എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലക്കാലത്തെക്കുറിച്ച് മലയാളനാട് സബ് എഡിറ്ററും മലയാളനാട് സിനിമാദ്വൈവാരിക എഡിറ്ററുമായിരുന്ന വി. എസ് നായര്‍ എഴുതുന്നു.
മലയാളസാഹിത്യപ്രസിദ്ധീകരണങ്ങളില്‍ ആരും കൈവെച്ചിട്ടില്ലാത്തതും ആരുടെയും ഭാവനയിലോ ചിന്താധാരയിലോ ഉരുത്തിരിയാത്തതുമായ ഒരു നൂതന പംക്തിയായിരുന്നു മലയാളനാട് വാരികയില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'സാഹിത്യവാരഫലം'. 1969-ല്‍ പ്രസിദ്ധീകരണമാരംഭിച്ച് പെട്ടെന്നുതന്നെ പ്രചുരപ്രചാരം സിദ്ധിച്ച മലയാളനാട് വാരികയില്‍ ഇത്തരമൊരു ആശയം രൂപംകൊണ്ടത് എസ്. കെ. നായര്‍, കൗമുദി ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുടെ കൂട്ടായ്മയില്‍നിന്നാണ്. അവരുടെ അഭ്യര്‍ത്ഥനപ്രകാരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം പ്രൊഫസറായിരുന്ന എം. കൃഷ്ണന്‍ നായരുടെ തൂലികയാണ് ഈ പംക്തിക്കു ജന്മം നല്‍കിയത്. സിനിമനിരൂപണംപോലെ സാഹിത്യത്തെയും വിമര്‍ശനാത്മകമായും പ്രോത്സാഹനാര്‍ത്ഥമായും വിലയിരുത്തുകയെന്ന ആശയം പ്രൊഫസര്‍ക്കും സ്വീകാര്യമായി. അങ്ങനെയാണ് മറ്റൊരു ഭാഷാപ്രസിദ്ധീകരണത്തിലും കണ്ടിട്ടില്ലാത്ത ഒരു നൂതനപംക്തി മലയാളനാടിലൂടെ അനുവാചകരിലെത്തുന്നത്. അത് വായനക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
1972-ല്‍ ഒരു സബ് എഡിറ്ററായി ഞാന്‍ മലയാളനാട് കുടുംബത്തില്‍ അംഗമാകുംമുമ്പേ സാഹിത്യവാരഫലം പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു. മാനേജിങ് എഡിറ്റര്‍ എസ്.കെ. നായര്‍ എന്നെ ആദ്യം നിയോഗിച്ചത് പ്രൂഫ് റീഡിങ് സെക്ഷനിലായിരുന്നു. മലയാളഭാഷാപരിജ്ഞാനം അളക്കാന്‍വേണ്ടിയാണ് അങ്ങനെ ചെയ്യാറുള്ളത്. അന്ന് ഞാന്‍ പ്രൂഫ് തിരുത്തുമ്പോള്‍ ഏറെ പ്രായംചെന്ന സീനിയര്‍ പ്രൂഫ് റീഡര്‍ ഗോപാലപിള്ളച്ചേട്ടന്‍ എന്നെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു: കൃഷ്ണന്‍ നായര്‍ എഴുതിയിട്ടുള്ള അക്ഷരങ്ങളിലോ വാക്കുകളിലോ ഒരു മാറ്റവും വരുത്താന്‍ പാടില്ല. ഒരു കോമയ്ക്കുപോലും വ്യത്യാസം വരുത്തിക്കൂടാ. മാറ്റര്‍ അയയ്ക്കുമ്പോള്‍ അതിന്റെ മാര്‍ജ്ജിനില്‍ ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ എഴുതി അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അത്ര കര്‍ശന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം എഡിറ്റര്‍മാര്‍ക്കും നല്‍കിയിരുന്നത്. അബദ്ധത്തില്‍ ഒരു അക്ഷരമോ വാക്കോ മാറി അച്ചടിച്ചുപോയാല്‍ ഉടന്‍ വരും അദ്ദേഹത്തിന്റെ ഫോണ്‍കോള്‍, ശകാരവും. ആ പേടി എല്ലാവര്‍ക്കുമുണ്ടായിരുന്നു.
സാഹിത്യവാരഫലത്തിന് വായനക്കാരില്‍നിന്ന് ലഭിച്ച സ്വീകരണം അത്ഭുതാവഹമായിരുന്നു. ഭാരതത്തിലെ വിവിധ ഭാഷാസാഹിത്യകൃതികളെയും ലോകക്ലാസ്സിക്കുകളെയും മലയാളികള്‍ക്ക് ലളിതവും സരസവുമായി പരിചയപ്പെടുത്തിയും മലയാളസാഹിത്യരചനകളെ താരതമ്യം ചെയ്തും വിമര്‍ശനാത്മകമായ ആസ്വാദനത്തിലൂടെ പരിചയപ്പെടുത്തിയും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പ്രോത്സാഹിപ്പിച്ചും കൃഷ്ണന്‍ നായര്‍ തനതു ശൈലിയില്‍ അനുവാചകരെ കയ്യിലെടുക്കുകയായിരുന്നു. ആധികാരികമായ ഈ സാഹിത്യനിരൂപണങ്ങള്‍ എല്ലാ മേഖലയിലുമുള്ള എഴുത്തുകരെയാകമാനം സ്വാധീനിച്ചുവെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ രചനയെക്കുറിച്ച് അദ്ദേഹം എന്താണ് വാരഫലത്തില്‍ പറയുന്നതെന്നറിയാന്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ പോലും നെഞ്ചിടിപ്പോടെ കാത്തിരുന്നതിനു ഞാനും സാക്ഷിയാണ്.
എം. കൃഷ്ണന്‍ നായര്‍ സാറുമായി ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. രണ്ടു തവണ മലയാളനാട് ഓഫീസില്‍വെച്ചും മൂന്നുതവണ തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ചും. കാഴ്ച്ചയില്‍ വലിയ ഗൗരവക്കാരനായാണ് തോന്നിയിട്ടുള്ളതെങ്കിലും ഇടപെടുമ്പോള്‍ അദ്ദേഹത്തിന്റെ സൗമ്യഭാവം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഓഫീസ് കാര്യമായി ഞാന്‍ ഒരിക്കല്‍ തിരുവനന്തപുരത്തു നില്‍ക്കുമ്പോള്‍ ഒരു അറിയിപ്പ് കിട്ടി. അടുത്ത ആഴ്ച്ചയ്ക്കുള്ള വാരഫലം ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹത്തെ കണ്ട് മാറ്റര്‍ വാങ്ങിയേ മടങ്ങാവൂ എന്നായിരുന്നു സന്ദേശം.
വൈകുന്നേരം നാലു നാലരയോടെ ഞാന്‍ ഒരു ഓട്ടോറിക്ഷയില്‍ ശാസ്തമംഗലത്തെ പ്രൊഫസറുടെ വസതി തേടിയെത്തി. ഞാനെത്തുന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നു. ഓഫീസില്‍ വെച്ചു കണ്ടിട്ടുള്ളതിനാല്‍ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു.
'വി.എസ്. നായര്‍ വന്നത് നന്നായി. മാറ്റര്‍ തയ്യാറാക്കി വെച്ചിരിക്കുകയാണ്. പോസ്റ്റ് ചെയ്താല്‍ അവിടെ കിട്ടാന്‍ താമസിക്കുമായിരുന്നു. കയ്യില്‍ തന്നയയ്ക്കാന്‍ കഴിഞ്ഞത് നന്നായി.' എഴുതിവെച്ചിരുന്നതെടുത്ത് ഒരിക്കല്‍ക്കൂടി മറിച്ചുനോക്കിയിട്ട് അദ്ദേഹം തുടര്‍ന്നു: 'അക്ഷരങ്ങളോ വാക്കുകളോ തെറ്റാതെ വളരെ ശ്രദ്ധിച്ചാണ് ഞാനെഴുതാറുള്ളത്. ഒരിക്കല്‍ അവിടെ പ്രൂഫ് തിരുത്തിയവര്‍ ഒരു വാക്ക് അവരുടെ യുക്തിക്കനുസരിച്ചു തിരുത്തി. അതോടെ ഞാനുദ്ദേശിച്ച വാക്കും അര്‍ത്ഥവും മാറി. എസ്.കെയെ വിളിച്ച് ഞാന്‍ വഴക്കുണ്ടാക്കി. എന്റെ മാറ്ററില്‍ ആരും തിരുത്തുവരുത്തുന്നത് എനിക്കിഷ്ടമല്ല.'
ചായ കുടിക്കുന്നതിനിടയില്‍ മാറ്റര്‍ മടക്കി കവറിലിട്ട് അദ്ദേഹം എനിക്ക് കൈമാറി. അദ്ദേഹത്തിന്റെ എഴുത്തുമുറിയില്‍ ഒന്നു കണ്ണോടിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. പുസ്തകങ്ങളുടെ വന്‍ശേഖരം. പുസ്തകവില്‍പ്പനശാലകളിലെ റാക്കുകളില്‍ നിരനിരയായി അട്ടിയിട്ടിരിക്കുന്നതുപോലെ ആ മുറിനിറയെ പുസ്തകങ്ങള്‍. മലയാളത്തിലെ മാത്രമല്ല, ലോകക്ലാസിക്കുകളുടെ ഇംഗ്ലീഷ് പുസ്തകങ്ങളും നിരവധി. ഇവയെല്ലാം ശ്രദ്ധയോടെ വായിച്ചിട്ടാണ് അദ്ദേഹം സാഹിത്യവാരഫലത്തിന്റെ രചന നിര്‍വ്വഹിച്ചിരുന്നത്.
പതിനായിരക്കണക്കിന് രൂപ മുടക്കിയാണല്ലോ ഇത്രയും പുസ്തകങ്ങള്‍ അദ്ദേഹം വാങ്ങുന്നതെന്ന് ഞാനോര്‍ത്തു. പിന്നീടാണറിഞ്ഞത് ആവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊള്ളാനും ബില്ലുകള്‍ മലയാളനാട്ടിലേക്കയയ്ക്കാനും എസ്.കെ. നായര്‍ സര്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന്. ഉപയോഗം കഴിഞ്ഞ് പുസ്തകങ്ങള്‍ മലയാളനാട് ലൈബ്രറിക്കു കൈമാറണമെന്നായിരുന്നു ധാരണ. കുറേ പുസ്തകങ്ങള്‍ അങ്ങനെ എത്തിച്ചിട്ടുള്ളത് ഞാന്‍ കണ്ടിട്ടുണ്ട്.
1976-ല്‍ ഞാന്‍ എഡിറ്ററായി മലയാളനാട് സിനിമാദ്വൈവാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ എം. കൃഷ്ണന്‍ നായരുടെ ഒരു പംക്തികൂടി ഉള്‍പ്പെടുത്താന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം സിനിമാവാരഫലം എഴുതാന്‍ തുടങ്ങിയത്. എന്നാല്‍ സാഹിത്യവാരഫലം സൃഷ്ടിച്ച വായനാനുഭവവും സാഹിത്യവിപ്ലവവും സിനിമാവാരഫലത്തിനു സൃഷ്ടിക്കാനായില്ല. ഏതാനും ലക്കങ്ങള്‍കൊണ്ട് അദ്ദേഹംതന്നെ അതു മതിയാക്കി.
എസ്.കെ. നായര്‍ സാറിന്റെ മരണത്തോടെ മലയാളനാട് പ്രസിദ്ധീകരണങ്ങള്‍ നിലച്ചുപോയപ്പോള്‍ സാഹിത്യവാരഫലം മറ്റുചില പ്രസിദ്ധീകരണങ്ങളിലേക്കു മാറി. എന്നാല്‍ മലയാളനാടിന്റെ വാരഫലപെരുമ...അത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.
Content Highlights: vs nair memoir on m krishnan nair sahithyavaraphalam
Published: 30 Apr 2024, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented