രോ തവണ കേരളത്തില്‍ വന്നുപോകുമ്പോഴും എന്തെന്നില്ലാത്ത സന്തോഷം വന്നുനിറയാറുണ്ട്. ഇത്തവണ തിരികെ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചതു മുഴുവന്‍ എന്റെ വിതുരയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു. ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മികച്ച നിലവാരം... പാതയില്‍ പതറാതെ മാതൃഭൂമി ഡോട്‌കോമില്‍ വായിച്ചാണ് ഈ പഴയ വിതുരക്കാരിയെ സ്‌കൂളുകാര്‍ അതിഥിയായി ക്ഷണിച്ചത്. ഓർമകളുടെ വേലിയേറ്റങ്ങള്‍കൊണ്ട് സമ്പന്നമായ ആ തിരുമുറ്റത്ത് ഞാന്‍ മതിയാവോളം നിന്നു. എന്നെ സ്‌പോര്‍ട്‌സുകാരിയാക്കിയ ആ റോഡില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും വാഹനങ്ങളാണ്. സ്‌കൂളിന് സ്വന്തമായി ഗ്രൗണ്ട് നിര്‍മിച്ചിരിക്കുന്നു! അമ്മയും അച്ഛനും രാപകല്‍ അധ്വാനിച്ച വിശാലമായ ഞങ്ങളുടെ കൃഷിഭൂമി കഷ്ണം കഷ്ണമായി വലിയ എടുപ്പുകളെയും താങ്ങി നില്‍ക്കുന്നു. വിതുരയിലെ ആദ്യത്തെ ബേക്കറിയായ ഞങ്ങളുടെ ചന്ദ്രാ ബേക്കറിയില്‍ നിന്നും രുചികള്‍ മറ്റിടങ്ങളിലേക്ക് പല പേരുകളില്‍, പല ഉടമസ്ഥതകളില്‍, വ്യാപിച്ച് കുറേയേറെ പുതിയ റസ്റ്റോറന്റുകളും ബേക്കറികളുമായിട്ടുണ്ട്. അന്ന് വനവാസ സമാനമായിരുന്ന തോട്ടങ്ങള്‍ ഇന്ന് ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന ഭൂമിയാണ്. പശ്ചിമഘട്ടം ഒന്നുമറിയാത്തതുപോലെ ശാന്തമായി നിലകൊള്ളുന്നു. ചുറ്റും അനവധി വീടുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍... ഞങ്ങളുടെ വീട് ഇരുന്നയിടം കണ്ടുപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. നാല്‍പത്തിയേഴ് കൊല്ലമായി ഈ ഭൂമി എനിക്ക് അകലെ നിന്നും നോക്കിക്കാണാന്‍ മാത്രമുള്ളതാണ്. പക്ഷേ ഇവിടെ നിന്നും ഞാന്‍ കടത്തിക്കൊണ്ടുപോയ രണ്ട് സംഗതികള്‍ എന്റെ അസ്തിത്വവും വഹിച്ച് അമേരിക്കയിലെ വീട്ടില്‍ ഇരിപ്പുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഞാന്‍ രണ്ടിനെയും അകത്തേക്കും പുറത്തേക്കും എടുത്തുവെച്ച് സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നിന് നൂറുകണക്കിന് മക്കളുണ്ടായി മലയാളം സംസാരിക്കുന്ന ഒട്ടുമിക്ക വീടുകളുടെയും അടുക്കളഭാഗത്ത് സുരക്ഷിതമായി നില്‍പ്പുണ്ട്. മറ്റേത് എന്നെപ്പോലുള്ളവര്‍ക്കായി വൈകുന്നേരങ്ങളില്‍ പാതിവിടര്‍ന്ന് മാദകഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നു- ഒരു കറിവേപ്പുതൈയും ഒരു മുല്ലച്ചെടിയും. അതായിരുന്നു ഞാന്‍ ഇവിടെ നിന്നും അതിസമര്‍ഥമായി കടത്തിക്കൊണ്ടുപോയത്. നാലരപ്പതിറ്റാണ്ടുകൊണ്ട് നൂറുകണക്കിന് തൈകളെ തന്നു ആ കറിവേപ്പ്. എന്റെയടുക്കല്‍ വരുന്നവരും പോകുന്നവരും കൊണ്ടുപോയി വീട്ടില്‍ നട്ടുപിടിപ്പിച്ച് രുചി പകര്‍ത്തി. മുല്ലയ്ക്കായി അധികമാരും മെനക്കെട്ടില്ല. സ്യൂട്ടിനുള്ളില്‍ കയറുന്നവര്‍ക്ക്, മുടി ക്രോപ്പ് ചെയ്ത് ജോലിഭാരത്തിലേക്ക് ഊളിയിടുന്നവര്‍ക്ക്, എവിടെ ചാര്‍ത്താനാണ് മുല്ല! 

To advertise here,
placeholder
ഫോട്ടോ: വത്സലാശേഖര്‍

അമേരിക്കയിലെത്തിയതിനുശേഷം ആദ്യമായി ഞാന്‍ നാട്ടിലേക്ക് വരുമ്പോള്‍ എന്റെ മൂത്ത മകള്‍ മാലിനിക്ക് ഒന്നര വയസ്സായിരുന്നു. അതൊരു യാത്ര തന്നെയായിരുന്നു. അതേപ്പറ്റി പിന്നീട് പറയാം. പക്ഷേ തിരികേ പോരുമ്പോള്‍ മാലിനിയുടെ ഡയപ്പര്‍ പാക്കറ്റിനുള്ളില്‍ ഒരു കുഞ്ഞു കറിവേപ്പും മുല്ലക്കമ്പും ഞാന്‍ പരിക്കേല്‍പിക്കാതെ വെച്ചു. കഴിഞ്ഞ നാല്‍പത്തിയേഴു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ എത്രയോ വീടുകള്‍ മാറി. സാഹചര്യത്തിനും സൗകര്യത്തിനും അനുസരിച്ച് വീടുമാറുന്നത് ഇവിടെ പതിവാണ്. ഓരോ വീട്ടിലേക്കും മാറുമ്പോള്‍ കറിവേപ്പിനെയും മുല്ലയെയും ഞാന്‍ സുരക്ഷിതമായി ആദ്യം എത്തിച്ചു. അമേരിക്കയിലെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഈ ചെടികള്‍ വളരുന്ന ചട്ടികള്‍ അകത്തേക്കും പുറത്തേക്കും മാറ്റപ്പെട്ടുകൊണ്ടേയിരുന്നു. കറിവേപ്പിന് അമേരിക്കയാണെന്ന ധാരണയൊന്നുമില്ലാതെ ഇവിടത്തെ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് നൂറുകണക്കിന് കുഞ്ഞുങ്ങളെ പെറ്റുകൊണ്ടേയിരുന്നു. കാലക്രമേണേ അതിനത്രയും ആവശ്യക്കാരുമുണ്ടായി. ഒരു തരത്തില്‍ പറഞ്ഞാല്‍ ആ കറിവേപ്പിന്റെ അതിജീവനം പോലെ, ഇലകളെ പുറത്തു കാണാന്‍ സമ്മതിക്കാതെ വിരിഞ്ഞു നില്‍ക്കുന്ന ആ മുല്ലച്ചെടിയുടെ വസന്തകാലം പോലെ, എന്റെ അമേരിക്കന്‍ ജീവിതം തെഴുപ്പിന്റെയും കരിവാളിപ്പിന്റെയും സമ്മിശ്രമായിരുന്നു. 

placeholder
ഫോട്ടോ: വത്സലാശേഖര്‍

വിതുരയിലെ വീടിരുന്ന സ്ഥലത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. അതിന് നേരെ എതിര്‍വശത്താണ് പ്രഭ ചേച്ചിയുടെ മകള്‍ വീടുവെച്ചിരിക്കുന്നത്. ഞങ്ങളുടെ വീടിന് നേരെ മുമ്പില്‍ത്തെ റോഡിന് അഭിമുഖമായി ഇന്ദിരാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ അച്ഛന്‍ സമ്മതം കൊടുത്തിരുന്നു. കാലക്രമേണ വ്യത്യസ്ത ആശയങ്ങളുടെ ആശയക്കുഴപ്പത്താല്‍ ആ പ്രതിമ അപ്രത്യക്ഷമാവുകയായിരുന്നു. വിതുരയുടെ മണ്ണിന്റെ മണം ആവോളം ഉള്ളിലേക്കെടുത്ത് ഗേറ്റ് തള്ളിത്തുറന്ന് ഒരു ഹാഫ് സാരിക്കാരി അകത്തേക്കോടുന്നു. അവധിയാഘോഷിക്കാന്‍ കോളേജില്‍ നിന്നുള്ള വരവാണ്. അല്ലെങ്കില്‍ ഒരു മാസത്തേക്ക് അനുവദിക്കപ്പെട്ട ഹോസ്റ്റല്‍ ഫീസായ നൂറു രൂപ പിരിക്കാന്‍ വരുന്നതാണ്. ആ നൂറുരൂപയെക്കുറിച്ചോര്‍ക്കുമ്പോഴും ഉള്ളില്‍ ഒരു വിങ്ങലുണ്ട്. ഒരിക്കല്‍ അമ്മ കാണാന്‍ വന്നപ്പോള്‍ ഫീസ് കൈയില്‍ തന്നു. ഒരു രൂപാ നോട്ടും രണ്ടുരൂപാ നോട്ടുകളും എല്ലാം കൂടി ചേര്‍ത്തുവെച്ച് ഒരു കടലാസില്‍ പൊതിഞ്ഞാണ് തന്നത്. ഓഫീസില്‍ നിന്നും അതെല്ലാം എണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ ക്യാഷിലിരിക്കുന്നയാള്‍ എന്നെ നോക്കി. എണ്‍പതുരൂപയേയുള്ളൂ. വയറ്റില്‍ നിന്നും അപകര്‍ഷതയുടെ ഒരാന്തല്‍ നെഞ്ചിലേക്കിരച്ചുവന്നു. ഞാന്‍ എണ്ണിനോക്കിയിട്ടില്ലായിരുന്നു. ഇപ്പോള്‍ വരാം എന്നു പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴും ഇരുപത് രൂപയ്ക്ക് എന്തുചെയ്യും എന്നെനിക്ക് യാതൊരു തിരിപാടുപാടുമില്ലായിരുന്നു. പക്ഷേ വിതുര വളര്‍ത്തിയ ധൈര്യവും തന്റേടവും വേറെത്തന്നെയാണല്ലോ. നേരെ മുറിയില്‍ പോയി റൂംമേറ്റിനോട് ചമ്മലേതുമില്ലാതെ ചോദിച്ചു: 'എടോ ഒരു ഇരുപത് രൂപയെടുക്കാനുണ്ടോ? ഹോസ്റ്റല്‍ഫീ അടയ്ക്കാന്‍ നോക്കുമ്പോള്‍ ഇരുപത് രൂപയുടെ കുറവ്.' 'അതിനേന്താടോ, ഉണ്ടല്ലോ' എന്നു പറഞ്ഞ് അവള്‍ വേഗം തന്നെ ഇരുപത് രൂപ എടുത്തുതന്നു. അതേപ്പറ്റി കൂടുതല്‍ പറച്ചിലില്ലാതെ ഞാന്‍ പോയി ഫീസടച്ചു. പിന്നെ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് ഇത് പറയുമ്പോഴും എനിക്ക് സങ്കടമടക്കാന്‍ പറ്റിയിരുന്നില്ല.പഠിക്കുന്നവര് മുഴുവന്‍ വലിയ വീട്ടിലെ കുട്ടികളാണ്. പൈസയാണ് ചോദിച്ചത്, അതും ഫീസടയ്ക്കാന്‍. അമ്മയ്ക്കും വിഷമമായി. എണ്ണിയപ്പോള്‍ സംഭവിച്ച പിശകായിരിക്കുമെന്ന് അമ്മ പറഞ്ഞു. പക്ഷേ അമ്മ പിന്നെയും അമ്പരപ്പിച്ചു. റൂം മേറ്റിന് കൊടുക്കാനുള്ള ഇരുപത് രൂപയും അധികമായി പതിനഞ്ചു രൂപയും കൈയില്‍ത്തന്നു. ആ പതിനഞ്ച് ചെലവാക്കാനല്ലായിരുന്നു, കൈയില്‍ വെക്കാനായിരുന്നു ഉപദേശം. 

ബി.എയ്ക്ക് നല്ല മാര്‍ക്കോടെയാണ് ഞാന്‍ പാസ്സായത്. എന്റെ കൂടെപ്പഠിച്ചവര്‍ കുറേപ്പേര്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പോയി. മാസ്‌റ്റേഴ്‌സിന് പോകാന്‍ ഞാനും ആഗ്രഹിച്ചു. പക്ഷേ വീട്ടിലെത്തിയപ്പോള്‍ സാഹചര്യം വേറെയായിരുന്നു. അമ്മയ്ക്കും അച്ഛനും പ്രായമായിത്തുടങ്ങി. പ്രായത്തിലേറെ അവര്‍ ഓടിയോടിത്തളര്‍ന്നിരുന്നു. ഇനിയും പഠിത്തം എന്നു പറഞ്ഞ് നടക്കാന്‍ പറ്റില്ല. എന്നിട്ടും ഞാന്‍  ചോദിച്ചുനോക്കി; അമ്മേ ഞാന്‍ മാസ്‌റ്റേഴ്‌സിന് അപേക്ഷിക്കട്ടെ? ഇനിയിപ്പോ ജോലി നോക്കിയാല്‍ മതി എന്നായിരുന്നു അമ്മയുടെ മറുപടി. കാന്തിച്ചേച്ചി ബിഎഡ്ഡിനുപോയ സ്ഥിതിക്ക് എനിക്കും പോകാന്‍ പറ്റേണ്ടതായിരുന്നു. പക്ഷേ ഇനിയും കോളേജും പഠിത്തവുമൊക്കെയായി പലയിടങ്ങളില്‍ താമസവും മറ്റും നോക്കി അലയുന്നതില്‍ നിന്നും അമ്മയ്ക്ക് എന്തോ വിമുഖത വന്നിരുന്നു. അമ്മയുടെ ആ തീരുമാനം എനിക്ക് വലിയ നിരാശയായിരുന്നു തന്നിരുന്നത്. കോളേജ് വിദ്യാഭ്യാസം എന്നെ അത്രയധികം സ്വാധീനിച്ചിരുന്നു. വിതുരയില്‍ മിണ്ടിപ്പറയാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ചന്ദ്രാ ബേക്കറി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ കുറേ ജോലിക്കാര്‍ ഉണ്ട്. അവരോട് എന്തു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുക? വീട്ടിലെ പണികളിലേക്ക് ഒതുങ്ങുകയല്ലാതെ വഴിയില്ലായിരുന്നു. ആകെയുണ്ടായിരുന്നത് മഹാത്മാഗ്രന്ഥശാലയായിരുന്നു. എന്നും വൈകുന്നേരങ്ങളില്‍ അവിടെയെത്തി പുസ്തകങ്ങള്‍ എടുത്ത് വായന തുടര്‍ന്നു. ആനുകാലികങ്ങളും പത്രവും വായിച്ചുതീര്‍ത്തു. എന്നും രാവിലെ പത്രം വായിക്കുന്നത് മറ്റൊരു ഉദ്ദേശ്യം കൂടി മനസ്സില്‍ വെച്ചിട്ടായിരുന്നു. ഏതെങ്കിലും ഒരു കോണില്‍ ഒഴിവുണ്ടെന്നും പറഞ്ഞ് ഒരു പരസ്യം വരും, വന്നെങ്കിലായി. പരസ്യങ്ങളില്‍ അധികവും പ്രൈവറ്റ് കമ്പനികളുടേതായിരിക്കും. ജോലി എന്ന സാധ്യത വളരെ ദൂരെയായിരുന്നു. പത്രം മുഴുവനായും വായിച്ചുതീരുമ്പോഴേക്കും പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. 

അന്ന് കേരളത്തില്‍ 30-35 % ആളുകളും തൊഴില്‍രഹിതരായിരുന്നു. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പരീക്ഷകള്‍ വളരെ കഠിനം തന്നെയായിരുന്നു. തൊഴിലില്ലായ്മാ വേതനം നടപ്പാക്കിയ കാലം. ആര്‍എസ്പി ജില്ലാ സെക്രട്ടറിയായിരുന്ന അബൂബക്കര്‍ ആയിരുന്നു അന്ന് വിതുരയുടെ പഞ്ചായത്ത് പ്രസിഡണ്ട്. വിതുരയിലെ പഴയൊരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. എന്റെ അച്ഛനും അദ്ദേഹത്തിന്റെ പിതാവും വളരെയടുത്ത സുഹൃത്തുക്കളായിരുന്നു. അബൂബക്കര്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മയോട് ചോദിച്ചു: 'വത്സല ഇനി പഠിക്കാന്‍ പോകുന്നില്ലേ?' അമ്മ പറഞ്ഞു: 'ഇതു മതി അബൂബക്കറേ. എന്തെങ്കിലും ജോലി നോക്കട്ടെ.' അദ്ദേഹത്തിന്റെ ഭാര്യ സുബൈദയും അന്ന് ഒപ്പമുണ്ടായിരുന്നു. 'വത്സലേ ഞാന്‍ കുറേനാളായിട്ട് ആലോചിക്കുകയായിരുന്നു, നമ്മുടെ വിതുരയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്. നമുക്കൊരു വനിതാ സമാജം ഉണ്ടാക്കണം. സുബൈദയും സഹായിക്കും. ഇവിടെയുള്ള നഴ്‌സുമാരുടെയും ടീച്ചര്‍മാരുടെയുമൊക്കെ കുട്ടികള്‍ക്ക് പോകാനായി ഒരു നഴ്‌സറിയില്ല. കുട്ടികള്‍ ഒന്നാം ക്ലാസുവരെ കാത്തിരിക്കണം. അതുകാരണമാണ്‌ പലരും സ്‌കൂളിലും ആശുപത്രിയിലും ജോലി കിട്ടിയാലും ഇങ്ങോട്ടും ആരും വരാത്തത്.' അബൂബക്കര്‍ പറഞ്ഞതുകേട്ടപ്പോള്‍ എനിക്ക് അതിയായ സന്തോഷമായി. ഞാനും സുബൈദയും രണ്ടു സ്ത്രീകളും ചേര്‍ന്ന് വിതുര മുഴുവനും നടന്ന് പൈസ പിരിച്ചു. അത്രയും കാലത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു വിതുര ഗ്രാമം മുഴുവനായും ഞാന്‍ കാണുന്നത്. പിരിഞ്ഞു കിട്ടിയ തുകയും പഞ്ചായത്തിന്റെ സഹായത്തോടെയും കൂടി ആദ്യമായി വിതുരയില്‍ ഒരു നഴ്‌സറി സ്‌കൂള്‍ ആരംഭിച്ചു. ഒപ്പം വനിതാസമാജമുണ്ടാക്കി. കുറേ സ്ത്രീകള്‍ക്ക് തയ്യലും മറ്റു തൊഴില്‍പരിശീലനങ്ങളും നല്‍കുന്ന കേന്ദ്രമാക്കി അതിനെ മാറ്റി ഞങ്ങള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: 'അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയാണ്. വത്സല വനിതാ മെമ്പറായി മത്സരിക്കണം.' ഞാന്‍ അതേപ്പറ്റി ആലോചിക്കുന്നുപോലുമില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ആ വിഷയം അവിടെ അവസാനിച്ചില്ല, അച്ഛന്റെയടുക്കലെത്തി. അച്ഛന്‍ പറഞ്ഞു: 'സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതുകൊള്ളാം, പക്ഷേ കോണ്‍ഗ്രസ്സിനുവേണ്ടി മത്സരിക്കണം.' 

വിതുരയിലെ ശ്രീനാരായണ ധര്‍മപരിപാലനസംഘത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു അച്ഛന്‍. ഇപ്പോഴത്തെ എസ്എന്‍ഡിപിയല്ല, അന്നത്തേത്. എന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളേജിലെത്തിയപ്പോള്‍ പിന്നാക്കജാതിക്കാര്‍ക്ക് സംവരണം ഉണ്ടെന്നു കേട്ടു ഞാന്‍ ഓഫീസില്‍ പോയി കാര്യങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞു: 'കുട്ടി ഇതാണെന്നു പറയുന്നു, പക്ഷേ സര്‍ട്ടിഫിക്കറ്റില്‍ ഇല്ല. ഇനി തഹസില്‍ദാരുടെ അടുത്തുപോയി സര്‍ട്ടിഫിക്കറ്റ് മാറ്റണം.' ഞാനിക്കാര്യം അച്ഛനോട് പറഞ്ഞു. തഹസില്‍ദാരുടെ അടുത്തുപോയി ജാതി ചേര്‍ക്കണം. അച്ഛന്‍ പറഞ്ഞു: 'നീ ഹിന്ദുവാണ്. അങ്ങനെ തന്നെ ഇരുന്നാല്‍ മതി.' ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെ ഇരിക്കുന്നു. പട്ടം താണുപിള്ളയൊക്കെ നേതാവായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായിരുന്നു ആദ്യം അച്ഛന്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് കോണ്‍ഗ്രസ്സാവുന്നത്. വിമോചനസമരകാലത്ത് വിതുരയില്‍ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നപ്പോള്‍ അച്ഛനായിരുന്നു സൗകര്യങ്ങളെല്ലാം ചെയ്തത്. നേതാക്കളൊക്കെ വീട്ടിലായിരുന്നു വിശ്രമിച്ചത്. അച്ഛന്‍ അത്രയും സാമൂഹികപ്രതിബദ്ധതയുള്ള ആളായിരുന്നു. ഞങ്ങളുടെ വീടിന്റെ ഗേറ്റിനു മുന്‍വശത്ത് ഇന്ദിരാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ച അതേ ദിവസമാണ് അച്ഛന്‍ മരിക്കുന്നതും. പിന്നീടാണ് സഹോദരന്മാര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് ഗേറ്റിനുമുന്നില്‍ത്തന്നെ പ്രതിമ സ്ഥാപിച്ചാല്‍ വാഹനം ഇറക്കാന്‍ സാധിക്കില്ല. അങ്ങനെയൊരു സ്ഥലത്താണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിതുരഗ്രാമം അപ്പോഴേക്കും ചെങ്കൊടിയാല്‍ ചുവന്നിരുന്നു. പഞ്ചായത്ത് പാര്‍ട്ടിയുടെ അധികാരത്തിലായി. പ്രതിമ അവിടെ നിന്നും നീക്കണമെന്നായി പലര്‍ക്കും. ഇളയ സഹോദരനായിരുന്നു വീട് ഭാഗത്തില്‍ നല്‍കിയത്. ആ പ്രതിമ കാലക്രമേണ അവിടെ നിന്നും മറഞ്ഞു.  

അച്ഛന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ സജീവമായിരുന്നു, കൊടി കുത്താനും ജാഥ നയിക്കാനുമൊക്കെ പോയിരുന്നു. അബൂബക്കര്‍ ഇങ്ങനെയൊരു കാര്യം മുന്നോട്ടുവെച്ചതിനെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്താതെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതേ ദിവസത്തെ പത്രത്തില്‍ രണ്ട് പരസ്യങ്ങള്‍ കണ്ടത്. ഒന്ന് സ്‌പോര്‍ട്‌സില്‍ യൂണിവേഴ്‌സിറ്റി തലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്തവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് റെയില്‍വേയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു, രണ്ടാമതായി ഇന്ത്യന്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിലെ ക്ലറിക്കല്‍ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഞാന്‍ രണ്ടിനും അപേക്ഷിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ രണ്ടു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ടെസ്റ്റിനു വിളിച്ചുകൊണ്ടുള്ള അറിയിപ്പ് കിട്ടി. റെയില്‍വേയും കസ്റ്റംസും പരീക്ഷകള്‍ എഴുതി. കസ്റ്റംസിന്റെ ടെസ്റ്റ് എഴുതി വീട്ടിലെത്തിയ അന്നു തന്നെ പത്രത്തില്‍ മറ്റൊരു  പരസ്യം കസ്റ്റംസിന്റേതായിട്ടുതന്നെ വന്നു. ഇന്‍സ്‌പെക്ടര്‍ ഓഫ് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്, കൊച്ചിന്‍ കലക്ടറേറ്റിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തായിരുന്നു പരീക്ഷാ സെന്റര്‍. ആദ്യം ഇന്റര്‍വ്യൂ കാര്‍ഡ് വന്നത് കസ്റ്റംസ് ക്ലറിക്കല്‍ പോസ്റ്റിലേക്കായിരുന്നു. അഭിമുഖം കഴിഞ്ഞു, എനിക്ക് സെലക്ഷന്‍ കിട്ടി. അമ്മയുടെ സന്തോഷവും അഭിമാനവും കാണേണ്ടതു തന്നെയായിരുന്നു. പിന്നാലെ തന്നെ റെയില്‍വേയുടെ ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. പക്ഷേ ഞാന്‍ പോയില്ല. കസ്റ്റംസ് കേന്ദ്രം കൊച്ചിയാണ്. റെയില്‍വേയാണെങ്കില്‍ മദ്രാസില്‍ പോയി ജോലി ചെയ്യണം.

കസ്റ്റംസ് ക്ലറിക്കല്‍ പോസ്റ്റില്‍ ജോയ്ന്‍ ചെയ്തതിനുശേഷമാണ് ഇന്‍സ്‌പെക്ടര്‍ ടെസ്റ്റിനുള്ള കാര്‍ഡ് വന്നത്. ആറുമാസം ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു അപ്പോഴേക്കും. ഓഫീസില്‍ നിന്നും പരിചയ സമ്പന്നരായ അറ്റന്‍ഡര്‍മാരൊക്കെ നിരന്തരം പറഞ്ഞു: 'സാറേ, ഇന്‍സ്‌പെക്ടര്‍ പരീക്ഷ നോക്കണം. അത് കടന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു. സാറിന് കിട്ടും.' കസ്റ്റംസ് ഇന്‍സ്‌പെക്‌റുടെ പരീക്ഷണ കടമ്പകള്‍ കുറേ കടക്കാനുണ്ടായിരുന്നു. ഒരു മൈല്‍ സൈക്കിള്‍ ചവിട്ടണം, മുപ്പത് മിനിറ്റുകൊണ്ട് ഒരു മൈല്‍ നടക്കണം. നടക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ സൈക്കിള്‍ ചവിട്ടാനറിയില്ല! ഇതുവരെ സൈക്കിളില്‍ കയറിയിട്ടില്ല.

കാന്തിമതി ചേച്ചി വിവാഹിതയായി കുടുംബത്തോടൊപ്പം മൂവാറ്റുപുഴയായിരുന്നു താമസം. ചേച്ചിക്ക് ട്രഷറിയില്‍ ജോലി കിട്ടിയിരുന്നു. കവിയും അധ്യാപകനും
വിവര്‍ത്തകനുമായ ഇ.കെ ശിവരാജനാണ് ചേച്ചിയെ വിവാഹം ചെയ്തത്. കൊച്ചിയില്‍ നിന്നും അവധി ദിവസങ്ങളില്‍ ഞാന്‍ അവരുടെയൊപ്പം പോയി നില്‍ക്കാറുണ്ട്. സൈക്കിള്‍ പ്രശ്‌നം ഞാന്‍ അവരോട് പറഞ്ഞു. ചേട്ടന്‍ പറഞ്ഞു, മൂവാറ്റുപുഴയ്ക്ക് വന്നാല്‍ മതി. സൈക്കിള്‍ ചവിട്ടാന്‍ അവിടുന്നു പഠിപ്പിക്കാം. പക്ഷേ എന്റെ മുമ്പില്‍ ഫിസിക്കല്‍ ടെസ്റ്റിനായി അഞ്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ. രാത്രി പത്തു മണിയാവുമ്പോഴേക്കും ചേച്ചിയുടെ വീട്ടിനുമുന്നിലുള്ള മൂവാറ്റുപുഴ-പിറവം റോഡില്‍  രാത്രിയോടെ ബസ് സര്‍വീസ് നിന്നാല്‍ ചേട്ടനും ഞാനും കൂടി സൈക്കിള്‍ എടുത്ത് ഇറങ്ങുകയായി. കഠിനപ്രയത്‌നമായിരുന്നു. സൈക്കിള്‍ ബാലന്‍സ് അത്രയെളുപ്പത്തില്‍ വശമാകില്ല. സാരിയുടുത്താണ് കസര്‍ത്ത്. പക്ഷേ ഒരുവിധം സൈക്കിള്‍ ഓടിക്കുന്നത് പഠിച്ചെടുത്തു. പക്ഷേ കടമ്പകള്‍ മുന്നില്‍ കാത്തിരിപ്പുണ്ടായിരുന്നു. 

(തുടരും)

തയ്യാറാക്കിയത് : ഷബിത