എല്ലാ പ്രാര്‍ത്ഥനകളും വെറുതെയായി, നെഞ്ചിന് താഴേക്ക് പൊള്ളിപ്പോയിരുന്നു, ദുരിതമനുഭവിച്ച് അവൻ മരിച്ചു

ഷീജ വക്കം
ക്രിസ്തുമസ്‌ചെടിയുടെ ചുവന്ന തളിരില പോലെയിരുന്നു പ്രഭാതം. അണയ്ക്കാന്‍ മറന്ന ഒരു നക്ഷത്രം ബാല്‍ക്കണിയിലെക്കൊളുത്തില്‍ മിന്നിമിനുങ്ങി. മുറ്റത്തേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന ഒരു ചെമ്പരത്തിക്കൊമ്പാണ് ഇത്തവണ ക്രിസ്മസ് മരമാക്കിയത്. ഓണത്തെക്കാള്‍ ആവേശപൂര്‍വ്വം ക്രിസ്മസിനെ വരവേറ്റ കാലമായിരുന്നു അത്.
ബോറിയല്‍ ഫോറസ്റ്റുകളിലെ അതിശൈത്യത്തില്‍ വളരുന്ന ഒരു കോണിഫര്‍മരത്തിന്റെ ചില്ലയൊടിച്ചു കൊണ്ടുവന്ന് ക്രിസ്തുമസ്ട്രീയുണ്ടാക്കണം എന്നൊക്കെ അതിമോഹിക്കാനേ പറ്റു. കിട്ടാന്‍ വഴിയില്ലല്ലോ. മഞ്ഞുതുള്ളികള്‍ ഉറഞ്ഞ സ്തൂപികാഗ്രവൃക്ഷങ്ങള്‍ നമ്മുടെ മുറ്റത്തില്ല. ഇച്ഛാഭംഗത്തോടെയാണെങ്കിലും കിട്ടിയ ചെമ്പരത്തിക്കൊമ്പില്‍ ഐസ് കട്ടി പിടിച്ച ഒരു ഫിര്‍മരച്ചില്ലയെ സന്നിവേശിപ്പിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. ട്രീ അലങ്കരിക്കാന്‍ കുട്ടികള്‍ വലിയ ഉത്സാഹത്തോടെ പാഞ്ഞു വരും. പക്ഷേ അസിസ്റ്റന്റുകൾ എന്നതിലുപരി വലിയ സ്ഥാനമൊന്നും രണ്ടിനും കിട്ടുകയില്ല. കിളി പോയ തള്ളയെ പിള്ളേര്‍ അല്‍പ്പം അമ്പരപ്പോടെ നോക്കും. അക്കാലത്ത് അതെല്ലാം ഒരാവേശമായിരുന്നു.
ക്രേപ് പേപ്പര്‍ കൊണ്ടുള്ള തോരണങ്ങള്‍, ബെല്ലുകള്‍, ഓര്‍ഗന്‍സപ്പൂക്കള്‍, ബലൂണുകള്‍ ഒക്കെ വാരിത്തൂക്കും. എത്ര അലങ്കരിച്ചാലും മതിയാവില്ല. പലതവണ അഴിച്ചും പിരിച്ചും ചുറ്റിപ്പറ്റി നടക്കും. എല്ലാം കഴിഞ്ഞാല്‍ ലുങ്കിയുടുത്ത ക്രിസ്മസ് പപ്പയെപ്പോലെ ചെമ്പരത്തിച്ചെടി നില്‍ക്കും. അതിന്റെ നാടന്‍ലുക്ക് മാറുകയേയില്ല. പിന്നങ്ങ് സങ്കല്‍പ്പിക്കുക തന്നെ. ക്രിസ്മസ് കഴിഞ്ഞാലും കുട്ടികള്‍ അത് വലിച്ചു പറിച്ചെടുക്കുമ്പോള്‍ എന്റെ ഹൃദയം വേദനിക്കും.
തലേരാത്രിയിലെ കാറ്റില്‍ ചെമ്പരത്തിയില്‍ നിന്നൊരു ചെറുനക്ഷത്രം ചരടഴിഞ്ഞു വീണു കിടന്നത് രാവിലെത്തന്നെ കണ്ണില്‍പ്പെട്ടു. ഇനി അത് തിരികെത്തൂക്കാതെ ഇരിക്കപ്പൊറുതിയില്ല. അതെടുക്കാന്‍ ചെടികള്‍ക്കിടയില്‍ ഇറങ്ങിയപ്പോള്‍ ഏതോ മുള്ളു കോറി കൈത്തണ്ടയില്‍ ഒരു ചുവന്ന വരയും വീണു. ചോര പൊടിയുന്ന ഒരു നീളന്‍ വര. തിരിഞ്ഞു നോക്കി, ബോഗന്‍വില്ലയുടെ ഒരു റോസുപൂവുള്ള കൊമ്പാണ് പ്രതി. പൊങ്ങിപ്പൊങ്ങിച്ചെന്ന് കറണ്ടു കമ്പിയിലേയ്ക്ക് എത്തിപ്പിടിക്കാനാഞ്ഞ കുറേ കടുംകൊമ്പുകള്‍ മുമ്പു വെട്ടിക്കളഞ്ഞിരുന്നു. മതിയോ എന്നു ചോദിക്കുമ്പോലെ നടു വെട്ടിയ ചെടി പകയോടെ കൊമ്പു കുലുക്കുന്നു.
നിറമുള്ള ആ പൂങ്കൊമ്പ് മുന്നിലിളകുമ്പോള്‍ സ്‌കൂളിനെയോര്‍മ്മ വന്നു. എന്തുകൊണ്ടോ വളരെക്കാലത്തിനുശേഷം മിലന്‍ ജോസഫിനെയും.
നാലാം ക്ലാസ്സില്‍ വീട്ടിനടുത്തുള്ള സ്കൂളില്‍ നിന്ന് നഗരത്തിലെ സ്കൂളിലേയ്ക്കു മാറി. പുതിയ സ്‌കൂളില്‍ നിറയെ ബോഗന്‍വില്ലകളായിരുന്നു. ആ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് മിലന്‍ ജോസഫിനെ ആദ്യം പരിചയപ്പെട്ടത്. ഗ്രൗണ്ടിന് മുന്നിലൂടെയാണ് ക്ലാസ്സിലേയ്ക്കുള്ള വഴി. 'കുട്ടീടെ പേരെന്താ കുട്ടീ?' എന്നായിരുന്നു പരുപരുത്ത ഒച്ചയില്‍ ആദ്യം ചോദിച്ചത്.
സ്കൂള്‍ പ്ലേഗ്രൗണ്ടിന്റെ പിന്നിലായി വലിയൊരു കരിമ്പാറയും ഒരുവശത്ത് ബോഗന്‍വില്ലക്കാടുമായിരുന്നു. കരിമ്പാറകള്‍ക്കപ്പുറത്തേയ്ക്ക് നീര്‍ച്ചാല് പോലെ ഒരു ചരല്‍വഴിയുണ്ട്. വല്ലപ്പൊഴും പി.ടി പിരീഡുകളില്‍ ഹോക്കി സാര്‍ ഞങ്ങളെ അതിലേ നടക്കാന്‍ കൊണ്ടുപോവും. തീര്‍ത്തും ജനവാസമില്ലാത്തപോലുള്ള ഒരു പാറപ്രദേശത്തൂടെ ആ നൂല്‍വഴി കല്‍ക്കുന്നിന്റെ ഉച്ചിയിലേയ്ക്കു പോവും. അത് ഉപേക്ഷിതമായ ഏതോ പുരാതന നാഗരികതയുടെ ബാക്കിപത്രം പോലെ തോന്നിച്ചു.
ഒരുവശത്തു ബോഗന്‍വില്ലകളുടെ ഋതുവിളംബരങ്ങളാണ്. പൂത്തു മറിഞ്ഞ കൊമ്പുകളാല്‍ അവ വസന്തഗുഹകള്‍ നിര്‍മ്മിച്ചു. കൊമ്പുകള്‍ മാടി അകത്തു കയറിയിരുന്നാല്‍ നമ്മളെ ആരും കാണുകയില്ല. എനിക്ക് ഇങ്ങനത്തെ സ്ഥലങ്ങള്‍ വലിയ ഇഷ്ടമാണ്. പഴയ സ്കൂളില്‍ അതൊരു മഞ്ഞ രാജമല്ലിമരമായിരുന്നു. ഇല കാണാതെ പൂത്തുനിന്ന മരം. ഒരു കുത്തന്‍ ചെരുവിലാണത് നിന്നത്. മുള്ളുണ്ടെങ്കിലും സാരമില്ല. ആ മരത്തിനും പിന്നിലെ മണ്‍ഭിത്തിയ്ക്കുമിടയില്‍ സാഹസികമായി കയറിപ്പറ്റി, ഞെരുങ്ങിയിരിക്കുമ്പോള്‍ ഭൂമിയുമായുള്ള ബന്ധമറ്റ പോലെയാണ്. പച്ചക്കായകള്‍ക്കും പുളിയില പോലുള്ള ഇലകള്‍ക്കും കടുംമുള്ളുകള്‍ക്കുമിടയില്‍ ഒരജ്ഞാതലോകം വാതില്‍ തുറക്കും. കാറ്റടിക്കുമ്പോള്‍ മഞ്ഞപ്പൂങ്കുലകള്‍ കവിളില്‍ത്തട്ടും.
ആദ്യം പഠിച്ചിരുന്ന സ്കൂള്‍, നാട്ടുമ്പുറത്തെ ഒരു ചെറിയ സ്കൂളായിരുന്നു. ഇംഗ്ലീഷ് മീഡിയമാണ്. പക്ഷേ അവിടെ ഒറ്റ കോണ്‍ക്രീറ്റ് കെട്ടിടവും വൈക്കോല്‍ മേഞ്ഞ കുടിലുകള്‍ പോലത്തെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വലിയ മരങ്ങളും കാട്ടുപൂക്കളുള്ള പൊന്തക്കാടും ഇഷ്ടം പോലെ ഓടിക്കളിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. സ്കൂള്‍ അതിന്റെ ശൈശവദശയിലായിരുന്നു. അരിപ്പല്ലുകള്‍ പോലെ ക്ലാസ്സുകള്‍ മുളച്ചു തുടങ്ങുന്നേയുള്ളൂ. എന്റെ സഹോദരന്‍ അവിടത്തെ ആദ്യബാച്ച് വിദ്യാര്‍ഥിയാണ്. അണ്ണന്റെ ബാച്ച് ജയിക്കുന്നതിനനുസരിച്ച് അത് ആദ്യം എൽ.പി സ്‌കൂളായി, പിന്നെ യു.പിയും ഹൈസ്‌കൂളുമായി വളര്‍ന്നു. വെട്ടിനിരപ്പാക്കാത്ത തട്ടുകളും ചെരിവുകളും ചെറുകുന്നുകളും അതിന്റെ വിസ്തൃത ഭൂമിയ്ക്കുള്ളില്‍ എമ്പാടും ഉണ്ടായിരുന്നു. വട്ടത്താമരയിലകള്‍ കുമ്പിളാക്കി പെരിങ്ങലത്തിന്റെ വെള്ളപ്പൂക്കളും കറുത്ത കായകളും വേറെവേറെ ശേഖരിക്കാനും കറുകയില്‍ തങ്ങിയ മഞ്ഞുതുള്ളി കണ്ണിലിറ്റിക്കാനും പറ്റുമായിരുന്നു.
അവിടെ കുറച്ചു കുട്ടികളേ ഉണ്ടായിരുന്നുള്ളു. മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ ജീവിതം അടിച്ചു പൊളിച്ചിട്ടാണ് നാലാം ക്ലാസ്സു മുതല്‍ ഇങ്ങോട്ടുള്ള വരവ്. ഇവിടത്തെ പരശ്ശതം കുട്ടികള്‍ക്കിടയില്‍, ബഹുനില കെട്ടിടങ്ങള്‍ക്കിടയില്‍, ശ്വാസം കിട്ടാതെ കഴുത്തിറുകുന്ന യൂണിഫോമിനുള്ളില്‍ ഒരു ശബ്ദം പോലുമില്ലാതൊതുങ്ങിപ്പോയിരുന്നു ഞാന്‍.
പ്രിന്‍സിപ്പലച്ചന്റെ മുറിയ്ക്കു മുന്നിലെ, ഉദ്യാനത്തില്‍ റോസാപ്പൂക്കള്‍ കൂടി ടൈയും ബെല്‍റ്റും കെട്ടിനിന്നു. അച്ചടക്കമായിരുന്നു അവിടത്തെ മുഖ്യമുദ്രാവാക്യം. പ്രധാന ഗേറ്റ് കടന്നുവരുമ്പോള്‍ കാണുന്ന കടലാസുപൂക്കള്‍ വളഞ്ഞ ഒരു കരിങ്കല്‍ഗുഹയ്ക്കുള്ളില്‍, കുരിശില്‍ നിന്നിറക്കിയ യേശുവിനെ മടിയില്‍വച്ച വ്യാകുലമറിയത്തെ ഞാന്‍ അമ്പരപ്പോടെ കണ്ടു. ആദ്യത്തെ ദിവസം അസംബ്ലി ഗ്രൗണ്ടിലേയ്ക്ക് കുട്ടികളെ വരിവരിയായി കൊണ്ടുപോയത് പട്ടാളക്കാരുടെ റൂട്ട്മാര്‍ച്ച് പോലെയായിരുന്നു. അറ്റന്‍ഷന്‍ എന്നും സ്റ്റാന്റ് അറ്റ് ഈസ് എന്നും പി.ടി മാഷ് അലറി. കാല് തെറ്റിച്ചുവെച്ചാല്‍ പിന്നില്‍ നിന്ന് കാല്‍വണ്ണയില്‍ അടി വീഴും. പണ്ടും റൈറ്റും ലെഫ്റ്റും തെറ്റിക്കുന്ന കക്ഷിയാണ് ഞാന്‍. അസംബ്ലിയെ ഞാന്‍ ഭയന്നു.
നിറയെ മെയ് ഫ്ലവറുകളുള്ള മനോഹരമായ ഗ്രൗണ്ടില്‍ അറ്റന്‍ഷനായി നില്‍ക്കുമ്പോള്‍ ഒരു വെടി പൊട്ടി. പൂമരച്ചില്ലകളിലിരുന്ന കാക്കകള്‍ കൂട്ടത്തോടെ പ്രാണരക്ഷാര്‍ത്ഥം മുകളിലേയ്ക്ക് പാറി. ചില്ലകളില്‍ വിശ്രമിച്ച കാക്കപ്പടകളെ ഓടിക്കാന്‍ തോക്കെടുത്ത് മുകളിലേയ്ക്ക് വെടിവെക്കുകയാണ്. ഇതേതു ലോകം! കാട്ടുപൂച്ചയെ കൂട്ടിലിട്ട പോലെ മെരുങ്ങാത്ത മനസ്സ് അസ്വാതന്ത്യത്തിന്റെ ഇരുമ്പഴിക്കൂട്ടില്‍ കിടന്നു ചീറി.
അച്ചന്‍മാരും കന്യാസ്ത്രീകളും പഴയ സ്‌കൂളിനെയപേക്ഷിച്ച് പട്ടാളച്ചിട്ടകളുമുള്ള ആ സ്കൂളില്‍ ആദ്യമെല്ലാം പൊരുത്തപ്പെടാന്‍ വലിയ പ്രയാസമായിരുന്നു. തീര്‍ത്തും അപരിചിതമായ ആ പുതിയ അന്തരീക്ഷത്തില്‍, ഇങ്ങോട്ടു വന്നു പരിചയപ്പെട്ട അപൂര്‍വ്വം സഹപാഠികളിലൊരാളായിരുന്നു മിലന്‍. പക്ഷേ ഓര്‍മ്മയില്‍ രേഖപ്പെടുത്തപ്പെടാന്‍ പോവുന്ന ആദ്യത്തെ കുട്ടിമരണം അവന്റേതാണെന്ന് അന്നറിയില്ലായിരുന്നു. അറിഞ്ഞെങ്കിലോ? എന്തു ചെയ്യാനാവും. ഒന്നും കഴിയില്ല. ഒരുപാടാഗ്രഹങ്ങള്‍ ബാക്കിവെച്ച് ചെറിയൊരു കാലം മാത്രം ഭൂമിയില്‍ ജീവിച്ചു മടങ്ങുക തന്നെ വേണ്ടിവരും അപ്പൊഴും ആ കുട്ടിയ്ക്ക്. മറ്റാര്‍ക്കും ഇടപെടാനോ തിരുത്താനോ ആകാത്തതാണല്ലോ നിയതിയുടെ പ്രവചനാതീതമായ ദുരൂഹപദ്ധതികള്‍!
നാലാം ക്ലാസ്സു മുതല്‍ ഒന്‍പതാം ക്ലാസ്സു വരെ ഒരുമിച്ചുണ്ടായിരുന്നു എല്ലാവരുടെയും ആ നല്ല കുട്ടി. പത്തില്‍, മിഡ് ടേം പരീക്ഷ എഴുതുമ്മുമ്പേ അവന്‍ പോയി. അത്ര ചെറുപ്പത്തിലേ ആള്‍ക്കാര്‍ മരിക്കാമെന്ന് വേദനയോടെ മനസ്സിലാക്കി. പഞ്ചസാര ടിന്നില്‍ ഉറുമ്പു കേറുമ്പോലെയേയുള്ളൂ ജീവിതം. അതിനുള്ളിലെ മധുരത്തില്‍ത്തന്നെ അലിഞ്ഞു തീരാം. അടപ്പിന്റെ തിരുക്കുകള്‍ക്കിടയില്‍ ഞെരിഞ്ഞമരാം. സ്പൂണില്‍ കോരിയെടുക്കുന്ന പഞ്ചസാരയോടൊപ്പം നാരങ്ങാ സര്‍ബത്തില്‍ മുങ്ങിച്ചാവുകയോ, തിളച്ച ചായയില്‍ പൊള്ളിച്ചാവുകയോ ചെയ്യാം.. പല സമയങ്ങളില്‍ പലതരം അന്ത്യങ്ങള്‍. ആരുടെ ഊഴം എപ്പോള്‍ എങ്ങനെ, ആര്‍ക്കുമറിയില്ല. ഒന്നു മാത്രമറിയാം സര്‍വവും ഒരിക്കല്‍ അവസാനിക്കുക തന്നെ ചെയ്യും.
മിലന്‍ ജോസഫിനെ അയാള്‍ കേള്‍ക്കാതെ മറ്റു കുട്ടികള്‍ പരിചയപ്പെടുത്തിയത് അമ്മയില്ലാത്ത കുട്ടിയെന്നാണ്. പഠിക്കാന്‍ മിടുക്കനായിരുന്നു. വിശേഷിച്ച് പ്രത്യേകതയൊന്നുമില്ലാത്ത ഒരു സാധു. ഹീറോയുടെ ലുക്കോ പ്രവൃത്തിയോ ഇല്ല. ഒരനിയത്തിയുണ്ട്. അന്നെനിക്ക് അമ്മയുണ്ടായിരുന്നു. അതില്ലാതാവുന്നത് ആലോചിക്കാന്‍ കൂടി പറ്റുമായിരുന്നില്ല. അതുകൊണ്ട് അവനോട് വല്ലാതെ പാവം തോന്നുമായിരുന്നു. ആ കുട്ടി ആരോടാണ് കൂട്ടുകാരുടെ പിണക്കവും ടീച്ചര്‍മാരുടെ വഴക്കും ചെന്നു പറഞ്ഞ് സമാധാനപ്പെടുക. ആരോടാണ് ചെറിയ നേട്ടങ്ങളുടെ വലിയ സന്തോഷങ്ങള്‍ ആവേശപൂര്‍വ്വം ഓടിച്ചെന്ന് പറയുക. കുരുത്തക്കേടുകള്‍ക്ക് ശകാരിക്കുമായിരിക്കും. ചിലപ്പോള്‍ അടിയും കിട്ടും. പക്ഷേ അതുപോലെ അവകാശപ്പെട്ട അഭയസ്ഥാനം മറ്റെവിടെയുമില്ല. ഏതു വസ്തുവായാലും അവകാശപ്പെട്ടതും ദാനം ചെയ്യപ്പെട്ടതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് തികച്ചും സ്വാഭാവികമായനുഭവിക്കാം. പക്ഷേ രണ്ടാമത്തേതിന് കടപ്പാടിന്റെ, ഓര്‍മ്മപ്പെടുത്തലുകളുടെ കഠിനഭാരമുണ്ട്. വെച്ചുനീട്ടപ്പെടുന്നതെന്തും കണക്കുള്ളവയാണ്. ഒരു ചുണ്ടുമനങ്ങാതെ അവ നമ്മളെ ദാനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും.
പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അച്ഛനും അമ്മയുമില്ലാതെ ഞാന്‍ അവനെക്കാള്‍ അനാഥയായി. അക്കാലത്ത് സമാധാന വര്‍ത്തമാനങ്ങളുമായി ആ കുട്ടി ബെഞ്ചിനരികില്‍ വരുമായിരുന്നു.
പൊതുവേ ബോര്‍ഡിങ്ങില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ ഒരു ഗ്യാങ്ങായിരിക്കും. മിക്കവാറും പേരുടെ അച്ഛനമ്മമാര്‍ വിദേശത്താവും. പാല്‍മണം മാറാത്ത എൽ.കെ.ജി കുട്ടികള്‍ വരെ അവിടത്തെ അന്തേവാസികളായിരുന്നു. അവര്‍ കൃത്യമായി യൂണിഫോം ധരിക്കാനും ഒറ്റയ്ക്കു ഭക്ഷണം കഴിക്കാനും സ്‌പെഷ്യല്‍ മനുഷ്യരായി സ്വയം കരുതാനും പഠിച്ചു. മൂത്ത ചേച്ചിയോ ചേട്ടനോ ഒക്കെയുണ്ടാവും ഒപ്പം. പക്ഷേ പിഞ്ചുവിരല്‍ വായിലിട്ടു നുണഞ്ഞുകൊണ്ട് അവരൊറ്റയ്ക്കാവും ഉറങ്ങിയിട്ടുണ്ടാവുക.
മിലനും ബോഡിങ്ങിലായിരുന്നു. പക്ഷേ സാധാരണ കുടുംബത്തിലെ കുട്ടിയായതു കൊണ്ടാവാം ഒരുവിധ ജാഡയും അയാള്‍ക്കുണ്ടായില്ല. എല്ലാരോടും പ്രത്യേകിച്ച് പെണ്‍കുട്ടികളോടും കൂട്ടുള്ള ഒരു കുട്ടി. മിലനെ ഒരു നിത്യസഹോദരനായി പെണ്‍കുട്ടികള്‍ കണക്കാക്കി. ചിലപ്പോള്‍ കലഹിച്ചും ചിലപ്പോള്‍ കളിയാക്കിയും പരുപരുത്ത ആ ഒച്ച പെണ്‍കുട്ടികള്‍ക്ക് കൂട്ടിനുണ്ടായിരുന്നു.
ക്ലാസ്സില്‍ നാലാമത്തെ പിരീഡ് എത്തുമ്പോള്‍ പലര്‍ക്കും ഉറക്കം വരും, വിശപ്പും. അപ്പോള്‍ മന്ദബുദ്ധികളുടെ ചോറുപാത്രങ്ങള്‍ കള്ളച്ചിരിയോടെ സാമര്‍ഥ്യക്കാര്‍ കൈക്കലാക്കും. ക്ലാസ്സു നടക്കുമ്പോള്‍ രഹസ്യമായി പാത്രങ്ങളുടെ മൂടി പൊങ്ങും. പൊരിച്ചമീന്‍, മുട്ട അച്ചാറ്, ഉരുളക്കിഴങ്ങുപ്പേരി തുടങ്ങിയ അനുസാരികളെയെല്ലാം വെട്ടുകിളികള്‍ തിന്നൊടുക്കും. ശേഷം പച്ചച്ചോറിന്റെ എച്ചില്‍ബാക്കിയുമായി പാത്രം ഡെസ്‌ക്കിനടിയിലൂടെ തിരിച്ചുവരും. മീനിരുന്നിടത്ത് എണ്ണയുടെ ചുവന്ന കണ്ണീര്‍പ്പാടു ശേഷിക്കും. അതു കൂട്ടിയാണ് ഇരകളുടെ ഉച്ചഭക്ഷണം. അതീവസാമര്‍ഥ്യക്കാരായ ചില ഡേ സ്‌ക്കോളേഴ്‌സും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ പാത്രങ്ങളില്‍ കയ്യിടുമ്പൊഴും അവരുടെ ചോറുപാത്രങ്ങള്‍ സുരക്ഷിതമായി ബാഗിലിരിക്കും.
മനുഷ്യര്‍ ഓരോ തരം മനസ്സുമായാണ് ജനിക്കുന്നത്. വിഡ്ഢികള്‍ എന്നും ഇരകളാവേണ്ടവരാണ്. ഏതു പ്രായത്തിലും.
ക്രിസ്മസ്സിന് സ്കൂള്‍സ്റ്റോറില്‍ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വരും. അഴിഞ്ഞു വീഴുന്ന റിബണ്‍ ചുരുളുകളും ഉരുകിയൊലിക്കുന്ന കളര്‍മെഴുതിരികളും വെള്ളിമാനുകളുടെ സമ്മാനവണ്ടി പായിക്കുന്ന സാന്താക്ലോസ്സുമെല്ലാം, കാര്‍ഡുരൂപത്തില്‍ നാട്ടിലിറങ്ങി നടക്കുന്ന കാലം. ഞങ്ങള്‍ കുട്ടികള്‍ ആ ജനലില്‍ക്കൂടി കയ്യിട്ട് കാര്‍ഡുകള്‍ തിരയാന്‍ തിക്കും തിരക്കും കൂട്ടും. ഞാന്‍ കയ്യെത്തിച്ച ഒരു ഗ്രീറ്റിംഗ് കാര്‍ഡ് എനിക്ക് എത്തിയെടുത്തു തന്നിട്ട് അനിയത്തിക്കൊരു കാര്‍ഡ് സെലക്റ്റ് ചെയ്തു കൊടുക്കാന്‍ ഒരു തവണ മിലന്‍ എന്നോടാവശ്യപ്പെട്ടു.
വൈന്‍വള്ളികള്‍ അരികുകളിലുളള ഒരു സാന്താക്ലോസ് ചിത്രം ഞാന്‍ എടുത്തുകൊടുത്തു. അതു തുറക്കുമ്പോള്‍ മൃദുലമായി ജിങ്കിള്‍ ബെല്‍സിന്റെ ട്യൂണ്‍ കേള്‍ക്കാം.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ആന്വല്‍ ഡേയ്ക്ക് ഒരു ഗ്രൂപ്പ് ഡാന്‍സില്‍ ഞാനുണ്ടായിരുന്നു. ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന മാഷ് ക്ലാസ്സില്‍ വന്ന് കുട്ടികളെ സ്വയം തിരഞ്ഞെടുത്തപ്പോള്‍ പെട്ടുപോയതാണ്. വെള്ളടോപ്പും കറുത്തമിഡിയും ഇട്ട് ഒരു ഹിന്ദിഗാനത്തിന് പെണ്‍കുട്ടികള്‍ സംഘമായി നൃത്തം ചെയ്തു. ആമിര്‍ ഖാനും അയേഷാ ഝുല്‍ക്കയും ഡാന്‍സ് ചെയ്ത 'വോ സിക്കന്ദര്‍ ഹി ദോസ്‌തോ' എന്ന പാട്ടിന്. റിഹേഴ്‌സലില്‍ ധാരാളം വഴക്ക് കിട്ടിയിരുന്നു. മുമ്പു ഡാന്‍സ് പഠിച്ചിട്ടുള്ളതുകൊണ്ട് സ്റ്റെപ്പൊക്കെ ഒപ്പിക്കാം. പക്ഷേ എന്റെ മുഖം നിര്‍വികാരമായിരുന്നു. ഇരുവശത്തേയ്ക്ക് കൈകള്‍ വീശിയുള്ള ഒരു ചിത്രശലഭ സ്റ്റെപ്പില്‍ ഞാന്‍ മാത്രം കൊക്കൂണിനുള്ളിലെ പ്യൂപ്പയെപ്പോലെ വിചിത്രമുഖിയായിരുന്നു. ടീച്ചര്‍മാര്‍ എത്ര പറഞ്ഞിട്ടും മന്ദഹസിച്ചു കൊണ്ട് നൃത്തം ചെയ്യാന്‍ എനിക്കു കഴിഞ്ഞതേയില്ല. സ്വയം മറന്നു നൃത്തത്തിലലിയാന്‍ എനിക്കാവുകയില്ല. ഞാന്‍ സദാ എന്നെപ്പറ്റി ബോധവതിയായിരുന്നു. വിഷാദം എന്റെ ജന്മാവകാശമായിരുന്നു. റിഹേഴ്‌സല്‍ കാണാന്‍ വന്നിരുന്ന കൂട്ടുകാര്‍ക്കിടെ ഒരുവട്ടം മിലനെയും കണ്ടു. അയാള്‍ വിരല്‍ ചുണ്ടുകളോട് ചേര്‍ത്ത് 'ചീസ്' എന്നാംഗ്യം കാണിച്ചു. ചീസ് എന്നു പറയുമ്പോള്‍ ചുണ്ടുകള്‍ ചിരിയുടെ വികലച്ഛായ കൈവരിക്കും. ഒന്നും നടന്നില്ല. ശലഭങ്ങള്‍ക്കിടയില്‍ ഒരു കൊമ്പന്‍ചെല്ലിയായി ഞാനാ നൃത്തപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു.
പത്താം ക്ലാസ്സില്‍, മൂന്നു ഡിവിഷനുകളും ഷഫിള്‍ ചെയ്തു. തുടക്കം മുതല്‍ ഒരുമിച്ചിരുന്നു പഠിച്ച ഞങ്ങളെല്ലാം പലയിടങ്ങളിലായി ചിതറി. കൂട്ടുകൂടി പഠനം ഉഴപ്പാതിരിക്കാനുള്ള ബുദ്ധിയാണുപോലും. ഭയങ്കരം തന്നെ. ഞാനാണ് തീര്‍ത്തും ഒറ്റപ്പെട്ടത്. അന്നുവരെ മിണ്ടുക പോലും ചെയ്തിട്ടില്ലാത്ത മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്കൊപ്പമാണ് ചെന്നുപെട്ടത്. ഒരുപാട് സങ്കടപ്പെട്ടു. കുറെ നാള്‍ ഭക്ഷണം കഴിക്കാന്‍, പാത്രം കഴുകാന്‍ ഒക്കെ ഒറ്റയ്ക്കായിരുന്നു. എൽ.കെ.ജിയില്‍ ആദ്യം ജോയിന്‍ ചെയ്തപ്പോഴെന്ന പോലത്തെ അപരിചിതാവസ്ഥ. എനിക്കു അടുത്ത കൂട്ടുകാരേയില്ലായിരുന്നു. ഇടയ്ക്കു വല്ലപ്പോഴും ക്ലാസ്സിന്റെ വരാന്തയില്‍ മറ്റു കുട്ടികള്‍ക്കൊപ്പം മിലനെയും കാണും. അവന്‍ കഴിഞ്ഞ പരീക്ഷയിലെ മാര്‍ക്കുകള്‍ ചോദിക്കും, മലയാളം എസ്സേ എഴുതിയത് വാങ്ങിനോക്കും.
ഞങ്ങളുടെ സ്കൂള്‍വാന്‍ ചാളയടുക്കിയ മീന്‍വണ്ടി പോലായിരുന്നു. അതിനുള്ളില്‍ ചെറുതും വലുതുമായ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയിരുന്നു. വാനില്‍ ആദ്യമെത്തുന്നത് തീരെപ്പൊടികളായ എൽ.കെ.ജി കുട്ടികളാണ്. അവരെ വിട്ടശേഷമേ മറ്റു ക്ലാസ്സുകള്‍ വിടുള്ളൂ. പത്താം ക്ലാസ്സുകാര്‍ക്ക് അല്‍പ്പം അധികാരമൊക്കെയുണ്ട്. വൈകിയെത്തിയാലും ചെറിയ കുട്ടികള്‍ സൈഡ്‌സീറ്റ് പിടിച്ചുതരും. അവരെ നമ്മള്‍ മടിയിലിരുത്തണം. അതാണ് എഗ്രിമെന്റ്.
ഒരു വെള്ളിയാഴ്ച വൈകുന്നേരം, സ്കൂള്‍ വിട്ടനേരത്ത് രണ്ടു ദിവസത്തെ അവധിയോര്‍ത്ത് ആനന്ദിച്ച് വാനിന്റെ സൈഡിലിരിക്കുമ്പോള്‍ മിലനെക്കണ്ടു. ബാഗുമായി ഒരു സ്‌കൂട്ടറിനു പിന്നില്‍ കയറുന്നു. അച്ഛനാണെന്ന് തോന്നുന്നു വിളിക്കാന്‍ വന്നത്. സ്‌കൂളില്‍ നിന്നു പുറത്തേയ്ക്കുള്ള ഇടുങ്ങിയ വഴിയില്‍ ആ സ്‌കൂട്ടര്‍ നമ്മുടെ വാനിനു പിന്നിലായിരുന്നു സഞ്ചരിച്ചത്. എൽ.കെ.ജി പിള്ളേര്‍ നിര്‍ത്താതെ എല്ലാ വണ്ടിക്കും റ്റാറ്റാ പറയും. അവര്‍ വാടിയ മുഖത്തോടെയെങ്കിലും എന്തോ പാട്ടുപാടി ആര്‍ത്തുകൊണ്ടിരുന്നു.
സ്കൂളിലേയ്ക്കുള്ള ചെറിയ വഴി മെയിൻ റോഡിലേയ്ക്ക് തിരിയുന്നിടത്തു വച്ച് ഞങ്ങള്‍ രണ്ടുവഴിയായി പിരിഞ്ഞു. ആ സ്‌കൂട്ടര്‍ എന്റെ സീറ്റിനരികിലൂടെ കടന്നുപോയി. കൈവീശി യാത്ര പറഞ്ഞുകൊണ്ട് മിലന്‍ റോഡിലെ തിരക്കില്‍ മറഞ്ഞു. അതായിരുന്നു അവസാനത്തെ കാഴ്ച. അതിപ്പൊഴും കണ്‍മുന്നിലുണ്ട്.
പിന്നെ രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച വരുമ്പോള്‍ കേള്‍ക്കുന്നത് അവന്‍ ആശുപത്രിയിലാണെന്ന വിവരമാണ്. വിളക്കു മറിഞ്ഞ് ദേഹത്തു വീണ് പൊള്ളലേറ്റു എന്നാണ് അറിഞ്ഞത്. കറണ്ടില്ലാത്ത സമയത്ത്, മണ്ണെണ്ണവിളക്ക് കത്തിച്ച് പഠിക്കാനിരുന്നപ്പോള്‍, അബദ്ധത്തില്‍ ദേഹത്തേയ്ക്ക് മറിഞ്ഞതാണെന്ന് പറഞ്ഞു കേട്ടു. അല്ലെന്നും. ദുരൂഹമായ പല കഥകളും കുട്ടികള്‍ പറഞ്ഞു. ആര്‍ക്കെന്താണ് പറഞ്ഞു കൂടാത്തത്!
ചെറുപ്പത്തിലേ മരണങ്ങളിലൂടെ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടതിനാലാവാം, പരിചിതരുടെ രോഗാവസ്ഥകളും മരണവും എന്നെ കഠിനമായി അലട്ടാറുണ്ട്. അശുഭചിന്തകള്‍ ഉറക്കം കെടുത്താറുണ്ട്. തീവ്രവിഷാദിയാക്കാറുണ്ട്. ഇന്നും അത് തുടരുന്നു. ലാവെന്‍ഡര്‍പൂവുളള വള്ളിച്ചെടി പന്തലിട്ട ആശ്രമത്തിനരികിലാണ് ചാപ്പല്‍. ആ മരക്കുരിശിനു മുന്നില്‍ വലിയ കാലത്തിനുശേഷം ഞാന്‍ അന്ന് മുട്ടുകുത്തി. ഒരു കുട്ടിയ്ക്കാവുംവിധം ഉള്ളുരുകി ആ സുഹൃത്തിനു വേണ്ടി പ്രാര്‍ഥിച്ചു. അദ്ഭുതം സംഭവിക്കണേയെന്ന് കഠിനമായാഗ്രഹിച്ചു. ജീവിതത്തിന്റെ സന്തോഷങ്ങളറിയാത്ത കുട്ടിയായിരുന്നു അത്. കൂടുതല്‍ മെച്ചപ്പെട്ടത് അയാളര്‍ഹിച്ചിരുന്നു. പഠിച്ച് ജോലി കിട്ടി അനിയത്തിയെ നന്നായി നോക്കാന്‍ ആഗ്രഹിച്ചിരുന്നു.
എല്ലാ പ്രാര്‍ഥനകളും വെറുതെയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ വലിയ ദുരിതമനുഭവിച്ച്, മുതിര്‍ന്നവരെപ്പോലെ അവന്‍ മരിച്ചു. നെഞ്ചിനു താഴേയ്ക്കു മുഴുവന്‍ പൊള്ളിപ്പോയിരുന്നുവെന്ന് ആശുപത്രിയില്‍ പോയിക്കണ്ട ടീച്ചര്‍മാര്‍ പറഞ്ഞു. വീട്ടുകാരുടെ നിസ്സഹകരണത്തെക്കുറിച്ചും നിര്‍വികാരതയക്കുറിച്ചും പലരും സംശയം പ്രകടിപ്പിച്ചു. അതൊരാത്മഹത്യയായിരുന്നോ? അതോ അപകടമോ? അറിയില്ല.
മഴ പെയ്യാറായ ഒരു സന്ധ്യയ്ക്ക്, അരണ്ട അന്തരീക്ഷത്തില്‍ ആ മൃതദേഹം പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍, അവനെയോര്‍ത്തു കരയാന്‍ ഉറ്റബന്ധുക്കളാരുമുണ്ടായിരുന്നില്ലെന്നു പറഞ്ഞു കേട്ടു.
നമ്മള്‍ മടങ്ങുമ്പോള്‍ ചരമശയ്യയ്ക്കരികില്‍, കരയാനാരുമില്ലെങ്കില്‍ നമുക്കായി സ്വര്‍ഗവാതില്‍ തുറക്കുകയില്ലെന്നോ മറ്റോ ഒരു ബൈബിള്‍വചനം കേട്ടിട്ടുണ്ട്. ഈ അന്ത്യരോദനത്തെ ബാഹ്യാര്‍ഥം മാത്രമായി മനസ്സിലാക്കിയ ഒരു പാവമായിരുന്നു ഞങ്ങളുടെ ഒരു ടീച്ചര്‍. അവരും കുടുംബവും ആ കുട്ടിയെക്കാത്ത് അവിടെയുണ്ടായിരുന്നു. അവനു വേണ്ടി അവര്‍ കരഞ്ഞു. താന്‍ കരഞ്ഞുകൊണ്ട് ആ മൃതശരീരത്തെ അനുഗമിച്ചതിനാല്‍, അവന് സ്വര്‍ഗം ഉറപ്പിച്ചു കൊടുത്തതായി സമാധാനിച്ചു. പള്ളിസെമിത്തേരിയില്‍ പല കാലങ്ങളില്‍ മുളച്ചുവന്ന പരശ്ശതം കുരിശുകള്‍ക്കിടയില്‍, നെഞ്ചിലൊരു റോസാപ്പൂവുമായി അവന്‍ ചെന്നു ചേര്‍ന്നു.
15 വയസ്സു തികയും മുമ്പാണ് അനാഥത്വം നിറഞ്ഞ ജീവിതം ജീവിച്ച്, ആ കുട്ടി മടങ്ങിപ്പോയത്. ഭൂമി അവന് സ്വര്‍ഗമായിരുന്നില്ല. വാത്സല്യത്തിന്റെ ആനുകൂല്യം അവന്‍ അനുഭവിച്ചില്ല. എന്റെ ആത്മാവ് ഭൂമിയിലെ സകല ദൈവസങ്കല്‍പ്പങ്ങളോടും മുരണ്ടു.
കുറച്ചു നാളത്തെ ചര്‍ച്ചകള്‍ക്കുശേഷം ആ വിഷയവും പുതുമയറ്റ് അവസാനിച്ചു. പത്താം ക്ലാസ്സിലെ പഠനത്തിരക്കുകളില്‍ എല്ലാവരും മുഴുകി. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു ബയോളജി ക്ലാസ്സില്‍, 'Decomposition' എന്ന പാഠഭാഗം പഠിപ്പിക്കുകയാണ്. മണ്ണില്‍ വീഴുന്ന ഇലകള്‍ക്കും ജീവികളുടെ ജഡങ്ങള്‍ക്കും എന്തു സംഭവിക്കും. അവ ചീഞ്ഞു മണ്ണില്‍ ലയിക്കും.
എങ്ങനെയാണ് ഈ ചീഞ്ഞു പോകല്‍ സംഭവിക്കുന്നത്? ചീഞ്ഞടിയലിന്റെ ശാസ്ത്രം ലളിതമായി പറഞ്ഞുതന്ന ശേഷം ഞങ്ങളെ നോക്കി സൗമ്യയും സ്‌നേഹവതിയുമായ സലോമിടീച്ചര്‍ മന്ദഹസിച്ചു. 'ക്ലിയര്‍? എനി ഡൗട്ട്‌സ്?' ക്ലാസ്സ് നിശ്ശബ്ദം. പിന്നെ തീര്‍ത്തും അപ്രതീക്ഷിതമായി ഔചിത്യരഹിതമായ ഒരു വാചകം കൂടി ഒരു നെടുവീര്‍പ്പിനോടൊപ്പം പുറപ്പെട്ടു. 'നമ്മുടെ മിലന് ഇപ്പോള്‍ ഇതാവും സംഭവിച്ചു കൊണ്ടിരിക്കുന്നത്.'
ഞെട്ടലോടെ ഞാന്‍ ടീച്ചറെ നോക്കി. സഹപാഠികളെ നോക്കി.ബെല്ലടിച്ചു. ടീച്ചര്‍ ഒരു മന്ദഹാസത്തോടെ ക്ലാസ്സിനു പുറത്തേയ്ക്ക് നടന്നു. സഹപാഠികള്‍ ഉച്ചഭക്ഷണത്തിനു കൈ കഴുകാന്‍ തിടുക്കപ്പെട്ട് പൈപ്പിന്‍ചോട്ടിലേയ്ക്കും. ശവങ്ങള്‍ വെളളത്തില്‍ കെട്ടിത്താഴ്ത്തി വെച്ച് അവ ചീഞ്ഞശേഷം പുറത്തെടുത്ത് മാംസത്തിന്റെ അടരുകള്‍ അടര്‍ത്തിയടര്‍ത്തി പ്രാചീനകാലത്ത് അനാറ്റമി പഠിച്ച സുശ്രുതനെപ്പറ്റി പിന്നീട് ആയുര്‍വേദ കോളേജിലെ ക്ലാസ്സുകളില്‍ മനസ്സിലാക്കി. ശവപരീക്ഷണങ്ങള്‍ അധമമായിക്കണ്ട ഒരു കാലത്തായിരുന്നു അറിവിനായുള്ള ഈ കഠിനസാഹസം! തലകുത്തനെ വെച്ച ഒരു കൂമ്പിയ താമരമൊട്ടു പോലെയാണ് ഹൃദയം എന്നു പറഞ്ഞ ആ പ്രാചീനമനുഷ്യന്‍ ഒരു കവിയായിരുന്നോ? മരണശേഷമുള്ള ജൈവദ്രവീകരണത്തെപ്പറ്റി വളരെ വിശദമായി പഠിച്ചപ്പോള്‍, നെരൂദയുടെ death alone എന്ന കവിതയും ഓര്‍മ്മിച്ചു. തൊലിപ്പുറത്തു നിന്നാരംഭിച്ച് ആത്മാവു വരെയും പുറത്തു നിന്നകത്തേയ്ക്കു തകര്‍ന്നടിയുന്ന മരണം!
സ്‌കൂള്‍ സിലബസില്‍ ഈ വിഷയം വളരെ ലഘുവായാണ് പരാമര്‍ശിക്കപ്പെട്ടത്. പക്ഷേ കോളേജില്‍ ഓരോ വിശദാംശവും പഠിച്ചു. 'അല്‍ഗര്‍ മോര്‍ട്ടിസ്', 'റിഗര്‍മോര്‍ട്ടിസ്' തുടങ്ങിയ മരണത്തിന്റെ വിവിധഘട്ടങ്ങള്‍ക്കു പശ്ചാത്തലമായി ഒരു ഹൊറര്‍ സിനിമയുടെ ദുരൂഹസംഗീതം പോലെ അന്ന് പഴയ സലോമിടീച്ചറുടെ ശബ്ദം മുഴങ്ങിക്കേട്ടു. അപ്പോള്‍ മണ്ണിനടിയിലെ ഒരു ശവപ്പെട്ടിയുടെ മൂടി തുറന്ന് അതിനുള്ളിലെ മുഖം എന്നെ തുറിച്ചുനോക്കി. അതിന് അകാലത്തില്‍പ്പിരിഞ്ഞ എന്റെ പഴയ സഹപാഠിയുടെ ഛായയുണ്ടായിരുന്നു. പിന്നീടതിന് മരണമടഞ്ഞ അനേകം പരിചിതരുടെ മുഖം കൈവന്നു. ഭാവനയുടെ നിര്‍ദയാക്രമണത്തില്‍ ഞാന്‍ തകര്‍ന്നു തരിപ്പണമായി. എത്ര ക്രൂരമായാണ് അത് മനുഷ്യനെ ശിക്ഷിക്കുന്നത്. മനസ്സ് സ്വന്തം സിനിമ നിര്‍മ്മിക്കുന്നു. ശാസ്ത്രത്തെ ഭാവന വാരിയെടുത്തു നെഞ്ചോടു ചേര്‍ക്കുന്നു.
ശവംനാറിച്ചെടികള്‍ നിറയെപ്പൂത്ത പള്ളിസെമിത്തേരി. ഒരു കല്ലറയുടെ മൂടി തുറക്കപ്പെടുകയാണ്. മണ്ണടരുകളും കരിഞ്ഞപൂക്കളും വകഞ്ഞ് താഴേയ്ക്കു താഴേയ്ക്കു ചെല്ലുമ്പോള്‍ ഒരു ശവപ്പെട്ടിയുടെ മൂടിയില്‍ ചെന്നുമുട്ടുന്നു. അതിനുള്ളില്‍ വെള്ള വസ്ത്രമണിഞ്ഞ് കുരിശ് കയ്യില്‍ പിടിച്ച്, അന്ത്യചുംബനങ്ങളേറ്റു വാങ്ങിയ ഒരു മൃതശരീരം!
നോക്കിനില്‍ക്കുമ്പോള്‍ ഋതുഭേദങ്ങളില്‍ മാറിമറിയുന്ന ഒരു താഴ്വര പോലെ അതു പരിണമിക്കുന്നു. താമരപ്പൂമൊട്ടു പോലുള്ള അതിന്റെ ഹൃദയം എന്നേയ്ക്കുമായി മിടിപ്പവസാനിപ്പിച്ചതാണ്. ജീവിതത്തിലെ സകലപിരിമുറുക്കങ്ങളും അയഞ്ഞ്, വരിഞ്ഞു മുറുകിയ പേശികള്‍ തളര്‍ന്നുവീണതാണ്.
ആഞ്ഞു പുല്‍കിയ ഒരു മരണക്കുളിരില്‍ ചൂടാറുകയാണ് ഉടല്‍. അടുത്ത നാലു മണിക്കൂറിനുള്ളില്‍ വിറകുകൊള്ളി പോലെ ശരീരം കടുപ്പപ്പെടുന്നു. അത് കടന്നുപോയാല്‍പ്പിന്നെ പെട്ടിയുടെ അടിവശത്ത് അമര്‍ന്നിരിക്കുന്ന ശരീരഭാഗത്തേയ്ക്ക് രക്തം തളം കെട്ടുന്നു.
ഇനി ശരീരം തന്നെ പണി തുടങ്ങുകയാണ്. അത് സ്വയം ദഹിപ്പിക്കാനുള്ള ഭാരിച്ച ക്വട്ടേഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുണ്ടാക്കുന്ന കറുത്ത ദ്രാവകം വായിലൂടെയും മൂക്കിലൂടെയും പുറത്തേയ്ക്ക് ഒഴുകി, തൊലി കറുത്ത്, പേശികള്‍ ദ്രവമായി, പുഴുക്കള്‍ തുരന്ന്...
വെള്ളയുടുപ്പിനുള്ളില്‍ മനുഷ്യാകൃതിയുടെ അരികുടയുകയാണ്. ചീഞ്ഞു വലിച്ചെറിയപ്പെട്ട ഒരു റോബസ്റ്റപ്പഴം പോലെ. അഴുകാവുന്നതെല്ലാം തകര്‍ന്നടിഞ്ഞ് വരണ്ടുണങ്ങി ഒടുക്കം ഒരസ്ഥികൂടം ശേഷിക്കുന്നു. തലയോട്ടി ഒരു പൊതുപ്രതിനിധിയാണ്. എല്ലാര്‍ക്കും കൂടി ഒന്ന് മതി. ഒറ്റനോട്ടത്തില്‍ അതിന് മുഖച്ഛായയും നുണക്കുഴിയുമില്ല. തിരിച്ചറിയാവുന്ന യാതൊരടയാളവുമില്ല. തലയോട്ടി നോക്കി ആളെത്തിരിച്ചറിയാന്‍ സാധാരണക്കാരന് സാധിക്കുകയില്ല. ഈ തകര്‍ന്നടിഞ്ഞ അസ്ഥികൂടമാണ് പോലും അന്ത്യവിധി നാളില്‍ എഴുന്നേറ്റു വന്ന് സ്വര്‍ഗസ്ഥനാകാന്‍ പോവുന്നത്! കര്‍മ്മഫലം പോലെ മസാലപ്പൊടി തേച്ച് നാരകീയാടുക്കളയില്‍ വറുത്തു കോരേണ്ടതോ, ഹൂറികള്‍ക്കൊപ്പം രതിമത്തമാവേണ്ടതോ ആയ ഭൂമിജീവിതത്തിന്റെ ബാക്കിപത്രം! ആഹ!
മാംസത്തിന്റെ പുറംമോടികളഴിച്ചു മാറ്റിയാല്‍ എല്ലാവരിലുമിരിപ്പുണ്ട് ഒരസ്ഥികൂടം. മണ്ണിലോ പുഴയിലോ നിശ്ചയമായും ചെന്നടിയേണ്ടത്. അല്ലെങ്കില്‍ തീനാളങ്ങളില്‍ പൊരിഞ്ഞു പൊട്ടേണ്ടുന്നത്.
പൂര്‍ണമായോ, ഭാഗികമായോ, തകര്‍ന്നോ, കരിഞ്ഞോ ആവട്ടെ, എന്നെങ്കിലും വെളിപ്പെടുകയെന്നതാണ് അതിന്റെ ധര്‍മ്മം.
മിലനെയും സലോമിടീച്ചറിനെയും,സ്കൂളിനെയും താണ്ടി കാലം സഞ്ചരിച്ചു. പിന്നെപ്പൊഴോ ഉടലിലാണ്ടു പോയ അസ്ഥികൂടത്തിന്റെ സ്മൃതി സ്വയമറിയാതെ ഒരു കവിതയില്‍ത്തെളിഞ്ഞു.. 'സെമിത്തേരിയുടെ ആഴത്തില്‍' എന്ന ആദ്യകാലകവിതയില്‍..
Content Highlights: Writer Sheeja Vakkom Recalling cherished childhood Christmas traditions and reflecting on life`s profound lessons through the poignant memory of a departed schoolmate.
Published: 08 Oct 2025, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented