
ചില വലിയ ആളുകള്‍ പറയുന്നത്, നമ്മുടെ നാട് രാമമയമാക്കണമെന്നാണ്.
നന്നേ ചെറിയ ഒരാളായ ഞാന്‍ പയുന്നത്, നമ്മുടെ നാട് പെണ്‍മയമാക്കണമെന്നാണ്. എന്തുകൊണ്ട്?
പറയാം...
ഡല്‍ഹി രാമന്റെ നാടാണ്. ഡല്‍ഹിക്കാര്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതും സ്‌നേഹിക്കുന്നതും രാമനെയാണ്. ഡല്‍ഹിക്കാര്‍ക്ക് രാമന്‍ വളരെ ജനകീയനായ ഒരു ദൈവംകൂടിയാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം രാമമയമാക്കണമെന്ന് ചിലര്‍ ഡല്‍ഹിയിലിരുന്ന് പറയുമ്പോള്‍ ഞാനതില്‍ ഒട്ടും അദ്ഭുതപ്പെടാത്തത്.
Also Read
എന്നാല്‍, എന്റെ വിനീതമായ അഭിപ്രായം, നമ്മുടെ നാട് പെണ്‍മയമാക്കണമെന്നാണ്. രാമായണത്തിലായാലും മഹാഭാരതത്തിലായാലും ഏറ്റവും വലിയ സങ്കടങ്ങള്‍ സഹിക്കേണ്ടിവന്നത് സ്ത്രീകള്‍ക്കാണ്. രാമായണം വായിച്ചിട്ട് എന്റെ കണ്ണ് നനയിച്ച അതിലെ ഏകകഥാപാത്രം സീതയാണ്. ഭര്‍ത്തൃഭക്തിയാല്‍ കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളും വേണ്ടെന്നുവെച്ച് പതിന്നാലുവര്‍ഷം രാമന്റെകൂടെ കാട്ടില്‍ ജീവിക്കാന്‍ തയ്യാറായവളല്ലേ സീത? രാവണന്റെ ലങ്കയില്‍ ഒരു വര്‍ഷത്തോളം കാരാഗൃഹവാസം അനുഭവിച്ച സീതയുടെ ചാരിത്ര്യത്തില്‍ രാമന്‍ സംശയാലുവായില്ലേ? ചാരിത്ര്യശുദ്ധി തെളിയിക്കാനായി രാമന്‍ സീതയെക്കൊണ്ട് അഗ്‌നിപ്രവേശം ചെയ്യിപ്പിച്ചില്ലേ? ഒരു ചെറു പൊള്ളല്‍ പോലുമേല്‍ക്കാതെ അവള്‍ അഗ്‌നികുണ്ഠത്തില്‍നിന്ന് പുറത്തുവന്നില്ലേ? എന്നിട്ടും സംശയം തീരാതെ രാമന്‍ ഗര്‍ഭിണിയായ സീതയെ കൊടുങ്കാട്ടില്‍ പറഞ്ഞയച്ചില്ലേ?
''അതേ, ഇന്ത്യ പെണ്‍മയമാകണം.''-ഞാന്‍ പറഞ്ഞു.
''മുകുന്ദേട്ടന്റെ സീത എനിക്ക് തരുമോ സിനിമയാക്കാന്‍?''-ഒരു ദിവസം തിരുവനന്തപുരത്തുനിന്ന് ശ്രീകുമാര്‍ വിളിച്ചു ചോദിച്ചു.
''കാഞ്ചനസീത എനിക്ക് വളരെ ഇഷ്ടമായി.'' - ഞാന്‍ പറഞ്ഞു.
അത് കേട്ട് ഡല്‍ഹിയിലെ എന്റെ വീട്ടിലെ സോഫയില്‍ അമര്‍ന്നിരിക്കുന്ന ജി. അരവിന്ദന്‍ താടിയുഴിഞ്ഞു.
ഒന്ന് കണ്ണുതുറന്ന് ചുറ്റും നോക്കിയാല്‍ നമുക്ക് മനസ്സിലാകും കേരളം പെണ്‍മയമാകാന്‍ തുടങ്ങിയിരിക്കുന്നു എന്ന്. ഏത് വിദ്യാലയങ്ങളില്‍ ചെന്നാലും അവിടെ അധ്യാപകരെക്കാള്‍ കൂടുതല്‍ അധ്യാപികമാരാണുള്ളത്. ഏത് ബാങ്കുകളില്‍ ചെന്നാലും അവിടെ കൂടുതലും ജീവനക്കാരികളെയാണ് കാണുന്നത്. അതുപോലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. ആശുപത്രികളിലും സ്ത്രീകളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. സര്‍വ മേഖലകളിലും പെണ്ണ് നിറഞ്ഞുകിടന്ന് തുളുമ്പുന്നു.
ആധുനിക കേരളത്തെ പെണ്‍മയമാക്കാനുള്ള പ്രക്രിയ വളരെക്കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. കെ.ആര്‍. ഗൗരിയമ്മയും മാധവിക്കുട്ടിയുമാണ് പെണ്‍വത്കരണത്തിന് ആരംഭം കുറിച്ചത്. ആ പ്രക്രിയ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ശൈലജ ടീച്ചറുണ്ട്. സാഹിത്യത്തില്‍ കെ.ആര്‍. മീരയുണ്ട്. ജേണലിസത്തില്‍ കെ.കെ. ഷാഹിനയുണ്ട്. പാട്ടില്‍ സിതാര കൃഷ്ണകുമാറുണ്ട്. ചാനലുകളില്‍ സുജയാ പാര്‍വതിയുണ്ട്. ഭരണനിര്‍വഹണത്തില്‍ ദിവ്യ എസ്. അയ്യരുണ്ട്. പോലീസില്‍ ബി. സന്ധ്യയുണ്ട്. ആയോധനകലയില്‍ പദ്മശ്രീ മീനാക്ഷിയമ്മയുണ്ട്. നൃത്തത്തില്‍ മേതില്‍ ദേവികയുണ്ട്. ക്രിക്കറ്റില്‍ മിന്നുമണിയുണ്ട്. സിനിമാ സംവിധാനത്തില്‍ ശ്രുതി ശരണ്യയുണ്ട്. അവരെല്ലാവരുംകൂടി ആധുനിക കേരളത്ത പെണ്‍മയമാക്കുകയാണ്.
''എന്തുകൊണ്ടാണ് രാമന്‍ ഡല്‍ഹിക്കാരുടെ ജനപ്രിയ ദൈവമായത്?''-ഞാന്‍ ചോദിച്ചു.

അവനവനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അവനവന്‍തന്നെ മറുപടി പറയുന്നതും ഒരു ആഖ്യാനരീതിയാണ്. ഈയുള്ളവന്റെ കണ്ടുപിടിത്തമല്ല അത്. എം. കൃഷ്ണന്‍ നായര്‍ വളരെക്കാലം മുമ്പുതന്നെ ആ രീതി ഉപയോഗിച്ചിരുന്നു. എം. കൃഷ്ണന്‍ നായര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും അദ്ദേഹംതന്നെ മറുപടി പറയുന്നതും സാഹിത്യവാരഫലത്തില്‍ കാണാം. അദ്ദേഹത്തിന്റെ പ്രസാദാത്മകമായ ഭാഷ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. അതുപോലൊരു ഭാഷ എനിക്കില്ലല്ലോ എന്ന് ഞാന്‍ കുണ്ഠിതപ്പെട്ടിരുന്നു. ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിലെ മുറിയിലെ ശൈത്യത്തിലിരുന്ന് അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ എം. മുകുന്ദന്‍ ആകേണ്ട, എം. കൃഷ്ണന്‍ നായര്‍ ആയാല്‍ മതിയെന്ന് തോന്നിയിരുന്നു. എംബസിയിലെ ഉദ്യോഗവും ഷെവലിയര്‍ ബഹുമതിയും ജെ.സി.ബി. പുരസ്‌കാരവും സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനവും അതിന്റെപേരില്‍ കേള്‍ക്കേണ്ടിവന്ന അസഭ്യവര്‍ഷങ്ങളും ഞാന്‍ അദ്ദേഹത്തിന് നല്‍കാന്‍ തയ്യാറായിരുന്നു. പകരം അദ്ദേഹം എനിക്ക് സാഹിത്യവാരഫലം തന്നാല്‍ മതി. അങ്ങനെ ഒരു ഓഫര്‍ നല്‍കിയാല്‍ അദ്ദേഹം അത് സ്വീകരിക്കുമായിരുന്നോ?
വൈഫ് സ്വോപ്പിങ് ഡല്‍ഹിയിലെ ഉന്നത സമൂഹത്തില്‍ ഉണ്ടായിരുന്നതായി ഞാന്‍ കേട്ടിരുന്നു. അതായത് ഭര്‍ത്താക്കന്മാര്‍ അവരുടെ ഭാര്യമാരെ പരസ്പരം കൈമാറുന്നു. അതുപോലെ എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ പരസ്പരം കൈമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരകശിലകള്‍ ഇന്ദു മേനോന് കൊടുത്ത് പകരം ലെസ്ബിയന്‍ പശു വാങ്ങുമായിരുന്നു. അങ്ങനെ സാഹിത്യചരിത്രത്തില്‍ കുഞ്ഞബ്ദുള്ള ലെസ്ബിയന്‍ പശുവിന്റെ രചയിതാവായി അടയാളപ്പെടുമായിരുന്നു. ലെസ്ബിയന്‍ പശുവിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം അമലയാളികളായ വായനക്കാരെ ആകര്‍ഷിക്കുകയുണ്ടായി. നിങ്ങളുടെ ഭാഷയിലെ എഴുത്തുകാരികള്‍ ഭയങ്കരികളാണല്ലോ എന്ന് ഒരു അമലയാളി വായനക്കാരന്‍ ഈയിടെ എന്നോട് പറയുകയുണ്ടായി. 1958-ലാണ് ഉറൂബ് സുന്ദരികളും സുന്ദരന്മാരും എഴുതിയത്. ഇന്നാണ് ആ നോവല്‍ എഴുതുന്നതെങ്കില്‍, ഉറൂബ് അതിന് ഭയങ്കരികളും ഭയങ്കരന്മാരും എന്ന ശീര്‍ഷകമായിരിക്കും നല്‍കുക.
''എന്തുകൊണ്ടാണ് ഡല്‍ഹിക്കാര്‍ക്ക് രാമന്‍ ഇത്ര ജനപ്രിയനായത്?''-ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
ഡല്‍ഹിക്കാരുടെ ഏറ്റവും വലിയ ഉത്സവമാണ് ദസറ. ഡല്‍ഹിയിലെ ആയിരക്കണക്കിന് വേദികളില്‍ പ്രാദേശിക കലാകാരന്മാര്‍ രാംലീല അവതരിപ്പിക്കും. റോഡ് വക്കിലോ മാര്‍ക്കറ്റിലോ കെട്ടിയുണ്ടാക്കിയ സ്റ്റേജുകളിലാണ് നാടകം അവതരിപ്പിക്കുക. പത്ത് ദിവസങ്ങളിലായി രാമന്റെ കഥ പറഞ്ഞുതീര്‍ക്കും. അവസാന നാളില്‍ രാവണന്റെ കൂറ്റന്‍ കോലങ്ങള്‍ കത്തിച്ച് ചാമ്പലാക്കും.
എംബസിക്കാലത്തെ ആദ്യനാളുകളില്‍ ഞാന്‍ അമര്‍ കോളനിയിലാണല്ലോ ദീര്‍ഘകാലം താമസിച്ചത്. ദസറ അടുക്കുമ്പോള്‍ രാംലീല കമ്മിറ്റിക്കാര്‍ പിരിവിനുവരും. രാമനും സീതയ്ക്കും വേണ്ടിയല്ലേ, ഞാന്‍ എന്നാലാവുംവിധം സംഭാവന നല്‍കും. ദസറ തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുമ്പുതന്നെ അമര്‍ കോളനി മാര്‍ക്കറ്റില്‍ താത്കാലിക സ്റ്റേജ് കെട്ടുന്ന പണി തുടങ്ങും. തകരഷീറ്റും ഗണ്ണി ബാഗുകളും കൊണ്ടാണ് വേദി തയ്യാറാക്കുക. ശിശിരരാത്രികളിലാണ് രാംലീല നാടകം നടക്കുന്നത്. ഇളം തണുപ്പുണ്ടാകും. രാത്രി നേരത്തേതന്നെ ഞാനും കുടുംബവും ചപ്പാത്തിയും സബ്ജിയും കഴിച്ച് അവിടെ സന്നിഹിതരാകും. ഞങ്ങള്‍ മുമ്പില്‍ത്തന്നെയുള്ള ഇരുമ്പ് കസാരകളില്‍ സ്ഥലംപിടിക്കും. പത്ത് മണിയാകുമ്പോഴേക്ക് അവിടെ ആളുകള്‍ വന്ന് നിറയും.
കപ്പലണ്ടി വില്‍ക്കുന്ന നത്തുവാണ് ശ്രീരാമന്റെ വേഷമിടുക. ദയാനന്ദ് കോളനിയില്‍നിന്ന് അമര്‍ കോളനി മാര്‍ക്കറ്റിലേക്കുള്ള വഴിയിലിരുന്ന് അയാള്‍ ചൂടുള്ള കടല വില്‍ക്കുന്നത് കാണാം. മുമ്പില്‍വെച്ച ഒരു മുക്കാലിയിന്മേല്‍ ഒരു സ്റ്റൗവും അതിനുമുകളില്‍ ഒരു തകരപ്പാത്രവുമുണ്ടാകും. ആ പാത്രത്തില്‍ ഇട്ടാണ് കടല വറുക്കുക. ശൈത്യകാലത്ത് ചൂടുള്ള കടല കൊറിച്ചുകൊണ്ട് തണുത്ത വെയിലിലൂടെ വെറുതേ നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. നത്തുവിന്റെ തല മുഴുവന്‍ കഷണ്ടി കയറിയിരുന്നു. അതുകൊണ്ട് ശ്രീരാമനായി അഭിനയിക്കുമ്പോള്‍ അയാള്‍ ഒരു വില കുറഞ്ഞ വിഗ് തലയില്‍ വെച്ചിരുന്നു. ചിലപ്പോള്‍ രാവണനുമായി യുദ്ധം ചെയ്യുമ്പോള്‍ വിഗ് തലയില്‍നിന്ന് ഊരിപ്പോകും. അപ്പോള്‍ കാണികള്‍ കൂകുകയും വിസിലടിക്കുകയും ചെയ്യും.
അമര്‍ കോളനി മാര്‍ക്കറ്റില്‍ത്തന്നെ ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ഞാനും ശ്രീജയും ഞങ്ങളുടെ ചെരിപ്പുകളുടെ വാറുകള്‍ പൊട്ടിയാല്‍ അയാളുടെ അരികില്‍ ചെന്നാണ് റിപ്പയര്‍ ചെയ്യിക്കുക. അയാളുടെ പേര് ഓര്‍ക്കാന്‍ കഴിയുന്നില്ല. ഉയരം കുറഞ്ഞ് തടിച്ച ഒരു യുവാവായിരുന്നു ആ ചെരുപ്പുകുത്തി. മോച്ചികള്‍(ചെരിപ്പുകുത്തികള്‍) കീഴ്ജാതിക്കാരായിരിക്കും. അമര്‍ കോളനിയിലെ ഞങ്ങളുടെ മോച്ചി സദാ ബീഡി വലിക്കുമായിരുന്നു.
മോച്ചിയാണ് സീതയുടെ വേഷമിടുക. അയാള്‍ നിറമുള്ള സാരി ചുറ്റി, കണ്ണെഴുതി, ഇരുകൈകളിലും മുട്ടുവരെ വളകളിട്ട്, ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി ബീഡി വലിച്ചുകൊണ്ട് സദസ്സിനിടയിലൂടെ നടക്കും. നാടകം തുടങ്ങുമ്പോള്‍ മോച്ചി വായിലെ ബീഡി പുറത്തേക്ക് തുപ്പി സ്റ്റേജില്‍ ഓടിക്കയറും. അപ്പോള്‍ കാണികള്‍ കൈയടിക്കും. സീതയായി വേഷമിടുന്ന മോച്ചിക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. സീതയായി അയാള്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു.
രാവണനായി അഭിനയിക്കുന്നത് ഞങ്ങളുടെ റേഷന്‍ കടയുടമ നാരംഗ് ആയിരുന്നു. ഗോതമ്പ് പൊടിക്കുന്ന ചക്കിയുടെ അരികിലാണ് റേഷന്‍ കട. ഒരു വലിയ ശരീരത്തിന്റെ ഉടമയായിരുന്നു അയാള്‍. കാര്‍ഡ്ബോര്‍ഡില്‍ കടും വര്‍ണങ്ങളില്‍ വരച്ച ഒമ്പത് തലകള്‍ തന്റെ തലയ്ക്ക് പിറകില്‍ ഘടിപ്പിച്ച്, അയാള്‍ വേദിയില്‍ വന്നുനിന്ന് ഗര്‍ജിക്കും. അപ്പോള്‍ കുഞ്ഞുങ്ങള്‍ ഭയന്ന് വിറയ്ക്കും. റേഷന്‍ കടയുടമ തന്റെ അഭിനയപാടവം മുഴുവന്‍ പുറത്തെടുക്കുന്നത് ഹനുമാന്‍ ലങ്കാദഹനം നടത്തുന്ന ഭാഗത്തായിരുന്നു. നാരംഗിന്റെ അലര്‍ച്ച കേട്ട് കുട്ടികള്‍ മാത്രമല്ല, എന്നെപ്പോലുള്ള മുതിര്‍ന്നവരും ഞെട്ടിവിറയ്ക്കുമായിരുന്നു.
ദസറ കഴിഞ്ഞാലും മോച്ചി അയാളുടെ ചുണ്ടുകളിലെ ലിപ്സ്റ്റിക് തുടച്ചുകളയുകയോ കൈകളിലെ വളകള്‍ ഊരുകയോ ചെയ്യാറില്ല. കുറെനാള്‍ ആ വേഷത്തില്‍ത്തന്നെ പാതവക്കിലിരുന്ന് അയാള്‍ കേടുവന്ന ചെരിപ്പുകള്‍ നന്നാക്കും. സാധാരണക്കാരായ ജനങ്ങളുടെ സീതയും രാമനുമായിരുന്നു അവര്‍. പാവങ്ങളുടെ രാംലീലയായിരുന്നു അത്. അവരാണ് ഡല്‍ഹിക്കാരുടെ പൊതുബോധത്തില്‍ ശ്രീരാമനെ പ്രതിഷ്ഠിച്ചത്.
അമര്‍ കോളനിയില്‍ത്തന്നെ ഒരു ശ്രീരാം മന്ദിറുണ്ട്. രാംലീലക്കാലത്ത് ദീപാലംകൃതമായ ആ ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവാഹമായിരിക്കും. അവരുടെ കൂട്ടത്തില്‍ ഒരാളായിനിന്ന് ഞാന്‍ ശ്രീരാമനെ വന്ദിക്കും.
പലരും ആരോപിക്കുന്നതുപോലെ ഞാനൊരു നിരീശ്വരവാദിയല്ല. എന്റെ അച്ഛന്റെ പേര് കൃഷ്ണന്‍ എന്നാണ്. എന്റെ പേര് മുകുന്ദന്‍ എന്നും. ഞങ്ങളുടെ പേരുകളില്‍ത്തന്നെ ദൈവമുണ്ട്. ആ പേരിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നുംതന്നെ ഞാന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ല. എന്നിട്ടും ജന്മദിനത്തിന് ഞാന്‍ ഗുരുവായൂര്‍ അമ്പലനടയില്‍ ചെന്ന് ഗുരുവായൂരപ്പനെ തൊഴുതപ്പോള്‍ എനിക്കുനേരേ സൈബര്‍ ആക്രമണമുണ്ടായി.
എഴുത്തുകാര്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് വിട്ടുനില്‍ക്കണോ? ഹാരുകി മുരാകാമിയെയും സാഡി സ്മിത്തിനെയും വിക്രം സേത്തിനെയും പോലുള്ള വലിയ എഴുത്തുകാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ല.
''ആത്മാവ് ഉണ്ടോ?''- ഞാന്‍ ഒരിക്കല്‍ക്കൂടി എന്നോടുചോദിച്ചു.
ആത്മാവ് ഇല്ലെങ്കില്‍ ആത്മീയത ഉണ്ടാകില്ല. ആത്മീയതയില്ലെങ്കില്‍ ദൈവങ്ങളും ഉണ്ടാകില്ല.
ആത്മാവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പെണ്ണ് ഉണ്ടാകും.
ഇക്കാലമത്രയും ശാസ്ത്രം പറഞ്ഞത്, ആത്മാവ് ഇല്ലെന്നായിരുന്നു. ഞാനത് വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ ശാസ്ത്രവും പറയുന്നു, ആത്മാവ് ഉണ്ടെന്ന്. വളരെ സന്തോഷത്തോടെയാണ് ഞാനാ വാര്‍ത്ത കേട്ടത്. കാരണം ആത്മാവ് ഇല്ലാത്ത ഒരു ശരീരവുംകൊണ്ട് ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഈ അടുത്തകാലത്ത് മാത്രമാണ് പ്രശസ്തനായ അമേരിക്കന്‍ മൂലകോശ ജീവശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാന്‍സയെക്കുറിച്ചും അദ്ദേഹത്തിന്റെ ബയോസെന്‍ട്രിസം എന്ന സിദ്ധാന്തത്തെക്കുറിച്ചും ഞാന്‍ വായിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ ശാസ്ത്രീയപഠനങ്ങള്‍ സ്ഥാപിക്കുന്നത് ആത്മാവ് ഉണ്ടെന്നുതന്നെയാണ്. അങ്ങനെയാണെങ്കില്‍ വെള്ളിയാങ്കല്ലില്‍ ആത്മാവുകള്‍ തുമ്പികളായി പറക്കുന്നുണ്ടാകും. ആ സുന്ദരസങ്കല്പത്തെ ഇനിയാര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ല.
''ഇനിയെനിക്ക് സന്തോഷത്തോടെ മരിക്കാം.''
-ഞാന്‍ പറഞ്ഞു.
മരിച്ചുകഴിഞ്ഞാല്‍ എന്റെ ആത്മാവ് മറ്റൊരു ശരീരത്തില്‍ പ്രവേശിക്കും. ഒരു പെണ്ണിന്റെ ഉടലില്‍ പ്രവേശിക്കാനാണ് എനിക്ക് മോഹം. ആണുടല്‍ ആര്‍ക്കു വേണം? ഋഷികള്‍ക്കും ദൈവങ്ങള്‍ക്കുംപോലും വേണ്ട. ഒരു പെണ്ണായതുകൊണ്ടുമാത്രമാണ് മേനകയ്ക്ക് വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സ് അലങ്കോലപ്പെടുത്താന്‍ സാധിച്ചത്. മേനക ആണായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നോ?
''ആണ്‍മേനകയ്ക്ക് ശിഖണ്ഡിയുടെ തപസ്സിളക്കാന്‍ കഴിയും.''
-അന്വേഷിയായ ഞാന്‍ ഒന്നാമന്‍ സന്ദേഹിയായ ഞാന്‍ രണ്ടാമനോട് പറഞ്ഞു.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: M Mukundan writes Ente embassykkalam on Delhi natives' obsession to Lord Rama
Published: 10 Mar 2024, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented