ഫിലോമിനാസ് കോളേജില്‍നിന്ന് പട്ടണത്തിലേക്ക് പോകാനായി നടന്നുതുടങ്ങിയാലുടന്‍ ഇടതുവശത്ത് ഒരു മരക്കൂട്ടവും അതിനു കുറച്ചപ്പുറത്ത് പകല്‍നീളെ എരുമകള്‍ മുങ്ങിയും പൊങ്ങിയും കിടക്കുന്ന ഒരു കുളവും ഉണ്ടായിരുന്നു. കുളത്തിന്റെ കരയില്‍ മെലിഞ്ഞ് എല്ലുംതൊലിയുമായ കുറച്ചു പെണ്‍കുട്ടികള്‍ ചാണകവരടി ഉണ്ടാക്കി ഉണക്കാന്‍ വെക്കുകയും ഉണങ്ങിയത് അട്ടിയടുക്കുകയുംചെയ്യും. എന്റെ കണ്ണുകള്‍ അവരിലേക്ക് സഞ്ചരിക്കും. പട്ടണത്തില്‍ നിറഞ്ഞുതൂവുന്നു എന്ന് ഞാന്‍ വിഭാവനംചെയ്ത കാമത്തിന്റെ അടയാളങ്ങളാണ് ഞാന്‍ അവരില്‍ തേടിയത്. എന്നെ തിരിച്ചുനോക്കിയത് ശൂന്യമായ കണ്ണുകളില്‍നിന്ന് ഉദാസീനവും പരിക്ഷീണവുമായ പട്ടിണിമാത്രം.

To advertise here,

ആ മരക്കൂട്ടത്തിലെ ഒരു മരവും എനിക്ക് പരിചയമുള്ളതായിരുന്നില്ല. എന്തിനോവേണ്ടി കൂട്ടംകൂടിയശേഷം പിരിയാന്‍ മറന്നതുപോലെ അവ അവിടെ നിലകൊണ്ടു. എന്റെ കണ്ണുകളില്‍ ആ മരക്കൂട്ടം വിദൂരാകാശപാതയില്‍ മരവിച്ചുപോയ ഒരു ഗ്രഹത്തെപ്പോലെ അകലെയും അന്യവുമായി കാണപ്പെട്ടു. ഞാന്‍ കോളേജിലുണ്ടായിരുന്ന മൂന്നു വര്‍ഷത്തിലൊരിക്കല്‍പ്പോലും പുല്ലും കുറ്റിക്കാടും കരിയിലയുംനിറഞ്ഞ കുറച്ചുദൂരം നടന്ന് ആ മരക്കൂട്ടത്തില്‍ കയറിച്ചെന്ന് അതിന്റെയുള്ളിലെ ഏകാന്തതയെ അളക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. പക്ഷേ, അത് എന്നെ എന്നും മാടിവിളിച്ചു. ഇവിടന്ന് ഫിലോമിനാസ് പള്ളിവരെ പാത ഒരു കയറ്റമാണ്. പ്രായംകൊണ്ട് മുഴകള്‍വീണ് വിണ്ടുകീറിയ മരങ്ങളാണ് ഇരുവശത്തും. ആള്‍സഞ്ചാരമില്ലെന്നുതന്നെ പറയാം. 

ഉറങ്ങിക്കൊണ്ടെന്നപോലെ ഇഴയുന്ന ഒരു കാളവണ്ടിയുണ്ടാവാം. ഉന്തുന്ന സൈക്കിളില്‍ കെട്ടിവെച്ച പാല്‍പ്പാത്രവും പിന്നില്‍ കെട്ടിയ കയറിന്റെ അറ്റത്ത് തലകുലുക്കിക്കൊണ്ട് നടക്കുന്ന പശുവുമായി പതുക്കെ കയറ്റംകയറുന്ന ഒരു പാല്‍ക്കാരനുണ്ടാവാം. എന്‍ജിനില്‍നിന്ന് ഭയങ്കര നിലവിളിയുയര്‍ത്തിക്കൊണ്ടും പുകപരത്തിക്കൊണ്ടും നിരങ്ങുന്ന ഒരു ബെംഗളൂരു ബസ് ഉണ്ടാവാം. പൊടിയിലും ചെളിയിലും മുങ്ങി തലയില്‍ കുട്ടകളും കൈയില്‍ കൂന്താലിയും വെട്ടുകത്തിയുമായി നടന്നുനീങ്ങുന്ന കൃഷിപ്പണിക്കാരും. സന്ധ്യമയങ്ങിയാല്‍ പാത പൂര്‍ണമായും വിജനമാണ്. അപ്പോഴാണ് മാറ്റിനിപ്പടം കണ്ടുവരുന്ന ഞങ്ങള്‍ ഹോസ്റ്റല്‍ ഗേറ്റ് അടയ്ക്കുംമുമ്പ് കൂടണയാന്‍ അതിലേ പായുന്നത്. ഞങ്ങളുടെ ഓടിയും നടന്നും പോകുന്ന രൂപങ്ങള്‍ സന്ധ്യയുടെ വേഷംമാറ്റങ്ങളുടെ ഭാഗമായിത്തീരുന്നു.

ആകാശത്തില്‍ മേഘങ്ങളുടെ ഓറഞ്ച് നിറത്തിലേക്ക് കറുപ്പ് പടരുന്നു. തലയ്ക്കുമുകളിലെ മരങ്ങളില്‍നിന്ന് ഭൂതഭാഷണംപോലെ പക്ഷികളുടെ വര്‍ത്തമാനം പൊഴിയുന്നു. ഞങ്ങളുടെ പാദങ്ങള്‍ക്കടിയില്‍ രാത്രി മൂടല്‍മഞ്ഞുപോലെ നുഴഞ്ഞുകയറുന്നു. അകലെ അങ്ങുമിങ്ങും മിന്നിത്തുടങ്ങുന്ന വെളിച്ചങ്ങള്‍ ഞങ്ങളുടെ ആശങ്കകളെ വര്‍ധിപ്പിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. ഡിസൂസ താമസിച്ചുവരുന്നവരെ പിടികൂടാന്‍ ഒന്നാംനിലയിലെ ബാല്‍ക്കണിയില്‍  ചുരുട്ട് പുകച്ചുകൊണ്ട് കാത്തുനില്‍ക്കുന്നത് ഞങ്ങള്‍ മനസ്സില്‍കാണുന്നു. അദ്ദേഹം കാവല്‍ക്കാരനോട് ഗേറ്റ് പൂട്ടാന്‍ പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം എന്ന് ഞങ്ങള്‍ക്കുതോന്നുന്നു. ഞങ്ങള്‍ ഓടുന്നു. ഞങ്ങള്‍ക്ക് പിന്നില്‍ പട്ടണം അതിന്റെ വെളിച്ചങ്ങള്‍ കത്തിച്ചുപിടിച്ചുകഴിഞ്ഞു. അപ്പോള്‍ എവിടെനിന്നോ ഒരു പാട്ട് ഇരുട്ടിലൂടെ ചിറകുവിരിച്ചെത്തി ഞങ്ങളെ തഴുകുന്നു.

placeholder
ചിത്രീകരണം: ദേവപ്രകാശ്‌

നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങുന്ന ആകാശത്തിലൂടെ ലതാമങ്കേഷ്‌കറുടെ മോഹനശബ്ദം രാപ്പാടിയെപ്പോലെ പാടുന്നു: 'പംഖ് ഹേതോ ഉഡ് ആത്തീരേ...' ചിറകുണ്ടായിരുന്നെങ്കില്‍ പറന്നുവരുമായിരുന്നു... ഞങ്ങളുടെ ഭീതികളെ അത് അലിയിക്കുന്നു. വിയര്‍ത്തുകുളിച്ച് ഹോസ്റ്റല്‍ നടയിലെത്തുമ്പോള്‍ ഗേറ്റ് തുറന്നുകിടക്കുകയാണ്! ഡിസൂസ അച്ചന്‍ ചുരുട്ട് പുകച്ചുകൊണ്ട് ബാല്‍ക്കണിയിലെ ചാരുകസേലയിലിരുന്നു ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ പാട്ടുകേള്‍ക്കുകയാണ്. ഹാ! ഹാ!. 

കൂര്‍ത്ത മുനകളുള്ള, ആകാശംമുട്ടുന്ന കരിങ്കല്‍ക്കൂനപോലെ തോന്നിക്കുന്ന ഒരു സൗധമാണ് സെയ്ന്റ് ഫിലോമിനാസ് പള്ളി. അവിടെയാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം പട്ടണം ആരംഭിക്കുന്നത്. പള്ളിയുടെ ഒരു വശത്തുള്ള സൈക്കിള്‍ക്കടകളില്‍നിന്ന് വാടകയ്‌ക്കെടുത്ത സൈക്കിളിലോ നടന്നോ പട്ടണത്തിന്റെ ഒരിക്കലും ഞങ്ങള്‍ക്ക് മടുക്കാത്ത തിരക്കിലേക്ക് യാത്രയാകുന്നു. മാര്‍വാടികളുടെ പണയക്കടകള്‍ നിരന്നിരിക്കുന്ന അശോകാറോഡിലൂടെ പോകുന്നു. അവിടെയാണ് ഞാന്‍ എന്റെ അഭിമാനപാത്രമായ ഹെര്‍ക്കുലീസ് സൈക്കിളും ഏറ്റവും പ്രിയങ്കരമായ ഫാവ്ര്‍ലൂബാ വാച്ചും മാറിമാറി അഞ്ചുമുതല്‍ ഏഴുവരെ രൂപയ്ക്ക് പണയംവെക്കുന്നത്. 

നെഹ്‌റു സര്‍ക്കിളില്‍ വലതുതിരിഞ്ഞ് ഇര്‍വിന്‍ റോഡിലൂടെ പോയി വീണ്ടും ഇടതുതിരിഞ്ഞ് സായാജി റാവു റോഡിലൂടെ താഴേക്ക് പോകുമ്പോള്‍ അതാ നില്‍ക്കുന്നു, രണ്ട് രാജാക്കന്മാര്‍. എ.ആര്‍. സര്‍ക്കിളില്‍ കൃഷ്ണരാജ വൊഡയാറും അതിനപ്പുറത്ത് ചാമരാജ വൊഡയാറും. അവരുടെ തടിയന്‍കിരീടങ്ങളിലും നീണ്ട അലങ്കാരക്കുപ്പായങ്ങളിലും നിറയെ പക്ഷിക്കാഷ്ഠത്തിന്റെ വെടിച്ചില്‍പ്പാടുകള്‍. മാര്‍ബിള്‍ മണ്ഡപങ്ങളില്‍നിന്നുകൊണ്ട് അവര്‍ പട്ടണത്തെ വെറുതേ നോക്കുകയാണ്. ഒന്നും അവരറിയുന്നില്ല. ഒന്നും അവരെ ബാധിക്കുന്നില്ല. മറവിരോഗംവന്ന് അവനവനിലേക്ക് മുങ്ങിപ്പോയ മുന്‍ രാജാപ്പാര്‍ട്ട് നടന്മാരെപ്പോലെ അവര്‍ അനാഥരായി ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ മരവിച്ചുനില്‍ക്കുന്നു.

അവര്‍ നല്ലരാജാക്കന്മാരായിരുന്നോ മോശക്കാരായിരുന്നോ എന്നൊന്നും ഞങ്ങള്‍ അന്വേഷിച്ചില്ല. അറിയാന്‍ താത്പര്യവുമില്ലായിരുന്നു. അവര്‍ എന്നുമവിടെയുണ്ട് എന്നതായിരുന്നു ഞങ്ങളുടെ സന്തോഷം. കൃഷ്ണരാജ വൊഡയാറുടെ പ്രതിമയില്ലാത്ത ഒരു കെ.ആര്‍. സര്‍ക്കിള്‍ ഞങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍തന്നെ ഇല്ലാതായിപ്പോകുമായിരുന്നിരിക്കാം. വൊഡയാര്‍മാരുടെ കൊട്ടാരം തൊട്ടപ്പുറത്താണ്. വലിയ ചുറ്റുഭിത്തിക്കുപിന്നില്‍ അതിന്റെ മാളികകളും താഴികക്കുടങ്ങളും ഒരു മാന്ത്രികമലയില്‍ ആവാഹിച്ചുവെച്ച രൂപങ്ങളെപ്പോലെ ഉയര്‍ന്നുനിന്നു. എന്തുകൊണ്ടോ രണ്ടണയുടെ ടിക്കറ്റ് മേടിച്ച് കൊട്ടാരവളപ്പില്‍ കയറിപ്പോകാനുള്ള ആഗ്രഹം ഞങ്ങള്‍ക്കുണ്ടായില്ല. പക്ഷേ, തെക്കേ കവാടത്തിന് ഒരുവശത്തുള്ള അമ്പലത്തില്‍ ഞങ്ങള്‍ തൊഴാനെന്നപോലെ പോയി.

placeholder
ചിത്രീകരണം: ദേവപ്രകാശ്‌

ഞങ്ങളുടെ ഉദ്ദേശ്യം തൊഴലല്ല. അമ്പലത്തിന്റെ ഭിത്തിയില്‍ ഉയരത്തില്‍ കരിങ്കല്ലില്‍ കൊത്തിവെച്ചിരിക്കുന്ന രതിശില്പങ്ങളാണ്. ഉയരം കൂടുതലായതുകൊണ്ട് ശില്പങ്ങളിലെ കൂട്ടര്‍ എന്താണ് ചെയ്യുന്നത് എന്ന് കാണാന്‍ കണ്ണ് ചുളുക്കിപ്പിടിച്ച് കഷ്ടപ്പെട്ട് നോക്കേണ്ടിവരും. ഞങ്ങളുടെ കള്ളച്ചിരികളും അര്‍ഥംവെച്ച തമ്മില്‍നോട്ടങ്ങളും ഞങ്ങളുടെ കള്ളി വെളിച്ചത്താക്കിയിരിക്കാന്‍ വഴിയുണ്ട്. പക്ഷേ, ഞങ്ങളോട് പുറത്തുപോകാന്‍ പറയാന്‍മാത്രം ഗൗരവമുള്ള ഒന്നായി ആരും ഞങ്ങളുടെ എളിയ നിഗൂഢതാത്പര്യങ്ങളെ കണ്ടില്ലെന്ന് കരുതണം. വിശാലഹൃദയരായ ആ കന്നഡക്കാര്‍  ഇങ്ങനെയായിരിക്കും ചിന്തിച്ചിരിക്കുക: ആള്‍ക്കാര്‍ക്ക് കാണാനല്ലെങ്കില്‍ പിന്നെ ശില്‍പങ്ങള്‍ ചുമരില്‍ കൊത്തിവെക്കേണ്ട കാര്യമുണ്ടോ! 

ചക്രവാളത്തില്‍ ചാമുണ്ഡിമല, എന്നുമെന്നും എല്ലായ്പ്പോഴും പൊങ്ങിനില്‍ക്കുന്നു. രാജാക്കന്മാരെ കാണുംപോലെത്തന്നെ മല കാണുമ്പോഴും ഞങ്ങള്‍ക്ക് സമാധാനമായി: ഇനി ഒന്നിനും ഒരു പ്രശ്‌നവുമില്ല. ചാമുണ്ഡിമല അവിടെത്തന്നെ നില്‍പ്പുണ്ട്. തരിശും പാറയും കുറ്റിക്കാടുകളുമാണ് അതിന്മേലുള്ളത്. അകലെനിന്നു നോക്കുമ്പോള്‍ മലയില്‍ ഒരു നീലപ്പുക പരന്നിട്ടുള്ളതുപോലെ തോന്നും. തലപ്പത്തെ അമ്പലവും കൊട്ടാരവും ദൂരെനിന്നു കാണുമ്പോള്‍ മലയെ ഉരുമ്മിപ്പോയ ഒരു മേഘത്തിന്റെ തുണ്ട് വീണുപോയതാണ് എന്നും തോന്നും.

മലമുകളില്‍ പിന്നെ ഉണ്ടായിരുന്നത് ഒരു വമ്പിച്ച കരിങ്കല്‍കാളക്കൂറ്റനായിരുന്നു: നന്ദി. അദ്ദേഹത്തിന്റെ അരോഗദൃഢമായ ഉടലും തലപ്പൊക്കവും ഞങ്ങളുടെ സ്നേഹാദരങ്ങള്‍ നേടിയിരുന്നു. തൊട്ടടുത്ത് ഒരു കൈയില്‍ ഊരിപ്പിടിച്ച വെട്ടുകത്തിയും മറുകൈയില്‍ ഊന്നുവടിപോലെ പിടിച്ച ഒരു പാമ്പുമായി മഹിഷാസുരന്‍ നില്‍ക്കുന്നു. വൃത്തിയായി അലക്കിത്തേച്ച കസവുവസ്ത്രങ്ങളണിഞ്ഞ അദ്ദേഹവും ഞങ്ങളുടെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു.

തുടരും