ലോകസാഹിത്യത്തെ സംബന്ധിച്ച് പറയുമ്പോൾ ആമുഖമാവശ്യമില്ലാത്ത എഴുത്തുകാരിയാണ് ഹാൻ കാങ്. പരീക്ഷണാത്മക നോവൽ വിഭാഗത്തിൽ പെടുത്താവുന്നവയാണ് ഹാൻ കാങ്ങിന്റെ മിക്ക നോവലുകളും സാഹിത്യകൃതികളും. അതിൽത്തന്നെ മനുഷ്യന്റെ അക്രമം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് അതീതീവ്രമായ, അതിഗംഭീരമായ ഭാഷയിൽ വിശകലനം ചെയ്യുന്ന നിരവധി കൃതികൾ ഹാൻ കാങ്ങിന്റെ സ്വന്തമായുണ്ട്. ഹാൻ കാങ് സൗത്ത് കൊറിയയിൽ നിന്നുള്ള ആദ്യത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിക്കുന്ന എഴുത്തുകാരി കൂടിയാണ്.

To advertise here,

തന്റെ കൃതികളിൽ കടന്നുവരുന്ന ചരിത്രപരമായ മാനസികാഘാതങ്ങളെയും മനുഷ്യന്റെ ദൗർബല്യങ്ങളെയും അതിൽ നിന്നുമൊക്കെ അതിജീവിക്കാൻ ഉതകുന്ന മറ്റു മനുഷ്യരെയും സാഹചര്യങ്ങളെ കുറിച്ചുമൊക്കെയുള്ള പഠനങ്ങൾ ഹാൻ കാങ്ങിന്റെ പുരസ്കാര ലബ്ധിയുടെ സമയത്ത് കൂടുതൽ ചർച്ചയാവുകയുണ്ടായി. ഹ്യൂമൻ ആക്സ്, ദി വൈറ്റ് ബുക്ക്, ഗ്രീക്ക് ലെസൻസ് എന്നിങ്ങനെ നീളുന്നു ഹാൻ കാങ്ങിന്റെ രചനകൾ.

ഒരു കവിയായി സാഹിത്യജീവിതം ആരംഭിച്ചെങ്കിലും 2007-ൽ പ്രസിദ്ധീകരിച്ച 'ദി വെജിറ്റേറിയൻ' എന്ന നോവലാണ് ഹാൻ കാങ്ങിന്റെ തലവര മാറ്റിമറിച്ചത്. 2015-ൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഈ കൃതിക്ക് 2016-ലെ ബുക്കർ പുരസ്കാരം ലഭിക്കുകയുണ്ടായി.

ബോഡി ഹൊറർ എന്ന ഇന്നേറ്റവും കൂടുതൽ പഠനങ്ങൾ നടക്കുന്ന സാഹിത്യ ശാഖയിൽ രചിക്കപ്പെട്ട ആദ്യകാല നോവലുകളിൽ ഒന്നാണ് 'ദി വെജിറ്റേറിയൻ'. മാനസികപ്രശ്നങ്ങൾ, കുടുംബത്തിനുള്ളിലെ ഒറ്റപ്പെടൽ, സ്വാതന്ത്ര്യം സ്വാതന്ത്ര്യമില്ലായ്മ, സ്ത്രീവിരുദ്ധത, ആണധികാരത്തിൽ പൊലിഞ്ഞുപോകുന്ന സ്ത്രീയുടെ ഇഷ്ടങ്ങൾ, അഭിരുചികൾ, ഭക്ഷണ കാര്യത്തിലെ വിയോജിപ്പുകൾ, ചെറുത്തുനിൽപ്പ്, ഭ്രാന്ത് എന്നിങ്ങനെ നീളുന്നു ഈ നോവലിന്റെ പ്രമേയം. മലയാളികളെ സംബന്ധിച്ച് ഹാൻ കാങ്ങിനെ സുപരിചിതയാക്കിയത് ഈ പുരസ്കാരത്തിന്റെ ഇതേ പേരിൽത്തന്നെയുള്ള മലയാള പരിഭാഷയാണ്. 2009-ൽ ഈ നോവൽ ചലച്ചിത്രമാക്കപ്പെട്ടതോടെ നോവലിന്റെ ജനപ്രീതി വർദ്ധിക്കുകയാണ് ഉണ്ടായത്.

നോവലിൽ ഉടനീളം നിശബ്ദയായിരിക്കുന്ന നായികയുടെ കഥ മൂന്ന് വ്യത്യസ്ത ആഖ്യാനങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. അതിൽ അവരുടെ ഭർത്താവ്, സഹോദരീഭർത്താവ്, ജ്യേഷ്ഠ സഹോദരി എന്നിവരുടെ കാഴ്ചപ്പാടിലൂടെയാണ് 'ദി വെജിറ്റേറിയൻ' എന്ന നോവൽ ഉടലെടുക്കുന്നത്. കാങ്ങിന്റെ മറ്റു സാഹിത്യകൃതികളിൽ എല്ലാം തന്നെ ആഴമേറിയതും വൈകാരികവുമായ നൂതന ആഖ്യാന ശൈലി കൊണ്ട് വ്യത്യസ്തമാണ്.

മാത്രമല്ല, ഹാൻ കാങ്ങിന്റെ പല കൃതികളിലും തന്റെ പ്രിയപ്പെട്ട റഷ്യൻ എഴുത്തുകാരായ ദസ്തയേവ്സ്കിയുടെയും ബോറിസ് പാസ്തർനാക്കിന്റെയും സ്വാധീനം കാണാൻ സാധിക്കുന്നുണ്ട്. സ്വകാര്യമായ ജീവിതത്തെ, സ്വകാര്യമായ ജീവിത സന്ദർഭങ്ങളെ ചരിത്രപരമായ ആഖ്യാനങ്ങളുമായി നെയ്തെടുക്കുന്നതിൽ തികഞ്ഞ കയ്യടക്കം പാലിക്കുന്ന ഈ എഴുത്തുകാരി സമകാലിക സാഹിത്യലോകത്തിന് ഒരു മുതൽക്കൂട്ടാണ്. 

Read also:കുഞ്ചാക്കോ ബോബന്റെ ‘ഹെയ്ൽ മേരി’ അഥവാ ജി ആർ ഇന്ദുഗോപന്റെ ‘അമ്പിളിമോൾ തിരോധാനം’