നിർമ്മിതബുദ്ധിവിചാരങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ്, ടി.വി. മധു എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘യന്തിരചിന്തനം’. ഈ പുസ്തകത്തിന്റെ ആമുഖത്തിൽനിന്ന്;

To advertise here,

യന്ത്രത്തെക്കുറിച്ചാണ് ഈ പുസ്തകം; ബുദ്ധിയുള്ള യന്ത്രത്തെക്കുറിച്ച്. ബുദ്ധിയുള്ള യന്ത്രം, മനുഷ്യനായി നടിക്കേണ്ടിവന്ന യന്ത്രമാണ്. 'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ' എന്ന കെ.ജി.എസ്സിന്റെ കവിതയിലെ രൂപകം സൈക്കിളാണ്. സ്വയം ചലിക്കാത്ത യന്ത്രമാണ് സൈക്കിൾ. പഴമൊഴികളിലും കഥകളിലും കഴുത ബുദ്ധിയില്ലാത്ത മൃഗമാണ്. മനുഷ്യരുടെ വിഴുപ്പു ചുമക്കുന്ന മൃഗം; കുങ്കുമം ചുമക്കുമ്പോഴും അതിന്റെ ഗന്ധമറിയാത്ത മൃഗം.

മനുഷ്യബുദ്ധിയുടെ വിഴുപ്പു ചുമക്കേണ്ടിവന്ന 'ജീവി'യാണോ പുതിയ യന്ത്രം? ചുമക്കുന്ന ബുദ്ധിയുടെ ഗുണമറിയാത്ത ജീവി? പലതും ചെയ്യുമ്പോഴും താനെന്താണ് ചെയ്യുന്നതെന്നറിയാത്ത ജീവി? മനുഷ്യർ പലതും ചെയ്യുന്ന ജീവികൾ മാത്രമല്ല, അവരെന്താണ് ചെയ്യുന്നതെന്ന് അവരറിയുന്നു! മനുഷ്യർ സ്വബോധത്തോടെ പ്രവർത്തിക്കുന്നു, പ്രവൃത്തികളുടെ അർത്ഥം അവർക്കറിയാം എന്നൊക്കെയാണ് സാധാരണഗതിയിൽ നമ്മൾ പറയാറുള്ളത്.

രണ്ടു കൈപ്പത്തികൾ ചേർത്തുവെക്കുമ്പോൾ നമ്മൾ കൈകൂപ്പുകയാണ്. പ്രാർത്ഥിക്കുകയോ നമസ്‌കരിക്കുകയോ വണങ്ങുകയോ ആണ്. അതാണ് ആ ആംഗ്യത്തിന്റെ അർത്ഥം. അർത്ഥമറിഞ്ഞുകൊണ്ടാണ് നമ്മൾ പ്രസ്തുത അംഗവിന്യാസം നടത്തുന്നത്. അർത്ഥമുള്ള പ്രവൃത്തിയാണത്. അതായത്, മനുഷ്യജീവികളുടെ ചെയ്തികൾ യാന്ത്രികമല്ല. ഒരു യന്ത്രപ്പാവയും ഇതേ അംഗവിന്യാസം നടത്തും. പക്ഷേ, പാവയെ സംബന്ധിച്ചിടത്തോളം, പ്രസ്തുത അംഗവിക്ഷേപം കൈകൂപ്പലല്ല.

'സംബന്ധിച്ചിടത്തോളം' എന്ന ഭാഷാപ്രയോഗംതന്നെ ഇവിടെ അസാധുവാണ്. മനുഷ്യൻ കർത്താവായി വരുന്ന ഘട്ടത്തിൽ മാത്രമേ അത് സാധുവായ പ്രയോഗമാവൂ. മനുഷ്യരും യന്ത്രങ്ങളും തമ്മിലെ താരതമ്യവിചാരങ്ങളിലെ നാട്ടുനടപ്പാണിത്. സ്വയമറിയുന്ന വിശേഷബുദ്ധിയുള്ള ജീവിയായി മനുഷ്യനെയും സ്വയമറിയാതെ പ്രവർത്തിക്കുന്ന ബുദ്ധിയെ ചുമക്കുന്ന 'ജീവി'യായി യന്ത്രത്തെയും സ്ഥാനപ്പെടുത്തുന്ന വിചാരമാതൃക ഇന്നത്ര ഭദ്രമല്ലാതായിരിക്കുന്നു. പുതിയ യന്ത്രം ഒറ്റബുദ്ധിയല്ല. ഒരളവിൽ നോക്കിയാൽ യന്ത്രം സ്വതന്ത്രബുദ്ധിയായി മാറി.

എന്തായാലും കഴുതയുടെ രൂപകം ഇന്ന് അസ്ഥാനത്താണ്. മനുഷ്യനെ അനുഗമിക്കുന്ന ജീവിയല്ല, അതിഗമിക്കുന്ന ജീവിയായി യന്ത്രം മാറി. ടെക്നോളജിയുടെ മണ്ഡലം എന്ന നിലയിലെടുത്താൽ നിർമ്മിതബുദ്ധിഗവേഷണങ്ങളെ നയിക്കുന്ന ആശയംതന്നെ മനുഷ്യബുദ്ധിയെ അനുകരിക്കുക എന്നതല്ല. മറിച്ച്, അതിനെ മറികടക്കുക എന്നതാണ്.

ഈ പുസ്തകം ടെക്നോളോജിയെക്കുറിച്ചുള്ളതല്ല. 'ടെക്നോളജിയുടെ പൊരുളെന്ത് എന്ന ചോദ്യംതന്നെ വാസ്തവത്തിൽ ടെക്നോളജിയെ സംബന്ധിക്കുന്നതല്ല' എന്ന മാർട്ടിൻ ഹൈദഗ്ഗറുടെ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട്. ടെക്നോളജി എന്നു കേട്ടാൽ ചില സാമഗ്രികളും യന്ത്രങ്ങളും സങ്കേതങ്ങളുമൊക്കെയാണ് നമ്മുടെ മനസ്സിൽ തെളിയുക. സാങ്കേതികവിദ്യ എന്ന പദവും സൂചിപ്പിക്കുന്നത് സങ്കേതങ്ങളെ സംബന്ധിക്കുന്ന അറിവിനെയും വൈദഗ്ദ്ധ്യത്തെയുമൊക്കെയാണ്. ഈ വിദ്യയുടെ പൊരുളെന്ത് എന്ന ചോദ്യം സങ്കേതങ്ങളെക്കുറിച്ചുള്ള വിവരണത്തിൽ ശമിക്കില്ല. ചുരുക്കത്തിൽ, യന്ത്രങ്ങളെയും സാമഗ്രികളെയും സാങ്കേതികവൈദഗ്ദ്ധ്യത്തെയും കുറിച്ചുള്ള ചോദ്യമല്ല അത്.

ഹൈദഗ്ഗറുടെ ഭാഷയിൽ പറഞ്ഞാൽ, അത് ഉണ്മയെക്കുറിച്ചുള്ള ചോദ്യമാണ്. അതായത്, ടെക്നോളജി ഉണ്മയുടെ ഒരു തുറവിയാണ്. ലോകം അതിൽ ഉന്മീലിതമാവുന്നു. നമ്മുടെ ലൗകികമായ ഉണ്മ അതിൽ തെളിയുന്നു. സൈക്കിൾ എന്താണ് എന്ന ചോദ്യത്തിന് ഒരു സൈക്കിളിന്റെ യന്ത്രഭാഗങ്ങളും പ്രവർത്തനരീതിയും വിശദീകരിച്ചുകൊണ്ട് ഉത്തരം കണ്ടെത്താം. എന്നാൽ, ആ വിശദീകരണം സാങ്കേതികമായ ഒന്നാണ്.

ആ ഉത്തരത്തിൽ മാഞ്ഞുപോകുന്നത് ചോദ്യത്തിന്റെ സത്താപരമായ ആകാംക്ഷയാണ്. ഉദാഹരണത്തിനായി കെ.ജി.എസ്സിന്റെ കവിതതന്നെയെടുക്കാം. അതിലെ സൈക്കിൾ പല ലോകങ്ങളാണ്. ഏതൊക്കെയോ ജീവിതങ്ങൾ അതിൽ കറങ്ങുന്നുണ്ട്; ചലിക്കുന്നുണ്ട്.

ഇത്തിരിമാത്രം നിലം തൊട്ട്,
ഇത്തിരി ശ്വാസം മാത്രം കഴിച്ച്
എത്രയോ കാലം അവ ഓടും.
വഴിയോരത്തുനിന്ന് കിതച്ച്,
എത്രയെത്ര ചക്രങ്ങളിലാണ്
സൈക്കിൾ, ക്ലോക്ക്, കാറ്,
തീവണ്ടി, വിമാനം, ഗ്രഹം,
സൂര്യൻ, നക്ഷത്രം, കർമ്മം,
ആത്മാവും ബദ്ധപ്പെട്ടിരിക്കുന്നതെന്നോർത്ത്
നെടുവീർപ്പിടും; പിന്നെയും ഓടും
ദൂരം, സമയം, വഴി, കൃഷി, ചന്ത, ചുമടുകൾ, കുതിപ്പ്, കിതപ്പ്, വേഗം, ചക്രം, കയറ്റം, ഇറക്കം, യാന്ത്രികത, നൈരന്തര്യം, സ്വാതന്ത്ര്യം എന്നിങ്ങനെ, പല അവസ്ഥകളുടെയും വസ്തുക്കളുടെയും ബന്ധങ്ങളുടെയും അർത്ഥങ്ങളുടെയും മൂല്യങ്ങളുടെയുമൊക്കെ വിപുലമായ ഒരു വ്യവസ്ഥയ്ക്കുള്ളിലാണ് സൈക്കിൾ സൈക്കിളാവുന്നത്. രൂപകൽപ്പനയിൽത്തന്നെ അതിൽ ഒരു മനുഷ്യശരീരമുണ്ട്. അളവുകളും കണക്കുകളും അർത്ഥമില്ലാത്ത ജ്യാമിതീയരൂപങ്ങളും ആ ശരീരത്തിലൂടെ മുൻകൂറായി പൂരിപ്പിക്കപ്പെട്ടിരിക്കുന്നു (കവിയുടെ വാക്കുകളിൽ, 'രണ്ടു പൂജ്യങ്ങളും അവയ്ക്കിടയിലെ ദുർഗ്രഹത്രികോണവും;' 'തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ശൂന്യതയ്ക്കുമേൽ മനുഷ്യന്റെ പാലം').

ആനുഷംഗികമായി പറയട്ടെ, കവനം ഉണ്മയുമായി ചേർന്നുനിൽക്കുന്നുവെന്ന് ഹൈദഗ്ഗർ പറഞ്ഞത് ഈ അർത്ഥത്തിലുംകൂടിയാണ്. അക്കാര്യങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഈ പുസ്തകത്തിൽ ഏതർത്ഥത്തിലാണ് ടെക്നോളജി വിഷയമാവുന്നതെന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

'ബുദ്ധിയുള്ള യന്ത്രം' എന്താണ് എന്ന ചോദ്യത്തെ ഇങ്ങനെ കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. വിശേഷിച്ചും, ആദ്യത്തെ നാല് അദ്ധ്യായങ്ങളിൽ. ഒരർത്ഥത്തിൽ, നമ്മൾ യന്ത്രത്തെക്കുറിച്ച് എന്തു പറയുന്നു എന്നതല്ല, യന്ത്രം നമ്മളെപ്പറ്റി എന്തു പറയുന്നു എന്നതാണ് വിഷയം. യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പുതിയ അറിവുകൾ നൽകുന്നുവെന്നതോ, യന്ത്രവിജ്ഞാനം ശരീരശാസ്ത്രത്തെ പുതുക്കുന്നുവെന്നതോ, ബുദ്ധിയുള്ള യന്ത്രം എന്ന സാങ്കേതികവിദ്യ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പുതിയ അറിവുകൾ നൽകുന്നുവെന്നതോ അല്ല പ്രശ്നം. ഇതൊക്കെ ശരീരശാസ്ത്രവുമായോ മസ്തിഷ്‌കപഠനവുമായോ ഒക്കെ ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിലുമുപരി, തത്ത്വചിന്താപരമായ ചില ആകാംക്ഷകളാണ് ഈ പുസ്തകത്തിലെ ആലോചനകളിൽ കാണുക. മനുഷ്യനായിരിക്കുക എന്നാലെന്ത് എന്ന ചോദ്യത്തെ അടിസ്ഥാനപരമായി പുനരുന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നായി യന്ത്രം ഇന്ന് നമ്മുടെ മുന്നിൽ നിൽക്കുന്നു.

ഞാൻ എന്നാൽ എന്താണ്, ആയിരിക്കുക എന്നാലെന്താണ്, യാഥാർത്ഥ്യം എന്നാലെന്താണ്, ഒരു വസ്തു അതായിരിക്കുക എന്നാലെന്താണ്, അതിനെ അറിയുക എന്നാലെന്താണ്, ചിന്തിക്കുക എന്നാലെന്താണ്, ഇടപഴകുക എന്നാലെന്താണ്, സ്വയം അറിയുക എന്നാലെന്താണ്, മറ്റൊരാൾ എന്നാലെന്താണ്, സ്വതന്ത്രമാവുക എന്നാലെന്താണ്, ഉത്തരവാദിയാവുക എന്നാലെന്താണ്, കർത്തൃത്വം എന്നാലെന്താണ്, സ്വേച്ഛാപൂർവ്വം പ്രവർത്തിക്കുക എന്നാലെന്താണ്, നിർമ്മിക്കുക എന്നാലെന്താണ്, സർഗ്ഗാത്മകമാവുക എന്നാലെന്താണ്, അനുസരിക്കുക എന്നാലെന്താണ്, ശീലിക്കുക എന്നാലെന്താണ് എന്നിങ്ങനെയുള്ള താത്ത്വികപ്രശ്നങ്ങളൊന്നും പരമ്പരാഗതമായ മട്ടിലും ഭാവത്തിലും ഇനി ഉന്നയിക്കാനാവില്ലെന്ന് വന്നിരിക്കുന്നു. തത്ത്വചിന്തയുടെ ഏകാന്തമായ തപസ്സിനെ മുറിക്കുന്നുണ്ട് പുതിയ യന്ത്രം. 'യന്ത്രമായിരിക്കുക എന്നാൽ എന്ത്' എന്ന ഒരൊറ്റച്ചോദ്യം തത്ത്വചിന്തയിലെ പഴയ ചോദ്യങ്ങളെ പുതുക്കുന്നു. ഈ അർത്ഥത്തിൽ, ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താത്ത്വികപ്രശ്നമാണ് യന്ത്രം.

മേൽപ്പറഞ്ഞ ചോദ്യങ്ങളൊക്കെ മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ട് മാത്രമുന്നയിക്കാവുന്ന ചോദ്യങ്ങളാണെന്നും തത്ത്വചിന്തനംതന്നെ ഈ അർത്ഥത്തിൽ മനുഷ്യകേന്ദ്രീകൃതമായ വ്യവഹാരമാണെന്നും വാദമുണ്ട്. ചിന്തയും മനസ്സും ബോധവും അറിവുമൊക്കെ യന്ത്രത്തിൽ ആരോപിക്കുന്നത് സംവർഗ്ഗപരമായ അബദ്ധമാണെന്നും വാദിക്കാം. യന്ത്രം ഏതളവിൽ ഉദ്ബുദ്ധമായാലും മനുഷ്യൻ ഒരു പടി മേലേ നിൽക്കുമെന്ന ലളിതയുക്തി ഈ വാദങ്ങളിൽ, അതിവിദഗ്ദ്ധമായി സ്ഥാപിക്കപ്പെടുന്ന സത്യം എന്ന മട്ടിൽ, അവതരിപ്പിക്കപ്പെടാറുമുണ്ട്. യന്ത്രത്തിൽ ആരോപിക്കാൻ കഴിയാത്തതൊക്കെ മനുഷ്യനിൽ സ്വാഭാവികമായി നിലനിൽക്കുന്നു എന്നതാണ് ഈ വാദങ്ങളിലെ പൊതുന്യായം.

ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യനു സവിശേഷമായ ചില സിദ്ധികളുണ്ടെന്ന ന്യായമാണത്. അതായത്, മനുഷ്യൻ മറ്റു ജീവികൾക്ക്, അവയുടെ നിലനിൽപ്പിനെ നിർണ്ണയിക്കുന്ന പൊതുതത്ത്വത്തിന് ഒരു അപവാദമാണ്. ഈ മട്ടിലുള്ള വാദങ്ങളിലേക്കു നയിക്കുന്ന അന്വേഷണങ്ങളെ അകമേ പരിമിതമാക്കുന്ന സംഗതി അവ മനുഷ്യനെ പ്രഥമഗണനീയമായ ഒന്നായിക്കാണുന്നുവെന്നതാണ്. അഥവാ, മനുഷ്യനെ മാത്രമേ അത് മുഖ്യമായും നോക്കുന്നുള്ളൂ, കാണുന്നുള്ളൂ. മറ്റു ജീവികളെയും വസ്തുക്കളെയും അതു പരിഗണിക്കുന്നത് മനുഷ്യന്റെ സവിശേഷമായ അപവാദസ്ഥാനത്തെ ഉറപ്പിക്കാനുള്ള തെളിവുകളായാണ്. തെളിയിക്കപ്പെടേണ്ടത് മുന്നേ ഉറപ്പിക്കപ്പെട്ടതിനാൽ തെളിവുകൾക്ക് ക്ഷാമംവരില്ല. ഇത് ഒരു വിചാരമാതൃകയാണ്.

മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാടുകളെ തികച്ചും സ്വാഭാവികമെന്നവണ്ണം സ്വാംശീകരിക്കുന്ന മുൻധാരണകളുടെ ഒരു വ്യവസ്ഥയാണത്. ഈ സ്വാഭാവികതതന്നെ പ്രശ്നവത്താണെന്ന മറുവാദവുമുണ്ട്. മനുഷ്യനിൽ സ്വാഭാവികമായും ചില സവിശേഷസിദ്ധികളുണ്ട് എന്ന വാദത്തിലെ സ്വാഭാവികതയെക്കുറിച്ചുള്ള ന്യായത്തെ അത് പ്രശ്നവത്കരിക്കുന്നു. രണ്ടാമതായി, മനുഷ്യകേന്ദ്രീകൃതമായ ഒരു നോട്ടത്തിന്റെ പ്രാഥമ്യത്തെ അത് സമ്മർദ്ദത്തിലാക്കുന്നു. മനുഷ്യജീവിയുടെ സവിശേഷസിദ്ധികളായി എണ്ണുന്നവ, അവ സ്വനിർണ്ണയശേഷിയാവട്ടെ, സ്വാതന്ത്ര്യമാവട്ടെ, അങ്ങനെ പലതും, ചരിത്രപരമായി ഊറിക്കൂടിയതാണെന്നും അവയ്ക്കു പുറത്ത് കേവലമായ ഒരു മനുഷ്യസത്ത ഇല്ലെന്നും വാദിച്ചാൽ മറ്റൊരു കാഴ്ചവട്ടം ഉരുത്തിരിഞ്ഞുവരും. അതിന്റെ കേന്ദ്രം മനുഷ്യനല്ല. അഥവാ, അതിന് ഒരു കേന്ദ്രമില്ല. അതിൽത്തന്നെ പല വഴികളുണ്ടാവാം.

ആരോപിതമായതൊക്കെ ഊരിയെടുത്താൽ ബാക്കിയാവുന്ന മനുഷ്യശരീരം ഒരു യന്ത്രംതന്നെ എന്നതാണ് അതിന്റെ ലളിതമെങ്കിലും പ്രകോപനപരമായ തീർപ്പ്. അതായത്, യന്ത്രം മനുഷ്യനു പുറത്തല്ല; യന്ത്രമാവുക എന്നത് മനുഷ്യനായിരിക്കുക എന്നതിന്റെ സാദ്ധ്യത തന്നെയാണ്! മറ്റൊരു വഴി സകലതിനെയും ഭാവശാസ്ത്രപരമായ ഒരു നിരപ്പിൽ സമമൂല്യമുള്ള സംഗതികളായി കാണുന്നതാണ്. ഇത്തരം നിലപാടുകളുടെ സൂക്ഷ്മവിശകലനം ഈ പുസ്തകത്തിലില്ല. എന്നാൽ, മനുഷ്യനെയും യന്ത്രത്തെയും വിപരീതധ്രുവങ്ങളിൽ സ്ഥാപിച്ചുകൊണ്ടുള്ള വിചിന്തനരീതികളിൽനിന്ന് മുറിഞ്ഞുമാറി 'ബുദ്ധിയുള്ള യന്ത്ര'ത്തെ കാണാനുള്ള ശ്രമം ഇതിലുണ്ട്.

ചിന്തിക്കുന്ന യന്ത്രം, ടെക്നോളോജിയുടെ മണ്ഡലത്തിലെ ഒരു സംഭവമോ അവകാശവാദമോ ഒക്കെയാണല്ലോ. യന്ത്രം വാസ്തവത്തിൽ ചിന്തിക്കുന്നുണ്ടോ എന്ന പ്രശ്നമോ അവകാശവാദത്തിലെ അതിശയോക്തിയുടെ പ്രശ്നമോ അവിടെ നിൽക്കട്ടെ. ഒരു കണ്ടുപിടുത്തമെന്ന നിലയിൽ അതൊരു ധാർമ്മികപ്രശ്നമല്ല. ഒരു യന്ത്രം മനുഷ്യനെപ്പോലെ ചിന്തിക്കുന്നു എന്ന വസ്തുത നമ്മെ ധാർമ്മികമായി ചൊടിപ്പിക്കേണ്ടതില്ല. അതിന്റെ ധാർമ്മികമായ വിവക്ഷകൾ ആരായുകയോ മനുഷ്യരുടെ ധാർമ്മികമായ പ്രവൃത്തികളെ മനസ്സിലാക്കുന്നതിന് ഈ പുതിയ അവസ്ഥാവിശേഷം എങ്ങനെ സഹായകമാവുന്നു എന്ന് നോക്കുകയോ അതിന്റെ വരുംവരായ്കകൾ ചൂണ്ടിക്കാണിക്കുകയോ ചില മുൻകരുതലുകൾ സ്വീകരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നതിലുപരി ധർമ്മശാസ്ത്രത്തിന് ഇതിൽ വലിയ റോളൊന്നുമില്ല. റെസ്പോൺസിബിൾ എ.ഐ. (Responsible AI) എന്ന പേരിൽ അറിയപ്പെടുന്ന നീക്കങ്ങളെയൊക്കെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

എന്നാൽ, മനുഷ്യൻ യാന്ത്രികമായി ചിന്തിക്കുന്നതും പെരുമാറുന്നതും അതിനാൽത്തന്നെ ഒരു ധാർമ്മികപ്രശ്നമാണ്. ആധുനിക ധാർമ്മികതത്ത്വചിന്ത രൂപപ്പെട്ടത് മനുഷ്യർ യാന്ത്രികമായി പെരുമാറുന്ന ഒരു അവസ്ഥാവിശേഷത്തോടുള്ള ചെറുത്തുനിൽപ്പായാണെന്നു പറയാം. പൊതുവേ പറഞ്ഞാൽ, യാന്ത്രികമായി പെരുമാറുകയെന്നാൽ സ്വബോധമോ സ്വനിർണ്ണയത്വമോ ഇല്ലാതെ ചില ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയെന്നാണ്. ഇതിനു നേർവിപരീതമായി, സ്വനിർണ്ണയത്വമുള്ള പ്രവൃത്തി 'ധാർമ്മിക'മാണ്. ഇമ്മാനുവേൽ കാന്റിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരാൾ സ്വയം അനുസരിക്കുകയോ സ്വന്തം പ്രവൃത്തികളുടെ നിയമങ്ങൾ സ്വയം നിർമ്മിക്കുകയോ ചെയ്യുക എന്നതാണ് സ്വനിർണ്ണയത്വം. ചുരുക്കത്തിൽ, മനുഷ്യനായിരിക്കുക എന്നാൽ യന്ത്രമാവാതിരിക്കലാണ്. സ്വയം ചിന്തിക്കാനുള്ള ധൈര്യം നേടുന്ന പ്രബുദ്ധരായ മനുഷ്യർ വാസ്തവത്തിൽ അവരുടെ സ്വനിർണ്ണയത്വം തിരിച്ചറിയുകയോ പുനഃസ്ഥാപിക്കുകയോ ആണ് ചെയ്യുന്നത്.

പ്രബുദ്ധതയെ കാന്റ് കാണുന്നത് ഇങ്ങനെയാണ്. യാന്ത്രികതയെ ഭേദിക്കലാണത്. മനുഷ്യൻ എന്താണെന്ന് വിവരിക്കുക എന്നതിനെക്കാൾ സ്വതന്ത്രമായ ഇച്ഛ, സ്വാച്ഛന്ദ്യം, കർത്തൃത്വം എന്നിങ്ങനെയുള്ള സങ്കൽപ്പനോപാധികളിന്മേൽ മനുഷ്യനെ നിർവ്വചിക്കുകയാണ് അതു ചെയ്തത്. മനുഷ്യൻ യന്ത്രമാവുന്ന അവസ്ഥയെ ആഴത്തിൽ പ്രതിരോധിക്കുന്ന ഒന്നായാണ് ആധുനിക ധാർമ്മികചിന്ത തിടംവെച്ചത്. എന്നാൽ, ഇന്നത്തെ വലിയ ധാർമ്മികപ്രശ്നം യന്ത്രം മനുഷ്യനെപ്പോലെ പെരുമാറുന്നു എന്നതാണ്. ആദ്യത്തെ അവസ്ഥയിൽ മനുഷ്യന് എന്തോ നഷ്ടപ്പെടുന്നു; രണ്ടാമത്തേതിൽ യന്ത്രമെന്തോ നേടുന്നു. നഷ്ടവും നേട്ടവും 'മനുഷ്യ'നെ ആകുലപ്പെടുത്തുന്നുണ്ടെന്ന തീർപ്പിൽ രണ്ടു ഭിന്നമായ അവസ്ഥകളെയും ഒരേ ധാർമ്മികചിന്തയുടെ അളവുകോലിൽ വിശകലനം ചെയ്യാനാണ് തത്ത്വചിന്തകർ ശ്രമിക്കാറുള്ളത്.

മനുഷ്യനും യന്ത്രവും തമ്മിലെ ബന്ധത്തിന്റെ സങ്കീർണ്ണമായ ധാർമ്മികപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അതിനു നേരത്തേ പറഞ്ഞ സങ്കൽപ്പനോപാധികളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. ഇതാവാം ധാർമ്മികതത്ത്വചിന്തയിലെ പ്രധാനപ്പെട്ട ഒരു വൈരുദ്ധ്യം. മനുഷ്യകേന്ദ്രീകൃതമായ ഒരു ചട്ടക്കൂടിനു പുറത്തേക്ക് ധാർമ്മികവിചിന്തനങ്ങൾക്ക് സഞ്ചരിക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാവുന്നത് ഈ ഘട്ടത്തിലാണ്. മനുഷ്യനെ കേന്ദ്രസ്ഥാനത്തും യന്ത്രത്തെ പുറത്തും സ്ഥാനപ്പെടുത്തുന്ന ഭവകൽപ്പനയെത്തന്നെ കൈയൊഴിഞ്ഞുകൊണ്ടേ ഈ സഞ്ചാരം സാദ്ധ്യമാവൂ. ആ വഴിക്കുള്ള എളിയ ശ്രമമെന്ന നിലയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.