സര്‍വ്വനാശശക്തിയുള്ള ആധുനിക യുദ്ധസന്നാഹങ്ങള്‍ കേരളത്തിന്റെ ഭൂമിയിലോ ആകാശത്തോ വെള്ളത്തിലോ നടന്നിട്ടില്ല. മലയാളികളായ പട്ടാളക്കാരെ ഒഴിച്ചുനിര്‍ത്തിയാല്‍, യുദ്ധരംഗത്തുപെട്ടുപോയ പ്രവാസികളായ മലയാളികളെ ഒഴിച്ചുനിര്‍ത്തിയാല്‍, ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ചിന്തകളിലും വ്യവഹാരങ്ങളിലും ഒരു യുദ്ധമുണ്ടാക്കുന്ന ദുരന്തത്തിന്റെ സ്വാനുഭവവേദനയുടെ കുറവുണ്ട്. അതിനാല്‍ മലയാളികളില്‍ ഒരു വിഭാഗം ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന കൂട്ടക്കുരുതികളെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. ജൂതന്മാര്‍ ഇസ്രയേലിനെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ നിന്നും മലയാളിവ്യവഹാരങ്ങളെ വ്യത്യസ്തമാക്കുന്ന ഘടകം എന്താണെന്ന് ഒന്നാലോചിച്ചുനോക്കൂ. അത് ഈ സംഘര്‍ഷത്തില്‍ ജൂതരെ സംബന്ധിച്ചിടത്തോളം അവരുടെ വേണ്ടപ്പെട്ടവരുടെ ചോരയുണ്ട് എന്നതാണ്. കണ്ണില്‍ ചോരയില്ലാത്തവര്‍ എന്ന ഒരു ഭാഷാപ്രയോഗം മലയാളത്തിലുണ്ട്. അതിനൊരുദാഹരണം കുഞ്ഞുങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കുവാന്‍ പറ്റുംവിധം ഇസ്രയേല്‍ മാറിയിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടു പ്രധാന ചിന്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നത്. 

To advertise here,

ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വലിയ ദാര്‍ശനികരിലൊരാളാണ് ജോര്‍ജോ അഗമ്പന്‍ (Giorgio Agamben). ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതി അദ്ദേഹം 'ജൂദായിസത്തിന്റെ അന്ത്യം' എന്ന പേരില്‍ ചെറിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതേക്കുറിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത് ജൂതനും ചരിത്രകാരനുമായ അവി ഷ്ലെയിം (Avi Shlaim) ജൂതജനതയോട് ഇസ്രയേല്‍ ചെയ്ത കുറ്റങ്ങള്‍ നിരത്തുന്നിടത്തേക്കാണ്. അതിനാല്‍ എന്റെ ഈ ലേഖനത്തിന്റെ ശ്രദ്ധാകേന്ദ്രം പാലസ്തീന്‍ ജനതയോ ലെബനന്‍ ജനതയോ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരന്തങ്ങളോ അല്ല, ഇസ്രയേല്‍ ആണ് എന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ.

placeholder
ജോര്‍ജോ അഗമ്പന്‍

ജൂതചരിത്രത്തില്‍ സയണിസ്റ്റ് പ്രസ്ഥാനം (ലോകത്തിലെ ജൂതര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ച പ്രസ്ഥാനം ) നടത്തിയ രണ്ട് അടിസ്ഥാന യഹൂദസ്വത്വനിരാസങ്ങളെ കുറിച്ച് മനസ്സിലാക്കാതെ ഇസ്രയേല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് ജോര്‍ജോ അഗമ്പന്‍ പറയുന്നത്. ദാര്‍ശനികന്‍ പറയുന്ന കാര്യങ്ങളെ ചരിത്രവസ്തുതകള്‍ നിരത്തി, സ്വാനുഭവത്തിന്റെ സത്യത്തോടുകൂടി, അവതരിപ്പിക്കുകയാണ് അവി ഷ്ലെയിം ചെയ്യുന്നത്.   

ഏതൊക്കെയാണ് ഇസ്രയേല്‍ ചെയ്ത രണ്ട് യഹൂദസ്വത്വനിരാസങ്ങള്‍?

ഒന്ന് പാശ്ചാത്യ ക്രിസ്തീയാശയമായ ദേശരാഷ്ട്രസങ്കല്‍പം അത്തരം ചിന്തകള്‍ അന്യമായിരുന്ന ജൂദായിസത്തിലേക്ക് കടത്തി എന്നതാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടങ്ങിയ ഈ ചിന്തയെ യഹൂദജനതയെക്കൊണ്ട് പൂര്‍ണ്ണമായും സ്വാംശീകരിപ്പിച്ചത് സയണിസ്റ്റ് പ്രസ്ഥാനമാണ് എന്ന് അഗമ്പന്‍ പറയുന്നു. അത് ജൂതസ്വത്വനിരാസമാണ്.

രണ്ടാമത്തെ നിരാസം എന്നത് ഗലുത് (Galtu) എന്ന ഹിബ്രു വാക്കുമായി ബന്ധപ്പെട്ടതാണ്. പ്രവാസം എന്ന ജൂതാവസ്ഥയാണ് അത്. ജൂദായിസത്തിന്റെ ഇന്നേവരെയുള്ള എല്ലാ ചരിത്രരൂപങ്ങളിലും ഉള്ള ഒന്നാണ് ഈ നിത്യപ്രവാസാവസ്ഥ. വിശുദ്ധപുസ്തകവുമായി കേറിചെല്ലുന്നിടം യഹൂദന് സ്വന്തം നാടും ദേവാലയവുമായിരുന്നു, നമ്മുടെ കൊച്ചിയും. പുതിയ കലണ്ടറിലെ എഴുപതാമാണ്ടില്‍ ജറുസലേമിലെ രണ്ടാം അമ്പലം റോമാക്കാര്‍ തകര്‍ക്കുന്നതിനും മുന്‍പേ ആരംഭിച്ചതാണ് ഈ നിത്യപ്രവാസം. ബൈബിള്‍ അതേക്കുറിച്ചൊക്കെ പറയുന്നുമുണ്ട്. ദാര്‍ശനികനായ അഗമ്പന്‍ പറയുന്നത് പ്രവാസം എന്നത് ഭൂമിയിലെ ജൂതവാസത്തിന്റെ അടിസ്ഥാനഭാവമായിരുന്നു എന്നാണ്. വിവിധ സമുദായങ്ങളുമായി പരസ്പരധാരണകളോടെ, സാഹോദര്യത്തോടെ, ലോകമെമ്പാടും സ്വന്തം ഇടമെന്നുകരുതി ജീവിച്ച ഒരു സഹജഭാവത്തിന്റെ നിരാസമാണ് സയണിസ്റ്റ് പ്രസ്ഥാനം കൊണ്ടുവന്ന രണ്ടാമത്തെ നിര്‍ണ്ണായക നിരാസം. അഗമ്പന്‍ പറയുന്ന ഈ രണ്ടാമത്തെ നിരാസമാണ് യഹൂദരെ സംബന്ധിച്ചിടത്തോളം ഏറ്റവും അരക്ഷിതമായ ഒരിടമാക്കി ഇസ്രയേലിനെ മാറ്റിത്തീര്‍ത്തത് എന്നാണ് ജൂതനും ജൂതചരിത്രകാരനുമായ അവി ഷ്ലെയിം പറയുന്നത്. 

പ്രവാസത്തിന് ഒരു ദൈവികതയുണ്ട് എന്ന് ദാര്‍ശനികന്‍ വാദിക്കുമ്പോള്‍, ചരിത്രകാരന്‍ പറയുന്നത് തന്റെ കുടുംബം ഇറാക്കിലെ ജീവിതം അവസാനിപ്പിച്ച് 1948-ല്‍ പുതിയ യഹൂദ രാഷ്ട്രമായ ഇസ്രയേലിലേക്ക് പോയതോടെ വലിയ സ്വത്വനഷ്ടം വന്നു എന്നാണ്. അവി ഷ്ലെയിം പറയുന്നത് 'ഇറാക്കിലായിരുന്നപ്പോള്‍ തങ്ങളെ അവര്‍ ജൂതര്‍ എന്നുവിളിച്ചുപോന്നു. ഇസ്രയേലിലാകട്ടെ ഞങ്ങളെ ഇറാക്കികള്‍ എന്നാണ് വിളിക്കുന്നത്'എന്നാണ്. ഇതാണ് നിത്യപ്രവാസിയുടെ സ്വത്വനഷ്ടം എന്നതുകൊണ്ട് അഗമ്പന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കാം :

'ജൂദായിസത്തിലെ പ്രവാസസങ്കല്പം ജൂതാവസ്ഥയെക്കുറിച്ച് മാത്രമല്ല പറയുന്നത്. ലോകത്തിന്റെ തന്നെ ഒരു ന്യൂനതയാണത്. പ്രാചീന യഹൂദ മിസ്റ്റിക്കല്‍ പാരമ്പര്യത്തില്‍ സൃഷ്ടി തന്നെ ദൈവികത്വം സ്വന്തം സത്തയില്‍ നിന്നും പ്രവാസത്തിലേക്കു പോയപ്പോള്‍ ഉളവായതാണ്'.  

അഗമ്പന്റെ ലേഖനം അവസാനിക്കുന്നത് ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയങ്ങളില്‍ മരിക്കാത്ത ജൂദായിസത്തിനെ കൊന്നത് ഇസ്രയേലാണ് എന്നു പറഞ്ഞുകൊണ്ടാണ്.

ആയിരത്താണ്ടുകളായി ബാഗ്ദാദില്‍ താമസിച്ചുപോന്ന ഒരു യഹൂദകുടുംബത്തിലാണ് അവി ഷ്ലെയിം ജനിച്ചത്. അവിയ്ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സ്വന്തം നാടും വീടും ഭാഷയും ഭക്ഷണവും ഇതെല്ലാം കൂടിച്ചേര്‍ന്ന സംസ്‌കാരവും ഉപേക്ഷിച്ച് 1951-ല്‍ ഇസ്രയേലിലേക്ക് കുടിയേറിയത്. 2023- ല്‍ പുറത്തിറങ്ങിയ Three Worlds: Memoirs of an Arab-Jew എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഇസ്രയേല്‍ -അറബ് ചരിത്രകാരനായ അവി ഷ്ലെയിമിന് ഇസ്രയേല്‍ പൗരത്വവും ഇംഗ്ലണ്ട് പൗരത്വവുമുണ്ട്.

യഹൂദരെ സംബന്ധിച്ചിടത്തോളം ലോകത്തില്‍ ഏറ്റവും അരക്ഷിതമായ ഇടമായി ഇസ്രയേല്‍ മാറിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് രണ്ടുമാസങ്ങള്‍ക്കു മുന്‍പ് ആഷ് സര്‍ക്കാറിന് അനുവദിച്ച അഭിമുഖ സംഭാഷണത്തില്‍ അവി ഷ്ലെയിം ചരിത്രം പറയാന്‍ തുടങ്ങിയത്. സമ്പത്തുള്ള ഇസ്രയേലികള്‍ ആ രാജ്യം ഉപേക്ഷിച്ച് അമേരിക്കയിലേക്കും മറ്റും കുടിയേറിക്കൊണ്ടിരിക്കുകയാണ്. ജൂതവിരുദ്ധത ലോകത്തിലെല്ലാം ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ കുറ്റവാളി ഇസ്രയേല്‍ തന്നെയാണ് എന്നദ്ദേഹം ചരിത്രവസ്തുതകള്‍ നിരത്തി പറഞ്ഞിരിക്കുന്നു. 

placeholder
അവി ഷ്ലെയിം

1948- ന് മുന്‍പ് അറബ് ലോകത്തിലാകമാനം ജൂതര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. അറബ് ലോകത്തിന് ജൂതര്‍ ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. വിവിധ വിശ്വാസങ്ങളില്‍ പുലര്‍ന്നവര്‍ പരസ്പര സാഹോദര്യത്തില്‍ കഴിഞ്ഞിരുന്ന ഇടമായിരുന്നു അറബ് ലോകം. (ഇസ്ലാം മതരൂപീകരണത്തിനുശേഷമുള്ള വ്യാപനവേളകളിലെ ജൂതവിരുദ്ധ ഉള്ളടക്കത്തിന് അറബ് ലോകത്തെ പൊതുജീവിതത്തിലെ ജൂത-മുസ്ലിം സഹവര്‍ത്തിത്വത്തിന് മുറിവേല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല; 1948 വരെ) 1948- ന് മുന്‍പ് എട്ടുലക്ഷത്തോളം യഹൂദര്‍ ലെബനനിലും ഈജിപ്തിലും സിറിയയിലും ഇറാക്കിലുമായി ഉണ്ടായിരുന്നു. അവി ഷ്ലെയിം ജനിച്ച ഇറാക്കില്‍ 1948- ല്‍ ഒരു ലക്ഷത്തിമുപ്പത്തയ്യായിരം ജൂതരുണ്ടായിരുന്നു. 'ജൂതപ്രശ്‌നം' (The Jew Problem ) എന്നത് ഒരു യൂറോപ്യന്‍ പ്രശ്‌നമായിരുന്നു. അവി ഷ്ലെയിം പറയുന്നത് യൂറോപ്പില്‍ യഹൂദര്‍ എന്നും അപരന്മാരായി പരിഗണിക്കപ്പെട്ടുപോന്നു എന്നാണ്. അറബ് ലോകത്തില്‍ മുസ്ലീമും ക്രിസ്ത്യാനിയും ജൂതനും അവരവരുടെ വിശ്വാസത്തില്‍ ജീവിക്കുകയും എന്നാല്‍ അറബികളായി സ്വയം കരുതുകയും ചെയ്തുപോന്നു എന്നാണ്. യൂറോപ്പിനെ അലട്ടിയ ജൂതപ്രശ്‌നം പരിഹരിക്കുവാന്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരു പദ്ധതിയും തയ്യാറാക്കി. അറബ് ലോകത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു. അതിനാല്‍ യഹൂദരെ അവരവരുടെ സ്വന്തം നാടുകളില്‍ നിന്നും പറിച്ചെടുത്ത് പുതിയ ഒരു രാജ്യത്തില്‍ സ്ഥാപിക്കേണ്ടത് ഒരു യൂറോപ്യന്‍ കൊളോണിയല്‍ പദ്ധതിയായിരുന്നു. അറബ് ലോകത്തെ ആദ്യത്തെ യഹൂദവിരുദ്ധസാഹിത്യമെല്ലാം അറബി ഭാഷയിലെഴുതപ്പെട്ടതല്ല മറിച്ച് യൂറോപ്യന്‍ ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ ജൂതവിരുദ്ധമനസ്സ് അറബ് ലോകത്തുണ്ട്. എന്നാല്‍ അത് ഇസ്രയേലിന്റെ ജനനത്തിനു ശേഷം സൃഷ്ടിക്കപ്പെട്ടതാണ്.  'ഇറാക്കിന്റെ രാഷ്ട്രനിര്‍മാണത്തില്‍ ആയിരക്കണക്കിന് അറബ് ജൂതര്‍ നല്‍കിയ മഹാസംഭാവനകളെ എത്രപെട്ടെന്നാണ് എന്റെ രാജ്യം മറക്കുകയും ജൂതരെ പീഡിപ്പിക്കാന്‍ തുടങ്ങിയതും', അവി ഷ്ലെയിം പറയുന്നു. 

സയണിസ്റ്റ് നേതാക്കന്മാര്‍ എന്നും അറബ് ലോകത്തെ ജൂതരെ അധമരായിട്ടാണ് കണ്ടിട്ടുള്ളത്. അവരുടെ ആദ്യകാലനേതാക്കളില്‍ ഒരാളായിരുന്ന ജബോട്ടിന്‍സ്‌കി ഒരിക്കല്‍ ദൈവത്തോട് നന്ദി പറഞ്ഞു. എന്തിനാണെന്നറിയാമോ? അറബിനാട്ടിലെ ജൂതനായി ജന്മം നല്‍കാത്തതിന്. 

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈയ്യിലെ പാപക്കറയെപ്പറ്റി അവി ഷ്ലെയിം പറയുന്നുണ്ട്. സിയോണിസ്റ്റ് പ്രസ്ഥാനം അവരുടെ പ്രോത്സാഹനത്തിലാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍: ' ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടന്‍ സിയോണിസ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു. 1917-ല്‍ പലസ്തീനില്‍ ജൂതരാഷ്ട്രം ഉണ്ടാക്കണം എന്ന പ്രമേയം ബ്രിട്ടീഷ് സാമ്രാജ്യത്വം കൊണ്ടുവന്നു. അപ്പോള്‍ ആ പ്രദേശത്ത് തൊണ്ണൂറുശതമാനവും അറബികളായിരുന്നു. പത്തുശതമാനം ജൂതരും. ഭൂമിയുടെ വെറും രണ്ടുശതമാനം മാത്രമായിരുന്നു ജൂതരുടെ പക്കല്‍.'

ഇന്നും ബ്രിട്ടനും അമേരിക്കയും അവരുടെ കാപട്യം തുടരുകയാണ്. അദ്ദേഹം പറയുന്നു, 'ഞാന്‍ ജൂതനാണ്. എന്നാല്‍ വില്ലന്‍ രാജ്യസ്‌നേഹമല്ല. ദേശീയതാവാദമാണ്. ദേശീയതവാദത്തിന് എന്നും ഒരു ശത്രുവിനെ വേണം. രാജ്യസ്‌നേഹത്തിന് അതിന്റെ ആവശ്യമില്ല. ദേശീയതാവാദം ആദ്യം ചെയ്യുന്നത് ചിന്തിക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയാണ്.'