
'നമ്മളു കൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയേ'
ഒ.എന്‍.വി. കുറുപ്പിന്റെ ഈ വരികള്‍ കേരളത്തിലെ ജന്മിത്ത വ്യവസ്ഥിതിയുടെ നുകത്തിലകപ്പെട്ട അധഃസ്ഥിത ജനവിഭാഗത്തിന്റെ സ്വപ്നങ്ങള്‍ സങ്കല്പിച്ച വാങ്മയ ചിത്രമാണ്. 'രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന സിനിമയില്‍ ഈ പാട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
'അരുമക്കിളിയേ നേരോ നേരോ
വെറുതേ പുനുതം പറയാതേ
നമ്മളു കൊയ്യും വയലുകള്‍ ജന്മി
തമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ...'
ഇങ്ങനെപോകുന്നു ആ പാട്ട്.
ഭൂമിയുടെ വിതരണത്തിനുവേണ്ടി, കുടികിടപ്പവകാശത്തിനുവേണ്ടി നടന്ന ജന്മിത്തവിരുദ്ധ സമരത്തില്‍ സാഹിത്യവും കലകളും വലിയ പ്രചോദനവും ആവേശവുമായി. ജീവത്സാഹിത്യപ്രസ്ഥാനം ശക്തിപ്പെടുന്നതിനുമുമ്പുതന്നെ മലയാളസാഹിത്യത്തില്‍ കൃഷിക്കാരന്റെയും കുടിയാന്റെയും കര്‍ഷകത്തൊഴിലാളിയുടെയും ജീവിതദുരിതം പ്രതിഫലിച്ചിരുന്നു.
ഭൂപ്രശ്‌നം ഉയര്‍ത്തി കര്‍ഷകപ്രക്ഷോഭം തുടങ്ങുന്നതിനുമുമ്പാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളത്തിലെ ഏറ്റവും മഹത്തായ ജന്മിത്തവിരുദ്ധ കാവ്യം എഴുതിയത്. എത്രയോ സമരങ്ങളും പ്രസംഗങ്ങളും കൊണ്ട് സാധിക്കാത്ത വിപ്ലവമാണ് ആ ഒരു കാവ്യം സൃഷ്ടിച്ചത്.
'മലയപ്പുലയനാ മാടത്തിന്‍ മുറ്റത്ത്
മഴ വന്ന നാളൊരു വാഴ നട്ടു'
എന്നാരംഭിക്കുന്ന കവിത അക്ഷരാഭ്യാസമുള്ള മലയാളികളെല്ലാം അക്കാലത്ത് പാടിനടന്നു. കഥാപ്രസംഗമായും രംഗാവിഷ്‌കാരമായും അത് കേരളത്തിന്റെ വൈകാരിക പ്രതികരണമായി.
കൊതിച്ചുനില്‍ക്കുന്ന മക്കള്‍ക്ക് തിന്നാനല്ല, ജന്മിയുടെ വീട്ടില്‍ തിരുമുല്‍ക്കാഴ്ചയ്ക്കായി ആ കുല കൊത്തുന്ന മലയന്റെ മനോനിലയുടെ ആവിഷ്‌കരണം എല്ലാവരെയും കരയിച്ചു.
'അവശന്മാരാര്‍ത്തന്മാരാ, ലംബ ഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
അവരര്‍ധ നഗ്‌നന്മാ,രാതപമഗ്‌നന്മാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?
അവരാര്‍ദ്രചിത്തന്മാ,രപഹാസ പാത്രങ്ങ-
ളവരുടെ ദുരിതങ്ങളെന്നൊടുങ്ങാന്‍?'
എന്ന് പരിതപിക്കുന്ന കവി
'മദമത്ത വിത്തപ്രതാപമേ, നീ നിന്റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ'
-എന്നും രോഷം കൊള്ളുന്നു
ഒടുവില്‍ ആ കുലയും ചുമലിലേറ്റി
'മലയന്‍ നടന്നൂ, നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും'
-എന്നും അവസാനമായി
'പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ഞാന്‍ പിന്‍വലിച്ചു' -എന്നും കവി രോഷംകൊണ്ടു.
വാഴക്കുല പുറത്തുവന്ന അതേവര്‍ഷം തന്നെയാണ് കെ. ദാമോദരന്റെ പാട്ടബാക്കി എന്ന നാടകം പുറത്തുവരുന്നത്. പൊന്നാനി കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ എഴുതിയ ആ നാടകം മാതൃഭൂമി ആഴ്ചപ്പതിപ്പ് അതേവര്‍ഷം പ്രസിദ്ധപ്പെടുത്തി. പാട്ടബാക്കി പിരിക്കാനെത്തിയ കാര്യസ്ഥന്‍ സഹോദരിയെ ആക്ഷേപിച്ചതും അതിനെ ചെറുത്തതും അതിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടതുമെല്ലാമായി ബന്ധപ്പെട്ട് ജന്മിത്ത ചൂഷണത്തിന്റെയും ജീര്‍ണതയുടെയും അതിനെതിരായ പുതിയ ഉണര്‍വിന്റെയും ചിത്രണമാണ് പാട്ടബാക്കി. പിന്നീട് നമ്മളൊന്ന് എന്ന പേരില്‍ ചെറുകാടിന്റെ നാടകം വന്നു.
കേശവദേവിന്റെ നേവലുകളായ ഉലയ്ക്കയും വില്പനക്കാരനും പ്രമേയമാക്കിയതും ഈ കടുത്ത സാമൂഹിക യാഥാര്‍ഥ്യം തന്നെ.
ഈ കാലഘട്ടത്തിലെ ജനകീയ ഉണര്‍വിനെയാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് നാളെ എന്ന കാവ്യത്തില്‍ അടയാളപ്പെടുത്തുന്നത്.
'ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോര്‍ത്ത്
വന്മദം ഭാവിക്കുന്നോരുന്നത നക്ഷത്രമേ
വെമ്പുക വിളറുക, വിറ കൊള്ളുക നോക്കൂ
നിന്‍ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ'
ഇങ്ങനെ ലബ്ധപ്രതിഷ്ഠരായ കവികള്‍ നിസ്വവര്‍ഗത്തിന്റെ ഉണര്‍വിനെ പ്രചോദിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് കര്‍ഷക സമരങ്ങളിലെ പടപ്പാട്ടുകളെ കാണാവുന്നത്.
'ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമയം പീടിക മുന്നില്‍
നിന്നു കരഞ്ഞാലും'
എന്ന മുദ്രാവാക്യകവിത അക്കാലത്ത് കര്‍ഷകപ്പോരാട്ട വേദികളില്‍ മുഴങ്ങി. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി തുടങ്ങിയ ജന്മിത്ത വിരുദ്ധ സമരഭൂമികളില്‍. നാല്‍പ്പതുകളുടെ മധ്യത്തില്‍ ഹോസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍, കാടകത്തും ചീമേനിയിലുമെല്ലാം നടന്ന തോല്‍ വിറക് സമരം, മറ്റ് പലേടത്തും പുര മേയുന്നതിനുള്ള പുല്ല് പറിച്ചെടുക്കുന്നതിനായി നടത്തിയ സമരം, കൂത്താളി എസ്റ്റേറ്റ് സമരം എന്നിവയും ഭൂപരിഷ്‌കരണത്തിനുള്ള സമരങ്ങളില്‍ പ്രധാനമാണ്.
ആ സമരവുമായി ബന്ധപ്പെട്ടാണ് കെ.എ. കേരളീയന്റെ പാട്ട് നാടാകെ മുഴങ്ങിയത്
'തോലും വിറകും ഞങ്ങളെടുക്കും
കാലന്‍ വന്ന് തടുത്തെന്നാലും
ആരും നട്ടുവളര്‍ത്തിയതല്ല
വാരിധി പോലെ കിടക്കും വിപിനം...'
തകഴി ശിവശങ്കരപിള്ള രണ്ടിടങ്ങഴി എന്ന നോവല്‍ സ്വന്തമായി മണ്ണില്ലാത്ത, മണ്ണിന്റെ മക്കളുടെ ജീവിതം ആവിഷ്‌കരിച്ച് സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 1952-ലാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ തന്റെ ഖണ്ഡകാവ്യമായ 'കുടിയൊഴിക്കല്‍' രചിക്കുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെയും ഇടത്തരക്കാരന്റെയും ജന്മിയുടെയും മനോ ഗതങ്ങള്‍ നിരീക്ഷിച്ച ആ കവിതയുടെയും അടിസ്ഥാനം ജന്മി-കുടിയാന്‍ ബന്ധം തന്നെയായിരുന്നു.
തൊള്ളായിരത്തി അമ്പതോടെയാണ് മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പുത്തന്‍ കലവും അരിവാളും എന്ന കാവ്യവും കൂട്ടുകൃഷി എന്ന നാടകവും ഉണ്ടാവുന്നത്.
'ആരേ പോയ പുകില്‍ക്കിപ്പാടത്തരിമയോടാരിയന്‍ വിത്തിട്ടു
ആരേ കൊയ്ത്തുകഴിച്ചതീയാണ്ടില്‍' എന്നു തുടങ്ങുന്ന പുത്തന്‍ കലവും അരിവാളും... പാട്ടബാക്കി കുടിശ്ശികയായതിന് ജന്മിക്കുവേണ്ടി ആമീനും പോലീസും എത്തി ജപ്തി നടത്തുകയും നെല്ല് കൊയ്ത് കൊണ്ടുപോവുകയും ചെയ്യുന്നു...
'തിന്നാനുള്ളൊരു ചോറ്റില്‍ പട്ടികള്‍നിന്നു കുരപ്പതു കണ്ടാലോ' എന്നാണ് ആ ദൃശ്യത്തെ കവി വിവരിക്കുന്നത്.
ഒടുവിലാണ് പ്രസിദ്ധമായ ആ വരികള്‍... ചരിത്രം സൃഷ്ടിച്ച വരികള്‍
'അധികാരം കൊയ്യണമാദ്യം നാം അതിന് മേലാകട്ടെ പൊന്നാര്യന്‍.'
Content Highlights: Kerala land reforms act and Malayalam literature
Published: 02 Jan 2020, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented