
ചാമുണ്ഡിമല സൈക്കിള്‍ ചവിട്ടിക്കയറുക ഞങ്ങളുടെ ഇടയ്ക്കിടെയുള്ള വിനോദമായിരുന്നു. കിതച്ചും വിയര്‍ത്തും ശ്വാസംമുട്ടിയും മലയുടെ ഹെയര്‍പിന്‍ വളവുകളിലൂടെ മത്സരിച്ച് സൈക്കിള്‍ ചവിട്ടും. മടുക്കുമ്പോള്‍ ഉന്തും. വിനോദസഞ്ചാരികളെ തുറിച്ചുനോക്കും. പെണ്‍കുട്ടികളെ കള്ളനോട്ടംകൊണ്ട് നോക്കും. ഇടയ്ക്ക് ഒരരികില്‍ ഇറങ്ങിനിന്ന്, താഴെ അകലെ ഞങ്ങളുടെ സ്വന്തം പട്ടണം അപരിചിതമായ ഒരു കാഴ്ചയായിത്തീരുന്നതുകണ്ട് അതിശയിക്കും.
തിരികെവരുമ്പോള്‍ ഇറക്കത്തിന്റെ മതിമയക്കുന്ന വേഗത്തിന്റെ ആനന്ദത്തില്‍ മുങ്ങിത്താഴും. സൈക്കിള്‍ മടക്കിക്കൊടുത്ത് പള്ളിക്കടുത്തുള്ള ഗായത്രി ഹോട്ടലില്‍ മസാലദോശതിന്നുകൊണ്ട് ആരൊക്കെ എത്രതവണ മറിഞ്ഞുവീണെന്നും മലമുകളില്‍വരെ നിര്‍ത്താതെ ചവിട്ടിക്കയറ്റുന്ന പന്തയത്തില്‍ ആരൊക്കെ കള്ളംകാണിച്ച് ഉന്തിക്കയറ്റിയെന്നുമുള്ള തര്‍ക്കങ്ങള്‍ നടത്തും.
Also Read
ഗായത്രി ഹോട്ടല്‍ ഉടമയുടെ മകളും പരമസുന്ദരിയുമായ എന്റെ സഹപാഠി മനഃപ്പൂര്‍വം ഞങ്ങളുടെ മേശയ്ക്കടുത്തുകൂടി ഞങ്ങളെ കണ്ടതായി നടിക്കാതെ കടന്നുപോകുമ്പോള്‍ ഞാന്‍ അഭിമാനപുളകിതനാകും -എനിക്കുവേണ്ടിയാണ് അവള്‍ ആ നടപ്പ് നടത്തിയത്, ഹാ, ഹാ! എന്റെ കൂട്ടുകാര്‍ക്ക് എന്നോട് അസൂയയുണ്ട് എന്ന് എനിക്കറിയാം. കാരണം നാലുപേര്‍ മാത്രമുള്ള ഇംഗ്ലീഷ് സാഹിത്യ ക്ലാസിലെ രണ്ട് പെണ്‍കുട്ടികളി ലൊരാളാണ് അവള്‍. ഒരുപക്ഷേ, കോളേജിലെതന്നെ ഏറ്റവും സുന്ദരി.
മെല്ലെ, നഗരത്തില്‍ എനിക്ക് ഇരുത്തംവന്നതോടെ, അവിടെയുണ്ടെന്ന് ഞാന്‍ സങ്കല്‍പിച്ച ഭയങ്കര രഹസ്യങ്ങളുടെയും പാപങ്ങളുടെയും അധോലോകങ്ങള്‍ മണത്ത് ഒരു കുറ്റാന്വേഷകനെപ്പോലെ ഒറ്റയ്ക്ക് അലയാന്‍ എനിക്ക് ധൈര്യമുണ്ടായി. അപ്പോഴേക്കും എനിക്ക് എന്റെ സ്വന്തം സൈക്കിളും ആയിക്കഴിഞ്ഞിരുന്നു. എന്റെ ജ്യേഷ്ഠന്‍ എം.പി. ജോസഫ് ബെംഗളൂരുവിലേക്ക് സ്ഥലംമാറിപ്പോയപ്പോള്‍ സമ്മാനിച്ചതായിരുന്നു ഗിയറുള്ള ഹെര്‍ക്കുലീസ് സൈക്കിള്‍.
എനിക്ക് ചിറകുവെച്ചു. ഞാന്‍ പട്ടണത്തിനെ കീഴടക്കി. സൈക്കിള്‍ എനിക്ക് കോളേജിലും ചെറിയ താരപദവി തന്നു. രണ്ടുമൂന്ന് മാര്‍വാഡി പയ്യന്മാരുടെ സ്‌കൂട്ടറുകള്‍ക്കായിരുന്നു നിലവിലെ താരപദവി. എന്റെ സൈക്കിളിന്റെ ഗ്ലാമര്‍ വ്യത്യസ്തമായിരുന്നു. ഗിയറുള്ള മറ്റൊരു സൈക്കിള്‍ കോളേജില്‍ ഇല്ലായിരുന്നു. സഹപാഠികള്‍ അസൂയാപൂര്‍വം ഹാന്‍ഡിലില്‍ ഘടിപ്പിച്ചിരുന്ന ഗിയറിന്റെ ലിവറില്‍ തലോടും.

ഞാന്‍ മൈസൂരുവില്‍ തേടിനടന്ന പാപങ്ങളും അദ്ഭുതരഹസ്യങ്ങളും വീണ്ടും വീണ്ടും ദയനീയാനുഭവങ്ങളായി പരിണമിച്ചു. പക്ഷേ, ഞാന്‍ പരാജയം സമ്മതിച്ചില്ല. ദൈവത്തിന്റെ സ്വന്തം പാപിയായിരുന്നു ഞാന്‍. എന്റെ അന്വേഷണപാതകള്‍ എന്നെ പട്ടണത്തിന്റെ സങ്കടം പൂണ്ടതും ഉപേക്ഷിക്കപ്പെട്ടതുമായ ഇടങ്ങളിലേക്കും അഴുക്കും അപകടവും നിറഞ്ഞ പിന്നാമ്പുറങ്ങളിലേക്കും എന്റെ വിറയ്ക്കുന്ന കാലടികളുടെ ഒച്ചമാത്രം കേള്‍ക്കുന്ന പേടിപ്പിക്കുന്ന ഊടുവഴികളിലേക്കും വിചിത്ര ഗന്ധങ്ങളുയര്‍ത്തിക്കൊണ്ട് പാപം തോളുരുമ്മുന്ന ആള്‍ക്കൂട്ടങ്ങളിലേക്കും കൊണ്ടുപോയി. പക്ഷേ, ഉദ്യാനങ്ങളിലെ മരച്ചുവടുകളിലെ പുല്‍പ്പുറത്ത് ഞാന്‍ സ്വസ്ഥമായ ഇടങ്ങള്‍ കണ്ടെത്തി.
നടപ്പാതയിലെ സിമന്റ് ഇരിപ്പിടങ്ങള്‍ എന്നെ കെട്ടിപ്പിടിച്ചു. ഭക്ഷണശാലകള്‍ എന്നെ രുചികളില്‍ മുക്കിത്താഴ്ത്തി. വഴിതെറ്റി അലയുന്നതിലും പേടിച്ചുവിറയ്ക്കുന്നതിലും പിന്തിരിഞ്ഞോടുന്നതിലും ഞാന്‍ ഒരു കേമനായി. ഒരു പരമമണ്ടന്‍പോലും ചെന്നുകയറാത്ത കെണികളില്‍ ഞാന്‍ ചെന്നുകയറി. ചുരുക്കിപ്പറഞ്ഞാല്‍ അന്ന് മൈസൂരു പട്ടണത്തിലെ ഒന്നാം നമ്പര്‍ സ്‌കിസോഫ്രേനിക് - അലകും പിടിയുമില്ലാത്ത ഇരട്ട വ്യക്തിത്വത്തിന്റെ ഉടമ - ആരെന്നുചോദിച്ചാല്‍ അത് ഞാന്‍തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല.
ഒരുദിവസം ചാമുണ്ഡിമലയിലേക്ക് ഒറ്റയ്‌ക്കൊരു യാത്രപോകാന്‍ ഞാന്‍ തീരുമാനിച്ചു. റോഡിലൂടെയോ നടകള്‍ വഴിയോ മലകയറാനല്ലായിരുന്നു എന്റെ ഉദ്ദേശ്യം. മല ഉച്ചിയില്‍നിന്ന് ഇരുവശത്തേക്കും മെല്ലെ ചാഞ്ഞുപോയി നിരപ്പുഭൂമിയില്‍ ചെന്നുചേരുന്നത് അകലെനിന്ന് നോക്കുമ്പോള്‍ കാണാം. കോട്ടയം ജില്ലയിലെ ഇടക്കുന്നുകളില്‍നിന്ന് വന്ന ഞാന്‍ കണ്ടിട്ടുള്ളത് മലമടക്കുകളാണ്, ഒറ്റയ്ക്ക് നില്‍ക്കുന്ന മലകളല്ല. അതുകൊണ്ട്, ഒരു മല മണ്ണില്‍നിന്ന് ഉയര്‍ന്നുവരുന്ന, അഥവാ മണ്ണിലേക്ക് ചേരുന്ന, ഒരു ഇടമുണ്ട് എന്ന അറിവ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്തെല്ലാമോ അവിശ്വസനീയവും നടുക്കുന്നതുമായ രഹസ്യങ്ങള്‍ നിറഞ്ഞ ഒരിടമായിരിക്കും അതെന്ന് എനിക്കു തോന്നി. അങ്ങനെ ഒരു ഇടത്തുപോയി നില്‍ക്കാന്‍ കഴിയും എന്ന സാധ്യത എന്നെ മത്തുപിടിപ്പിച്ചു.
അങ്ങനെ ഒരുദിവസം ഉച്ചതിരിഞ്ഞ് മൂന്നോനാലോ മണിയോടെ ഞാന്‍ കൊട്ടാരവളപ്പിനുപിന്നിലൂടെ പോകുന്ന വലിയ പാതയിലെത്തി. ഒട്ടുംതന്നെ ഗതാഗതമില്ലാത്ത പാതയാണത്. അപ്പുറത്ത് കുറച്ച് താഴ്ചയില്‍ പശുക്കള്‍ മേയുന്ന വലിയ മൈതാനവും അതിനുമപ്പുറത്ത് താമസസ്ഥലങ്ങളുമുണ്ട്. അതിന്റെയുമപ്പുറത്താണ് മല ഉയര്‍ന്നുനില്‍ക്കുന്നത്. അങ്ങോട്ടുള്ള ദൂരത്തെപ്പറ്റി എനിക്ക് ഊഹംപോലുമില്ല. അങ്ങോട്ട് വഴിയുണ്ട് എന്നുപോലും എനിക്ക് തീര്‍ച്ചയില്ല.
മലയുടെ വലത്തെ ചെരിവ് നിലംതൊടുന്ന ഇടം ലക്ഷ്യംവെച്ച് ഞാന്‍ നടപ്പുതുടങ്ങി. മൈതാനം കുറകെക്കടന്ന് അപ്പുറത്തുള്ള താമസസ്ഥലങ്ങളിലെ തെരുവുകളിലൂടെ ഞാന്‍ നടന്നു. ഇടയ്ക്ക് മല കാണാതാകും. വീണ്ടും പ്രത്യക്ഷപ്പെടും. കുറേക്കൂടി മുന്നോട്ടുപോയപ്പോള്‍ താമസസ്ഥലങ്ങളുടെ സ്വഭാവം മാറി. പുറന്തള്ളപ്പെട്ട ദരിദ്രരുടെ താവളങ്ങള്‍ പട്ടണവുമായി കൂട്ടിമുട്ടുന്ന ഇടങ്ങളിലെ ജീര്‍ണിച്ച ലോകത്താണ് ഞാനിപ്പോള്‍. പാഴ്വസ്തുകൂമ്പാരങ്ങള്‍ പോലെ ചിതറിക്കിടക്കുന്ന കുടിലുകള്‍ മാത്രമാണ് അവിടെയുള്ളത്.
കുറച്ചുകഴിഞ്ഞപ്പോള്‍ അവയും അവസാനിച്ചു. കുറ്റിക്കാടുകളും പൂഴിമണ്ണും കുഴികളും പരന്നുകിടക്കുന്ന ഒരുഭൂമിയില്‍ ജീവനറ്റുകിടക്കുന്ന ഒരു വഴിയിലൂടെയാണ് ഞാന്‍ പോകുന്നത്. ആടുമാടുകളുടെ കുളമ്പടയാളങ്ങള്‍കൊണ്ട് മാത്രമാണ് അതൊരു വഴിയാണെന്ന് തിരിച്ചറിയുക. കണ്ണെത്താത്ത ഇടങ്ങളിലേക്കു നീണ്ടുപോകുന്ന തരിശുഭൂമിയും വരണ്ട് ആഴമില്ലാത്ത മണ്ണില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന കൃഷികളുമാണ് ചുറ്റും. അങ്ങുമിങ്ങും ഓരോ ആടും എരുമയും പുല്ലിലും ഇലയിലും കടിച്ചുനടക്കുന്നുണ്ട്.
കുറേസമയമായി ഞാന്‍ നടക്കുകയാണ്. വന്നവഴിയിലേക്കു ഞാനൊന്നു തിരിഞ്ഞുനോക്കി. പട്ടണം അകലേക്ക് മാഞ്ഞുപോയിരിക്കുന്നു എന്നുകണ്ട് ഞാന്‍ ഞെട്ടി. ഞാന്‍ നടപ്പുതുടര്‍ന്നു. പക്ഷേ, മുന്നില്‍ മലയും അകന്നുപൊയ്‌ക്കൊണ്ടേയിരിക്കുകയാണ്. എന്റെ നടപ്പ് എന്നെ അതിലേക്ക് അടുപ്പിക്കുന്നില്ല. മലയിലേക്കുള്ള ദൂരത്തെപ്പറ്റിയുള്ള എന്റെ മനക്കണക്ക് തെറ്റിയിരിക്കുന്നു. വിഷണ്ണതയോടെ ഞാന്‍ മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഞാന്‍ വീണ്ടും നിന്നു തിരിഞ്ഞുനോക്കി. സൂര്യന്‍ ചക്രവാളത്തിലേക്കു താഴുകയാണ്. സന്ധ്യ ഭൂമിയുടെമേല്‍ പതിയുകയാണ്.
പട്ടണത്തിന്റെ മങ്ങിയരൂപത്തില്‍ അങ്ങിങ്ങ് വെളിച്ചങ്ങള്‍ തെളിഞ്ഞുതുടങ്ങി. എന്റെ കണക്കെല്ലാം തെറ്റിയെന്ന് വ്യക്തമായി. മാത്രമല്ല, ഇതുവരെ കാണാത്ത ഒരു കുന്ന് മലയ്ക്കും എനിക്കുമിടയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എരുമകളും ആടുകളും അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ പരിപൂര്‍ണമായും ഒറ്റയ്ക്കാണെന്നും മല എന്റെ പിടിക്കപ്പുറത്താണെന്നും എനിക്ക് മനസ്സിലായി. ചാമുണ്ഡിമല എത്രയോ പതിനായിരം വര്‍ഷങ്ങളായി അവിടെ നില്‍ക്കുന്നെന്നും അതിന് എന്നോട് യാതൊരു അലിവുമില്ലെന്നും ഞാന്‍ മനസ്സിലാക്കി.
ഞാന്‍ അല്പദൂരംകൂടി നിരാശയോടെ നടന്നു. എന്നിട്ട് നടപ്പുനിര്‍ത്തി ചുറ്റുംനോക്കി. സന്ധ്യ കൂടുതല്‍ ഇരുളുകയാണ്. എന്റെ ചെവികളില്‍ ഒരു വല്ലാത്ത നിശ്ശബ്ദത ചൂളമടിച്ചു. അകലെ ഒരു മിന്നാമിനുങ്ങിന്‍കൂട്ടം പോലെ തെളിഞ്ഞുകാണപ്പെട്ട പട്ടണവെളിച്ചം എന്റെ ഒറ്റപ്പെടലിനെ കൂടുതല്‍ പേടിപ്പിക്കുന്നതാക്കി. അതിന്റെ കണ്‍വെട്ടത്തില്‍തന്നെയാണ് ഞാന്‍ മറ്റൊരു പ്രപഞ്ചത്തില്‍പെട്ടുപോയിരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എന്റെ പരിഭ്രമം വര്‍ധിച്ചു.
'മൈസൂരു മല്ലിഗെ'യുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിരിച്ചുപോകാനുള്ള വഴി മങ്ങുന്നത് ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ക്കുമുന്‍പില്‍ ചാമുണ്ഡിമല വീണ്ടും ഇരുളുന്നതു കണ്ടുകൊണ്ട് മൈസൂരുവില്‍ ഞാനതുവരെ കണ്ടിട്ടില്ലാത്തതും എനിക്ക് മനസ്സിലാകാത്തതുമായ ഒരാകാശത്തിനുകീഴില്‍ ഞാന്‍ അനക്കമില്ലാതെ നിന്നു. പെട്ടെന്ന് ആരോ തുറന്നുവിട്ടതുപോലെ തണുപ്പുപരന്നു.
ഞാന്‍ കിടുകിടാ വിറച്ചു. വല്ലാത്ത ഒരു പേടിയോടെ തിരിച്ചുനടന്നുതുടങ്ങി. എന്റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ചക്രവാളത്തില്‍ കാണപ്പെട്ട പട്ടണത്തിന്റെ വെളിച്ചമാണ് ഞാന്‍ ഉന്നംവെച്ചത്. വഴിയടയാളങ്ങള്‍ ഉണ്ടായിരുന്നത് കാണാതായിക്കഴിഞ്ഞിരുന്നു.
തുടരും
Content Highlights: Paul Zacharia writes column 'Mysooru mallige'
Published: 04 Aug 2024, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented