കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരീ എന്നു തുടങ്ങുന്ന പാട്ട് ആദ്യമായി കേട്ടത് എന്നാണ്? ഓർമ്മയില്ല. കേട്ട അന്നുമുതൽ ഇന്നുവരെയും അതെനിക്ക് ഇഷ്ടമാണ്. എത്രകേട്ടാലും മടുക്കാത്ത പാട്ട്. മടുപ്പുണ്ടാക്കാത്തതാണ് ശരിയായ കല. പക്ഷേ, കായൽ എന്നു പറഞ്ഞാൽ എന്താണെന്ന് കുട്ടിക്കാലത്ത് കൃത്യമായി തിരിഞ്ഞിരുന്നില്ല. നാട്ടിൽ പുഴയും കിണറും കുളവും തോടും ഒക്കെയുണ്ട്. കായൽ ഇല്ല. എന്തോ വെള്ളം നിറഞ്ഞതാണെന്ന് സന്ദർഭംകൊണ്ട് ഊഹിച്ചു. കടല് കരയിലേക്ക് തള്ളിനിൽക്കുന്നതാണ് കായൽ എന്ന് പിന്നെ മനസ്സിലായി.
നോവൽവായനയാണ് കായലുകളും അതിനു ചുറ്റുമുള്ള ജീവിതവും അനുഭവമാക്കിത്തന്നത്- മുട്ടത്തു വർക്കിയുടെ ജഗജില്ലി, കാനം ഇ.ജെ.യുടെ പമ്പാനദി പാഞ്ഞൊഴുകുന്നു മുതലായ പുസ്തകങ്ങൾ. അവയോട് എനിക്ക് രസം തോന്നാൻ പ്രധാന കാരണം പുസ്തകങ്ങളുടെ വലുപ്പമാണ്. പെട്ടെന്ന് തീർന്നുപോവുകയില്ലല്ലോ.
നാട്ടിൽ പരിചയമില്ലാത്ത ആ ജീവിതം കൗതുകം ഉണർത്തി. കൊച്ചുതോണിയിൽ വന്നെത്തുന്ന മുട്ടവിൽപ്പനക്കാരൻ അത്തരമൊരു പുതുമയുള്ള കഥാപാത്രമാണ്. പിന്നെ റാന്നി, കോന്നി തുടങ്ങിയ സ്ഥലപ്പേരുകൾ... ക്രിസ്മസ്, ഈസ്റ്റർ മുതലായ ആഘോഷങ്ങൾ.... എല്ലാം വേറിട്ടൊരു ലോകത്തേക്ക് വാതിൽതുറന്നു.
മലയാള മനോരമ ആഴ്ചപ്പതിപ്പിലെ തുടർക്കഥകളും കൊണ്ടുവന്നത് ഈ അന്തരീക്ഷംതന്നെ. ചാലിയപ്പുറത്ത് അമ്മാവന്റെ ചാളക്കണ്ടി വീട്ടിൽ വിരുന്നു പാർക്കാൻ പോകുന്നത് എനിക്ക് കമ്പമായിരുന്നു. ആ വീടിന്റെ മേലെനിലയിൽ മേരി ടീച്ചർ താമസിക്കുന്നുണ്ട്. ആ കോട്ടയത്തുകാരി വാടകയ്ക്കു പാർക്കുകയാണ്. ആ മുറിയിൽ അട്ടിവെച്ച മനോരമ ആഴ്ചപ്പതിപ്പിന്റെ വൻശേഖരമാണ് കാന്തക്കല്ലിനെപ്പോലെ എന്നെ ആകർഷിച്ചത്.
രാപ്പകൽ വായിക്കുന്നതുകൊണ്ട് മേരി ടീച്ചർ ഇടയ്ക്കിടെ തലയിൽ കൈവെച്ച് സങ്കടപ്പെടും:
''എന്റെ കർത്താവേ! ഈ കൊച്ചിന്റെ കണ്ണ് പൊട്ടിപ്പോകത്തേയുള്ളൂ.''
ഏഴാംക്ലാസിൽ ഞങ്ങൾക്ക് കണക്ക് എടുത്തിരുന്ന വിജയൻ മാഷ്‌ക്ക് ഈണത്തിൽ കവിതചൊല്ലാനും അതിന്റെ കഥപറയാനും ആയിരുന്നു താത്പര്യം. അദ്ദേഹം ഒരിക്കൽ കുമാരനാശാന്റെ ലീലയിലെ പല ഭാഗങ്ങളും ചൊല്ലിക്കേൾപ്പിച്ച് കഥ വിസ്തരിച്ചത് എനിക്ക് രസിച്ചു. ഞാൻ സ്റ്റാഫ്റൂമിൽച്ചെന്ന് ആ പുസ്തകം ചോദിച്ചുവാങ്ങി. വീട്ടിൽ കൊണ്ടുപോയി പാടിനോക്കി. രീതി കിട്ടുന്നില്ല. പല വാക്കിന്റെയും അർഥം തിരിയുന്നില്ല. ശരിക്കും കഷ്ടത്തിലായി. രണ്ടുദിവസം കഴിഞ്ഞ് ഒന്നും പറയാതെ പുസ്തകം മടക്കിക്കൊടുത്തു.
അങ്ങനെയാണ് അക്കാര്യം എനിക്ക് വ്യക്തമായത്. കവിതകളെല്ലാം ഈണത്തിൽ ചൊല്ലാൻ പറ്റിയെന്നു വരില്ല; ലളിതമായിക്കൊള്ളണമെന്നുമില്ല.
ആരുവാങ്ങുമിന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം എന്നു ചോദിച്ചുകൊണ്ട് മലയാള സാഹിത്യത്തിലേക്കു കടന്നുവന്ന ചങ്ങമ്പുഴ എന്ന് ശിവദാസൻ മാഷ് പരിചയപ്പെടുത്തിയ കവിയെ എനിക്ക് ബോധിച്ചു. മൂപ്പരുടേത് നീട്ടിപ്പാടി രസിക്കാം. അർഥം തിരിയാത്ത വാക്കുകൾ കമ്മി.
അതിനിടെ ചേന്ദമംഗലൂരിൽ പഠിക്കുന്ന നാട്ടുകാരൻ എൻ.പി. മുഹമ്മദ് കൊണ്ടുവന്ന വയലാർ രാമവർമയുടെ ആയിഷ എന്ന കാവ്യം ഞങ്ങൾ രണ്ടുപേരുംകൂടി ഒന്നിച്ചു വായിച്ചും പാടിയും ആസ്വദിച്ചു. അത് പാടാൻ നല്ല ചേലായിരുന്നു. അതിൽ ഉദയത്തെ വർണിച്ചിരിക്കുന്നു:
ഇരുളിൽ കരിമ്പടക്കെട്ടിനു തീ കത്തിക്കാൻ
തിരികൾ കൊളുത്തിയ പർവ്വതമുനമ്പുകൾ
ഇത്തരം അലങ്കാരങ്ങൾ എന്നെ വശീകരിച്ചു. പ്രകൃതിദൃശ്യങ്ങളെപ്പറ്റി ഇങ്ങനെ ഓരോന്ന് ഭാവനചെയ്തു നോക്കുന്നത് എന്റെ ശീലമായി. പാടവരമ്പിലൂടെയും പുഴത്തീരത്തിലൂടെയും ഒറ്റയ്ക്ക് നടക്കുമ്പോൾ അതിലെ വരികൾ മൂളുന്നത് അതിന് സഹായമായി. അതിലെ അറവുകാരൻ മകളോട് കയർക്കുന്ന രംഗം പേടിപ്പിക്കുന്നതാണ്.
അദ്രമാൻ കൈ ചൂണ്ടിക്കൊ
ണ്ടലറി 'പ്പെണ്ണേ, നിന്നെ
കത്തികൊണ്ടരിഞ്ഞു ഞാൻ
കടയിൽ കെട്ടിത്തൂക്കും
എന്ന വരിയിലെ രംഗമൊക്കെ സങ്കല്പിച്ചുനോക്കുന്നതിൽ എനിക്കു നല്ല ഉഷാറു തോന്നിയിരുന്നു.
ഒരുദിവസം രാത്രിയാണ്. പത്തുമണിയായിക്കാണും. പതിവുപോലെ ഞാൻ കോലായിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ വായനയിൽ മുഴുകിയിരിക്കെ പടിക്കൽനിന്ന് ആരോ വിളിച്ചു:
''കൂവ്വോ''
ഞാൻ ചെന്നുനോക്കുമ്പോൾ പി.കെ.സി. ആലിക്കുട്ടിയാണ്. ബീഡിത്തെരപ്പാണ് പണി. കഥാപുസ്തകങ്ങൾ ധാരാളം വായിക്കും. എന്നെക്കാൾ നാലഞ്ച് വയസ്സിന്റെ മൂപ്പുണ്ടെങ്കിലും കഥവായനക്കാർ എന്ന വകുപ്പിൽ ഞങ്ങൾ തമ്മിൽ നല്ല ലോഹ്യമുണ്ട്. കണ്ടപാടെ എന്നോട് ചോദിച്ചു:
''യ്യി എന്താ വായിക്ക്ണത്?''
''അന്നക്കുട്ടി. നോവലാ''
''ആരതാ'?
''ജോസഫ് ചെറുവത്തൂരിന്റേതാ''
''എങ്ങനെ ണ്ട്?''
''കൊഴപ്പമില്ല. വലുതാ. കുറേപ്പേജുണ്ട്.''
ആലിക്കുട്ടിയുടെ കൈയിൽ ഒരു ചെറിയ ഗ്രന്ഥം. ഞാൻ ചോദിച്ചു:
''അതെന്താ പുസ്തകം?''
''നോവലാ''
''എന്താ പേര്?''
''ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്''
''എന്താ പേര്? ഒന്നുകൂടി പറയ്''
അവൻ ആവർത്തിച്ചു. കൃത്യമായി തിരിഞ്ഞുകിട്ടിയില്ലെങ്കിലും എന്തോ ഒരു രസം തോന്നി.
''ആരതാ''
''ഇദ് ബഷീറിന്റേതാ''
ആ പേര് ശിവദാസൻമാഷ് പറഞ്ഞുകേട്ടിട്ടുണ്ട്; കൗമുദി വാരികയിൽ മൂപ്പരെപ്പറ്റി എന്തൊക്കെയോ ഗുലുമാലുകൾ നടക്കുന്നതും പറഞ്ഞിരുന്നു. എങ്കിലും ബഷീർ എഴുതിയതൊന്നും വായിച്ചിട്ടില്ല.
ഞാൻ കൊതിയോടെ ചോദിച്ചു:
''ആ നോവല് എനിക്ക് തര്വോ?''
''ഞാൻ വായിച്ചിട്ടു തരാം''
നിരാശ മറച്ചുവെക്കാതെ ഞാൻ ചോദിച്ചു: ''ഇന്ന് വായിക്ക്വോ?''
''ഇല്ല. ഞാൻ കോഴിക്കോട്ട്ന്ന് വര്വാ. ചെന്ന് കെടന്ന് ഒറങ്ങണം.''
''എന്നാ കൊണ്ട. ഞാൻ ഇന്നു വായിച്ച് നാളെ രാവിലെ തരാം''
''ഇന്ന് ഇനി യ്യി വായിക്ക്വോ?''
''വായിക്കും''.
ആപ്പറഞ്ഞത് മുഴുവൻ വിശ്വസിച്ചില്ലെങ്കിലും ആലിക്കുട്ടി പുസ്തകംതന്നു. വായിച്ചുതുടങ്ങിയതും ഞാൻ കഥയിൽ വീണു. അത്രയും രസകരമായി യാതൊന്നും ഞാൻ മുൻപു വായിച്ചിട്ടില്ല. അതിലെ കഥാപാത്രം കുഞ്ഞുപാത്തുമ്മ സുന്ദരിയാണ് എന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും പറവകളുടെയും പ്രകൃതിയുടെയും സൗന്ദര്യത്തിൽ വളരെ റങ്ക് (താത്പര്യം) ഉള്ള ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
വായിച്ചുതീർന്നിട്ടേ പുസ്തകം താഴെവെച്ചുള്ളൂ. പിറ്റേന്ന് രാവിലെ ചീപ്പാൻകുഴിക്കടവിലേക്കു കുളിക്കാൻ പോകുന്ന ആലിക്കുട്ടിക്ക് മടക്കിക്കൊടുക്കുകയും ചെയ്തു. അവൻ ലേശം അമ്പരപ്പോടെ ചോദിച്ചു:
''ന്നലെ രാത്രിതന്നെ തീർത്തോ?''
ഞാൻ ചിരിച്ചു.
ഒരിരിപ്പിനു വായന തീർന്നെങ്കിലും ആ കഥ അങ്ങനെയൊന്നും തീരുന്ന ജാതിയായിരുന്നില്ല.
നോവലിലെ കഥാപാത്രങ്ങളുടെ വർത്തമാനവും പെരുമാറ്റവും ഒരു സിനിമയിലെന്നപോലെ കാണാൻ കഴിയുമായിരുന്നു. കൂടുതൽ പരിചയമുള്ള മുസ്ലിം ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ ഞാൻ അതിനുമുൻപ് വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കഥ ചുറ്റിലുമുള്ള സത്യമായ ജീവിതംതന്നെയാണ് എന്ന് വല്ലാത്തൊരു അനുഭവമുണ്ടായി.
മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളെപ്പറ്റിയും അനാചാരങ്ങളെപ്പറ്റിയും ഞാൻ ഇളംപ്രായത്തിലേ ആലോചിച്ചുതുടങ്ങാൻ കാരണമായിത്തീർന്നത് ആ നോവലാണ്. അത്തരം കൊള്ളരുതായ്മകൾ എന്റെ കുടുംബത്തിലും നാട്ടിലും ഏറെയുണ്ടായിരുന്നു. ബഷീർ അവയെ കണക്കിന് കളിയാക്കിയത് എന്നെ കുറേ ചിരിപ്പിക്കുകയും കുറച്ചു ചിന്തിപ്പിക്കുകയും ചെയ്തു.
പണമുള്ള കുടുംബത്തിൽ പിറന്നു വളർന്നിട്ടും കുഞ്ഞുപാത്തുമ്മയെ എഴുത്തു പഠിപ്പിച്ചില്ല. പെൺകുട്ടി എഴുത്തുപഠിച്ചാൽ കാഫിർ (അവിശ്വാസി) ആയിപ്പോകുമെന്നു കരുതിയിട്ടാണ് എന്ന് അവളുടെ ഉമ്മ കുഞ്ഞുതാച്ചുമ്മ സമാധാനം പറയുന്നുണ്ട്!
വൃത്തി ഒരു മൂല്യമായി ഇതിലെ നായകൻ നിസാർ അഹമ്മദ് ഉയർത്തിപ്പിടിക്കുന്നു. അയാൾ കുഞ്ഞുപാത്തുമ്മയ്ക്ക് നൽകുന്ന ഇശ്ഖി(പ്രണയം)ന്റെ ആദ്യത്തെ സമ്മാനം കക്കൂസാണ്!.
ശൈത്താന്മാരുടെ ബാധ ഒഴിക്കുന്ന കിസ്സ(കഥ)കളൊക്കെ വായിച്ചപ്പോൾ എനിക്ക് നാണക്കേട് തോന്നി. ഏതോ ഭൂതത്തെ ഓടിക്കാൻവേണ്ടി കുഞ്ഞുപാത്തുമ്മ കഴുത്തിൽ നുണുങ്ങ് 'സ്യൂട്ട്‌കേസ്' മാതിരി അണിഞ്ഞ അയ്ക്കല്ലിനെ നിസാർ അഹമ്മദ് കളിയാക്കിയതിന്റെ ഓർമ്മയിൽ എന്റെ ഇടംകൈയിൽ ഉണ്ടായിരുന്ന അമ്മാതിരിയൊന്ന് ഞാൻ വലിച്ചൂരി ദൂരെയെറിഞ്ഞു.
അതിലെ വർത്തമാനം പറച്ചിലാണ് വല്ലാതെ രസിപ്പിച്ചത്. കള്ള ബുദ്ദൂസ്, ലുട്ടാപ്പി തുടങ്ങിയ വിളികൾ പ്രത്യേകിച്ചും. ഇഷ്ടംകൊണ്ടുതന്നെ അങ്ങനെ കളിയാക്കാൻ കഴിയും എന്നെനിക്കറിഞ്ഞുകൂടായിരുന്നു.
സുന്ദരിയും നല്ലവളുമായ കുഞ്ഞുപാത്തുമ്മയെ വിദ്യാസമ്പന്നനും പരിഷ്‌കാരിയുമായ നിസാർ അഹമ്മദ് നിക്കാഹ് (വിവാഹം) കഴിച്ചു എന്ന് കഥ അവസാനിച്ചപ്പോൾ തോന്നിയ ആശ്വാസം ഏറെക്കാലം എന്റെ മനസ്സിൽ തണുപ്പായിക്കിടന്നു.
കുഞ്ഞുപാത്തുമ്മയുടെ രൂപഭംഗിപോലെ അവളുടെ നിഷ്‌കളങ്കതയും എന്നെ സ്പർശിച്ചു. തുടയിൽ കടിച്ച അട്ടയെ വടികൊണ്ട് കുത്തിക്കൊല്ലാൻ പോവുമ്പോൾ 'വേണ്ട. അതിന് ഉമ്മയും ബാപ്പയും കാണും' എന്നുവെച്ച് അടങ്ങിയ പെണ്ണ്. പകരം നാല് ചീത്ത പറഞ്ഞേക്കാം എന്നുവെച്ച് പറയാനൊരുങ്ങിയപ്പോൾ ഒരു ചീത്തയും തോന്നാതെ കുഴങ്ങിനിന്നുപോയ പെണ്ണ്. ഒടുക്കം 'ബലാലേ', ന്റെ ചോര മുയ്മൻ കുടിച്ച് എന്നു പറഞ്ഞ് അതിനെ തോണ്ടി വെള്ളത്തിലേക്കിട്ട കഥാനായിക!
കുരുവികൾ കൊത്തുകൂടുമ്പോൾ മധ്യം പറയാൻ ചെല്ലുന്ന അവളുടെ സ്‌നേഹവായ്പാണു നിസാർ അഹമ്മദിനെ ആകർഷിക്കുന്നത്. സ്വാഭാവികം.
എന്റെ സാഹിത്യബോധവും സാമൂഹികവീക്ഷണവും രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനമുള്ള എഴുത്തുകാരനാണ് ബഷീർ. അതിന്റെ ആരംഭം ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്ന നോവലിൽത്തന്നെ ആയത്, അത് ഏഴിൽ പഠിക്കുമ്പോൾത്തന്നെ ആയത് -എല്ലാം യാദൃച്ഛികം എന്നേ പറയാവൂ.
ജീവിതത്തിലുടനീളം ആ കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും പല തലത്തിൽ, പല തരത്തിൽ എന്നെ തേടിവരുകയുണ്ടായി.
ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്. ബാപ്പ നാട്ടിലില്ല. ജോലിസ്ഥലത്താണ്.
ഞങ്ങൾ നാലു മക്കളിൽ പെണ്ണ് ഒന്നേയുള്ളൂ. ഉമ്മയുടെ ഉമ്മയുടെ പേരാണവൾക്ക് -ഉമ്മയ്യക്കുട്ടി. മാളു എന്നു വിളിക്കും. അവൾ എന്റെ മൂന്നു വയസ്സിന് താഴെയാണ്.
അവൾക്ക് ഒരു കിണ്ടം (അബദ്ധം) പറ്റി. നേരത്തെ, ആറിൽ പഠിക്കുമ്പോൾ തിരണ്ടു. അതിന് 'പെണ്ണായി' എന്നാണ് പറയുക. അതോടെ ഉമ്മ അവൾ സ്‌കൂളിൽ പോകുന്നത് വിലക്കി.
സ്‌കൂളിൽ പോവാത്തതുകണ്ട് ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. എനിക്ക് ദേഷ്യം വരണമല്ലോ. ഞാൻ മൂത്തതല്ലേ? ആണല്ലേ? പിറ്റേന്നും ഞാൻ ചോദിച്ചു. അപ്പോഴും അവളൊന്നും മിണ്ടിയില്ല. ഞാൻ ദേഷ്യപ്പെട്ടപ്പോൾ ഉമ്മ ഇടപെട്ടു.
''ഓള് ഞാൻ പറഞ്ഞിട്ടാ പോവാത്തത്''
മാളു അടുക്കളയിലേക്ക് വലിഞ്ഞു.
''അതെന്തിനാ നിങ്ങള് അങ്ങനെ പറഞ്ഞത്'' എന്ന് ഞാൻ ഒച്ചപൊന്തിച്ചു.
ഉമ്മ പതുക്കനെ പറഞ്ഞു.
''ഓള് പെണ്ണായി. ഞ്ഞി പൊറത്തെറങ്ങി സ്‌കൂളിൽ പോവാനൊന്നും പറ്റൂല.''
എനിക്ക് മനസ്സിലായില്ല. 'പെണ്ണാവ്വേ? അതെന്താ ഓള് ഇതുവരെ പെണ്ണല്ലേ?'
അനക്കതൊന്നും മനസ്സിലാവൂല എന്നും പറഞ്ഞ് ഉമ്മ കിണറ്റിൻകരയിലേക്കു നടന്നു.
മാളുവിനെ നാലഞ്ചുദിവസം സ്‌കൂളിൽ കാണാഞ്ഞിട്ട് നാട്ടുകാരും അയൽക്കാരുമായ അധ്യാപകരാരും അന്വേഷിച്ചു വന്നില്ല! തെക്കനായ ഫിലിപ്പ് മാസ്റ്റർ വൈകുന്നേരം വീട്ടിൽവന്നു. എങ്ങനെയും ആ കുട്ടിയുടെ സ്‌കൂൾ മുടക്കരുത് എന്ന് പറഞ്ഞു. 'നിങ്ങളുടെ മക്കളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി പഠിക്കുന്നത് അവളാണ്' എന്ന് എടുത്തു പറയുകയുണ്ടായി. ഉമ്മ വഴങ്ങിയില്ല.
രണ്ടുദിവസം കഴിഞ്ഞ് ഇതേ ആവശ്യവുമായി ശോശാമ്മാ ടീച്ചർ വന്നു. ഉമ്മ അതേ നിൽപ്പ് നിന്നു. ദീനുൽ ഇസ്ലാ(ഇസ്ലാം മതം)മിന്ന് എതിരായി യാതൊന്നും ചെയ്യൻ നിവൃത്തിയില്ല എന്ന് ഉമ്മ ആവർത്തിച്ചു.
നാട്ടിലെ ദീനി(മതം)ന്റെ കാര്യം തെക്കന്മാരായ ചേട്ടന്മാർ(ക്രിസ്ത്യാനികൾ)ക്ക് മനസ്സിലാവുന്നില്ല എന്ന തീർപ്പിലാണ് ഉമ്മയും പരിചാരിക കുഞ്ഞാമിനാച്ചിയും എത്തിയത്.
ബാപ്പ പണിസ്ഥലത്താണ്. ഇക്കാക്ക (ജ്യേഷ്ഠൻ) പഠിക്കാൻപോയി, ദൂരത്താണ്. 'തറവാട്ടു കാരണവർ' ഞാനാണ്. നാടുതിരിയാത്ത കോലത്തിലാണ് ഞാൻ നിൽക്കുന്നത്.
എന്താണ് പ്രശ്‌നം?
മാളു എന്തു തെറ്റാണ് ചെയ്തത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മുസ്ലിം പെണ്ണിന് സ്‌കൂളിൽ പോയിക്കൂടാ എന്നുണ്ടോ? അങ്ങനെയാണെങ്കിൽ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് കുഞ്ഞുപാത്തുമ്മ ടീച്ചർ എങ്ങനെ പത്താംക്ലാസും ട്രെയിനിങ്ങും പാസ്സായി ടീച്ചർ ആയി? തിരളുന്നതിനുമുൻപ് ആണോ അവർ പഠിച്ചതും പാസായതും?
എന്താണീ സുഖക്കേട്?
മുസ്ലിം പെൺകുട്ടിക്ക് എഴുത്തു പഠിക്കുന്നതിൽ ചില വിലക്കുണ്ടെന്ന് ഞാൻ കുറച്ചുമുൻപേ തിരിച്ചറിഞ്ഞിട്ടുണ്ട്.
സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസബോർഡിന്റെ അഞ്ചാംതരത്തിലെ പൊതുപരീക്ഷ എഴുതി പാസ്സായിട്ടുണ്ട് ഞാൻ (1962). അന്ന് ഞങ്ങളുടെ ക്‌ളാസിലെ പെൺകുട്ടികൾക്ക് എഴുത്തുപരീക്ഷയില്ല. മുഫത്തിശ് (പരിശോധകൻ) വന്ന് അവരോട് ചോദ്യം ചോദിക്കും. അപ്പോൾ മറുപടി പറഞ്ഞാൽ മതി- പുതിയ ഭാഷയിൽ വൈവാ വോസി!
നാട്ടുനടപ്പിനെതിരേ എന്തെങ്കിലും പറയാനോ, ചെയ്യാനോ എനിക്ക് മൂപ്പെത്തിയിട്ടില്ല. അനിയത്തിയോട് കാണിച്ച അന്യായം നിസ്സഹായനായി നിശ്ശബ്ദം കണ്ടുനിൽക്കാനേ എനിക്കു സാധിച്ചുള്ളൂ. അന്ന് ഞാൻ കൂട്ടിയാൽ എന്തു കൂടും?
സ്‌കൂള് എന്നു പറയുന്നത് ഞങ്ങളുടെ വീട്ടിനടുത്താണ്. നിരത്തിന്റെ എതിർഭാഗത്ത്. രണ്ടമൂന്നു മിനിറ്റ് നടക്കാനേയുള്ളൂ. അവിടത്തെ ഏഴാംതരം പൂർത്തിയാക്കാനോ ഹൈസ്‌കൂളിൽ ചേരാനോ ഒന്നും മാളുവിന് ഭാഗ്യമുണ്ടായില്ല. ബഷീറിന്റെ കഥാനായികയ്ക്കും ഞങ്ങളുടെ ടീച്ചർക്കും ഒരേ പേരായിട്ടും അവരുടെ വിധി രണ്ട്് കോലത്തിലായതെങ്ങനെ?
രണ്ടുമൂന്ന് മാസം കഴിഞ്ഞ് നാട്ടിലെത്തിയ ബാപ്പയോട് ഞാൻ ആവലാതി പറഞ്ഞു. മൂപ്പർ മിണ്ടാതിരിക്കുകയാണ് ചെയ്തത്. കുറച്ചൊക്കെ ലോകം കണ്ടിട്ടുള്ളവനും കോൺഗ്രസുകാരനും പരിഷ്‌കാരിയും പരിഹാസക്കാരനുമായ ബാപ്പ ഉമ്മയുടെ നിലപാടിനെ മൗനംകൊണ്ട് അനുവദിച്ചു. നാട്ടുനടപ്പുകൾക്കും മാമൂലുകൾക്കും (പാരമ്പര്യാചാരങ്ങൾ) എതിരുനിൽക്കുന്നത് ഉമ്മയ്ക്കും ബാപ്പയ്ക്കും ആലോചിക്കാൻകൂടി കഴിയില്ല.
കുഞ്ഞുപാത്തുമ്മയുടെ ദുർവിധിയാണ് അത്തരം സാഹചര്യങ്ങളിൽ ഉള്ളിൽ ഉണരുക. അവളെപ്പറ്റി പിന്നെയും പിന്നെയും ചിന്തിക്കാൻ അനേകം അവസരങ്ങൾ എന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നുതാനും.
Published: 13 Sept 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented