എഐ മത്സരത്തിൽ ഗൂഗിൾ വിജയിക്കുമെന്ന പ്രവചനവുമായി എഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ (Geoffrey Hinton). മൈക്രോസോഫ്റ്റും മെറ്റയും ഈ രംഗത്ത് നേതാക്കളായി ഉയർന്നുവരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, താൻ നേരത്തെ ഗൂഗിളിൽ പത്തുവർഷത്തോളം ജോലി ചെയ്തിരുന്നതിനാൽ തനിക്ക് അവരോട് ഒരു താല്പര്യമുണ്ടെന്നും, അതിനാൽ തന്റെ അഭിപ്രായത്തിന് ചെറിയൊരു പക്ഷപാതം ഉണ്ടായേക്കാം എന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നുണ്ട്.

To advertise here,

എഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഹിന്റൺ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഗൂഗിളിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള കമ്പനികൾ ആന്ത്രോപിക്കും ഓപ്പൺ എഐയുമാണ്. അതേസമയം മൈക്രോസോഫ്റ്റും ഫേസ്ബുക്കും (മെറ്റ) വിജയിക്കാനിടയില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഹിന്റൺ പറഞ്ഞു.

ഒരു കമ്പനിയെ ആരാണ് നയിക്കുന്നത് എന്നതിനേക്കാൾ, മികച്ച കഴിവുള്ള ആളുകളെ ആകർഷിക്കാനും എഐ വികസിപ്പിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ അവർക്ക് നൽകാനുമുള്ള കഴിവിനെയും ആശ്രയിച്ചായിരിക്കും ഈ മത്സരത്തിലെ വിജയം തീരുമാനിക്കപ്പെടുക എന്ന് അദ്ദേഹം പറയുന്നു.

എന്തുകൊണ്ടാണ് ജെഫ്രി ഹിന്റൺ ഗൂഗിളിനെ അനുകൂലിക്കുന്നത്

ഒരു ദശാബ്ദത്തിലേറെക്കാലം ഗൂഗിളിലെ നിർമിത ബുദ്ധി ഗവേഷണങ്ങൾക്കായി ചെലവഴിച്ച വ്യക്തിയാണ് ജെഫ്രി ഹിന്റൺ. അദ്ദേഹംതന്നെ പറഞ്ഞതുപോലെ, ഗൂഗിളിനെ വളരെ അടുത്തറിയാവുന്ന വ്യക്തിയായത് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ടാവാം.

2012-ൽ അലക്സ്നെറ്റിനെക്കുറിച്ച് (AlexNet) തന്റെ വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം നടത്തിയ പ്രവർത്തനം ആധുനിക ജനറേറ്റീവ് എ.ഐ.യുടെയും ലാർജ് ലാംഗ്വേജ് മോഡലുകളുടെയും സാങ്കേതിക അടിത്തറ പാകി. ഗൂഗിൾ വിട്ടതിനുശേഷം, കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചുള്ള മെഷീൻ ലേണിംഗിലെ കണ്ടെത്തലുകൾക്കും കണ്ടുപിടുത്തങ്ങൾക്കും ഹിന്റണ് 2024-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുമുണ്ട്.