എന്റെ നാടായ കാഞ്ഞങ്ങാട് നിന്ന് ടി.പത്മനാഭനെന്ന പപ്പേട്ടന്റെ നാടായ പള്ളിക്കുന്നിലേക്ക് അധികമൊന്നും ദൂരമില്ല. യുവവാണിയിൽ കഥ അവതരിപ്പിക്കാൻ ആകാശവാണിയിൽ ഇറങ്ങേണ്ട ബസ്‌സ്റ്റോപ്പ് പള്ളിക്കുന്നായിരുന്നു. പള്ളിക്കുന്നിറങ്ങി സെൻട്രൽ ജയിലിനോട് തൊട്ടുകിടക്കുന്ന ആകാശവാണിയിലേക്ക് നടക്കുമ്പോൾ ഇവിടെയടുത്താണല്ലോ പപ്പേട്ടന്റെ വീടെന്ന് ഓർത്തിരുന്നു. പോകണമെന്നുണ്ടായിരുന്നു, കാണണമെന്നുണ്ടായിരുന്നു. അഭിമുഖീകരിക്കാനുള്ള ധൈര്യമൊട്ടുമില്ലാത്തത് കൊണ്ട് ഒരിക്കലും പോയില്ല. കാസർഗോഡും കണ്ണൂരുമായിട്ടും പപ്പേട്ടനെ ആദ്യമായി കാണുന്നത് കോട്ടയത്ത് വെച്ചായിരുന്നു. 2008-ലെ ഭാഷാപോഷിണിയുടെ ചെറുകഥാപുരസ്‌കാരം എന്റെ 'വെള്ളരിപ്പാടം' എന്ന കഥയ്ക്കായിരുന്നു. അന്ന് സമ്മാനദാനം നിർവഹിച്ചത് പപ്പേട്ടനായിരുന്നു. കഥയെക്കുറിച്ചും കഥയെഴുത്തിനെക്കുറിച്ചും അന്നദ്ദേഹം ഏറെ നേരം സംസാരിച്ചു. കഥാസരിത് സാഗരം നിർബന്ധമായും വായിക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങാൻ വന്ന ഞങ്ങളോട് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. പരിപാടി കഴിഞ്ഞപ്പോൾ ഞാൻ സങ്കോചത്തോടെ അദ്ദേഹത്തിന്റെ അടുത്തുചെന്നു. കാസർഗോഡ് നിന്നാണ് വരുന്നതെന്ന് ഒച്ചയധികമുണ്ടാക്കാതെ പറഞ്ഞു. കണ്ണടയ്ക്കുള്ളിലൂടെ എന്നെയൊന്ന് ചുഴിഞ്ഞുനോക്കി. ഏത് കാറ്റത്തും പാറിപ്പോകാവുന്ന കോലമായിരുന്ന് അന്നെനിക്ക്. എന്റെ ദുർബലശരീരം കണ്ടാവാം അദ്ദേഹം എന്റെ കൈചുറ്റിപ്പിടിച്ചു. കാസർഗോട്ടെ എഴുത്തുകാരെക്കുറിച്ചും രാഷ്ട്രീയനേതാക്കളെക്കുറിച്ചും സാംസ്‌കാരികപ്രവർത്തകരെക്കുറിച്ചും കുറച്ചുനേരം സംസാരിച്ചു. തുടർന്നും കഥയെഴുതണമെന്ന് പറഞ്ഞില്ല, വരുംകാല രചനകൾക്ക് ആശംസയും പറഞ്ഞില്ല. അതോടെ എനിക്ക് സമാധാനമായി. പപ്പേട്ടൻ പറഞ്ഞാൽ അനുസരിക്കണമല്ലോ.!

To advertise here,

പിന്നീട് പല തവണ പപ്പേട്ടനെ കാണുകയുണ്ടായി. ആത്മവിശ്വാസമില്ലാത്തതിനാൽ വേഗത്തിൽ സംസാരിച്ച് മാറിനിൽക്കുകയാണ് പതിവ്. നീലേശ്വരത്തുകാരനും എഴുത്തുകാരനുമായ അമ്പുരാജ് എന്ന അമ്പുവേട്ടന്റെ കഥാസമാഹാരത്തിന്റെ പ്രകാശനത്തിന് അദ്ദേഹം വരികയുണ്ടായി. നീലേശ്വരത്ത് വെച്ച് തന്നെയായിരുന്നു അമ്പുവേട്ടന്റെ പുസ്തകപ്രകാശനം. അന്ന് അമ്പുവേട്ടനൊപ്പം പപ്പേട്ടനോട് കുറേ നേരം പലതും പറഞ്ഞ് ഇരുന്നതോർക്കുന്നു.

വടക്കരായ മിക്ക എഴുത്തുകാരും പേരിനൊപ്പം സ്ഥലപ്പേര് ചേർക്കുന്നവരായിരുന്നു. സ്ഥലപ്പേരിനൊപ്പം എഴുത്തിലും അവരുടെ ഇടങ്ങൾ കഥയായും നോവലായും കവിതയായും കടന്നുവന്നു. പപ്പേട്ടൻ പേരിനൊപ്പം സ്ഥലപ്പേര് വെച്ചില്ല. എഴുത്തിലും പ്രാദേശികതയുടെ ഇടവും കടന്നുവന്നില്ല. മനസ്സിന്റെ ഇടമാണ് പപ്പേട്ടന് പഥ്യം. അതാണ് 1948 മുതൽ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നത്.

പപ്പേട്ടൻ എഴുത്ത് തുടങ്ങിയിട്ട് എഴുപത്തിയഞ്ച് വർഷത്തിലേറെയായി. കഥ മാത്രമാണ് എഴുതിയത്. കഥയെഴുതി മാത്രം മലയാളസാഹിത്യത്തിൽ തന്റേടത്തോടെ അദ്ദേഹം തലയുയർത്തി നിൽക്കുന്നു. കഥയിലെ കാലഭൈരവൻ എന്ന് വിളിക്കപ്പെടുന്നു. ധ്വനിസാന്ദ്രമായ കഥകൾ. മാനവികത ആ കഥകളുടെ വിളനിലമായി.

Read also:‘ഇടതിങ്ങിയ എൻ്റെ മുടിയാണ് ഏറ്റവും കൂടുതലായി എന്നെ പാറ്റയാക്കി മാറ്റിയത്’

അന്യന്റെ സ്വരം സംഗീതം പോലെ കേൾക്കണം എന്ന സ്‌നേഹസാന്ദ്രമായ മൊഴിയാഴം പപ്പേട്ടന്റെ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രകാശം പരത്തുന്ന കഥകൾ. ജീവിതത്തിൽ മഷി മുക്കി മനസ്സിന്റെ വിരലുകൾ കൊണ്ട് പപ്പേട്ടൻ കഥയെഴുതി. മനസാക്ഷിയുള്ളവരുടെ മനസ്സിൽ ആ കഥകൾ സ്‌നേഹത്തോടെ വന്നുതൊട്ടു. ഏകാന്തതയായിരുന്നു ആ കഥകളിലെ പ്രാണൻ. വീടകങ്ങളിലും വീടിന് പുറത്തും തെരുവിലും ഗ്രാമങ്ങളിലും ഇരുളിലും വെളിച്ചത്തിലും സ്വപ്‌നത്തിലും സ്വപ്‌നമില്ലായ്മയിലും മഴയിലും തണുപ്പിലും നിലാവിലും വെയിലിലും ജീവിതത്താൽ ഒറ്റപ്പെട്ട മനുഷ്യർ കഥകളിൽ നിന്ന് മനുഷ്യരെ നിസംഗമായി നോക്കി. വായിക്കുന്നവരിൽ കാരുണ്യത്തിന്റെയും സങ്കടത്തിന്റെയും പ്രണയത്തിന്റെയും സാന്ദ്രമൗനമൊരുക്കി. മാറിജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് ആ കഥകൾ കൂട്ടുവന്നു. ഏകാന്തതയിൽ കൂട്ടുവരുന്ന കഥകൾ എളുപ്പം വിട്ടുപോവില്ല. പപ്പേട്ടന്റെ കഥകളും കാലതീതമാവുന്നത് അതുകൊണ്ട് തന്നെ. കെ.പി.അപ്പൻ വിശേഷിപ്പിച്ച പ്രണയത്തിന്റെ അധരസിന്ദൂരത്താൽ എഴുതിയ ഗൗരി, വിജിഗീഷു  മൃത്യുവിന്നാവില്ല ജീവിതത്തിൻ കൊടിപ്പടം താഴ്ത്താനെന്ന് ഉറപ്പിച്ചുപറയുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി അങ്ങനെയങ്ങനെ ഒട്ടേറെ കഥകൾ.

Read also : സലിൽ ചൗധരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം, നാടകക്കാരനും കവിയും ചിന്തകനും ആയി കൂടെ നടന്ന ഒരാൾ 

കഥയിൽ അദ്ദേഹം കവിതയെഴുതി. കവിതയും കഥയും ഒന്നായി. കവിത പോലെ പപ്പേട്ടന്റെ കഥകൾ വായിച്ചു. സാമൂഹികവും രാഷ്ട്രീയവും പ്രശ്‌നങ്ങളിൽ തന്റേതായ വിമർശനങ്ങളും അഭിപ്രായങ്ങളും തുറന്നുപ്രകടിപ്പിക്കുമ്പോഴും പപ്പേട്ടന്റെ കഥകളിൽ അങ്ങനെയൊന്നും കടന്നുവന്നില്ല. കഥകൾ പോലെ അദ്ദേഹത്തിന്റെ സാമൂഹികവിമർശനങ്ങളും വേറിട്ടുകേട്ടു. ശത്രുക്കളും മിത്രങ്ങളുമുണ്ടായി. മിത്രങ്ങളും ശത്രുക്കളുമുണ്ടായി.

''ജീവിതവും സാഹിത്യവും രണ്ടല്ല. എന്റെ കഥ എന്റെ ജീവിതമാണെന്ന് ഞാൻ പറയും. എന്റെ കഥകളിലൂടെ, എന്റെ സൃഷ്ടികളിലൂടെ എന്നെ മനസ്സിലാക്കാം.'' എന്ന് അദ്ദേഹം പറയുന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് മഹാത്മാഗാന്ധി പറഞ്ഞത് പോലെ 'എന്റെ കഥയാണ് എന്റെ ജീവിത'മെന്ന് ആത്മധൈര്യത്തോടെ പറയുന്നതിന്റെ വെളിച്ചം പപ്പേട്ടന്റെ കഥകളിൽ തെളിയുന്നു. കൊലയെ ഇല്ലാതാക്കുന്നതാണ് കലയുടെ തെളിച്ചമെന്ന് ആ കഥകൾ വെളിപ്പെടുത്തുന്നു. കാരുണ്യമാർന്ന ലോകത്തിനായുള്ള കരുതൽ ആ കഥകളുടെ കൈത്താങ്ങാകുന്നു. ആ വെളിച്ചത്തിന്റെ ആശ്വാസത്തിൽ വായനക്കാരൻ മൗനസ്വരത്താൽ പറയുന്നു: വെളിച്ചമേ, നയിച്ചാലും..!

Read also: മനുഷ്യൻ, ഹാ എത്ര മഹത്തായ പദം