പൗരര്‍ക്ക് പൊതുകാര്യങ്ങള്‍ സ്വതന്ത്രമായി സംവദിക്കാനും, അതില്‍ നിന്ന് ഒരു പൊതുബോധനിര്‍മ്മാണം ഉടലെടുക്കുന്നതിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനും ഉതകുന്ന ഒരു ഇടമായാണ് 'പൊതുമണ്ഡലത്തെ' (public sphere) ജുര്‍ഗന്‍ ഹേബര്‍മാസ്സ് പ്രതിപാദിക്കുന്നത്. ഭരണകൂടത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും ശൃംഖലകള്‍ക്കപ്പുറം ആദര്‍ശപരമായി സവിശേഷ വിഷയങ്ങളെ ആസ്പദമാക്കി ഒത്തുചേരാനും ആശയങ്ങള്‍ കൈമാറാനും ജ്ഞാനോത്പാദനം നടത്താനും ജ്ഞാനം കൈമാറ്റം ചെയ്യാനും വിമര്‍ശനാത്മക ചര്‍ച്ചകളില്‍ പങ്കെടുക്കാനും കഴിയുന്ന ഒരു വിജ്ഞാന മണ്ഡലമായാണ് ഹേബര്‍മസിയന്‍ പണ്ഡിതര്‍ പൊതുമണ്ഡലത്തെ വിവക്ഷിക്കുന്നത്. പൗരാവകാശങ്ങള്‍, മൗലികാവകാശങ്ങള്‍, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ വികസിക്കുന്നത് ഒരു പൊതുമണ്ഡലത്തിന്റെ സൃഷ്ടിയിലൂടെ മാത്രമാണ്. വാസ്തവത്തില്‍, ഒരു പൊതുമണ്ഡലത്തിന്റെ വേദി സജ്ജമാക്കിയാല്‍ മാത്രമേ ആധുനിക ദേശീയതയുടെ ഉദയം സാധ്യമാകൂ. ജാതിയുടെ പിടിയില്‍ മുങ്ങിയ ഒരു ആധുനിക കേരളത്തിന്റെ കാര്യത്തില്‍, ആധുനികതയ്ക്കും തുടര്‍ന്നുള്ള ദേശീയതയ്ക്കും വഴിയൊരുക്കിയ ഒരു 'പൊതു' കൂട്ടായ സ്വത്വത്തിന്റെ സൃഷ്ടിയായിരുന്നു അത്. ഈ അര്‍ത്ഥത്തില്‍ കേരളത്തിലെ പൊതുമണ്ഡലത്തെ നിര്‍മ്മിച്ച നവോഥാന നേതാവാണ് മഹാത്മാ അയ്യന്‍കാളി. ജാതിക്കെതിരായും സഞ്ചാര സ്വാതന്ത്രത്തിനുവേണ്ടിയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായും ഉള്ള പോരാട്ടങ്ങളോട് ചേര്‍ത്താണ് മഹാത്മാ അയ്യന്‍ കാളി കേരളത്തിന് നല്‍കിയ സംഭാവനകള്‍ പൊതുവെ വായിക്കപ്പെടുന്നത്. എന്നാല്‍ ആധുനിക കേരളത്തിന്റെ നവ സാമൂഹികരൂപീകരണത്തിന്റെ സിംഹഭാഗവും നിര്‍വ്വഹിച്ചതിനാണ് നമ്മള്‍ അയ്യന്‍കാളിയെ ഓര്‍മ്മിക്കേണ്ടത്. കേരളത്തിന്റെ പൊതുമണ്ഡല നിര്‍മ്മിതിയില്‍ മറ്റേത് സാംസ്‌കാരിക നായകരേക്കാളും വലിയ പങ്ക് വഹിച്ചത് മഹാത്മാ അയ്യന്‍കാളി ആണെന്നത് സംശയമേതുമില്ലാതെ ചരിത്രരേഖകള്‍ തെളിയിക്കുന്നു. അയ്യന്‍കാളി 'തന്റെ' ജനതയുടെ അവകാശങ്ങള്‍ മാത്രമാണ് നേടിയെടുത്തതെന്നും 'സ്വന്തം ജനം' അനുഭവിച്ചിരുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെ മാത്രമാണ് അദ്ദേഹം പൊരുതിയതെന്നും നിങ്ങള്‍ തെറ്റിദ്ധരിച്ചാല്‍ അത് കേരളം ഇന്നുവരെ ആ മഹാത്മാവിനെ മനസ്സിലാക്കാത്തതുകൊണ്ടാണ്.
അന്റോണിയോ ഗ്രാംഷിയുടെ സിദ്ധാന്തത്തില്‍, ഒരു പ്രത്യേക സാമൂഹിക വിഭാഗത്തില്‍ (പ്രത്യേകിച്ച് ഒരു കീഴാള, അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗം) നിന്ന് ഉയര്‍ന്നുവന്ന് അവരുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളാണ് ജൈവ ബുദ്ധിജീവികള്‍. അവര്‍ ഒരു വിമോചനപരമോ പരിവര്‍ത്തനപരമോ ആയ ലോകവീക്ഷണം ആവിഷ്‌കരിക്കുകയും അതുവഴി കീഴാള ബൗദ്ധിക നേതാക്കളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാധാരണയായി ഉയര്‍ന്ന അല്ലെങ്കില്‍ വരേണ്യ വിഭാഗങ്ങളില്‍ നിന്നുള്ള പരമ്പരാഗത ബുദ്ധിജീവികളില്‍ നിന്ന് അവര്‍ വ്യത്യസ്തരാണ്; പരമ്പരാഗത ബുദ്ധിജീവികള്‍ പലപ്പോഴും നിലവിലുള്ള സ്ഥിതി സംരക്ഷിക്കാനോ അധികാരത്തിലിരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനോ ശ്രമിക്കുന്നു. നിലവിലുള്ള ശ്രേണികള്‍ക്ക് ഒരു 'പ്രതി-ആധിപത്യ''(counter-hegemony) സ്ഥാനം വാഗ്ദാനം ചെയ്യുക എന്നതാണ് ജൈവ ബുദ്ധിജീവികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്. ജൈവ ബുദ്ധിജീവികള്‍ അവരുടെ വര്‍ഗ്ഗത്തിനുള്ളില്‍ അവബോധവും കൂട്ടായ ബോധവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു, ഇത് പ്രബല വര്‍ഗ്ഗത്തിന്റെ മേധാവിത്വ സംസ്‌കാരത്തെ വെല്ലുവിളിക്കാനും ധാര്‍മ്മികവും ബൗദ്ധികവുമായ പരിഷ്‌കരണത്തിലൂടെ 'പ്രതി-ആധിപത്യം' വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു. കേരളത്തിലെ ജൈവ ബുദ്ധിജീവിയുടെ സാരാംശമാണ് അയ്യങ്കാളി എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ദര്‍ശനം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തെ രൂപപ്പെടുത്തുക മാത്രമല്ല, അത് വെറും 'മത പരിഷ്‌കരണ'ത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു. കേരളത്തിന്റെ ആധുനികതയുടെ എഞ്ചിന്‍ അയ്യങ്കാളിയുടെ വില്ലുവണ്ടിയായിരുന്നു, മനുഷ്യാവകാശങ്ങള്‍, പൊതുധാര്‍മ്മികത, പൗരബോധം, പൊതു പ്രവേശനം എന്നിവയുടെ ചിതറിക്കിടക്കുന്ന കഷണങ്ങളെ ഒരു ആധുനിക സ്വത്വത്തിലേക്ക് കെട്ടിച്ചമച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകളാണ്.
'പൊതു' എന്ന ആധുനിക സങ്കല്‍പം
കേരള സമൂഹം ജാതിനിബദ്ധമായി വിഭജിക്കപ്പെട്ടിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള കാലഘട്ടത്തില്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സ്ഥലപരമായ രൂപകല്‍പന (spatial layout) സാമുദായിക-ജാതി അടിസ്ഥാനത്തിലായിരുന്നു. മനുഷ്യാലയചന്ദ്രിക (15-16 നൂറ്റാണ്ട്), വിശ്വകര്‍മ്മീയം (16-17 നൂറ്റാണ്ട്), തുടങ്ങിയ വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളില്‍ പോലും പുലയര്‍ക്കും പറയര്‍ക്കും നായര്‍ക്കും നമ്പൂതിരിക്കും വെവ്വേറെ ഇടങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. മണ്‍റോ പരിഷ്‌കാരങ്ങള്‍ (Monroe Reforms) നടപ്പിലാക്കുന്നതുവരെ തിരുവിതാംകൂറില്‍ നിയമത്തിന്റെ അധികാരം ഉണ്ടായിരുന്നത് പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വ്യവഹാരമാല എന്ന ഗ്രന്ഥത്തിനായിരുന്നു. ഈ ഗ്രന്ഥം രാജാവിനോട് അധികാര ശ്രേണി നിലനിര്‍ത്തണമെന്നും പഞ്ചമരെ രാജകീയ പാതകളില്‍ പ്രവേശിക്കാനോ നഗര-ഇടങ്ങള്‍ ഉപയോഗിക്കാനോ അനുവദിക്കരുതെന്നും കര്‍ശനമായി അനുശാസിക്കുന്നു. ജാതിമാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നവര്‍ക്ക് അതിക്രൂരമായ ശിക്ഷകള്‍ രാജാവ് നല്‍കണമെന്നും രാജധര്‍മ്മം നിര്‍ദ്ദേശിച്ചു. വിദേശ സഞ്ചാരികളുടെയും യൂറോപ്യന്‍ ഭരണാധികാരികളുടെയും രചനകള്‍ കേരളത്തില്‍ ജാതി ഇടങ്ങളുടെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നു. വ്യത്യസ്ത ജാതികളില്‍പ്പെട്ട ആളുകള്‍ക്ക് വേര്‍തിരിവുള്ള താമസസ്ഥലങ്ങള്‍ ഉണ്ടായിരുന്നതായി ഡുവാര്‍ട്ടെ ബാര്‍ബോസ (15-ാം നൂറ്റാണ്ട്), കാന്റര്‍ വിഷര്‍ (17-ാം നൂറ്റാണ്ട്), ഫ്രാന്‍സിസ് ബുക്കന്നന്‍ (18-ാം നൂറ്റാണ്ട്) എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തെക്കുറിച്ചുള്ള സംസ്‌കൃതവും യൂറോപ്യന്‍ മധ്യകാല കൃതികളില്‍ നിന്ന് ഉരുത്തിരിയുന്നത് ഒരു പൊതു ഐഡന്റിറ്റി രൂപപ്പെടുത്തുക എന്ന അസാധ്യമായ ദൗത്യമാണ്.
'ഇന്ത്യ എന്ന ആശയം' എന്ന തന്റെ ലേഖനത്തില്‍, 'ഇടങ്ങള്‍ ചിന്തയുടെ ഉദയത്തെയും ഫലപ്രാപ്തിയെയും നിര്‍ണ്ണയിക്കുന്നു' എന്നതിനാല്‍, 'ഇടങ്ങളുടെ സാമൂഹിക പങ്കില്‍' ശ്രദ്ധ ചെലുത്താന്‍ ഗോപാല്‍ ഗുരു (2011) നമ്മെ പ്രേരിപ്പിക്കുന്നു. കേരളത്തിലെ ഇടങ്ങളെ സവര്‍ണ്ണ-അവര്‍ണ്ണ ഇടങ്ങളായി ധര്‍മ്മശാസ്ത്രപരമായി വിഭജിക്കുന്നത് (ചെറിയ ലംഘനങ്ങള്‍ക്ക് പോലും കഠിനമായ ശിക്ഷകള്‍ ഉള്‍പ്പെടെ) കേരളത്തെ സംബന്ധിച്ചിടത്തോളം പൊതു പ്രവേശനവും പൊതുമണ്ഡലവും എന്ന ആശയത്തെ അസാധ്യമായ ദൗത്യങ്ങളാക്കി. മഹാത്മാ അയ്യന്‍ കാളി സാധ്യമാക്കിയത് ഈ അസാധ്യമായ ദൗത്യമാണ്. ഇങ്ങനെ നീതികേറാക്കള്ളികളായി വിഭജിക്കപ്പെട്ടിരുന്ന കേരളത്തിലേക്കാണ് എല്ലാ മനുഷ്യര്‍ക്കും ഉപയോഗിക്കാനുള്ളതാണ് പൊതുവഴികള്‍ എന്ന ജനാധിപത്യ ചിന്ത വില്ലുവണ്ടി സമരത്തിലൂടെ മഹാത്മാ അയ്യന്‍കാളി കൊണ്ടുവരുന്നത്.
അതുകൊണ്ട് അയ്യന്‍കാളി പൊതുഇടങ്ങളില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനം നേടിക്കൊടുത്തു എന്ന് അവകാശപ്പെടുന്നത് തെറ്റാണ്, പകരം മഹാത്മാ അയ്യന്‍ കാളി സവര്‍ണ്ണ പാതകളെ എല്ലാവര്‍ക്കും പ്രാപ്യമായ പൊതുപാതകളാക്കി മാറ്റി എന്ന് പറയേണ്ടിവരും! അങ്ങനെ അദ്ദേഹം എല്ലാ കേരളീയര്‍ക്കും ഒരു പൊതുസ്വത്വത്തിനും ഒരു പൊതുമണ്ഡലത്തിനും അടിത്തറ പാകി.
ജനാധിപത്യ ഇന്ത്യയില്‍പോലും ഇന്ന് ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ പോയിട്ട് ചോദ്യം ചെയ്യാന്‍ പോലും മടിക്കുന്ന സാംസ്‌കാരിക/രാഷ്ട്രീയ നായകരുമായി താരതമ്യം ചെയ്യുമ്പോള്‍ പൗരാവകാശങ്ങളോ മൗലികാവകാശങ്ങളോ ഭരണഘടനയില്‍ ആസ്പദമായ നീതിന്യായ വ്യവസ്ഥയോ ഇല്ലാതിരുന്നപ്പോളാണ് പൊതുവഴി ഉപയോഗിക്കാനുള്ള സ്വാതന്ത്രം എല്ലാവരുടേതുമാണ് എന്ന മൂര്‍ത്തമായ പ്രഖ്യാപനം മഹാത്മാ അയ്യന്‍കാളി നടത്തിയത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഒരു ശരാശരി തിരുവിതാംകൂര്‍ പ്രജയ്ക്ക് സങ്കല്പിക്കാവുന്നതിലുമപ്പുറമുള്ള ചിന്തയും പ്രവൃത്തിയുമായിരുന്നു അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രകള്‍.
ജനാധിപത്യത്തിന്റെ മുന്‍വ്യവസ്ഥകളിലൊന്ന് പൊതു ഇടങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം എന്ന തത്വമാണ്. അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനങ്ങളിലും (Civil Rights Movement) ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍തീഡ് വിരുദ്ധ പ്രസ്ഥാനത്തിലും മുഴങ്ങിക്കേട്ടത് പൊതുജീവിതത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കാന്‍ എല്ലാ പൗരര്‍ക്കും കഴിയും എന്ന അവകാശത്തെ ഉറപ്പിക്കുക എന്ന ആശയമായിരുന്നു. വിവേചനപരമായ രീതികള്‍ ഇല്ലാതാക്കി വംശമോ വര്‍ണ്ണമോ പരിഗണിക്കാതെ എല്ലാ പൗരര്‍ക്കും വിദ്യാഭ്യാസം, പൊതുവഴികള്‍, പൊതുതാമസ സൗകര്യങ്ങള്‍, വോട്ടവകാശം എന്നിവയുള്‍പ്പെടെ അന്തസ്സുള്ള മനുഷ്യജീവിതം നയിക്കുന്നതിന് എതിരെ നില്‍ക്കുന്ന എല്ലാ പ്രതിബന്ധങ്ങളും തച്ചുടച്ചുകളയുക എന്നതായിരുന്നു ഈ മഹത്തായ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇതേ ആശയങ്ങള്‍ക്കുവേണ്ടി പോരാടുന്ന അയ്യന്‍കാളിയെ തിരുവിതാംകൂറില്‍ നമുക്ക് കാണാം. ഊരൂട്ടമ്പലം വിപ്ലവത്തിലൂടെയും (1907) തൊണ്ണൂറാമാണ്ട് സമരത്തിലൂടെയും (1904) കല്ലുമാല പ്രക്ഷോഭത്തിലൂടെയും (1915) തിരുവനന്തപുരത്തെ വീഥികളിലൂടെ വില്ലുവണ്ടി പായിച്ചതിലൂടെയുമെല്ലാം അദ്ദേഹം കേരളത്തിന് 'പബ്ലിക്' അല്ലെങ്കില്‍ 'പൊതു' അഥവാ 'ജനാധിപത്യം' എന്താണെന്ന് സ്വന്തം ജീവിതം കൊണ്ടും പോരാട്ടം കൊണ്ടും കാണിക്കുകയായിരുന്നു. വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ ഒരു പൊതുമണ്ഡലം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് നമ്മള്‍ നന്ദി പറയേണ്ടത് മഹാത്മാ അയ്യന്‍കാളിയോടാണ്.
ജാതി പോരാട്ടങ്ങളല്ല, മനുഷ്യാവകാശ പോരാട്ടങ്ങള്‍!
ഇന്ന് കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് 'പ്രിവിലേജ്'. കറുത്തവര്‍ഗ്ഗ പൗരാവകാശ പ്രവര്‍ത്തകയും ചിന്തകയുമായ ഏഞ്ജല ഡേവിസ് പ്രിവിലേജിനെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്- ''ഒരു പ്രബല ഗ്രൂപ്പിലെ അംഗത്വം മൂലം വ്യക്തികള്‍ക്ക് ലഭിക്കുന്ന അവര്‍ പരിശ്രമിക്കാതെ നേടിയ നേട്ടങ്ങളും ആനുകൂല്യങ്ങളുമാണ് പ്രിവിലേജ്. ഇത് പലപ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പ്രബല ഗ്രൂപ്പിന്റെ അവബോധത്തിന്റെ അഭാവത്തിലേക്ക് നയിക്കുന്നു. സാമൂഹിക ഘടനകളും അധികാര സമവാക്യങ്ങളും അവസരങ്ങളിലേക്കും വിഭവങ്ങളിലേക്കും അസമമായ പ്രവേശനം സൃഷ്ടിക്കുന്ന രീതികളെയും അവയെ നിര്‍മ്മിച്ച് നിലനിര്‍ത്തുന്ന വ്യവസ്ഥകളിലേക്കും പ്രിവിലേജ് എന്ന ആശയം വിരല്‍ ചൂണ്ടുന്നു.'' (Angela Davis, Women, Race and Class, 2019) ഇന്ത്യയുടെ കാര്യത്തില്‍ ജാതി = പ്രിവിലേജ് എന്നുതന്നെ പറയാവുന്നതാണ്. ജാതി അധികാരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട പ്രിവിലേജിന്റെ കൂമ്പാരത്തെയാണ് മഹാത്മാ അയ്യന്‍കാളി വെല്ലുവിളിച്ചത്. എന്നാല്‍ ഈ വെല്ലുവിളികള്‍ ജാതിയുടെ ഉച്ചനീചത്വങ്ങളാല്‍ പൊതിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ പലപ്പോഴും ജാതി കലാപങ്ങളായി മാത്രമാണ് ചിത്രീകരിക്കപ്പെട്ടത്. ഊരൂട്ടമ്പലം സമരം, കല്ലുമാല സമരം തുടങ്ങിയവ പോലുള്ള ജനകീയ ജനാധിപത്യ പ്രക്ഷോഭങ്ങളെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളായി മാത്രമല്ല, മനുഷ്യ-പൗരാവകാശ പോരാട്ടങ്ങളായാണ് കാണേണ്ടത്.
ചാലിയത്തെരുവ് സംഘട്ടനവും (1893-94) പെരുന്ന പ്രക്ഷോഭവും (1915) മണക്കാട് സംഘര്‍ഷവും തുടങ്ങി മഹാത്മാ അയ്യന്‍കാളി നയിച്ച ഓരോ വിപ്ലവവും അന്ന് നിലനിന്നിരുന്ന ജാതി എന്ന വ്യവസ്ഥാപിത അനീതിയോടുള്ള നിശിതമായ കലഹമായിരുന്നു. പക്ഷെ പലപ്പോഴും അദ്ദേഹത്തിന്റെയും പൊയ്കയില്‍ ഗുരുദേവന്റെയും പ്രവൃത്തികളെ അയിത്തജാതി സംരക്ഷണമെന്ന ശീര്‍ഷകത്തില്‍ പലരും ചുരുക്കാറുണ്ട്. മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും സാര്‍വ്വത്രീകവത്കരണത്തിനായുള്ള പോരാട്ടത്തെ ഒരു പ്രത്യേക ജാതി വിഭാഗത്തിന്റെ താത്പര്യ സംരക്ഷണമായി മുദ്രകുത്തുന്നത് ഒരു സവര്‍ണ്ണ തന്ത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിലും അതിനെത്തുടര്‍ന്ന് കേരളമൊട്ടാകെയും സര്‍വ്വ ജനങ്ങളുടെയും പ്രത്യേകിച്ച് സാധാരക്കാരുടെയും അവകാശങ്ങള്‍ കൂടുതല്‍ വിശാലമായത് മേല്‍പറഞ്ഞ ഓരോ സമരങ്ങള്‍ക്ക് ശേഷമാണ്. റോഡുകള്‍, അങ്ങാടികള്‍, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവ എല്ലാവര്‍ക്കും പ്രവേശനമുള്ള ഇടങ്ങളായി രൂപാന്തരപ്പെട്ടു. ആധുനികതയുടെ മൂല്യങ്ങളായ മതേതരത്വവും സമത്വവും കേരള സാമൂഹിക ഭൂമികയിലേക്ക് അല്‍പ്പം ബലപ്രയോഗത്തിലൂടെയെങ്കിലും എത്തിച്ചത് ഈ പോരാട്ടങ്ങളാണ്.
1915 ഒക്ടോബര്‍ 24-ന് കൊല്ലം ജില്ലയിലെ പെരിനാട് എന്ന സ്ഥലത്ത് മര്‍ദ്ദിത ജാതിക്കാരും മര്‍ദ്ദക ജാതിക്കാരും തമ്മില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ജാതി അടിമത്തത്തിന്റെ ചിഹ്നമായി ധരിക്കേണ്ടിയിരുന്ന കല്ലമാല പുലയ-പറയ സ്ത്രീകള്‍ ഉപേക്ഷിച്ച് ജാതി നിയമങ്ങള്‍ ധിക്കരിച്ചു എന്നതായിരുന്നു കലാപത്തിന്റെ കാരണം. ജാതി ചിഹ്നങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ജാതികള്‍ ഉപേക്ഷിക്കുന്ന പ്രവണത, (അത് കല്ലുമാല സമരമാണെങ്കിലും മേല്‍മുണ്ട് സമരമാണെങ്കിലും മുക്കൂത്തി സമരമാണെങ്കിലും), തങ്ങള്‍ മേല്‍ജാതികളാണ് എന്ന് സ്വയം വിശ്വസിച്ചിരുന്ന മര്‍ദ്ദക ജാതികളെ പ്രകോപിപ്പിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ ജാതി ഉന്മൂലനം (1936) എന്ന വിഖ്യാതമായ കൃതിയില്‍ പരാമര്‍ശിച്ച 'ബലായികള്‍' എന്ന ജാതിക്കാരുടെ കാര്യത്തിലെന്നപോലെ ജാതി പരിധികള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ മര്‍ദ്ദക ജാതികള്‍ പറയ-പുലയ ജാതിക്കാരെ നിരവധി തവണ ഭീഷണിപ്പെടുത്തി. ഇതിനോടകം കേരളത്തിലെ ദളിതരുടെ പ്രമുഖ നേതാവായി മാറിക്കഴിഞ്ഞിരുന്ന അയ്യന്‍കാളി ഈ ഭീഷണിക്കെതിരെ 'ഒരടിക്ക് രണ്ടടി മറുപടി' എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെയാണ് പിന്നീട് 'പെരിനാട് ലഹള' എന്ന് വിളിക്കപ്പെട്ടത്. ബ്രിട്ടീഷ് ചരിത്രകാര്‍ 1857-ലെ പ്രക്ഷോഭത്തെ 'ശിപായി ലഹള' എന്ന് ഇകഴ്ത്തി വിളിച്ചതുപോലെ ജാതി വിരുദ്ധ പോരാട്ടങ്ങളെ ലഹളകള്‍ മാത്രമാക്കി ചിത്രീകരിക്കുന്ന ദൗര്‍ഭാഗ്യകരമായ ഒരു പ്രവണത കേരളത്തിലെ ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇന്ന് ആ പ്രവണത തിരുത്തപ്പെടുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്.
കല്ലമാലയും കല്ലുമാല സമരവും
1915 ഡിസംബറില്‍ കൊല്ലത്തെ പീരങ്കി മൈതാനത്ത് രമാ ബായ് എന്ന ഒരു സ്ത്രീയുടെ സര്‍ക്കസ് കൂടാരത്തില്‍ നൂറുകണക്കിന് ദളിത് സ്ത്രീകള്‍ ഒത്തുകൂടിയ ഒരു യോഗത്തില്‍ അവരുടെ കല്ലുമാലകള്‍ ഉപേക്ഷിക്കാനും മേല്‍മുണ്ട് ധരിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാനുമുള്ള പ്രഖ്യാപനം അയ്യന്‍കാളി നടത്തി. ദളിത് സ്ത്രീകളുടെ ഈ അവകാശങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹം മറ്റുജാതിക്കാരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് സ്ത്രീകള്‍ ജാതിയുടെ ചങ്ങലകളില്‍ നിന്ന് സ്വയം മോചിതരാകുന്നതിന്റെ അടയാളമായി കല്ലമാലകള്‍ പൊട്ടിച്ച് വലിച്ചെറിഞ്ഞു. ('കല്ല' എന്നത് ജാതി അടയാളമായി അവര്‍ ധരിക്കേണ്ടി വന്നിരുന്ന കല്ലും ചുട്ട കളിമണ്ണും കുപ്പിച്ചില്ലും ചിലപ്പോള്‍ വൈക്കോലും ഓലയും ചേര്‍ത്ത് കോര്‍ത്ത മാലയുടെ പേരായിരുന്നു. അതിനെയാണ് ചരിത്രകാരന്മാര്‍ തെറ്റായി 'കല്ലുമാല' എന്ന് ഇന്നും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്)
ഇത് കേരളത്തിലെ ജാതി വിരുദ്ധ പോരാട്ടത്തിലെ ഒരു ചരിത്ര സംഭവം മാത്രമല്ല. മറിച്ച് ദക്ഷിണേന്ത്യയിലെ ജന്‍ഡര്‍-ചരിത്രത്തിന്റെയും മനുഷ്യാവകാശ ചരിത്രത്തിന്റെയും ഒരു നാഴികക്കല്ലാണ്. സതിക്കെതിരെ പ്രവര്‍ത്തിച്ച രാജാറാം മോഹന്‍ റോയിയെക്കുറിച്ച് നാം പാഠപുസ്തകങ്ങളില്‍ പഠിക്കുമ്പോഴും ദളിത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ മഹാത്മാ അയ്യന്‍കാളിയും പുലയ-പറയ സ്ത്രീകളും അവഗണിക്കപ്പെടുന്നു.
അയ്യന്‍കാളി എന്ന സാമാജികന്‍
1912 ഫെബ്രുവരി 27- ന് തിരുവനന്തപുരത്തുള്ള വി.ജെ.ടി. ഹാളില്‍ വച്ച് സമ്മേളിച്ച ശ്രീമൂലം പ്രജാസഭയിലെ തന്റെ ആദ്യത്തെ പ്രസംഗത്തില്‍ അയ്യന്‍ കാളി പുതുവല്‍ ഭൂമിയെക്കുറിച്ചാണ് സംസാരിച്ചത്. ദളിതരെ ഹിംസിക്കുകയും അവരെ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍നിന്ന് വെളിയിലാക്കുകയുംചെയ്ത പരിസര നിവാസികളെ മാത്രമല്ല അവര്‍ക്ക് ഒത്താശചെയ്ത റവന്യൂ ജീവനക്കാരെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. ദളിതര്‍ ഉത്പാദനക്ഷമമാക്കിയ ഭൂമികളില്‍നിന്നും അവരെ പുറത്താക്കിയ 'ചില ധനികരെയും' വനങ്ങളിലുള്ള ദളിതരുടെ കുടിലുകളില്‍നിന്നും അവരെ പുറന്തള്ളാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെയും കുറിച്ച് അദ്ദേഹം സഭയെ ബോധ്യപ്പെടുത്തുകയും ചെയ്തു. അയ്യന്‍ കാളി സ്വതസിദ്ധമായ ശൈലിയില്‍ ദളിത് ജനത അനുഭവിച്ചിരുന്ന ചൂഷണങ്ങളെക്കുറിച്ച് ശക്തമായി ആദ്യദിവസം തന്നെ സഭയില്‍ അവതരിപ്പിച്ചത് ദിവാനും മറ്റ് അംഗങ്ങള്‍ക്കും പുതിയൊരു അനുഭവമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ കുന്നുകുഴി എസ്. മണി പരാമര്‍ശിക്കുന്നു.( കുന്നുകുഴി എസ് മണി, അയ്യന്‍കാളിയുടെ പ്രസംഗങ്ങള്‍, 2016, p .21)
പുതുവല്‍ ഭൂമിയും പരിസ്ഥിതി പ്രസ്ഥാനങ്ങളും അയ്യന്‍കാളിയും
1913-ലെയും 1914-ലെയും പ്രസംഗങ്ങളിലും അദ്ദേഹം പുതുവല്‍ ഭൂമികളെക്കുറിച്ചും പൊതു വിദ്യാലയങ്ങളിലേക്കുള്ള ദളിത് കുട്ടികളുടെ പ്രവേശനത്തെക്കുറിച്ചും പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും തിരുവിതാംകൂറില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന മറ്റ് വിവേചനങ്ങളെക്കുറിച്ചും നിരന്തരമായി വാദിച്ചിരുന്നു. പുതുവല്‍ ഭൂമികളെക്കുറിച്ചുള്ള മഹാത്മാ അയ്യന്‍കാളിയുടെ നിലപാടുകളും ഇടപെടലുകളും ഇനിയും ഗവേഷണം ചെയ്യപ്പെടേണ്ട ഒന്നാണ്. യൂറോപ്പിലെ കാലാവസ്ഥാനീതി (climate justice) പ്രവര്‍ത്തകരും പരിസ്ഥിതി വാദികളും പുതുവല്‍ ഭൂമിയെക്കുറിച്ച് സൈദ്ധാന്തികവത്ക്കരിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പാണ് ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്നത്. 'പുതുവല്‍ഭൂമിയുടെ ദുരന്തം' (tragedy of the commons) എന്ന ആശയം 1968-ല്‍ ഗാരറ്റ് ഹാര്‍ഡിന്‍ എന്ന എക്കോളജിസ്റ്റ് ആണ് ആദ്യമായി പേരെടുത്ത് പരാമര്‍ശിക്കുന്നത്. പൊതുവായി പങ്കുവയ്ക്കപ്പെടേണ്ട വിഭവങ്ങള്‍ ചില വിഭാഗങ്ങള്‍ മാത്രം തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും തന്മൂലം ആ വിഭവങ്ങളുടെ ശേഷി ക്ഷയിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് അദ്ദേഹം ഈ ആശയംകൊണ്ട് അര്‍ത്ഥമാക്കിയത്. ആരുടേയും ഉടമസ്ഥതയില്‍ അല്ലാത്തതുകൊണ്ടുതന്നെ പുതുവല്‍ ഭൂമി പലപ്പോഴും സംരക്ഷിക്കപ്പെടാതെപോകുന്നതിനോടൊപ്പം ചിലര്‍ അതിന്മേല്‍ വേലികെട്ടി അവകാശം സ്ഥാപിക്കാനുമുള്ള സാദ്ധ്യതകള്‍ ഏറെയാണ്. പുതുവല്‍ ഭൂമികളുടെ ക്ഷയവും അതിന്റെ പിടിച്ചടക്കലും പരിസ്ഥിതിക്കും സാമൂഹിക ഐക്യത്തിനും എതിരാണെന്ന് ഇന്ന് കാലാവസ്ഥാനീതി പ്രവര്‍ത്തകര്‍ വാദിക്കുന്നു. 1912 മുതല്‍ 1932 വരെയുള്ള കാലഘട്ടത്തില്‍ അയ്യന്‍കാളി പുതുവല്‍ ഭൂമികളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ ഭൂമികള്‍ക്കുമേല്‍ അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും പ്രജാസഭയില്‍ വാദിക്കുന്നുണ്ട്. (22 February 1927, Sreemoolam Praja Sabha Speech ) പുതുവല്‍ ഭൂമികളില്‍നിന്ന് കുട്ടയും പായയും മെനയാനുള്ള കൈത ശേഖരിക്കാനുള്ള ദളിത് സ്ത്രീകളുടെ കീഴ്നടപ്പവകാശം നിഷേധിക്കപ്പെടുന്നതായും ഈ ഭൂമിയില്‍ ധനികര്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും അയ്യന്‍കാളി സഭയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. (13 February 1917, Sreemoolam Praja Sabha Speech, 1 March 1921, Sreemoolam Praja Sabha Speech, 21 March 1923, Sreemoolam Praja Sabha Speech)
അദ്ദേഹത്തിന്റെ ഈ ശ്രമങ്ങളുടെ പ്രാധാന്യവും അതിന്റെ പിന്നിലെ ഉള്‍ക്കാഴ്ചയും ഒരു ഗവേഷണ വിഷയമായിത്തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. ദളിത് പരിസ്ഥിതിവാദം എന്ന ആശയം ആദ്യമായി ഗെയ്ല്‍ ഓംവെത്ത് (1997) മുന്നോട്ടുവയ്ക്കുന്നത് തന്റെ 'എന്തുകൊണ്ട് ദലിതുകള്‍ പരിസ്ഥിതിവാദികള്‍ ഇഷ്ടപ്പെടാതിരിക്കുന്നു?' ('Why Dalits Dislike Environmentalists?') എന്ന ലേഖനത്തിലൂടെയാണ്. ഗോപാല്‍ ഗുരു, കാഞ്ച യേലയ്യ, ചന്ദ്രബാന്‍ പ്രസാദ് എന്നീ ദളിത്-ബഹുജന്‍ ചിന്തകര്‍ ഇന്ത്യന്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളിലെയും പരിസ്ഥിതി പഠനങ്ങളിലെയും സവര്‍ണ്ണതയെ ചോദ്യം ചെയ്യുന്നുണ്ട്. ദളിത് പരിസ്ഥിതിവാദം ജാതിയും ജെന്‍ഡറും പരിസ്ഥിതിയും തമ്മിലുള്ള ഇന്റര്‍സെക്ഷണല്‍ ബന്ധങ്ങളെ തുറന്നുകാട്ടുന്നു (മുകുള്‍ ശര്‍മ്മ, 2024). ഇന്ത്യയില്‍ പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്നേതന്നെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാതലായ പുതുവല്‍ ഭൂമി പോലുള്ള പ്രശ്‌നങ്ങള്‍ മഹാത്മാ അയ്യങ്കാളി ഉന്നയിച്ചിരുന്നു എന്നത് വര്‍ത്തമാനകാലത്തുനിന്ന് നോക്കുമ്പോള്‍ അത്ഭുതാവഹമായ കാര്യമാണ്.
അതുമാത്രമല്ല അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ചില തൊഴിലുകളും വ്യവസായങ്ങളും അവരെ അഭ്യസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഭയെ പ്രബോധിപ്പിച്ചു. (2 March 1920, Sreemoolam Praja Sabha Speech). ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണത്തിന്റെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിന് എത്രയോ വര്‍ഷങ്ങള്‍ മുന്‍പാണ് മഹാത്മാ അയ്യന്‍ കാളി തിരുവിതാംകൂറിലെ രാജഭരണകൂടത്തെയും പ്രത്യേകിച്ച് വര്‍ണ്ണാശ്രമധര്‍മ്മ പാലകനായിരുന്ന ദിവാനെയും കൊണ്ട് ദളിത് കുട്ടികള്‍ക്ക് സ്‌റ്റൈഫന്റും ഫീസ് ആനുകൂല്യങ്ങളും പ്രജാസഭ വഴി അനുവദിപ്പിച്ചത്. (26 February 1918, Sreemoolam Praja Sabha Speech, 11 March 1931, Sreemoolam Praja Sabha Speech, 18 March 1932, Sreemoolam Praja Sabha Speech) എന്നോര്‍ക്കുമ്പോള്‍ ഇന്ന് അതൊരു അത്ഭുതമായി തോന്നാം.
പൊതുവിദ്യാഭ്യാസത്തിനുവേണ്ടി ഇത്രയേറെ പ്രവര്‍ത്തിച്ച മഹാത്മാ അയ്യന്‍കാളിയുടെ പേരില്‍ കൊല്ലത്തെ പുനലൂരിലെ ഒരു എയ്ഡഡ് കോളേജ് ഒഴികെ കലാലയങ്ങളോ സര്‍വ്വകലാശാലകളോ ഇല്ല എന്നത് നമ്മള്‍ ഓര്‍മ്മിക്കേണ്ടതാണ്. ദളിതരുടെയും ദളിത് ചരിത്രങ്ങളുടെയും അരികുവത്കരണം ഇന്നും വ്യത്യസ്ത രൂപങ്ങളില്‍ തുടരുന്നു. ദളിത് നേതാക്കള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ അംഗീകരിക്കാനുള്ള വിമുഖത അവര്‍ പ്രധാനമായും ഇടപെട്ട സമരങ്ങളെ ഇന്ത്യന്‍ ചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങളായി കണക്കാക്കാതിരിക്കുന്നത്, ജാതിവിരുദ്ധ പോരാട്ടങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ പഠനവിധേയമാക്കാതിരിക്കുന്നത്, ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെയും ജാതിവിരുദ്ധ പോരാട്ടങ്ങളെയും പ്രത്യേകം പ്രത്യേകം കള്ളികളില്‍ നിലനിര്‍ത്തുന്നത് -ഇങ്ങനെ പലവിധ തന്ത്രങ്ങളാണ് ഇന്നും അക്കാദമിക രംഗത്തുപോലും കണ്ടുവരുന്നത്.
സമൂലമായി ജാതിയെ പ്രതിരോധിക്കാന്‍ മഹാത്മാ അയ്യന്‍കാളിയെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെ നേതാക്കളെയും വീണ്ടെടുക്കുക എന്നുള്ള ചരിത്ര പ്രക്രിയയിലൂടെ മാത്രമേ സാധ്യമാകൂ. സമത്വമെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ചരിത്രബോധമുള്ള ഒരു തലമുറക്കേ സാധിക്കൂ. പക്ഷെ ആ ചരിത്ര ബോധത്തില്‍ തെളിഞ്ഞുനില്‍ക്കേണ്ടത് മഹാത്മാ അയ്യന്‍കാളി, ഫുലെ, അംബേദ്കര്‍, സാവിത്രിബായ് ഫുലെ, നാരായണഗുരു, ദാക്ഷായണി വേലായുധന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ മഹത് വ്യക്തികളായിരിക്കണം.
Content Highlights: Dr. Malavika Binny Writes about the importance of Ayyankali in Kerala Reformation
Published: 28 Aug 2025, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented