
ദാമ്പത്യജീവിതത്തിന്റെ തടവറയില്‍ നിന്ന് പുറത്ത് വന്ന് കവിതയെയും ജീവിതത്തെയും ഒരുപോലെ മുറുകെപ്പിടിച്ച എഴുത്തുകാരി മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ ഓര്മ ദിവസമാണ് ഡിസംബര്‍ 2. മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്നേഹവും ആരാധനയും നിറഞ്ഞതാണ് മേരിയുടെ കവിതകള്‍. ധാര്‍മ്മികബോധവും സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും വികാരസാന്ദ്രമാക്കിയ മേരിജോണ്‍ കവിതകള്‍ ഒരു കാലത്ത് നമ്മുടെ സ്ക്കൂള് പാഠപുസ്തകങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.
കൂത്താട്ടുകുളത്ത് വടകര യോഹന്നാന് മാംദാന ഓര്‍ത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയില്‍ വീട്ടില്‍ യോഹന്നാന് കോര്‍ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു ജനിച്ചു. മേരിജോണിന്റെ ഇളയ സഹോദരനാണു് സി.ജെ.തോമസ്.
പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ് മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്. എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്പിക്കാതെ അടുക്കളയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക് സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. ളോഹയൂരി പൗരോഹിത്യത്തിന്റെ ആവൃതിക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട സഹോദരന് സി.ജെ.യെപ്പോലെ. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകേണ്ടി വരും എന്ന് തോന്നിയപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പതിനഞ്ച് രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തിന് വണ്ടി കയറി.
തിരുവനന്തപുരത്തെ ഡോ. പല്പുവിന്റെ മക്കളായ ആനന്ദലക്ഷ്മിയും, ദാക്ഷായണിയും ആയി മേരിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത് നന്തന്‍കോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ ഡോ. പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച് മലയാളം വിദ്വാന് പരീക്ഷ പാസ്സായി. ഡോ.പല്‍പ്പുവിന്റെ സഹായത്തോടെ അധ്യാപികയായി ജോലിയും നേടി.
ഇക്കാലത്തെല്ലാം വായനയും എഴുത്തും ദിനചര്യപോലെ തുടര്‍ന്നു പോന്നു. അതിനിടയില്‍ അധ്യാപകജോലിയുപേക്ഷിച്ച് തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. അധ്യാപകജോലിയെ അപേക്ഷിച്ച് അക്കാലത്ത് അഞ്ചല്‍ ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഉയര്‍ന്നശമ്പളവും, സ്ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്. 1960 ല്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം തിരുവന്തപുരത്ത് എം.എന്‍.ലെയിനിലുള്ള വീട്ടില്‍ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.
പ്രഭാതപുഷ്പം, ബാഷ്പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്പം, അമ്മയും മകളും, കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതിന് പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ട്. 1996 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്കി ആദരിച്ചു. 1998 ഡിസംബര്‍ 2 ന് കവിതയ്ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ് വച്ച മേരിജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.
വിരങ്ങള്‍ക്ക് കടപ്പാട്: ജോസ് കരിമ്പന എഡിറ്റ് ചെയ്ത് സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്ന്.
Content Highlights: Mary John Koothattukulam death anniversary
Published: 02 Dec 2020, 04:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented