
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായ പ്രദേശത്ത് പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര് |ഫോട്ടോ:PTI
പതിനാറാം നൂറ്റാണ്ടിൽ ബംഗാളി ഭാഷയിലുണ്ടായ ചന്ദ്രബതീ രാമായണത്തിന്റെ മലയാള പരിഭാഷ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡൽഹിയിലെ ചെങ്കോട്ടയുടെ പരിസരത്ത് തിങ്കളാഴ്ച സന്ധ്യയ്ക്ക് ഒരു കാർ പൊട്ടിത്തെറിച്ച് പന്ത്രണ്ടു പേർ കൊല്ലപ്പെടാനിടയായ വാർത്ത ഫോണിൽ വന്നത്. സീതാപക്ഷത്തുനിന്ന് എഴുതപ്പെട്ട ചന്ദ്രബതീരാമായണത്തിൽ യോദ്ധാവായ രാമനെ നമ്മൾ കാണില്ല. ആ നാടോടി രാമായണത്തിലെ സീതയ്ക്ക് രാമകഥ പാടുന്ന വേളയിൽ ഇതിഹാസബാഹ്യമായ അപര കദനങ്ങളാണ് പറയാനുള്ളത്. അപാരകദനങ്ങൾ. ഭൂമിപിളർന്ന് അമ്മയുടെ അടുത്തേക്ക് സീത പോകുന്നിടം വായിച്ചിരിക്കുമ്പോഴാണ് ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ചുള്ള അഗ്നിഗോളത്തിൽ ആളുകൾ വെന്തുമരിച്ച വാർത്ത വന്നത്. എൻ്റെ മനസ്സ് ഇരുപതുകൊല്ലങ്ങൾക്കു പിന്നിലേക്കുപോയി. ഡൽഹിയിലെ പഹാട് ഗഞ്ചിലെ മറ്റൊരു സീതയുടെ ജീവിതത്തിലേക്ക്. 2005 ലെ ദീപാവലിത്തലേന്നാണ് ഡൽഹിയിൽ മൂന്നിടത്ത് ബോംബ് സ്ഫോടനങ്ങളുണ്ടായത്. പാകിസ്താനിലെ തീവ്രവാദിസംഘടനയായ ലഷ്കര്‍-ഇ തൊയ്ബ അന്ന് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് കമ്പിളിയുടുപ്പുകൾ തന്നിരുന്ന ഒരാൾ അന്ന് തീപിടിച്ചുമരിച്ചിരുന്നു, നൂറുകണക്കിന് കമ്പിളിയുടുപ്പുകൾ ഒരുക്കിയ ചിതയിലേക്കുള്ള അഗ്നിപ്രവേശത്തിൽ.
എൻ്റെ രണ്ടാൺകുട്ടികളും കുഞ്ഞുങ്ങളായിരുന്നു അന്ന്. ഒരാൾക്ക് പത്തുവയസ്സും മറ്റേയാൾക്ക് ആറുവയസ്സും. ഡൽഹിയിലെ പഹാഡ് ഗഞ്ചിലെ കമ്പോളത്തിൽ നിന്നായിരുന്നു ഞങ്ങൾ അന്ന് കുഞ്ഞുങ്ങൾക്കുള്ള സ്‌കൂൾ ബാഗുകളും ഉടുപ്പുകളുമൊക്കെ വാങ്ങിച്ചിരുന്നത്. അങ്ങനെയാണ് അവിടുത്തെ 1167-ാം നമ്പർ കടയിലെ വിജയകുമാർ സിക്കയുമായി പരിചയത്തിലായത്. ഞങ്ങളുടെ കുട്ടികൾക്ക് സിക്കയെ ഇഷ്ടമായിരുന്നു. അവരുടെ ഇഷ്ടമുള്ള നിറങ്ങൾ അയാൾക്കുമറിയാമായിരുന്നു. 2005 ലെ ഡൽഹി സ്ഫോടനപരമ്പരയിൽ അയാൾ കൊല്ലപ്പെട്ടു എന്ന് ഞങ്ങൾ അറിഞ്ഞത് ഒരാഴ്ചയ്ക്കുശേഷമാണ്.
2025 ൽ ഇതേ നഗരത്തിൽ മറ്റൊരു സ്ഫോടനമുണ്ടായപ്പോൾ നവംബർ പതിനൊന്നാം തീയതി ചൊവ്വാഴ്ച ഞാൻ പഹാഡ് ഗഞ്ചിലെ ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വിജയകുമാർ സിക്കയുടെ കട ഇപ്പോൾ ആരാണ് നടത്തുന്നതെന്ന്. സുഹൃത്ത് പറഞ്ഞു, കുറേനാൾ സിക്കയുടെ ഭാര്യയും മകനും കൂടി അതു നടത്തിയിരുന്നുവെന്നും ഇപ്പോൾ ആ കട വേറെയാർക്കോ കൈമാറിയെന്നും. സിക്കയുടെ കുടുംബം ഇപ്പോൾ ലജ്പത് നഗർ ഭാഗത്താണെന്നും മക്കളൊക്കെ ഭേദപ്പെട്ട നിലയിലാണെന്നും സുഹൃത്ത് എന്നോട് പറഞ്ഞു. ആ അമ്മ അസാമാന്യമായ മനഃസാന്നിധ്യത്തോടെ കുഞ്ഞുങ്ങളെ വളർത്തിയത്രേ.
ചന്ദ്രബതീരാമായണം നാടോടിഗീതങ്ങളിലൂടെ പറയപ്പെടുന്ന രാമകഥയാണ്. രാമായണത്തിലെ സ്ത്രീകളുടെ ജീവിതങ്ങളിൽ, സീതയുടെ ജീവിതത്തിൽ പോലും രാമ-രാവണയുദ്ധമോ, അതിലെ മറ്റു പുരുഷന്മാരുടെ യുദ്ധ ജയപരാജയങ്ങളോ ഒരു പങ്കും വഹിക്കുന്നില്ല. വാല്മീകിയും കമ്പരും തുളസീദാസനും എഴുത്തച്ഛനും ആണുങ്ങളായിരുന്നതുകൊണ്ട് യുദ്ധവർണന ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞില്ല, ചോരപ്പുഴകളെ സുന്ദരകാണ്ഡങ്ങളാക്കാതിരിക്കാൻ കഴിഞ്ഞില്ല. വിജയകുമാർ സിക്കയുടെ ഭാര്യയോട് ചോദിച്ചാൽ അവർ സീതയുടെ ഭാഷയിൽ ഡൽഹിയിലെ സ്ഫോടനങ്ങളെക്കുറിച്ച് പറയും. സ്‌ഫോടനത്തിനു മുൻപും പിൻപുമായി തുടരുന്ന ജീവിതസംഗ്രാമത്തെക്കുറിച്ചു പറയും. മനുഷ്യൻ എങ്ങനെയാണ് ഇവിടം വരെയൊക്കെ വന്നതെന്നു പറയും.
ജീവിതങ്ങളുടെ ഈ തുടർച്ചയിൽ നിന്നുവേണം നമ്മുടെ സാമൂഹ്യവീക്ഷണങ്ങൾ ഉരുത്തിരിഞ്ഞുവരേണ്ടത്. കുമാരനാശാൻ്റെയോ ചന്ദ്രബതിയുടെയോ സീതയും വിജയകുമാർ സിക്കയുടെ വിധവയും ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട നൂമാൻ അൻസാരിയുടെ ഉമ്മയുടെയോ ഭാര്യയുടെയോ സഹോദരിയുടെയോ മകളുടെയോ ഇനിയുള്ള ജീവിതങ്ങളും നമ്മോടുപറയുന്ന ഒരു സമാന്തരാഖ്യാനമുണ്ട്. ആ ആഖ്യാനം അതിജീവനത്തിന്റേതാണ്.
ഹിംസയുടെ ചരിത്രത്തെ സ്ത്രീ-പുരുഷ ഭാഗങ്ങളായി തരം തിരിക്കുന്നത് ചരിത്രവസ്തുതകൾക്കെതിരല്ലേ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പരിമിതമായ ചരിത്രബോധ്യമേ ഉള്ളൂവെങ്കിലും അരുൾ -അൻപ് -അനുകമ്പ എന്നീ ജീവതാരകങ്ങളെ മുറുകെ പുണർന്ന് മനുഷ്യരാശിയെ, മനുഷ്യരാശിയെ മാത്രമല്ല ജീവരാശിയെത്തന്നെ, തുടരാൻ വഴിയൊരുക്കിയത് ജീവിവംശങ്ങളിലെ സ്ത്രീകളുടെ കരുതലാണ്. പുരുഷന്റെ കുരുതികളല്ല.
ഡൽഹിയിൽ 1996ൽ എൻ്റെ ഓഫിസിൽ അമർജീത് കൗർ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. മറ്റാരും വരുന്നതിലും കൃത്യമായി രാവിലെ ഒൻപതാകുമ്പോൾ അവർ ഓഫിസിലെത്തുമായിരുന്നു. 1984ൽ ഡൽഹിയിലുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ ആ സ്ത്രീയുടെ ഭർത്താവ് കൊല്ലപ്പെട്ടതായിരുന്നു. അയാൾ യാത്ര ചെയ്തിരുന്ന സ്‌കൂട്ടർ കലാപകാരികൾ തടഞ്ഞുനിർത്തി, അയാൾക്കും വണ്ടിക്കും മേലേ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഭർത്താവ് കൊല്ലപ്പെട്ടതിന് പത്തു കൊല്ലങ്ങൾക്കു ശേഷമാണ് അമർജീത് കൗറിനെ ഞാൻ പരിചയപ്പെടുന്നത്. അവരെ ഞാൻ ഒരിക്കൽ പോലും ചിരിച്ച് കണ്ടിട്ടില്ല. ഒരു ക്രൂരകൊലപാതകത്തിൻ്റെ ഓർമ്മ അവരുടെ ശിരസ്സിനെ നേരിയ വെളുത്ത തുണിയായി എപ്പോഴും പൊതിഞ്ഞിരുന്നു. ഒരിക്കൽ മാത്രം ധൈര്യം സമ്പാദിച്ച് ഞാൻ അവരോട് ചോദിച്ചു, മക്കളൊക്കെ എങ്ങനെ?
അവർ പറഞ്ഞു:
'രണ്ടും ആൺമക്കൾ. കണ്ടാൽ അവരുടെ അച്ഛനെപ്പോലെ തന്നെ. നന്നായി പഠിക്കുന്നുണ്ട്. ജീവിതമല്ലേ, അത് മുന്നോട്ടല്ലേ പോകുന്നത്, പിന്നോട്ടല്ലല്ലോ'.
ഇതാണ് ഞാൻ പറഞ്ഞുവരുന്നത്. ഭർത്താവിനായി വർഷങ്ങളായി കണ്ണുകെട്ടി ജീവിച്ച ഗാന്ധാരി കുരുക്ഷേത്രയുദ്ധം കഴിഞ്ഞ രണഭൂമിയിൽ കണ്ണിന്റെ കെട്ടഴിച്ചല്ലോ. മഹാഭാരതത്തിലെ വീരകൗശലപുരുഷനായ കൃഷ്ണനോട് കൊല്ലപ്പെട്ടുകിടക്കുന്ന കുമാരന്മാരുടെ മൃതദേഹങ്ങളെ സാക്ഷി നിർത്തി ഗാന്ധാരി ചോദിച്ചില്ലേ ,
'കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ,
കൊല്ലിക്കയത്രേ നിനക്കു രസമെടോ'
കൊല്ലുക, കൊല്ലിക്കുക എന്നതൊക്കെ പുരുഷൻ്റെ രീതികളാണ് മനുഷ്യചരിത്രത്തിൽ. ഒരു ശ്രീബുദ്ധനെയോ ക്രിസ്തുവിനെയോ നാരായണഗുരുവിനെയോ മറുവാദമായി തിരഞ്ഞെടുത്ത് നമുക്ക് ചരിത്രത്തിലെ പുരുഷഹിംസകൾക്ക് മാപ്പുനൽകാൻ കഴിയില്ല. കൊല്ലിക്കയെന്നത് പുരുഷരസമാണെടോ.
സിന്തിയ എൻലോ (Cynthia Enloe) 2023 ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്, ‘Twelve Feminist Lessons of War’. സ്ത്രീകളുടെ യുദ്ധമല്ല പുരുഷന്മാരുടെ യുദ്ധമെന്നാണവർ വാദിക്കുന്നത്. വിവാഹം എന്ന വ്യവസ്ഥയുടെ പെട്ടി തുറക്കാതെയാണ് പുരുഷന്മാർ യുദ്ധങ്ങളെയും സംഘർഷങ്ങളെയും മനസ്സിലാക്കുന്നത്, എന്നാൽ സ്ത്രീകൾ അങ്ങനെയല്ല എന്ന സിന്തിയയുടെ വാചകങ്ങൾ എൻ്റെ ഉള്ളിൽ ഉരുകിമുഴങ്ങും, എപ്പോഴെങ്കിലും അമർജീത് കൗറിനെ ഓർക്കുമ്പോൾ. ആകാശവാണിയിൽ എൻ്റെ സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന സാഞ്ജല കൗൾ എന്ന കാശ്മീരി പെൺകുട്ടിയെ ഓർക്കുമ്പോൾ. സാഞ്ജലയുടെ അച്ഛൻ ശ്രീനഗറിലെ ദൂരദർശൻ മേധാവിയായിരുന്നപ്പോൾ തീവ്രവാദികൾ വെടിവെച്ചുകൊല്ലുകയായിരുന്നു. സിന്തിയ എൻലോ പറയുന്നത് സംഘർഷങ്ങളെക്കുറിച്ച് കൂടുതൽ യാഥാർഥ്യബോധത്തോടെ മനസ്സിലാക്കാൻ കഴിയുന്നത് സ്ത്രീകളുടെ യുദ്ധങ്ങളിലാണ്, പുരുഷന്മാരുടെ യുദ്ധങ്ങളിലല്ല എന്നാണ്. അവർ ലോകത്തിലെ അക്കാദമിക്കുകളോട് വിളിച്ചു പറയുകയാണ്, 'നിങ്ങൾ സ്ത്രീകളുടെ ജീവിതങ്ങളെ ഗൗരവത്തോടെ കാണുക'. മനുഷ്യകഥയിലെ ദാരുണാവസ്ഥ മനസ്സിലാക്കാനല്ല ഇത്, മനുഷ്യാവസ്ഥയെ കൂടുതൽ നന്നാക്കാനാണ്. സ്ത്രീകളുടെ സങ്കീർണവും വൈവിധ്യമേറിയതുമായ ജീവിതങ്ങൾ പഠിച്ചാലേ സങ്കീർണമായ ലോകാവസ്ഥകളെ പരിഹരിക്കാൻ കഴിയൂ, യുദ്ധമാണെങ്കിലും അല്ലെങ്കിലും.
ഈ ലക്കം ആഴ്ചപ്പാടുകൾ വായിക്കുന്നവരിൽ എത്രപേർ ഇപ്പോൾ ഒരു സംഘർഷഭൂമിയിലുണ്ട്? വളരെ കുറച്ചുപേരേ ഉണ്ടാകാനിടയുള്ളൂ. സംഘർഷാന്തരീക്ഷത്തെക്കുറിച്ച് സങ്കല്പിച്ചാൽ കിട്ടുന്ന രൂക്ഷതയല്ല യഥാർഥത്തിൽ അതിലൂടെ കടന്നുപോകുന്നവരുടെ അവസ്ഥ. കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ മരിച്ച പന്ത്രണ്ടു പേരിൽ ഒരാളുടെ ഭാര്യ ഗർഭിണിയാണ്. അയാൾ അവൾക്കു മരുന്നു വാങ്ങിക്കുവാൻ ഇറങ്ങിയതാണ്. അവളുടെ ദരിദ്രരായ അച്ഛനമ്മമാർ ബിഹാറിലാണ്. അവളുടെ മൂത്തമകന് ആറു വയസ്സേയുള്ളൂ. മരുന്നു വാങ്ങാൻ പോയ ഭർത്താവ് കൊല്ലപ്പെട്ടു. ആ സ്ത്രീയെ മനസ്സിൽ ആലോചിച്ചാൽ സിന്തിയ എൻലോ എന്താണ് പറയുന്നതെന്ന് നമുക്ക് മനസ്സിലാകും. സ്ത്രീകൾ ഒരു സംഘർഷത്തെ മനസ്സിലാക്കുന്നതു പോലെയല്ല പുരുഷന്മാർ മനസ്സിലാക്കുന്നത്. പുരുഷന്മാർ ക്രൂരന്മാരാണെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. സംഘർഷത്തെ സ്ത്രീകൾ മനസ്സിലാക്കുന്ന രീതിയിൽ നിന്നും പുരുഷന്മാർ പഠിച്ചാൽ അത് മനുഷ്യസമൂഹത്തിന് കൂടുതൽ ഗുണകരമാകുമെന്നു മാത്രമാണ്.
കശ്മീരിയായ സാഞ്ജല കൗളിന് കൗമാരത്തിൽ അച്ഛനെ നഷ്ടപ്പെട്ടു. അമ്മയ്ക്ക് വേറെ വരുമാനമില്ല. അച്ഛനെ ആയുധധാരികളായ തീവ്രവാദികൾ വെടിവെച്ചുകൊന്നതാണ്. എന്നോട് ആ പെൺകുട്ടി ഒരിക്കൽ പോലും പറഞ്ഞിട്ടില്ല അച്ഛന്റെ രക്തത്തിന് പകരം ചോദിക്കണമെന്ന്. പത്തുകൊല്ലക്കാലം ഒരുമിച്ച് ഒരോഫിസിൽ തൊഴിലെടുത്തിട്ടും അച്ഛനെക്കുറിച്ച് ഒരു വാക്ക് സാഞ്ജല എന്നോട് പറഞ്ഞില്ല. പുരുഷന്മാർ കാണുന്ന കാശ്മീരല്ല സാഞ്ജല കാണുന്നതെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. യുദ്ധഭൂമിയിൽ സ്ത്രീകൾ നടത്തുന്ന ജീവിതം നൽകുന്നത് വേറിട്ട സന്ദേശമാണെന്ന് ഇപ്പോൾ ലോകത്തു നടക്കുന്ന സംഘർഷഭൂമികളിൽ നടത്തിയ ഫെമിനിസ്റ്റ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ സിന്തിയ എൻലോ പറയുന്നു. അവർ പറയുന്നു, നമ്മുടെ മോട്ടോർ ബൈക്കുകളിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചുവെയ്ക്കാൻ, 'Women's wars are not Men's wars'.
ലോകത്തെ മനസ്സിലാക്കാൻ അധികാരത്തിലിരിക്കുന്നവരെ മനസ്സിലാക്കണമെന്നില്ല. അധികാരത്തിലിരിക്കുന്നവർ, വീടിനകത്താണെങ്കിലും പുറത്താണെങ്കിലും കരുതിവശായിരിക്കുന്നത് അവരില്ലെങ്കിൽ ലോകമില്ലെന്നാണ്. എന്നാൽ അവരില്ലെങ്കിൽ ലോകം കൂടുതൽ നന്നാകുമായിരുന്നു എന്നറിയാവുന്നവരാണ് അവർക്കു ചുറ്റുമുള്ള സ്ത്രീകൾ.
യുക്രൈൻ യുദ്ധരംഗം. കിഴക്കൻ ഉക്രൈനാണ് സ്ഥലം. രാപകലില്ലാതെ റഷ്യൻ സൈന്യം ബോംബ് വർഷിക്കുകയാണ്. ഒരമ്മ മൂന്നു കുഞ്ഞുങ്ങളെ മാറോടണച്ച്, ഇരുട്ടിൽ ഇരിക്കുകയാണ്. ഭർത്താവ് ദേശാഭിമാനത്താൽ പറഞ്ഞു, മരിക്കുകയാണെങ്കിൽ നാം ഇവിടെ കിടന്നു മരിക്കും. ഈ രാത്രി കുഞ്ഞുങ്ങളുമായി ഓടിയൊളിക്കാൻ മാത്രം ഞാൻ ഭീരുവല്ല. ആ സ്ത്രീ ഭർത്താവിനോട് പറഞ്ഞു , ഇതു വരെ ചെയ്തതിനൊക്കെ നന്ദി . Good Bye. അവൾ മൂന്നു കുഞ്ഞുങ്ങളുമായി രാത്രിയിൽ ഇറങ്ങി സുരക്ഷിതസ്ഥാനം തേടി. അത് റഷ്യൻ മണ്ണിലാണെങ്കിൽ പോലും അവൾ പോയെന്നിരിക്കും… ആർക്കുവേണം അതിർത്തികൾ, സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ. അത്തരം അമ്മമാരാണ് ജീവരാശിയെ നിലനിർത്തിയത്, മനുഷ്യരിലും പുലികളിലും ആനകളിലും പ്രാവുകളിലും.
Content Highlights: Explore the profound differences in how women and men experience and understand conflict,
Published: 13 Nov 2025, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented