല്ലെങ്കിൽ, വാർദ്ധക്യകാലത്തും ചില നാടൻചട്ടമ്പിമാർ തിരി കെട്ടിട്ടില്ലന്ന മട്ടിൽ കാണിക്കുന്ന വിലകുറഞ്ഞ അഭ്യാസവും ആവാം ഇത്. ഞാൻ വരാന്തയിൽത്തന്നെ നിന്നു. കാറിൽനിന്ന് ഇറങ്ങിയശേഷം അച്ഛൻ മുണ്ടൊന്ന് വിസ്തരിച്ച് അഴിച്ചുടുത്തു. ദീർഘശരീരത്തിനെ പ്രായമൊന്ന് ഉടച്ചതിന്റെ ചെറിയ കൂനുണ്ട്. മസ്തകമുയർത്തിയ കരിവീരനെപ്പോലെ നിന്നിട്ട് കണ്ണുകൾ ചുറ്റുവട്ടത്തെ ഉഴിഞ്ഞുവന്നു. ഞാനെന്നൊരാൾ അവിടെ നിൽക്കുന്നതായി ആ നോട്ടം ഭാവിച്ചതേയില്ല. ആഞ്ഞൊന്ന് ശ്വാസമെടുത്തിട്ടാണ് ആദ്യത്തെ ചുവട് വെച്ചത്. നടത്തത്തിൽ അത്ര ഉറപ്പില്ല. ചെറുതായി വേച്ച്പോകുന്നുണ്ട്. പടി കയറാൻ നേരത്ത് മാത്രം അനിയനൊന്ന് കൈപിടിച്ചു. ഉള്ളിലേക്ക് കടക്കുംമുമ്പ്, ഇടത്തേക്കും വലത്തേക്കും തല വെട്ടിച്ചുനോക്കിയിട്ട് ഞാൻ മാത്രം ഇരിക്കാറുള്ള, മറ്റൊരാൾക്കും ഇരിപ്പിടമാവാൻ അനുവാദമില്ലാത്ത എന്റെ കസേരയിൽപ്പോയി ഇരുന്നു. ‘അവിടെ ഇരിക്കരുതെ’ന്ന ആജ്ഞ എന്റെ നാവിനു തുമ്പിൽ അറച്ചു നിന്നിട്ട് തിരികെപ്പോയി. ശ്വാസഗതി കൂടുംതോറും എന്റെ പേടി വിയർപ്പായി നെറ്റിയിൽ നിന്നും മുളപൊട്ടാൻ തുടങ്ങി.
‘‘ഇതെവിടെ വെക്കണം?’’ കാറിൽനിന്നും ബാഗുകൾ എടുത്തുകൊണ്ടുവന്നിട്ട് അനിയൻ ചോദിച്ചു.
അച്ഛനുള്ള മുറി കാണിച്ചുകൊടുത്തു.
ബാഗിനുള്ളിൽനിന്നും വസ്ത്രങ്ങൾ എടുത്ത് അലമാരയിൽ വെക്കുന്നതിനിടയിൽ അവൻ പതുക്കെപ്പറഞ്ഞു: ‘‘രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ചേട്ടന് എങ്ങോട്ടെങ്കിലും അത്യാവശ്യമായി പോകാനുണ്ടെന്ന് പറഞ്ഞാമതി. ഞാൻ വന്ന് അച്ഛനെ കൂട്ടിക്കൊണ്ട് പൊക്കോളാം.’’
ഞാൻ തലയാട്ടിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
‘‘സാറേ ഇവര് ചോറുണ്ടിട്ടല്ലേ പോകൂ?’’ ജോലിക്കാരി മുറിക്ക് പുറത്തു വന്നുനിന്നിട്ട് ചോദിച്ചു.
‘‘ഞങ്ങളിപ്പോൾത്തന്നെ പോകും,’’ അനിയൻ പറഞ്ഞു.
‘‘എന്നോട് ദേഷ്യം തോന്നരുത്,’’ ജോലിക്കാരി എന്നെ മാറ്റിനിർത്തിപ്പറഞ്ഞു, ‘‘ഒന്നില്ലേലും സാറിന്റെ വീട്ടുകാരല്ലേ, ഉച്ചയ്ക്ക് ചോറെങ്കിലും കൊടുക്കണ്ടേ?’’
ഒരാൾ നിസ്സഹായനായി നിൽക്കുന്നുവെന്ന് ഉറപ്പായസന്ദർഭത്തെ ഇങ്ങനെയാണ് ചിലർ ഉപയോഗിക്കുക. ഈ സമയത്ത് ഞാൻ ഒന്നും പറയില്ലന്ന് അവർ മുൻകൂട്ടി മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിൽ ആ കസേരയിൽ സ്വയം വാഴ്ച നടത്തിയ വൃദ്ധൻ പരോക്ഷമായി നൽകിയ സന്ദേശമാവാം ഇവരുടെ സ്വാതന്ത്ര്യമെടുക്കൽ. എന്റെ അനുവാദത്തിനു നിൽക്കാതെ അവർ അനിയനോടും ഭാര്യയോടും പറഞ്ഞു: ‘‘ഉണ്ടിട്ട് പോകാം.’’
‘‘അതൊന്നും വേണ്ട, പിള്ളേര് സ്‌കൂളീന്ന് വരുമ്പം നിങ്ങളവിടെ കാണണ്ടേ?’’ പെട്ടെന്നാണ് പിന്നിൽനിന്നും അച്ഛന്റെ കനത്തിലുള്ള ശബ്ദം വന്ന് ജോലിക്കാരിയുടെ ക്ഷണത്തെ തടഞ്ഞത്.
അനിയനും ഭാര്യയും മുറിക്കു പുറത്തേക്കിറങ്ങിയിട്ട്, ‘‘എന്നാൽ, ഞങ്ങളിപ്പോൾത്തന്നെ പോയേക്കാം’’ എന്നു പറഞ്ഞപ്പോൾ, ഇവിടെപ്പിന്നെ ഞാനും ഈ മനുഷ്യനും മാത്രമാകുന്ന യാഥാർത്ഥ്യത്തെ അത്രവേഗം അഭിമുഖീകരിക്കാനുള്ള ശേഷി എനിക്കില്ലെന്ന യാഥാർത്ഥ്യം ആധിപോലെ വളർന്നു.
എവിടെനിന്നോ പ്രത്യക്ഷമായ ധൈര്യത്തിൽ, തീർപ്പു കൽപ്പിക്കുംപോലെ ഞാൻ പറഞ്ഞു: ‘‘ഉണ്ടിട്ട് പോയാ മതി.’’
അനിയന്റെ ഭാര്യ പേടിച്ചിട്ടെന്നപോലെ എന്നെ നോക്കി. അച്ഛനെന്ത് മറുപടി പറയുമെന്നു ഭയന്നിട്ടാവണം അനിയൻ പറഞ്ഞു: ‘‘അച്ഛാ, ഉണ്ടിട്ട് അപ്പോൾത്തന്നെ ഇറങ്ങിക്കോളാം.’’
എതിർപ്പല്ല, പകരമൊരു ചോദ്യമാണ് വന്നത്: ‘‘എനിക്കുള്ള മുറിയെവിടെയാണ്?’’
ഇവിടെത്തന്നെയാണ് എന്ന് അനിയൻ പറഞ്ഞുതീരുംമുമ്പ്, കസേരയുടെ കൈയിൽ താങ്ങിപ്പിടിച്ച് എഴുന്നേൽക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു: ‘‘യാത്രയുടെ ക്ഷീണമുണ്ട്. ചിലപ്പോൾ ചെറുതായിട്ടൊന്ന് മയങ്ങും. ഇറങ്ങും മുമ്പു യാത്രപറയാനൊന്നും നിക്കണ്ട.’’
അനിയനും ഭാര്യയും തലയാട്ടി. അച്ഛൻ മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അനിയൻ ചോദിച്ചു: ‘‘ഞങ്ങളെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരട്ടെ?’’
‘‘എന്തിന്?’’
‘‘അതല്ല, നമുക്ക് തിരിച്ച് വീട്ടിപ്പോകണ്ടേ?’’
‘‘ഞാനിനി അങ്ങോട്ടില്ല.’’
ഏറിയാൽ ഒരു മാസം, അതിനപ്പുറമുള്ള ഒരു ദിവസംപോലും എന്റെ എണ്ണത്തിൽ പെട്ടിട്ടില്ല. ഇതിപ്പോൾ തെറ്റിക്കുന്നത് ആ കണക്കുകളെയാണ്.
‘‘അപ്പൂപ്പൻ പോയിട്ടിനി എപ്പഴാ വരുന്നതെന്ന് പിള്ളേര് ചോദിച്ചാരുന്നു,’’ അനിയന്റെ ഭാര്യ ഭവ്യതയുടെ കിരീടം ധരിച്ചുകൊണ്ട് അഭിനയിച്ചു.
‘‘അവരോടും ഇതുതന്നെ പറഞ്ഞാ മതി,’’ ഇതുംപറഞ്ഞ് അച്ഛൻ മെല്ലെ മുറിയിലേക്കു നടന്നുപോയി. എന്തു പറയണമെന്നറിയാതെ രണ്ടുപേരും എന്നെ നോക്കിയപ്പോൾ ഉള്ളിലെ പരിഭ്രമം പുറത്തിറങ്ങരുതെന്ന ശാഠ്യത്തിൽ അവരെ നോക്കി ഞാൻ വികൃതമായി ചിരിച്ചു.
‘‘പുള്ളിക്കാരന്റെ രീതിയൊക്കെ എങ്ങനാ?’’ ഉണ്ണുന്നതിനിടയിൽ ഞാൻ ചോദിച്ചു.
അനിയന്റെ ഭാര്യയാണ് മറുപടി പറഞ്ഞത് ‘‘അങ്ങനെ പ്രത്യേകിച്ച് രീതിയൊന്നുമില്ല. എന്തുകൊടുത്താലും കഴിച്ചോളും. രാവിലെ കഴിച്ചാൽപ്പിന്നെ സന്ധ്യയ്‌ക്കേ കഴിക്കൂ. കടുപ്പത്തിൽ നാലഞ്ച് കട്ടൻചായ കുടിക്കും. അത് അടുക്കളയിൽ വന്ന് തന്നത്താൻ ഇടും. ചായപ്പൊടി ഞാനാ ചേച്ചിയെ ഏൽപ്പിച്ചിട്ടുണ്ട്. ചിലപ്പോ ഒറ്റയ്ക്കിരുന്ന് വർത്താനം പറയും. ചോദിച്ചാൽപ്പറയും മരിച്ചുപോയ പഴേ കൂട്ടുകാരോടാണെന്ന്. ചെലപ്പോ എന്നാ ചോദിച്ചാലും ഒന്നും മിണ്ടത്തില്ല.’’
‘‘പത്രം നിർബ്ബന്ധമാണ്. കൈയ്യില് ഒരു ലെൻസുണ്ട്, അത് വെച്ചിട്ടാണ് വായന,’’ അനിയൻ ഇടയ്ക്ക്കയറിപ്പറഞ്ഞു.
‘‘ഇവിടെ പത്രമൊന്നുമില്ല, മേടിക്കാനും ഉദ്ദേശിക്കുന്നില്ല,’’ ഞാനെന്റെ തീരുമാനം പറഞ്ഞു.
അവർ രണ്ടുപേരും തലയാട്ടി.
‘‘പിന്നെ, ഇവിടെ എന്റെ ഫ്രണ്ട്‌സ് വരും. അതിൽ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒണ്ടായിരിക്കും.’’
‘‘അതൊക്കെ ചേട്ടന്റെ ഇഷ്ടം. എന്ത് പ്രശ്‌നമുണ്ടേലും ഒന്ന് വിളിച്ചാ മതി. ഞാൻ വന്ന് കൊണ്ടുപൊക്കോളാം.’’
‘‘മെഡിസിൻ വല്ലതുമുണ്ടോ?’’
‘‘അങ്ങനെയൊന്നുമില്ല. അന്നു പറഞ്ഞ മാനസമിത്രം വടകം മാത്രേ ഉള്ളൂ. അടുപ്പിച്ച് ഒറക്കമില്ലെങ്കിൽ അച്ഛൻതന്നെ അതെടുത്ത് കഴിച്ചോളും.’’
കാറിൽ കയറിയതിനു ശേഷവും രണ്ടുമൂന്നുവട്ടം അവൻ ഓർമ്മിപ്പിച്ചു, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ വിളിച്ചുപറയാൻ മടിക്കരുതെന്ന്. ഞാനൊന്നും മിണ്ടാതെ നിൽക്കുന്നതു കണ്ടിട്ടാവണം അവൻ മടിച്ചുമടിച്ച് പറഞ്ഞു, ‘‘അച്ഛൻ ശരിക്കും പാവാ...’’
‘‘അത് നിനക്കല്ലേ?’’
അവർ ഇറങ്ങിയതിനു പിന്നാലെ ജോലിക്കാരി മുഖം കറുപ്പിച്ചുകൊണ്ട് അടുത്തുവന്നു. ‘‘സാറേ, തിന്നാനും കുടിക്കാനുമൊക്കെ ഞാൻ ഒണ്ടാക്കിക്കോളാം. വേറേ കാര്യങ്ങൾക്ക് ഹോം നേഴ്‌സിനെ വെക്കണം.’’
‘‘തള്ളേ അങ്ങേർക്ക് നല്ല ബോധമുണ്ട്. നിങ്ങളയാളുടെ തീട്ടോം മൂത്രോം ചൊമക്കണ്ട.’’
ഇനി മുതൽ ഈ വീട്ടിലേക്ക് മനസ്സമാധാനമെന്നയാൾ പരിചയഭാവത്തിൽപ്പോലും ഒന്നെത്തിനോക്കുകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതുതന്നെയാവണം അകത്തു കിടക്കുന്നയാൾക്ക് വേണ്ടതും. തല ചൂടായിത്തുടങ്ങിയപ്പോൾ രണ്ട് ലാർജ് കഴിച്ചിട്ട് ചെറുതായൊന്ന് മയങ്ങാൻ കിടന്നതാണ്, ഉറങ്ങിപ്പോയി. സന്ധ്യയായപ്പോഴാണ് എണീറ്റത്. ചിത്തരോഗി കുടഞ്ഞെറിഞ്ഞ നിറങ്ങളുടെ ഭ്രാന്തുമായി ആകാശം ജനലിനു തൊട്ടരികിൽ നിൽക്കുന്നു. സന്ധ്യാനേരത്തെ ഈ നോട്ടം ഭയന്നാണ് ഒറ്റയ്ക്കിരിക്കാതെ, പണ്ടു മുതൽക്കേ ബാറിലേക്കോ കഫേകളിലേക്കോ കൂട്ടുകാർക്കിടയിലേക്കോ രക്ഷപ്പെടുന്നത്. ജനാലവിരിപ്പ് വലിച്ചിട്ടു. ക്ലബ്ബിൽപ്പോകണോ ബാറിൽപ്പോകണോ എന്നാലോചിച്ചിരുന്നപ്പോഴാണ് വീട്ടിലിപ്പോൾ രണ്ടാമനൊരാൾകൂടിയുള്ള കാര്യം ഉറക്കക്ഷീണത്തെ നൊടിയിടകൊണ്ട് മായ്ച്ചുകളഞ്ഞത്. തോന്നിയതുപോലെ ഇറങ്ങിപ്പോകാനും കേറിവരാനുമുള്ള വീടിനുള്ളിൽ മറ്റൊരാൾ എന്നത് പെട്ടെന്ന് എന്നെ അസ്വസ്ഥനാക്കി. ഭയത്തിന്റെ പതുങ്ങിയ നടപ്പ് ഉള്ളിലെ മിടിപ്പിൽ അനുഭവിച്ച് തുടങ്ങിയപ്പോൾ താഴെ എന്തോ ഒച്ച കേട്ടു. വസ്ത്രം ധരിച്ച് താഴേക്ക് ഇറങ്ങിയപ്പോൾ, എന്നേക്കാൾ വേഗത്തിൽ താഴത്തെ നിലയിൽ വന്ന് ഇരുട്ടെന്നെ നോക്കിനിൽക്കുന്നു! പെട്ടെന്നാണ് മൂർച്ചയേറിയ ആയുധത്താൽ അന്ധകാരത്തെ കീറിമുറിക്കുംവിധം മുഴക്കമുള്ള ശബ്ദം അടുത്തുവന്നത്:
നമശ്ശിവായ ആദിയായൊരക്ഷരങ്ങൾകൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവ്വതീശ പാപനാശനാഹരേ
മനുഷ്യനായി മണ്ണിൽ വന്നു ഞാൻ പിറന്നകാരണം
മനപ്രസാദമില്ലെനിക്ക് വ്യാധികൊണ്ടൊരിക്കലും
ഏതിരുട്ടിലും പരിചയം ഇണക്കിയ കൃത്യതയിൽ എന്റെ വിരൽ സ്വിച്ചിൽത്തന്നെ എത്തി. നാമജപംകൊണ്ട് ഇരുട്ടിനെ ഒഴിപ്പിക്കുവാനെന്നമട്ടിൽ, കട്ടിലിൽ നിഴൽപോലെ അച്ഛൻ ഇരിക്കുന്നു. പുറത്തേക്കിറങ്ങുമ്പോൾ ‘എവിടേക്കാണ്?’ എന്ന ചോദ്യം പിന്നിലൂടെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ബാറിലേക്കാണ് നേരേ പോയത്. ‘‘ഈ മനുഷ്യൻ എന്ത് ഉദ്ദേശിച്ചാണ് വന്നിരിക്കുന്നത്?’’ എന്ന ഒറ്റച്ചോദ്യമാണ് ഓരോ പെഗ്ഗിലേക്കും എന്നെ കൂട്ടിക്കൊണ്ട് പോയത്. ‘‘എന്തുദ്ദേശിച്ചാണ് ഒരെതിർപ്പും പറയാതെ ഇവനെന്നെ ഇവിടേക്ക് കൊണ്ടുവന്നിരിക്കുന്നത്?’’എന്നൊരു ചോദ്യം ഒരുപക്ഷേ, അച്ഛന്റെ ഉള്ളിലും പരിഹരിക്കപ്പെടാതെ കിടപ്പുണ്ടാവാം. മദ്യം തലയ്ക്കുള്ളിലൂടെ വഴിതെറ്റി ഓടിത്തുടങ്ങിയപ്പോൾ പിരിമുറുക്കം മെല്ലെ അഴിഞ്ഞ് ചിരിയിലേക്ക് കയറി. ഒടുവിലത്തെ വിജയം എനിക്കുതന്നെയാണന്ന് കടല കൊറിക്കുംപോലെ ഞാൻ ചവച്ചുകൊണ്ടിരുന്നു. സപ്ലയറും അപ്പുറത്തെ ടേബിളിൽ ഇരുന്നവരും അവരോടെന്തോ പറയുകയാണന്ന് കരുതി എന്താ എന്ന് ചോദിച്ചപ്പോഴും ഇതേ വാചകം ആവർത്തിച്ചു: ഒടുവിലത്തെ വിജയം എന്റേതാണ്. ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന ഏതൊരാളും ഒറ്റയ്ക്ക് സമുദ്രം നീന്തുന്നവനെപ്പോലെയാണെന്ന് പലർക്കും അറിയാം. ഈ പുലമ്പൽപോലും അങ്ങനെയൊരുവൻ കരയെത്തൊടുവാൻ നടത്തുന്ന വൃഥാശ്രമമായി അവർ വ്യാഖ്യാനിക്കും. ഉറക്കെപ്പറഞ്ഞില്ലങ്കിലും ഏറിയ പങ്കാളുകളും ഒടുങ്ങുംപോലെ വിഷത്തിൽ, കയറിൽ, തീവണ്ടിക്കു മുന്നിൽ ഇങ്ങനെയുള്ളവർ അവസാനിക്കുമെന്ന് അറിയാവുന്നതുകൊണ്ടാവാം കൂടുതൽ സംസാരത്തിന് മുതിരാതെ, എന്നോട് അവിടെത്തന്നെ ഇരുന്നോളൂ എന്ന് അവർ ആംഗ്യം കാണിച്ചത്. ഇതിനിടയിൽ ഒന്നുരണ്ട് തവണ അനിയന്റെ കോൾ വന്നിരുന്നെങ്കിലും എടുത്തില്ല.

വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിൽ, മുൻവാതിൽ അകത്തുനിന്ന് പൂട്ടിയിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം? വിളിച്ചിട്ട് വിളി കേൾക്കാതിരുന്നാൽ എന്തുചെയ്യണം? എന്ന സംശയങ്ങളാണ് വഴിയത്രയും ആവർത്തിച്ചുകൊണ്ടിരുന്നത്. സംശയങ്ങൾ സംശയങ്ങളായി കൂടെവന്നതല്ലാതെ ഒരു മാർഗ്ഗവും തെളിഞ്ഞുകിട്ടിയില്ല. അങ്ങനെയെങ്കിൽ, ഈ രാത്രിയിലാവും ഞങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഒന്നാമദ്ധ്യായം ആരംഭിക്കുന്നതെന്ന് ഏറക്കുറെ എനിക്ക് ബോദ്ധ്യമായി. എന്നാൽ, എന്റെ ഊഹങ്ങളെ തെറ്റിച്ചുകൊണ്ട് വാതിൽ തുറന്നുകിടന്നിരുന്നു. സാധാരണ വന്നുകയറുമ്പോൾ ചെയ്യുന്നതുപോലെത്തന്നെ ലിവിംഗ് റൂമിലെ സോഫയിൽ ഇരുന്നിട്ട് രണ്ടു കാലും മുന്നിലെ ടീപ്പോയിലേക്ക് നീട്ടിവെച്ച് ഒരു സിഗററ്റ് കത്തിച്ചു. അച്ഛന്റെ മുറിയിൽ ഒച്ചയനക്കം തീരെയില്ല. ചിലപ്പോൾ ഉറങ്ങുകയാവാം. അല്ലെങ്കിൽ ഇരുട്ടിലിരുന്ന് എന്നെ നിരീക്ഷിക്കുകയാവാം. സിഗററ്റ് പുക മുറിയിലേക്ക് കയറിച്ചെന്നതുകൊണ്ടാവാം കുത്തിക്കുത്തിയുള്ള ചുമ ഉള്ളിൽനിന്നും കേട്ടു. സിഗററ്റ് പുകയുണ്ടാക്കുന്ന അസ്വസ്ഥതയിൽ അച്ഛൻ എഴുന്നേറ്റ് ഇവിടേക്ക് വന്നേക്കാം. വന്നാൽത്തന്നെ എഴുന്നേറ്റു നിന്ന് ആദരിക്കുവാനോ സിഗററ്റ് മാറ്റുവാനോ ഉദ്ദേശിച്ചിട്ടില്ല. ഇങ്ങോട്ടുള്ള ചോദ്യത്തിനു മുമ്പ്, അങ്ങോട്ട് ചോദിക്കണം, ‘എന്താണ് ഈ വരവിന്റെ പിന്നി’ലെന്ന്. ശത്രുവിന്റെ വരവും പ്രതീക്ഷിച്ചുള്ള ഇരിപ്പിന്റെ ഹരം കൂടിക്കൂടി വന്നപ്പോൾ രണ്ടാമതൊരു സിഗററ്റ് കൂടി വലിച്ചു. കഫം കെട്ടിയ ചുമയിൽക്കുരുങ്ങി എഴുന്നേൽക്കാനാവാതെ അച്ഛൻ അവിടത്തന്നെ കൂനിക്കൂടി ഇരുന്നുപൊയ്ക്കാണും, അതാണ് വരാത്തതെന്ന് വിജയിയുടെ ആനന്ദത്തോടെ ചിന്തിച്ചിരിക്കുമ്പോഴാണ് ‘ഇരിക്കൂ ഇരിക്കൂ’എന്നു പറയുന്നതുപോലെ കേട്ടത്. പിന്നെയൊന്നും കേട്ടതുമില്ല. കുറച്ചുകഴിഞ്ഞപ്പോൾ ചിരിയും, രണ്ടുപേർ തമ്മിൽ വേഗത്തിൽ പറയുമ്പോൾ വാക്കുകൾ കെട്ടുപിണഞ്ഞ് അവ്യക്തമാവുംപോലെ ചില ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി. ഞാൻ മെല്ലെ എഴുന്നേറ്റ് മുറിക്കടുത്തേക്ക് ചെന്നിട്ട്, കതകിനു മറഞ്ഞുനിന്ന് നോക്കിയപ്പോൾ അച്ഛൻ ആരെയോ കൈ കൂപ്പി നിൽക്കുന്നു. അപ്പുറത്തുള്ളയാൾ പറയുന്നത് കേട്ടിട്ടെന്നപോലെ തലയാട്ടുന്നുമുണ്ട്. കുറച്ചുകഴിഞ്ഞ് ഇരുകാലുകളും അതിവേഗം പിന്നിലേക്കെടുത്ത് കൈകൾ നിലത്തേക്കു കുത്തി, ശരീരം ആയാസരഹിതമായി നിലത്തേക്ക് ചേർത്ത് ദണ്ഡനമസ്‌കാരം ചെയ്തു. ഇത് കണ്ടപ്പോൾ പ്രായമുലയ്ക്കാത്ത ഒരാൾ ഈ ശരീരത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തി. കുറച്ചുകഴിഞ്ഞ്, ചാടിയെഴുന്നേറ്റ് യാത്രയാക്കുംപോലെ എന്തോ പറഞ്ഞപ്പോൾ തുറന്നിട്ട ജനലിലൂടെ സന്ദർശകൻ പുറത്തേക്ക് പോയി. അയാൾ കണ്ണിൽനിന്നും മറയുന്നതുവരെയെന്നപോലെ അച്ഛൻ കൈകൾ കൂപ്പിത്തന്നെയാണ് നിന്നത്.
മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയിട്ട്, അസമയമാണെന്നൊന്നും നോക്കാതെ ഞാൻ അനിയനെ വിളിച്ചു. എന്റെ വിളി പ്രതീക്ഷിച്ചിട്ടെന്നപോലെയാണ് അവൻ ഫോൺ എടുത്തത്. ഞാനെന്തെങ്കിലും ചോദിക്കുംമുമ്പ് അവൻ പറഞ്ഞു: ‘‘സാരമില്ല, പ്രഭാകര സിദ്ധയോഗികൾ വന്നതായിരിക്കും.’’
ഒരു നിമിഷം ശ്വാസം നിലച്ചപോലെ നിന്നുപോയിട്ട് ഞാൻ ചോദിച്ചു: ‘‘ഞാൻ വിളിച്ചതതിനാണെന്ന് നിനക്കെങ്ങനെ മനസ്സിലായി?’’
‘‘അച്ഛനിപ്പോൾ വന്നിട്ട്, ചേട്ടൻ വിളിക്കുമ്പോൾ പേടിക്കണ്ടാ സിദ്ധയോഗികൾ വന്നതാണെന്ന് പറയണമെന്ന് പറഞ്ഞു’’
ഉള്ളിലെ പേടി മറച്ചുകൊണ്ട് ഞാൻ ചോദിച്ചു: ‘‘എവിടെ വന്നിട്ട്?’’
‘‘ഉറക്കത്തിൽ,’’ ഇതും പറഞ്ഞ് അവൻ ഫോൺ വെച്ചു.
തലയ്ക്ക് പിന്നിൽ കൂർത്ത നഖമാഴ്ത്തിക്കൊണ്ട് മെല്ലെ അരിച്ചുതുടങ്ങിയ വേദന ശിരസ്സിനെ പിളർക്കുമെന്ന് തോന്നിയപ്പോൾ എങ്ങനെയൊക്കയോ ഉറക്കത്തിന്റെ അകത്തുകയറി.
മൂന്ന്‌
വാതിലിലാരോ മുട്ടുന്നതു കേട്ടിട്ടാണ് കണ്ണു തുറന്നത്. ചുവരിലെ ഘടികാരസൂചികൾ ഉറക്കം തീരാത്ത കണ്ണുകളിൽ ആദ്യം മങ്ങിയും പിന്നീട് തെളിഞ്ഞും വന്നപ്പോൾ ‘ഏഴ്’ എന്നു പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു. എത്ര മദ്യപിച്ചിട്ട് കിടന്നാലും ഉള്ളിലെ ഘടികാരം അഞ്ചു മണിയാവുമ്പോൾ ആദ്യം ഉണരും. പിന്നീടതെന്നെ ഉണർത്തും. എണീറ്റശേഷം പത്തുമിനിറ്റ് കട്ടിലിൽ വെറുതെ ഇരിക്കും. പിന്നെ മുഖം കഴുകും. താഴേയ്ക്ക് ചെന്നിട്ട് കടുപ്പത്തിൽ ഒരു കട്ടൻകാപ്പി ഉണ്ടാക്കും. ജനലുകൾ തുറന്നിടും. ഇതൊരു പഴയവീടും കുറച്ച് മുറ്റവുമൊക്കെ ഉള്ളതുകൊണ്ട് കാപ്പി രുചിച്ചുരുചിച്ച് ഒന്നും ആലോചിക്കാതെ നടവാതിലിൽ ഇരിക്കും. അതൊരു ശൂന്യസമയമാണ്. ഈ വീടും ഞാനും ഇരിക്കുന്നത് നഗരത്തിന് നടുവിലാണെന്നോ, തൊട്ടപ്പുറം ഷോപ്പിങ് മാളും പോലീസ് സ്റ്റേഷനും കോടതിയുമെല്ലാം ഉണ്ടെന്നോ ഉള്ള ചിന്തയൊന്നും ആ നേരത്ത് വന്നു ശല്യപ്പെടുത്തില്ല. വെളിച്ചം താഴേക്കിറങ്ങിവരുന്നതിനൊപ്പം ഇഴജന്തുക്കളെപ്പോലെ മനുഷ്യരും വാഹനങ്ങളും മാളങ്ങളിൽനിന്നുമിറങ്ങി, ഒടുവിലീ
വഴി മനുഷ്യയന്ത്രത്തിരക്കാകുമെന്നുപോലും ആലോചിക്കാറില്ല. എന്നാൽ, ബോധം മറഞ്ഞുള്ള ഇന്നലത്തെ ഉറക്കം വർഷങ്ങളായുള്ള സമയക്രമത്തെ, തുടരുന്ന ശീലത്തെ, തകിടംമറിച്ചിരിക്കുന്നു. മദ്യം തന്ന താത്ക്കാലിക ബലം അഴിഞ്ഞില്ലാതെയാണ് ഇപ്പോഴുള്ള ഞാനെന്നോർത്തപ്പോൾ എഴുന്നേൽക്കാനാവാതെ, ശരീരം ഇരുന്നിടത്ത് ഉറച്ചുപോയതുപോലെ തോന്നി. വാതിൽ പൊളിഞ്ഞുവീഴുംപോലെയുള്ള ഒച്ച ഇരുചെവികളെയുമടയ്ക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു. അച്ഛനെ നേരിടുവാൻ ഭയന്ന്, വിറയ്ക്കുന്ന കൈകളോടെ വാതിൽ തുറന്നതും എന്നെക്കാൾ പരിഭ്രമിച്ചമട്ടിൽ ജോലിക്കാരി പുറത്തുനിൽക്കുന്നത് കണ്ടു. ഉറക്കത്തിൽനിന്നും വിളിച്ചുണർത്തിയതിൽ ഞാൻ ദേഷ്യപ്പെടുമോ എന്നു കരുതിയിട്ടാവണം അവരുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു. ശബ്ദം താഴത്തെ നിലയിലേക്കെത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്, ചെറിയൊരു വിറയലോടെ അവർ ചോദിച്ചു: ‘‘എന്നെക്കുറിച്ച് സാറെന്തെങ്കിലും അച്ഛനോട് പറഞ്ഞിരുന്നോ?’’
‘‘എന്തു പറയാൻ?’’
‘‘അതല്ല, മകൾടെ കാര്യം?’’
‘‘നിങ്ങടെ മകൾടെ കാര്യം ഞാനെന്തിന് പറയണം?’’
‘‘ഞാനന്ന് കൊറച്ച് കാശ് ചോദിച്ചില്ലേ? അവൾടെ കല്യാണത്തിനു വേണ്ടി, അതു വല്ലതും...’’
മകളുടെ കല്യാണ ആവശ്യത്തിനായി ഒരു ലക്ഷം രൂപയാണ് അവർ ചോദിച്ചത്. ജോലി ചെയ്ത് വീട്ടിക്കോളാമെന്നും പറഞ്ഞു. ഈ വീട് മടുത്തു എന്ന തോന്നൽ വന്നാൽ, പിന്നെ ഒരു ദിവസംപോലും നിൽക്കില്ല. ഈ കടത്തിന്റെ ഒരറ്റം അവരുടെ കൈയിൽ കെട്ടിയിട്ടിട്ട് അത് തന്നുതീർക്കുംവരെ ഇവിടെത്തുടരാൻ താത്പര്യമില്ലാത്തതുകൊണ്ടും ബാദ്ധ്യതകൾ ചുമക്കുവാൻ മടിയുള്ളതുകൊണ്ടും കൂടിയാണ് പൈസ തരില്ലെന്ന് പറഞ്ഞത്.
‘‘അതൊക്കെ ഞാനെന്തിന് പറയണം?’’
അവർ വലംകൈ തുറന്ന് കാണിച്ചപ്പോൾ, കൈക്കുള്ളിൽ ഒരു സ്വർണ്ണമാല!
‘‘സാറിന്റെ അച്ഛൻ തന്നതാ.’’
‘‘എന്തിന്?’’
‘‘മകൾടെ കല്യാണമൊക്കെയല്ലേ എന്നു പറഞ്ഞിട്ട്.’’
എന്റെയുള്ളിൽ ദേഷ്യം ചുരമാന്തിത്തുടങ്ങിയത് അറിഞ്ഞിട്ടാവാം കുമ്പസാരമെന്നപോലെ അവർ പറഞ്ഞു, ‘‘ഞാൻ വേണ്ടെന്ന് നൂറുവട്ടം പറഞ്ഞതാ സാറേ, ബലമായിട്ട് കൈയിൽ പിടിച്ചേൽപ്പിച്ചതാ.’’
‘‘നിങ്ങള് പോയി സങ്കടമൊക്കെ വെളമ്പീട്ട് പുള്ളിക്കാരനോട് കാശ് ചോദിച്ച് കാണും അല്ലേ?’’
‘‘അങ്ങനാണേൽ ഞാനിതുവന്ന് ഇപ്പോ സാറിനോട് പറയണോ?’’
ആ പറഞ്ഞതിൽ കുറച്ചു സത്യമുണ്ടെന്നു തോന്നിയതുകൊണ്ട് ഞാൻ ആ മാല വാങ്ങി.
കൈ കൂപ്പിക്കൊണ്ട് അവർ അപേക്ഷിച്ചു, ‘‘സാറേ, അച്ഛനോട് പോയി ദേഷ്യപ്പെടരുത്.’’
മുറിയിലേക്ക് ചെല്ലുമ്പോൾ ഇരുകൈത്തലങ്ങളും പുസ്തകമെന്നപോലെ വിടർത്തിവെച്ച്, അതിലേക്ക് കണ്ണുകൾ താഴ്ത്തിവെച്ച് ഇരിക്കുകയാണ്. ആ നോട്ടം കണ്ടാൽ തഴമ്പുകൊണ്ട് മൂടിപ്പോയ രേഖകളെ ഖനനം ചെയ്യുകയാണെന്ന് തോന്നും. ഞാൻ പിന്നിലെത്തിയത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ, എന്റെ സാന്നിദ്ധ്യത്തെ മനപ്പൂർവ്വം അവഗണിച്ചുകൊണ്ട് ഒന്നനങ്ങുകപോലും ചെയ്യാതെ ഇരിക്കുകയാണ് അച്ഛൻ.
‘‘ഇത് എന്നാത്തിനാ കൊടുത്തത്?’’ പിന്നിൽനിന്നുകൊണ്ടുതന്നെ ചോദിച്ചു.
ചോദ്യം കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. ശബ്ദമുയർത്തി ചോദ്യം ആവർത്തിച്ചിട്ടും കൈക്കുള്ളിലേക്കുള്ള നോട്ടം കൂടുതൽ ആഴത്തിലേക്ക് നങ്കൂരമിട്ടു പോയതല്ലാതെ ബധിരനാട്യത്തിന് മാറ്റമില്ലായിരുന്നു. മുന്നിലേക്ക് ചെന്നിട്ട് ഒന്നുകൂടി ശബ്ദമുയർത്തിയപ്പോൾ തലയുയർത്താതെ മറുപടി പറഞ്ഞു, ‘‘ഞാനത് അവർക്ക് കൊടുത്തതാണ്. കാരണം ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടോ?’’
‘‘ഉണ്ട്. ഞാൻ കാശ് കൊടുത്ത് നിർത്തിയിരിക്കുന്ന സ്ത്രീയാണ്. അവർക്കതുമിതുമൊന്നും കൊടുക്കാൻ പറ്റില്ല. അവർക്കതൊട്ട് താത്പര്യവുമില്ല.’’
‘‘എന്നാൽ അത് അലമാരയ്ക്കകത്ത് വെച്ചേക്ക്.’’
ശമ്പളം കൊടുക്കുന്നവന് തൊഴിലാളിയുടെമേലുള്ള അധികാരത്തെ സ്ഥാപിച്ചെടുക്കുവാനും, കുടിയേറ്റക്കാരന് ഒന്നിലും ഒരു അധികാരവും ഇല്ല എന്നു ബോദ്ധ്യപ്പെടുത്തുവാനുമുള്ള അവസരമാണ് ഒരെതിർപ്പും പറയാതെയുള്ള അച്ഛന്റെ കീഴടങ്ങലിലൂടെ എനിക്ക് നഷ്ടപ്പെട്ടത്. അലമാരയുടെ മുകളിലെ തട്ടിൽ മാല വെച്ചിട്ട് വാതിലടച്ച് മുറിക്ക് പുറത്തേക്കിറങ്ങുമ്പോഴാണ് കേട്ടത്, ‘‘അല്ലെങ്കിൽ അവിടെ വെക്കണ്ട, ഇങ്ങ് തന്നേക്കൂ.’’
ഞാനപ്പോൾത്തന്നെ അലമാര തുറന്ന് മാലയെടുക്കാൻ നോക്കുമ്പോൾ അവിടെ മാലയില്ല! ഒരു നിമിഷം മുമ്പു വെച്ച മാലയെവിടെപ്പോയി? അവിടെയില്ല എന്ന സംഭ്രമം മറച്ചുവെച്ചുകൊണ്ട് അലമാര മുഴുവൻ നോക്കിയിട്ടും മാല കിട്ടിയില്ല. ഇടയ്ക്ക് കണ്ണുവെട്ടിച്ച് നോക്കിയപ്പോൾ ഉള്ളംകൈയിലേക്കു നോക്കിയുള്ള അച്ഛന്റെ ഇരിപ്പിന് ഒരു മാറ്റവുമില്ല. എത്ര പരതിച്ചെന്നാലും ഇനി കാര്യമില്ലെന്ന് തോന്നിയപ്പോൾ ചോദിച്ചു:
‘‘അത് എത്ര പവനുണ്ടായിരുന്നു?’’
‘‘രണ്ടരയോ മൂന്നോ ഉണ്ട്.’’
‘‘ഒറപ്പില്ലേ?’’
‘‘പണ്ട് വാങ്ങിയതല്ലേ, ഓർമ്മയില്ല. എത്രയായാൽ എന്താ, അതിങ്ങ് തന്നേക്കൂ.’’
പനി പിടിച്ചവനിൽ ജ്വരരസം കയറുംപോലെ എന്റെ ദേഷ്യം തൊണ്ടയിലേക്ക് ഇരമ്പിവന്നു. മുഷ്ടി ചുരുട്ടിപ്പിടിച്ചും പല്ലുകൾ കടിച്ചും ദേഷ്യം അടക്കി. ഞാനൊന്നും പറയുന്നില്ലെന്നറിഞ്ഞപ്പോൾ, എനിക്ക് തോന്നിയതാണോ എന്നറിയില്ല പരിഹാസം നിറഞ്ഞൊരു ചിരി എന്നെ തോണ്ടിവിളിക്കുന്നതുപോലെ തോന്നി. ഞാനൊന്നും പറയാതെ ഇറങ്ങിപ്പോന്നു.
മുറിക്കു പുറത്ത്, ഒരൽപ്പം മാറി ജോലിക്കാരി ഒളിച്ച് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു നിഴൽ മറഞ്ഞുപോകുംപോലെ അവരെ കാണാതായി. ഒട്ടും ആയാസപ്പെടാതെ ഒരാൾക്ക് ജയിക്കാമെന്ന് ഇതിലും നല്ലൊരു തെളിവില്ല. സ്വച്ഛമായൊരു ഒഴുക്കിനെ ഓർമ്മിപ്പിക്കുംവിധം അത്രയേറെ ശാന്തതയോടെയാണ് അച്ഛൻ എന്നോട് പെരുമാറിയത്. ആ മാലയെവിടെ, തരൂ എന്നുപോലും ഇനി ചോദിക്കാൻ സാദ്ധ്യതയില്ല. എന്റെ എല്ലാ നീക്കങ്ങൾക്കും തടസ്സമാകാൻ ആ നിശ്ശബ്ദത ധാരാളമാണ്. മുൻകൂട്ടി ഗണിക്കുവാൻ കഴിയാത്തവിധം അത്രയും സൂക്ഷ്മവും തന്ത്രപരവുമായ നീക്കമാണ് അച്ഛൻ നടത്തുന്നത്.
അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഒളിക്കുവാനൊരിടം കിട്ടാതെ ഒരു മൂലയ്ക്ക് ചേർന്നുനിൽക്കുന്ന ജോലിക്കാരിയെ കണ്ടു.
‘‘ആ മാല എത്ര പവൻ കാണും?’’
‘‘രണ്ട് രണ്ടര കാണും,’’ അത്ര ഉറപ്പില്ലാതെ അവർ പറഞ്ഞു.
സ്വർണ്ണക്കടയിൽ നിന്നും രണ്ടരപ്പവൻ മാല വാങ്ങുമ്പോൾ ഇതല്ല, ഇതിലും തൂക്കമുണ്ട് എന്നൊക്കെ അച്ഛൻ പറയുമോ എന്നു സംശയിച്ചെങ്കിലും മാല കൊണ്ടുചെന്ന് മുറിയിലെ മേശയിൽ വെക്കുമ്പോൾ ഒന്നു നോക്കുകപോലും ചെയ്തില്ല.
‘‘മാല ഇവിടെ വെച്ചിട്ടുണ്ട്. ഇനിയതു തന്നില്ല എന്ന് നാളെ പറഞ്ഞേക്കരുത,്’’ മുറിയിൽനിന്നിറങ്ങുംമുമ്പു പറഞ്ഞു. ഞാനെന്തെങ്കിലും പറഞ്ഞു എന്നുപോലും ശ്രദ്ധിക്കാതെ വിടർത്തിവെച്ച കൈക്കുള്ളിൽ തറഞ്ഞുപോയ നോട്ടത്തോടെയാണ് അച്ഛൻ അപ്പോഴും ഇരുന്നിരുന്നത്.
നാല്‌
വൈകുന്നേരം പുറത്തു പോകേണ്ടെന്ന് മനപ്പൂർവ്വം തീരുമാനിച്ചു. ബാംഗ്ലൂരിൽനിന്നും അഷിമയും ഫിദയും വന്നിട്ടുണ്ട്. അവർ മാത്രമല്ല, കൂടെ നല്ല ഹൈഡ്രോസും ഉണ്ടാവും. പണ്ട് ബാംഗ്ലൂരിൽ പരസ്യക്കമ്പനിയുണ്ടായിരുന്നപ്പോൾ ട്രയിനി ആയി വന്നവരാണ് അവർ. അമ്പതാമത്തെ വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് കമ്പനി വിടുമ്പോൾ, ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യക്കമ്പനി വിൽക്കുന്നതിലെ യുക്തി ആർക്കും മനസ്സിലായില്ല. പൂർണ്ണവിശ്രമമെത്തുംവരെ എങ്ങനെയൊക്കെ വിശ്രമിക്കാം എന്നു പരീശിലിക്കട്ടെ എന്നുള്ള അസംബന്ധപ്രയോഗം എത്രപേർക്ക് അന്നു മനസ്സിലായി എന്നറിയില്ല. അതുകൊണ്ട് കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഇന്ത്യയിൽ മൂന്നിടങ്ങളിലായി താമസിച്ചു. ഇവിടെ മാത്രമാണ് നാലു വർഷമായി മാറ്റമില്ലാതെ തുടരുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് ഫിദയെ കാണുന്നത്. അഷിമ ഇടയ്ക്ക് വരുമ്പോൾ ഇവിടേക്കു വരാറുണ്ട്.
വീടിന്റെ ഗെയിറ്റ് തുറന്നതും എന്നെ കണ്ടതിലെ സന്തോഷമാണോ ഫിദയുടെ ഉള്ളിലെ മദ്യമാണോ എന്നറിയില്ല ഒരലർച്ചയാണ് ആദ്യം എന്നെ വന്ന് കെട്ടിപ്പിടിച്ചത്. ആ ശബ്ദം കുറച്ചുകൂടി ഉച്ചത്തിൽ ടിൻ ഡ്രമ്മിലെ കഥാപാത്രത്തിന്റെ മൂർച്ചയുള്ള ഒച്ചപോലെ ജനൽച്ചില്ലുകളെ തകർത്തുകളയുമോ എന്ന് ഭയന്നുപോയി. ഫിദ കുറേനേരം കെട്ടിപ്പിടിച്ചു നിന്നിട്ട് പെട്ടെന്ന് ‘‘അതാരാ?’’ എന്ന ചോദ്യത്തോടെ ശരീരത്തിൽനിന്നും മെല്ലെ പിന്നിലേക്ക് മാറി. അഷിമയുടെ നോട്ടത്തിലും അതേ ചോദ്യം ആവർത്തിക്കുന്നുണ്ടായിരുന്നു. ‘അച്ഛൻ’ എന്ന ഒറ്റ വാക്കിൽ മറുപടി കൊടുത്താൽ അവരിലുണ്ടാവുന്ന മാറ്റമെനിക്ക് ഊഹിക്കാം. ആശ്ചര്യം, സ്‌നേഹം, ബഹുമാനം തുടങ്ങി ഏതൊരാളും അയാൾപോലുമറിയാതെ ശീലിക്കുന്ന സ്വഭാവം ഇവിടെ അഴിച്ചിടുന്നതു കാണാൻ എനിക്ക് താത്പര്യമില്ലായിരുന്നു. പക്ഷേ, ഞാനെന്ത് നുണ പറഞ്ഞാലും നിമിഷനേരങ്ങൾക്കുള്ളിൽ വാതിൽക്കൽ നിൽക്കുന്ന ആ രൂപം എന്നെ ഒറ്റുകൊടുക്കും. അതു സംഭവിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ശാസനാസ്വരത്തിൽ, അതും നാടകീയമായി പറയേണ്ടിവന്നു ‘‘അങ്ങനെ ഒരാൾ അവിടെ നിൽപ്പില്ല.’’ അവരത് വിശ്വസിച്ചമട്ടിൽ തലയാട്ടിയിട്ട് എന്നോട് കുറച്ചുനേരംകൂടി അവിടെ നിന്നു സംസാരിച്ചു. വീട്ടിലേക്കു കയറുവാൻ വരുമ്പോൾ അച്ഛനവിടെ ഉണ്ടായിരുന്നില്ല എന്നത് എനിക്കു നൽകിയ സമാധാനം ചെറുതല്ലായിരുന്നു. അതുകൊണ്ടുതന്നെ അവരേയുമായിട്ട് മുകളിലത്തെ നിലയിലേക്ക് ഞാൻ പെട്ടെന്നുതന്നെ കയറി.
ഫിദയുടെ ഉറക്കെയുള്ള ചിരിയും വർത്തമാനവും താഴത്തെ നിലയിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടെന്ന് ഉറപ്പായിരുന്നു. ഇടയ്‌ക്കെപ്പഴോ ഫിദയാണ് പറഞ്ഞത് തലശ്ശേരി ബിരിയാണി ഉണ്ടാക്കിയാലോ എന്ന്. അടുക്കള കണ്ടാൽ, കൈയിൽ കുറച്ച് സമയവും കൂടി ഉണ്ടെങ്കിൽ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ ഫിദയ്ക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. ഇനിയുള്ള കൂടുതൽ സമയം അടുക്കളയിൽ ചെലവിട്ടാൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് എനിക്ക് നല്ല ബോദ്ധ്യം ഉണ്ടായിരുന്നു. ഞാനതവരോട് പറഞ്ഞില്ലെന്നു മാത്രം. അവർക്കൊപ്പം ഇരിക്കുമ്പോഴും ഇടക്കിടയ്ക്ക് മനസ്സ് തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.
‘‘കുക്കിങ് വേണോ?’’ ഞാൻ ചോദിച്ചു, ‘‘പുറത്ത് പോയാൽ പോരേ?’’
‘‘ഇവിടുന്ന് ഒരടി നടക്കാൻ എനിക്ക് വയ്യ,’’ അഷിമ പറഞ്ഞു.
മദ്യവും ഹൈഡ്രോയും ഒന്നിച്ചുചെന്നപ്പോൾ അഷിമയുടെ കണ്ണുകൾ അസ്തമിച്ചിരുന്നു. വീടിന്റെ വിലാസം ചോദിച്ചിട്ട് ബിരിയാണിയരിയും അതിനുള്ള ചേരുവകളും ഫിദ ഓർഡർ ചെയ്തു.
അവർ കൊണ്ടുവന്ന കുപ്പി തീർന്നിരുന്നു. രണ്ടാമതൊന്ന് എന്റെ അനുവാദത്തിനുപോലും നോക്കിനിൽക്കാതെ അഷിമ അലമാരയിൽ നിന്നുമെടുത്തു. പേപ്പറും ക്രഷറും സിഗററ്റും ഞാനെടുത്തു. ഓർഡർ ചെയ്ത സാധനങ്ങൾ എത്തിയെന്നറിഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും താഴേക്ക് ഇറങ്ങി. കുപ്പിയുമായി ആദ്യമിറങ്ങിയ അഷിമ പെട്ടെന്ന് നിന്നിട്ട് തിരിഞ്ഞുനോക്കി. ആ നോട്ടത്തിൽനിന്നും അച്ഛൻ ഹാളിൽ ഇരിപ്പുണ്ടന്നു മനസ്സിലായി. നടന്നോളാൻ ഞാൻ അഷിമയോട് കൈകൊണ്ട് കാണിച്ചു. എന്നെ കണ്ടതുകൊണ്ടാവണം ഇരുന്നിടത്തുനിന്നുമെഴുന്നേറ്റ് അച്ഛൻ മുറിയിലേക്കു പോയി. രണ്ടുപേരുടേയും മടിച്ചുനിൽക്കുന്ന ചോദ്യത്തിന് മുഖം കൊടുക്കാനുള്ള എന്റെ താത്പര്യമില്ലായ്മ മനസ്സിലാക്കിയതുകൊണ്ടാവണം അവർ ആ ആഗ്രഹം ഒഴിവാക്കിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത
സാധനങ്ങൾ ഞാനാണ് ചെന്ന് വാങ്ങിയത്. തിരിച്ചുചെല്ലുമ്പോൾ രണ്ടാമത്തെ കുപ്പി പൊട്ടിച്ച് മൂന്നു ഗ്ലാസുകളിലായി ഒഴിച്ചുവെച്ചിരുന്നു.
ഓർഡർ ചെയ്ത സാധനങ്ങൾ തുറന്നതും ‘‘വാട്ട് ദ ഫക്ക്!’’ എന്നൊരലർച്ചയായിരുന്നു ഫിദ. ഞങ്ങൾ രണ്ടുപേരും ഞെട്ടിനോക്കുമ്പോൾ ദോശയ്ക്കുള്ള മാവും ചമ്മന്തിക്കുള്ള തേങ്ങാ ചിരവിയതും ഉള്ളിയും മുളകുപൊടിയുമൊക്കെയായിരുന്നു അതിൽ. ഇതു കണ്ടതും അഷിമ ചിരിക്കാൻ തുടങ്ങി. ഈ ചിരി ഇപ്പോഴെന്നും തീരില്ലെന്ന് എനിക്ക് മനസ്സിലായി.
‘‘വേറെ ആരെങ്കിലും ഓർഡർ ചെയ്തതാരിക്കും. മാറിപ്പോയതാവും. തത്ക്കാലം കുക്ക് ചെയ്യണ്ട,’’ ഞാൻ പറഞ്ഞു.
‘‘നീയെന്താ ഓർഡറ് ചെയ്തതെന്ന് ഒന്നൂടെ നോക്കിയേക്ക്,’’ ചിരിക്കിടയിലൂടെ അഷിമ പറഞ്ഞു.
‘ഞാനെത്ര ഫിറ്റായാലും ബോധത്തിനൊന്നും ഒരു കുഴപ്പവുമുണ്ടാവില്ലെ’ന്ന് പറഞ്ഞുകൊണ്ട് ഓർഡർ ചെയ്തതെന്തെന്ന് നോക്കിയപ്പോൾ കൊണ്ടുവന്ന അതേ സാധനങ്ങളുടെ പേരുകൾ കണ്ടിട്ട് ഇതെന്ത് മാജിക് എന്ന് ഫിദ അദ്ഭുതപ്പെട്ടു. ഇന്നലെ ദോശ കഴിക്കണമെന്ന് തോന്നിയിരുന്നു. അതുകൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഫിദ സ്വയം ആശ്വസിച്ചു.
ഞങ്ങൾ രണ്ടുപേരോടും കുക്കിങ്ങിൽ ഇടപെടരുതെന്ന നിർദ്ദേശം തന്നിട്ട് സംഭവിച്ച അബദ്ധത്തെ മറച്ചുപിടിക്കാനായി, യന്ത്രത്തിനെക്കാൾ വേഗത്തിൽ ഫിദ ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. ഒഴിഞ്ഞ ഗ്ലാസുകൾ നിറയ്ക്കുക, വലിച്ചു തീരുമ്പോൾ അടുത്ത ജോയ്ന്റ് റോൾ ചെയ്യുക ഇതു മാത്രമായിരുന്നു എന്റെയും അഷിമയുടെയും ജോലി. മൂന്നുതരം ചമ്മന്തിയും മുട്ടക്കറിയും ഉണ്ടാക്കി വെച്ചിട്ട് ആദ്യത്തെ ദോശ കല്ലിൽ നിന്നും പാത്രത്തിലേക്കെടുക്കുമ്പോൾ വിശപ്പുകൊണ്ടും കൊതികൊണ്ടും എന്റെ കൈ പാത്രത്തിലേക്ക് നീണ്ടുചെന്നു.
‘‘ആദ്യം അച്ഛന് കൊടുത്തിട്ട് തരാം,’’ എന്റെ മുഖത്ത് നോക്കാതെയാണ് ഫിദ പറഞ്ഞത്.
തീയുടെ ചൂടേറ്റപോലെ ഞാൻ കൈ പിന്നിലേക്ക് വലിച്ചു.
‘‘അച്ഛൻ വന്ന് രണ്ട് ദോശയും തക്കാളിച്ചമ്മന്തിയും വേണംന്ന് പറഞ്ഞത് കേട്ടില്ലേ?’’
‘‘എപ്പോൾ?’’ ഞാൻ ചോദിച്ചു.
‘‘ആളിത്രയും നേരം ഇവിടുണ്ടായിരുന്നു. കണ്ടില്ലേ?’’
അടുക്കളയിൽ കയറിയത് മുതൽ എന്തൊക്കെ നടന്നുവെന്ന് തിരിച്ചെടുത്ത് നോക്കാൻ ശ്രമിച്ചെങ്കിലും പരസ്പരബന്ധമില്ലാത്ത കുറേ കാര്യങ്ങളും ദൃശ്യങ്ങളും ചില ശബ്ദങ്ങളും ഒന്നിച്ച്കൂടി ഓർമ്മയെ തകിടം മറിക്കുന്നതിനിടയിൽ ഒരിടത്തുപോലും അച്ഛൻ വന്നതായോ ഭക്ഷണം ആവശ്യപ്പെട്ടതായോ കണ്ടില്ല.
‘‘നിങ്ങള് കംപ്ലീറ്റ് കട്ടാണല്ലോ. ഓർമ്മയില്ലേ?’’ ഭക്ഷണവുമായി പോകുന്നതിനിടയിൽ ഫിദ ചോദിച്ചു.
ബോധത്തെ ഊഞ്ഞാലിലെന്നപോലെ അതിവേഗമാട്ടിക്കൊണ്ടിരുന്ന മദ്യത്തിന്റെയും ഹൈഡ്രോയുടെയും വീര്യം പൊടുന്നനേ ഊർന്നിറങ്ങി. ഫിദയുടെ പിന്നാലെ ചെന്നാലോ എന്ന് ആലോചിച്ചെങ്കിലും പോയില്ല. അഷിമ ചിരി തോർന്ന്, കണ്ണടച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കുകയാണ്. ഫിദ ഭക്ഷണം കൊടുത്തിട്ട് പെട്ടെന്ന് തിരിച്ചുവരുമെന്ന് കരുതിയെങ്കിലും വന്നില്ല. നിമിഷങ്ങളുടെ ഭാരം ലഘൂകരിക്കാനായി ഓരോ പെഗ്ഗായി കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് ഫിദയുടെ ഉറക്കെയുള്ള ചിരിമാത്രം പുറത്തേക്കിറങ്ങിവന്നു. പെട്ടെന്ന് ഈ വീട്ടിൽ ഞാൻ അന്യനും അപരിചിതനും ഒറ്റപ്പെട്ടവനുമായിത്തോന്നി.
മദ്യത്തിന്റെയോ പുകയുടെയോ ആലസ്യം തൊട്ടുരുമ്മാത്ത, ഇപ്പോൾ കുളിച്ച് വെടിപ്പായ ഒരാളെപ്പോലെ അത്രയ്ക്ക് തെളിച്ചത്തോടെയാണ് കുറച്ചുകഴിഞ്ഞ് ഫിദ അടുക്കളയിലേക്കു കയറിവന്നത്. ഫിദയുടെ കൈയിൽ ഒരു ഗണപതിയുണ്ടായിരുന്നു.
കൈയിലെ ഗണപതിയെ അടുക്കളപ്പാതകത്തിൽ വെച്ചിട്ട് അഷിമയെ തട്ടിവിളിച്ചു. കണ്ണുകൾ മെല്ലെത്തുറന്ന അഷിമ ‘വൗ!’ എന്ന ഒച്ചയിൽ കറുത്ത കല്ലിൽക്കൊത്തിയ ഗണപതിവിഗ്രഹം കൈയിലെടുത്തു.
‘‘എന്റെ സമ്മാനമായിട്ട് ഈ എസ്.കെ. ഗണപതികൂടെയിരിക്കട്ടെ എന്നു പറഞ്ഞ് അച്ഛൻ തന്നതാ.’’
എസ്.കെ.യോ എന്ന് അദ്ഭുതപ്പെട്ട അഷിമയോട് ഫിദ പറഞ്ഞു: ‘‘ഞാനന്ന് കോഴിക്കോട് പഠിപ്പിക്കുകയാ. ആ സമയത്താ എസ്.കെ. പൊറ്റക്കാടിന് ജഞാനപീഠം കിട്ടുന്നത്. പുള്ളിക്കാരന് എന്നാങ്കിലും കൊടുക്കണ്ടേന്ന് വിചാരിച്ചിട്ട് വാങ്ങിയതാ. ഇതും മേടിച്ചോണ്ട് ചെന്നപ്പോ എൻ.ബി.എസ്സിലെ ശ്രീധരേട്ടൻ പറഞ്ഞു, മാഷേ, എസ്.കെയ്ക്ക് കക്ഷത്തിൽ വെക്കാൻ നല്ലൊരു സഞ്ചിയാണ് ഇല്ലാത്തതെന്ന്. പിന്നെപ്പോയി അത് വാങ്ങി. ഗണപതിയെ ഞാനുമെടുത്തു. എസ്.കെയ്ക്ക് മേടിച്ചതുകൊണ്ട് ഞാൻ പിന്നെ എസ.്‌കെന്ന് ഇനിഷ്യലും ഇട്ടു. ചെല സമയത്ത് നോക്കുമ്പോൾ ഇത് എസ്.കെ. ആണോന്നുപോലും തോന്നും. ദൈവങ്ങളല്ലേ, എങ്ങനാ, ഏതു രൂപത്തിലാ വരുന്നേന്ന് പറയാൻ പറ്റുവോ?’’ ഫിദ അച്ഛനെ അനുകരിക്കുകയാണോ അതോ അച്ഛൻ മുന്നിൽ വന്ന് സംസാരിക്കുകയാണോ എന്ന് സംശയം തോന്നി. ഫിദ തിരിഞ്ഞിട്ട് എന്നോട് ചോദിച്ചു, ‘‘സംഭവം കൊള്ളാല്ലേ?’’
ഞാൻ ഗണപതിയുടെ മുഖത്തു നോക്കി. നമ്മൾ തമ്മിൽ കണ്ടിട്ട് എത്ര വർഷമായി അല്ലേ എന്ന മട്ടിൽ അത് എന്നെ നോക്കിച്ചിരിക്കുന്നു. ഫിദയും അഷിമയും കേൾക്കാതെ ഞാൻ പറഞ്ഞു, ഞാനെത്ര എടുത്തുകൊണ്ട് നടന്നതാ. ഒച്ചതാഴ്ത്തി ഗണപതിയും പറഞ്ഞു, ഒരിക്കലെന്നെ നിലത്തിട്ടിട്ടുണ്ട്. എനിക്കത് ഓർമ്മവന്നു. ഗണപതിയെ കൈയിലെടുത്തു നോക്കിയപ്പോൾ ആ വീഴ്ചയിൽപ്പറ്റിയ പരിക്ക് ഇപ്പോഴും ഇടത്തേ മൂലയിലുണ്ട്. വർഷങ്ങൾക്കു ശേഷം ഞാൻ പറഞ്ഞ ക്ഷമാപണം കേട്ട് കുടവയർ കുലുക്കിക്കൊണ്ട് മോദകപ്രിയൻ ചിരിച്ചു. ഇങ്ങനെ എസ്.കെ. എന്നൊരു പേരുള്ള കാര്യം എനിക്കറിയില്ലായിരുന്നു, ഞാൻ പറഞ്ഞു. ലോകം ചുറ്റിയ സുബ്രഹ്‌മണ്യനാണ് ശരിക്കുള്ള എസ്.കെ..! പകർത്തെഴുത്തുകാരനായ എനിക്കാ പേര് ചേരില്ലെങ്കിലും ഒന്നില്ലേലും നമ്മുടെ എസ്.കെ. അല്ലേ, അതൊരു അലങ്കാരമാണ്, ചിരിച്ചുകൊണ്ട് ഗണപതി പറഞ്ഞതു കേട്ടപ്പോൾ ഞാനും ചിരിച്ചുപോയി.
‘‘സ്റ്റോൺഡ് ആണല്ലേ?’’ അഷിമ ചോദിച്ചു.
‘‘അതെന്നാ?’’
‘‘പിന്നെന്താ പതിവില്ലാത്തൊരു ചിരി?’’
ചുണ്ടിൽ മിച്ചമിരുന്ന ചിരി തുടച്ചുകൊണ്ട് പറഞ്ഞു:
‘‘കുറച്ച് നാളായി വലിച്ചിട്ട്, അതിന്റെയാരിക്കും...’’
കുറച്ചുകഴിഞ്ഞപ്പോൾ ഫിദ പോയി അച്ഛൻ കഴിച്ച പാത്രം എടു
ത്തുകൊണ്ടുവന്നു.
‘‘മൂപ്പര് പാത്രമൊക്കെ ബാത്ത്‌റൂമിൽക്കയറി കഴുകിവെച്ചിരിക്കുന്നു. കഴിച്ചിട്ട് പാത്രമവിടെ വെച്ചേക്കാൻ പറഞ്ഞതാണ്.’’
‘‘ചെലരങ്ങനെയാണ്,’’ അഷിമ പറഞ്ഞു, ‘‘എന്റുമ്മുമ്മ ഇതുപോലാ, നമ്മള് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഒരാളേം ബുദ്ധിമുട്ടിക്കാൻ ഇഷ്ടാല്ല.’’
കുറച്ചുസമയം മാത്രം കണ്ട ഒരാളെക്കുറിച്ച് ഇത്ര മതിപ്പോടെ സംസാരിക്കുന്നതിലെ മനുഷ്യരുടെ മിടുക്ക് ചെറുതൊന്നുമല്ല. ഒന്നാലോചിച്ചാൽ അവർ പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണന്ന് മനസ്സിലാക്കുവാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. നിമിഷാർദ്ധത്തിൽ വിസ്മയംപോലെ വിടരുന്നതെന്തിനെയും ലോകതത്ത്വമായോ ഒരു വ്യക്തിയുടെ സ്വഭാവവിശേഷമായോ അല്ലെങ്കിൽ ഒരു തലമുറയുടെ പ്രത്യേകതയായോ വിശേഷിപ്പിക്കുവാൻ താത്പര്യം കാണിക്കുന്നതിലെ യുക്തിരാഹിത്യത്തിന് പണ്ടേതന്നെ ഞാൻ കാതു കൊടുക്കാറില്ല. ഫിദയാവട്ടെ അച്ഛനെ പ്രകീർത്തിച്ചുകൊണ്ടിരുന്നു.

ഇറങ്ങുവാൻ നേരത്ത് ഫിദയ്‌ക്കൊപ്പം അഷിമയുംകൂടി അച്ഛന്റെ മുറിയിലേക്കു പോയി. കുറച്ചുകഴിഞ്ഞപ്പോൾ അഷിമയുടെ ഉറക്കെയുള്ള ചിരി കേട്ടു. ഞാൻ പുറത്തു കാത്തുനിൽക്കുന്നത് മറന്നതുകൊണ്ടാവണം ഒരുപാട് സമയം കഴിഞ്ഞാണ് അവർ ഇറങ്ങിവന്നത്. എന്താണ് സംസാരിച്ചതെന്നും എന്തു കേട്ടിട്ടാണ് ചിരിച്ചതെന്നും ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല. അവർ എന്തെങ്കിലും പറയുമെന്ന് കരുതിയെങ്കിലും ഒന്നുംതന്നെ പറഞ്ഞതുമില്ല. മുറിയിൽ നിന്നിറങ്ങിവന്ന അവർ ‘‘എന്നാ ശരി,’’ എന്നുമാത്രം പറഞ്ഞിട്ട് എനിക്കെന്തെങ്കിലും പറയുവാനുണ്ടോ എന്നുപോലും കേൾക്കാൻ നിൽക്കാതെ പെട്ടെന്നുതന്നെ വീട്ടിൽനിന്നുമിറങ്ങി. ഔപചാരികത ചുവച്ച ആ യാത്രപറച്ചിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവർ പോയതിനുശേഷം പല സംശയങ്ങളും അടുത്തുനിന്ന് മാറാതെ നിന്നു. അവരുടെ വരവും പോക്കുമെല്ലാം ആസൂത്രിതമായി തയ്യാറാക്കിയതാണോ എന്നുപോലും സംശയിച്ചുപോയി.
അഞ്ച്‌
പിറ്റേന്ന് വൈകിട്ട് പുറത്തുപോയി തിരിച്ചുവരുമ്പോൾ രണ്ടുപേർ വീട്ടിൽ നിന്നുമിറങ്ങിപ്പോവുന്നതു കണ്ടു. കാറിലായിരുന്നതിനാൽ പെട്ടെന്ന് നിർത്താനോ അവരുടെ പിന്നാലെ ചെല്ലുവാനോ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ കുറച്ചുനേരം വീടിനു മുന്നിൽത്തന്നെ നിന്നിട്ട് രണ്ടാംനിലയിലേക്ക് കയറിപ്പോയി. കയറിച്ചെല്ലുന്നിടത്ത് ആഢ്യസ്വരത്തിൽ വരണം വരണം എന്നു ക്ഷണിച്ചുകൊണ്ട് ചൂരൽ കെട്ടിയ പഴയ ഒരു ചാരുകസേര കിടക്കുന്നു! നാലഞ്ച് മാസം മുമ്പ് പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയിൽ നോക്കിവെച്ചിരുന്ന ഇതെങ്ങിനെ ഇവിടെ വന്നുവെന്ന് അതിശയിച്ചു. വിലപേശൽ ഒക്കാതിരുന്നതുകൊണ്ടാണ് ഇഷ്ടപ്പെട്ടിട്ടും വാങ്ങാതെ പോന്നത്. അതിനുശേഷം എന്നും ആഗ്രഹത്തിൽ ഉറച്ചുപോയ ഈ കസേരയിൽ ഒരുനേരമെങ്കിലും ചാരിക്കെടക്കാതിരുന്നിട്ടില്ല. അതാണിപ്പോൾ ഇവിടെ വന്ന് നിവർന്നുകിടക്കുന്നത്. ഇങ്ങനെയൊരു കാര്യം ഒരാളോടും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഇതിവിടെ എത്തി, ആരാണ് കൊണ്ടുവന്നത് എന്ന് ചിന്തിച്ചിട്ടൊന്നും ഒരെത്തുംപിടിയും കിട്ടിയില്ല. ബോധം നഷ്ടപ്പെട്ടിരിക്കുന്ന സമയത്തെപ്പോഴെങ്കിലും കാശ് കൊണ്ടുപോയി കൊടുക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോയെന്ന് പലവട്ടം ആലോചിച്ചു. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. പിന്നെയെങ്ങനെ? കൂടുതൽ ഇരുന്ന് അസ്വസ്ഥനാകുന്നതിനെക്കാൾ ആ കടയിലേക്ക് പോകുന്നതാണ് നല്ലതെന്നു തോന്നി.
അവിടെച്ചെല്ലുമ്പോൾ പൊക്കം കുറഞ്ഞ, ആവശ്യത്തിലേറെ ഗൗരവം മുഖത്തെടുത്ത് വെച്ചിട്ടുള്ള കടക്കാരൻ എന്നെക്കണ്ടപ്പോൾത്തന്നെ, ‘‘സാധനം കൊടുത്തു വിട്ടിരുന്നു, കിട്ടിയില്ലേ?’’ എന്നാണ് ചോദിച്ചത്.
മിണ്ടാതെ നിന്നപ്പോൾ, ഒരു കടലാസ് എടുത്ത് നീട്ടിയിട്ട് അയാൾ ചോദിച്ചു ‘‘ഇത് നിങ്ങളുടെ തന്നെ അഡ്രസ്സ് അല്ലേ?’’
ഞാനത് വാങ്ങി നോക്കിയപ്പോൾ വിലാസം മാത്രമല്ല കൈയക്ഷരവും എന്റേതാണ്!
‘‘രണ്ടു ദിവസം മുൻപ് ഒരാൾ വന്നിട്ട് റെഡി ക്യാഷും ഈ അഡ്രസ്സും തന്നു.’’
‘‘വന്നയാൾക്ക് പേരില്ലേ?’’
‘‘അതൊക്കെ ഞാനെന്തിന് ചോദിക്കണം?’’ അയാളുടെ ഭാവം മാറി.
‘‘വന്നയാൾക്ക് എത്ര വയസ്സുണ്ടാവും? കാണാൻ എങ്ങനെയിരിക്കും?’’ ഒരു കുറ്റാന്വേഷകന് ചേരുന്ന ആകാംക്ഷ ആയിരുന്നു അപ്പോഴെനിക്ക്.
അയാൾ എന്നെ തുറിച്ചുനോക്കിയിട്ട് ചോദിച്ചു, ‘‘എന്നെ കണ്ടാൽ എത്ര വയസ്സ് തോന്നിക്കും?’’
‘‘ഒരറുപത് അറുപത്തിയഞ്ച്.’’
അയാൾ പൊട്ടിച്ചിരിച്ചു: ‘‘എനിക്ക് തൊണ്ണൂറായി.’’
അയാൾ പിന്നെയും നിർത്താതെ ചിരിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കു ചുറ്റുമിരുന്നിരുന്ന പ്രായത്തെ ഒളിപ്പിച്ചുവെച്ച ഈട്ടിയിലും തേക്കിലും തീർത്ത മരസാമാനങ്ങൾ ഒന്നാകെ അയാളുടെ ചിരിക്കൊപ്പം ചേർന്നു. കട്ടിൽ കിടന്നുകൊണ്ട്, കസേര ഇരുന്നുകൊണ്ട്, മേശ നാലു കാലിൽ! മരയൊച്ചയിൽത്തീർത്ത ചിരിയുടെ വലയത്തിനുള്ളിൽ നിലയില്ലാതെ നിൽക്കുമ്പോഴാണ് രണ്ടുപേർ കയറിവന്നത്. പെട്ടെന്നയാൾ ചിരി നിർത്തി. ആ നിമിഷം ചുറ്റും നിറഞ്ഞിരുന്ന ചിരികളെല്ലാം ഒന്നിച്ച് കെട്ടുപോയി. വന്നവരെ നോക്കിയപ്പോൾ ഈ രണ്ടുപേരല്ലേ അൽപ്പം മുൻപ് വീട്ടിൽ നിന്നുമിറങ്ങിപ്പോയതെന്ന് സംശയം തോന്നി.
‘‘നിങ്ങളല്ലേ എന്റെ വീട്ടിൽനിന്ന് കുറച്ചുമുമ്പ്...’’
ആ വാചകം പൂർത്തീകരിക്കാൻ സമ്മതിക്കാതെ കടക്കാരൻ ഇടയ്ക്ക് കയറി, ‘‘കസേര കൊണ്ടുപോയില്ലേ, അതാ ചോദിക്കുന്നത്...’’
അവർ തലയാട്ടി.
‘‘അവിടെ വയസ്സായ ഒരാൾ ഉണ്ടായിരുന്നോ?’’ ഞാൻ ചോദിച്ചു.
‘‘അവിടെ വയസ്സായ ഒരു ചേട്ടനും പിന്നെ, കൊറേ പയ്യന്മാരും ഒണ്ടാരുന്നു. കസേര എവിടെ ഇടണംന്ന് ചോദിച്ചപ്പോ, ഒരു പെങ്കൊച്ച് വന്നിട്ട് അവരാണ് മൊകളിലത്തെ സ്ഥലം കാണിച്ചു തന്നത്,’’അതിലൊരാൾ പറഞ്ഞു.
‘‘പെങ്കൊച്ചോ?’’
‘‘പെങ്കൊച്ചല്ല, ഇവന് അങ്ങനെ തോന്നിയതാണ്,’’ മറ്റേയാൾ പറഞ്ഞു, ‘‘സുന്ദരിയായ ഒരു യുവതിയായിരുന്നു.’’
‘‘അതേയതേ,’’ തെറ്റ് സമ്മതിച്ചുകൊണ്ട് ആദ്യത്തെയാൾ പറഞ്ഞു, ‘‘അവൾ എല്ലാവരുടേയും തലയിലെ പേൻ നോക്കുകയായിരുന്നു.’’
രണ്ടാമത്തെയാൾ പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു, ‘‘അവർ മദ്യപിക്കുകയാ
യിരുന്നില്ലേ?’’
അസംബന്ധ നാടകത്തിലെ കാണിയെന്നപോലെ അവർക്കിടയിൽ നിന്ന എന്നോട് ഇരുവരും ഒരേ സ്വരത്തിൽപ്പറഞ്ഞു, ‘‘സത്യത്തിൽ ഞങ്ങൾക്ക് ഒന്നും ഓർമ്മയില്ല.’’
കടയുടമ നേർത്ത ചിരിയോടെ എന്നെ നോക്കിയപ്പോൾ ജംഗമങ്ങളെല്ലാം പഴയതിലും ഉച്ചത്തിൽ ചിരിച്ചുകൊണ്ട് എനിക്ക് ചുറ്റും വിചിത്രശബ്ദങ്ങളുടെ വൃത്തം തീർക്കാൻ തുടങ്ങി. തിടുക്കപ്പെട്ട് ഞാൻ അവിടെനിന്നുമിറങ്ങി.
ആ രാത്രി ഞാൻ ഉറങ്ങിയില്ലെന്നുതന്നെ പറയാം. ഇതെല്ലാം എന്റെ തോന്നലുകൾ മാത്രമാണോ അതോ യഥാർത്ഥത്തിൽ ഇങ്ങനെ വിചിത്രമെന്ന് തോന്നിപ്പിക്കും വിധമുള്ള കാര്യങ്ങൾ നടക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ അതെല്ലാം ചെയ്യുന്നതാരാണ്? കാളികൂളിപ്രേതപിശാചുക്കളിലോ ഗന്ധർവ്വകിന്നരന്മാരിലോ വിശ്വാസമില്ലാത്ത എനിക്കു ചുറ്റും ഇങ്ങനെയെല്ലാം നടക്കുന്നതിലെ അന്ധാളിപ്പിൽനിന്നും പുറത്തുവരുവാൻ എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലാരുന്നു.
ആറ്‌
രാവിലെ വീട്ടിൽനിന്നും പുറത്തിറങ്ങുകയാണന്ന് ജോലിക്കാരിയെ വിശ്വസിപ്പിച്ചശേഷം വീടിനുള്ളിൽത്തന്നെ ഒളിച്ചിരുന്ന് പകൽനേരം എന്താണ് ഇവിടെ നടക്കുന്നതെന്ന് നോക്കാമെന്ന് തീരുമാനിച്ചു. യുക്തിയുടെ അളവുകളിൽ നിന്നും വഴുതിപ്പോവുംവിധമുള്ള അസാധാരണ പ്രവൃത്തികളെ വരുതിയിലാക്കുവാൻ, വിഡ്ഢിത്തമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഈ ഒരു കാര്യമല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലായിരുന്നു. പിറ്റേന്ന് ജോലിക്കാരി വന്നപ്പോൾ പുറത്തേക്ക് പോകുകയാണന്ന് പറഞ്ഞിറങ്ങിയിട്ട് കാർ വഴിയിലിട്ടിട്ട് ഒച്ചവെക്കാതെ വീടിനുള്ളിലേക്ക് കയറുമ്പോൾ, പഴയൊരു ഭക്തിഗാനവും പാടിക്കൊണ്ട് കുട്ടികളെപ്പോലെ ഓരോ നടയും ചാടിക്കയറി അവർ മുകളിലത്തെ നിലയിലേക്കു പോകുന്നതു കണ്ടു. ഒച്ചവെക്കാതെ, പിന്നാലെ പതുമ്മിച്ചെന്നപ്പോൾ എന്റെ കിടപ്പുമുറിയോടു ചേർന്നുള്ള മുറി തുറന്ന് അവർ ഉള്ളിലേക്ക് കയറുന്നു. ആ മുറിയുടെ രണ്ടു ചുവരു നിറയെ പുസ്തകങ്ങളും മറ്റൊരു ചുവരിൽ പഴയ സി.ഡി, കാസറ്റ് ശേഖരങ്ങളുമാണ്. മുറിയിൽക്കയറിയ ഉടൻ കതക് ചാരിയതിനാൽ ഉള്ളിലെന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒരിലയുടെ കനത്തിലുള്ള വാതിൽ വിടവിലൂടെ മധുരൈ മണി അയ്യരുടെ ശബ്ദം പുറത്തേക്ക് വന്നു.
എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നായിരുന്നു, ഒരു വർഷമായി ഞാനീ കാസറ്റ് നിത്യമെന്നോണം തിരയുന്നു. ഒരിക്കൽ ഗോവയിൽ വെച്ച് പരിചയപ്പെട്ട നാഗർകോവിലുകാരി പെൺകുട്ടി തന്നതാണിത്. അവളുടെ അപ്പ മധുരൈ മണി അയ്യരുടെ ശിഷ്യനായിരുന്നു. മണി അയ്യർ മരണത്തിനു തൊട്ടുമുമ്പ് തന്റെ ശിഷ്യനുവേണ്ടി മാത്രമായി പാടിയ ഈ കീർത്തനം കേട്ടാണ് എന്നും അവളുടെ അപ്പ ഉറങ്ങിയിരുന്നത്. ഒരു ദിവസം രാവിലെ അദ്ദേഹം ഉണർന്നില്ല. മണിഅയ്യരുടെ ശബ്ദം നിറഞ്ഞ കാസറ്റ് നശിപ്പിക്കുന്നത് ഗുരുനിന്ദയാവുമെന്നുള്ളതുകൊണ്ട് ആർക്കെങ്കിലും കൊടുത്ത് ഒഴിവാക്കാം എന്നാണ് അവൾ കരുതിയത്. എന്നാൽ ഈ ആലാപനത്തിനരികിൽ മരണമുണ്ടന്നും അശുഭകരമാണന്നും മണി അയ്യരെ ഇഷ്ടപ്പെട്ടവർ പോലും പറഞ്ഞതോടെ മരണത്തിന്റെ സ്ഥിരതാമസത്തെ അവളും ഭയപ്പെട്ടു. ഈ കഥ കേട്ടുതീർന്നയുടൻ അതിങ്ങ് തന്നേക്കുമോ എന്ന എന്റെ ചോദ്യം വായുവിൽനിന്ന് മറയുംമുമ്പ് ഗോവയിൽ അവൾ കാസറ്റ് എത്തിച്ചു. അന്നുമുതൽ എന്നും കേൾക്കുന്ന മണി അയ്യരുടെ ആനന്ദഭൈരവി എവിടെനിന്നാണ് അവരിപ്പോൾ കണ്ടെത്തിയതെന്ന് ചോദിക്കുവാൻ തിടുക്കപ്പെട്ടെങ്കിലും കാത്തിരിക്കൂ എന്ന് ഞാൻതന്നെ എന്നോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് ശബ്ദം കൂട്ടിവെച്ച് വാതിൽ മലർക്കെത്തുറന്നിട്ടിട്ട് അവർ താഴേക്ക് പോയി. കീർത്തനം ഓരോ തവണ തീരുമ്പോഴും അവർ വന്ന് കാസറ്റ് റിവൈൻഡ് ചെയ്ത് വെക്കും. ആ പെൺകുട്ടി പറഞ്ഞതുപോലെ ആനന്ദഭൈരവി മൃത്യുരാഗമായി ഓരോ മുറിയിലും കയറിയിറങ്ങുന്നതായി തോന്നിയപ്പോൾ, ശബ്ദമുണ്ടാക്കാതെ വീട്ടിൽനിന്നുമിറങ്ങി നേരേ ബാറിലേക്ക് പോയി.
കണ്ടും കേട്ടും ശീലിച്ച സിനിമാക്കഥകളും പ്രതികാരകഥകളും കൂട്ടിവെച്ചാണ് ശത്രു നെയ്‌തെടുക്കാൻ സാദ്ധ്യമായ തന്ത്രങ്ങളുടെ ബലത്തെക്കുറിച്ച് ഞാൻ മനക്കണക്ക് കൂട്ടിയത്. എന്നാൽ, ഒരിക്കൽപ്പോലും വിചാരിക്കാത്ത, വിചാരിച്ചാൽത്തന്നെ തൊടാൻ കഴിയാത്തവിധം ബൃഹത്തായ പദ്ധതിയാണ് അച്ഛൻ നിർമ്മിച്ചെടുത്തിരിക്കുന്നത്. ഉള്ളിലേക്ക് കയറുംതോറും വഴിപിഴപ്പിക്കുന്ന രാവണൻ കോട്ട! എതിരാളിയുടെ ആലോചനകൾക്ക് ഒരിക്കൽപ്പോലും എത്താൻ കഴിയാത്ത ദൂരത്തിൽ കെണിയൊരുക്കുവാൻ വൃദ്ധനായ ഒരാൾക്ക് എങ്ങനെ കഴിയുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പാവത്തവും നിഷ്‌കളങ്കതയും അഭിനയിച്ചുകൊണ്ട് അച്ഛന്റെ കാലാൾപ്പടക്കാരൻ നടത്തിയ വൈകാരികനാടകം തുടക്കത്തിലേ മനസ്സിലാക്കാൻ കഴിയേണ്ടതായിരുന്നു. ഒരു മണിക്കൂറായി നിർത്താതെ വിളിക്കുന്ന അവന്റെ കോളുകൾപോലും അടുത്ത നീക്കം മുന്നിൽ കണ്ടുകൊണ്ടാവണം. മനപ്പൂർവ്വം അനിയന്റെ കോളുകൾ അവഗണിച്ചു. അവസാനത്തെ പെഗ്ഗും കഴിച്ച് എഴുന്നേൽക്കുമ്പോൾ ശൂന്യമായ ചുവരിലേക്ക് നോക്കി ഞാൻ പറഞ്ഞു:
‘‘ഇന്നത്തോടെ എല്ലാ സംശയങ്ങളും തീർക്കും.’’
ഏഴ്‌
സാധാരണ പതുക്കെ മാത്രം ഡ്രൈവ് ചെയ്യുന്ന ഞാൻ വഴിയിലെ തിരക്കോ, എതിരെ വരുന്ന വാഹനങ്ങളോ ശ്രദ്ധിക്കാതെ അതിവേഗമാണ് കാർ ഓടിച്ചത്. വഴിയാത്രക്കാരുടെയും മറ്റു വണ്ടികൾ ഓടിക്കുന്നവരുടെയും ചീത്തവിളികൾ എന്റെ വേഗത്തിന് ഒപ്പമെത്താൻ കഴിയാതെ പിന്നിൽ തളർന്ന് വീഴുന്നുണ്ടായിരുന്നു. വീടെത്തിയതും കാറിൽനിന്നും ചാടിയിറങ്ങി, കതകു തള്ളിത്തുറന്ന് നേരേ പോയത് അച്ഛന്റെ മുറിയിലേക്കായിരുന്നു. മുറിയിൽ വെട്ടം ഉണ്ടായിരുന്നില്ല.
‘‘എനിക്കൊരു കാര്യം ചോദിക്കാനുണ്ട്’’ ദേഷ്യം പൊള്ളിയ സ്വരത്തിൽ ഞാൻ ചോദിച്ചു, ‘‘ഇവിടെ വന്നതിന്റെ ഉദ്ദേശ്യമെന്താണ്?’’
ചോദ്യം ഇരുട്ടിലൊറ്റയ്ക്കായതല്ലാതെ മറുപടി ഒന്നും വന്നില്ല.
‘‘നിങ്ങളെന്നെ മണ്ടനാക്കാൻ ശ്രമിക്കണ്ട,’’എന്നു പറഞ്ഞുകൊണ്ടാണ് ലൈറ്റിട്ടത്. മുറിയിൽ ആരും ഇല്ലായിരുന്നു. ബാഗും പാതി തീർത്തുവെച്ച വെള്ളവും എല്ലാം അവിടുണ്ട്. വീട് മുഴുവൻ തിരഞ്ഞിട്ടും അച്ഛൻ എവിടെയെന്ന് കണ്ടെത്താനായില്ല. അന്വേഷിച്ച് ക്ഷീണിക്കുമ്പോൾ മാരീചനെപ്പോലെ എന്റെ മുന്നിൽ വന്ന് മായം കാട്ടി, പിന്നെയും മറഞ്ഞേക്കാം. ആ ഒടിവിദ്യയിൽ വീണാൽ തീർന്നതുതന്നെയെന്ന് ഉള്ളിൽനിന്നുള്ള മുന്നറിയിപ്പു കിട്ടിയിട്ടും എത്ര അപകടകരമായ വലയ്ക്കുള്ളിൽനിന്നും കുതറിപ്പോരാനുള്ള മിടുക്ക് എനിക്കുണ്ടെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് തിരഞ്ഞുപോവാൻ തീരുമാനിച്ചത്.
ജോലിക്കാരിയുടെ വീടെത്താൻ ഇവിടെനിന്നും ഒരു മണിക്കൂർ യാത്ര ചെയ്യണം. ഇത്രദൂരം ഉണ്ടായിരുന്നതുകൊണ്ട് കാർ ഓടിക്കാൻ ഒരാളെ വിളിച്ചു. പോകേണ്ടതെവിടെ എന്നുപറഞ്ഞപ്പോൾ ‘‘സാറേ, അതിച്ചിരി പ്രശ്‌നമുള്ള സ്ഥലമാണല്ലോ,’’ എന്നാണ് അവൻ ആദ്യം പറഞ്ഞത്. ‘‘അതും രാത്രിയിൽ അവിടെച്ചെന്നുകേറിയാൽ...’’ എന്ന് പാതി പറഞ്ഞ് നിർത്തി. ‘‘ആരേം കൊല്ലാനൊന്നുമല്ല, നീ ധൈര്യായിട്ട് വണ്ടി എടുക്ക്’’ എന്നുമാത്രം പറഞ്ഞു. ഒരിക്കൽ അടുക്കളയിൽ വീണ് കാലുളക്കിയപ്പോൾ ഞാനാ സ്ത്രീയെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ടുണ്ട്. അതുകൊണ്ട് തെറ്റാതെ അവന് വഴി പറഞ്ഞുകൊടുക്കാൻ പറ്റി.
അവരുടെ വീടിന് അരക്കിലോമീറ്റർ മുൻപ് വരെയേ വണ്ടിയെത്തൂ. പിന്നീടങ്ങോട്ട് നടക്കണം. കൂടെ വരണോ എന്നു സംശയിച്ച് ഡ്രൈവർ ചോദിച്ചതു കേൾക്കാതെ ഞാനാ ഇരുട്ടുമൂടിയ വഴിയിലേക്കു കയറി. വെളിച്ചം മടിച്ചുകത്തുന്ന വീടിനു മുന്നിൽ അവരുടെ മകൾ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ചാടി എഴുന്നേറ്റിട്ട് തിണ്ണയിലേക്കു കയറി ഇരിക്കാൻ പറഞ്ഞു. ആതിഥ്യമര്യാദയിലല്ല എന്റെ ശ്രദ്ധ അവളുടെ കഴുത്തിലേക്കാണ് ചെന്നത്. നോട്ടം കഴുത്തിലെ സ്വർണ്ണത്തിലുടക്കിയതും അവൾ വേഗം അമ്മേയെന്നു വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി. ആ വിളി ചൂണ്ടയിൽ കോർത്തെടുത്ത് ആ സ്ത്രീയെ കരയിലേക്കെന്നപോലെ വീടിനു മുന്നിലേക്കിട്ടു.
‘‘കേറി ഇരിക്ക് സാറേ,’’ കിതപ്പോടെ അവർ പറഞ്ഞു.
വേണ്ടന്ന് ഞാൻ കൈ കാണിക്കുകയും അവരൊറ്റക്കരച്ചിലായിരുന്നു. ഇതു കേട്ടതും മകൾ അകത്തുനിന്നും ഓടിവന്നു. അവളുടെ കഴുത്തപ്പോൾ ഒഴിഞ്ഞുകിടന്നിരുന്നു. കരച്ചിലിനിടയിലൂടെ അവർ പറഞ്ഞു: ‘‘സാറിന്റെ അച്ഛൻ എന്നോട് മുകളിലത്തെ നിലയിലെ മുറിയിൽപ്പോയിട്ട്, അവിടുത്തെ മേശയിൽ ഇരിക്കുന്ന കാസറ്റ് എടുത്ത് പാട്ട് വെക്കണംന്ന് പറഞ്ഞു. ഞാനപ്പോൾ എനിക്കതൊന്നും അറിയില്ലെന്നു പറഞ്ഞപ്പോൾ അതൊക്കെ അവിടെച്ചെല്ലുമ്പോൾ അറിഞ്ഞോളും എന്നും പറഞ്ഞ് നിർബ്ബന്ധിച്ച് വിട്ടതാ. മുറിയിൽ കയറിയതു മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. എന്റെ കൈയേല് ആരോ പിടിച്ച് പാട്ടുവെപ്പിച്ചു. എന്റെ മക്കളാണേ സത്യം, ഞാനാദ്യായിട്ടാ സാറേ അവുത്തെ തൊടുന്നതുതന്നെ.’’
‘‘ഞാനിത് ചോദിക്കാനാ വന്നതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?’’
അവരപ്പോൾ വീണ്ടും കരയാൻ തുടങ്ങി. കരച്ചിൽ അടുത്ത വീടുകളിലുള്ളവരെ വിളിച്ചുകൊണ്ടുവരാൻ തുടങ്ങിയപ്പോൾ, കരച്ചിലടക്കിക്കൊണ്ട് സാറിനോട് എന്റെ സങ്കടം പറയുവാ എന്ന നുണ എല്ലാവർക്കും മുന്നിലേക്ക് എറിഞ്ഞുകൊടുത്തതോടെ അയൽപക്കക്കാരുടെ നോട്ടങ്ങൾ മടങ്ങിപ്പോയി.
‘‘എനിക്കറിയേണ്ടത് അതല്ല, അങ്ങേരെവിടെപ്പോയി?’’
‘‘ഞാനിറങ്ങുമ്പം വീട്ടിൽ ഉണ്ടായിരുന്നല്ലോ. ഇറങ്ങാൻ നേരത്ത് ഞാൻ ചെന്ന് പോകുവാന്ന് പറഞ്ഞപ്പോൾ എന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. ഞാനപ്പോൾ ശരിക്കും കരഞ്ഞുപോയീ സാറേ.’’
ഇതും പറഞ്ഞ് അവർ വീണ്ടും കരച്ചിലിലേക്ക് കയറാൻ തുടങ്ങിയപ്പോൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ മടങ്ങി.
ഇത്ര കാലത്തെ ജീവിതംകൊണ്ട് നേടിയ കൗശലങ്ങൾ ഒടുവിലിറക്കിവെക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ലന്നു കണ്ടിട്ടാവണം ഈ അപ്രത്യക്ഷമാകൽ. എന്റെ ഉടലിൽനിന്നും ഭയമഴിഞ്ഞു പോയിരിക്കുന്നു. എവിടെയായാലും ഞാൻ തിരഞ്ഞുപിടിക്കുകതന്നെ ചെയ്യും. ഇതെല്ലാം എന്തിന് എന്ന ചോദ്യത്തിന് ഉത്തരം തരാതെ ആ മനുഷ്യനെ വിടിെല്ലന്നു തീരുമാനിച്ചു കിടന്ന ഞാൻ എപ്പഴോ ഉറങ്ങിപ്പോയി.
എട്ട്‌
‘‘സാറേ, സാറേ’’ എന്ന് ആരോ തലയ്ക്കുള്ളിൽ കയറിയിരുന്ന് വിളിക്കുന്നതുപോലെ കുറേ നേരമായിതോന്നിയെങ്കിലും കണ്ണ് തുറക്കാൻ കഴിഞ്ഞില്ല. വീണ്ടുമതേ ഒച്ച തലയ്ക്കുള്ളിൽ നിർത്താതെ കരളാൻ തുടങ്ങിയപ്പോൾ കണ്ണ് തുറന്നു. തിരശ്ശീലയിലെന്നപോലെ അവ്യക്തമായ കുറേ വസ്തുക്കളും അതിനിടയിലൂടെ ചലിക്കുന്ന നിഴലും മുന്നിൽ. കുറച്ചുകഴിഞ്ഞ് ഓരോന്നായി വ്യക്തമായി തുടങ്ങിയപ്പോൾ ജോലിക്കാരിയുടെ മുഖം തെളിഞ്ഞുവന്നു.
‘‘സാറേ ഒരു കാര്യം പറയാനുണ്ട.്’’
ഇത്ര കൂസലില്ലാതെ ആദ്യമായാണ് അവർ സംസാരിക്കുന്നത്. അതിഷ്ടപ്പെടാത്തതുകൊണ്ട് ഞാൻ പറഞ്ഞു, ‘‘പിന്നെപ്പറയാം.’’
അവരത് കേട്ടതായിപ്പോലും ഭാവിച്ചില്ല ‘‘സാറിന്റെ അനിയൻ വിളിച്ചിരുന്നു, അച്ഛനിന്ന് രാവിലെ മരിച്ചു.’’
സങ്കടമാണോ ദേഷ്യമാണോ അവരുടെ സ്വരത്തെ ഭരിക്കുന്നതെന്ന് പിരിച്ചെടുക്കാൻ കഴിയാത്തവിധത്തിലാണ് അവർ ബാക്കികൂടിപ്പറഞ്ഞത്, ‘‘ഇന്നലെ അച്ഛനെ കൊണ്ടുപോകുകയാണന്ന് പറയാൻ കുറേ വിളിച്ചിട്ടും സാറ് ഫോൺ എടുത്തില്ലന്നും പറഞ്ഞു.’’
ഞാനത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ചോദിച്ചു, ‘‘രാവിലെ കഴിക്കാനെന്നാ?’’
അവർ ഒന്നും മിണ്ടിയില്ല.
‘‘എന്തെങ്കിലും ഒണ്ടാക്കി വെക്ക്. നല്ല വെശപ്പുണ്ട്.’’
അവർ കുറച്ചുനേരംകൂടി അവിടെ നിന്നിട്ട് ഒന്നും പറയാതെ താഴത്തെ നിലയിലേക്ക് പോയി.
രാവിലെ മുതൽ രാത്രി വരെ ബാറിലിരുന്നു. അനിയന്റെ കോളുകൾ വന്നെങ്കിലും എടുത്തില്ല. ബോധം മറയുംമുമ്പ് ബാറിലെ സപ്ലയറുടെ കൈയിൽ വാടകയ്ക്ക് വിളിക്കാറുള്ള ഡ്രൈവറുടെ നമ്പർ കൊടുത്തിരുന്നു.
ഒമ്പത്‌
പിറ്റേന്ന് ഉച്ചയ്ക്കാണ് ഉണർന്നത്. ചുറ്റും അപരിചിതമായൊരിടംപോലെ തോന്നി. താഴത്തെ നിലയിൽ അച്ഛൻ കിടന്നിരുന്ന മുറിയിലാണ് ഞാനിപ്പോൾ കിടക്കുന്നത്. ഓർമ്മയെ തിരിച്ച് നടത്തിയിട്ടൊന്നും എപ്പോഴാണ് ഇവിടെ വന്ന് കിടന്നതെന്ന സൂചനയുടെ നിഴൽപോലും കണ്ടെത്താൻ കഴിഞ്ഞില്ല. ചിലപ്പോൾ ആ ഡ്രൈവർ ഇവിടെയാവാം എന്നെ കിടത്തിയിട്ടുണ്ടാവുക. ഏറെ നേരമെടുത്താണ് തലേന്നത്തെ മദ്യത്തിന്റെ തളർച്ചയിൽനിന്നും പുറത്തെത്തിയത്. ബോധം നിവർന്നുനിൽക്കാൻ തുടങ്ങിയപ്പോൾ ബാല്യത്തെ പുതപ്പെന്നപോലെ മൂടിനിന്നൊരു ഗന്ധം അടുത്തിരിക്കുംപോലെ തോന്നി. കുറച്ചുകഴിഞ്ഞ് അതെന്നെ തൊട്ടു. നിമിഷങ്ങൾ കഴിയുംതോറും പായൽപോലെ ആ ഗന്ധം ശരീരത്തിൽ പറ്റിപ്പിടിക്കുവാൻ തുടങ്ങിയപ്പോൾ ചാടിയെഴുന്നേറ്റു. മുന്നിലെ നിലക്കണ്ണാടിയിൽ കണ്ടൂ ഞാനാ ഗന്ധരൂപിയെ. വർഷങ്ങൾക്കുശേഷം ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി. കണ്ണാടിയിലുള്ളയാൾ ചൊല്ലിത്തരുന്നു:
സ്‌നിഗ്ദ്ധാന്നമോമനിച്ചുള്ള
ഗാത്രത്തിൽ നൃത്തമാടി ഹാ!
പട്ടടച്ചാമ്പലാൽ, ച്ചിത്രം
പാടേ, മാച്ചുകളഞ്ഞതും
ശരീരത്തെ തളർച്ച ബാധിക്കുംപോലെ. പെട്ടെന്ന് എനിക്ക് അനിയനെ വിളിക്കാൻ തോന്നി. ഫോൺ എടുത്ത അവൻ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ നിന്നിട്ട്, പാകതയാർന്ന ശബ്ദത്തിൽപ്പറഞ്ഞു, ‘‘പോകുംമുമ്പ് അച്ഛൻ പറഞ്ഞിരുന്നു, അവൻ വന്നാൽ ചടങ്ങുകൾ ഒന്നും ചെയ്യാൻ പറയരുത്, അവനതൊന്നും ഇഷ്ടമാവില്ലെന്ന്. ബുദ്ധിമുട്ടില്ലെങ്കിൽ പട്ടടയ്ക്ക് തീ കൊളുത്താമോ എന്നു ചോദിക്കണംന്ന്.’’
ഇതു പറഞ്ഞുതീർന്നിട്ട് എന്റെ മറുപടി പ്രതീക്ഷിച്ചിട്ടാവണം അവൻ മിണ്ടാതെ നിന്നത്. ഒന്നും പറയാതെ ഞാൻ ഫോൺ വെച്ചു. എനിക്ക് കരച്ചിൽ വരുന്നതുപോലെ. ഇല്ല, അങ്ങനെയില്ല, അതു വെറും തോന്നൽമാത്രമാണ്.