തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം നടന്ന സ്ഥലത്തുവെച്ച് നടന്ന തർക്കത്തിനിടെ അഭിരാമിന്റെ തലയ്ക്ക് താൻ തേങ്ങ കൊണ്ട് ഇടിച്ചതായി വെളിപ്പെടുത്തി പ്രതിയായ പതിനേഴുകാരൻ. ഈ ഇടിയിലാണ് അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റത്. 17-കാരന് നൽകിയ കൗൺസിലിങ്ങിന് ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൽ കൂടുതൽ വ്യക്തത വന്നത്.

To advertise here,

മുൻകൂട്ടി പ്ലാൻ ചെയ്തത് പ്രകാരം അഭിരാമിനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത് 17-കാരനാണെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്ത് എത്തിയ ശേഷം ഉണ്ടായ തർക്കത്തിനിടയിൽ പ്രതി അവിടെ കിടന്ന തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു.

ഇടിയിൽ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ചശേഷം ഇയാൾ പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർധബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തി, ശേഷമാണ് ഇരുവരും ചേർന്ന് കഴുത്തിൽ കൈകൊണ്ട് ഞെരിച്ചും ബെൽറ്റ് കൊണ്ട് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ അഭിരാമിന്റെ തലയ്ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങ അന്വേഷണസംഘം കണ്ടെത്തി. കസ്റ്റഡിയിൽ ലഭിച്ച 17-കാരനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് പുറമേ പരിക്കുകൾ ഇല്ലായിരുന്നെങ്കിലും തലയോട്ടിക്ക് ക്ഷതം ഏറ്റത് പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയിരുന്നു.

പോലീസിനെ വഴിതെറ്റിക്കാനായി പ്രതികൾ പലപ്പോഴും മൊഴികളും മറ്റ് കാര്യങ്ങളും മാറ്റി പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായി ശാസ്ത്രീയമായ തെളിവുകൾ നിരത്തിയാണ് പോലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നത്. കൊല നടത്താൻ ഉപയോഗിച്ച സാധനങ്ങളും അഭിരാമിന്റെ വസ്ത്രവും മാലയും മൊബൈലും കണ്ടെടുത്തതോടെയാണ് പോലീസിന് അന്വേഷണത്തിൽ ബഹുദൂരം മുന്നോട്ട് പോകാനായത്.