ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഈ വർഷം നവംബറിൽ പുറത്തിറങ്ങും. നവംബർ പത്തിന് പുസ്തകം വിപണിയിലെത്തുമെന്ന് പ്രസാധകരായ ആൽഫ്രഡ് എ. നോഫ് അറിയിച്ചു. ഇറ്റലിയിലെ തന്റെ ബാല്യകാലം മുതൽ നെഹ്‌റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, ഇന്ത്യയുടെ പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനംവരെയുള്ള കാര്യങ്ങൾ സോണിയ ഗാന്ധി പുസ്തകത്തിലൂടെ വായനക്കാരുമായി പങ്കുവെക്കും.

To advertise here,

1965-ൽ കേംബ്രിജിൽ വെച്ച് 19-ാം വയസ്സിൽ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയകാലവും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയശേഷം സാരി ധരിക്കാൻ ശീലിച്ചതും ഹിന്ദി ഭാഷ പഠിച്ചതും ഇന്ത്യൻ ഭക്ഷണരീതികൾ സ്വായത്തമാക്കിയതുമായ കാര്യങ്ങൾ സോണിയ പുസ്തകത്തിൽ പങ്കുവെക്കുന്നു. രാജീവ് ഗാന്ധി ഒരു കൊമേഴ്‌സ്യൽ പൈലറ്റായി ജോലിചെയ്തിരുന്ന കാലവും പ്രധാനമന്ത്രിയുടെ വസതിയിൽ തങ്ങളുടെ മക്കളെ വളർത്തിയതും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

1980-ൽ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തിൽ ആഘാതം സൃഷ്ടിച്ചതും അതിനുശേഷം 1984-ൽ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടർന്ന് രാഷ്ട്രീയത്തിലേക്ക് വരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതും ജീവിതത്തെ മാറ്റിമറിച്ചതായി സോണിയ ഗാന്ധി എഴുതുന്നു.

1991-ൽ തമിഴ്‌നാട്ടിൽ വെച്ച് എൽ.ടി.ടി.ഇ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ തന്റെ ജീവിതം തകിടം മറിഞ്ഞതായി അവർ വിവരിക്കുന്നു. ഹൃദയവേദനയും വലിയ നഷ്ടങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിന്റെ പൊതുമധ്യത്തിലേക്ക് എത്തിച്ചതെന്നും, അതുവരെ തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും സോണിയ ഗാന്ധി പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ ഏറ്റവും കൂടുതൽകാലം അധ്യക്ഷപദവിയിലിരുന്ന വ്യക്തി എന്ന നിലയിലുള്ള തന്റെ രാഷ്ട്രീയ അനുഭവങ്ങളും 2004-ൽ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും അവർ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തന്റെ കുടുംബത്തെക്കുറിച്ച് ഇതിനകം ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ യഥാർഥ താല്പര്യങ്ങളോ അവർക്കുണ്ടായിരുന്ന മനുഷ്യസഹജമായ വീഴ്ചകളോ പലപ്പോഴും ശരിയായ രീതിയിൽ വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് സോണിയ പറയുന്നു. ആറ് പതിറ്റാണ്ടുകാലം ഇന്ത്യയിൽ താൻ സാക്ഷ്യംവഹിച്ച സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയത്തിൽനിന്നും ക്രമേണ പിൻവാങ്ങുന്ന സാഹചര്യത്തിൽ, തന്റെ ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും എന്നാൽ, സ്നേഹത്തിന്റെയും കൂറിന്റേയും നൂലിഴകളാൽ കോർത്തിണക്കപ്പെട്ട തന്റെ ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിർവചിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും അവർ പറയുന്നു.