"ഇന്നലെ ചുടലക്കാട്ടിൽ ശവദാഹമുണ്ടായിരുന്നു.''
അമ്പലത്തിൽ ദീപാരാധനയുണ്ടായിരുന്നു എന്നു പറയുമ്പോലെ സിമ്പിളായി ജീജ പറഞ്ഞു.
"നായ്ക്കളുടെ കുര കാരണം രാത്രി ഇടയ്ക്കിടെ ഉണർന്നു പോയി. അപ്പൊഴെല്ലാം ചിതയിൽ തീ കത്തുന്നുണ്ട്..
കത്തിക്കലെല്ലാം കണക്കാ. എല്ലാരും പോയിക്കഴിഞ്ഞാൽ പിന്നെ ശവം മാത്രമല്ലേയുള്ളൂ. നീറി നീറിയാ കത്തിയത്. തലയോട്ടി പൊട്ടുന്ന ഒച്ച പതിവിലും വൈകിയാണു കേട്ടത്."
തോളിൽ നിന്നൂർന്നു പോയ ഷാൾ ശരിയാക്കി ഒരു പിന്നു കുത്തിക്കൊണ്ട് അവൾ തുടർന്നു.

To advertise here,

കട്ടിലിൽ അലസമായിച്ചാരിയിരുന്ന് മധുരസേവ തിന്നുകൊണ്ടിരുന്ന ഞാൻ ആ പാക്കറ്റ് താഴെവെച്ച് അവളെ അന്തംവിട്ടുനോക്കി. നിലത്തിരുന്ന് കാൽനഖങ്ങളിൽ നെയ്ൽപോളിഷിട്ടു കൊണ്ടിരുന്ന രാജിച്ചേച്ചിയും തലപൊക്കി നോക്കി. ഹോസ്റ്റലിൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള വിശ്രമവേളയാണ്. പലതും പറയുന്ന കൂട്ടത്തിലാണ് ഈ മാരകസംഭാഷണമുണ്ടായിരിക്കുന്നത്.

ജീജ റേച്ചൽ ജോണി എന്റെ പുതിയ കൂട്ടുകാരിയായിരുന്നു. കോളേജിൽ ജോയിൻ ചെയ്ത കാലമാണ്. വളരെ യാദൃച്ഛികമായി ലൈബ്രറിയിൽ വെച്ച് പരിചയപ്പെട്ടതായിരുന്നു ജീജയെ. ഡേ സ്കോളറാണ്. എങ്കിലും പരിചയമായ ശേഷം ലഞ്ച്ടൈമിൽ എന്റെ റൂമിൽ വന്നിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.. അവളുടെ പാത്രത്തിലെ ഉള്ളി മൂപ്പിച്ച വെണ്ടയ്ക്കാമെഴുക്കുപുരട്ടിയും ചുട്ടരച്ച ചമ്മന്തിയും ഞങ്ങൾക്കു തരും. ഹോസ്റ്റലിലെ ഒഴിച്ചുകറികളായ മഞ്ഞരാസലായനികളുടെയും, വിവിധ അച്ചാറുകളുടെയും പീഡനം അവളും ഏറ്റുവാങ്ങും. ക്യാരറ്റും ബീട്രൂട്ടും, ചേനയുമെന്നു വേണ്ട ചേനത്തണ്ടനെക്കിട്ടിയാലും അച്ചാറിട്ടു കളയും ഹോസ്റ്റലിലെ കുക്ക്ചേച്ചിമാർ. മഞ്ഞുനദിക്കരയിൽ ചോരപ്പൂ വിടർന്ന പോലെ ചോറിനരികിലിരുന്ന എരിപുരണ്ട ബീട്രൂട്ടുകഷണങ്ങളെ ജീജ സന്തോഷപൂർവ്വം സ്വീകരിച്ചു. വേറെ ഡിപ്പാർട്ട്മെന്റാണെങ്കിലും കുറച്ചു ദിവസം കൊണ്ട് തന്നെ അവൾ ഞങ്ങളുടെ ഉച്ചകളുടെ ഭാഗമായി.

ജീജ വളരെ ബോൾഡായ ഒരു കുട്ടിയാണെന്ന് എല്ലാരും പറഞ്ഞു. എനിക്കാണെങ്കിൽ പരിചയപ്പെട്ടപ്പോൾ ഇഷ്ടം അദ്ഭുതാദരങ്ങളായി മാറിയിരുന്നു. വളരെ വിചിത്രമായ ഒരു പശ്ചാത്തലമായിരുന്നു അവളുടേത്. എന്നെ അടിമുടി ത്രസിപ്പിച്ച സാഹസികജീവിതം.

അച്ഛനമ്മമാർ ബാങ്കുദ്യോഗസ്ഥരാണ്. ഇവിടേയ്ക്ക് ട്രാൻസ്ഫറായി വന്ന് ഇവിടെ സെറ്റിലായവർ.രണ്ടാളും റിട്ടയറായി.ഈയടുത്ത്, നാട്ടിൽ റബ്ബർമരങ്ങൾക്കിടയിലെ വലിയവീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയസ്സായ അമ്മാമ്മ അപ്രതീക്ഷമായി വീണു കിടപ്പിലായി. അതോടെ അവർക്കു തിരിച്ച് നാട്ടിലേക്കു പോവേണ്ടി വന്നു. പക്ഷേ ജീജ ഇവിടെ കോളേജിൽ ചേർന്നു പോയതിനാൽ ഒപ്പം കൊണ്ടുപോകാനാവില്ലല്ലോ. അവർക്കു പോകാതെയും വയ്യ. അങ്ങനെ വീട്ടിലിപ്പോൾ ജീജ മാത്രമേയുള്ളു. ഒരാൾ മാത്രം തനിച്ച് ഒരു വീട്ടിൽ! ആ വീട്ടിൽ നിന്നു  കോളേജിലേയ്ക്കു നല്ല ദൂരമുണ്ട്. ഒന്നരമണിക്കൂർ യാത്ര ചെയ്യണം. പക്ഷേ വീട് അടച്ചിട്ട് ഹോസ്റ്റലിൽ വന്നു നിന്നാൽ അത് വാങ്ങാൻ ആള് വരില്ലത്രേ. അത് വിറ്റു നാട്ടിൽക്കൂടാനാണ് കുടുംബത്തിന്റെ തീരുമാനം.. ആൾത്താമസമില്ലെങ്കിൽ ആ സ്ഥലത്ത് വീടിനു വില കിട്ടില്ല പോലും.. ബ്രോക്കർമാർ ഇടയ്ക്കിടെ ഓരോരുത്തരെ കൊണ്ടുവരുന്നുണ്ട്. ആ കച്ചവടം നടന്നാൽ പിന്നെ ജീജ ഹോസ്റ്റലിലേയ്ക്കു മാറും. അതുവരെ സ്വന്തം വീട്ടിൽ നിൽക്കാമല്ലോ. അതുമാത്രമല്ല കാര്യം, ഒറ്റയ്ക്ക് അടിച്ചു പൊളിച്ച് സ്വാതന്ത്ര്യമായി ജീവിക്കാൻ കിട്ടിയ സുവർണ്ണാവസരവുമാണ് ജീജ കണ്ണിറുക്കി.

സഹായത്തിന് ഒരു സ്ത്രീ വരുന്നുണ്ട്. ഭക്ഷണമെല്ലാം ഉണ്ടാക്കിവെച്ചു പോവും. അവർ മിക്കവാറും രാത്രി കൂട്ടു കിടക്കാനും വരും. ചില ദിവസങ്ങളിൽ വരില്ല. അപ്പോൾ അവൾ തനിച്ചായിരിക്കും. അവരുടെ വീടിനെതിർവശത്ത് ഒരു പറമ്പിനപ്പുറത്തായി ചുടലക്കാടുണ്ട്. അവിടെ മിക്കവാറും ശവദാഹം ഉണ്ടാവും. ലൈറ്റുകളെല്ലാം അണച്ചു കഴിഞ്ഞാൽ രാത്രി ബൾബ് കത്തുമ്പോലെ ചിതകളിൽ നിന്ന് വെളിച്ചമുയരും. ചില ശബ്ദകോലാഹലങ്ങളൊക്കെ കേൾക്കുമ്പോലെ തോന്നും, ഇടയ്ക്ക് ശവഭൂമിയിൽ നിന്ന്. അലർച്ചകൾ, ദീനരോദനങ്ങൾ..

തിങ്ങി വളർന്ന കവുങ്ങുകൾ ഇരുളു വീഴ്ത്തിയ വലിയൊരു പറമ്പിനു നടുവിലാണ് വീട്. തെക്കുഭാഗത്ത് മുളങ്കൂട്ടത്തിനരികിൽ ആഴം കുറഞ്ഞ ഒരു കുളമുണ്ട്.. അതിൽ നിന്ന് ഉറവയുടെ ഹൃദയം നിറഞ്ഞൊഴുകുന്ന ഒരു തെളിനീർച്ചാലും. അങ്ങോട്ടൊന്നും അധികം പോവാറില്ല.

ആഹാ! എൻ്റെ കണ്ണുകൾ വിടർന്നു. താനേ കവിഞ്ഞൊഴുകുന്ന കുളമോ?. ആ കുളത്തിൽ ഗപ്പികളും സാരിവാലൻമാരും നീന്തിക്കളിക്കുമായിരിക്കും! പൊൻമാനുകൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങാൻ വട്ടമിടുന്ന ഫ്ലൈറ്റുകളെപ്പോലെ താഴ്ന്നു പറക്കുകയും, എല്ലിച്ച നീർക്കോഴികൾ വെള്ളത്തിൽ തലമുക്കുകയും, അതിരിലുള്ള മുളങ്കാടുകൾ ഉപരിതലത്തിൽ പ്രതിഫലിയ്ക്കുകയും....! ഞാൻ കോരിത്തരിച്ചു.

എന്താ സ്വപ്നം കാണുന്നത്?. അവൾ എന്നെ സൂക്ഷിച്ചു നോക്കി. മടിച്ച് മടിച്ച് ഞാൻ എന്റെ മോഹം അവതരിപ്പിച്ചു. അവൾ മന്ദഹസിച്ചു. തേങ്ങ വെട്ടിക്കാനും ,ഓലയും മടലുമൊക്കെ പെറുക്കാനും ഒരു മനുഷ്യൻ സഹായിയായി വരാറുണ്ട്.മാരൻ. വേണെങ്കിൽ മാരനെക്കൊണ്ട് കുളമൊന്നു വൃത്തിയാക്കിച്ച് നാല് താമരവിത്തിട്ടേയ്ക്കാം. നമ്മുടെ ഷീജക്കവിയുടെ മോഹമല്ലേ. ഞാൻ ജീജയെ കെട്ടിപ്പിടിച്ചു. താമര പൂക്കുന്ന ദിവസം ഞാൻ നിൻ്റെ വീടു കാണാൻ വരും. എനിക്ക് ആ സ്ഥലമെല്ലാം കാണണം. എല്ലുകൾ കടിച്ചുപൊട്ടിക്കുന്ന ചുടലത്തീയുടെ ചടുലനടനം ഒരഘോരിയെപ്പോലെ ജനലിലൂടെ ഞാൻ നോക്കിനിൽക്കും.

"ഡൺ. വാക്കു മാറില്ലല്ലോ?" അവൾ ചോദിച്ചു. "ഇല്ല ,വെക്കേഷന് രണ്ടുദിവസം വൈകി നാട്ടിൽപോയാലും സാരമില്ല, വന്നിരിക്കും". ചെല്ലാൻ കഴിയില്ലെന്നറിഞ്ഞിട്ടും,ഒരുപാടുവട്ടം അവൾ ഞങ്ങളെ ക്ഷണിച്ചിട്ടുണ്ട്, പഠനത്തിരക്കുകൾക്കിടയിൽ അതിനൊരവസരം ഉണ്ടായിട്ടേയില്ല. 

പൊതുവേ ഒരു ചാത്തൻപ്രേമിയാകയാൽ ഉച്ചയ്ക്ക് ജീജ വരാൻ ഞാൻ കാത്തിരിക്കും.നിഗൂഢമായ പുഞ്ചിരിയുമായി,നീണ്ട ഹോസ്റ്റൽവരാന്തയിലൂടെ അവൾ നടന്നുവരുമ്പോൾ, ഞാൻ മാർഗരറ്റ് ട്രെലോണിയെ ഓർമ്മിച്ചു. "ജുവൽ ഓഫ് സെവൻ സ്റ്റാഴ്സ്" എന്ന ബ്രാംസ്റ്റോക്കർ നോവലിലെ, അപകടകരമായ നക്ഷത്രരാശിയിൽ ജനിച്ച ആപത്ച്ഛായ വീണ ദുരൂഹകന്യക!
ചോറുണ്ണാനിരിക്കുമ്പൊഴും, വിശ്രമിക്കുമ്പോഴും ആ ധൈര്യവതിയെ ഞാൻ ആദരവോടെ വീക്ഷിച്ചു.

ഒരുദിവസം ഉച്ചയ്ക്ക് ക്ലാസ്സിലേയ്ക്കു പോകാതെ, അവൾ എന്റെ റൂമിൽക്കിടന്നുറങ്ങി. തലവേദനയാണ്. തലേന്ന് തീരെ ഉറങ്ങാനായില്ല പോലും. രാത്രിയിൽ പലവട്ടം ജനലിൽ മുട്ടുന്ന ഒച്ച കേട്ടു. ഇന്നലെ കൂട്ടുകിടക്കാൻ മറിയാമ്മ വന്നിട്ടില്ലായിരുന്നു. രാവിലെയെണീറ്റു നോക്കുമ്പോൾ മുൻവശത്തെ ഒരു ജനൽച്ചില്ലു പൊട്ടിയിരിക്കുന്നു. കാട്ടുറോസച്ചെടിയിലെ പൂക്കളെല്ലാം തല്ലിക്കൊഴിച്ച നിലയിൽ മണലിൽ കിടക്കുന്നു.

ഹൊ! ഏതു സാമദ്രോഹിയാണതു ചെയ്തത്? ആ വൃക്ഷങ്ങളെപ്പോലെ നീളൻകവരങ്ങളുള്ള കാട്ടുറോസകൾ! ശരീരം വിറപ്പിച്ചു പൂവു കുടയുന്ന മുള്ളൻപന്നികൾ! മുള്ളു കൊള്ളാതെ അവരെക്കയറിപ്പിടിക്കാൻ ആർക്കു സാധിക്കും. വല്ല വടിയും കൊണ്ടടിച്ചു പൊഴിച്ചു കാണുമോ. എന്തിന്? ഊതിയാൽ പൊഴിയുന്ന ഒട്ടിപ്പേയുള്ളു റോസ് നിറമുള്ള തീരെ ചെറിയ പൂക്കൾക്ക്. നാലഞ്ച് നേർത്തയിതളുകൾ മാത്രം. ആ സാധുക്കളെ ദ്രോഹിക്കാൻ നിഷ്ഠൂരൻമാർക്കേ സാധിക്കൂ.

നിനക്ക് ഹോസ്റ്റലിൽ നിന്നൂടെ? കാൽപ്പനികതയെല്ലാം വിസ്മരിച്ച് ഞാൻ ചൂടായി. ഒറ്റയ്ക്ക് രാത്രി ഈ ഒറ്റപ്പെട്ടയിടത്തു താമസിക്കുന്നത് എത്ര അപകടമാണ്. വല്ല കള്ളൻമാരും വന്നാൽ!.ഒന്നു നിലവിളിച്ചാൽ ആരോടി വരും. അപ്പുറത്ത് ചിതയിലുള്ള ശവങ്ങളോ? ജനൽ തുറക്കാൻ ശ്രമിച്ചത് ഒറ്റയ്ക്കാണെന്നെല്ലാമറിയുന്ന വല്ല കള്ളൻമാരുമാവും. അവരിനിയും വന്നാലോ.

ആകാം. അല്ലാതെയുമിരിക്കാം. അവൾ മന്ത്രിച്ചു. ഇടയ്ക്ക് പള്ളീന്ന് അച്ചനെക്കൊണ്ടുവന്ന് ഒന്ന് വെഞ്ചരിപ്പിക്കാറുണ്ടായിരുന്നു. ഇപ്പൊ കുറേ നാളായി. അതിന്റെയൊക്കെ ഒരു കുറവുണ്ട്.''നാളെ ഞാൻ ലീവാ. അതൊക്കെയൊന്ന് ശരിയാക്കാനുണ്ട്." അവൾ ഗൗരവഭാവത്തിൽ പറഞ്ഞു.

വൈകുന്നേരം ചായസമയത്ത്, പ്ലേറ്റുകളിൽ ലൗ ലെറ്ററുകളുമെടുത്ത് ഞങ്ങൾ മുറിയിലേയ്ക്കു വന്നു. ഒരു ഗോതമ്പുദോശയുടെ നടുവിൽ ശർക്കരയും തേങ്ങയും വെച്ച് പൊതിഞ്ഞ് ചുട്ടെടുക്കുന്ന അടയാണ് ലവ് ലെറ്റർ. ഗോതമ്പുദോശയെ മധുരീകരിച്ച് രണ്ടായി നടുമടക്കി ദോശക്കല്ലിൽ ഒറ്റയടി. എന്റെ അമ്മച്ചി അതിനെ പ്രാദേശികനാമമായ "മടക്കിയടി" എന്നാണ് വിളിച്ചിരുന്നത്. പ്രണയലേഖനത്തിൽ നിന്നടർന്ന മധുരാക്ഷരങ്ങൾ പോലെ, കടിയേറ്റ അടകളിൽ നിന്ന് ശർക്കരയിൽ മയങ്ങിയ തേങ്ങാത്തരികൾ പ്ലേറ്റുകളിൽ ചിതറിവീണു. എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് സംഭാഷണം ജീജയിലെത്തി. അപ്പോൾ അവളുടെ സുരക്ഷയെപ്പറ്റി തീരെ വിചാരമില്ലാത്ത അച്ഛനമ്മമാരെ കൂട്ടത്തിൽ മുതിർന്നവർ കുറ്റപ്പെടുത്തി. എവിടെയും ഇങ്ങനെ കേട്ടിട്ടില്ല. ഹോസ്റ്റലിലാക്കി വീടും പൂട്ടി പൊയ്ക്കൂടായിരുന്നോ. വല്ലാത്ത കാലമാണ്.

അതു ശരിയാണെന്ന് എനിക്കും തോന്നി.വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് അയൽവക്കക്കാർ പോലുമില്ല. ഒരേക്കർ പറമ്പിനു നടുവിലെ പ്രേതമാളികയിൽ ,ഉത്തരവാദിത്തമില്ലാത്ത ഒരു തള്ളയ്ക്കൊപ്പം ഒരു ചെറിയ പെൺകുട്ടിയെ നിർത്തിപ്പോവുന്നത് ഭയങ്കരം തന്നെ. വീടു വിൽക്കുന്നതാണോ അവർക്കു പ്രധാനം?

ആ ഓണക്കാലത്ത്, ഞങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ ചേട്ടന്റെ വിവാഹമുറപ്പിച്ചു. കല്യാണത്തിന് എല്ലാരും പോവുന്നുണ്ട്.രണ്ടു മണിക്കൂർ ബസ്സുയാത്രയുണ്ട്. ജീജയുടെ നാടിനടുത്താണ്. ഓഡിറ്റോറിയത്തിൽ നിന്ന് കഷ്ടിച്ച് അരമണിക്കൂർ ദൂരമേയുള്ളു. പക്ഷേ അവളാ സമയത്തൊക്കെ വലിയ തിരക്കുകളിലായിരുന്നു. വീടിന്റെ കച്ചവടവുമായി ബന്ധപ്പെട്ടു ചില പേപ്പറുകൾ ശരിയാക്കാനുണ്ട്. വില്ലേജ് ഓഫീസിൽ പോവാനുണ്ട്. കുടിക്കടം, മുന്നാധാരം അടിയാധാരം.. എന്തൊക്കെയോ തൊള്ളയിൽക്കൊള്ളാത്ത വിവരങ്ങൾ അവൾ പറഞ്ഞു. സുഹൃത്തിന്റെ കാര്യപ്രാപ്തിയിൽ അഭിമാനം കൊണ്ട് എന്റെ കൈത്തണ്ടയിലെ രോമങ്ങൾ പോലും എഴുന്നേറ്റു നിന്നു നമസ്കരിച്ചു. അന്നെനിക്ക് വോട്ടേഴ്സ് ഐഡി പോലുമില്ല. സ്വന്തം പഞ്ചായത്ത് എവിടെയാണെന്നും പോലും അറിയില്ല. എന്നെയൊക്കെ എന്തിനു കൊള്ളാം.!

സീനിയറും ജൂനിയറുമെല്ലാം ഓരോ ഗ്രൂപ്പായി വിവാഹത്തിനു പുറപ്പെട്ടു. രാവിലെയായിരുന്നു മുഹൂർത്തം.പന്ത്രണ്ടു മണിയായപ്പൊഴേ സദ്യയും കഴിഞ്ഞു. ഉച്ചയ്ക്കുശേഷം സമയം വെറുതെ കിടക്കുകയാണ്. 6 മണിയ്ക്കു ഹോസ്റ്റലിലെത്തിയാൽ മതി. ബാക്കി സമയമെന്തു ചെയ്യും? ഞാനും രാജിച്ചേച്ചിയും ശാലിനിയും സിനിമയ്ക്കു പോകാമെന്നു കരുതിയതാണ്. പക്ഷേ എല്ലാം തല്ലിപ്പൊളികളാണ്. ആകെയുള്ളത് ആ കടലമാവ് മുഖത്തൊട്ടിച്ച പ്രേതത്തിന്റെ പടം. പല്ലിളിച്ചു കൊണ്ടുള്ള ഒരു വരവുണ്ട്. മടലുവെട്ടി അടിയ്ക്കാൻ തോന്നും. ഒരു മെനയില്ലാത്ത സാധനം. ഒരു വട്ടം കണ്ടതാണ്, ഇനി താങ്ങൂല .

അവിടന്ന് ഇത്തിരി ദൂരമേയുള്ളൂ ക്ലാസ്മേറ്റായ വിനീഷിന്റെ വീട്ടിലേയ്ക്ക്. അവൻ എല്ലാരെയും വീട്ടിലേയ്ക്കു ക്ഷണിച്ചു. ഏതായാലും ഇത്രദൂരം വന്നതല്ലേ. ഇനി അല്ലെങ്കിൽ എന്നു വരാനാണ്. വിജിത്തും മനുവും കൂടി ഞങ്ങൾക്കൊപ്പം വന്നു.

സ്ഥലപ്പേരു കേട്ടപ്പോൾ പെട്ടെന്നോർത്തു, ജീജയുടെ വീടും അവിടെയാണ്. വിനീഷിന് അവളെ കോളേജിൽ കണ്ടു പരിചയമേയുള്ളു. മിണ്ടിയിട്ടില്ല. അവൻ ഹോസ്റ്റലിലാണ്. ഡെയ്ലി ഇത്രേം ദൂരം പോയി വരുകയാണോ? അവൾക്കെന്താ വട്ടാണോ? അവന് അദ്ഭുതം.

വിനീഷിന്റെ വീടിന് മണൽമുറ്റമായിരുന്നു. അതിൽ അവിടവിടെ പിങ്കുപൂക്കളുള്ള സാമ്പാർച്ചീരയുടെ തുരുത്തുകളുണ്ട്. മഞ്ഞപ്പൂവും കുരുടിച്ച കായുമുള്ള, എല്ലുന്തിയ കുറച്ചു വെണ്ടകളും. അമ്മയുടെയാണ് കൃഷിയെല്ലാം .

നേർത്ത പച്ചത്തണ്ടുകളിൽ, തരുണികളുടെ കണങ്കാലിലെപ്പോലെ ഇളംരോമങ്ങളുള്ള ഒരു തക്കാളിത്തൈ പ്ലാസ്റ്റിക് കവറിൽ പുഷ്ടിയുള്ള ഇലകളിളക്കി. ചുണ്ടങ്ങ പോലെ ചെറിയ തക്കാളികൾ നിറയെ പിടിച്ചിട്ടുണ്ട്. ഓ, വലിയ കാര്യമൊന്നുമില്ല.മലർപ്പൊടിക്കാരന്റെ മൺകുടങ്ങളാണ് ആ കായ്ച്ചുനിൽക്കുന്നത്. പണ്ടെന്നെ കുറേ പറ്റിച്ച മോഹിനിയാണ്.തളിർക്കും, പൂക്കും, കുഞ്ഞിക്കായ് വരും, ആ പരമ്പരാഗത പച്ചമണം വരും, പിന്നെ കഴുത്തൊടിഞ്ഞു വീഴും, അല്ലെങ്കിൽ കുരുടിക്കും. മടുപ്പിച്ചു കളഞ്ഞു. എന്നിലെ കൃഷിക്കാരിയെ മുളയിലേ നുള്ളിയ സാമദ്രോഹിയായ ആ സസ്യപ്രഭ്വിയ്ക്ക് അഭിമുഖമായിരുന്നു ഞങ്ങൾ നാരങ്ങാവെള്ളം കുടിക്കുകയും നാലിതളുള്ള വെട്ടുകേക്ക് കഴിക്കുകയും ചെയ്തു.

വിനീഷിന്റെ അമ്മ ടീച്ചറാണ്. ജീജയുടെ വീട് ഇവിടെ അടുത്താണ്, അറിയാമോ എന്ന് ഞങ്ങൾ അമ്മയോടു ചോദിച്ചു നോക്കി. അമ്മയ്ക്ക് ജോണിസാറിനെയും, ഭാര്യ ആലീസിനെയും അറിയാം. അവിടെയടുത്തുള്ള സ്കൂളിൽ പണ്ടു ജോലി ചെയ്തിട്ടുണ്ട്.സ്ക്കൂളിന്റെ അക്കൗണ്ട് ആ ബാങ്കിലായിരുന്നു. അവരൊക്കെ ഇവിടന്നു പോയിയെന്നും ഇപ്പൊ മകൾ മാത്രമാണ് വീട്ടിൽ താമസമെന്നും പറഞ്ഞപ്പോൾ അമ്മയ്ക്കും അദ്ഭുതമായി.. ജീജയുടെ വീട്ടിനടുത്ത് ഒരു ചുടലയുമുണ്ട്. ഞങ്ങൾ കൂട്ടിച്ചേർത്തു.

"ചുടലയോ ?ആ ഭാഗത്ത് ചുടലയുണ്ടോ?കാണുമായിരിക്കും. ഇപ്പൊ സ്ഥലമെല്ലാം ഒരുപാടു മാറിപ്പോയി" അമ്മ പറഞ്ഞു. ഈറൻ പൊടിയുന്ന ഓറഞ്ചിന്റെ ചിത്രമുള്ള ഒഴിഞ്ഞ ഗ്ലാസ്സുകൾ വാങ്ങി അമ്മ പോവുമ്പോൾ മനു ശബ്ദം താഴ്ത്തിച്ചോദിച്ചു. "വീടിനടുത്ത് എന്തുണ്ടെന്നാ പറഞ്ഞത്?"
"ചുടല."
"ഓഹോ, എന്നിട്ട്..?" ഞങ്ങൾ ആവേശപൂർവ്വം ചിതയെരിയുന്ന ശവഭൂമിയ്ക്കരികിലെ ഏകവീടിനുള്ളിൽ, പ്രേതനാദങ്ങൾ ശ്രവിച്ച് ഏകാകിയായിക്കഴിയുന്ന സാഹസികസഹപാഠിയെപ്പറ്റി വിവരിച്ചു.

ആമ്പിള്ളേരുടെ കണ്ണു തള്ളിപ്പോയി.ആകാംക്ഷ സഹിക്കാനാവാതെ അവർ വീണ്ടും വീണ്ടും ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. നമുക്കൊന്ന് പോയി നോക്കിയാലോ. ഇത്രയടുത്തു വന്നിട്ട് ഇങ്ങനൊരു സ്ഥലം ഒന്നു കാണാതെങ്ങനെ. ബൈക്കിൽ ഒറ്റയ്ക്ക് ദൂരയാത്രകൾ നടത്തുന്നയാളാണ് മനു. ഗംഭീരവായനക്കാരനുമാണ്. ഇത്രയും ധൈര്യവതിയായ ജീജയെ എന്തായാലും ഒന്നു പരിചയപ്പെടണമെന്നായി. എന്നാൽ ജീജയെ വിളിച്ചു നോക്കാം. ഒരുപാടു വട്ടം വിളിച്ചു. ബെല്ലടിക്കുന്നുണ്ട്. ജീജ ഫോണെടുക്കുന്നില്ല. വില്ലേജോഫീസിൽ വല്ലതുമായിരിക്കും, രാജിച്ചേച്ചി പറഞ്ഞു. 

അതു സാരമില്ല. നമുക്കു ഒന്നു സ്ഥലം കണ്ടു വരാമല്ലോ. മനു ആവേശപ്പെട്ടു.വിനീഷിൻ്റെ അമ്മ ഏകദേശം ലൊക്കേഷൻ പറഞ്ഞു തന്നു. ബാങ്കിന് അടുത്തു തന്നെയാണ്.എപ്പഴും ബസ്സുണ്ട്. ജംഗ്ഷനിൽ നിന്ന് കുറച്ച് ഉള്ളിലേയ്ക്കു നടക്കാനുണ്ടെന്നു തോന്നുന്നു.ശരി,ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

വേഗം ബസ്സുകിട്ടി. "ബാങ്ക്പടി ബാങ്ക്പടി " എന്ന് കിളി നീട്ടി വിളിച്ച സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി.ജംഗ്ഷനിലെ പലചരക്കുകടക്കാരൻ ചേട്ടനോട് ജോണിസാറിന്റെ വീടു ചോദിച്ചു. ജോണിസാറിനെ അയാൾക്കറിയില്ല, പക്ഷേ പച്ചരി തൂക്കിക്കൊണ്ടു നിന്ന അസിസ്റ്റന്റിനറിയാം. കൃത്യം റൂട്ടുമാപ്പ് കിട്ടി. ആ നട്ടുച്ചവെയിലത്ത് ഞങ്ങൾ ആഞ്ഞു നടന്നു. ശ്രീകുറുമ്പ അമ്പലത്തിനു മുന്നിൽ നിന്ന് ഇടത്തേയ്ക്കുള്ള വഴി. അടച്ചിട്ട പീടികക്കട പോലത്തെ ഒരു കുടുംബക്ഷേത്രം കണ്ടു. പച്ച വിടാത്ത കുരുത്തോലത്തോരണങ്ങളും കൊടികളും ഒരു പൂമരത്തിന്റെ താഴെച്ചില്ലയിൽ തൂങ്ങിക്കിടന്നു. അതിലേ കുറച്ചു പോയപ്പോൾ വീടിന്റെ മുറ്റത്തായി ഒരപ്പൂപ്പന്റെ സർവ്വത്തുപീടിക.പ്ലാസ്റ്റിക്പാട്ടകളിൽ മിക്സ്ചറും ടൈഗർ ബിസ്ക്കറ്റും. കുപ്പിഭരണിയിലെ ഉപ്പുവെള്ളത്തിൽ മാങ്ങാപ്പൂളുകൾ നീന്തിക്കളിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികളാവണം കസ്റ്റമേഴ്സ്. ആ വളവു തിരിഞ്ഞപ്പോൾ വലിയ ആൽമരം കണ്ടു. ലൊക്കേഷൻ എത്തിയിരിക്കുന്നു. ഞങ്ങൾ പരസ്പരം നോക്കി. ആൽമരത്തിനു തൊട്ടപ്പുറമുള്ള വീടാണ്. മുള്ളുവേലി കെട്ടിത്തിരിച്ച പുരയിടത്തിനു നടുവിൽ ഒരു ചെറിയ ഓടിട്ട വീട്. ലുങ്കിയുടുത്ത ഒരു വൃദ്ധൻ തെങ്ങിൻചോട്ടിൽ നിന്ന് മട്ടലു പെറുക്കിക്കൂട്ടുന്നു.

ഞങ്ങളെക്കണ്ട് അദ്ദേഹം വേലിയ്ക്കലേയ്ക്കു വന്നു. "ജോണിസാറിൻ്റെ വീട്. ? "

 "അതേ ഇതുതന്നെ, ഞാനാണ് ജോണിജോസഫ്. "
"ഞങ്ങൾ ജീജയുടെ ഒപ്പം കോളേജിൽ"...

"ഓ, മോളിവിടില്ലല്ലോ. എല്ലാരും കേറി വരൂ." അദ്ദേഹം വേർപ്പു തുടച്ചുകൊണ്ട് ക്ഷണിച്ചു. "ആരാ?", അകത്തു നിന്ന് പുള്ളിനൈറ്റിയിട്ട , ഉള്ള മുടി ഉച്ചിയിൽ ഉണ്ട കെട്ടിവെച്ച തടിച്ച മദ്ധ്യവയസ്ക ഇറങ്ങി വന്നു.
"ഇത് ആലീസ് എന്ന അന്നാമ്മ, ജീജയുടെ അമ്മ." ജോണിസാർ പരിചയപ്പെടുത്തി.

ഞാൻ ചുറ്റുപാടും പരപരാ നോക്കുകയാണ്. എൻ്റെ ഭാവനയെ തീമുടി ചൂടിച്ച ചുടുകാട്, എൻ്റെ സാരിവാലൻമാരുടെ കുഞ്ഞിക്കുളം, നീർക്കോഴി മുട്ടയിട്ട മുളങ്കൂട്ടം! നിരാശയോടെ കണ്ണുകൾ കൂട്ടുകാരിലെത്തുമ്പോൾ അവരും പകച്ചു നിൽപ്പാണ്. എതിർവശത്തു കുട്ടപ്പൻസ്റ്റൈലിൽ വീടുകളാണ്. ചുടുകാടു പോയിട്ട് ചുള്ളിക്കാടു പോലുമില്ല.

ആ ആന്റി, മഞ്ഞ നിറമുള്ള ഒരു തണുത്ത സ്ക്വാഷ് കൊണ്ടുത്തന്നു. പാഷൻഫ്രൂട്ടാണ്. ദാ പിൻവശത്തു പന്തലിട്ടിട്ടുണ്ട്. തുറന്നിട്ട അടുക്കളവാതിലിലൂടെ ആ വള്ളിപ്പന്തൽ കണ്ടു. അതിന്റെ ഇലമച്ചിൽ നിന്ന് പച്ചയും മഞ്ഞയും കായകൾ ബൾബു പോലെ തൂങ്ങിക്കിടക്കുന്നു. സ്ക്വാഷ് കുടിക്കുമ്പോൾ ആരും ചോദിക്കാതെ തന്നെ അച്ഛൻ വീട്ടുകാര്യങ്ങൾ പറഞ്ഞു. നാടുവിട്ട് ഇവിടെ കൂടിയിട്ട് പത്തിരുപത് കൊല്ലമായി.മൂത്ത മകന്റെ കല്യാണം കഴിഞ്ഞു. അവർ ദുബൈയിലാണ്. ഞങ്ങൾ വല്ലപ്പോഴുമൊരിക്കൽ ഒന്ന് നാട്ടിൽപ്പോവും. റിട്ടയറായ ശേഷം കൃഷിപ്പണിയൊക്കെയായി സമയം ചെലവഴിക്കുന്നു.

"താമരക്കുളം?" എൻ്റെ ഹൃദയം പുറത്തു ചാടി. "താമരക്കുളമോ? അപ്പുറത്ത് മുളങ്കൂട്ടത്തിനരികിൽ ഒരു ചാലിയുണ്ടായിരുന്നു. അത് പണ്ടേ മണ്ണിട്ട് തൂർത്തു. ദേ,ആ കദളിത്തെങ്ങു നിൽക്കുന്നിടത്ത്. തൈത്തെങ്ങു ഞാൻ വെച്ചതാ. ഇപ്പോ കായ്ക്കാറായി."
ഞാൻ നെടുവീർപ്പിട്ടു, 

അദ്ഭുതലോകം കാണാൻ വന്ന മനു. എന്നെ സൂക്ഷിച്ചു നോക്കി." ഇതെന്തോന്നെടേ .. " എന്നു ചോദിക്കുമ്പോലെ. ഒരു നെടുവീർപ്പോടെ രാജിച്ചേച്ചി പറഞ്ഞു, "നമുക്കിറങ്ങാം, ഹോസ്റ്റലിലെത്തണ്ടേ ". എല്ലാരും മൂകരായിരുന്നു.

കനപ്പെട്ട ഹൃദയത്തോടെ ഞങ്ങൾ യാത്ര ചോദിച്ചു. മുറ്റത്തിറങ്ങുമ്പോൾ അതാ, പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ല, മുള്ളുവേലിഗേറ്റ് കടന്നു വരുന്നു,ജീജ.
ഈശ്വരാ! എൻ്റെ നെഞ്ചിൽ കഥാപ്രാസംഗികരുടെ സിമ്പൽ മുഴങ്ങി.

ഒരു നിമിഷം കുരിശു കണ്ട ചെകുത്താനെപ്പോലെ അവൾ വേലിയ്ക്കൽ പകച്ചു നിന്നു.പിന്നെ സംയമനം വീണ്ടെടുത്തു കൊണ്ട് കുശലം ചോദിച്ചു.
"നിങ്ങളിതെന്താ ഒന്നും പറയാതെ പെട്ടെന്ന് .. " 

"ഞങ്ങൾ കല്യാണം കഴിഞ്ഞ് വിനീഷിൻ്റെ വീട്ടിൽ വന്ന വഴി..." എൻ്റെ തൊണ്ട വരണ്ടു. "ചുടലക്കാടു കാണാൻ" മനു കൂട്ടിച്ചേർത്തു. അപ്പോൾ കോഴിക്കൂടിനരികിൽ നിന്ന് കോഴിയുടെ ഉറക്കെയുള്ള കൊക്കൽ കേട്ടു ജോണിസാർ അങ്ങോട്ടു പാഞ്ഞു." കുറുക്കൻശല്യമുള്ളതാ ഇടയ്ക്കിടെ ."

ജീജ എൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് അടക്കം പറഞ്ഞു, "തീരെ ഭാഗ്യമില്ലല്ലോ കവിയ്ക്ക്, ആ വീട് രണ്ടു ദിവസം മുമ്പ് വിറ്റു പോയി. അതിൻ്റെ പേപ്പർ ഒപ്പിടാനാ പപ്പേം മമ്മീം നാട്ടിൽ നിന്നു വന്നത്. "

"അപ്പൊ ഈ വീട്?" രാജിച്ചേച്ചി പല്ലു ഞെരിച്ചു. 
"ഇത് പണ്ടേ വാങ്ങിയിട്ടിരുന്ന ഒരു വീട്. എൻ്റെ സാധനങ്ങളൊക്കെ രണ്ടുദിവസം മുമ്പ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തിട്ടേയുള്ളു. "

വൈക്ലബ്യത്തിൽ നിൽക്കുന്ന എന്നെ നോക്കി, എല്ലാരോടുമായി ജീജ പറഞ്ഞു, "കഷ്ടമായിപ്പോയി, ഇവിടെ അടുത്തു തന്നെയാണ് ആ സ്ഥലം. നേരമുണ്ടായിരുന്നെങ്കിൽ കൊണ്ടു കാണിക്കാമായിരുന്നു.ഇതിപ്പൊ നിങ്ങൾക്ക് ഹോസ്റ്റലിൽ എത്തണ്ടേ"

"നേരമുണ്ട്. ഏതായാലും വന്നു, ഇനിയിപ്പൊ കണ്ടിട്ട് പോവാം,അല്ലേ?" മനു വിടാൻ ഭാവമില്ല
"എന്നാപ്പോവാം" ജീജപറഞ്ഞു. " പക്ഷേ പൂട്ടിയിട്ടേക്കുവാ. താക്കോൽ പുതിയ ഓണറുടെ കയ്യിലല്ലേ.പുറത്തു നിന്നേ കാണാൻ പറ്റു."
"അതു സാരമില്ല."

കോഴിപ്രശ്നം പരിഹരിച്ച് ജോണിസാറ് വേലിയ്ക്കലേയ്ക്കു വന്നു. എങ്ങോട്ടാ, മോളോട് ചോദിച്ചു. ഇവരെ ഒന്ന് ബസ്സ്റ്റോപ്പിൽ ആക്കിക്കൊടുത്തിട്ട് വരാം.
അദ്ദേഹത്തോട് അതും പറഞ്ഞ് വഴിയിലൂടെ തിരക്കിട്ടു നടക്കുമ്പോൾ അവൾ ഞങ്ങളോട് രഹസ്യം പറഞ്ഞു, "പപ്പയ്ക്ക് ഇഷ്ടമേയല്ല, ആ വീടിൻ്റെ കാര്യം പറയുന്നത്. അങ്ങോട്ടാ നിങ്ങളെ കൊണ്ടുപോവുന്നതെന്നു പറഞ്ഞാൽ സമ്മതിക്കില്ല. അതാ."

പിഞ്ച്ആഞ്ഞിലിച്ചക്കകൾ അടർന്നു വീണു കിടന്ന നാട്ടുവഴിയിലൂടെ ആ പൊരിവെയിലത്ത് ഞങ്ങൾ യാത്രയാരംഭിച്ചു.ഇടയ്ക്ക് ജീജയ്ക്ക് ഒരു സംശയം,വഴി തെറ്റിയോ. വന്ന വഴിയിലൂടെ കുറച്ചുദൂരം പിന്നിലേയ്ക്ക്.വീണ്ടും ഏതെല്ലാമോ ഊടുവഴികളിലൂടെ ആ " ഡോറയുടെ പ്രയാണം" തുടർന്നു.
ഞങ്ങൾ പരിക്ഷീണരായി. മനു എന്നെ കണ്ണുരുട്ടിനോക്കുന്നു. വിനീഷിൻ്റെ ഉണ്ടക്കണ്ണുകൾ കൂടി ചിരിക്കുകയാണ്. ശാലിനിയ്ക്കു ദേഷ്യം വരുന്നുണ്ട്. രാജിച്ചേച്ചിയ്ക്കും. വിജിത്ത് പതിവുപോൽ മൗനിയാണ്.

ഒരു പൊട്ടക്കിണറിനടുത്തെത്തിയപ്പോൾ ജീജ പ്രഖ്യാപിച്ചു. വഴി പാടെ തെറ്റിയിരിക്കുന്നു. ഞാൻ ഇതിലേ വരാറില്ലല്ലോ, മെയ്ൻ റോഡിൽ നിന്നുള്ള മറ്റേ വഴിയിലൂടല്ലേ വരാറ്! നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, നമുക്ക്..."

"സാരമില്ല "ഞാൻ പറഞ്ഞു, "ഇനിയൊരിക്കലാവാം. ഹോസ്റ്റലിലെത്താൻ ലേറ്റാവും,മെയ്ൻ റോഡിലേയ്ക്ക് ഏതാ വഴി."
 ജീജ തൊട്ടു മുന്നിലേയ്ക്കു വിരൽ ചൂണ്ടി. അതാ അപ്പോൾ മുളച്ചു വന്ന പോലൊരു വഴി.ബസ്സു പോവുന്ന ഒച്ച കേൾക്കുന്നുണ്ട്.ഇതിലേ നടന്നാൽ മതി, ഒരു മിനിറ്റ് കൊണ്ട് റോഡിലെത്താം.

"എന്നാലും ഇത്ര ദൂരം നടന്നിട്ട് ". മനു നിരാശപ്പെട്ടു. ഞാനവനെ നിസ്സഹായതയോടെ നോക്കി. ആ വഴി അവസാനിക്കുകയില്ലെന്ന് എനിക്കു മനസ്സിലായിരുന്നു.

"അപ്പൊ നാളെ കോളേജിൽക്കാണാം."വേഗത്തിൽ തിരിഞ്ഞ് നടക്കുമ്പോൾ ജീജ എന്നോടു പറഞ്ഞു, "ഇനിയൊരു ദിവസം വരണേ ഷീജാ, ഉടമസ്ഥൻ്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി വെക്കാം. കുളത്തിൽ ഇപ്പോൾ താമരയുടെ മൊട്ടു വന്നിട്ടുണ്ട്." ഞാൻ ദയനീയമായി തലകുലുക്കി.

ബസ് സ്റ്റോപ്പിലെ ഇരുമ്പുബെഞ്ചിൽ തളർന്നിരുന്ന് ഞങ്ങൾ പരസ്പരം നോക്കി. ആരും ആദ്യം മിണ്ടിയില്ല. പിന്നെ കൂട്ടച്ചിരി മുഴങ്ങി.

ഹോസ്റ്റലിൽ അടുത്തദിവസവും ലഞ്ച് ബോക്സുമായി ജീജ വന്നു. വീടു വിറ്റ കഥ വീണ്ടും വിവരിക്കുമ്പോൾ, രാജിച്ചേച്ചിയുടെ കൺട്രോളു പോയി.ജീജ അദ്ഭുതപ്പെട്ടു. "നിങ്ങൾക്കെല്ലാം എന്താ പ്രശ്നം? വീടു കാണണമെങ്കിൽ ഇനിയും കാണാം. നാളെ കസിനോട് കാറുമായി വരാൻ പറയാം.എല്ലാരും തയ്യാറായിരുന്നോളൂ.ബോയ്സിനേം വിളിക്കാം."

വേണ്ട ജീജ,ഞാൻ വിക്കിവിക്കിപ്പറഞ്ഞു, "പിന്നെപ്പൊഴെങ്കിലും വരാം. "ഇതു തന്നെ പ്രശ്നം", അവൾ നൊടിഞ്ഞു."നിങ്ങളാരും വരാനും തയ്യാറല്ല. കണ്ടില്ലെന്നു പരാതിയും."
രാജിച്ചേച്ചി എന്തോ പറയാൻ വായ തുറന്നു. ഞാൻ കയ്യിൽപ്പിടിച്ചു. ആ വിഷയം അവിടെ ഉപേക്ഷിക്കാൻ ഞങ്ങൾ തലേന്നേ തീരുമാനിച്ചതാണ്. ചോദ്യവും ഉത്തരവുമായതു നീണ്ടാൽ നല്ലൊരു സൗഹൃദം നഷ്ടപ്പെടും. വെറുതെയൊരാളെ മുറിവേൽപ്പിക്കലാവും.

മോഡൽപ്പരീക്ഷയാകാറായിരുന്നു. സ്‌റ്റഡിലീവു കാലത്ത് ലൈബ്രറിയിൽ പലവട്ടം കണ്ടെങ്കിലും, ജീജ എന്റെ മുറിയിലേയ്ക്കു വന്നില്ല. ആവശ്യമില്ലാത്ത ഒരു ഡിറ്റക്റ്റീവ്സമീപനം ആ നല്ല കൂട്ടു നഷ്ടപ്പെടുത്തിക്കളഞ്ഞതിൽ വിഷമം തോന്നി.

റൂമിൽ പല ചൂടു പിടിച്ച ചർച്ചകളും നടന്നു.എന്തിനാവും നമ്മളെയിങ്ങനെ പറ്റിച്ചതെന്ന് ശുദ്ധഗതിക്കാരിയായ രാജിച്ചേച്ചി അരിശപ്പെട്ടു. ആർക്കും ഉത്തരമില്ല. ഇനി ശരിക്കും വീടു വിറ്റുപോയതാവുമോ എന്നു ഞാൻ ചോദിച്ചപ്പോൾ രാജിച്ചേച്ചി പൊട്ടിച്ചിരിച്ചു. "എന്നാൽപ്പിന്നെ മടലു പെറുക്കിയതും ജ്യൂസ് കൊണ്ടുത്തന്നതും പ്രേതങ്ങളായിരിക്കും. കഴിഞ്ഞ 20വർഷമായി ഇവിടെയാണ് താമസമെന്ന് ആ അപ്പാപ്പൻ പറഞ്ഞത് ഷീജ കേട്ടില്ലേ.?"

ഞാൻ കേട്ടിരുന്നു. എല്ലാരും കൂടി പോയി ജീജയെ സമാധാനിപ്പിച്ച് തിരിച്ചു കൊണ്ടുവരാമെന്ന എന്റെ പദ്ധതി അങ്ങനെ പൊളിഞ്ഞു.
ജീജ എന്നെ കാണുമ്പോൾ സ്നേഹപൂർവ്വം മിണ്ടിയിരുന്നെങ്കിലും എന്തോ ഒരകൽച്ച സംഭവിച്ചു കഴിഞ്ഞിരുന്നു. പഠിക്കാൻ മിടുമിടുക്കിയായിരുന്നു. നല്ല മാർക്കോടെയാണു പാസ്സായത്. എനിക്കിന്നും വളരെ പ്രിയപ്പെട്ട സുഹൃത്ത്.

നമുക്കു ചുറ്റുമുള്ള ലോകത്തിലല്ല,നമ്മുടെയുള്ളിലെ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്.നികുതിയടയ്ക്കേണ്ടാത്ത എത്രയെത്ര സന്തോഷങ്ങൾ അവിടെയുണ്ട്! ആ ചെറിയ പ്രായത്തിലേ, ഒറ്റയ്ക്ക്, ധീരമായ, കെട്ടുപാടുകളില്ലാത്ത ഒരു സ്വതന്ത്രജീവിതം അവൾ ഉള്ളിലെങ്കിലും ജീവിച്ചല്ലോ എന്ന് പിൽക്കാലത്ത് ഞാൻ നെടുവീർപ്പോടെയോർത്തു. ഉള്ളിലില്ലാത്തതൊന്നും സൃഷ്ടിക്കാനാവുകയില്ലെന്നും.

ജോലിയിലും ജീവിതത്തിലും പല വിചിത്രമനുഷ്യരെയും പരിചയപ്പെട്ടു. പലതരം കഥകൾ കേൾക്കുകയും അനുഭവിക്കുകയും ചെയ്തു. എന്നിട്ടും സമർത്ഥമായി അന്നവൾ സൃഷ്ടിച്ചു കൈമാറിയ ആ മായാലോകം പരിക്കു പറ്റാതെ ഇന്നും എന്റെയുള്ളിലവശേഷിക്കുന്നു.
അകാരണമായി മഞ്ഞു വന്നു മൂടുന്ന ജനൽച്ചില്ലുകളും, വാർന്നൊഴുകുന്ന ജലഹൃദയമുള്ള താമരക്കുളവും, മുളന്തുഞ്ചുകളിലെ വെള്ളിനക്ഷത്രങ്ങളും.. കറുത്തവാവുള്ള ചില അർദ്ധരാത്രികളിൽ
പാതിയെരിഞ്ഞ ചിതകളിൽ, തലയോടുകൾ നീറിനീറിപ്പൊട്ടിത്തെറിക്കുന്നു. പെരുമഴയത്തും തീവിളക്കു തെളിയുന്നു! നേരിൽ കണ്ടുപോയതൊന്നും ഒരിക്കലും മറക്കുവാനാവുകയില്ല ജീജാ. നീ പറയുമ്പോൾ ഞാനത് ശരിക്കും കാണുകയായിരുന്നു.