1939-ല്‍ വൈലോപ്പിള്ളി എഴുതിയ ഒരു കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
'കത്തില്‍ക്കന്യ കുറിച്ചിരുന്നു, 'നുകരാന്‍ -
പോകുന്നു ഞാന്‍ ജീവിതം'

 
ഒരു സന്ന്യാസിനീ മഠത്തില്‍ നിന്നും അജ്ജീവിതം വേണ്ടെന്നുവെച്ച് പോകുന്ന കന്യാസ്ത്രീ അവിടുത്തെ മഠാധിഭര്‍ത്രിയ്ക്ക് എഴുതിവെച്ച കത്തിലെ വരികളാണിത്. ജീവിതേച്ഛ തുളുമ്പുന്ന നാലു വാക്കുകളാല്‍ വൈലോപ്പിള്ളിയുടെ കന്യാസ്ത്രീ ഉപേക്ഷിച്ചത് ജീവിതനിഷേധിയെന്ന് അവള്‍ക്കു തോന്നിയ ഒരു കാലത്തേയും പ്രകാശമെന്ന് ഒരിക്കല്‍ വ്യാമോഹിപ്പിച്ച ആ കാലത്തിന്റെ ഇരുളുടയാടയേയുമാണ്. കേരളത്തില്‍ അനുപമ എന്ന മനോഹരനാമധേയമുള്ള കന്യാസ്ത്രീ കത്തോലിക്കാസഭയിലെ സന്യസ്തജീവിതം മതിയാക്കി ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി എന്ന വാര്‍ത്തയാണ് വൈലോപ്പിള്ളിയുടെ 'നര്‍ത്തകി' എന്ന കവിതയെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നത്. വൈലോപ്പിള്ളി ആ കവിതയെഴുതിയ അതേ കാലത്തുതന്നെ ആലപ്പുഴക്കാരിയായ ഒരു കന്യാസ്ത്രീയുടെ കഥ തകഴി ശിവശങ്കരപ്പിള്ളയുമെഴുതിയിരുന്നു, 'കന്യാസ്ത്രീ' എന്ന പേരില്‍. ആ കഥയില്‍ പാവം കന്യാസ്ത്രീ ആത്മഹത്യ ചെയ്യുകയായിരുന്നു. 'ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍' എന്ന് വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ നോക്കിയാണ് വൈലോപ്പിള്ളി പറഞ്ഞതെങ്കിലും, വൈലോപ്പിള്ളിയേയും തകഴിയേയും പോലുള്ള എഴുത്തുകാര്‍ ചെയ്തതുപോലെ ദീര്‍ഘദര്‍ശനം ചെയ്യാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കോ മതപുരോഹിതര്‍ക്കോ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ക്കോ കഴിഞ്ഞിട്ടില്ല. വെറുതേയല്ല ലെനിന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്ന് സാഹിത്യകാരനായിരുന്ന ടോള്‍സ്റ്റോയിയെ വിളിച്ചത്. വെറുതേയല്ല സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയ്ക്ക് അതിക്രൂരമായ ഒരു സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായ നടന്‍ അഭിനയിച്ച സിനിമയുടെ പ്രോത്സാഹനവാചകം പറയുമ്പോള്‍ 'താന്‍ അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നത്' എന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയതും. പിന്നീട് ബേബി അങ്ങനെ പറ്റിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തെറ്റേറ്റുപറഞ്ഞതുകൊണ്ട് ചെയ്ത ചില ഗുരുതര തെറ്റുകള്‍ ചെയ്തപ്പോഴുള്ള സ്വാഭാവികപ്രകൃതിയെ റദ്ദാക്കാന്‍ കഴിയില്ല. അത് നിലനില്‍ക്കും. സിസ്റ്റര്‍ അനുപമയുടെ മഠനിരാസവും സഖാവ് ബേബിയുടെ ദിലീപ് സിനിമാപ്രോത്സാഹനവും ഒരേ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് സാംസ്‌കാരിക വിമര്‍ശന ദൗത്യത്തിന്റെ ഭാഗമാണ്. 

To advertise here,

പതിനഞ്ചാം വയസ്സില്‍ പാബ്ലോ പിക്കാസോ വരച്ച ഒരു എണ്ണച്ചായച്ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുണ്ട്. Science and Charity എന്ന 1897-ലെ ചിത്രത്തിൽ. 

അതിനുശേഷം പിക്കാസോയുടെ കാന്‍വാസുകളില്‍ നിരവധി സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മറ്റൊരു കന്യാസ്ത്രീയെ കണ്ടതായി എനിക്കോര്‍മ്മയില്ല. മഠത്തില്‍ നിന്നും ഇറങ്ങിപ്പോയ അനുപമയെ പോലെ പിക്കാസോയുടെ കാന്‍വാസില്‍ നിന്നും കന്യാസ്ത്രീ ഇറങ്ങിപ്പോകുകയായിരുന്നു. പിക്കാസോയുടെ കലയിലും കാന്‍വാസ് എന്ന മഠത്തിലും (മഠം ഒരച്ചടക്കമാണ് ) കലാകാരന്റെ വ്യക്തിജീവിതത്തിലുള്ള സ്ത്രീകള്‍, ആ സ്ത്രീകളോട് പിക്കാസോയ്ക്കുണ്ടായിരുന്ന സമീപനം എന്നിവയൊക്കെ എന്നും പഠനവിധേയമായിട്ടുള്ള വിഷയങ്ങളാണ്. 'രണ്ടുതരം സ്ത്രീകളേയുള്ളൂ, ദേവതമാരും ചവിട്ടുമെത്തകളും' എന്ന പിക്കാസോ വാചകം അദ്ദേഹത്തിന്റെ സ്ത്രീകാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനുള്ള പില്‍ക്കാല ശ്രമങ്ങളില്‍ എപ്പോഴും ഉദ്ധരിച്ചുപോന്നിട്ടുള്ള ഒന്നാണ്. 

2018- ല്‍ അന്തരിച്ച അമേരിക്കന്‍ ശില്‍പി Paula Mary Turnbull ഒരു കന്യാസ്ത്രീയായിരുന്നു. ചവറു തിന്നുന്ന ആട് എന്ന അവരുടെ ശില്‍പത്തില്‍ എല്ലാ ജീവജാലങ്ങളേയും സ്‌നേഹിക്കുന്ന ഒരു കന്യാസ്ത്രീശിലയുണ്ട്.

സിസ്റ്റര്‍ അനുപമയുടെ മഠനിരാസത്തിന്റെ വെളിച്ചത്തില്‍ നമുക്ക് മലയാള സാഹിത്യത്തിലെ രണ്ടു സുപ്രധാന കൃതികള്‍ പരിശോധിക്കാം. വൈലോപ്പിള്ളിയുടെ 'നര്‍ത്തകി'യില്‍ ഒരു കന്യാസ്ത്രീ സന്യസ്ത സ്ത്രീജീവിതം പാടേ ഉപേക്ഷിച്ച് സാധാരണ ജീവിതോന്മാദം നുകരാന്‍ പോകുന്നുവെങ്കില്‍ തകഴിയുടെ 'കന്യാസ്ത്രീ'യില്‍ അവള്‍ മഠവസ്ത്രം ഉപേക്ഷിച്ച്, മദ്ധ്യതിരുവിതാംകൂറിലെ കത്തോലിക്കാ പെണ്‍കുട്ടികള്‍ വിവാഹദിവസം ധരിച്ചിരുന്ന മണവാട്ടിവസ്ത്രം ധരിച്ച് കന്യാസ്ത്രീമഠത്തില്‍ ജീവന്‍ അവസാനിപ്പിക്കുകയായിരുന്നു. രണ്ടിലും മതസ്ഥാപനം എന്ന അധികാരകേന്ദ്രത്തെ ആ സ്ത്രീകള്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ആ ചോദ്യം ചെയ്യലിലെ ആദ്യഫലം എന്നത് കന്യാസ്ത്രീസമൂഹ സ്വത്വത്തില്‍ നിന്നും കുതറിയോടി അവര്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു സ്ത്രീയായി മാറുന്നു എന്നതാണ്. ഒരാള്‍ ജീവിതം തുടര്‍ന്നുകൊണ്ട്, മറ്റൊരാള്‍ ജീവിതം അവസാനിപ്പിച്ചുകൊണ്ട്. 

സിസ്റ്റര്‍ അനുപമയുടെ വിടുതലും അതുപോലൊന്നാണ്. അവര്‍ ഇനി പ്രാര്‍ത്ഥിക്കുന്നത് ഒറ്റയ്ക്കായിരിക്കും. അവര്‍ ഇനി അത്താഴം കഴിക്കുന്നത് ഇരുപുറവുമിരിക്കുന്ന കന്യാസ്ത്രീകള്‍ക്കൊപ്പമായിരിക്കില്ല, മറിച്ച് ഒറ്റയ്ക്കായിരിക്കും. അവര്‍ ഒപ്പിടുന്നത് കര്‍ത്താവിന്റെ മണവാട്ടിയായിട്ടല്ല, മറിച്ച് സ്വന്തം പേരിനുടമയായിട്ടാകും. ഇനി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അവരുടെ പേരിലായിരിക്കും.  

വൈലോപ്പിള്ളിയുടെ കന്യാസ്ത്രീ, മഠജീവിതം ഉപേക്ഷിക്കുവാന്‍ കാരണമായത് മരണശിക്ഷ ഏറ്റുവാങ്ങുന്നതിന് തലേന്നാള്‍ ഒരു നര്‍ത്തകി അപാരമായ ജീവിതപ്രണയത്താല്‍ അവസാനനൃത്തം ചെയ്യുന്നത് കാണാനിടയായതിനാലാണ്. ക്രിസ്തീയ മഠജീവിതങ്ങളെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രങ്ങള്‍ക്കെതിരേ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ കവിതയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'നര്‍ത്തകി'. സ്ത്രീകള്‍ മാത്രമേ ഈ കവിതയിലുള്ളൂ, അവസാനം വരുന്ന ഭടന്മാരെ മാറ്റിനിര്‍ത്തിയാല്‍. ചാരവൃത്തി ചെയ്തതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു നര്‍ത്തകിയെ വധശിക്ഷയേറ്റുവാങ്ങുന്നതിനു മുന്‍പ് പ്രാര്‍ത്ഥനകള്‍ക്കായി ഒരു കന്യാസ്ത്രീമഠത്തില്‍ താമസിക്കുവാന്‍ വിടുന്നു. അങ്ങനെയാണ് കവിത തുടങ്ങുന്നത്. അവളോട് ജീവിതത്തില്‍ അവശേഷിക്കുന്ന മണിക്കൂറുകള്‍ നാമം ജപിച്ചുജീവിക്കുവാന്‍ ആവശ്യപ്പെടുകയാണ്. ശരീരത്തിന്റെ കലയായ നൃത്തം തൊഴിലാക്കിയ താന്‍ എങ്ങനെ ഭഗവാന്റെ നാമം ഉച്ചരിക്കും  എന്ന് വൈലോപ്പിള്ളി നര്‍ത്തകിയുടെ നാവിലൂടെ മതത്തിനോട് ഒരു ആത്മീയചോദ്യം ചോദിക്കുകയാണ് :

'അമ്മേ, എനിയ്ക്കു ഭഗവാനെയറിഞ്ഞുകൂടാ,
തന്‍മേന്മ തൊട്ടുതഴുകാനവകാശമില്ല.
നന്മേനി പൂണ്ട നടി ഞാന്‍, വിഷയാബ്ധി വീചീ-
സമ്മേളനത്തിലൊരു ബുദ്ബുദ, മത്രമാത്രം!' 

ഇത്രയും പറഞ്ഞിട്ട് ആ നര്‍ത്തകി കന്യാസ്ത്രീമഠത്തിലെ അധികാരിണിയായ അമ്മയോട് ഒരഭ്യര്‍ത്ഥന പറയുകയാണ്:

'എന്നെക്കുറിച്ചു കനിവാര്‍ന്നനുവാദമേകു-
കിന്നത്തെ രാവി, ലിഹ ഭക്ഷണശാലയിങ്കല്‍ 
എന്നേക്കുമായ് നടനമൊന്നിവളാടിടട്ടേ,
പിന്നെക്കറുത്ത മൃതിതന്‍ മധു ഞാന്‍ കുടിക്കാം'

ജീവിതപ്രണയത്തിന്റെ പ്രതിനിധിയാണ് ഈ കവിതയില്‍ സ്ത്രീയുടെ നൃത്തം എന്നത്. ജീവിതനിരാസത്തിന്റെ ഇടുങ്ങിയ സത്രമാണ് ഈ കവിതയിലെ കന്യാസ്ത്രീമഠമെന്നത്. 'ഈ ഭക്ഷണശാലയില്‍ ഞാന്‍ എന്റെ ജീവിതത്തിലെ അവസാനനൃത്തം ഒന്നു ചെയ്യാനനുവദിച്ചാലും, എന്നിട്ട് നാളെ ഞാന്‍ വധശിക്ഷ ഏറ്റുവാങ്ങിക്കൊള്ളാം' എന്നായിരുന്നു നര്‍ത്തകിയുടെ അഭ്യര്‍ത്ഥന. മലയാളത്തിലെ നൃത്തപ്രമേയ കവിതകളിലെ ഏറ്റവും ആഴമേറിയ ഒന്നായി ഇന്നും നിലനില്‍ക്കുകയാണ് വൈലോപ്പിള്ളി അവതരിപ്പിച്ച നര്‍ത്തകിയുടെ അന്ത്യനൃത്തം.

'ആരണ്യഭൂവിലൊരു സര്‍പ്പിണി പോലെ, മേഘ -
നീരന്ധ്രമാം വിയതി വിഭ്രമവല്ലിപോലെ 
ആ രമ്യനര്‍ത്തകിയണഞ്ഞു, കറുപ്പുടുപ്പാര്‍-
ന്നീരണ്ടു പാര്‍ശ്വവുമിരിക്കുമവര്‍ക്കു മദ്ധ്യേ.

മേശപ്പുറത്തു കൃതമാം മിതഭക്ഷണത്തി-
ലാശപ്പെടാതെ മഠകന്യകമാര്‍കള്‍ നോക്കി 
നാശശ്മശാനശിഖയോടണയാനടുത്ത 
വേശക്കിടാത്തിയുടെ നൃത്തവിലോലരൂപം!

ഒരു ശരീരം സംഗീതമായി ഉയിരെടുക്കുന്നത് കണ്ട് മഠത്തിലെ കന്യാസ്ത്രീകള്‍ വിസ്മയിച്ചു. തങ്ങള്‍ പാടേ വിസ്മരിച്ചിരിക്കുന്ന ഈ ശരീരത്തിന് ഇത്തരം സാദ്ധ്യതകളുണ്ടോ എന്നോര്‍ത്ത് നര്‍ത്തകിയുടെ ആടിയുലഞ്ഞ നൃത്തരൂപം കണ്ട് ആ സന്ന്യാസിനികള്‍ വിറകൊണ്ടു. അവരുടെ ആത്മാവിലും ശരീരത്തിലും മിന്നലുകള്‍ പാഞ്ഞു. നൃത്തം കഴിഞ്ഞപ്പോള്‍ അവിടെ 'ശവകുടീരഗഭീരശാന്തി' പടര്‍ന്നു എന്നാണ് വൈലോപ്പിള്ളി എഴുതിയിരിക്കുന്നത്. പിറ്റേന്ന് ഭടന്മാര്‍ എത്തി. നര്‍ത്തകിയുടെ വധശിക്ഷ നടപ്പിലാക്കി. എന്നാല്‍ കന്യാമഠത്തിങ്കല്‍ മറ്റൊന്നു സംഭവിച്ചു. മുക്തിക്കായി വൃതം നോറ്റിരുന്ന ഒരു കന്യാസ്ത്രീ സഭാവസ്ത്രമുപേക്ഷിച്ച് ജീവിതത്തിലേക്ക് ആഹ്‌ളാദലയമുള്ള താളം ചവുട്ടി നടന്നുപോയി. അവള്‍ സഭയ്ക്കായി എഴുതിവെച്ച കത്തില്‍ ഇങ്ങനെ പറഞ്ഞു:

'നുകരാന്‍ -
പോകുന്നു ഞാന്‍ ജീവിതം'

തകഴിയുടെ കഥ മറ്റൊരു തരത്തിലാണ് നമ്മെ ഞെട്ടിക്കുന്നത്. ഇക്കാലത്തും ഞെട്ടിക്കുന്നത്. ഇക്കാലത്ത് മലയാളത്തില്‍ ഇങ്ങനെയൊരു കഥ എഴുതപ്പെടുമോ എന്നു തന്നെ സംശയമാണ്. എം.ടി യുടെ വെളിച്ചപ്പാട് പള്ളിവാളും കാല്‍ച്ചിലമ്പുമായി അതീവഭക്തിഭംഗത്താല്‍ ദേവീവിഗ്രഹത്തിനുമേല്‍ തുപ്പിയതുപോലെയാണ് തകഴിയുടെ കഥയിലെ കന്യാസ്ത്രീ പഴയ കാമുകനും ഇപ്പോള്‍ പള്ളിവികാരിയുമായ അച്ചന്റെ മുറിയിലേക്ക് മഠവസ്ത്രമുപേക്ഷിച്ച് മണവാട്ടിവസ്ത്രമണിഞ്ഞു ചെല്ലുന്നത്. 

'അന്നുരാത്രിയില്‍ ഫാദര്‍ ജോസഫ് അദ്ദേഹത്തിന്റെ മുറിയില്‍ പതിവുപോലെ ചിന്താമഗ്‌നനായി ഇരിക്കുകയായിരുന്നു. തലവഴി മുണ്ടിട്ട് ഒരു സ്ത്രീരൂപം ചാരിയിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നു. ഫാദര്‍ ജോസഫ് ചാടിയെഴുന്നേറ്റു. അദ്ദേഹം ശിലാപ്രതിമ പോലെ തെല്ലിടനിന്നു.

'സെലീനാമ്മ.'

ആ രൂപം പറഞ്ഞു, 'അല്ല, സെലീനാമ്മയല്ല. ഏലിയാമ്മ. നോക്കണം. അവള്‍ക്ക് തലമുടിയില്ലന്നേയുള്ളൂ.'

തലയില്‍ നിന്നും അവള്‍ മുണ്ടുമാറ്റി. അവള്‍ പുടവ ഞൊറിഞ്ഞുടുത്തിട്ടുണ്ട്. ചട്ടയിട്ടിട്ടുണ്ട്. മുണ്ഡനം ചെയ്ത ശിരസ്സ് ഒരു വൃത്തികേടുതന്നെയാണ്. ഫാദര്‍ ജോസഫിന്റെ സ്വപ്നത്തിലിരിക്കുന്ന ഏലിയാമ്മ അതല്ല. 

അദ്ദേഹം അവരെ കൈക്കുപിടിച്ചുകൊണ്ടു പുറത്തിറങ്ങി. കന്യകാമഠത്തിന്റെ വാതിലില്‍ കൂടി അവള്‍ അകത്തുകയറി. ആ വാതില്‍ അടഞ്ഞപ്പോള്‍ ഫാദര്‍ ജോസഫ് തിരികെ പോന്നു. 

സെലീനാമ്മ മരിച്ചുകിടക്കുന്നതായി പിറ്റേന്നു ശ്രേഷ്ഠത്തിയമ്മ ഫാദര്‍ ജോസഫിനെ അറിയിച്ചു. അവള്‍ പുടവ ഞൊറിഞ്ഞുടുത്ത്, ചട്ടയുമിട്ടിരുന്നു'.

തകഴിയുടെ കഥ വായിച്ചു കഴിയുമ്പോള്‍ പല കാരണങ്ങളാല്‍ നമ്മള്‍ എഴുന്നേറ്റു നില്‍ക്കും. ഒന്ന്, സെലീനാമ്മ എന്ന കന്യാസ്ത്രീയുടെ മഠജീവിതം അവസാനിച്ച രീതിയില്‍ മനം നൊന്ത്. രണ്ട് തകഴി എന്ന മഹാനായ കഥാകാരനോടുള്ള ആദരാല്‍. മൂന്ന്, കേരളത്തിന്റെ കഴിഞ്ഞ നൂറ്റാണ്ട് ഈ നൂറ്റാണ്ടിനെക്കാള്‍ പോരടിക്കുന്നതായിരുന്നു എന്ന കൃതജ്ഞതയാല്‍.

സിസ്റ്റര്‍ അനുപമ സ്വന്തം ഇച്ഛയാല്‍ എടുത്ത തീരുമാനം അവര്‍ക്ക് കൂടുതല്‍ ശാന്തിയും സമാധാനവും നല്‍കട്ടെ എന്നാശംസിക്കുന്നു. 
പള്ളിയും പള്ളിവാളും എന്നത്തേയും പോലെ, കാറ്റുപിടിക്കാത്ത ഏകശിലപോലെ നിന്നുകൊള്ളട്ടെ. 

ഓടുന്ന വാഹനത്തില്‍ ക്രൂരമായി അപമാനിക്കപ്പെട്ട്, ആ ഞെട്ടലില്‍ നിന്നും ധീരയായ അതിജീവിതയായി ഇന്നും പോരടിക്കുന്ന നടി,ആണ്‍പേശീബലമുള്ള രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍ ശക്തയാണെന്ന് വായനയും ലോകസഞ്ചാരവുമുണ്ടെന്നഭിമാനിക്കുന്ന രാഷ്ട്രീയനേതാക്കള്‍ തിരിച്ചറിയട്ടെ.

വലിയ കൊടുങ്കാറ്റിലും ഉലയാത്ത ചുവടുകളില്‍ കൂടുതല്‍ സ്വതന്ത്രകള്‍ നൃത്തം തുടങ്ങട്ടെ. അവരുടെ കാല്‍ച്ചിലമ്പുകള്‍ കാഞ്ചനകാന്തി പടര്‍ത്തി കിലുങ്ങട്ടെ.