ന്യൂഡൽഹി: രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിനിയായ മഹക്ദീപ് കൗർ, സഹായിയായ ദേവീന്ദർ സിങ് എന്നിവരെ രാജസ്ഥാൻ എ.ടി.എസും പഞ്ചാബ് പോലീസും ചേർന്ന് പിടികൂടിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച്, സ്ഫോടനത്തിന് പിന്നിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ ശൃംഖലയെന്നാണ് വിവരം. പാക് ഹാൻഡ്ലറുടെ വലയിൽ വീണ യുവതി ഇവരുടെ കൈയിലെ കളിപ്പാവയായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന.
നവംബർ മൂന്നിന് രാത്രി 9.45 ഓടെയാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ തകരുകയും ട്രാക്കിന് കേടുപാടുകളുണ്ടാകുകയും ചെയ്തു. അനുപ്ഗഡ്-സൂറത്ത്ഗഡ് പാസഞ്ചർ ട്രെയിൻ കടന്നുപോയതിനു പിന്നാലെയായിരുന്നു സ്ഫോടനം.
പഞ്ചാബിലെ ഗുദാസ്പൂർ ജില്ലയിലെ ദോസ്ത്പൂർ ഗ്രാമവാസിയായ മഹക്ദീപ് കൗർ എന്ന പ്ലസ് ടു വിദ്യാർഥിനി എങ്ങനെ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ-ഭീകര ശൃംഖലയുടെ ഭാഗമായി മാറി എന്നകാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അതിർത്തികടന്നുള്ള മയക്കുമരുന്ന്-ആയുധക്കടത്ത് സംഘങ്ങളുമായി നേരത്തെതന്നെ മഹക്ദീപിന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നു. മഹക്ദീപിന്റെ മുൻഭർത്താവ് കരൺ ദീപ് സിങ്ങും ബന്ധുവും പാക് കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും, മയക്കുമരുന്ന് കേസിൽ മുൻഭർത്താവ് ഒരു വർഷത്തോളമായി ജയിലിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ഇവരുടെ സഹോദരനും മറ്റൊരു മയക്കുമരുന്ന് കേസിൽ നിലവിൽ തടവിലാണ്. മഹക്ദീപിന്റെ കുടുംബപശ്ചാത്തലമാണ് യുവതിയെ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഷാ' എന്ന ഹാൻഡ്ലറുമായി അടുപ്പിച്ചത്. ഷായുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്ന മഹക്ദീപ്, പണത്തിനുവേണ്ടി അന്താരാഷ്ട്ര റാക്കറ്റിന്റെ സജീവ പ്രവർത്തകയായി മാറുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ കേസിൽ ഏറെ നിർണായകമായ മറ്റൊരു വഴിത്തിരിവാണ് ദേവീന്ദർ സിങ്ങുമായുള്ള മഹക്ദീപിന്റെ ബന്ധം. അറസ്റ്റിന് ഏകദേശം മൂന്ന് മാസം മുമ്പാണ് ചൗർ കലാൻ ഗ്രാമവാസിയായ ദേവീന്ദർ സിങ്ങുമായി മഹക്ദീപ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹവാഗ്ദാനവും പണവും നൽകി മഹക്ദീപ് ദേവീന്ദറെ തന്റെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് ദേവീന്ദറിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രാജസ്ഥാനിലേക്ക് നടത്തിയ ഗൂഢാലോചന യാത്രകളിൽ മഹക്ദീപിനൊപ്പം ദേവീന്ദറും ഒപ്പമുണ്ടായിരുന്നു. സ്ഫോടനം നടത്തിയാൽ ഒരുലക്ഷം രൂപ പ്രതിഫലമായി നൽകാമെന്നായിരുന്നു ഹാൻഡ്ലറുടെ വാഗ്ദാനം.
സ്ഫോടനം നടത്തുന്നതിനായി ഇവർ മൂന്നുതവണ രാജസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. ഒക്ടോബർ 3-4 തീയതികളിൽ ആദ്യമായി എത്തിയ ഇവർ ശ്രീഗംഗാനഗർ മേഖലയിൽവെച്ച് പാക് ഹാൻഡ്ലർ നൽകിയ സ്ഫോടകവസ്തു ട്രാക്കിൽ വെച്ചെങ്കിലും അത് പൊട്ടിത്തെറിച്ചല്ല. തുടർന്ന് ഒക്ടോബർ 12-നും ഒക്ടോബർ 30-നു ശേഷവും വീണ്ടും രാജസ്ഥാനിലെത്തി ഹോട്ടലിൽ തങ്ങുകയും അവിടെനിന്ന് ലഭിച്ച മോട്ടോർസൈക്കിൾ ഉപയോഗിച്ച് റെയിൽവേ ട്രാക്കിൽ ഐ.ഇ.ഡി. സ്ഥാപിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു.
മഹക്ദീപിന്റെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ വന്നതായി മാതാവ് സരബ്ജിത് കൗറും പിതാവ് തർലോക് സിങ്ങും മാധ്യമങ്ങളോട് വ്യക്തമാക്കി. കുടുംബത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേർപെടുത്തുകയും ചെയ്ത മഹക്ദീപ് മോശപ്പെട്ട കൂട്ടുകെട്ടുകളിൽ അകപ്പെട്ടിരുന്നുവെന്നും അവർ പറയുന്നു.
സ്ഫോടനത്തിന് രണ്ടു ദിവസം മുമ്പ് സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ഇവർ, സ്ഫോടനത്തിനുശേഷം നാലഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് മുറിക്കുള്ളിൽ അടച്ചിരുന്ന് നിരന്തരം ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും മാതാവ് പറയുന്നു.
Content Highlights: Mahakdeep Kaur and Devinder Singh arrested for the Sriganganagar railway track blast., Investigation reveals links to a Pakistan-based criminal and terror handler known as 'Shah'., Family background in cross-border drug and arms smuggling influenced the student's involvement., The accused visited Rajasthan three times to plant the IED, promised Rs 1 lakh for the blast.
Published: 16 Nov 2026, 01:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented