
ഞാന്‍ അതിനകം വായിച്ചുകഴിഞ്ഞ മലയാളസാഹിത്യം എന്നെ വണ്ടുകളുടെയും മറ്റും പ്യൂപ്പയെപ്പോലെ ഒന്നാക്കിയിരുന്നു-ഞാനതറിഞ്ഞില്ലെങ്കിലും. അപരനാകാന്‍ വിധിക്കപ്പെട്ട ഒരു ജീവി. ആ ജീവിയാണ് ഇംഗ്ലീഷ് സാഹിത്യത്തിന്റെ വാതിലില്‍ മുട്ടിയത്. അഡിഗസാര്‍ എനിക്ക് വാതില്‍ തുറന്നുതന്നു. സാറിന്റെ പിന്നാലെ ഞാന്‍ ഇംഗ്ലീഷിന്റെ മതിമയക്കുന്ന ലോകത്തേക്ക് കടന്നുചെന്നു. ഞാന്‍ മാക്ബത്തായി മാറി, ലേഡി മാക്ബത്തുമായി, മുന്തിരിച്ചക്കിനടുത്ത് കീറ്റ്സിനോടൊപ്പം മയങ്ങിയിരുന്നു; ഷെല്ലിക്കൊപ്പം പടിഞ്ഞാറന്‍ കാറ്റിന്റെ വീശലില്‍ കുളിരണിഞ്ഞു; വേഡ്സ് വര്‍ത്തിന്റെകൂടെ കിഴുക്കാംതൂക്കായ പാറകളില്‍ പിടിച്ചുകയറി. ഡിലന്‍ തോമസിനൊപ്പം പാടി:
'ഒരിക്കല്‍ മാത്രം ചെറുപ്പമായ
സൂര്യനു കീഴില്‍
സമയം എന്നെ കളിക്കാനും
കഴിഞ്ഞുകൂടാനും അനുവദിച്ചു.
അതിന്റെ കാരുണ്യത്തില്‍
ഞാന്‍
പച്ചയും സ്വര്‍ണവും നിറമുള്ള
നായാട്ടുകാരനും
ഇടയനുമായി.
പശുക്കുട്ടികള്‍ എന്റെ
കുഴല്‍ വിളിക്കൊപ്പം പാടി
മലകളില്‍ കുറുക്കന്മാര്‍
തെളിഞ്ഞ ഒച്ചയോടെ
ഉച്ചത്തില്‍ ഓലിയിട്ടു.
വിശുദ്ധ അരുവികളിലെ പാറക്കല്ലുകളില്‍ സാബത്ത്
മെല്ലെ കിലുങ്ങി.'
(ഡിലന്‍ തോമസ്: ഫേണ്‍ഹില്‍)
മറ്റേതോ ലോകത്തെന്നപോലെയും യുഗങ്ങള്‍ക്ക് പിന്നിലെന്നപോലെയും കാണപ്പെട്ട ഉരുളികുന്നത്തിന്റെ ഓര്‍മകളും എനിക്ക് ലഭിച്ച പുതിയ സ്വാതന്ത്ര്യത്തിന്റെ കുതിച്ചുചാട്ടവും ഉണരുന്ന താരുണ്യത്തിന്റെ ശക്തിയും രതിബോധത്തിന്റെ തീക്ഷ്ണതയും പട്ടണത്തിന്റെ പാട്ടിലാക്കലുകളും ഒന്നുചേര്‍ന്ന് എന്നെ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
Also Read
ഞാന്‍ മസാലദോശയും സിനിമയും ജൂക്ബോക്‌സും സൈക്കിളും ബാസ്‌കറ്റ്ബോളും എന്‍.സി.സി.യും വയറിളക്കവും പനിയുമായി സുഖമായി ജീവിച്ചു. മൂന്നാംവര്‍ഷം അഡിഗസാര്‍ എന്നെ എലിയറ്റിന്റെയും യേറ്റ്സിന്റെയും ഹോപ്കിന്‍സിന്റെയും ഓഡന്റെയും ഡിലന്‍ തോമസിന്റെയുമെല്ലാം ലോകങ്ങളിലേക്ക് പ്രവേശിപ്പിച്ചു. എഴുത്തിന്റെ കുടത്തിനുള്ളിലെ, ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത ഭൂതങ്ങളെ സാര്‍ തുറന്നുവിട്ടു. ഞാന്‍ അവര്‍ക്കൊപ്പം ഒരു ജീവിതം ആരംഭിച്ചു.
ബിരുദപഠനത്തിന്റെ മൂന്നാംവര്‍ഷത്തില്‍ ഞാന്‍ ഹോസ്റ്റല്‍ വിട്ട് പുതിയ സ്വാതന്ത്ര്യങ്ങള്‍ തേടി. കാള്‍ട്ടണ്‍ ഹോട്ടലിന്റെ ഇടിഞ്ഞുവീഴാറായ ഔട്ട്ഹൗസ് അഥവാ ചാവടിയിലെ കുടുസുമുറികളിലൊന്നില്‍ താമസമുറപ്പിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെപ്പോഴോ സായിപ്പ് ചെങ്കല്ലില്‍, ധനികര്‍ക്കുവേണ്ടി പണിത ഒരു ഹോട്ടലായിരുന്നു കാള്‍ട്ടണ്‍. ഒരു വലിയ ബംഗ്ലാവാണത്. ഇരുമ്പിന്റെ അലങ്കാരത്തൂണുകളുള്ള വിശാലമായ വരാന്ത. ഉള്ളിലേക്ക് കടന്നാല്‍ പത്തുപന്ത്രണ്ട് അതിഥികള്‍ക്ക് ഒന്നിച്ചിരിക്കാവുന്ന മേശയോടുകൂടിയ ഊണ്‍മുറി. തടിയില്‍ കൊത്തുപണിചെയ്ത് കനമുള്ള കസാലകള്‍. കിടപ്പുമുറികളില്‍ കൊളോണിയല്‍ മഞ്ചങ്ങളും മറ്റുപകരണങ്ങളും.
മുന്നില്‍ വലിയ ഉദ്യാനം. അതിന്റെ നടുവില്‍ കുഴലൂതുന്ന മാലാഖമാരുടെ രൂപങ്ങള്‍കൊണ്ടലങ്കരിച്ച ജലധാരായന്ത്രം. നടുവിലെ ഉയര്‍ന്ന തൂണില്‍ ഒരു വിളക്ക്. സായിപ്പിന്റെ അനന്തരാവകാശികള്‍ ഹോട്ടല്‍ വിറ്റ്് ഇംഗ്ലണ്ടിന് മടങ്ങി. പ്രസന്നതയുടെ പിന്നില്‍ കാര്‍ക്കശ്യവും ദ്രവ്യാര്‍ത്തിയും മറച്ചുവെച്ച ഒരു പാഴ്‌സിയായിരുന്നു അപ്പോളതിന്റെ ഉടമ. പ്രധാനമായും വെള്ളക്കാരും വന്‍നഗരങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുമായിരുന്നു കാള്‍ട്ടണിലെ അതിഥികള്‍.
ഞങ്ങള്‍ മാസവാടകക്കാരുടെ ലോകം വേറൊന്നായിരുന്നു. പ്രധാനകെട്ടിടത്തില്‍നിന്ന് കുറച്ചകന്നുള്ള ചെറിയ കെട്ടിടമായിരുന്നു ഔട്ട്ഹൗസ്. അത് കാലപ്പഴക്കംകൊണ്ടും അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതുകൊണ്ടും പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടമാണ്. പണ്ട് അതിലായിരുന്നു ഹോട്ടല്‍ജോലിക്കാരെ പാര്‍പ്പിച്ചിരുന്നത്. ഒരു ഇടനാഴിക്കിരുവശവുമുള്ള ആറു മുറികളിലും കൂടുതലും മലയാളികളാണ് താമസം.
എന്റെ ജ്യേഷ്ഠന്റെ താമസം അവിടെയായിരുന്നതുകൊണ്ടാണ് ജ്യേഷ്ഠന്‍ പോയപ്പോള്‍ ഞാനും എത്തിപ്പെട്ടത്. ഞാനായിരുന്നു ചാവടിയിലെ ഏറ്റവും ഇളയവന്‍. അവിടത്തെ ചേട്ടന്മാരുടെ ജീവിതക്കളരിയില്‍ ഞാന്‍ ദൃക്സാക്ഷിയും വിദ്യാര്‍ഥിയും സഹായിയുമായി. മെഡിക്കല്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമായിരുന്നു കൂടുതലും. ഹോട്ടലിന്റെ പാശ്ചാത്യമാന്യതയുടെ അന്തരീക്ഷത്തില്‍ ഒളിഞ്ഞിരുന്ന ഒരു ചെറു അധോലോകമായിരുന്നു ചാവടി. ഞാന്‍ പെട്ടെന്നുതന്നെ അവിടെ അംഗീകരിക്കപ്പെട്ടു. ചാവടിയിലെ ചേട്ടന്മാര്‍ എനിക്ക് മദ്യം രുചിക്കാന്‍ തരും. അവര്‍ക്ക് സോഡ മേടിക്കാന്‍ സൈക്കിളുടമയായ ഞാനായിരുന്നു നിത്യസന്നദ്ധനായ സഹായി. അവര്‍ ചാവടിയിലേക്ക് ഒളിച്ചുകടത്തിക്കൊണ്ടുവരുന്ന സ്ത്രീകളെ ഞാന്‍ മിഴിച്ചുനോക്കിനില്‍ക്കും.
ചാവടിക്കാര്‍ താഴ്ന്നയിനം പുറംവാസികളായിരുന്നെങ്കിലും ഞങ്ങളുടെ ഭക്ഷണം പ്രധാനകെട്ടിടത്തിലെ ഊണ്‍മേശയുടെ ആഡംബരത്തില്‍ മറ്റ് അതിഥികളോടൊന്നിച്ചായിരുന്നു. കൈലി, ബനിയന്‍ തുടങ്ങിയ മലയാളിവസ്ത്രങ്ങള്‍ അവിടെ നിരോധിക്കപ്പെട്ടിരുന്നു. കത്തിയും മുള്ളും ഉപയോഗിക്കണം. അങ്ങനെ ഡൈനിങ് ഹാളില്‍ കുറച്ചുസമയത്തേക്ക് ഞാനൊരു പരിഷ്‌കാരിയായി മാറി. വിദേശികളും വന്‍നഗരവാസികളുമാണ് ഞങ്ങളോടൊപ്പം ഭക്ഷണത്തിനിരുന്നത്. അവര്‍ സാമാന്യമര്യാദ പ്രകടിപ്പിച്ച് നമ്മോട് കുശലപ്രശ്‌നം ചെയ്യുമ്പോള്‍ നാം ഇംഗ്ലീഷില്‍ ഉചിതമായ മറുപടി നല്‍കണം. ഞാനതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തിന്റെ രുചിയാണ് എനിക്ക് കാള്‍ട്ടണ്‍ ഹോട്ടലില്‍ ലഭിച്ചത്.
കാള്‍ട്ടണില്‍ മുറിയെടുത്ത എല്ലാ മദാമ്മമാരോടും മറ്റു വനിതകളോടും എനിക്ക് താങ്ങാനാവാത്ത പ്രണയമായിരുന്നു. ഏതോ മന്ത്രവാദി സൃഷ്ടിച്ച മായാലോകത്തുനിന്നുവന്ന അദ്ഭുതജീവികളാണ് അവര്‍ എന്നെനിക്കുതോന്നി. അവരുടെ നിഗൂഡരഹസ്യങ്ങള്‍ എന്തെല്ലാമായിരിക്കാം എന്ന ചിന്ത എന്റെ ആത്മാവിനെ പ്രകമ്പനംകൊള്ളിച്ചു. അവര്‍ എവിടെയോ ഒരു യഥാര്‍ഥജീവിതം നയിക്കുന്നവരാണെന്ന് എനിക്ക് സങ്കല്പിക്കാന്‍പോലും കഴിഞ്ഞില്ല. രണ്ടോ മൂന്നോ ദിവസമായിരുന്നു അവരുടെ ഹോട്ടല്‍ജീവിതം. ഞാനവരെ കണ്ടത് അങ്ങുമിങ്ങുമായി കുറച്ചുനിമിഷങ്ങള്‍മാത്രം. പക്ഷേ, എന്റെ പ്രണയം കത്തിജ്ജ്വലിച്ചു. എന്റെ ഹൃദയത്തിലെ ഭൂമികുലുക്കങ്ങളൊന്നും അറിയാതെ അവര്‍ അവരുടെ അജ്ഞാത, വിദൂര, ലോകങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.
Content Highlights: Paul Zacharia writes column 'Mysooru mallige'
Published: 25 Aug 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented