പെട്ടെന്നാണ് ആരോ, എന്തോ, എന്നെ പിന്തുടരുന്നുവെന്ന് എനിക്കുതോന്നിയത്. ആരോ, എന്തോ, എന്റെ തൊട്ടുപിന്നിലുണ്ട്, തൊട്ടടുത്താണെന്ന് എനിക്കുതോന്നി. ഞാന്‍ ചാടിത്തിരിഞ്ഞ് പുറകിലേക്കുനോക്കി. ഒന്നുമില്ല. പരന്നുകിടക്കുന്ന ഭൂമി സന്ധ്യയിലേക്ക് മായുന്നു. ചാമുണ്ഡി ഇരുട്ടിന്റെ ശീല പുതയ്ക്കുന്നു. അത്രമാത്രം.
ഞാന്‍ നടപ്പ് തുടര്‍ന്നു. താമസിയാതെ ഞാന്‍ ഒറ്റയ്ക്കല്ലെന്ന് എനിക്ക് തീര്‍ച്ചയായി. എന്റെ കാലടിപ്പാടുകളില്‍ ചവിട്ടിയെന്നെപോലെ എന്തോ എന്നെ പിന്തുടരുന്നുണ്ട്. ഞാന്‍ നീങ്ങുമ്പോള്‍ അതും നീങ്ങും. ഞാന്‍ നില്‍ക്കുമ്പോള്‍ അതും നില്‍ക്കും. ഞാന്‍ ചെവിയോര്‍ക്കുന്നത് അത് നോക്കിനില്‍ക്കുന്നുണ്ടെന്നും ഞാന്‍ പേടിക്കുന്നത് അത് കാണുന്നുണ്ടെന്നും എനിക്കുറപ്പായി. എന്തായിരിക്കാം കാണാന്‍പോകുന്നതെന്ന കിടിലംകൊള്ളിക്കുന്ന ഭീതിയോടെയാണ് ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കിയത്. പക്ഷേ, വീണ്ടും, ഒന്നുമില്ല. മല അനക്കമില്ലാതെ നില്‍ക്കുന്നു.
Also Read
രാത്രി അടുത്തെത്തിയിരിക്കുന്നു. ഞാന്‍ മുന്നോട്ടുനീങ്ങുംതോറും എന്റെ പിന്നിലുള്ളതിന്റെ നിരന്തരനിരീക്ഷണത്തിലാണ് ഞാന്‍ എന്നതിനെപ്പറ്റി എനിക്ക് സംശയമില്ലാതായി. അതെന്നെ തൊട്ടുതൊട്ട് പിന്നാലെയുണ്ട്. ഞാന്‍ സഹായത്തിനായി ചക്രവാളത്തിലെ നഗരപ്രകാശത്തിലേക്ക് നോക്കി. പക്ഷേ, അത് തെളിഞ്ഞത് മറ്റൊരുലോകത്തായിരുന്നു. ഞാന്‍ മറ്റേതോ ശക്തികള്‍ പാര്‍ക്കുന്ന മറ്റൊരുലോകത്തിലും. ഞാന്‍ ഒന്നലറി. എന്നിട്ട് കുതിച്ചുപാഞ്ഞു.
എന്നെ പിന്തുടരുന്നതെന്തോ അതും ഒറ്റലക്ഷ്യം ഉന്നംവച്ച് പാഞ്ഞുവരുന്ന അസ്ത്രംപോലെ എന്റെ പിന്നിലുണ്ട്. ഞാന്‍ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടി. എന്റെ നിലവിളിയുടെ ശബ്ദം എനിക്ക് ആശ്വാസം നല്‍കി. കുറ്റിച്ചെടികള്‍ ഉരഞ്ഞ് ദേഹം മുറിഞ്ഞു. അതിവേഗം വന്നടിഞ്ഞുകൊണ്ടിരുന്ന ഇരുട്ടിലൂടെ ഞാന്‍ കിതച്ചുകൊണ്ട് ഓടി.
കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ പിന്നിലുണ്ടായിരുന്നത് മാഞ്ഞുപോയിത്തുടങ്ങിയെന്ന് എനിക്ക് തോന്നി. കുറെക്കൂടി കഴിഞ്ഞപ്പോള്‍ അത് ഇല്ലാതായി. എനിക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യമുണ്ടായില്ല. പാവങ്ങളുടെ കുടിലുകളുടെ ആദ്യത്തെ കൂട്ടത്തിലെത്തുംവരെ ഞാന്‍ ഓടി. അവരുടെ മണ്ണെണ്ണവിളക്കുകള്‍ കത്തുന്നുണ്ടായിരുന്നു.
സ്ത്രീകള്‍ തീയെരിയുന്ന അടുപ്പുകളില്‍ ആഹാരമുണ്ടാക്കുകയായിരുന്നു. ഞാന്‍ ചാണകവരടിപ്പുക മണത്തു. അവര്‍ക്കിടയിലൂടെ, ഏതൊരു വഴിപോക്കനെയുംപോലെ, ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ, ഞാന്‍ കടന്നുപോയി. അവരുടെ വിളക്കുകളുടെ വെളിച്ചത്തില്‍നിന്ന് ഒരു വിളിപ്പാടകലെയാണ് ഞാന്‍ മറ്റൊരു പ്രപഞ്ചത്തില്‍നിന്ന് ഓടിരക്ഷപ്പെട്ടതെന്നെനിക്ക് വിശ്വസിക്കാന്‍കഴിഞ്ഞില്ല. അങ്ങനെയൊരു അനുഭവമുണ്ടായ മനുഷ്യനാണ് അവര്‍ക്കിടയിലൂടെ കടന്നുപോയതെന്ന് അവരുമറിഞ്ഞില്ല.

എന്തായിരുന്നു എന്റെ പിറകേവന്നത്? പ്രേതമോ? പിശാചോ? ദൈവമോ? അതോ ചാമുണ്ഡിമല ഒരു കിങ്കരശക്തിയെയയച്ച് അതിന്റെ രഹസ്യങ്ങളില്‍നിന്ന് എന്നെ തുരത്തിയതോ? അതോ അനുവാദമില്ലാതെ കടന്നുകയറിയ പരദേശിയെ ആ കുറ്റിക്കാടുകള്‍ ഒരു ഇന്ദ്രജാലംകൊണ്ട് പേടിപ്പിച്ചോടിച്ചതോ? അതുമല്ല പ്രപഞ്ചത്തില്‍നിന്ന് ഉതിര്‍ന്നുപോന്ന ഏതോ കാന്തശക്തിയുടെ തരി അമ്മയില്ലാത്ത ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ എന്റെ പിന്നാലെകൂടിയതോ?
എനിക്കുതോന്നുന്നത് അത് ഞാന്‍തന്നെയായിരുന്നുവെന്നാണ്. പേടിത്തൊണ്ടനും മണ്ടനുമായ എന്റെ ഇരട്ടപിറന്ന മനസ്സിന്റെ കോണോ മൂലയോ ആ വിചിത്ര ഭീകരസന്ധ്യയിലേക്ക് അടര്‍ന്നുവീണിട്ടുണ്ടാവും. അത് ഭൂമിയില്‍ പതിച്ച് ഒറ്റപ്പെട്ടുപോയ ഒരു പരഗ്രഹജീവിയെപ്പോലെ എന്റെ പിന്‍വാങ്ങുന്ന കാലടികള്‍ക്കുപിന്നാലെ പതുങ്ങിവന്നതായിരിക്കാം. എന്നെപ്പോലെത്തന്നെ അതും പേടിച്ചുവിറച്ചിട്ടുണ്ടാവണം. ഒരുപക്ഷേ, ഇപ്പോഴും അതവിടെ അലയുന്നുണ്ടാവും.
കോളേജിലെ ഏതാണ്ടെല്ലാ പെണ്‍കുട്ടികളോടും എനിക്ക് പ്രണയമായിരുന്നു. അവരെയെല്ലാം ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചു -അവരതറിഞ്ഞില്ലെന്നു മാത്രം. അവരില്‍ ചിലര്‍ക്ക് ഒരു വിചിത്ര കളിപ്പാട്ടത്തിനോടെന്നപോലെ എന്നോടിഷ്ടമായിരുന്നു. പക്ഷേ, അടുക്കാന്‍ അവര്‍ അനുവദിച്ചാലുടന്‍ ഞാന്‍ പിന്നാക്കംപോയിത്തുടങ്ങും. അവരെ ഏതോ വിദൂരലോകത്തുനിന്നിറങ്ങിവന്ന അദ്ഭുതജീവികളായി എനിക്കുള്ളില്‍ ചിത്രീകരിക്കും. അവരെക്കണ്ടാല്‍ ഞാന്‍ ഒഴിഞ്ഞുമാറും. എനിക്കെന്തോ അക്ഷരത്തെറ്റുണ്ടെന്ന് അവര്‍ വിചാരിച്ചുവെങ്കില്‍ അത് ശരിയായിരുന്നു.
ഒരുദിവസം എന്റെ സഹപാഠി ഇംഗ്ലീഷ് പറഞ്ഞുകൊടുക്കാന്‍ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഇംഗ്ലീഷില്‍ എനിക്ക് എന്തോ പ്രാവീണ്യമുണ്ടെന്ന് പൊതുവില്‍ ഒരു ധാരണയുണ്ടായിരുന്നു. അവള്‍ കോളേജിലെ സ്‌പോര്‍ട്‌സ് താരം മാത്രമല്ല, സൗന്ദര്യതാരവുമായിരുന്നു -എന്റെ മറ്റേ സഹപാഠിയെപ്പോലെ. അവള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമെന്ന സൂചനയും തന്നിരുന്നു. അക്കാലത്ത് എനിക്ക് ചെരിപ്പുകിട്ടിയിട്ടില്ല. പാന്റും കിട്ടിയിട്ടില്ല. ഞാന്‍ നഗ്നപാദനും മുണ്ടുടുത്തവനുമായ ഒരു പ്രണയിയായിരുന്നു.
ഹോസ്റ്റലില്‍നിന്ന് അവളുടെ വീടിരുന്ന എന്‍.ആര്‍. മൊഹല്ലയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം ഞാന്‍ താങ്ങാനാവാത്തത് വിഴുങ്ങിയ ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു. വഴിയരികില്‍ വേലിയായി വളര്‍ത്തിയ കള്ളിമുള്‍ച്ചെടികളുടെ ഇലകളിലെ പുഴുക്കളെ ദീര്‍ഘസമയം പരിശോധിച്ചു. അലക്കുകാരുടെ വിജനമായ കുളത്തിലേക്ക് തുറിച്ചുനോക്കിനിന്നു. അതിലേക്ക് കല്ലെടുത്തെറിഞ്ഞു. ഒരിടത്ത് നിര്‍ത്തിയിട്ടിരുന്ന കുതിരയില്ലാത്ത ഒരു കുതിരവണ്ടിയെ അടിമുടി ഗവേഷണംചെയ്തു.
മൊഹല്ലയിലേക്കുള്ള ചെറുകയറ്റം ഗാഗുല്‍ത്താമലയെന്നപോലെ കയറി. അപ്പോഴേക്കും ഇരുട്ടി. ഞാന്‍ അവളുടെ വീടിനെതിര്‍വശത്തെ മരങ്ങളുടെ നിഴലിലൊളിച്ചുനിന്ന് അവള്‍ എന്നെ കാത്തുനില്‍ക്കുന്നതും വരാന്തയിലൂടെ നടക്കുന്നതും കസാലയിലിരിക്കുന്നതും വീക്ഷിച്ചു. എന്നിട്ട്, പാത്തും പതുങ്ങിയും, നാണംകെട്ട്, പരാജിതനായി, വേദനിക്കുന്ന ഹൃദയവുമായി മടങ്ങിപ്പോന്നു.
എന്നെ ആശ്വസിപ്പിച്ചത് മുദൃപ്രകാശത്തോടെ ഉദിച്ചുയര്‍ന്ന ചന്ദ്രനും എവിടെനിന്നോ നക്ഷത്രങ്ങള്‍ക്കുകീഴിലൂടെ ഒഴുകിവന്ന പാട്ടുമായിരുന്നു. എന്റെ കുഴഞ്ഞുമറിഞ്ഞ മനസ്സിനെ തലോടിക്കൊണ്ട് റഫി പാടി: 'കോയി സോനേ കെ ദില്‍വാലാ...' ആ സാഹസികസഞ്ചാരത്തിന് ഞാന്‍ വലിയൊരു വിലകൊടുത്തു. ഹോസ്റ്റലില്‍ താമസിച്ചെത്തിയതിന് നാലണ ഫൈന്‍. ജൂക്ക് ബോക്‌സിലെ ഒരു പാട്ടിന്റെ വില. പരാജയം മുന്‍കൂര്‍ ഏറ്റുവാങ്ങിയ ഒരു കാമുകനേറ്റ രണ്ടാംപ്രഹരമായിരുന്നു അത്. പിറ്റേന്ന് ക്ലാസില്‍ കണ്ടപ്പോള്‍ വിളറിയ മുഖവുമായിനിന്ന എനിക്ക് അവള്‍ ഒരു കയ്പ്പുള്ള പുഞ്ചിരി നല്‍കി. എന്നിട്ട് അനുകമ്പയോടെ നോക്കിക്കൊണ്ട് പറഞ്ഞു: ''നീ ഒളിച്ചുനില്‍ക്കുന്നത് ഞാന്‍ കണ്ടു.'' ഞാന്‍ തരികളായി പൊളിഞ്ഞുവീണു.
ആര്‍.കെ. നാരായണ്‍ അന്ന് മൈസൂരുവില്‍ താമസിക്കുന്നുണ്ട്. യു.ആര്‍. അനന്തമൂര്‍ത്തി യുവരാജാസ് കോളേജില്‍ ട്യൂട്ടറായി ചേര്‍ന്നതേയുള്ളൂ. പ്രൊഫ. സി.ഡി. നരസിംഹയ്യയാണ് ഇംഗ്ലീഷ് പഠനത്തിന്റെയും ഇന്‍ഡ്യന്‍ ഇംഗ്ലീഷ് സാഹിത്യപഠനങ്ങളുടെയും മുടിചൂടാമന്നന്‍. ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. സര്‍ദാര്‍ കെ.എം. പണിക്കരാണ് മൈസൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെന്ന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ നോവല്‍ കേരളസിംഹം ഞാന്‍ വായിച്ചിരുന്നു. കന്നഡയിലെ മഹാരഥന്മാരായ എഴുത്തുകാരുടെ ഒരു നിരതന്നെ അന്ന് മൈസൂരുവിലുണ്ട്. പക്ഷേ, എനിക്കിതിലൊക്കെ എന്തുകാര്യം?
എന്റെ മൈസൂരു സിനിമാ തിയേറ്ററുകളുടെയും സിറ്റി മാര്‍ക്കറ്റിന്റെയും ഊടുവഴികളുടെയും മസാലദോശയുടെയും കാപ്പിയുടെയും കോഫിഹൗസിലെ ജൂക്ക് ബോക്‌സിന്റെയും ഉന്തുവണ്ടികളിലെ പലഹാരങ്ങളുടെയും ലോകമായിരുന്നു. പിന്നെ തെരുവോരത്ത് അങ്ങുമിങ്ങും കൂട്ടിയിട്ടിരുന്ന പഴയ പുസ്തകങ്ങളുടെ കൂമ്പാരങ്ങളുടെയും. ഓരോ കൂമ്പാരവും ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക് ഗ്രന്ഥങ്ങളുടെ രത്‌നഖനിയായിരുന്നു.
അരനൂറ്റാണ്ടും ഒരുനൂറ്റാണ്ടുംമുമ്പ് ഇംഗ്ലീഷ് സാഹിത്യം ഉരുക്കഴിച്ച കന്നഡിഗ മുത്തച്ഛന്മാരുടെ പുസ്തകങ്ങള്‍ പുതുതലമുറ തൂക്കിവിറ്റതാണ് തെരുവിലെത്തിയത്. അവയ്ക്ക് കടലാസ് വിലയ്ക്കപ്പുറത്ത് ഒരു വിലയുണ്ടെന്ന് ആക്രിക്കച്ചവടക്കാര്‍ക്കെങ്കിലും മനസ്സിലായതുകൊണ്ടാണ് അവയ്ക്ക് അങ്ങനെയൊരു ജീവന്‍ കിട്ടിയത്.
ഞാന്‍ അവയുടെ മുമ്പില്‍ കുത്തിയിരുന്ന് കൈകള്‍ അഴുക്കും പൊടിയുംകൊണ്ട് കറുക്കുംവരെ പുസ്തകങ്ങള്‍ തപ്പും. വിലപേശും: 'അയ്‌വത്തു (അമ്പത്) പൈസ', വില്‍പ്പനക്കാരന്‍ പറയും. 'ഇല്ലാരെ, ഇപ്പത്തു (ഇരുപത്)' ഞാന്‍ പറയും. അവസാനം ഇരുപത്തഞ്ച് പൈസയ്ക്ക് കച്ചവടമുറപ്പിക്കും. 1841-ല്‍ അച്ചടിച്ച സ്വര്‍ഗീയമനോഹരമായ ചിത്രങ്ങളും താളുകള്‍ക്ക് സ്വര്‍ണനിറം പൂശിയ അരികും ചുവന്നതുകല്‍കൊണ്ടുള്ള പുറംചട്ടയും 400 പേജുമുള്ള ടെന്നിസന്റെ സമ്പൂര്‍ണകവിതകളുടെ വിലയാണത്.
പക്ഷേ, ഞാന്‍ ഹൃദയംപൊട്ടിക്കൊണ്ടാണ് ആ ഇരുപത്തഞ്ചുപൈസ അഥവാ നാലണ എടുത്തുകൊടുക്കുക. ദൈവം ജൂക്ക് ബോക്‌സിലെ ഒരു പാട്ടിന് ഈടാക്കുന്ന വിലയാണത്. എന്നാല്‍, എനിക്ക് പുസ്തകവും വേണം, പാട്ടും വേണം. അതുകൊണ്ട് ഞാന്‍ എന്റെ പ്രിയപ്പെട്ട സൈക്കിള്‍ മാര്‍വാഡിക്ക് പണയംവെക്കും.
എന്റെ പ്രിയപ്പെട്ട വാച്ച് പണയംവെക്കും. ഉരുളികുന്നത്തുനിന്ന് അപ്പന്‍ മാസത്തിലൊരിക്കല്‍ അയക്കുന്ന മണിയോര്‍ഡറും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ ജോലിചെയ്യുന്ന ജ്യേഷ്ഠന്‍ ഇടയ്ക്കിടെ തരുന്ന പോക്കറ്റ് മണിയുമെല്ലാം കൂട്ടിക്കുഴച്ച് ദുരുപയോഗപ്പെടുത്തി ഇന്നില്‍നിന്ന് നാളെയിലേക്ക് രണ്ടുകൈയുംവിട്ട് ജീവിച്ചു.
'മൈസൂരു മല്ലിഗെ'യുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വഴിയോരപലഹാരങ്ങള്‍ തിന്ന് വയറിളക്കം ശീലമായി. അതുപോലെത്തന്നെ പനിയും. അതിനിടയിലൂടെ മനസ്സിനെ ശാന്തമാക്കാനുള്ള (മനോരോഗികളെ ശാന്തരാക്കുകയാണ് അതിന്റെ ഉപയോഗമെന്ന് വളരെക്കാലത്തിനുശേഷമാണ് അറിഞ്ഞത്) ഒരു ഗുളികയും തിന്നും.
പരീക്ഷക്കാലത്ത് ആത്മവിശ്വാസത്തിന് കൂട്ടുകാരും ഞാനും കഴിച്ചിരുന്നതായിരുന്നു അത്. പക്ഷേ, ഞാനത് ഇടയ്‌ക്കെല്ലാം കഴിച്ചു. ഹാ! ഹാ! എന്തുസുഖം! ഡോക്ടറുടെ നിര്‍ദേശത്തില്‍ കഴിക്കേണ്ട ആ ഗുളിക എങ്ങനെ മരുന്നുകടക്കാര്‍ ഞങ്ങള്‍ക്ക് യഥേഷ്ടം തന്നു എന്നതൊരദ്ഭുതമാണ്. മൈസൂരുവില്‍ എന്നെ ആലിംഗനംചെയ്യുമെന്ന് പ്രതീക്ഷിച്ച പാപങ്ങളുടെ പറുദീസ ഉണങ്ങിവരണ്ട കഷ്ടാനുഭവങ്ങള്‍ നിറഞ്ഞ ഒരു മരുഭൂമിയായി. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുടെ പിന്നാലെ ഭൂമിയുടെ അറ്റങ്ങളിലേക്ക് നടന്ന് അവള്‍ വീട്ടില്‍ക്കയറി കതകടയ്ക്കുന്നത് ഞാന്‍ നിര്‍ന്നിമേഷനായി നോക്കിനില്‍ക്കും. എന്നിട്ട് വഴിതെറ്റി അലഞ്ഞും ഭയന്നും തളര്‍ന്നും മൈസൂരുവിന്റെ സുഗന്ധങ്ങളും ദുര്‍ഗന്ധങ്ങളും ശ്വസിച്ചുകൊണ്ട് മടങ്ങും.
തുടരും
Content Highlights: Paul Zacharia writes column 'Mysooru mallige'
Published: 11 Aug 2024, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented