പുതിയ ജീവിതാനുഭവങ്ങള്‍ തന്ന തിരുച്ചിറപ്പള്ളി പിന്നില്‍ മറഞ്ഞു. സുധയും രാജീവും കൈവീശി യാത്രയാക്കുന്ന രംഗം ഇപ്പൊഴും മനസ്സിലുണ്ട്

റോഡിനും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുമപ്പുറം കിടന്നിരമ്പി കൊലപാതകിയായ കടല്‍ ! ലക്ഷങ്ങളെ തല്ലിക്കൊന്ന, ബലിഷ്ഠജലപേശികളെ ഞാന്‍ ഭയത്തോടെ നോക്കി. അലസമായി, ഒന്നുമറിയാത്തപോലെ കിടന്ന് വെയിലു കായുന്നു. തമിഴ്‌നാടിന്റെ ആ തീരപ്രദേശങ്ങളെ സുനാമി തകര്‍ത്തെറിഞ്ഞിരുന്നു. ബോര്‍ഡറിലെത്തുംമുമ്പ് വഴിയോരക്കടയില്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച ഒരു സംഘം ബക്കറ്റുമായി പിരിവിനു വന്നു. കടല്‍ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് സഹായം എന്ന് പ്ലക്കാര്‍ഡുകളില്‍ വലിയ കൈപ്പടയില്‍ എഴുതി വെച്ചിരിക്കുന്നു. കടല്‍ഭൂകമ്പം!
വെറും ദിവസങ്ങള്‍ക്കു മുമ്പു മാത്രം പ്രയോഗത്തിലെത്തിയ പുതിയൊരു വാക്ക്! വെള്ളം പിന്‍വലിഞ്ഞപ്പോള്‍ ചതിയറിയാതെ, നനഞ്ഞ മണലില്‍ ചിതറിക്കിടന്ന കക്കയും ശംഖും ചിപ്പിത്തോടും പെറുക്കാന്‍ ഇറങ്ങിച്ചെന്ന മനുഷ്യരുമുണ്ട്. കടല്‍ അവരെ ആദ്യം പിടിച്ചു വിഴുങ്ങി.
സുനാമിയെന്ന വാക്ക് പക്ഷേ എനിക്ക് മുമ്പേ പരിചിതമായിരുന്നു. ഏഴാം ക്ലാസ്സിലെ റേഡിയന്റ് റീഡറില്‍ ഒരു ജാപ്പനീസ് ഗ്രാമത്തിന്റെ കഥയുണ്ടായിരുന്നു. തീരപ്രദേശത്ത് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ കുട്ടികള്‍ തുള്ളിച്ചാടിക്കൊണ്ട് ആ ജലക്കെണിയിലേയ്‌ക്കോടിക്കയറി. കടലിനു മീതേ അതുവരെക്കാണാത്തൊരു വെളിച്ചം ചുവന്ന വല വീശി.. എല്ലാരും കാഴ്ച കാണാന്‍ വന്നു നിരന്നു. പക്ഷേ ഗ്രാമത്തിലെ ഏറ്റവും മുതിര്‍ന്ന മനുഷ്യന്‍ ജാഗരൂകനായി. ഉടന്‍ എല്ലാവരും അകലെയുള്ള മലമുകളില്‍ അഭയം തേടണമെന്ന് നിര്‍ദ്ദേശിച്ചു. ആളുകള്‍ അമ്പരന്നെങ്കിലും ഗ്രാമമുഖ്യനെ അനുസരിച്ചു. യുവതലമുറ പിറുപിറുത്തുകൊണ്ടിരുന്നു. പക്ഷേ പിറ്റേന്നു രാത്രി മലമുകളില്‍ നിന്ന് അവര്‍ ജലരാക്ഷസന്റെ സംഹാരവരവു കണ്ടു വിറച്ചു. കാല്‍കീഴിലിട്ട് ഒരു ഗ്രാമത്തിന്റെ എല്ലിന്‍കൂട് അത് ചവിട്ടിത്തകര്‍ത്തു.
ട്രിച്ചിയിലേയ്ക്കാണു ഞങ്ങള്‍ പോവുന്നത്. താല്‍ക്കാലികമായായിരിക്കാം, ആ ഇരുണ്ട കാലത്ത്, ഞാനവിടെ ഉപേക്ഷിക്കപ്പെടുകയാണ്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞിരുന്നു. അക്കൊല്ലം സംസ്ഥാനതലത്തില്‍ ബെസ്റ്റ് ഔട്ട്‌ഗോയിങ്ങ് സ്റ്റുഡന്റാണ്. ആ പരിഗണനയില്‍ കേരള ആയുര്‍വേദ ഫാര്‍മസി ട്രെയിനിയായി വിളിച്ചു. പക്ഷേ വേക്കന്‍സിയുള്ളത് തമിഴ്‌നാട്ടിലായിരുന്നു, ട്രിച്ചിയില്‍. ഒന്നും നോക്കാതെ ഞാന്‍ പോകാന്‍ തയ്യാറായി. കാരണമുണ്ട്.
വീട്ടിലംഗീകരിക്കാത്ത പ്രണയത്താല്‍ സര്‍വ്വബന്ധങ്ങളില്‍ നിന്നും ബഹിഷ്‌കൃതയായ സമയം കൂടിയായിരുന്നു അത്. പോരാത്തതിന് ആദ്യശ്രമത്തില്‍ തലനാരിഴയ്ക്ക് പി.ജി എന്‍ട്രന്‍സ് കിട്ടിയുമില്ല. പി.എസ്.സി പരീക്ഷ വരാനാണെങ്കില്‍ വലിയ കാലതാമസമുണ്ടായിരുന്നു. ഇടി വെട്ടിയവനെ പാമ്പു കടിച്ചു. എല്ലാവരും എന്നെ പുകഞ്ഞകൊള്ളിയായിക്കണ്ടു.
പുകഞ്ഞ കൊള്ളിയ്ക്ക് രക്തബന്ധങ്ങള്‍ പോലും ഇല്ലെന്ന് മനസ്സിലാക്കിച്ചു തന്ന കാലം. ആരുടെയും തെറ്റല്ല. ഉറച്ചുനില്‍ക്കാനോ പിന്‍വാങ്ങാനോ തയ്യാറാവാത്ത ചിലന്തിവലപ്രണയത്തില്‍ക്കുടുങ്ങിയ, കല്‍പ്പനാജീവി മറ്റുള്ളവര്‍ക്ക് ഒരു ഭാരമായിരുന്നു. പരാജിതയും തിരസ്‌കൃതയുമായി ഞാന്‍ നാടുവിട്ടു.
ട്രിച്ചിയിലെ തില്ലൈനഗറിലാണ് ക്ലിനിക്. അവിടത്തെ സീനിയര്‍ ഡോക്ടര്‍ ഏര്‍പ്പാടാക്കിയ ഒരു ഹോസ്റ്റലില്‍ എന്നെ നിര്‍ത്തി എല്ലാവരും തിരിച്ചുപോയി. കാവ്യശൂന്യമായ പരുക്കന്‍ജീവിതത്തിലേയ്ക്കു ഞാന്‍ വിറച്ചുവിറച്ചു പ്രവേശിച്ചു. ലിവിങ്ങ് റൂമിലെ ചാരുകസേരയില്‍ക്കിടന്ന് ടിവിയില്‍ തമിഴ് സിനിമ കാണുമ്പോലല്ല, പ്രായോഗികജീവിതത്തില്‍ അതുമായിടപഴകുന്നതെന്ന് വേഗം മനസ്സിലായി. കൊടുന്തമിഴിന്റെ കൊടുവാളേറ്റ് എന്റെ ഭാഷാധമനികള്‍ പിളര്‍ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ആ ഭാഷ പഠിച്ചെടുക്കുമെന്ന എന്റെ അഹങ്കാരം അതിന്റെ കൂര്‍ത്ത വള്ളികളിലും പുള്ളികളിലും കുടുങ്ങി കീറിപ്പറിഞ്ഞു.
ഞാന്‍ ചെല്ലുമ്പോള്‍ ഹോസ്റ്റലില്‍ മൂന്നു കട്ടിലുകളുള്ള ഒരു മുറി മാത്രമേ ഒഴിവുണ്ടായിരുന്നുള്ളു. ഐഎഎസ്സുകാരിയാവുമെന്ന് തീരുമാനിച്ചുറപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയും തൊട്ടടുത്ത നൃത്തവിദ്യാലയത്തിലെ ഒരു ഡാന്‍സറും അവിടെ താമസിക്കുന്നുണ്ട്. പുസ്തകങ്ങളും ഡ്രസ്സുകളുമുള്ള പെട്ടിയും ബാഗും വലിച്ചിഴച്ച് മൂന്നാമംഗമായി ഞാനതിലേയ്ക്ക് പ്രവേശിച്ചു. പ്ലസ് ടു കുട്ടി അതിസുന്ദരിയാണ്. പക്ഷ വെള്ളിയാഴ്ച മാത്രമേ തല കുളിക്കുകയുള്ളു. അന്ന് മുടിയുണക്കിയ ശേഷം ചീകിപ്പിന്നിക്കെട്ടിയിടും. അതു പിന്നെ അടുത്തയാഴ്ചയേ അഴിക്കുകയുള്ളൂ. മറ്റെയാള്‍ കുളിച്ചശേഷമാണ് മുഖത്ത് മഞ്ഞള്‍ തേയ്ക്കുന്നത്.
ഞങ്ങളുടെ മുറിയ്ക്ക് പിന്‍വശത്ത് ഒരു ചെറിയ ബാല്‍ക്കണിയുണ്ട്. അവിടെയിരുന്നാല്‍ പുല്‍മൈതാനത്തിനപ്പുറം കറുകറുത്ത വെള്ളമൊഴുകുന്ന ഒരു പുഴ കാണാം. അല്ല, പുഴയോളം പോന്ന അഴുക്കുചാല്‍. ഏകാകിയായി ബാല്‍ക്കണിയില്‍ നിന്ന വിരഹസന്ധ്യകളില്‍ ആ കാളിന്ദിയുടെ ഇരുകരയിലുമുള്ള വലിയമ രങ്ങളില്‍ കിളികള്‍ കൂടണയുന്നത് ഞാന്‍ കണ്ണീരോടെ നോക്കിനിന്നു. എനിക്ക് കൂടണയാന്‍ ഒരിടവുമുണ്ടായിരുന്നില്ല.
ഹോസ്റ്റലില്‍ നിന്ന് ക്ലിനിക്കിലേയ്ക്ക് അരമണിക്കൂര്‍ ബസ് യാത്രയുണ്ട്. ആദ്യദിവസം പരിഭ്രാന്തിയുടേതായിരുന്നു. തനിച്ചാണ് പോവേണ്ടത്. വഴി പലവട്ടം സ്റ്റാഫും സീനിയര്‍ ഡോക്ടറും പറഞ്ഞു തന്നിട്ടും മനസ്സിലുറച്ചിട്ടില്ല. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചിട്ടും കനകക്കുന്നിലേയ്ക്കുള്ള വഴി പോലും എനിക്കറിയുമായിരുന്നില്ല. അലസസ്വഭാവിയായ എന്റെ കണ്ണില്‍ ഒരു വളവും തിരിവും ചുമരെഴുത്തും പതിയുകയില്ല. വീട്ടുകാരെല്ലാം മടങ്ങിപ്പോയിക്കഴിഞ്ഞ് റൂമിലെ ഇരുമ്പുകട്ടിലില്‍ച്ചാരിയിരുന്നു ഞാന്‍ തേങ്ങിക്കരഞ്ഞു. ഞാനിതെവിടെയാണ്? എന്തെല്ലാമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപരിചിതരായ മനുഷ്യര്‍ക്കിടയില്‍ അജ്ഞാതമായൊരു ദൂരദേശത്തില്‍ തനിയെ എന്തുചെയ്യുകയാണ്? എന്താണ് എന്റെ ഭാവി?
അലിവും അലട്ടലുമായി പ്രണയം എന്നെ കൊന്നുതിന്നു. ചില്ലയും ചെളിയും കൊണ്ട് അണകെട്ടുന്ന ഒരു ബീവറിനെപ്പോലെ നിരാശയുടെ ജലവിതാനമുയര്‍ത്തി അതിനടിയില്‍ ഞാന്‍ തനിയെ താമസിച്ചു. പുറമേ നിശ്ശബ്ദമായ നിസ്സംഗതയായിരുന്നു. പലപ്പൊഴും മരണതുല്യമായ നിസ്സംഗത. അക്കാലത്ത് തരം കിട്ടിയാല്‍ ഞാന്‍ സ്വയം ഉപദ്രവിക്കുമായിരുന്നു. മരണം എന്നെ ഒരേസമയം പ്രലോഭിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. മാരകമായ സ്വപ്നങ്ങളില്‍ അത് പലരൂപം ധരിച്ച് എന്നെ വന്നു തൊട്ടു. ജലഭരിതമായ ശ്വാസകോശങ്ങള്‍ക്കുള്ളില്‍ കടല്‍സസ്യങ്ങളുടെ മുകുളങ്ങളുമായി ഞാന്‍ ഏകാന്തതയുടെ തീരങ്ങളില്‍ ചത്തടിഞ്ഞു. പൊടിപിടിച്ച ഫാനിതളുകള്‍ക്കിടയില്‍ നിന്നു നുഴഞ്ഞിറങ്ങിയ ഒരു കയര്‍ക്കുരുക്കില്‍ കാച്ചില്‍ വള്ളിയുടെ വിത്തു പോല്‍ ഞാന്നുകിടന്നു. പണ്ട് പണ്ട് ഒരു സ്‌കൂള്‍ കുട്ടിയായിരിക്കെ പുതിയ ബ്ലെയ്ഡുകൊണ്ട് ഞരമ്പു മുറിച്ചതിന്റെ അടയാളം കൈത്തണ്ടയില്‍ റിസ്റ്റുവാച്ചിനടിയില്‍ ഒളിപ്പിച്ച രഹസ്യമുദ്രയായി ഇന്നും കൊണ്ടുനടക്കുന്നുണ്ട്. ഞാന്‍ കരയുമ്പോഴെല്ലാം അത് കാലത്തിന്റെ കൂട്ടിത്തുന്നല്‍ കടിച്ചുപൊട്ടിക്കാന്‍ കുതറി. ദുരിതഭരമായിരുന്നു ആ കാലം!
ഹോസ്റ്റലില്‍ പല തരംതിരിവുകളുമുണ്ടായിരുന്നു. ആദ്യദിവസം പ്ലേറ്റുംഗ്ലാസ്സുമായി റൂംമേറ്റ്‌സിനൊപ്പം മെസ്സിലേയ്ക്കു ചെന്നു. ദുര്‍മ്മുഖികളായ രണ്ടു സ്ത്രീകളായിരുന്നു വിളമ്പുകാര്‍. പുതുമുഖമായ എന്നെ അവര്‍ക്കു തീരെ ബോധിച്ചില്ല. തെളിച്ചമില്ലാത്ത മുഖവും ആത്മവിശ്വാസമില്ലായ്മയുടെ ശരീരഭാഷയുമുള്ള ഒരു മന്ദബുദ്ധിയായ അന്യദേശക്കാരി, ഈസീ പ്രേ അഥവാ എളുപ്പമുള്ള ഒരിര.
പൊരിക്കുമ്പോള്‍ അംഗഭംഗം സംഭവിച്ച ഓംലറ്റുകള്‍ മറ്റൊരു പാത്രത്തില്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. ക്യൂവില്‍ നീങ്ങിനീങ്ങി സ്റ്റീല്‍പ്പാത്രവുമായി അഭയാര്‍ത്ഥിയെപ്പോലെ അവര്‍ക്കു മുന്നിലെത്തിയപ്പോള്‍, മാറ്റിവെച്ചതില്‍ നിന്ന് അരികുകള്‍ തകര്‍ന്ന പാതികരിഞ്ഞ ഒരു ഓംലെറ്റ് അവര്‍ എന്റെ പാത്രത്തിലേയ്ക്കിട്ടു. ശുദ്ധമായ മലയാളം-തമിഴ് വേര്‍തിരിവ്. ദേഷ്യമല്ല സങ്കടമാണ് വന്നത്. എല്ലായിടത്തും പരിത്യക്തയാവുന്ന ഒരു സ്ത്രീ. നിറഞ്ഞ കണ്ണുകളോടെ കുനിഞ്ഞ തലയോടെ, ആദ്യമായി നഴ്‌സറി സ്‌കൂളില്‍ ചേര്‍ന്ന കുട്ടിയെപ്പോലെ ഞാന്‍ ബെഞ്ചില്‍ ഒരുമൂലയില്‍ പോയിരുന്നു.
ഒപ്പം വന്നവരെ കാണാനുണ്ടായിരുന്നില്ല. അവര്‍ ആ തമിഴലകളിലെങ്ങോ ഒലിച്ചുപോയി. ഏതോ കണ്ണീര്‍സീരിയലിന്റെ ശബ്ദബഹളവും ഉച്ചത്തിലെ തമിഴ്‌പ്പേച്ചുകളുമായി വന്യമായി ഇരമ്പിക്കൊണ്ടിരുന്ന ആ ലോകം എന്നെ ഭയപ്പെടുത്തി. സ്‌കൂളില്‍ വൈകുന്നേരം ബെല്ലടിക്കുമെന്ന പ്രതീക്ഷയെങ്കിലുമുണ്ട്. ഈ സംഘര്‍ഷാത്മക ജീവിതത്തില്‍ എപ്പോഴാണ് ബെല്ലടിക്കുക? ബെല്ലടിച്ചാല്‍ ഞാന്‍ എങ്ങോട്ടാണിറങ്ങിപ്പോവുക?
തിക്കിത്തിരക്കിനിടയില്‍ പാത്രം കഴുകി ജയില്‍പ്പുള്ളിയെപ്പോലെ മുറിയിലേയ്ക്ക് മടങ്ങുമ്പോള്‍ ഇടനാഴിയില്‍വെച്ച് ഒരു പെണ്‍കുട്ടി എന്റെയൊപ്പം നടന്നു വന്നു. അന്യഗ്രഹ ജീവിയെപ്പോലെ തുറിച്ചു നോക്കുകയല്ല, നേരിട്ടു പരിചയപ്പെടാന്‍ തന്നെ വന്നതാണ്. തമിഴിലെ ചോദ്യങ്ങള്‍ക്ക് അങ്കയിങ്കയെല്ലാം ചേര്‍ത്ത് ഞാന്‍ ശുദ്ധമലയാളത്തില്‍ മറുപടി പറഞ്ഞു. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ പാലക്കാടുകാരിയാണ്. പേര് സുധ. ഇവിടെയൊരു ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നു. വലിയ ആശ്വാസം തോന്നി. ഹോസ്റ്റലില്‍ മലയാളത്തില്‍ സംസാരിക്കാനൊരാള്‍. അവള്‍ വിവരങ്ങളെല്ലാം ചോദിച്ചു.
അപരിചിതഭൂമിയില്‍ ലഭിക്കുന്ന അലിവുള്ള ചിരി ഉറിയില്‍നിന്നു വീണു പാല്‍ക്കുടമുടം ഉടഞ്ഞപോലെയാണ്. അനുസരണയുള്ള പട്ടിക്കുഞ്ഞിനെപ്പോലെ ഹൃദയം അതിനെ നക്കിത്തോര്‍ത്തും. പ്രതീക്ഷയോടെ പിന്തുടരും. ഞാന്‍ സ്‌കൂള്‍വാനില്‍ വരുമായിരുന്ന അലക്‌സ് മാത്യു എന്ന നഴ്‌സറിക്കുട്ടിയെ ഓര്‍ത്തു. പാറക്കല്ലു പടുത്ത മതിലുള്ള പള്ളിയ്ക്കു മുന്നില്‍നിന്ന് സ്‌കൂള്‍ വാനില്‍ക്കയറുമായിരുന്ന എൽകെജിക്കുട്ടി. അത് ആരോടും മിണ്ടുകയില്ല. മറ്റു കുട്ടികള്‍ ഉറക്കെ നിലവിളിക്കുമ്പോള്‍ ശബ്ദമില്ലാതെ പാറ പോലിരുന്നു. പക്ഷേ, കണ്ണുകള്‍ നിറഞ്ഞിരിക്കും. ചുരുണ്ടമുടിയുള്ള ഒരു തടിയന്‍ മനുഷ്യനെ മൈക്രോസൈസാക്കിയ പോലെയിരുന്നു ആ കുട്ടി. എന്തോ അസുഖം കാരണം സ്‌കൂള്‍ തുറന്ന് ഒരാഴ്ച കഴിഞ്ഞാണ് അവന്‍ വരുന്നത്. ഓമനത്തമുള്ള കുഞ്ഞുങ്ങള്‍ക്കു വേഗം രക്ഷകര്‍ത്താക്കളുണ്ടായി കഴിഞ്ഞിരുന്നു. അവരെ ക്ലാസ്സില്‍ കൊണ്ടുചെന്നാക്കാനും ഇന്റര്‍വെല്‍ സമയത്തു കളിപ്പിക്കാന്‍ ചെല്ലാനും ചേട്ടന്‍മാരും ചേച്ചിമാരും മത്സരിച്ചു. പുതിയ സ്‌കൂളില്‍ പുതിയ അന്തരീക്ഷത്തില്‍ അലക്‌സ്മാത്യു പകച്ചുനിന്നു. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ നിലത്തുവീണ ബാഗില്‍നിന്നു ചിതറിയ സാമഗ്രികള്‍, പ്രത്യേക മമത കൊണ്ടല്ല, പാവം തോന്നിയാണ് ഞാന്‍ പെറുക്കി വെച്ചുകൊടുത്തത്. ജീരകവെള്ളമുള്ള വാട്ടര്‍ബോട്ടില്‍ കഴുത്തിലും തൂക്കിക്കൊടുത്തു. ഞാനന്ന് അഞ്ചാം ക്ലാസ്സിലാണ്.
ടാറ്റാ കൊടുത്ത് തിരക്കിട്ട് ക്ലാസ്സിലേയ്ക്കു നടന്നു. വെറുതെയൊന്നു തിരിഞ്ഞു നോക്കി. മൂക്കൊലിപ്പിച്ചു കൊണ്ട് എന്നെ പിന്തുടരുകയാണ് ആ കുട്ടി. എന്തു പറഞ്ഞിട്ടും നിറഞ്ഞ കണ്ണുകളോടെ പിന്നാലെ വരുന്നു. ഫസ്റ്റ്‌ബെല്ലടിച്ചു കഴിഞ്ഞു. ഞാന്‍ പരുങ്ങി. എങ്ങനെയോ ഒരു പ്യൂണ്‍ ചേട്ടനെ അവനെയേല്‍പ്പിച്ച് ഞാന്‍ ക്ലാസ്സിലേയ്‌ക്കോടി. നിറഞ്ഞ കണ്ണുകളോടെ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി ഏങ്ങിക്കൊണ്ട് അത് വളവുതിരിഞ്ഞു പോയി.
അലക്‌സ് മാത്യുവിനെപ്പോലെ ഞാന്‍ സുധയെ അനുഗമിച്ചു. കോണിച്ചുവട്ടില്‍ വച്ചു പിരിയുമ്പോള്‍, നാളെപ്പോവാന്‍ ക്ലിനിക്കിലേയ്ക്കുള്ള വഴിയറിയാമോ എന്ന് സുധ എന്നോടു ചോദിച്ചു സംശയമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ആശുപത്രിയുടെ പേരും ബസ്റ്റോപ്പും മാത്രം ഓര്‍മ്മയുണ്ട്. ബാക്കിയെല്ലാം പുകപടലങ്ങളിലാണ്. 'അന്തപിളൈളയാര്‍ കോവിലുക്ക് സമീപം. എനിക്ക് നാളെ ഉച്ചയ്‌ക്കേ ഡ്യൂട്ടിയുള്ളു.
'ഞാന്‍ കൂടെ വരട്ടെ അവിടെവരെ. ഭാഷയറിയാതെ വഴിതെറ്റിപ്പോവണ്ട. '
അമ്പരപ്പോടെ ഞാനവളെ നോക്കി. ഇതിലും വലിയൊരുപകാരം വേറെയുണ്ടോ?
'വലിയ നന്ദി. '
'എന്തിന്? ഇത്ര ചെറിയ കാര്യത്തിനോ?' അവളെന്റെ കയ്യില്‍ പിടിച്ചമര്‍ത്തി.
പിറ്റേ ദിവസം രാവിലെ ഒരു കോട്ടണ്‍ ചുരിദാറണിഞ്ഞ് മുടി മെടഞ്ഞിട്ട് അവള്‍ റൂമിനു മുന്നില്‍ ഹാജരായി. ആ നാട്ടില്‍ ബസ്സു നിര്‍ത്തലില്ല, സ്പീഡു കുറയ്ക്കലേയുള്ളെന്നു തോന്നി. ആളു കേറും മുമ്പ് അത് പായും. മറിഞ്ഞു വീഴാതെ അവളെന്റെ കയ്യില്‍പ്പിടിച്ചു.
ക്ലിനിക്കിലേയ്ക്കുള്ള വഴി ഓര്‍മ്മിക്കാന്‍ പല അടയാളങ്ങളും അവള്‍ കാണിച്ചുതന്നു. നീട്ടിയ കൈവെള്ളയില്‍ മുയലിനെപ്പോലെ ഒരു നവജാതശിശു മയങ്ങുന്ന ഫെര്‍ട്ടിലിറ്റിസെന്ററിന്റെ പരസ്യം, സ്ഥിരം വളവില്‍ നില്‍ക്കുന്ന ഒരു തേപ്പുപെട്ടിക്കാരന്‍, മഴ പൊഴിയുമ്പോലെ ഓറഞ്ചുപൂക്കള്‍ വര്‍ഷിക്കുന്ന മരമുള്ള ഒരു വീട്. എന്നെ അവിടെയാക്കി സുധ തിരിച്ചു പോയി. ഉച്ച തിരിഞ്ഞ് ഞാനിറങ്ങുമ്പോള്‍ സുധ വിളിച്ചു. വഴി സംശയമുണ്ടോ, ഞാന്‍ വരണോ. എനിക്ക് ഏകദേശധാരണ വന്നിരുന്നു. അടയാളങ്ങളോരോന്നും നോക്കി അവളോടു സംസാരിച്ചുകൊണ്ട് ഞാന്‍ സ്റ്റോപ്പിലെത്തി.
ഹോസ്റ്റലില്‍ച്ചെന്നു കുളിച്ച് വേഷം മാറിക്കഴിഞ്ഞ് ആദ്യം തന്നെ സുധയെ വിളിച്ചു. ഫോണ്‍ ഓഫായിരുന്നു. വിഷമം തോന്നി. ആകെയുള്ളൊരഭയം. പലവട്ടം വിളിച്ചു നോക്കി. ഒരു രക്ഷയുമില്ല. വിഷമം വേവലാതിയായി. അത്രനേരം കൊണ്ട് ആരോ ഉള്ളതു പോലൊരു തോന്നല്‍ വന്നുപോയിരുന്നു. ആരുമില്ലാത്തൊരാള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ചൊരു തണലിടം.!
സുധയുടെ മുറി എവിടെയാണെന്നു പോലുമറിയില്ല. ചോദിക്കാന്‍ പരിചയക്കാരില്ല. ആ വൈകുന്നേരം സങ്കടം പിടിച്ചതായിരുന്നു. രാത്രി മെസ്സിലേയ്ക്കു വിഷണ്ണയായി നടക്കുമ്പോള്‍, ഇരുണ്ട മുറ്റത്തു വെച്ച് ആരോ പിന്നിലൂടെ തോളില്‍ കയ്യിടുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ സുധയാണ്. തുള്ളിച്ചാടാന്‍ തോന്നി. ക്യൂവില്‍ തൊട്ടുപിന്നില്‍ അവള്‍ നിന്നു. അറ്റം കരിഞ്ഞ ചപ്പാത്തി നോക്കി ദുര്‍മ്മുഖി എന്റെ പ്ലേറ്റിലേയ്ക്കിടുമ്പോള്‍ സുധ തടഞ്ഞു. അതല്ല, വേറെ കരിയാത്തത്. അവര്‍ രൂക്ഷമായൊന്നു നോക്കിയെങ്കിലും, ഒന്നും മിണ്ടാതെ അതു തിരിച്ചെടുത്ത് വേറെ തന്നു. സ്വന്തമായി ഗുണ്ടാസംഘമുള്ള മാഫിയാത്തവനെപ്പോലെ ഞാനവരെയൊന്നു നോക്കി.
ഭക്ഷണം കഴിയ്ക്കാനിരിക്കുമ്പോള്‍ സുധയുടെ കൂട്ടുകാരികള്‍ എന്നെ പരിചയപ്പെട്ടു. എല്ലാം പല പ്രായക്കാര്‍. ഉള്ള തമിഴിലും ബാക്കി ഇംഗ്ലീഷിലുമൊക്കെയായി ഞാനവരോടു സംസാരിച്ചു. പതിയെ ഒരു സൗഹൃദസംഘം രൂപപ്പെട്ടു വന്നു. എന്നും മെസ്ഹാളില്‍ അവര്‍ക്കൊപ്പമിരുന്നു ഞാന്‍ ഭക്ഷണം കഴിച്ചു. ആകെ വിഷാദത്തിലകപ്പെട്ടിരുന്ന ഒരു ദിവസം സുധയെന്നോടു വിവാഹത്തെപ്പറ്റി ചോദിച്ചു. അവിടെയുമിവിടെയും തൊടാതെ ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അവള്‍ക്കു മനസ്സിലായി.
''തീരെ മനസ്സമാധാനമില്ലല്ലേ ?'.
മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ആലോചന കൂടും. എന്റെ മുറിയിലേയ്ക്കു വരൂ. ഒരു ചെറിയ പ്രാര്‍ത്ഥനയുണ്ട്. ഒന്നുമില്ല, ബൈബിളിലെ ചില വചനങ്ങള്‍. ഞാനവളെ സൂക്ഷിച്ചു നോക്കി. ക്രിസ്തു എന്റെ സന്തതസഹചാരിയും സുഹൃത്തുമാണ്. പക്ഷേ, ആ സത്യം ഞാന്‍ വെളിപ്പെടുത്തിയില്ല. ദൈവമായ ക്രിസ്തുവിനെ എനിക്കു പരിചയമില്ലായിരുന്നു.
തനിയെ മുറിയില്‍ ചെന്നിരുന്നു സ്വയം പീഡനം അനുഭവിക്കുന്നതിനെക്കാള്‍ അവര്‍ക്കൊപ്പം പോയി നോക്കാമെന്നു തോന്നി. അവിടെന്തു നടക്കുന്നു എന്നറിയാന്‍ നേരിയ ഒരാകാംക്ഷ. ആ മുറിയില്‍ മങ്ങിയ വെളിച്ചത്തില്‍
നാലഞ്ചു തമിഴ്‌പെണ്‍കുട്ടികള്‍ കട്ടിലില്‍ വട്ടമിട്ടിരുന്നു. ഒരാള്‍ തുന്നല്‍ക്കടയിലും ഒരാള്‍ ടെക്‌സ്‌റ്റൈല്‍സ് കടയിലും ജോലി ചെയ്യുന്നു, മറ്റുള്ളവര്‍ വിദ്യാര്‍ഥികള്‍. മെസ്സില്‍ കണ്ട ചില മുഖങ്ങളുമുണ്ടായിരുന്നു. ഇതുവരെയില്ലാത്ത ഒരു സൗഹൃദവും സ്‌നേഹഭാവവും അന്തരീക്ഷത്തില്‍. നിറയെ ബന്ധുക്കളുള്ള പോലെ തോന്നി. തിരുഹൃദയത്തിന്റെ ചിത്രമുള്ള ഒരു പുസ്തകവുമായി സുധ ഇടയ്ക്കു വന്നിരുന്നു. പിന്നെ തമിഴരസി എന്നൊരു പെണ്‍കുട്ടി അവളുടെ എന്തെല്ലാമോ വിഷമം പറഞ്ഞു തേങ്ങിക്കരഞ്ഞു. കാതലിച്ചതും തമ്മിലടിച്ചു പിരിഞ്ചതും മനസ്സിലായി. പിന്നെ നടന്നത് കൂട്ടപ്രാര്‍ഥനയാണ്. ഒരേ ഈണത്തില്‍ ബൈബിള്‍ വചനങ്ങളുരുവിട്ടുകൊണ്ട് അവര്‍ ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി. കണ്ണുകളടച്ച് ഉറക്കെയുറക്കെ പ്രാര്‍ഥിച്ചു. പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. തമിഴരസിയുടെ പേര് പറഞ്ഞു തന്നെയാണ് പ്രാര്‍ഥന. ചതിച്ചവന്റെ കാര്യം പോക്കു തന്നെ. അവന്റെ മനസ്സു മാറാനാണ് പ്രാര്‍ഥന. എന്തിനാ മനസ്സു മാറുന്നത്, മോന്തയ്‌ക്കൊന്നു കൊടുക്കുകയല്ലേ വേണ്ടത്. സുധ പറഞ്ഞു അവള്‍ക്കു ഗര്‍ഭമുണ്ട്. മൂന്നു മാസം. പൊന്നുകര്‍ത്താവേ, എന്തെല്ലാം സങ്കീര്‍ണമായ പ്രശ്‌നങ്ങളിലാണ് അവിടുത്തേയ്ക്കിടപെടേണ്ടി വരുന്നത്. എനിക്ക് അവരുടെ ഭാഷയറിയില്ല. ഞാന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ സുധയോടു പറഞ്ഞു'ഇനി എന്നെ വിളിക്കരുത്, പഠിക്കാനുണ്ട്. 'സുധയെ എനിക്കിഷ്ടമാണ്, യുക്തിയെ അതിജീവിക്കുന്ന ഭക്തിയില്‍ താത്പര്യമില്ല. പക്ഷേ ഒരുകാര്യം ഞാന്‍ മനസ്സിലാക്കി, അവിടെ സങ്കടങ്ങള്‍ പങ്കുവെക്കപ്പെടുന്നുണ്ട്. മനുഷ്യര്‍ സ്വന്തം സങ്കടങ്ങളെ അനായാസം പുറത്തേയ്ക്കാഴുക്കുന്നുണ്ട്. ആത്മഹത്യയില്‍ നിന്ന് തമിഴരസിയെ അവര്‍ താല്‍ക്കാലികമായെങ്കിലും രക്ഷിച്ചിട്ടുണ്ട്.
അടുത്ത ദിവസം രാത്രിഭക്ഷണം കഴിഞ്ഞ് ബാല്‍ക്കണിയില്‍ കാളിന്ദിയ്ക്കു മുകളില്‍ മിന്നിയ താരകാപുരി നോക്കിയിരിക്കുമ്പോള്‍ സുധ മുറിയിലേയ്ക്കു വന്നു. തണുത്ത കാറ്റില്‍ മുടിയിഴകള്‍ മുഖത്തു പാറി വീഴുന്നു. ഒരു കസേര പിടിച്ചിട്ട് അവള്‍ എനിക്കരികില്‍ ഇരുന്നു. പാലക്കാടേതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കഥ ഞാന്‍ കേട്ടു. കോളേജില്‍ വെച്ച് ഒരു ക്രിസ്ത്യാനിയെ ഇഷ്ടപ്പെട്ടു. പിന്നെ ബൈബിള്‍വായനയായി. പ്രണയം തകര്‍ന്നു, പക്ഷേ യേശു വിട്ടുപിരിഞ്ഞില്ല. ഏതോ ഒരു സംഘടനയുമായി അവള്‍ തന്നെയാണ് ബന്ധപ്പെട്ടത്. വീടുവിട്ടിറങ്ങിപ്പോന്നു. ഒരു വലിയ വിശ്വാസിസംഘത്തിലെ സജീവാംഗമാണ് അവളിപ്പോള്‍. അവര്‍ നിര്‍ദ്ദേശിക്കുമ്പോലെ പ്രവര്‍ത്തിക്കുന്നു.എല്ലാവര്‍ക്കും യേശുവിലൂടെ പരലോകസൗഖ്യം നല്‍കലാണു ജീവിതലക്ഷ്യം.
'നാട്ടില്‍ പോയി അച്ഛനമ്മമാരെക്കാണണ്ടേ? 'ഞാന്‍ ചോദിച്ചു. കാറ്റത്തു പാറിയ ശിരോവസ്ത്രം അവള്‍ മുറുക്കെപ്പിടിച്ചു. തണുത്ത വിരലുകള്‍ എന്റെ കൈത്തണ്ടിലമര്‍ന്നു. യേശുവിനായി മാത്രമാണ് ഇനിയുള്ള ജീവിതം. മരിച്ചാലും അതിനു മാറ്റമില്ല. എന്നെ വെറുക്കരുത്. ഷീജയോട് ഒരനിയത്തിയെപ്പോലെ ഇഷ്ടമാണ്. പാവം തോന്നി. സുധയെന്നെ സ്‌നേഹത്താല്‍ സ്വാധീനിച്ചിട്ടുണ്ട്. ആ സൗഹൃദം എനിക്കു വളരെ വിലപ്പെട്ടതാണ്. ഇഷ്ടപ്പെടാന്‍ എനിക്കും അധികംപേരില്ലല്ലോ.
അവര്‍ പിന്നീടെന്നെ സമീപിച്ചില്ല. പക്ഷേ, പ്രാര്‍ഥനാസംഘത്തിനു രഹസ്യവേരുകളുണ്ടെന്ന് എനിക്കു മനസ്സിലായി. അതീവഗോപ്യമായാണ് സംഗതി സംഘടിപ്പിക്കപ്പെട്ടിരുന്നത്. ഓരോ ദിവസം ഓരോ മുറികളില്‍. അവര്‍ പലപലയിടങ്ങളില്‍ ഒത്തുകൂടുന്നുണ്ട്.
ഒരു ദിവസം സുധ മുറിയിലേയ്‌ക്കോടി വന്നു. ഷീജാ, അന്നത്തെ നമ്മുടെ പ്രാര്‍ഥന ഫലിച്ചു. അഴകേശന്‍ തമിഴരസിയെ കെട്ടാന്‍ പോവുന്നു. എനിക്കു കലി വന്നു. ആ കഴുതയെ ഇനിയും പ്രേമിക്കാന്‍ പോവുകയാണോ ആ വട്ടുപെണ്ണ്. നന്ദി പറയാന്‍ തമിഴരസി എന്റെ മുറിയിലും വന്നു. എണ്ണമയമുളള ഒരു സൂര്യന്‍ അവളുടെ മുഖത്ത് മഞ്ഞള്‍പ്രകാശം തെളിച്ചു. ഞാന്‍ മിട്ടായി വാങ്ങി. ഒരു ഗുണ്ടയെ കെട്ടാന്‍ പോവുകയാണ്. അവള്‍ക്കു നല്ലതു വരട്ടെ.
ഒരാഴ്ചയോളം കാണാഞ്ഞപ്പോള്‍ ഒരിക്കല്‍ ഞാന്‍ സുധയെ അന്വേഷിച്ചു ചെന്നു. വൈറല്‍ഫീവര്‍ വന്ന് കിടപ്പാണ്. ആകെ അവശയായിരിക്കുന്നു. പ്രാര്‍ഥനാ ക്ലാസ്സുകളെല്ലാം മുടങ്ങിപ്പോയി. അവളുടെ കണ്ണുകളില്‍ കുറ്റബോധം നിഴലിച്ചു.
'എനിക്കുവേണ്ടി ഒരുപകാരം ചെയ്യുമോ?' അവള്‍ ദയനീയമായി ചോദിച്ചു. പ്രാര്‍ഥനയൊന്നുമല്ല. ഒരിംഗ്‌ളീഷ് മോട്ടിവേഷന്‍ ബുക്കിലെ അധ്യായം ഒന്നു വിവരിച്ചുകൊടുക്കണം അനുയായികള്‍ക്കായി. അവള്‍ക്കു തൊണ്ടവേദനയാണ്. പറ്റില്ലെന്നു പറയാനായില്ല. വെറുതെ ബോറടിച്ചിരിക്കുമ്പോള്‍ ഒരു ചെയ്ഞ്ചുമായി. പ്യൂപ്പയില്‍ നിന്നു പൂമ്പാറ്റയാവാന്‍ അനുഭവിക്കേണ്ട സമ്മര്‍ദങ്ങളെപ്പറ്റിയാണ്. അടക്കം ചെയ്ത ഇരുള്‍ഗുഹയില്‍ നിന്ന് സ്വയം തിക്കിക്കുത്തി പുറത്തുവന്നാലേ അതിന്റെ ചിറക് വിടരൂ. അതുപോലെയാണ് ജീവിതത്തിലെ പരീക്ഷണങ്ങളും എന്ന് സാരം. നാലഞ്ചു വരിയേയുള്ളു. തമിഴ് തീരെ വഴങ്ങി തന്നില്ല. ഇംഗ്ലീഷും മലയാളവും തമിഴ്ച്ചുവയില്‍ പുറപ്പെട്ടു. പക്ഷേ എന്തെല്ലാമോ മനസ്സിലായ പോലെ അവരെല്ലാം എന്നെത്തന്നെ ഭക്തിപൂര്‍വ്വം നോക്കിയിരുന്നു. പലരും കണ്ണുതുടച്ചു. സുധയുടെ സന്തതസഹചാരിയായിരുന്ന അമുദ എന്നെ കെട്ടിപ്പിടിച്ചു. 'ഉങ്കളുക്കുള്‍ കടവുള്‍ ഇരിക്കിറാറ്'. ഇരുട്ടുഗുഹയിലൂടെ അരിച്ചരിച്ച് വിടരുകയായിരിക്കും ഒരു പക്ഷേ ഞാനും. ദൈവമല്ല അനുഭവമാണ് സംസാരിച്ചതെന്ന് അവര്‍ക്കറിയുകയില്ല. പുസ്തകം തിരിച്ചേല്‍പ്പിച്ചു, ഞാന്‍ മുറിയിലേയ്ക്കു പോയി.
ഇനിയൊരിക്കലും ബുദ്ധിമുട്ടിക്കില്ലെന്ന് തലയില്‍ തൊട്ട് സത്യം ചെയ്ത് സുധ വീണ്ടും എന്നോടൊരു സഹായം ചോദിച്ചു. വലിയൊരു യുവജനസംഗമം നടക്കുകയാണ്,അവരുടെ സംഘടനയുടെ വകയായി. പരമാവധി ആള്‍ക്കാരെ പങ്കെടുപ്പിക്കണം. സുധയുടെ ടാര്‍ഗറ്റ് തികയാന്‍ രണ്ടു പേര്‍ കൂടി വേണം. എന്റെ മുറിയിലെ ഭാവി IAS വരും, ഞാന്‍ കൂടിയുണ്ടെങ്കില്‍. ഒന്നു സഹകരിക്ക് ഷീജ, എന്നോടു സ്‌നേഹമുണ്ടെങ്കില്‍. ഒരു പിക്‌നിക് പോവുമ്പോലെ വിചാരിച്ചാല്‍ മതി. നമ്മുടെ കൂട്ടുകാരെല്ലാമുണ്ട്., ഞാന്‍ പകച്ചു പോയി
'അവിടെ വന്നിട്ട് ഞാനെന്തു ചെയ്യാന്‍ !'
ഒന്നും വേണ്ട. അവിടെ ക്രിസ്തീയഭക്തിഗാനങ്ങളുടെ ആലാപനം മാത്രമാണ്. നല്ല പാട്ടുകാരുണ്ടാവും. ഡാന്‍സുണ്ടാവും. ഗംഭീരപരിപാടിയാണ്. ഞായറാഴ്ച ഇവിടെയിരുന്നു ബോറടിക്കുന്നതിനു പകരം അവിടെ വന്നിരുന്നു പാട്ടു കേട്ടൂടെ. എനിക്കതു വലിയ സഹായമാവും, പ്ലീസ്. അവള്‍ എന്റെ കയ്യില്‍പ്പിടിച്ചു. സമ്മതിക്കേണ്ടി വന്നു. നോ പറയാന്‍ പഠിക്കായ്കയാല്‍ ഇഷ്ടമില്ലാത്ത പലയിടത്തും ഞാന്‍ ചെന്നുപെട്ടിട്ടുണ്ട്.
വരാമെന്നേറ്റ എന്റെ റൂംമേറ്റ് വിശ്വാസിയല്ല; വളരെ പ്രായോഗികമതിയായിരുന്നു. വെറുതെ ഒരു രസം, കുറേ ആള്‍ക്കാരെ കാണാമല്ലോ.. വെള്ളയില്‍ നീലപ്പൂവുള്ള ഒരു സ്‌കാര്‍ഫ് തലയിലിട്ട് പനിനീര്‍പ്പൂ പോലെ മനോഹരിയായി അവള്‍ പുറപ്പെട്ടു. രണ്ടാമത്തെ റൂംമേറ്റ് ഡാന്‍സര്‍ മുത്തുലക്ഷ്മി ഞങ്ങളെ കളിയാക്കി. ആ ഞായറാഴ്ച രാവിലെ മുറ്റത്ത് സംഘം മുഴുവന്‍ അണിനിരന്നു. യേശുവിനെ കുരിശില്‍ നിന്നിറക്കാന്‍ ഗാഗുല്‍ത്താമല കീഴടക്കാന്‍ പോവുന്ന മട്ട്. ഞങ്ങള്‍ ഒരു ബസ്സില്‍ കയറി. ഒരു പിക്‌നിക് പോവുന്ന മൂഡാണ് പകുതിപ്പേര്‍ക്കും. തമിഴ്‌നാടിന്റെ ഏതോ ഉള്‍വഴികളിലൂടെ ബസ്സ് സഞ്ചരിച്ചു. ഒരു ജംഗ്ഷനിലിറങ്ങി. കുറച്ചു നടന്നു. അലങ്കരിച്ച ഹാളില്‍ എത്തിച്ചേര്‍ന്നു.
വെള്ളഫ്രോക്കിട്ട കുഞ്ഞുങ്ങള്‍, മാലാഖമാരെപ്പോലെ റോസാമൊട്ടുകളുമായി നിരന്നു നിന്നു. മൊത്തം പാശ്ചാത്യസ്‌റ്റൈല്‍. ഓര്‍ക്കിഡ് പൂക്കളും കരിമ്പച്ചയിലകളും കൊണ്ട് അലങ്കരിച്ച വേദി. ഗിത്താറും കീബോഡും മറ്റ് സംഗീതോപകരണങ്ങളുമെല്ലാം സെറ്റ് ചെയ്യുന്നു. ഒരു തുടുത്ത മുഖമുള്ള മനുഷ്യന്‍ സ്റ്റേജിനു നടുവിലേയ്ക്ക് വന്നു. ജോസഫ് സാര്‍, ഞങ്ങളുടെ ടീം ലീഡറാണ്, സുധ മന്ത്രിച്ചു. കരുണ വഴിഞ്ഞൊഴുകുന്ന മിഴികളുമായി അദ്ദേഹം ഞങ്ങളെ അഭിമുഖീകരിച്ചു. അതിമൃദുലമായി വാക്കുകളടര്‍ന്നു വീണു.
'എനക്ക് ഒരുവരെ തെരിയും. എത്തന പേര് ഒങ്കളെ ഏമാത്തിനാലും അന്ത ചെല്ലൊ അപ്പടിയേ മാര്‍വ്വോടണയ്ക്കും.'
ക്രിസ്ത്യന്‍ സ്‌കൂളില്‍ പഠിച്ചതു കൊണ്ടുതന്നെ സുവിശേഷപ്രസംഗം എനിക്കു പുതിയതായിരുന്നില്ല. ഇംഗ്ലീഷിലും മലയാളത്തിലും കേട്ടിട്ടുണ്ട്. ചെന്തമിഴില്‍ ആദ്യമായാണ്. ഞാന്‍ വാ പൊളിച്ചു നിന്നു. ഭാവി IAS ഇംഗ്ലീഷില്‍ ഒന്നു വിശദീകരിച്ചു തന്നു. എത്ര പേര് നമ്മളെ പറ്റിച്ചാലും ഒരാള്‍ നമ്മള്‍ക്കൊപ്പമുണ്ടാവും. അങ്ങനൊരാളെ അങ്ങേര്‍ക്കറിയാമെന്ന്.
ഓ! ഞാന്‍ തലകുലുക്കി.
പിന്നെ അയാള്‍ can u feel him? എന്നു ജനക്കൂട്ടത്തോട് വിളിച്ചു ചോദിച്ചു. ' അവരിങ്ക ഇര്ക്കാ..?'
ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു , 'ആമാ'
പിന്നെ, അതിഗംഭീരമായ പാട്ടുകളാണ് അരങ്ങേറിയത്. ഹൃദയത്തില്‍ തട്ടുന്ന വരികള്‍. മനോഹരമായ ആലാപനം.
ഓരോ പാട്ടും കഴിഞ്ഞ് യുവാക്കളും യുവതികളും വിളിച്ചു ചോദിക്കും, 'അവരിങ്ക ഇരിക്കാ.. ? Sway your hands if u see him.'
അദ്ദേഹത്തെ കണ്ടെങ്കില്‍ കൈ വീശൂ. ജനക്കൂട്ടം മുഴുവന്‍ കൈ വീശുകയാണ്. സുധ എന്നെ നോക്കി. ഞാന്‍ അറിയാതെ കൈയുയര്‍ത്തി വീശി. സുധ ആശ്വാസത്തോടെയും സ്‌നേഹത്തോടെയും പുഞ്ചിരി പൊഴിച്ചു. ഗാനമേള കഴിഞ്ഞ് ഞങ്ങള്‍ ആഘോഷപൂര്‍വ്വം ചിരിച്ചു കളിച്ചു മടങ്ങി.
ഒരിക്കല്‍ അമുദ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ മുറിയിലേയ്ക്കു വന്നു. വലിയൊരു പ്രശ്‌നത്തിലാണ്. പരമാവധി പേര്‍ പ്രാര്‍ഥിച്ചാല്‍ നടക്കും. 'അക്കാ നീങ്കളും' ഞാനമ്പരന്നു പോയി. ഇതൊരു ഊരാക്കുടുക്കായല്ലോ. എന്നാലും ആ പൊട്ടിക്കരച്ചിലില്‍ അലിഞ്ഞ് കയ്യിലിരുന്ന പുസ്തകമടച്ചു വെച്ച് ഒന്നും ചോദിക്കാതെ അവളെ അനുഗമിച്ചു.
സുധയുടെ മുറിയില്‍ കുറേപ്പേരുണ്ടായിരുന്നു. എല്ലാ മുഖങ്ങളും മ്ലാനമാണ്. അമുദയുടെ കുഞ്ഞനിയത്തിയ്ക്ക് ഒരപകടം സംഭവിച്ചിരിക്കുന്നു. ഓട്ടോയില്‍ നിന്നു തെറിച്ചുവീണ് തലയടിച്ച് അബോധാവസ്ഥയിലാണ്. അമുദയ്ക്ക് 16 തികഞ്ഞപ്പൊഴാണ് അനിയത്തി ജനിച്ചത്. 'നാനവളുക്ക് അമ്മാ..'അയ്യോ! അവളില്ലാമ നാനും വാഴ വേണ്ടാ.'.അമുദ ഏങ്ങലടിച്ചു.
സുധ അവളെ കെട്ടിപ്പിടിച്ചു. ദൈവത്തില്‍ വിശ്വസിക്കൂ. ഒന്നും സംഭവിക്കുകയില്ല. ഞാന്‍ സുധയെ തുറിച്ചു നോക്കി. കണ്ണു കൊണ്ടു തടഞ്ഞു. സമാധാനിപ്പിക്കുന്നെതൊക്കെ ശരി, ഇല്ലാത്ത പ്രതീക്ഷ കൊടുക്കുന്നത് മാരകമാണ്. അമുദ തന്ന റിപ്പോര്‍ട്ടുകള്‍ എന്റെ കയ്യിലുണ്ടായിരുന്നു. കരിങ്കല്ലിലടിച്ച് സ്ഥാനത്തു നിന്നിളകിയ തലച്ചോറുമായി അപസ്മാരം ഭൂമികുലുക്കം പോലിളക്കിമറിയ്ക്കുന്ന ഉടലുമായി കിടക്കുകയാണ് ആ നാലുവയസ്സുകാരി.
സുധ എന്റെ വിലക്കുന്ന കണ്ണുകളെ അവഗണിച്ചു. മാതാവിനെപ്പോലെ ശാന്തമായി പുഞ്ചിരിച്ചു. കണ്ണുകളടച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി. ഏതോ വിശുദ്ധയുടെ മുന്നിലെന്നോണം അമുദ ഭക്തിപരവശയായി നിന്നു. തിരിച്ചു വരാനാകാത്ത വിധം മരണം പാതി വിഴുങ്ങിയ ഒരുവള്‍ക്കായി ആ ഇരുണ്ട മുറി കഠിനമായി പ്രാര്‍ഥിച്ചു. അവിടെ ഞാനൊഴികെ ഒരു സംശയാലുവും ഉണ്ടായിരുന്നില്ല. 'എതുവും ആഹാത്.. പാപ്പാ നന്റാക ഇരുക്കും.' തുടര്‍ന്ന് ഏതെല്ലാമോ പള്ളികളിലെ നേര്‍ച്ചകള്‍ അവള്‍ക്കു പറഞ്ഞു കൊടുത്തു. സുധ ടാര്‍ഗറ്റ് തികയ്ക്കുകയാണോ? അതൊന്നും വേണ്ട ഞാനിടപെട്ടു. ചികിത്സയിലാണല്ലോ. നമുക്കു നല്ലതു പ്രതീക്ഷിക്കാം. അമുദ ദേഷ്യത്തോടെ എന്നെ നോക്കി. പാപ്പാവുക്കു വേണ്ടി എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
രണ്ടുദിവസം കഴിഞ്ഞ് പിജി എന്‍ട്രന്‍സ് നോട്ടിഫിക്കേഷന്‍ വന്ന വിവരം നാട്ടില്‍ നിന്നു വിളിച്ചുപറഞ്ഞു. ആറു മാസം നീണ്ട തമിഴ്‌നാട്ടിലെ സേവനമവസാനിപ്പിച്ച് മടങ്ങിപ്പോവാന്‍ ഞാന്‍ ഒറ്റയടിക്കു തീരുമാനിച്ചു. ജോലി കഴിഞ്ഞു കിട്ടിയ സമയത്തെല്ലാം കഴിയും വിധം വായിച്ചിരുന്നു. ഇനി മുഴുവന്‍ സമയപഠനം മാത്രം. വിവരം പറയാന്‍ സുധയുടെ മുറിയില്‍ ചെന്നു. കതകില്‍ മുട്ടിയപ്പോള്‍, ഒരു പാളി മാത്രം തുറന്ന് സംശയത്തോടെ ശെല്‍വി എത്തി നോക്കി. എന്നെക്കണ്ടതും സമാധാനത്തോടെ പിടിച്ചകത്തു കയറ്റി. അകത്ത് എല്ലാരുമുണ്ടായിരുന്നു. 'പരിപാടികള്‍ നടക്കട്ടെ. ഒരു കാര്യം പറഞ്ഞിട്ടു പോവാം. 'ഞാന്‍ ഇരുന്നില്ല.
'എന്തായിത്ര തിരക്ക് ? ഇവിടൊന്നിരിക്കു, ഷീജാ .'സുധയെന്നെ ബലമായി പിടിച്ചിരുത്തി. എല്ലാ മുഖങ്ങളും വാടിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ കതകില്‍ വീണ്ടും മുട്ടു കേട്ടു. അവര്‍ പരിഭ്രമിച്ചു.
കുറ്റിയെടുത്തതും കൊടുങ്കാറ്റു പോലെ കതകു തള്ളിത്തുറന്ന് അമുദ അകത്തേയ്ക്കു പാഞ്ഞുകയറി. ചിലമ്പുമായി വന്ന കര്‍ണ്ണകിയുടെ ഭാവം.അവള്‍ മെഴുതിരി തള്ളിമറിച്ചിട്ടു. തീ പടരാതിരിക്കാന്‍ അവര്‍ പുതപ്പു കൊണ്ടതിനെ തല്ലിക്കെടുത്തേണ്ടി വന്നു.
ഉന്‍മാദിനിയെപ്പോലെ അമുദ മേശപ്പുറത്തിരുന്ന പൂപ്പാത്രം എറിഞ്ഞു പൊട്ടിച്ചു. തേങ്ങലുകള്‍ക്കിടെ അവള്‍ വിളിച്ചു പറഞ്ഞതെല്ലാം മനസ്സിലായില്ല. പക്ഷേ പ്രതീക്ഷിച്ചിരുന്ന ദുരന്തം സംഭവിച്ചതായി മനസ്സിലായി. തലച്ചോറിലുറഞ്ഞ രക്തക്കട്ടകളുമായി മയങ്ങിക്കിടന്ന പൈതല്‍ ഇനി ഉണരുകയില്ല. ആ വാര്‍ത്തയറിഞ്ഞതും അപ്പാ ഹൃദയാഘാതം വന്നു വീണു. അദ്ദേഹമിപ്പോള്‍ ICU വിലാണ്.
‘നീങ്ക താനേ സൊന്നത്.. ' അവള്‍ സുധയെ നോക്കി കത്തിജ്വലിച്ചു. ഞാന്‍ പട്ടിണി കിടന്നു പ്രാര്‍ഥിച്ചില്ലേ. നിങ്ങള്‍ പറഞ്ഞ പോലെല്ലാം ചെയ്തില്ലേ? ദൈവം എല്ലാം ശരിയാക്കുമെന്ന് നിങ്ങളല്ലേ പറഞ്ഞത്. എവിടെ നിങ്ങളുടെ ദൈവം?അവള്‍ ചീറി. സുധ പരിഭ്രാന്തയായി. ആരൊക്കെയോ മുറിയ്ക്കു പുറത്തു നിന്ന് എത്തിനോക്കുന്നു. രക്ഷിക്കണമെന്ന് അപേക്ഷിക്കുമ്പോലെ അവളെന്നെ നോക്കി.
സ്വന്തം തലയ്ക്കടിച്ചു നിലവിളിച്ച അമുദയെ ഞാന്‍ തടഞ്ഞു. അവള്‍ എന്റെ കൈ തട്ടിത്തെറിപ്പിച്ചു. പിന്നെ എന്നെ മുറുകെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. മറ്റുള്ളവര്‍ മെല്ലെ ഇറങ്ങിപ്പോയി രക്ഷപ്പെട്ടു. അമുദയോടു ഞാന്‍ സംസാരിച്ചു. എന്താണു പറഞ്ഞതെന്ന് എനിക്കുപോലുമറിയില്ല. പതിയെപ്പതിയെ അവള്‍ അടങ്ങി.ആ സാധുവിനെയോര്‍ത്ത് വലിയ സങ്കടം തോന്നി. പിന്നൊരിക്കലും അവള്‍ ആ മുറിയിലേയ്ക്ക് വന്നു കാണില്ലെന്നുറപ്പാണ്. അവളുടെ വിശ്വാസം മുറിപ്പെട്ടിരിക്കുന്നു. അവളുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. ഏതു ദുരന്തത്തിലും ദൈവസ്‌നേഹം കാണാന്‍ മാത്രം ആന്ധ്യം പരിശീലിച്ചാലേ സമ്പൂര്‍ണ്ണ വിശ്വാസിയുടെ ജീവിതം നയിക്കാനാവൂ.
ഞാന്‍ റിസൈന്‍ ചെയ്യുന്ന വിവരമറിഞ്ഞപ്പോള്‍ സുധ പൊട്ടിക്കരഞ്ഞു. പണ്ടു ഞാന്‍ ക്ലാസ്സെടുത്ത മോട്ടിവേഷന്‍പുസ്തകം അവളെനിക്കു സമ്മാനിച്ചു. ഇപ്പൊഴും കയ്യിലുണ്ട്. റൂമിലേയ്ക്കു വന്നത്മുടന്തിയാണ്. കാലില്‍ ബാന്‍ഡേജുണ്ട്. ദൈവത്തിന്റെ വഴിയില്‍ ഇതെല്ലാമുണ്ടാവും. സാരമില്ല. യാത്രയാക്കാന്‍ ഞാനുംവരുന്നുണ്ട് റെയ്ല്‍വേ സ്‌റ്റേഷനിലേയ്ക്ക്. കണ്ണീരു തുടച്ച് അവള്‍ നടന്നുപോയി.
സുധയുടെ കാലില്‍ പരുക്കു പറ്റിയതിനെപ്പറ്റി ശെല്‍വി എന്നോടു സ്വകാര്യമായി പറഞ്ഞുതന്നു. അക്കാ കോളേജില്‍നിന്ന് ആള്‍ക്കാര്‍ ഓടിച്ചപ്പോള്‍ വീണതാണ്. അടുത്തുള്ള കോളേജില്‍ സുവിശേഷം പറയാന്‍ ചെന്നതാണ്. ഒരു കുട്ടിയെ നോക്കിവെച്ചിരുന്നു. അതിനെ സമീപിച്ചതും വിദ്യാര്‍ഥികള്‍ സംഘമായി വന്നു. ഓടിരക്ഷപ്പെടേണ്ട അവസ്ഥയായി. ഓട്ടത്തില്‍ കാല്‍ ഉളുക്കി.ഫോണും നഷ്ടമായി. ഒന്നും മിണ്ടാനാവാതെ ഞാന്‍ നിന്നു. ഒരുപദേശവും സുധ സ്വീകരിക്കുകയില്ല. എന്തു പറഞ്ഞാലും തര്‍ക്കിക്കുകയുമില്ല. അവിശ്വാസികളോടു തര്‍ക്കിക്കുന്നത് അപകടമാണെന്നാണ് ആദ്യനയം.
പോവുന്നതിന് തലേദിവസം, തെളിവുള്ള ആകാശത്തില്‍ മുഴുവന്‍ നക്ഷത്രങ്ങളെയും അണിനിരത്തി ബാല്‍ക്കണിയിലെ താരകാപുരി എനിക്കു വിടതന്നു.വല്യച്ഛന്‍ എന്നെ കൂട്ടാന്‍ വന്നു. ക്ലിനിക്കിലെ യോഗാ ഇന്‍സ്ട്രക്റ്റര്‍സുഹൃത്ത് രാജീവും, പിന്നെ സുധയും എന്നെ അനുഗമിച്ചു. മലകള്‍ക്കും വരണ്ട പാടങ്ങള്‍ക്കുമിടയിലൂടെ തീവണ്ടി പാഞ്ഞുപോയി. സുധയുടെ ഫോണ്‍ നഷ്ടമായിരുന്നു. ആ ഹോസ്റ്റല്‍ നമ്പറില്‍ ഒന്നു രണ്ടു വട്ടം വിളിച്ചു നോക്കി. അവളെ കിട്ടിയില്ല. തിരിച്ചും ഒരു വിവരവുമുണ്ടായില്ല.
പുതിയ ജീവിതാനുഭവങ്ങള്‍ തന്ന തിരുച്ചിറപ്പള്ളി പിന്നില്‍ മറഞ്ഞു. സുധയും രാജീവും കൈവീശി യാത്രയാക്കുന്ന രംഗം ഇപ്പൊഴും മനസ്സിലുണ്ട്. മല തുരന്ന വഴിയിലൂടെ പടി കയറി ആകാശത്തു ചെല്ലുമ്പോള്‍ കാറ്റു ചുഴറ്റിമറിക്കുന്ന ഒറ്റമരം മുറ്റത്തുള്ള ആ മലൈക്കോട്ട,അവിടെ നിന്നു നോക്കുമ്പോള്‍ താഴെ ദീപാവലിദര്‍ശനം തന്ന തമിഴ് ഗ്രാമങ്ങള്‍, പുളിയോദരപ്രസാദമുള്ള ശ്രീരംഗം, ഓര്‍മ്മയുണ്ട് ഇപ്പൊഴും ആ സംഘര്‍ഷഭരിത തമിഴ്ജീവിതം. ആ മനുഷ്യരല്ലാം എവിടെയാണോ ആവോ?
Content Highlights: Witnessing the aftermath of the 2004 tsunami in Tamil Nadu, a young woman navigates heartbreak, an unfamiliar city, and encounters a fervent Christian community.
Published: 25 Sept 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented