കെ. വേണു തന്റെ ജീവിതപങ്കാളി മണിയെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഓര്‍മക്കുറിപ്പ് വായിക്കുകയായിരുന്നു. മണിയെക്കുറിച്ച് പറയാന്‍ വേണുവിന് വാക്കുകള്‍ മതിയാവാതെ പോയതായി തോന്നി. ആ വിയോഗം അത്രയധികം വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാണ്. അതിശക്തയായ ഒരു വിപ്ലവകാരി തന്നെയായിരുന്നു അവര്‍. സ്ത്രീകള്‍ നേരിട്ട പല പ്രശ്‌നങ്ങളിലും ഞാന്‍ മണിക്കൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി ഒരു സ്വതന്ത്ര വിമോചന സംഘടന എന്ന ആശയം മാനുഷിയുടെ പിറവിക്ക് കാരണമായപ്പോള്‍ ആരംഭകാലത്ത് മണിയുടെയും കെ. വേണുവിന്റെ വിപ്ലവസംഘടനയുടെ വനിതാവിഭാഗത്തിന്റെയും സഹകരണം ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മുന്‍പിന്‍ നോക്കാതെ, വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ മണി പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നത് കണ്ടുനില്‍ക്കുന്ന ഏതൊരു സ്ത്രീക്കും ഊര്‍ജം പകരുന്ന ഒന്നായിരുന്നു. ഒരുപാട് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍, സാമൂഹിക പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ സഹകരിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. വേണു ഓര്‍മക്കുറിപ്പില്‍ പരാമര്‍ശിച്ച ബാലാമണിയെക്കുറിച്ച് പറയട്ടെ. 

To advertise here,

എണ്‍പതുകളുടെ ഒടുവിലാണ് പട്ടാമ്പി കോളേജിലേക്ക് ബാലാമണി എന്ന യുവതിയുടെ ഒരു കത്ത് എനിക്ക് വരുന്നത്. പോലീസ് പറഞ്ഞതുപ്രകാരമാണ് കത്തയക്കുന്നതെന്ന് അതില്‍ എഴുതിയിരുന്നു. സ്വന്തം സമുദായക്കാരാല്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് അവശനിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കേയാണ് ബാലാമണി എഴതുന്നത്. വഴിത്തര്‍ക്കം എന്ന പേരില്‍ നിസ്സാരവത്ക്കരിച്ച ആ കേസ് വെറുമൊരു വഴിത്തര്‍ക്കമായിരുന്നില്ല. ബാലാമണിയുടെ വീട്ടില്‍ ചെറിയൊരു അമ്പലമുണ്ടായിരുന്നു. അത് ചെട്ട്യാര്‍ സമുദായക്കാര്‍ക്ക് വിട്ടുകൊടുക്കണം എന്ന ആവശ്യത്തോടെയാണ് ബാലാമണിയുടെ പ്രശ്‌നം ആരംഭിക്കുന്നത്. ബാലാമണി അമ്പലം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വഴിത്തര്‍ക്കത്തിലേക്കും പ്രശ്‌നം നീളുന്നത്. അതിക്രൂരമായാണ് ചെട്ട്യാര്‍ സമുദായത്തിലെ ആളുകള്‍ അതേ സമുദായത്തില്‍ത്തന്നെയുള്ള ബാലാമണിയോട് അന്ന് പെരുമാറിയത്. ചെട്ട്യാര്‍ സമുദായക്കാരിയായ ബാലാമണിയോട് കുലത്തൊഴില്‍ ചെയ്ത് ജീവിക്കാനായിരുന്നു സമുദായത്തിലെ മുതിര്‍ന്ന പുരുഷന്മാര്‍ നിര്‍ദ്ദേശിച്ചത്. ബാലാമണിക്ക് അത് ഇഷ്ടമില്ലായിരുന്നു. അവള്‍ക്ക് കൂടുതല്‍ പഠിക്കാനും പുറത്തുപോയി തൊഴില്‍ ചെയ്യാനും വലിയ ഇഷ്ടമായിരുന്നു. അവളുടെ ഉള്ളില്‍ ഒരു വിപ്ലവകാരി ഉണ്ടായിരുന്നു. ബാലാമണിയുടെ എതിര്‍പ്പുകളെ വിവസ്ത്രയാക്കിക്കൊണ്ട് തോല്‍പ്പിക്കാന്‍ തീരുമാനിച്ച സമുദായക്കാര്‍ അന്നുച്ചയ്ക്ക് സ്‌കൂള്‍ വിടുന്ന നേരത്ത് എല്ലാ സ്ത്രീകളോടും അകത്തുകയറി കതകടയ്ക്കാന്‍ കല്‍പിച്ചശേഷം ബാലാമണിയെ തെരുവിലേക്ക് വലിച്ചിഴച്ച് പൂര്‍ണ നഗ്നനയാക്കി നടത്തിച്ചു. സ്‌കൂള്‍വിട്ട നേരമായതുകൊണ്ട് കുട്ടികളൊക്കെ വരുന്നുണ്ടായിരുന്നു. അവളെ പഠിപ്പിച്ച അധ്യാപകന്‍ ഈ സംഭവം കണ്ടുകൊണ്ടായിരുന്നു വന്നത്. അദ്ദേഹം തന്റെ തോള്‍മുണ്ട് എടുത്ത് അവളുടെ ദേഹത്തേക്കിട്ടുകൊടുത്തു എന്നാണ് ബാലാമണി എന്നോട് പറഞ്ഞത്. 

ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം പക്ഷേ ബാലാമണിയെ വിടാന്‍ തയ്യാറായിരുന്നില്ല. ബാലാമണി കുതറിയോടാന്‍ ശ്രമിച്ചെങ്കിലും സമുദായക്കാര്‍ പിന്നാലെയോടി ഒരു വീട്ടിലേക്ക് അവളെ ഓടിച്ചുകയറ്റി. ആ വീട്ടിനകത്തുവെച്ച് സമുദായക്കാര്‍ അതിഭീകരമായി അവളെ ഉപദ്രവിച്ചു. ബലാത്സംഗമല്ല, ശാരീരിക മര്‍ദനമായിരുന്നു നടത്തിയത്. അങ്ങനെയാണ് ആശുപത്രിയിലാവുന്നത്. ആശുപത്രിയില്‍ നിന്നാണ് അവള്‍ കത്തെഴുതുന്നത്. അന്ന് മാനുഷിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ പോലീസുകാരാണ് മാനുഷിയെക്കുറിച്ച് ബാലാമണിയോട് പറഞ്ഞതും പരാതി അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതും. ബാലാമണിയുടെ അവസ്ഥകള്‍ വിവരിച്ചുകൊണ്ടുള്ള വിശദമായ കത്തുവായിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് ആദ്യം പിടിയില്ലായിരുന്നു. നേരിട്ട് പോയി അന്വേഷിക്കാം എന്ന തീരുമാനത്തിലെത്തി. അങ്ങനെ ബാലാമണിയെ പോയി കണ്ടു. 'ഇതുപോലെ തല്ലിച്ചതയ്ക്കപ്പെട്ട ഒരു സ്ത്രീശരീരം എന്റെ മുമ്പില്‍ വന്നിട്ടില്ല' എന്നായിരുന്നു അന്ന് അവളെ ചികിത്സിച്ച ഡോക്ടറുടെ പ്രതികരണം. അതായിരുന്നു ആ മര്‍ദനത്തിന്റെ രീതി. ബാലാമണിയുടെ പ്രശ്‌നം അതോടെ മാനുഷി ഏറ്റെടുക്കുകയായിരുന്നു. 

അന്ന് മണിയും അവരുടെ സഹോദരി അംബുജവും മാനുഷിയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മണിച്ചേച്ചി എന്നായിരുന്നു ഞങ്ങള്‍ വിളിക്കാറ്. മണിയുടെ നേതൃത്വത്തില്‍ കുറച്ചുപേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് എല്ലാ രീതിയിലും ചെറുത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെ. വേണുവിന്റെ വിപ്ലവസംഘടനയുടെ വനിതാവിഭാഗം പ്രവര്‍ത്തകരായിരുന്നു അവര്‍. കെ.എന്‍ രാമചന്ദ്രന്റെ സംഘടനയുടെ വനിതാവിഭാഗം പ്രവര്‍ത്തകരും മാനുഷിക്കൊപ്പം ചേര്‍ന്നിരുന്നു. ബാലാമണിയുടെ സമരത്തില്‍ വിപ്ലവസംഘടനകളുടെ വനിതാവിഭാഗവും മാനുഷിയും ഒന്നുചേര്‍ന്നു. സമരമായിരുന്നു മാര്‍ഗം. പഞ്ചായത്ത് ഇലക്ഷന്‍ നടക്കുന്ന കാലമാണ്. മുഖ്യപ്രതിയായിട്ടുള്ളയാള്‍ സ്ഥാനാര്‍ഥിയാണ്. 'ഇതിന് സമാധാനം പറഞ്ഞില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ഇലക്ഷനില്‍ തോല്‍പിക്കും' എന്നായിരുന്നു ഞങ്ങള്‍ സമരക്കാരുടെ മുന്നറിയിപ്പ്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ആള്‍ ഇലക്ഷനില്‍ തോറ്റു. ഞങ്ങള്‍ക്ക് മീഡിയ നല്കിയ പിന്തുണയും വളരെ നല്ലതായിരുന്നു. ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്ത്രീകളുടെ മുന്‍കൈയില്‍ വിജയിച്ച ഒരു ജനകീയസമരമായിരുന്നു അത്.

എന്റെ വീട്ടില്‍ കുറേ കപ്പ നട്ടകാലമായിരുന്നു. വീട്ടില്‍ നിന്നും കപ്പയെല്ലാം പറിച്ച് ചേലക്കര കൊണ്ടാഴിയിലേക്ക് പോയി ഞങ്ങള്‍ സമരമിരുന്നു. സമരവേദിയില്‍, തെരുവില്‍, അടുപ്പുകൂട്ടി കപ്പ പുഴുങ്ങി ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു. സമരം ദിവസങ്ങളോളം നീണ്ടു. നിരന്തരസമരം തന്നെയായിരുന്നു. പ്രസംഗിക്കുക, പാട്ടുപാടുക, സമരം ചെയ്യുക. ഇതായിരുന്നു രീതി. സമരത്തിനൊടുവില്‍ പോലീസ് ഇടപെട്ട് ബാലാമണിയെ വീട്ടില്‍ താമസിപ്പിക്കാന്‍ തീരുമാനമായി. ബാലാമണി ആക്രമിക്കപ്പെടാതിരിക്കാനായി പൊലീസ് ഔട്ട്‌പോസ്റ്റ് അവളുടെ വീടിനരികില്‍ സ്ഥാപിച്ചു. ആ സമരത്തിന്റെ വിജയവും അതായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആ യുവതിയെ അവളുടെ വീട്ടില്‍ താമസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത്. പോലീസ് സംരക്ഷണത്തില്‍ സമരക്കാരും പോലീസുകാരും കൂടി അവളെ സ്വന്തം വീടിനകത്ത് പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ഇല്ലെങ്കില്‍ വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് അവളെ സമുദായക്കാര്‍ തടയുമായിരുന്നു. വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല എന്നായിരുന്നു അവരുടെ വാശി. ബാലാമണിയുടെ വീട്ടില്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ നിസ്സഹായയായിരുന്നു. ഒരുമാസക്കാലം മാനുഷിയുടെ കുട്ടികളും മണിയും കൂട്ടരും അവിടെ സമരമിരുന്ന് ബാലാമണിക്ക് സമുദായക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തോല്‍പ്പിക്കുകയായിരുന്നു.  

മണി ഒരു ഗംഭീര സ്ത്രീയായിരുന്നു. അവര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ അത്ഭുതമായിരുന്നു. മാനുഷി കോളേജില്‍ നിന്നും തുടങ്ങിയ സംഘടന ആയിരുന്നെങ്കില്‍ക്കൂടിയും പുറത്തുനിന്നുള്ള സ്ത്രീകള്‍ മാനുഷിയുമായി സഹകരിക്കാന്‍ തുടങ്ങിയത് ഞങ്ങള്‍ക്ക് വലിയ പ്രചോദനമായിരുന്നു. അതില്‍ പ്രബലമായ വിഭാഗമായിരുന്നു മണി നേതൃത്വം കൊടുത്ത വിപ്ലവകാരികളുടെ വനിതാവിഭാഗം. മണിയെപ്പോലൊരു പോരാളി കടന്നുവരുമ്പോള്‍ സമരത്തിന്റെ വീര്യം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. മുമ്പ് ഒരു പെണ്‍കുട്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്തപ്പോഴും മണി അവർക്ക് പിന്തുണയുമായി തെരുവിലിറങ്ങി. മണിയുടെ പോരാട്ടം തികച്ചും വ്യത്യസ്തമായിരുന്നു. എന്തിനും ഏതിനും തയ്യാറായിട്ടാണ് മണിയും കൂട്ടരും സമരം ചെയ്യാനിറങ്ങുക. മണിയുടെ വിപ്ലവസംഘടനയുടെ വനിതാവിഭാഗവുമായി മാനുഷിക്കുണ്ടായിരുന്ന വിയോജിപ്പ്, മാനുഷി എന്നത് സ്വതന്ത്രസ്ത്രീവിമോചന സംഘടനയാണ് ഒരു പാര്‍ട്ടിയുടെയും വനിതാവിഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല എന്ന നിലപാടായിരുന്നു. വിപ്ലവസംഘടനയുടെ വനിതാവിഭാഗത്തിന്റെ സമരങ്ങള്‍ ഏറ്റെടുക്കലല്ല മാനുഷിയുടെ ധര്‍മം എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് മാനുഷിയിൽ  പിളര്‍പ്പുണ്ടാവുന്നത്. വിപ്ലവസംഘടനകള്‍ പരിപാടികള്‍ സ്വയം തീരുമാനിച്ചശേഷം മാനുഷി പങ്കെടുക്കുന്നു എന്ന് പരസ്യപ്പെടുത്തുന്നത് പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായി. പല പരിപാടികളും മാനുഷിയുടെ അറിവോടെയായിരുന്നില്ല. ഇന്റലിജന്‍സ് അന്വേഷണം വരെ മാനുഷിക്കുനേരെ ഉണ്ടായ സന്ദര്‍ങ്ങളുണുമുണ്ടായിരുന്നു. 

ഒരു സ്വതന്ത്രസ്ത്രീവിമോചന സംഘടന എന്ന നിലയില്‍ ആരുടെയും ഭാഗമായി പ്രവര്‍ത്തിക്കാന്‍ മാനുഷി ഒരുക്കമായിരുന്നില്ല എന്നതിനുകാരണം അവിടെയൊന്നും സ്ത്രീകള്‍ക്ക് തുല്യനീതി കിട്ടില്ല എന്നതുകൊണ്ടുതന്നെയായിരുന്നു. തുല്യഅവസരമോ, സമരത്തില്‍ തുല്യനേതൃത്വമോ സ്ത്രീകള്‍ക്ക് കിട്ടില്ല എന്ന ബോധം മാനുഷിക്കുണ്ടായിരുന്നു. സ്ത്രീകളുടെ പ്രശ്‌നം മുഖ്യപ്രശ്‌നം അല്ല എന്നു പറയുന്നവരായിരുന്നു പ്രമുഖ രാഷ്ട്രീയസംഘടനകളെല്ലാം. ഇടതുപക്ഷമടക്കമുള്ള വിപ്ലവപ്പാര്‍ട്ടികളൊന്നും തന്നെ ഇതുവരെ സ്ത്രീകളുടെ പ്രശ്‌നം മുഖ്യപ്രശ്‌നമായി അംഗീകരിച്ചിട്ടില്ല. അതിനുവേണ്ടി ഒരു സമരവും ആരും നടത്തിയിട്ടുമില്ല. 

പ്രത്യയശാസ്ത്രപരമായി കെ. വേണു ഉള്‍പ്പെടെയുള്ളവര്‍ തന്നിട്ടുള്ള കരുത്ത് വേറെ തന്നെയായിരുന്നു. മാനുഷിയുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ കെ.വേണുവിന്റെ പാര്‍ട്ടി നല്ല പങ്കുവഹിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്‌നം വര്‍ഗേതരമാണ് എന്ന നിലപാടിനെ മാനുഷി അംഗീകരിക്കുന്നത് വേണുവിന്റെ പ്രചോദനത്തിലാണ്. അങ്ങനെയാണ് സ്വതന്ത്രസ്ത്രീസംഘടനയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത്. സാമ്പത്തികമായി തുല്യതയുണ്ടായാല്‍ എല്ലാം തുല്യമായി എന്ന വളരെ യാന്ത്രികമായ നിലപാടായിരുന്നു ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നത്. സിപിഎമ്മായായും ഐ ആയാലും എംഎല്‍ ആയാലും എല്ലാവരുടെയും നിലപാട് അതായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്‌നമുണ്ടെന്നും അത് സാമ്പത്തികം മാത്രമല്ല, സാമൂഹികമായും ഉണ്ടെന്നുള്ളതാണ് മാനുഷി മുന്നോട്ടുവെച്ചിരുന്നത്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പാര്‍ട്ടികള്‍ മറ്റൊരു തലത്തില്‍ നിലപാട് കൈക്കൊള്ളണം എന്നായിരുന്നു മാനുഷിയുടെ ആവശ്യം. മണി വരുമ്പോള്‍ ഒരു വിപ്ലവനേതൃത്വത്തിന്റെ സ്ത്രീപക്ഷ ഇടപെടല്‍ നടക്കുമായിരുന്നു. അത് വലിയ തോതില്‍ സമരങ്ങളിലും നിലപാട് രൂപീകരണത്തിലും മാനുഷിയെ സഹായിച്ചിരുന്നു. ആരെയും കൂസലില്ലായിരുന്നു മണിക്ക്. അത്രയധികം ധീരയായ സ്ത്രീയായിരുന്നു. സമരവേദികളില്‍ മണിയുടെ സാന്നിധ്യം നിറയ്ക്കുന്ന ഊര്‍ജം എനിക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. 

ബാലാമണിയുടെ കേസില്‍ അവള്‍ക്കുനേരെ വീണ്ടും ആക്രമണങ്ങളുണ്ടായി. പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടും അവർക്ക് സുരക്ഷയില്ലാതായി. അവിടെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായപ്പോള്‍ ബാലാമണി വീണ്ടും ഞങ്ങളെ സമീപിച്ചു. ഒരു ഷെല്‍ട്ടര്‍ അവള്‍ക്കായി ഒരുക്കിക്കൊടുക്കാനുള്ള സാഹചര്യം ഞങ്ങള്‍ക്കാര്‍ക്കുമുണ്ടായിരുന്നില്ല അന്ന്. എണ്‍പതുകളിലാണ് സംഭവം എന്നോര്‍ക്കണം. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സുഗതകുമാരി ടീച്ചര്‍ 
ഒരു ഷെല്‍ട്ടര്‍ഹോം നിര്‍മിക്കുന്നത്. മാനുഷിയെ സംബന്ധിച്ചിടത്തോളം പണവുമില്ല, സ്ഥലവുമില്ല, ധൈര്യവും ആയിട്ടില്ല. ബാലാമണിയുടെ കേസില്‍ പോലീസുകാര്‍ തഴഞ്ഞു. ഇനിയൊന്നും ചെയ്യാനില്ല എന്നായി. ബാലാമണിയെ എന്തുചെയ്യും എന്നായി ഞങ്ങള്‍. എന്റെ വീട്ടില്‍ അമ്മായി അമ്മ, അമ്മായി അപ്പന്‍, ഭര്‍ത്താവ്, മക്കള്‍ തുടങ്ങി വലിയൊരു കൂട്ടം തന്നെയുണ്ട്. അങ്ങനെ ഒരാളെയും കൊണ്ട് വീട്ടിലേക്ക് വരാന്‍ പറ്റുന്ന പുരോഗമനസാഹചര്യമൊന്നും അവിടെയില്ലായിരുന്നു. വീട്ടിലുള്ളവര്‍ക്ക് അവള്‍ സ്വീകാര്യയുമായിരുന്നില്ല. ഞാന്‍ പോകുന്നതു തന്നെ വലിയ കോലാഹലങ്ങള്‍ക്കിടയിലായിരുന്നു. വലിയ സമരങ്ങള്‍ വീട്ടനകത്ത് നടത്തിക്കൊണ്ടായിരുന്നു ഞാന്‍ സമരങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചിരുന്നത്. 

ബാലാമണി ഇടയ്ക്ക് എന്റെയൊപ്പം വന്ന് താമസിക്കുമായിരുന്നു. ഞാന്‍ ജോലിക്കുപോകുമ്പോള്‍ അവള്‍ ഒറ്റയ്ക്കാകും, പോരാത്തതിന് എന്റെ വീട്ടിലുള്ളവര്‍ അവള്‍ക്ക് സ്വൈര്യം കൊടുത്തിരിക്കാനും വഴിയില്ലെന്ന് സ്വാഭാവികമായിട്ടും ഞാന്‍ കരുതുന്നു. ആ വിഷമാവസ്ഥയില്‍ ആദ്യം ആലോചിച്ചത് മണിയോടായിരുന്നു. മുന്‍പിന്‍ നോക്കാതെ അവര്‍ വിഷയം ഏറ്റെടുത്തു. 'ഒന്നും നോക്കണ്ട, ബാലാമണിയെ ഞാന്‍ കൊണ്ടുപോയ്‌ക്കോളാം' എന്നായിരുന്നു മണി പറഞ്ഞത്. ഒന്നരക്കൊല്ലത്തോളം ബാലാമണിയെ അവര്‍ ഒപ്പം താമസിപ്പിച്ചു. പറഞ്ഞത് ഇതാണ്, തൊഴിലും വിദ്യാഭ്യാസവും വീടും ആളുകളും എല്ലാമുണ്ടായിട്ടും എനിക്ക് സാധിക്കാത്തത് തൊഴിലാളി സ്ത്രീയായ മണിക്ക് നിസ്സാരമായി ഏറ്റെടുക്കാന്‍ പറ്റി. ബാലാമണിയെ ഏറ്റെടുക്കാന്‍ തരത്തിലുള്ള സാഹചര്യങ്ങള്‍ നിര്‍മിക്കും വിധം കുടുംബസാഹചര്യങ്ങള്‍ നമ്മള്‍ ഇതുവരെ ഉണ്ടാക്കിയെടുത്തിട്ടില്ല. മണി അത്തരം സാഹചര്യങ്ങളെ നേരത്തേ പൊളിച്ചെറിഞ്ഞാണ് കുടുംബം എന്ന സ്ഥാപനത്തിനകത്തേക്ക് കയറിവന്നത്. അതായിരുന്നു മണി. മണി എന്ന ഗംഭീരസ്ത്രീയെക്കുറിച്ച് പറയാതെ എന്റെയൊരു സമരവീര്യവും പൂര്‍ണമാവില്ല. മണി മനുസ്മൃതി കത്തിച്ചാമ്പലാക്കിയത് ദളിത് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നാണ്. ഏതുസംഭവത്തിലും മുന്‍കൈയെടുത്ത് ചാടിവീണ് പ്രശ്‌നം പരിഹരിച്ചിരിക്കും മണി. 

കെ. വേണു മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ഇത്രയധികം കാര്യങ്ങള്‍ മനസ്സിലേക്ക് വന്നു. എങ്ങനെയൊക്കെ അടയാളപ്പെടുത്തിയാലും മണിയുടെ സമരോന്മുഖതയ്ക്കുമുന്നില്‍ അക്ഷരങ്ങളുടെ വീര്യം ചോര്‍ന്നുപോകും. ആ ജീവിതം രേഖപ്പെടുത്താന്‍ പോന്ന വാക്കുകളൊന്നും കിട്ടിയെന്നുവരില്ല. ജീവിതം തന്നെ സമരമാക്കിയെടുന്ന മഹത്തായൊരു സ്ത്രീ ഓര്‍മയായിട്ട് ഒരു വര്‍ഷം തികഞ്ഞു. പക്ഷേ മണിയെന്ന സാന്നിധ്യം അറിഞ്ഞ ഓരോ 
സ്ത്രീകളിലും മണി ജീവിച്ചുകൊണ്ടേയിരിക്കും.