കേരളനവോത്ഥാനചരിത്രത്തിലെ ഒറ്റയാൾപ്പോരാട്ടമായ ആനന്ദതീർത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവചരിത്രനോവലാണ് ‘ചേയാ’. പുസ്തകത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം.

To advertise here,

ന്ത്യൻ സ്വാതന്ത്ര്യ സമരം ഒരേസമയം രണ്ട് ലക്ഷ്യങ്ങളെയാണ് പൂർത്തീകരിക്കാൻ ശ്രമിച്ചത്. പ്രധാന ലക്ഷ്യം വൈദേശിക ആധിപത്യത്തിൽ നിന്നുള്ള മോചനമായിരുന്നവെങ്കിൽ രണ്ടാമത്തേത് രാജ്യത്തിനകത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയോടും അന്ധവിശ്വാസങ്ങളോടുമുള്ള കലഹമായിരുന്നു. അതുകൊണ്ടുതന്നെ അവർണരായ അധഃസ്ഥിത ജനങ്ങൾക്ക് വിദേശികളുടെയും സവർണരുടെയും തീ തെറിപ്പിക്കുന്ന പീഡനങ്ങളെ ഒരു പോലെ നേരിടേണ്ടി വന്നു. അത്തരമൊരവസ്ഥയിൽ ഞെരിഞ്ഞമർന്നു ജീവിച്ച മനുഷ്യരും അവർക്ക് ധൈര്യവും സാന്ത്വനവും പകർന്നു നൽകിയ ആനന്ദതീർത്ഥർ എന്ന സന്ന്യാസി ശ്രേഷ്ഠന്റെ ജീവിതവും വിശകലനം ചെയ്യുന്ന ചരിത്ര നോവലാണ് ആർ. ഉണ്ണിമാധവന്റെ 'ചേയാ'.

ചരിത്ര നോവലാകുമ്പോൾ തന്നെ ചരിത്രത്തിന്റെ ഇറുകിയ ശാഠ്യങ്ങളെ ഊരിമാറ്റി, വൈകാരികതയുടെ സർഗാത്മക തലത്തിൽ നിന്നുകൊണ്ടാണ്ട് നോവലിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അത്രയൊന്നും സ്ഥാനം പിടിക്കാതെപോയ സാമൂഹിക പരിഷ്‌കർത്താവും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായ ആനന്ദതീർത്ഥ സ്വാമിയുടെ ത്യാഗോജ്ജ്വലമായ പോരാട്ട ജീവിതത്തിന്റെ കഥയാണ് 'ചേയാ' വിശകലനം ചെയ്യുന്നത്. സാമൂഹിക അനാചാരങ്ങൾക്കും ജാതി വ്യവസ്ഥയ്ക്കും എതിരെ ആനന്ദതീർത്ഥർ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയാണിത്. ഉയർന്ന ജാതിയിൽ പിറന്നിട്ടും തന്റെ ചുറ്റുപാടും നടക്കുന്ന ഹീനമായ വിവേചനങ്ങളോട് പ്രതിഷേധിച്ചു കൊണ്ടാണ് സ്വാമി സവർണാധിപത്യത്തിനെതിരെ പോരാടുന്നത്. ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങളുടെ നരക ഭീകരതയെയാണ് നോവലിസ്റ്റ് ആനന്ദതീർത്ഥ സ്വാമികളുടെ കണ്ണിലൂടെ വലിച്ച് പുറത്തിടുന്നത്.

ഹരിജനോദ്ധാരണം എന്ന വലിയ ലക്ഷ്യത്തിലേക്കായിരുന്നു സ്വാമി കരുതലോടെ നടന്നു നീങ്ങിക്കൊണ്ടിരുന്നത്. ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും മാനവികമായ ആശയങ്ങളെ സ്വീകരിച്ചുകൊണ്ടാണ് ആനന്ദതീർത്ഥർ സമരമുഖങ്ങളിലേക്ക് കത്തിപ്പടരുന്നത്. ദളിതരെ വിദ്യാഭ്യാസം ചെയ്യിക്കാനും വഴി നടത്തിക്കാനും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനും വേണ്ടിയായിരുന്നു സ്വാമിയുടെ ആദ്യകാല പോരാട്ടങ്ങൾ. അക്കാലത്ത് സവർണർ മാത്രമായിരുന്നില്ല ദളിതരെ പീഡിപ്പിച്ചിരുന്നത്. ഈഴവരും വിശ്വകർമ്മജരും ഉൾപ്പടെയുള്ള മറ്റുപിന്നാക്ക വിഭാഗക്കാരും പീഡനകാര്യത്തിൽ ബ്രാഹ്‌മണരുടെ പാതയായിരുന്നു ദളിതരോട് സ്വീകരിച്ചിരുന്നത്.

കേരളത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നായിരുന്നില്ല സ്വാമിയുടെ പ്രവർത്തന മേഖല. തമിഴ്‌നാട്ടിലെയും കർണാടകയിലെയും ജാതിവ്യവസ്ഥയ്ക്കും സാമൂഹിക ചൂഷണത്തിനെതിരെയും അദ്ദേഹം പോരാട്ടത്തിന്റെ തീക്കാറ്റ് അഴിച്ചുവിട്ടു. അനുയായികളെ സമരമുഖത്തേക്ക് തള്ളിവിട്ടുകൊണ്ട് തല്ല് കൊള്ളിപ്പിക്കുന്നതിനു പകരം, എല്ലാ സമരങ്ങളുടെയും മുന്നിൽ നിന്ന് നിരന്തരം മർദനമേൽക്കുന്ന സ്വാമി, സവർണാധികാരികൾക്കിടയിൽ 'തല്ലുകൊള്ളിസ്വാമി'യായിരുന്നു. സ്വാമിയുടെ ദൈവ സങ്കല്പത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്;

'ദൈവം സർവവ്യാപിയാണ്. അത് നിന്റെയും എന്റെയും പ്രാണനിൽ ജാതി വ്യത്യാസമില്ലാതെ ഒരുപോലെ വസിക്കുന്നു. ദൈവത്തെ ദർശിക്കാനായി ഞാൻ ഒരു ക്ഷേത്രത്തിലും പോകാറില്ല. എനിക്ക് വിഗ്രഹാരാധന അത്യാവശ്യവുമല്ല. ഞാൻ ക്ഷേത്രത്തിൽ പോകുന്നത് അയിത്ത വിവേചനങ്ങൾക്കെതിരെ പോരാടുവാനാണ്.' (പേജ് 168) ദൈവികത എന്നത് മാനവികതയുടെ നിറയലാണെന്നും മനുഷ്യരെല്ലാവരും തുല്യരാണെന്നുള്ള ദൈവ ദർശനം സമൂഹത്തെയും സവർണാധികാരത്തെയും പഠിപ്പിക്കാൻ വേണ്ടി തന്റെ ജീവിതം ബലി നൽകിയ വ്യക്തിയായിരുന്നു ആനന്ദതീർത്ഥ സ്വാമികൾ. കർമ്മമാണ് മനുഷ്യനെ ദൈവത്തോട് ചേർത്തു നിർത്തുന്നതെന്ന സത്യത്തെയാണ് സ്വാമി തന്റെ ജീവിതംകൊണ്ട് പൂരിപ്പിച്ചത്.

ദുരിതമനുഭവിക്കുന്ന മനുഷ്യ പക്ഷത്തുനിന്നുകൊണ്ടാണ് സ്വാമി എക്കാലവും പ്രവർത്തിച്ചിരുന്നത്. എങ്കിലും നോവലിലൊരിടത്ത് സ്വാമിയെ ദിവ്യനാക്കാനുള്ള വർത്തമാനകാല കൗശലം തല നീട്ടുന്നുണ്ട്. പേപിടിച്ച പട്ടിയെ നോട്ടംകൊണ്ട് അനുനയിപ്പിച്ച അത്ഭുതവിദ്യ! (പേജ് - 201) സ്വാമി അധഃസ്ഥിത വിഭാഗത്തിലെ കുട്ടികളിൽ ആദ്യം നടത്തിയ പരിഷ്‌കാരം എന്നത് അവരുടെ ജാതി കൽപ്പിച്ച് നൽകിയ ശുഷ്‌കിച്ച പേരുകളെ മാറ്റിക്കൊണ്ടായിരുന്നു. പേരുകൊണ്ടു പോലും ജാതി വെളിപ്പെടണമെന്ന സവർണ കൗശലത്തെയാണ് സ്വാമിയിലെ വിപ്ലവകാരി സൗമ്യമായി ആക്രമിച്ചത്. ചാത്തനെയും ചാമനെയും വിഷ്ണു ശർമ്മയും ഗോവിന്ദവർമ്മയും ആക്കി പരിവർത്തിപ്പിച്ച് പേരിൽ ഒരു വലിയ വിപ്ലവം സൃഷ്ടിച്ചു. പേരിൽപോലും കണിശമായ മാറ്റം വേണമെന്ന് ആഗ്രഹിച്ച സ്വാമിയെ തന്റെ അനുയായികളായ ദളിതർ 'സ്വാമിത്തമ്പുരാൻ' എന്നു വിളിക്കുമ്പോൾ, സ്വാമി എന്ന് മാത്രം വിളിച്ചാൽ മതി എന്ന് പറയാത്തത് എന്തുകൊണ്ടാണെന്നറിയില്ല. സ്വാമിയുടെ കഠിനവും കൃത്യവും സത്യസന്ധവുമായ പോരാട്ടങ്ങൾക്കു മുമ്പിൽ ഈ സംശയം ബാഷ്പീകരിക്കുമെന്നറിയാം. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിയുടെ വാക്കുകൾ ആനന്ദതീർത്ഥ സ്വാമിക്കും പൂർണമായും ചേരുമെന്ന് അദ്ദേഹത്തിന്റെ പോരാട്ട വീര്യം നിറഞ്ഞ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മറന്നു കിടന്ന ഒരു നക്ഷത്രത്തെയാണ് 'ചേയാ' യിലൂടെ ആർ. ഉണ്ണിമാധവൻ ഊതിജ്വലിപ്പിച്ചെടുക്കുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ജീർണതയിൽ അഭിരമിച്ച സാമൂഹിക അവസ്ഥയെ ഹൃദയവേദനയോടെ വ്യക്തമാക്കിത്തരാനുള്ള ശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്. അക്കാലത്ത് താഴ്ന്ന ജാതിയിൽപ്പെട്ടവർ ഉയർന്ന ജാതിക്കാരെ കണ്ടാൽ തിരിച്ചറിയാൻ വിളിച്ചു പറയേണ്ട അടയാളവാക്കായിരുന്നു 'ചേയാ'. മറുഭാഗത്തു നിന്ന് വരുന്ന വാക്ക് 'ഹോയ്'. ഇത് കേവലം രണ്ട് വാക്കുകൾ മാത്രമായിരുന്നില്ല. മറിച്ച് അടിമ സമ്പ്രദായയത്തിന്റെ ആഴങ്ങളെ അടയാളപ്പെടുത്തുന്ന വിരുദ്ധ ധ്രുവങ്ങളിൽ വർത്തിക്കുന്ന രണ്ടാശയങ്ങളായിരുന്നു ഇവ. തൻമൂലം ഈ രണ്ടു വാക്കുകളെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ നടത്തിയ പോരാട്ട വീര്യത്തെ ആനന്ദതീർത്ഥരുടെ ജീവിതം എന്നു നമുക്ക് വിശേഷിപ്പിക്കാം. ആട്ടിയകറ്റപ്പെട്ടവരെ സംബന്ധിച്ച് സവർണാധികാരത്തിന്റെ മൂർച്ചകൊണ്ട് നാടുവാഴുന്നവരേക്കാൾ ഭേദം ഭരണവും സമ്പത്തും കൈക്കലാക്കാൻ വന്ന വിദേശികളായിരുന്നു. ഹരിജനോദ്ധോരണത്തിനു വേണ്ടിയുള്ള സ്വാമിയുടെ പോരാട്ടങ്ങളെ ഏറെ സഹായിച്ചിരുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്നു എന്ന് നോവൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യ സമരകാലവും അതിനു നേതൃത്വം കൊടുത്ത പ്രമുഖരും ഈ നോവലിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. പയ്യന്നൂരിലുള്ള ആനന്ദ തീർത്ഥ സ്വാമികളുടെ അശ്രമത്തിൽ ഗാന്ധിജി വരുന്നുണ്ട് എന്ന് പറയുമ്പോൾ സ്വാമിയുടെ പ്രവർത്തനമേഖല എത്ര വലുതായിരുന്നു എന്ന് ഊഹിക്കാൻ കഴിയും.

കേരളം ദുരിതപൂർവം നടന്നുതീർത്ത ഭൂതകാല ജീവിതത്തിന്റെ കൊടും യാതനകൾ തിരിച്ചറിയാൻ ഈ പുസ്തകം സഹായകമാകും. എത്രമാത്രം ഉള്ളു പിളർക്കും വേദനകൾ കൊണ്ടാണ് ഇന്നു കാണുന്ന സാമൂഹിക വിജയങ്ങൾ നാം സൂക്ഷ്മതയോടെ കൊയ്‌തെടുത്തത് എന്നും കൃതി നമ്മെ ഓർമിപ്പിക്കും. എത്രയെത്ര മനുഷ്യരുടെ ജീവനാണ് അതിനു വേണ്ടി ബലിയർപ്പിക്കപ്പെട്ടത്. ജാതി മത ചിന്തകൾ ഉഗ്രതയോടെ മടങ്ങിവരുന്ന വർത്തമാനകാലത്തിൽ ഓർമകള വീണ്ടടുത്ത് ചിന്തിക്കുവാനുള്ള ഔഷധമാകും ആർ. ഉണ്ണിമാധവന്റെ ഈ നോവൽ. മനുഷ്യത്വം ഉള്ളിൽ നിറച്ച് നീതിയുടെ പക്ഷം ചേർന്ന് സാമൂഹിക തിന്മകൾക്കെതിരെ പോരാടുന്ന ഏതൊരാൾക്കും ആനന്ദതീർത്ഥ സ്വാമികളുടെ ജീവിതവും ആ ജീവിതത്തെ സർഗാത്മകമാക്കിയ 'ചേയാ' എന്ന നോവലും പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല.