ഒരു കാര്യവുമില്ലാതെ മടുപ്പ് ബാധിച്ച് ബാല്‍ക്കണിപ്പൂന്തോട്ടത്തില്‍ താടിക്കു കൈയും കൊടുത്തിരിക്കുമ്പൊഴാണ് എനിക്ക് ആ ഫോണ്‍ വന്നത്. പൂന്തോട്ടമെന്നു പറയാന്‍ വേണ്ടിയൊന്നുമില്ല, നനച്ചില്ലേലും വളരും പരിചരിച്ചില്ലേലും വളരും എന്ന് നെഞ്ചുറപ്പുള്ള നാലഞ്ച് ചെടികള്‍ മാത്രമാണതിലുള്ളത്. ഒരു നീലിച്ചെടി, രണ്ടു മൂന്നരളികള്‍, കടലാസു പൂക്കള്‍. ബാക്കി പുന്നാരക്കാരെല്ലാം അസ്ഥികൂടങ്ങളായി ചട്ടിയിലിരിപ്പുണ്ട്. ഒരു ദിവസം നനയ്ക്കാന്‍ വിട്ടുപോയാല്‍ അവര്‍ക്ക് ചൂടു താങ്ങാന്‍ വയ്യ. കൃത്യമായെന്നും വിട്ടുപോവാതെ നനയ്ക്കാന്‍, ഞാന്‍ വളര്‍ന്നിട്ടുമില്ല. ഞങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ടില്ല. അവരെല്ലാം മീനവെയിലില്‍ച്ചാടി ദേഹത്യാഗം ചെയ്തു.

To advertise here,

മഴക്കാലമായപ്പോള്‍ അനാഥമായ ചട്ടികളുടെ പ്രേതാലയങ്ങളില്‍ മറ്റു ദുരാത്മാക്കള്‍ കേറിക്കൂടി. ഗഗനസഞ്ചാരികളായ പുല്‍വിത്തുകളും അക്രമകാരികളായ തൊട്ടാവാടികളും. നീലപ്പൂക്കളുളള, എത്രയൊഴിപ്പിച്ചാലും ഒഴിഞ്ഞുപോവാത്ത ഒരു കാട്ടുചെടിയും കൂടെക്കൂടി. അവര്‍ക്ക് ആരുടെയും പരിചരണമാവശ്യമില്ല. ശരണാഗതരായവര്‍ ക്രമേണ ഉടമസ്ഥരായി. അവരവര്‍ക്കു തോന്നിയപോലെ എന്റെ ബാല്‍ക്കണിപ്പൂന്തോട്ടത്തെ രൂപപ്പെടുത്തി. അതിപ്പോള്‍ താന്തോന്നികളായ സസ്യലതാദികളുടെ ഒരു സ്വയംഭരണപ്രദേശമായിരിക്കുന്നു. മടിയരുടെ ആദ്യാവേശങ്ങള്‍ക്കു സംഭവിക്കാവുന്ന സ്വാഭാവിക അന്ത്യം.

വിളിച്ചത് സഹപ്രവര്‍ത്തകയായ സുഹൃത്താണ്. 'ഷീജാ നീ വരുന്നോ?' അവള്‍ ആകാംക്ഷയോടെ ചോദിച്ചു. 'ഒരു ചെറിയ ടൂര്‍ പ്രോഗ്രാം.'തീരെ താത്പര്യം തോന്നിയില്ല. ആകെയൊരു മടുപ്പ്, നിസ്സംഗത. ഒന്നും ചെയ്യാന്‍ തോന്നാത്ത ഒരു വല്ലാത്ത അന്തരീക്ഷം. മഴ പെയ്യുമെന്ന് മേഘങ്ങളില്‍ നിന്ന് അശരീരി മുഴങ്ങും മുമ്പേ മുറ്റത്തിറങ്ങി നനയാന്‍ നില്‍ക്കുകയാണ് വിഷാദം.

എന്നാലും വെറുതെ ചോദിച്ചു, 'എങ്ങോട്ടാണ്?'

കൂട്ടുകാരി അല്‍പ്പം മടിയോടെ പറഞ്ഞു. ' ഒരു തീര്‍ത്ഥാടനമാണ്. 'ഞാന്‍ മിണ്ടും മുമ്പേ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. 'നിറയെ മീനുകളുണ്ട് കൂടല്‍മാണിക്യ ക്ഷേത്രക്കുളത്തില്‍. അവിടെ മീനൂട്ട് ഉണ്ട്. മീനുകള്‍ക്ക് നമ്മള്‍ക്ക് ഭക്ഷണം കൊടുക്കാം. വെള്ളത്തില്‍ മുങ്ങിയ അവസാനത്തെ പടിവരെ അവര്‍ ചോറുണ്ണാന്‍ കേറി വരും..'

'എങ്ങനെയെങ്ങനെ?' ഞാന്‍ ഒന്നുണര്‍ന്നു. മീനുകള്‍ നമ്മുടെ കാല്‍ച്ചുവട്ടില്‍ വന്ന് മുഖമുരുമ്മുന്ന കരിങ്കല്‍പ്പടവുകള്‍. കൊള്ളാമല്ലോ. മീനുകള്‍ മുറിവുകളില്‍ വന്നു കൊത്തുന്ന രംഗം മജീദ് മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവനി'ല്‍ സങ്കടത്തോടെ കണ്ടിട്ടുണ്ട്. ക്ഷീണിതനും നിരാശനുമായി വന്നു കയറുന്ന അലിയെന്ന കുട്ടി മീന്‍കുളത്തില്‍ കാല്‍ മുക്കുമ്പോള്‍..

ബാലേട്ടന്റെ ഇഷ്ടപ്പെട്ട ഒരു കവിതയുടെ വരികള്‍ മനസ്സു മൂളി,

'കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ

പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാ പുളിങ്കറി. 'കൂടല്‍മാണിക്യമെന്ന പേരില്‍ത്തന്നെ ഒരു കാവ്യമാണിക്യമിരിപ്പുണ്ട്.

കോളേജിലെ പഴയ സഹപാഠികള്‍ മിക്കവരും ഇപ്പോള്‍ സഹപ്രവര്‍ത്തകരാണ്. വയസ്സാംകാലത്ത് അതില്‍ പ്രിയപ്പെട്ട കുറച്ചുപേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കി. 'ചില്‍ ഗേള്‍സ്' എന്നു പേരുമിട്ടു. വിശേഷങ്ങള്‍ പങ്കുവെച്ചു. പലയിടങ്ങളിലും ഒത്തുകൂടി. ഗേള്‍സായിരുന്ന കാലത്ത് ഒന്നും നടന്നില്ല. ഇനിയിപ്പൊ പറ്റുമ്പോലാവട്ടെ.

എല്ലാരുമൊരുമിച്ച് റിസോര്‍ട്ട് ബുക്ക് ചെയ്ത് ക്രിസ്തുമസും ന്യൂഇയറുമെല്ലാം ആഘോഷിക്കാറുണ്ട്. നീന്തല്‍ക്കുളത്തിലും കാട്ടുചോലയിലും നീന്താറുണ്ട്. അവര്‍ നീന്തും, ഞാന്‍ ആഴമില്ലാത്ത സുതാര്യമായ വെള്ളത്തില്‍ അടിത്തട്ടു നോക്കി നടക്കും, അല്ലെങ്കില്‍ വല്ല കരിമ്പാറയിലും അള്ളിപ്പിടിച്ചിരിക്കും.. എനിക്ക് നീന്തലറിയില്ല. അല്ലറചില്ലറ കാട്ടുപ്രദേശങ്ങളിലൊക്കെ കൂട്ടമായി പോകാറുണ്ട്. മിക്കവാറും എന്റെ കാവ്യയാത്രകള്‍ക്ക് അകമ്പടിയും അലമ്പുമായി ഏതെങ്കിലും ടീമംഗങ്ങള്‍ ഉണ്ടാവാറുണ്ട്. അതിലൊരാളാണ് വിളിക്കുന്നത്.

ക്ഷേത്രയാത്രകള്‍ തത്പരകക്ഷികള്‍ തനിയെയാണ് നിര്‍വ്വഹിച്ചിരുന്നത്. പൊതുവെ എന്നെ വിളിക്കാറില്ല. ഞാന്‍ അങ്ങനെയൊരു വ്യവസ്ഥാപിതഭക്തയല്ല. പക്ഷേ അവള്‍ അതീവഭക്തയാണ്. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേയ്ക്ക് ആവേശപൂര്‍വ്വം സഞ്ചരിക്കുന്നയാള്‍. പുതിയ പുതിയ അമ്പലങ്ങളുടെ പേരു കേള്‍ക്കുമ്പോള്‍ ജിലേബി കണ്ട മധുരപ്രേമിയെപ്പോല്‍ അവളുടെ കണ്ണുകള്‍ തിളങ്ങും. ഗുഹാക്ഷേത്രങ്ങളുടെ ഇരുള്‍സന്നിധികളില്‍ വിളക്കു തെളിയുമ്പോലെ മുഖം പ്രകാശിക്കും.

അത്തരം യാത്രകള്‍ക്ക് സദാസന്നദ്ധരായ ബന്ധുമിത്രാദികളുടെയും സമാനഹൃദയരുടെയും വിപുലമായ സംഘങ്ങളും സന്നാഹങ്ങളും അവള്‍ക്കുണ്ട്.

ഇപ്പോള്‍ എന്നെ വിളിക്കാന്‍ കാരണം.?

കാരണം അവള്‍ സത്യസന്ധമായി പറഞ്ഞു. ഒപ്പം തീര്‍ത്ഥാടനബസ്സില്‍ ടിക്കറ്റ് ബുക്കു ചെയ്ത കക്ഷി അവസാനനിമിഷം മുങ്ങി. ടീമിലെ പലരെയും വിളിച്ചു നോക്കി. ആര്‍ക്കും ഒഴിവില്ല. ഒരാഴ്ചയായി വ്രതമെടുത്തിരുന്നതാണ്. പല പുതിയ നേര്‍ച്ചകളും മനസ്സില്‍ വിചാരിച്ചതാണ്. ഇനി പോവാതെ വയ്യ.

'നീ വാ , നമുക്ക് മീനുകളെ കാണാം' അവള്‍ പ്രലോഭനം തുടര്‍ന്നു.

ഏതായാലും ബോറടിയും വിഷാദവും മടുപ്പും വിഴുങ്ങിയ അന്തരീക്ഷത്തിലാണ് ഇരിപ്പ്. കേട്ടിട്ട് ഒരു ചെറിയ പിക്‌നിക്ക് സെറ്റപ്പുണ്ട്. എവിടേയ്‌ക്കെങ്കിലും ഒന്നു പോയാല്‍ ഒന്നുഷാറായാലോ എന്നൊരു ചിന്ത പെട്ടെന്നു മനസ്സില്‍ വന്നു. ആ ' മീനൂട്ട് ' അതില്‍ വലിയ പങ്കു വഹിച്ചു. ഒരു കുളം നിറയെ കുത്തിമറിയുന്ന അമ്പല മീനുകള്‍ ! അമ്പലക്കാളയെന്നൊക്കെക്കേട്ടിട്ടുണ്ട്. ഇത് പുതിയ ഐറ്റമാണ്. കേട്ടിട്ടുണ്ട്, പക്ഷേ അടുത്തു നിന്ന് കണ്ടിട്ടേയില്ല.

ഭൂമിയിലെ മണല്‍ത്തരികളെക്കാള്‍ കാക്കത്തൊള്ളായിരം കോടി നക്ഷത്രങ്ങളാണ് നമുക്ക് ദൃശ്യമായ അല്‍പ്പപ്രപഞ്ചഭാഗത്തില്‍ പോലുമുള്ളതെന്നു വായിച്ചിട്ടുണ്ട്. നമ്മുടെ എണ്ണക്കണക്കുകള്‍ കൊണ്ടു കൂട്ടിയാല്‍ കൂടുകയില്ല. അനന്തമജ്ഞാതമവര്‍ണ്ണനീയമായ ഈ ലോകത്തിലെ, പ്രവചനാതീതമായ നൈമിഷികജീവിതത്തെപ്പറ്റിയുള്ള ഭയം ആയിരിക്കുമോ മനുഷ്യന്റെ ദൈവസങ്കല്‍പ്പത്തിന്റെ കാതല്‍. തങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍, മാറ്റിയെഴുതാന്‍, കെല്‍പ്പുള്ള ഒരദൃശ്യനുണ്ടെന്നുള്ള സമാധാനം, അദ്ദേഹത്തെ പ്രീതിപ്പെടുത്തിയാല്‍ രക്ഷപ്പെടാമെന്ന പ്രതീക്ഷ. പരോപകാരവും സഹജീവിസ്‌നേഹവും ഒക്കെയായിരുന്നു ഈ സാങ്കല്‍പ്പിക പ്രീതിയുടെ മാനദണ്ഡമെങ്കില്‍ ഭക്തിയാല്‍ ഭൂമി ഒന്നൂടെ മനോഹരമായേനെ. കല്ലുകളുടെ തലവഴി നിലത്തൊഴുക്കുന്ന പാല്‍ക്കടലുകള്‍, പോഷകാഹാരമില്ലാതെ മരണാസന്നരായ കുഞ്ഞുങ്ങളുടെ പാല്‍ക്കുപ്പികള്‍ നിറച്ചേനെ.

ഏതായാലും ഓരോ സ്ഥലവും ഓരോ അനുഭവമാണ്. ഒഴിഞ്ഞ കടപ്പുറമായാലും, മലമുകളിലെ അമ്പലമായാലും, നിശ്ശബ്ദമായ ആശ്രമമായാലും.

എന്നാണ് പോവുന്നത്? ഞാന്‍ ചോദിച്ചു.

'ഇന്നു രാത്രി ഒരു മണിയ്ക്ക്.'

ഇന്നോ?

'അതെ, ഇപ്പോള്‍ 6 മണിയല്ലേ ആയുള്ളു. നീ സാവധാനം റെഡിയായാല്‍ മതി. ഞാന്‍ 12 മണിക്ക് വീടിന്  മുന്നിലെത്തും.'

അരമണിക്കൂര്‍ അപ്പുറമുള്ള പ്രധാനസ്റ്റോപ്പില്‍ നിന്ന് രാത്രി ഒരു മണിക്കാണ് ബസ് പുറപ്പെടുന്നത്. നാളെ രാത്രി 12 മണിക്ക് നമ്മള്‍ തിരിച്ചെത്തും. പിന്നെ സെറ്റപ്പ് ബസ്സൊന്നുമല്ല കേട്ടോ. ഞാന്‍ ലീലച്ചേച്ചിയെ ഏല്‍പ്പിച്ചതാ. അവരുടെ മോന്‍ ഏതോ ഒരു ബസ്സ് ബുക്ക് ചെയ്തു കളഞ്ഞു.' ഒപ്പം കൂടിയ ഭക്ത മുങ്ങിയതിന്റെ കാരണം പിടികിട്ടി. യാത്രാസൗകര്യം പറ്റിയിട്ടില്ല. ഗട്ടറില്‍ച്ചാടി നടുവുളുക്കുന്ന ഭക്തിയൊന്നും മൂപ്പത്തിക്കു താത്പര്യമില്ല.

ഞാന്‍ ബാല്‍ക്കണിയിലെ മഴ ചാറുന്ന സന്ധ്യയില്‍ നിന്നെണീറ്റു. പോകാന്‍ തന്നെ തീരുമാനിച്ചു. തീരുമാനിച്ച സ്ഥിതിക്ക് പിന്നെ എല്ലാം അതിന്റെ രീതിയിലായിക്കോട്ടെ. അലമാരയില്‍ നിന്ന് സെറ്റും മുണ്ടും തപ്പിയെടുത്ത് അയണ്‍ ചെയ്തു. ഒരു മുത്തു ജിമിക്കിയും എടുത്തുവെച്ചു. ഇനി മണിക്കൂറുകള്‍ മാത്രം.

അമ്മ പാതിരാത്രിയില്‍ തീര്‍ഥാടനത്തിനു പോവുന്നു, കുട്ടികള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛനെയറിയിച്ചു. അവരുടെയെല്ലാം പരിഹാസങ്ങളെ അവഗണിച്ച് രാത്രി 12 മണിക്ക് കൂടുംകുടുക്കയുമെടുത്ത് തയ്യാറായി നിന്നു. കൃത്യസമയത്ത് കൂട്ടുകാരിയുടെ കാര്‍ മുറ്റത്തെത്തി. പോവും വഴി ആ പാതിരയ്ക്ക് ഒരു മരണം നടന്ന വീട് ഞങ്ങള്‍ കണ്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ ഉറ്റവരുടെ വണ്ടികള്‍ റോഡില്‍ തടസ്സമുണ്ടാക്കി. അവിടെ നിര്‍ത്തിയപ്പോള്‍ ഒരു പരിചിതമുഖം കണ്ടു. അദ്ദേഹമാണ് വിവരം പറഞ്ഞത്. വഴിയും ഒരുക്കിത്തന്നു.

വെറും മണിക്കൂറുകള്‍ക്കു മുമ്പ് വളരെ അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരന്‍ മരിച്ചുപോയിരിക്കുന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ പെട്ടെന്ന് ഒരു പരവേശം തോന്നി. പിടച്ചെഴുന്നേറ്റ് തലയിണയില്‍ ചാരിയിരുന്നു. വെള്ളം ചോദിച്ചു. ഭാര്യ ഗ്ലാസ്സു നീട്ടുമ്പോഴേയ്ക്കും കണ്ണുകള്‍ പിന്നിലേയ്ക്കു മറിഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിലെപ്പൊഴോ ആള്‍ ഇറങ്ങിപ്പോയിക്കഴിഞ്ഞിരുന്നു. അലറിക്കരച്ചിലുകള്‍ക്കിടയിലൂടെ ഞങ്ങളുടെ വണ്ടി പാടുപെട്ട് മുന്നോട്ടുപോയി.

റോഡിനപ്പുറത്തെ ഗ്രൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഭക്തിബസ്സില്‍ കയറി. ഏറ്റവും സാധാരണക്കാരായ മനുഷ്യരായിരുന്നു ആ ബസ്സില്‍. വീട്ടമ്മമാരും മുത്തശ്ശിമാരും വൃദ്ധദമ്പതിമാരുമൊക്കെച്ചേര്‍ന്ന അസ്സല്‍ ഭക്തിഗ്രൂപ്പ്. ഈ പാതിരാത്രിയില്‍ എവിടെ നിന്നെല്ലാമോ എത്തിപ്പെട്ടിരിക്കുകയാണ് എല്ലാവരും.

ടീം ലീഡറെ കണ്ടപ്പോള്‍ അദ്ഭുതം തോന്നി. നല്ല പ്രായമുള്ള തീരെ മെലിഞ്ഞ ഒരപ്പൂപ്പന്‍. പുരികം കൂടി നരച്ചിരുന്നു. നെറ്റിയില്‍ അണ്ണാന്റെ മുതുകിലെ വര പോലെ ചന്ദനവരകള്‍. നടുക്ക് ശിവന്‍ ത്രിക്കണ്ണു തുറന്നപോലെ ഒരു കുങ്കുമപ്പൊട്ടും. പാടേ നരച്ച തലയില്‍ തോര്‍ത്തു കൊണ്ട് ഒരു വട്ടക്കെട്ടു കെട്ടി ഗുരുസ്വാമി എന്നു വിളിക്കപ്പെട്ട ആ വൃദ്ധന്‍ മുഴുവന്‍ ആള്‍ക്കാരും എത്തിപ്പെടും വരെ അവിടെല്ലാമോടി നടന്നു.

അത്ഭുതത്തോടെ മനസ്സിലാക്കി ആ അപ്പൂപ്പനു പിന്നില്‍ അപ്പൂപ്പന്‍മാരുടെ ഒരു ടീം തന്നെയുണ്ട്, യാത്രയെ നിയന്ത്രിക്കാന്‍.. അവര്‍ ബസ്സിന്റെ ടയറുകള്‍ പരിശോധിക്കുന്നു. യാത്രക്കാരുടെ സുഖവിവരം അന്വേഷിക്കുന്നു. പ്രമേഹത്തിന്റെ മരുന്നു കഴിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു. യാത്രയില്‍ ഛര്‍ദ്ദിക്കുന്നവരെ ചോദിച്ചറിഞ്ഞ് ചെറുനാരങ്ങകള്‍ സമ്മാനിക്കുന്നു. വൃദ്ധരുടെ ഗംഭീര ടീം വര്‍ക്ക്. അവര്‍ നാലഞ്ചുപേര്‍ ചേര്‍ന്ന് കാലങ്ങളായി ഭക്തിയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ടത്രേ.

ഗുരുസ്വാമിയെ സഹസ്വാമിമാര്‍ പലപ്പൊഴും, ലൗകികലോകത്തിലെ നാമമാവണം, ചോയിക്കുട്ട്യേട്ടനെന്ന് വിളിച്ചു. യാത്രികരും സംഘാടകരും പരസ്പരം പേരു വിളിക്കുന്നതും തമാശ പറയുന്നതും കേട്ടപ്പോള്‍ മനസ്സിലായി ഇതു മറ്റൊരു സമാന്തരലോകമാണ്. ഇവരെല്ലാം ഭക്തിപ്രസ്ഥാനത്തിന്റെ സ്ഥിരം മെമ്പര്‍മാരാണ്. മുമ്പും ഒരുമിച്ചു പോയിട്ടുള്ളവരാണ്. ഞങ്ങള്‍ മാത്രം കുറച്ചു പുതുമുഖങ്ങള്‍. ഞങ്ങളെ ഉള്‍ക്കൊള്ളാവാനാവാത്ത പോലെ ചില സ്ത്രീകള്‍ തുറിച്ചു നോക്കി. തമ്മില്‍ എന്തൊക്കെയോ പിറുപിറുത്തു.

യാത്ര തുടങ്ങും മുമ്പേ ഒരനിഷ്ടസംഭവമുണ്ടായി. പിന്‍സീറ്റില്‍ നിന്ന് പെട്ടെന്ന് ഒരട്ടഹാസവും നിലവിളിയും കേട്ടു. എല്ലാരും തിക്കിക്കുത്തിച്ചെന്നു. അയ്യോ ബേബ്യേച്ച്യേ, അമ്മായിയേ, എന്നൊക്കെ ഏതോ സ്ത്രീകള്‍ ആര്‍ത്തുവിളിച്ചു. എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീ അറ്റത്തെ സീറ്റില്‍ കണ്ണും തുറിച്ചിരിക്കുന്നു. എന്തൊക്കെയോ പരാക്രമം, പിന്നെ അനക്കമില്ല. 'വേദന ഇളകിയതാണ്. കഴിഞ്ഞു കാണും 'എന്ന് ഒരു സ്ത്രീ സ്വന്തക്കാരിയോട്  പിറുപിറുക്കുന്നതു കേട്ടു. എന്റെ കൂട്ടുകാരി പരിഭ്രാന്തയായി. താമരമാലയും ഉണ്ണിയപ്പനിവേദ്യവും ശത്രുസംഹാരപൂജയും പിന്നെന്തൊക്കെയോ പുതിയ ഐറ്റങ്ങളുമൊക്കെ നിര്‍വ്വഹിക്കാനുള്ളതാണ്. യാത്ര മുടങ്ങുന്നതോര്‍ത്ത് അവളുടെ ഹൃദയം നുറുങ്ങി.

നോക്കിയപ്പോള്‍ കണ്ണു തുറിച്ചിരിക്കുന്ന കക്ഷിയുടെ മടിയില്‍ പകുതി കടിച്ച ഒരു വലിയ ഏത്തപ്പഴം. പിടിച്ചു കുലുക്കി രണ്ടു തട്ടും കൊടുത്തപ്പോള്‍ ഒന്നു രൂക്ഷമായി നോക്കി. പിന്നെ വെള്ളം വാങ്ങി മടമടാ കുടിച്ചു. ഒരു ചെറിയ പഴക്കഷണം തൊണ്ടയില്‍ കുടുങ്ങിയതാണു പോലും. അതിറങ്ങിപ്പോയെന്ന്. 'ഓക്കല്ലെങ്കിലും ചെറുതു മതി. വല്യ പേടിയാ.. ഇന്നാള് നെയ്യപ്പം വിഴുങ്ങിയപ്പൊഴും ഇതു പോലാരുന്ന്. 'അപ്പുറത്തിരുന്ന് എളേച്ചിയുടെ പുന്നാരം. കുറച്ച് മുമ്പേ നിലവിളിച്ച കക്ഷിയാണ്.

ഏതായാലും ശ്വാസനാളത്തില്‍ കുടുങ്ങിയതല്ല. അതിന് ഇപ്പരാക്രമം പോര. രാവിലെ പ്രാതല്‍ വൈകിയാലോ എന്നാലോചിച്ച് ഇടയ്ക്ക് ഒരു ഏത്തപ്പഴം കഴിക്കാന്‍ തീരുമാനിച്ചതാണ്. കുറച്ച് വലിയ ഒരു കടി കടിച്ചു. ഇറക്കാന്‍ ഒരു പ്രയാസം നേരിട്ടു. അത്രേയുള്ളൂ. യാത്രയില്‍ പലപ്പോഴും ഞാന്‍ ആ ബേബ്യേച്ചിയെ ശ്രദ്ധിച്ചു. ആകെ ഭയന്ന കണ്ണുരുട്ടിച്ചുറ്റും നോക്കുന്ന ഒരു ചേച്ചി. ഭക്ഷണം ഒരു വീക്‌നെസ്സാണ്. പക്ഷേ തൊണ്ടയില്‍ കുടുങ്ങുമെന്ന് ഭയങ്കര പേടിയും. പണ്ടെന്തോ പീപ്പി വിഴുങ്ങിപ്പേടിച്ചതാണ് പോലും. വിചിത്രമായ ഒരവസ്ഥ !

ബസ്സ് പുറപ്പെടുമ്പോള്‍, എല്ലാവര്‍ക്കും മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് മൈക്കിലൂടെ ഒരപ്പൂപ്പന്‍ യാത്രാലക്ഷ്യങ്ങള്‍ വിവരിച്ചു. കൂടല്‍മാണിക്യം മാത്രമൊന്നുമല്ല, ഞാന്‍ പേരു പോലും കേട്ടിട്ടില്ലാത്ത സമീപജില്ലകളിലെ ഏതെല്ലാമോ അമ്പലങ്ങളുടെ ലിസ്റ്റ് കേട്ട് കണ്ണുതള്ളിപ്പോയി. ഭക്തജനങ്ങള്‍ കയ്യടിച്ചു. സുഹൃത്ത് എന്നെയൊന്നു പാളിനോക്കി മന്ദഹസിച്ചു. അതു കഴിഞ്ഞ് എല്ലാരും കൂര്‍ക്കം വലിച്ചുറങ്ങി.

ഘോരമായിരുന്നു എന്റെ അവസ്ഥ. ബസ്സില്‍ കേറി നേരം വെളുക്കും വരെ ഉറക്കമില്ലായിരുന്നു. മറ്റുള്ളവരുടെ ചിന്നംവിളി കേട്ട് കണ്ണു മിഴിച്ചിരുന്നു. പക്ഷേ പുലര്‍ന്നതും ഉറക്കം തുടങ്ങി. പകുതി സമയവും എനിക്കെന്തോ ഉറക്കഭ്രാന്ത് ബാധിച്ച പോലെയായിരുന്നു. മഴയുടെ മയക്കുമരുന്ന് വലിച്ചുകേറ്റി ഞാന്‍ സീറ്റില്‍ ചാരിക്കിടന്നു.

ഏതെല്ലാമോ അമ്പലങ്ങള്‍ക്ക് മുന്നില്‍ ബസ്സു നിന്നു. ഉറക്കം തൂങ്ങിക്കൊണ്ട് കൂട്ടത്തില്‍ നടന്നു. മണിയൊച്ചകളും ശംഖുവിളികളും പൂജാമന്ത്രങ്ങളും എനിക്കു മീതേ കടന്നുപോയി. ഒടുവില്‍ ഒരമ്പലമെത്തിയപ്പോള്‍ സുഹൃത്തു തട്ടിവിളിച്ചു.

'ഷീജാ, ഇതാണു കൂടല്‍മാണിക്യം. 'പുറത്ത് ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. ചെളിവെള്ളത്തിലൂടെ കസവുമുണ്ടിഴച്ചുകൊണ്ട് ഞാനിറങ്ങി.

അമ്പലത്തിലെ കല്‍ത്തറയില്‍ത്തട്ടി പെരുവിരലിന്റെ നഖമല്‍പ്പമടര്‍ന്നു. തിരക്കിന്നൊപ്പം ഒഴുകിപ്പോവുകയായിരുന്നു. ഇരുണ്ട അകത്തളങ്ങളില്‍ ദൈവത്തിനു താമരപ്പൂവും പട്ടും വില്‍ക്കാനിരിക്കുന്നവരുടെ നീട്ടിവിളികള്‍. അനന്തശയനം കാണാന്‍ ഒരു സുഹൃത്തിനൊത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പണ്ട് പോയിട്ടുണ്ട്. ക്യൂ അരിച്ചരിച്ചു നീങ്ങുമ്പോള്‍ ഒറ്റക്കല്ലുകളിലെ കൊത്തുപണികളില്‍ ആനകള്‍ക്കിടയില്‍ ഡ്രാഗണുകളെക്കണ്ടുപിടിച്ചു. ആ വൈകുന്നേരം കുറച്ച് കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റമായിരുന്നു. സംഗീതവും നൃത്തവും പുരാതനശില്‍പ്പകലയും എല്ലാം ചേര്‍ന്ന് ഏതോ ഒരു പഴയ നൂറ്റാണ്ടിലെ രാജകൊട്ടാരത്തില്‍ച്ചെന്നു കേറിയതു പോലുള്ള അനുഭവം. ആ കല്‍ച്ചുമരുകളുടെ പഴങ്കഥകളെല്ലാമറിയാനായെങ്കില്‍ എന്നു തോന്നി.

ശ്രീകോവിലിലെ ഇരുട്ടില്‍ അനന്തന്റെ വാലും തലയും തിരിച്ചറിയാന്‍ കണ്ണു കൂര്‍പ്പിച്ചാലും പാടാണ്. വഴിയില്‍ പ്രത്യേക പൂജകള്‍ക്കായി മനുഷ്യരെ വിളിച്ചുകൂട്ടുന്നവര്‍. അവിടെ പൈസ കൊടുക്കാന്‍ ഇടികൂടുകയാണ് ഭക്തര്‍. ആ ബഹളങ്ങള്‍ക്കിടെ നിഗൂഢമായ ഇരുട്ടില്‍ ഉറ്റുനോക്കി ഇടിയും കൊണ്ട് അതിലൂടെ ഒഴുകിപ്പോയി. ഒരു പിടിയും കിട്ടിയില്ല.

മീനുകളുടെ കടവില്‍ കാല്‍ കുത്താനിടമില്ല. വെള്ളത്തിലേയ്ക്കുള്ള ഓരോ പടിയിലും ജനങ്ങള്‍ തിക്കിത്തിരക്കി. കല്‍പ്പടവില്‍ ഇരിക്കല്‍ പോയിട്ട് നില്‍ക്കല്‍ പോലും ക്ഷണനേരത്തേക്കേ സാധ്യമാവൂ. കുളത്തൂപ്പുഴയിലെ തിരുമക്കളെപ്പോലെ, കാട്ടുചോലയില്‍ സ്വാഭാവികജലത്തില്‍ താമസിക്കുന്നവരല്ല ഇവിടത്തെ മത്സ്യമൂര്‍ത്തികള്‍. വക്കു കെട്ടിയ വലിയൊരു കുളമാണവരുടെ വീട്. പാറക്കെട്ടുകളിലൂടെ തല്ലിപ്പാഞ്ഞു വരുന്ന വെളളത്തിന്റെ ദൃഢഗാത്രത്തോട് ഇവരുടെ ചിറകുകള്‍ മല്ലിട്ടിട്ടില്ല. ജീവിതത്തില്‍ മെയ്യനങ്ങി ഭക്ഷണം തേടിയിട്ടുമില്ല. ബ്രോയിലര്‍ കോഴികളെപ്പോലെ പാവം വളര്‍ത്തുജീവികള്‍.

മീനൂട്ട് എന്ന് ബോര്‍ഡ് വെച്ചിടത്തുനിന്ന് പൈസ കൊടുക്കുമ്പോള്‍ ഒരു ചെറിയ പേപ്പര്‍പ്പൊതി കിട്ടും. അതിലുള്ള ചോറാണ് മീനുകളുടെ ഡയറ്റ്. സകലമനുഷ്യരും അത് വെള്ളത്തിലേയ്ക്കു വലിച്ചെറിയാന്‍ മത്സരിച്ചു. മീനുകള്‍ വെള്ളത്തില്‍ക്കിടന്നു പുളച്ചു. അവയ്ക്ക് ഭക്ഷണം പണ്ടേ മടുത്തു കാണണം.

ഏതെല്ലാമോ അമ്പലങ്ങളില്‍ പോയി. ഇടയ്ക്ക് ഭക്തി കൂടി ചില നടകളില്‍ കാണാതായവരെ നിയുക്ത അപ്പൂപ്പന്‍മാര്‍ തേടിക്കണ്ടുപിടിച്ചു കൊണ്ടുവന്നു. യാത്രയിലെ അവസാനത്തെ അമ്പലവും കണ്ടു തിരിച്ചു കയറുമ്പോള്‍ സമാധാനമായി. ക്ഷീണിച്ചിരുന്നു. ഇനി മടങ്ങുകയാണല്ലോ.

അപ്പോള്‍ ടൂര്‍ കോഡിനേറ്റര്‍ ആയ ഗുരുസ്വാമി ഒരു മൈക്കുമായി ബസ്സില്‍ പ്രവേശിച്ചു. ''എല്ലാ ഭക്തജനങ്ങള്‍ക്കും നമസ്‌കാരം.'വളരെ അപ്രതീക്ഷിതമായി സംഘാടകന്റെ വികാരഭരിതമായ പ്രസംഗം. മൈക്കു പിടിച്ച കൈ സഭാകമ്പത്താല്‍ കിലുകിലെ വിറച്ചു. നരച്ച പുരികം പോലും തുള്ളുന്ന പോലെ. ഇടറിയ ശബ്ദം മുറിഞ്ഞുമുറിഞ്ഞു മൈക്കിലൂടെ പുറത്തു വന്നു. 'നമ്മള്‍ ഇനി മടങ്ങുകയാണ്. ഈ യാത്രയില്‍ നമുക്ക് ഓര്‍മ്മിക്കാന്‍ എന്തെങ്കിലും വേണ്ടേ?അതിന് നിങ്ങളെല്ലാരും സഹകരിക്കണം'

സത്യത്തില്‍ അസ്വസ്ഥത തോന്നി. സമയം 9 മണിയായി. അലച്ചിലും മഴയും ക്ഷീണവും. പകല്‍ മുഴുവന്‍ നടന്നുറങ്ങിയിട്ടും ഇപ്പോള്‍ കിടന്നുറങ്ങാന്‍ തോന്നുന്നുണ്ട്. അമ്പലങ്ങളുടെ കരിങ്കല്‍പ്രദക്ഷിണവഴികള്‍ കുറേ നടന്ന് അമ്മമ്മമാര്‍ പലരും കാല്‍മുട്ടും ഉഴിഞ്ഞിരിപ്പാണ്. വീട്ടിലെത്തുമ്പോള്‍ നേരം വെളുക്കുമെന്ന് ഉറപ്പായി. ഒരു ലീവും പോവും. ഈ ക്ഷീണിതാന്തരീക്ഷത്തില്‍ ന്യൂജെന്‍ പിള്ളേര് ടൂര്‍ബസ്സില്‍ ഡാന്‍സും അന്താക്ഷരിയും കളിക്കാന്‍ ക്ഷണിക്കുമ്പോലെ, ഇദ്ദേഹം എന്തിനുള്ള പുറപ്പാടാണ്?

ഓടുന്ന ബസ്സില്‍ ഒരു കൈ കൊണ്ടു സീറ്റില്‍ മുറുക്കെപ്പിടിച്ച് മറുകൈയില്‍ മൈക്കുമായി നിന്ന് വിറയ്ക്കുകയാണ് ഗുരുസ്വാമി . ഇപ്പോള്‍ ഗുരുസ്വാമി എന്ന പദവിയഴിച്ചു വെച്ച് വെറും ചോയിക്കുട്ട്യേട്ടനായി അദ്ദേഹം ഞങ്ങളെ അഭിമുഖീകരിക്കുകയാണ്. സംഭവം ആദ്യമായാണെന്ന് സഹഭക്തരുടെ അമ്പരപ്പില്‍ നിന്നു മനസ്സിലായി. ഞങ്ങള്‍ ചോയിക്കുട്ട്യേട്ടന്റെ വാക്കുകള്‍ കേട്ടു.

പഴനി, രാമേശ്വരം, ധനുഷ്‌കോടി, ബദരിനാഥ് മുതല്‍ ഹിമാചലിലെ ഹിഡുംബി ക്ഷേത്രം വരെ അദ്ദേഹം പോയിക്കണ്ടിട്ടുണ്ട്. ആ യാത്രകളില്‍ നിന്ന് ഒരു കാര്യം മനസ്സില്‍ത്തോന്നി പോലും. വലിയവര്‍ മാത്രം പൊയ്‌ക്കൊണ്ടിരുന്ന അമ്പലങ്ങള്‍ നമ്മളെപ്പോലുള്ളവര്‍ക്കും കാണണ്ടേ. അങ്ങനെ ചെറിയ ചിലവില്‍ നിവൃത്തിയില്ലാത്ത അമ്മപെങ്ങന്‍മാരെയും നാട്ടുകാരെയും ഇവിടെല്ലാമെത്തിക്കണമെന്ന് തീരുമാനിച്ചു. ചില കൂട്ടുകാരും ഒപ്പം കൂടി. ആദ്യമാദ്യം ടെയിനിലും ജീപ്പിലും എല്ലാം ആള്‍ക്കാരെക്കൂട്ടി യാത്ര നടത്തി. ഇപ്പോള്‍ സൗകര്യം കൂടി.

യാത്രക്കാരെല്ലാം കാതോര്‍ത്തിരുന്നു. എന്റെ ഉറക്കം പോയിരുന്നു. അദ്ദേഹം തുടരുകയാണ്, 'പത്തു മുപ്പതു വര്‍ഷം കഴിഞ്ഞു. ഇനിക്ക് 70 വയസ്സായി. ഇപ്പൊഴും ഇങ്ങനത്തെ യാത്രയില്ലാത്തപ്പോള്‍ കൂലിപ്പണിയ്ക്ക് പോവുന്നു. തെങ്ങിന് തടം തുറക്കാനും വിറകു കൊത്താനുമെല്ലാം പോവും മക്കളെയൊന്നും ആശ്രയിക്കില്ല. എന്നാലും ഇപ്പൊഴെന്തോ വയ്യാതായെന്നൊരു തോന്നല്‍. ഇനിയൊരു യാത്ര കഴിയുമോന്ന് ഒരു സംശയം. അവിടേയ്‌ക്കെത്താന്‍ നേരമായ പോലെ'

മുന്നിലിരുന്ന ഒരമ്മ കണ്ണു തുടച്ചു, 'ങ്ങളങ്ങനെ പറയല്ലേന്നും'. വീടിനു പുറത്തിറങ്ങിയിട്ടില്ലായിരുന്ന ആ സ്ത്രീ ലോകം കണ്ടത് ഗുരുസ്വാമിയുടെ ഭക്തിയാത്രയിലൂടാണത്രേ. തൊഴിലുറപ്പും കൂലിപ്പണിയും അടുക്കളപ്പണിയും ചെയ്തു കിട്ടുന്ന പൈസ കൂട്ടിവെച്ചാണ് മിക്കവരുടെയും യാത്ര.

സ്‌നേഹപൂര്‍വ്വം അവരെ നോക്കി ചോയിക്കുട്ട്യേട്ടന്‍ കണ്ണു തുടച്ചു.

'ഇത് മിക്കവാറും എന്റെ അവസാനയാത്രയാവും. ഒരാഗ്രഹമുണ്ട്. അത് നിങ്ങളെല്ലാം ചേര്‍ന്ന് നടത്തിത്തരണം.'

എന്താണിദ്ദേഹം പറയാന്‍ പോവുന്നത്.?

വളരെ വിചിത്രമാണല്ലോ സംഗതികള്‍ !

'പറ്റുന്നവര്‍ എനിക്കു വേണ്ടി ഒരു വരിയെങ്കിലും പാട്ടു പാടണം. എന്തായാലും മതി. '

പിന്നില്‍ നിന്ന അപ്പൂപ്പന്‍ ഒരു പ്ലാസ്റ്റിക് സഞ്ചി നീട്ടി. അതു വാങ്ങി അതില്‍ നിന്ന് ഒരു സിഗററ്റ് കൂടിന്റെ വലിപ്പമുള്ള മെമന്റോ പുറത്തെടുത്ത് ഉയര്‍ത്തി അദ്ദേഹം പറഞ്ഞു,

'പാടുന്നവര്‍ക്കെല്ലാം എന്റെ വക ഒരു ട്രോഫിയുണ്ട്. ദയവായി എല്ലാരും സഹകരിക്കണം. '

ഞാന്‍ കൂട്ടുകാരിയെ നോക്കി. ചോപ്പും കറുപ്പും വെള്ളയുമൊക്കെയായി നാനാവിധകുറികളാല്‍ പടക്കളംപോലായിരിക്കുന്നു അവളുടെ തിരുനെറ്റി. അപ്രതീക്ഷിതമായി ഭക്തിയാത്ര മറ്റൊരു എന്‍ഡിങ്ങിലേയ്ക്ക് എത്തുകയാണ്.

ഒരു ഭക്തന്‍ മറ്റു ഭക്തരെ വിദൂരക്ഷേത്രദര്‍ശനത്തിനു കൊണ്ടുപോയതില്‍ വലിയ കാര്യമൊന്നുമില്ല. ഭക്തി അങ്ങനെ പല റിസ്‌ക്കുകളും ഏറ്റെടുത്തേയ്ക്കാം. പക്ഷേ ദരിദ്രരും തനിയെ പുറത്തു പോകാന്‍ ലോകമറിയാത്തവരുമായ കുറേ മനുഷ്യരെ അദ്ദേഹം ലോകം കാണിച്ചു കൊടുത്തു. ചോയിക്കുട്ട്യേട്ടനൊപ്പം ധൈര്യത്തോടെ അവര്‍ ഗുരുവായൂരും, മുത്തപ്പന്‍കാവും മാത്രമല്ല മധുരയും മൂകാംബികയും വരെ കണ്ടു. പല നാടുകള്‍, പല മനുഷ്യര്‍, പല രുചികളുമായി പരിചയപ്പെട്ടു. നാട്ടില്‍ കിട്ടുന്ന കയിലും തരിപ്പയുമെല്ലാമാണെങ്കിലും അമ്പലമുറ്റങ്ങളിലെ ചെറിയ കടകളില്‍ നിന്നു വിലപേശി വാങ്ങി ആനന്ദിച്ചു. കുറ്റിമുല്ലത്തൈകളും ജമന്തിച്ചെടികളും വാങ്ങി മുറ്റത്തു കൊണ്ടു നട്ടു. ചില്ലിട്ട ദൈവങ്ങളുടെ പടങ്ങളും ഡബ്ബയിലെ പായസങ്ങളും വാങ്ങി ഉറ്റവര്‍ക്കു സമ്മാനിച്ചു.

ബസ്സില്‍ നിശ്ശബ്ദതയാണ്. ആരും മിണ്ടുന്നില്ല.

'എന്നോട് സ്‌നേഹമുണ്ടെങ്കില്‍... ഒരു വയസ്സന്റെ ആഗ്രഹമാണ്.'ചോയിക്കുട്ട്യേട്ടന്റെ ശബ്ദമിടറി. ഒറ്റയാളും അനങ്ങിയില്ല.

കൂട്ടുകാരി എന്നെ കൈമുട്ടു കൊണ്ടിടിച്ചു.മൈക്കു വാങ്ങാന്‍ കണ്ണു കാണിച്ചു. 'ഞാനോ?' എന്ന് സംശയിച്ചു തീരും മുമ്പേ ആരെല്ലാമോ പ്രോത്സാഹിപ്പിച്ചു. നര വീണ പുരികങ്ങള്‍ക്കടിയിലെ രണ്ടു കണ്ണുകള്‍ എന്നെ പ്രതീക്ഷയോടെ നോക്കുന്നു. അറിയാതെ ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയി. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.

അദ്ദേഹം നിറകണ്ണുകളോടെ മൈക്കു നീട്ടുകയും ഞാനത് വാങ്ങുകയും ചെയ്തു.

പാട്ടു പാടാന്‍ അറിയില്ല. കവിതചൊല്ലല്‍ അതീവഭീകരമാണെങ്കിലും നിവൃത്തിയില്ലാതെ ചൊല്ലാറുണ്ട്. പക്ഷേ ഇത് കവിത ചൊല്ലാനുള്ള സന്ദര്‍ഭമല്ല. നമ്മള്‍ ചൊല്ലുമ്പോള്‍ മറ്റുള്ളവര്‍ തിരിഞ്ഞ് വീട്ടുകാര്യങ്ങള്‍ സംസാരിക്കുന്നയിടങ്ങളില്‍ കവിത അവതരിപ്പിക്കുമ്പോലെ ആത്മനിന്ദ തോന്നിപ്പിക്കുന്ന സാഹചര്യം വേറെയില്ല.

'ഏതെങ്കിലും ഒരു പാട്ട്.'' അദ്ദേഹം ദീനമായാവശ്യപ്പെട്ടു. കവിയുടെ ജാഡാ പടമഴിഞ്ഞു വീണു.

വെള്ളി വീണ ഒച്ചയില്‍ ഒരു കവിതയുടെ ആദ്യവരികള്‍ ഞാന്‍ ആലപിച്ചു. അതില്‍ വേലും മുരുകനും പീലിയുമെല്ലാമുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ബസ്സിലുള്ളവര്‍ എന്റെ അവതാളത്തിനൊപ്പിച്ച് കയ്യടിച്ചു കൊണ്ടിരുന്നു.

ബസ്സ് ഒരു കവിയരങ്ങായി. തുറന്നിട്ട ഗ്ലാസ്സിലൂടെ കാറ്റു മുടിയിഴകളെപ്പറത്തി. പഴയ വീട്ടുമുറ്റത്തേയ്ക്ക് പേരറിയാത്ത ഊരില്‍ നിന്ന് വേദനയെന്ന ദിക്ഷാംദേഹി പാടം മുറിച്ച് കടന്നുവരുന്നു. കാശിക്കു പോവാനിറങ്ങിയതാണെന്ന് പറഞ്ഞത് കള്ളം. ഞാന്‍ കുഞ്ഞുടുപ്പിട്ട് മണ്ണിലിരുന്ന് പൂവിതള്‍ വേവിക്കുകയാണ്. താലവും പീലിയും താഴെയിട്ട്, ഓടി വന്നെന്നെ പിടിച്ചെടുത്ത് , ഭാണ്ഡമെടുത്ത്, ശരം കണക്കാ വേദന പാടം കടന്നുപോയി. ഏതെല്ലാമോ തെരുവുകളില്‍ അത് പഠിപ്പിച്ചു തന്ന ഞാണിന്‍മേല്‍ കളിയുമായി അന്നുമുതല്‍ ഞാനലയുകയാണ് , അനാഥയായി.

'പുമുഖത്തെന്റെ ചില്ലിട്ട ചിത്രം
ആനന്ദമെന്നും തുടച്ചു വെക്കും.
ഞാന്‍ വരും ഞാന്‍ വരുമെന്നു നോക്കി
പാവം നിരന്തരം കാത്തിരിക്കും.'

കവിത ആനന്ദവും വേദനയുമായി എന്നെ കടപുഴക്കി. ഭക്തിഗാനമാണ് പ്രതീക്ഷിച്ചതെങ്കിലും സഹയാത്രികര്‍ ദയാപൂര്‍വ്വം ആ അവിവേകം പൊറുത്തു തന്നു.

ഒളിമ്പിക് മത്സരങ്ങളില്‍ വിജയിയെ മെഡലണിയിക്കാന്‍ വരുന്ന ഉന്നതോദ്യോഗസ്ഥനെ അനുസ്മരിപ്പിച്ച് ചോയിക്കുട്ട്യേട്ടന്‍ ബസ്സിനൊപ്പം ആടിയുലഞ്ഞ് വികാരഭരിതനായി എന്നെ സമീപിച്ചു. വിടര്‍ന്ന കണ്ണുകളോടെ ആദ്യട്രോഫി അഭിമാനപൂര്‍വ്വം ഞാനേറ്റു വാങ്ങി. പിന്നെ ഒരു ബഹളമായിരുന്നു. ആലിലക്കണ്ണനും, പാദബലം താ മുത്തപ്പനും, പാപം മറിച്ചിട്ട പമ്പയുമൊക്കെ ഓരോരോ ട്രോഫികള്‍ കൊണ്ടുപോയി. ട്രോഫി തീര്‍ന്നിട്ടും ഗായകര്‍ ബാക്കി. ഞങ്ങള്‍ മടങ്ങിയെത്തി.

ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചോയിക്കുട്ട്യേട്ടന്‍ എന്റെയടുത്തു വന്നു. എന്തോ പിറുപിറുത്തു കൊണ്ട് തലയില്‍ കൈവെച്ചനുഗ്രഹിച്ചു. പലവിദൂര ദൈവപ്പുരകളുടെ ശ്രീകോവിലുകളില്‍ കൂപ്പിയ, കടുംമണ്ണിനോടു പൊരുതി അനേകം കൈക്കോട്ടുകളുടെ പണിത്തഴമ്പു വീണ വൃദ്ധഹസ്തങ്ങളുടെ ഭാരത്താല്‍ എന്റെ തല കുനിഞ്ഞു.

അങ്ങനെ ഒരു വൈകുന്നേരം വിഷണ്ണയായി ബാല്‍ക്കണിപ്പൂന്തോട്ടത്തില്‍ താടിയ്ക്കു കയ്യും കൊടുത്തിരുന്ന ഞാന്‍ ഒറ്റ ദിവസം കൊണ്ട് സ്‌നേഹത്തിന്റെ പുതുലോകങ്ങള്‍ ചുറ്റി മടങ്ങിവന്നു.