‘പ്രിയരേ, പ്രിയ മാധ്യമസുഹൃത്തുക്കളേ,

To advertise here,

എന്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ

'സാംസ്‌കാരിക നായിക'എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.

ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്.

ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.

(ശരിയെന്ന് തോന്നുന്നതുമാത്രം. ബോധ്യപ്പെടുന്നതുമാത്രം.)

മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ'സാംസ്‌കാരികനായിക' എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.) വിളിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ഞാൻ ഒന്നിന്റെയും നായികയല്ല.’- കഴിഞ്ഞ ദിവസം സാറാ ജോസഫ് തന്റെ ഫേസ്ബുക് പേജിലൂടെ നടത്തിയ അഭ്യർഥനയാണിത്. തനിക്ക് യോജിപ്പില്ലാത്ത പ്രസ്താവനകളിൽ ഒപ്പുവെക്കില്ലെന്നും ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും സാറാ ജോസഫ് എഴുതിയതിനുപിന്നാലെ എഴുത്തുകാരിക്ക് പിന്തുണയുമായി മുതിർന്ന എഴുത്തുകാരായ സച്ചിദാനന്ദൻ, എം.എൻ കാരശ്ശേരി, സാഹിത്യ അക്കാദമി പ്രസിഡണ്ട് കൽപറ്റ നാരായണൻ എന്നിവർ പ്രതികരിക്കുന്നു.

ഒരു പാർട്ടിയിൽ ഇല്ലാത്ത ഇടതുപക്ഷം ഇവിടെ ഇല്ല എന്നാണ് സങ്കല്പം- സച്ചിദാനന്ദൻ

സംസ്‌കാരത്തിന് നായകന്മാരും നായികമാരും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എപ്പോഴും സാംസ്‌കാരിക നായകർ എന്നാണ് കേരളത്തിൽ പറയുന്നത്; പ്രശംസിക്കുകയാണെങ്കിലും പരിഹസിക്കുകയാണെങ്കിലും. ഒരു ജനതയും ഒരാൾക്കും സാംസ്‌കാരിക നായകത്വം കൊടുക്കുന്നില്ല. ആരെ വേണമെങ്കിലും അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒരവസ്ഥയാണ് കേരളത്തിൽ ഉള്ളത്. എഴുതുന്ന ആളുകളെയും പൊതുപ്രഭാഷണങ്ങൾ നടത്തുന്നവരെയും സാംസ്‌കാരികനായകർ എന്നുവിളിക്കാവുന്ന ഒരവസ്ഥ നിർഭാഗ്യവശാൽ കേരളത്തിലുണ്ട്. ഈ ആളുകളാണ് കേരളത്തിൽ സംഭവിക്കുന്ന എല്ലാ രാഷ്ട്രീയവും സാമൂഹികവുമായ കുഴപ്പങ്ങൾക്കൊക്കെ കാരണം എന്ന് വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും തുടങ്ങുകയും ഏതെങ്കിലും ഒരു വിഷയത്തിൽ ഉടൻ തന്നെ പ്രതികരിച്ചില്ലെങ്കിൽ അത് സാംസ്‌കാരികനായകരുടെ വലിയ ദൗർബല്യമായോ കുറ്റമായോ കാണുകയും ചെയ്യുന്നു.

എല്ലാ രാഷ്ട്രീയവിഷയങ്ങളിലും പ്രതികരിക്കുക എന്നത് ഈ പറഞ്ഞ സാംസ്‌കാരികനായകരുടെ ചുമതലയല്ല. മുഴുവൻ സമയവും എഴുത്തിനായി ചെലവഴിക്കുന്ന ആളുകളുടെ പ്രതികരണം സമയാസമയം വന്നിരിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ട്. രണ്ടാമതായി സാംസ്‌കാരിക പ്രവർത്തകർ എന്നുവിളിക്കാവുന്നവർക്ക് ഒരു വിഷയം പ്രധാനമായി തോന്നണമെന്നില്ല. വിഷയങ്ങളുടെ ആപേക്ഷികപ്രാധാന്യത്തെപ്പറ്റിയുള്ള ഒരു തെറ്റിദ്ധാരണകൂടി ഈ സങ്കല്പത്തിലുണ്ട്. ഏതൊക്കെ വിഷയത്തിൽ പ്രതികരിക്കണം, ഏതിലൊക്കെ പ്രതികരിക്കേണ്ടതില്ല എന്നതും ഒരു നിർമിതിയാണ്. കേരളം ജീവിക്കുന്നത് ഇത്തരത്തിലുള്ള വളരെ കൃത്രിമമായ ഒരുപാട് നിർമിതികളിലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു സ്വാഭാവികമായ സാധാരണ നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സമൂഹമല്ല കേരളത്തിലുള്ളത് എന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെ എന്റെ അനുഭവം വ്യക്തമാക്കുന്നത്.

35 വർഷം മുമ്പ് ഞാൻ കേരളത്തിൽ നിന്നു ഡൽഹിയിലേക്ക് പോകുമ്പോൾ ഇവിടെ ഇല്ലാതിരുന്നതും അഞ്ചുവർഷം മുമ്പ് തിരിച്ചുവന്നപ്പോൾ ഇവിടെയുണ്ടായിരിക്കുന്നതുമായ ഒന്ന് കേരളത്തിൽ കണ്ടത് ഒരാൾ ഇടതുപക്ഷമാണ് എന്നു പറയണമെങ്കിൽ അയാൾ സിപിഐയോ, സിപിഎമ്മോ, സിപിഎംഎല്ലോ ആയിരിക്കണം എന്നുള്ളതാണ്. ഒരു പാർട്ടിയിൽ ഇല്ലാത്ത ഇടതുപക്ഷം ഇവിടെ ഇല്ല എന്നാണ് സങ്കല്പം. ഞാൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. എനിക്ക് ശരിയാണെന്ന് തോന്നുന്നതും തെറ്റാണെന്ന് തോന്നുന്നതും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ആളാണ്. അത് എല്ലാ പാർട്ടിയോടും അങ്ങനെയാണ്. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കുമ്പോൾ കേന്ദ്ര സർക്കാറിനെതിരേ പ്രമേയം പാസ്സാക്കിയത് സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് നിരോധിച്ചപ്പോഴായിരുന്നു. അതുകൊണ്ടുതന്നെ ഒരു പാർട്ടിയുടെ സ്വന്തമാകാനോ ആ പാർട്ടിയുടെ തെറ്റ് ന്യായീകരിക്കാനുള്ള ആളാവാനോ സാധ്യമല്ല. ഞാൻ ഇടതുപക്ഷം എന്നുകരുതുന്നത്, പീഡിതരും, ചൂഷിതരും, പാർശ്വവത്കൃതരുമായ മനുഷ്യരുടെ കൂടെ നിൽക്കുക എന്നുള്ളതാണ്. ആ ഒരൊറ്റക്കാര്യത്തിലാണ് ഇടതുപക്ഷത്തിന്റെ സത്ത നിലനിൽക്കുന്നത്. അല്ലാതെ മെമ്പറാണോ, സെക്രട്ടറിയാണോ എന്നുള്ളതല്ല. നീതിക്കുവേണ്ടിയല്ല, നിങ്ങൾ ഒരു പാർട്ടിക്കുവേണ്ടി നിൽക്കണം.ആ പാർട്ടി ചെയ്യുന്ന തെറ്റും ശരിയും നിരന്തരമായി ന്യായീകരിച്ചുകൊണ്ടിരിക്കണം, എതിരായി നിൽക്കുന്ന ഒരു പാർട്ടി ചെയ്യുന്നത് ശരിയായ കാര്യമാണെങ്കിലും അതിനെ എതിർക്കണം. ഇങ്ങനെയുള്ള ഒരുപാട് ധാരണകളിലാണ് കേരളം എന്നു പറയുന്ന സമൂഹം പ്രവർത്തിക്കുന്നത്. അത് ഒരു നോർമൽ സൊസൈറ്റിയായിട്ട് ഞാൻ കാണുന്നേയില്ല.

എപ്പോഴും ശകാരിക്കപ്പെടാനുള്ള കുറേ ആളുകളാണ് സാംസ്‌കാരിക നായകർ എന്നുകരുതുകയും അങ്ങനെ വിളിക്കുന്നതുതന്നെ ഒരു ശകാരപദമായി മാറുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അതിനെതിരേയാണ് സാറ ടീച്ചർ പ്രതികരിച്ചത്. ഇവിടെ എന്തുസംഭവിച്ചാലും അതിനോടൊക്കെ പ്രതികരിക്കുക എന്നതാണ് ഞങ്ങളുടെയൊക്കെ ജോലി എന്ന മട്ടിലാണ് കാര്യങ്ങൾ. കേരളത്തിൽ എന്തുകൊണ്ടാണ് ഇത്രധികം കാർട്ടൂണിസ്റ്റുകൾ ഉണ്ടായത് എന്ന് എനിക്ക് വളരെ വേഗത്തിൽ മനസ്സിലാവുന്നു. ഒരു സംസ്ഥാനത്തിലും ഇത്രയധികം കാർട്ടൂണിസ്റ്റുകൾ ഉണ്ടാവില്ല.

ബഷീർ പറഞ്ഞു: ഉറങ്ങുന്നതും ഒരു അഭിപ്രായമാണ്. -എം.എൻ കാരശ്ശേരി

സാംസ്‌കാരിക നായകൻ / നായിക എന്നുള്ള വിളിയെപ്പറ്റി സാറ ടീച്ചർ പ്രകടിപ്പിച്ച വിപ്രതിപത്തിയോട് വളരെയധികം യോജിക്കുന്നു. നായകന്മാരും നായികമാരും ഉള്ള ഒരു പ്രസ്ഥാനമല്ല സംസ്‌കാരം. പ്രത്യേകിച്ച് നമ്മൾ സിനിമാ സംവിധായകനെയോ, നടിയെയോ, നടനെയോ, സാഹിത്യകാരനെ, ശില്പിയെയോ, കവിയെയോ ഒന്നും ഇങ്ങനെ പറയേണ്ട ആവശ്യമില്ല. ആ പേര് തന്നെ അധികബാധ്യതയാണ്, ഭാരവുമാണ്. ഇന്ന വിഷയത്തിൽ പ്രതികരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രതികരിക്കേണ്ട ബാധ്യത ഈ പറഞ്ഞവരിൽ ആർക്കുമില്ല. സാറ ടീച്ചർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്, വല്ലതും ഒപ്പിടുവാൻ കൊണ്ടുവന്നാൽ വായിച്ചുനോക്കിയിട്ട് യോജിക്കാൻ കഴിയുന്നതാണെങ്കിൽ ഒപ്പിടും അല്ലെങ്കിൽ ഇല്ല എന്ന്. ഈ വിഷയത്തിൽ വളരെ നേരത്തേ തന്നെ ശക്തമായ നിലപാട് പുലർത്തിയ ആളാണ് എം.ടി. എല്ലാക്കാര്യത്തെപ്പറ്റിയും ഒരു എഴുത്തുകാരൻ എന്ന നിലയ്‌ക്കോ ചലച്ചിത്രകാരൻ എന്ന നിലയ്‌ക്കോ പ്രതികരിക്കാൻ തനിക്ക് ബാധ്യതയില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പല പ്രസ്താവനകളും കൊണ്ടുപോയിട്ട് എം.ടി ഒപ്പിടാതെ മടക്കി അയച്ച പരാതികൾ അദ്ദേഹത്തെപ്പറ്റിയുണ്ട്. ഇത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. എല്ലാക്കാര്യവും എപ്പോഴും നമ്മൾ അറിഞ്ഞിരിക്കണമെന്നില്ല. നമ്മൾ പറയാത്ത കാര്യത്തിന് പ്രതികരണം ചോദിച്ച് ആളുകൾ വിളിക്കുന്നതും പതിവാണ്. ഒരു കാര്യത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല എന്നതും ഒരു അഭിപ്രായമല്ലേ. മൗനം ഒരു അഭിപ്രായമല്ലേ?

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഒരു തമാശയുണ്ട്: അദ്ദേഹത്തെയും കൂട്ടി ഒരു സുഹൃത്ത് സിനിമയ്ക്കുപോയി. സിനിമ കഴിഞ്ഞുവരുമ്പോൾ സുഹൃത്തുപറഞ്ഞു, സിനിമയെപ്പറ്റി അഭിപ്രായമൊന്നും പറഞ്ഞില്ല, ഉറങ്ങുകയായിരുന്നു. അപ്പോൾ ബഷീർ പറഞ്ഞു: ഉറങ്ങുന്നതും ഒരു അഭിപ്രായമാണ്. മൗനം കൊണ്ടാണോ, വാക്കുകൾ കൊണ്ടാണോ, പ്രവൃത്തി കൊണ്ടാണോ പ്രതികരിക്കേണ്ടത് എന്ന് നാട്ടുകാർ തീരുമാനിച്ചാൽ പറ്റില്ല. നാട്ടുകാർ വിമർശിക്കുന്നത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യും.

പ്രതികരിക്കുക എന്നത് ഒരു ബാധ്യതയല്ല. മുഖ്യമന്ത്രിയുടെയോ, വിസിയുടെയോ ഗവർണറുടെയോ നിലപാടുകളോട് എനിക്ക് യോജിപ്പില്ലെങ്കിൽ ഞാൻ പ്രതികരിക്കും, എന്റെ അഭിപ്രായം പറയും. അത് എന്റെ താൽപര്യങ്ങളിലും നിലപാടുകളിലും നിൽക്കുന്ന സംഗതിയാണ്. അതേ സമയം എല്ലാക്കാര്യത്തെപ്പറ്റിയും എനിക്ക് അഭിപ്രായം ഉണ്ടായിരിക്കണം എന്നുണ്ടോ? പ്രതികരിക്കാൻ തക്കവണ്ണം അവനവന്റെ ഉള്ളിൽ നിന്നും ഒരു പ്രഷർ അനുഭവപ്പെടണം.

നായിക എന്നത് സ്്ത്രീയെ സെക്കന്റ്‌സെക്‌സ് ആയി കണ്ടുകൊണ്ടുവന്ന ഒരു പ്രയോഗം- കല്പറ്റ നാരായണൻ

എഴുത്തുകാരനോ പ്രഭാഷകനോ ആയതുകൊണ്ടായിരിക്കാം സാംസ്‌കാരിക മേഖലയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഏതായാലും ശരി എന്റെ ഉത്തരവാദിത്തമല്ല, എല്ലാറ്റിനെക്കുറിച്ചും പ്രതികരിക്കുക എന്നത്. എന്റെ സ്വാതന്ത്ര്യമാണ് എന്റെ പ്രതികരണത്തിൽ ഉണ്ടാവുക. അതുകൊണ്ട് ഞാൻ ഇന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല എന്നതോ, സംസാരിച്ചു എന്നതോ എന്റെ മേൽ ഒരു ആരോപണമായി ചാർത്താൻ സാധ്യമല്ല. എന്റെ സ്വാതന്ത്ര്യം ഞാൻ എഴുതുന്നു, എന്റെ സ്വാതന്ത്ര്യം ഞാൻ പ്രഭാഷണം ചെയ്യുന്നു. എന്റെ സ്വാതന്ത്ര്യമാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് എന്തിനെക്കുറിച്ച് പറയാനും പറയാതിരിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. ഒരു ബാധ്യതയാവുന്ന ഘട്ടത്തിൽ പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. പ്രത്യക്ഷത്തിൽ പെട്ടെന്ന് പ്രതികരിക്കുന്നത് ഒരു നല്ല കാര്യമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ആ കാര്യത്തിന്റെ, സംഭവത്തിന്റെ പലവിധ വശങ്ങളും അറിഞ്ഞ്, ആലോചിച്ച് അതിൽ നിന്നെത്തുന്ന നിഗമനങ്ങൾ പറയുക എന്നതാണ് ശരി.

അതുകൊണ്ടുതന്നെ ഒരു മർദനം നടന്നു, എന്താണ് പ്രതികരണം എന്നു ചോദിച്ചാൽ എനിക്ക് ഉടൻ ഒരു പ്രതികരണവുമില്ല. കാരണം ആ മർദനം നടക്കാനുള്ള പശ്ചാത്തലം എന്തായിരുന്നു, അതിൽ നീതികേട് എത്രത്തോളമുണ്ടായിരുന്നു, ആ മർദനം അനുഭവിച്ചവർ അതിനുഉത്തരവാദികൾ ആയിട്ടുണ്ടോ...തുടങ്ങി ഇത്തരം കാര്യങ്ങൾ പരിശോധിക്കാതെ ഏതെങ്കിലും അഭിപ്രായം പറയുന്നത് ഉചിതമല്ല, അതിൽ ഞാൻ വിശ്വസിക്കുന്നുമില്ല.

എഴുത്തുകാർ നിഷ്പക്ഷരാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. പക്ഷേ ബാധ്യസ്ഥരല്ല. അവർ പറയണം എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ പറയുന്നത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ കൂടി ആവിഷ്‌കാരം ആണ്. എനിക്ക് പറയാതിരിക്കാം- അത് എന്റെ രാഷ്ട്രീയം പറയുന്നതുകൊണ്ടാവാം, രാഷ്ട്രീയം നിയന്ത്രിക്കുന്നതുകൊണ്ടാവാം, അല്ലാതാകാം. ഞാൻ ഒരു സാംസ്‌കാരികപ്രവർത്തകനായി എന്നതുകൊണ്ട് എല്ലാറ്റിനെക്കുറിച്ചും പറയാൻ എനിക്ക് ബാധ്യതയില്ല.

സാംസ്‌കാരിക നായിക എന്ന വിശേഷണത്തിൽ സാറ ടീച്ചർ അസംതൃപ്തി പ്രകടിപ്പിച്ചത് ശരിയായ ഒരു കാര്യമാണ്. നായിക എന്നത് സ്്ത്രീയെ സെക്കന്റ് സെക്‌സ് ആയി കണ്ടുകൊണ്ടുവന്ന ഒരു പ്രയോഗമാണ്. സ്ത്രീയും പുരുഷനും തുല്യർ തന്നെയാണ്. അതുകൊണ്ട് സാംസ്‌കാരിക നായിക എന്ന അവഗണനയോട് ഞാൻ യോജിക്കുന്നില്ല. സ്ത്രീയായാലും പുരുഷനായാലും സാംസ്‌കാരിക പ്രവർത്തകരാണ്.