നാടുവിടേണ്ടിവരുന്ന ഭരണാധികാരികളുടെ രാജ്യത്തിനു പുറത്തെ ആദ്യദിവസത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് മറ്റൊരു മുറി, സ്വന്തം ഛായാചിത്രമില്ലാത്ത ചുവര്‍, മറ്റൊരാകാശത്തേക്ക് തുറക്കുന്ന അപരിചിതജാലകം, ഇതിനു മുന്‍പു കണ്ടിട്ടില്ലാത്ത പരിചാരകരുടെ ഉപചാരവാക്ക്, ശീലമില്ലാത്ത ചായക്കോപ്പ, അതിലെ അസുഖകര കൊടുങ്കാറ്റുകള്‍, അന്യദേശത്തെ സുരക്ഷാഭടര്‍, അവര്‍ നല്‍കിയിട്ടു പോകുന്ന പരദേശ ദിനപ്പത്രങ്ങള്‍... സിറിയയില്‍നിന്ന്‌ ഒളിച്ചോടിയ അസദിന്റെ ആദ്യ റഷ്യന്‍പകല്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗത്തിന്റെ ആദ്യപകല്‍ പോലെയൊന്ന് ആയിരുന്നിരിക്കണം. അദ്ദേഹത്തിന് സുരക്ഷയുണ്ട്, ഭക്ഷണമുണ്ട്, കാവല്‍ക്കാരുണ്ട്, കാഴ്ചക്കാരുണ്ട്, എന്നാല്‍ സ്വന്തമായ പച്ചപ്പില്ല, മേച്ചില്‍പ്പുറമില്ല, അതു നല്‍കുന്ന അധികാരങ്ങളില്ല.  

To advertise here,

സിറിയന്‍ ദേശീയ കവിയായ നിസ്സാര്‍ കബ്ബാനിയുടെ (Nizar Qabbani 1923 -1998)  കവിതകള്‍ അസ്സദിന്റെ ഓര്‍മ്മയിലേക്ക് വരുന്നുണ്ടാകണം:

'ഡമാസ്‌കസില്‍ നിന്നാണ് മുല്ലപ്പൂവിന് ഈ വെളുപ്പ് കിട്ടിയത് 
ലോകത്തിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും മണം കടമെടുക്കുന്നത് ഇവിടെ നിന്നാണ് 
ഏതു ദിക്കിലേക്കാണെങ്കിലും വെള്ളമെല്ലാം ഒഴുകിത്തുടങ്ങുന്നത് ഇവിടെനിന്നാണ്'

നിസ്സാര്‍ കബ്ബാനി സിറിയയുടെ ദേശീയ കവിയാണ്. അറബ് കവിതയിലെ ഏറ്റവും പ്രമുഖമായ ശബ്ദങ്ങളില്‍ ഒന്നെന്ന്‌ കവിതാപ്രണയികള്‍ വിലയിരുത്തിപ്പോരുന്ന കബ്ബാനിയുടെ കവിതകളുടെ പുനര്‍വായന നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, മനോഹരങ്ങളായ കവിതകള്‍ രചിക്കപ്പെട്ട ഒരു ഭൂമിയില്‍ എന്തുകൊണ്ടാണ് ഇത്രയും ചോരപ്പുഴകള്‍ ഒഴുകുന്നത്? കബ്ബാനിയുടെ തന്നെ We are accused of  Terrorism എന്ന കവിതയില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്.

'ഞങ്ങളുടെ ഗൃഹഭൂമിയുടെ അവശേഷിപ്പുകളെക്കുറിച്ച്,
സ്വന്തമായ ഒരിടം അന്വേഷിക്കുന്ന ഗൃഹഭൂമിയെക്കുറിച്ച്,
സ്വന്തമായ മുഖം പോലും നഷ്ടപ്പെട്ട ഗൃഹഭൂമിയെക്കുറിച്ച്
എന്തെങ്കിലും എഴുതാമെന്നുവെച്ചാല്‍ നിങ്ങള്‍ ഞങ്ങളെ 
ഭീകരവാദികള്‍ എന്ന് മുദ്രകുത്തും'.

നമ്മെ അത്ഭുതപ്പെടുത്തുന്ന കവിതയാണ് നിസ്സാര്‍ കബ്ബാനിയുടേത്. നിരന്തരയുദ്ധങ്ങളാല്‍, ദുരിതങ്ങളാല്‍ ചിതറിയ ഒരു ജനതയില്‍ പ്രണയം എങ്ങനെ മൃദുവായ തൂവല്‍പോലെ വര്‍ത്തിക്കുന്നു എന്ന് അപാരമായ ബിംബകല്‍പനകളാലും ലാളിത്യത്താലും ആ കവിതകള്‍ നമ്മോടു പറയുന്നു. സിറിയയില്‍ വിമതസേന അധികാരം പിടിച്ചെടുത്ത ദിവസങ്ങളില്‍ അവിടത്തെ ജനങ്ങളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് ആലോചിച്ചിരിക്കവേയാണ് കബ്ബാനിയുടെ കവിതകളെക്കുറിച്ച് ഓര്‍ത്തത്.

placeholder
നിസാര്‍ ഖബാനി, ബാഷര്‍ അല്‍ അസദ്‌

'വേനലില്‍ ഞാന്‍ കടല്‍ത്തീരത്ത് നിന്നെയുമോര്‍ത്ത് 
നീണ്ടുനിവര്‍ന്നുകിടന്നു.
നീയെനിക്കെന്താണെന്ന് ഞാന്‍ കടലിനോട് പറഞ്ഞിരുന്നെങ്കില്‍ 
കടല്‍ അതിന്റെ തീരങ്ങളേയും ശംഖുകളേയും മീനുകളേയും 
ഉപേക്ഷിച്ച് 
എന്റെ പിന്നാലേ പോരുമായിരുന്നു'

Love in Time of War: Letter writing in the Second World War എന്ന ഒരു പുസ്തകമുണ്ട്. Deborah Montgomerie എഴുതിയത്. Auckland University Press, Auckland, 2005- ല്‍ പ്രസിദ്ധീകരിച്ചത്. സംഘര്‍ഷസമയങ്ങളില്‍ സൈനികരുടേയും സാധാരണക്കാരുടേയും പ്രണയലേഖനങ്ങളും സ്‌നേഹലേഖനങ്ങളും നമ്മുടെ മുന്നില്‍ നിവര്‍ത്തുന്ന വ്യക്തിപര സാമൂഹ്യചരിത്രമാണിത്. പിറ്റേന്ന് വെടിയേറ്റുവീഴും എന്നുറപ്പുള്ളപ്പോള്‍ തലേന്നുരാത്രി കാമുകിക്കോ ഭാര്യയ്‌ക്കോ ഒരു ചുംബനം തപാലില്‍  അയയ്ക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ . 

'കുറേനാളുകള്‍ കൂടി വീണ്ടും കാണുന്ന നേരത്ത് 
നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍ 
പെട്ടെന്നെഴുതിയ ഒരു പ്രേമലേഖനം 
ഒരു ചുവന്ന തപാല്‍പെട്ടിയില്‍ ഇടുമ്പോലെയാണ് എനിക്ക്'
എന്ന് കബ്ബാനി എഴുതി. അദ്ദേഹത്തിന്റെ പ്രണയകവിതകള്‍ അസാധാരണങ്ങളും ലോകോത്തരങ്ങളുമാണ്. 

നിസ്സാര്‍ തൗഫീക് കബ്ബാനി ഡമാസ്‌കസ്സിലെ ഒരു ഇടത്തരം വ്യാപാരികുടുംബത്തില്‍ ജനിച്ചു. അച്ഛന് ഒരു ചോക്ലേറ്റ് ഫാക്ടറി ആയിരുന്നു. സിറിയന്‍ ഗറില്ലകള്‍ക്ക് ധനസഹായം നല്‍കുന്നതിനാല്‍ അദ്ദേഹത്തിന് പലപ്പോഴായി ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. കബ്ബാനിയെ പതിനഞ്ചാം വയസ്സില്‍ ഉലച്ച ഒരു സംഭവമുണ്ടായി. ഇഷ്ടപ്പെട്ട ആളിനെ വിവാഹം ചെയ്യാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ചേച്ചി ആത്മഹത്യ ചെയ്തു. പ്രണയം എന്ന മഹാപ്രമേയം തന്റെ കവിതകളില്‍ തീക്ഷ്ണമായി നിറയാന്‍ ചേച്ചിയുടെ ആത്മഹത്യ ഒരു കാരണമായി. ഒരു കവിതയില്‍ അദ്ദേഹം എഴുതി :

'നിന്റെ ശരീരമാണ് എന്റെ ഭൂപടം 
ലോകഭൂപടം എന്നെ സ്പര്‍ശിക്കുന്നതേയില്ല 
ദുഃഖത്തിന്റെ ഏറ്റവും പുരാതനമായ തലസ്ഥാനമാണ് ഞാന്‍ 
എന്റെ മുറിവ് ഒരു ഫറവോന്‍കാല ശിലയിലെ കൊത്തെഴുത്താണ്
എന്റെ വേദന ബെയ്റൂട്ടില്‍നിന്നു ചൈനയിലേക്ക് 
ഒഴുകുന്ന എണ്ണ പോലെ വ്യാപിക്കുന്ന ഒന്നാണ്.

വിപ്ലവകാരിയാണോ എന്ന് കബ്ബാനിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയില്‍ പോലും പ്രണയമായിരുന്നു തീ. ഒരു വിമതജീവിതത്തില്‍ പ്രണയം പ്രതിഷേധത്തിന്റെ പതാക പേറുന്നുണ്ട്. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'അറബ് ലോകത്തില്‍ പ്രണയം ഒരു തടവുകാരന്‍ /തടവുകാരിയാണ്. അതിനെ എനിക്ക് സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിക്കണം. അറബ് ആത്മാവിനേയും വികാരത്തേയും ശരീരത്തേയും കവിതകൊണ്ട് എനിക്ക് മോചിപ്പിക്കണം.'

1981- ല്‍ ബെയ്റൂട്ടില്‍ നടന്ന ബോംബിങ്ങിലാണ് കബ്ബാനിയുടെ ഭാര്യ ബില്‍ക്കീസ് കൊല്ലപ്പെട്ടത്. 'ബില്‍ക്കീസ്' എന്നപേരിലുള്ള കവിതയില്‍ തന്റെ ഭാര്യയുടെ മരണത്തിനുകാരണം അറബ് ലോകത്തെ ഛിദ്രമാക്കുന്ന ലോകരാഷ്ട്രീയമാണെന്ന്‌ കബ്ബാനി കുറ്റപ്പെടുത്തുന്നുണ്ട്.

'നന്ദി, നന്ദി, ബില്‍ക്കീസിനെ കൊന്നവര്‍ക്ക് .
ഇനി അവളുടെ കല്ലറയുടെ അരികില്‍ പോയിരുന്ന് 
നിങ്ങള്‍ മദ്യപിച്ചോളൂ.
എന്റെ കവിതയാണ് ഇന്ന് കൊല്ലപ്പെട്ടത്.'

ഉദ്യോഗസ്ഥജീവിതത്തില്‍ അദ്ദേഹം ഒരു വിദേശ നയതന്ത്രജ്ഞനായിരുന്നു. കെയ്റോയിലും ഇസ്താംബൂളിലും ബെയ്റൂട്ടിലും മാഡ്രിഡിലും ലണ്ടനിലും ബെയ്ജിങിലും നിസ്സാര്‍ കബ്ബാനി സിറിയയുടെ പ്രതിനിധിയായിരുന്നു. അന്‍പതു വര്‍ഷങ്ങള്‍ നീണ്ട എഴുത്തുജീവിതത്തില്‍ നാല്‍പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അറബ് സാഹിത്യലോകം അദ്ദേഹത്തെ അവരുടെ ഏറ്റവും നല്ല കവികളില്‍ ഒരാളായി കരുതുന്നു. അറബിയില്‍ നേരിട്ട് അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കാന്‍ കഴിഞ്ഞവര്‍ പറയുന്നത് ഒരു തര്‍ജമയിലും കേള്‍ക്കാന്‍ കഴിയാത്ത ഈണം കബ്ബാനി കവിതകള്‍ക്കുണ്ട് എന്നാണ്. 

'ശരറാന്തലിനെക്കാള്‍ പ്രധാനം പ്രകാശത്തിനാണ്
നോട്ടുബുക്കുകളേക്കാള്‍ പ്രധാനം കവിതതന്നെയാണ് 
ചുണ്ടുകളേക്കാള്‍ പ്രധാനം ചുംബനമാണ് 
ഞാന്‍ നിനക്കെഴുതിയ കത്തുകള്‍ 
നമ്മള്‍ രണ്ടുപേരേക്കാളും പ്രധാനമാണ്. 
കാരണം 
നിന്റെ സൗന്ദര്യമെന്താണെന്നും 
എന്റെ ഭ്രാന്ത് എന്തെന്നുമറിയാന്‍ 
ലോകത്തിനുമുന്നിലുള്ള 
ഒരേയൊരു രേഖയാണത്'

അറബ് ലോകത്തില്‍ നടക്കുന്ന നിരന്തര യുദ്ധങ്ങളില്‍ വ്യക്തിലോകങ്ങളിലെ നിത്യദുഃഖത്തെക്കുറിച്ച് കബ്ബാനി എന്നും ആകുലനായിരുന്നു.
ബില്‍ക്കീസില്‍ അദ്ദേഹം എഴുതി :

'ബില്‍ക്കീസ്, എനിക്കു മാപ്പുനല്‍കൂ.
ഒരു പക്ഷേ നിന്റെ ജീവിതം എനിക്കായുള്ള 
ഒരു ത്യാഗമായിരുന്നിരിക്കണം.
എനിക്കറിയാം കൊലയാളികള്‍ കൊല്ലാനാഗ്രഹിച്ചത് 
എന്റെ വാക്കുകളെ ആയിരുന്നു എന്ന്.
എന്റെ സുന്ദരീ, ഇനി എന്നെന്നേക്കുമായി ഉറങ്ങൂ 
നിനക്കുശേഷം എന്നില്‍ കവിത വറ്റിപ്പോകുകയാണ്,
അതുപോലെ സ്ത്രീയും'.
നിന്റെ സുന്ദരമായ മുടിക്കെട്ടിനെക്കുറിച്ച് കുട്ടികള്‍ 
തലമുറകളോളം വായിക്കട്ടെ .
ഒരിക്കല്‍ അറബ് ലോകത്തിന് തിരിച്ചറിവുണ്ടാകും ,
അവരെത്ര പ്രവാചകകളേയും പ്രവാചകരേയും കൊന്നുകളഞ്ഞു എന്ന്'. 

നാടുകടത്തപ്പെട്ട നാളുകളില്‍ ഉമ്മയ്ക്കായി എഴുതിയ Five Letters to My Mother എന്ന കവിതയില്‍ ഡമാസ്‌കസ്സിനെ ഓര്‍ത്ത് വിലപിക്കുന്ന ഭാഗമുണ്ട് :
'അമ്മേ ,
ഇത് സെപ്റ്റംബര്‍ .
എവിടെയാണ് ഡമാസ്‌കസ് ?
എവിടെ ബാപ്പ? അദ്ദേഹത്തിന്റെ കണ്ണുകള്‍?
എവിടെ പട്ടുപോലെയുള്ള ആ നോട്ടങ്ങള്‍?
എവിടെ അദ്ദേഹത്തിന്റെ കാപ്പിയുടെ മണം?
ദൈവം അദ്ദേഹത്തിന്റെ കല്ലറയെ അനുഗ്രഹിക്കട്ടെ .
ഡമാസ്‌കസ്, ഡമാസ്‌കസ് ,
എന്തുനല്ല കവിതകളാണ് ഞങ്ങള്‍ 
ഞങ്ങളുടെ കണ്ണുകളില്‍ എഴുതിയത്.
എന്തു ഭംഗിയുള്ള ഒരു കുഞ്ഞിനെയാണ് നമ്മള്‍ ക്രൂശിച്ചത്!
അവളുടെ മുന്നില്‍ നാം മുട്ടുകുത്തി.
അവളുടെ അഭിനിവേശങ്ങളില്‍ നാം ഉരുകി.
സ്‌നേഹത്താല്‍ നമ്മള്‍ അവളെ കൊന്നുകളയും വരെ.'

മദ്ധ്യ-കിഴക്കന്‍ രാജ്യങ്ങളില്‍ നിരന്തരസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന പാശ്ചാത്യ-കൊളോണിയല്‍ പദ്ധതികളെ അദ്ദേഹം എന്നും നഖശിഖാന്തം എതിര്‍ത്തുപോന്നു. എന്നാല്‍, ആ കവിതകളില്‍ രാഷ്ട്രീയം മുദ്രാവാക്യസ്വഭാവമുള്ള പ്രത്യക്ഷത ആയിരുന്നില്ല. സൂക്ഷ്മമായ അന്തര്‍ധാര ആയിരുന്നു. 1967-ല്‍ ആറുദിവസങ്ങള്‍ നീണ്ട യുദ്ധത്തില്‍ ഇസ്രയേലില്‍നിന്ന്‌ അറബ് രാഷ്ട്രങ്ങള്‍ നേരിട്ട വലിയ പരാജയം 'അറബ് ദേശീയത' എന്ന പ്രിയങ്കരസ്വപ്നത്തെ തകര്‍ത്തുകളഞ്ഞെന്ന്‌ അറബ് ദേശീയതാവാദിയായിരുന്ന നിസ്സാര്‍ കബ്ബാനി കരുതി. അദ്ദേഹത്തിന്റെ പ്രശസ്തമായ കവിത When Will They Announce the Death of Arabs? അതേക്കുറിച്ചായിരുന്നു. ആത്മനാശത്തില്‍ അഭിരമിക്കുന്ന, ജനാധിപത്യവിരുദ്ധ രാജാധിപത്യങ്ങളില്‍ അധികാരം ഉറപ്പിക്കുന്ന അറബ് ഭരണകൂടങ്ങളെ കബ്ബാനി ഈ കവിതയില്‍ വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞു;

'ഞാന്‍ കിനാവു കണ്ടു, ഒരു അറബ് ലോകത്തെ. 
ലോകം ആദരിക്കുന്ന ഒരറബ് ദേശീയതയെ. 
യഥാര്‍ത്ഥത്തില്‍ അറബ് ജനത അതര്‍ഹിക്കുന്നുണ്ടായിരുന്നു. 
എന്നാല്‍, ഒരു വേനലില്‍ ആ സ്വപ്നത്തിനുമേല്‍ ഞാന്‍ ഒരു ശവക്കച്ച പുതപ്പിച്ചു. 
ഞാന്‍ കിനാവു കണ്ടു, 
എന്റെ കവിതയുടെ സഖാവായ ഒരു രാജ്യത്തെ,
എനിക്കും എന്റെ ചിന്തകള്‍ക്കുമിടയില്‍ വിലക്കുമായി വരാത്ത ഒരു രാജ്യത്തെ,  
എന്റെ മനസ്സിനുമേല്‍ കവാത്തുചെയ്യുന്ന പട്ടാളമില്ലാത്ത ഒരു രാജ്യത്തെ,
ഒരു സങ്കീര്‍ണതയുമില്ലാതെ പ്രണയിക്കാന്‍ കഴിയുന്ന 
ഒരു നഗരത്തെയാണ് ഞാന്‍ വരയ്ക്കാന്‍ ശ്രമിക്കുന്നത്.
സ്ത്രീത്വത്തെ കൂട്ടക്കൊലചെയ്യാത്ത ഒരു നഗരത്തെ'

കബ്ബാനി കണ്ട സ്വപ്നരാജ്യമല്ല ഇന്ന് സിറിയ. എന്നാലും നമ്മള്‍ വീണ്ടും സ്വപ്നം കാണാന്‍ ശ്രമിക്കുകയാണ്, ജോണ്‍ ലെനന്‍ പ്രശസ്തമായ പാട്ടില്‍ എഴുതിയതുപോലെ ....
Imagine there's no countries
It isn't hard  to do
Nothing to kill or die for
And no religion too
Imagine all the people
Living life in peace

നിസ്സാര്‍ കബ്ബാനിയുടെ ഒരു കവിത പ്രണയത്തെ ഭാഷയ്ക്കും മുകളില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. സിറിയയില്‍ കലാപഭൂമിയില്‍ കാമുകനെ കാണാന്‍ കഴിയാതെ ഉഴലുന്ന ഒരു കാമുകിക്ക്‌ ആ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു:

'ഒരാള്‍ പ്രണയത്തിലായിക്കഴിഞ്ഞാല്‍ പിന്നെ 
അയാള്‍ക്ക് പഴയ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കുവാന്‍ കഴിയും?
ഏതെങ്കിലും കാമുകി ഒരു വൈയാകരണന്റെയോ ഭാഷാപണ്ഡിതന്റെയോ 
കൂടെ കിടക്കാന്‍ ആഗ്രഹിക്കുമോ?
പ്രേമിക്കുന്ന സ്ത്രീയോട് ഞാന്‍ ഒന്നും പറഞ്ഞില്ല 
പ്രണയത്തെക്കുറിച്ചുള്ള വിശേഷണപദങ്ങള്‍ എല്ലാം 
ഒരു സൂട്ട്‌കേസില്‍ സമാഹരിച്ചിട്ട് 
ഞാന്‍ എല്ലാ ഭാഷകളില്‍നിന്നും ഓടിപ്പോകുകയായിരുന്നു'.