
കവിയെ പ്രവാചകന്‍ എന്നു വിളിക്കുന്ന പാരമ്പര്യങ്ങളുണ്ട്. ലത്തീന്‍ ഭാഷയില്‍ വേറ്റ്സ് എന്ന വാക്കിന് കവി എന്നും പ്രവാചകന്‍ എന്നും അര്‍ത്ഥമുണ്ട്. മനുഷ്യരെ കൂട്ടത്തോടെ കത്തിച്ചിരുന്ന ചൂളകളിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പുതന്നെ അത്തരം സാധ്യതയെക്കുറിച്ച് കുടിവെള്ളക്കുപ്പിയില്‍ കവിതയെഴുതിയവര്‍ നാസി തടങ്കല്‍പ്പാളയങ്ങളില്‍ ഉണ്ടായിരുന്നു. കവിതകള്‍ കാച്ചിക്കുറുക്കിയതാണെന്നും അതിനാല്‍ കോടതിവിചാരണകളില്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും യുദ്ധാനന്തരകോടതിയില്‍ തീര്‍പ്പുവന്നു. പക്ഷേ, ഓഷ്വിറ്റ്‌സിനുശേഷം കവിത സാദ്ധ്യമാണോ എന്ന അഡോണോയുടെ (Theodor W. Adorno) ചോദ്യത്തിനുള്ള മറുപടിയായി കുടിവെള്ളക്കുപ്പികളില്‍ എഴുതപ്പെട്ട പ്രവചനങ്ങള്‍ നിലനില്‍ക്കുകയാണ്. ദാര്‍ശനികന്‍ വിറ്റ്ഗെന്‍സ്റ്റെയിന്‍ കവിയെ മാനസികസമ്മര്‍ദത്തില്‍നിന്നും രക്ഷിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞ Georg Trakl നെയാണ് കണ്ടത്. ഒന്നാം ലോകമഹായുദ്ധത്തില്‍ മാനസികരോഗാശുപത്രിയില്‍ തടവില്‍ കിടന്നിരുന്ന സൈനികര്‍ ഒന്നടങ്കം ആത്മഹത്യ ചെയ്യുന്നതുകൊണ്ട് മനസ്സുതകര്‍ന്നാണ് ഓസ്ട്രിയന്‍ കവി ട്രാക്ല്‍ ആത്മഹത്യ ചെയ്തത്. ദാര്‍ശനികന് അറിയാമായിരുന്നു കവിയുടെ മാനസികസമ്മര്‍ദം. പക്ഷേ, ദാര്‍ശനികന് സഹായിക്കാന്‍ ആയില്ല.
ഇത്തരമൊരു മുഖവുര എഴുതാനുള്ള കാരണം ജൂലായ് പതിനേഴാം തീയതി വന്ന ഒരു സുപ്രീം കോടതി വിധിയും രണ്ടരക്കൊല്ലങ്ങള്‍ക്കുമുന്‍പ് മലയാളത്തില്‍ വന്ന ഒരു കവിതയുമാണ്. അസംകാരനായ റഹിം അലി ഇന്ത്യന്‍ പൗരനല്ല എന്ന അസമിലെ വിദേശി ട്രൈബ്യൂണൽ വിധിയെ ഇന്ത്യന്‍ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. പക്ഷേ വിധി അറിയാന്‍ റഹിം അലി ജീവിച്ചിരിപ്പില്ല. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹം മരിച്ചു.
ഇതൊന്നുമറിയാതെയാണ് അന്‍വര്‍ അലി മലയാളത്തില്‍ 'തിരിച്ചറിക്കാര്‍ഡ്' എന്ന പ്രവാചകസ്വരമുള്ള കവിത എഴുതിയത്. റഹിം അലിയുമായി ബന്ധപ്പെട്ട കോടതിവിധി വന്ന ദിവസം 'തിരിച്ചറിക്കാര്‍ഡ്' എന്ന കവിതയെ ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയിരുന്നു.
തിരിച്ചറിക്കാര്‍ഡ്
(മഹമ്മൂദ് ദാര്‍വിഷിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയുടെ തുടരെഴുത്ത്)
എഴുതി വയ്ക്ക്
എന്റെ പേര് അലി
തൊഴില്‍ വാക്കുകെട്ടല്‍
ആധാര്‍ ഇല്ല
മക്കള്‍ ധാരാളം
മിക്കവരും
സര്‍വ്വകലാശാലകളിലോ
ജയിലിലോ ആണ്
എന്തേ, മനംപിരട്ടല്‍ തോന്നുന്നുണ്ടോ?
എഴുതി വയ്ക്ക്
എന്റെ പേര് അലി
രണ്ടേമുക്കാലേ മേത്തോ എന്ന്
കൂട്ടുകാര്‍ വിളിക്കുമായിരുന്നു
പാടങ്ങളുടെയും
പൊലയരുടെയും കരയ്ക്ക്
നായമ്മാരുപേക്ഷിച്ച
കൊട്ടിയമ്പലത്തോടു ചേര്‍ന്ന
ചായ്പ്പിലാണ് വളര്‍ന്നത്
മുപ്പതു ജുസുവും
കമ്മൂ മാനിഫെസ്റ്റോയും ഓതിയിട്ടുണ്ട്
ശിവരാത്രിക്ക് കാവുതീണ്ടുമായിരുന്നു
അമാവാസിക്ക് കവിതയും.
എന്തേ, പേടിയാവുന്നുണ്ടോ?
എഴുതി വയ്ക്ക്
എന്റെ പേര് അലി
ഉമ്മയും വാപ്പയും നാടും വീടും
തിരുവിതാങ്കോട് -
അവിഭക്ത ഇന്ത്യയില്‍ ഇല്ലായിരുന്നിടം
കാശ്മീരും ബംഗാളും പഞ്ചാബും പോലെ
വെട്ടിമുറിക്കാത്തിടം
എന്തേ
രജിസ്റ്ററില്‍ പേരില്ലെന്നോ?
വേണ്ട
മരിച്ച രാജ്യത്ത് കബറടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.
പലസ്തീനിയന്‍ കവി മഹ്‌മൂദ് ദര്‍വിഷിന്റെ കവിതയുടെ തുടരെഴുത്താണ് അന്‍വര്‍ അലി ചെയ്തതെങ്കില്‍ അസമിലെ റഹിം അലിയുടെ വിധവ ഹാജിറ ബീവി അന്‍വര്‍ അലിയുടെ കവിതയ്ക്ക് ഒരു തുടര്‍ കവിതയെഴുതി. ഭര്‍ത്താവ് ഇന്ത്യന്‍ പൗരനാണ് എന്ന പരമോന്നത നീതിന്യായകോടതി വിധിച്ചതറിഞ്ഞപ്പോള്‍ ആ സ്ത്രീ പറഞ്ഞു,
'എന്തുകാര്യം!
ഏതുനേരവും പോലീസ് പിടിച്ചുകൊണ്ടുപോകും എന്ന അയാളുടെ ഭയം
അയാളുടെ മയ്യത്തോടെ ഇല്ലാതായി.
ഇനിയും അയാളെ വിദേശിയായി കാണാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ തന്നെ
എന്തുചെയ്യാന്‍ കഴിയും?
കബര്‍ കുത്തിത്തുറന്ന് നാടുകടത്തുമോ?'
ഈ വാര്‍ത്ത വന്ന ദിവസം ഞാന്‍ ബേഗം പര്‍വീണ്‍ സുല്‍ത്താനയുടെ പാട്ടുമാത്രമാണ് കേട്ടത്. പാട്ടുകേള്‍ക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല അത്. അങ്ങനെയൊരു മാനസികാവസ്ഥയല്ല ഹാജിറ ബീവിയുടെ പ്രതികരണം മനസ്സിലുണ്ടാക്കിയത്. പിന്നെന്തായിരിക്കാം എന്നെ മഹാഗായികയുടെ പാട്ടിലേക്ക് കൊണ്ടുപോയത്. പൗരത്വം എന്ന ആശയമാണ് എന്നെ അവരിലേക്ക് കൊണ്ടുപോയത് . അവര്‍ പാടുകയായിരുന്നു, 'हमें तुम से प्यार कितना ये हम नहीं जानते मगर जी नहीं सकते तुम्हारे बिना' '. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ ഹിന്ദി കവിയായിരുന്ന മജ്റൂഹ് സുല്‍ത്താന്‍പുരി എഴുതിയ ഗാനം. ഇന്നത്തെ ബംഗ്ലാദേശില്‍ ജനിച്ച സചിന്‍ ദേബ് ബര്‍മന്റെ മകന്‍ രാഹുല്‍ ദേബ് ബര്‍മന്‍ സംഗീതം നല്‍കിയ ഗാനം.' ഞാന്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നെനിക്കറിയില്ല. പക്ഷേ, ഒന്നെനിക്കറിയാം, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല.'

അപ്പനപ്പൂപ്പന്മാരുടെ പേരുനോക്കി 75 വയസ്സുമാത്രം പ്രായമുള്ള ഒരു രാജ്യം പൗരത്വം നല്‍കാന്‍ തീരുമാനിച്ചാല്‍ പര്‍വീണ്‍ സുല്‍ത്താനയ്ക്ക് ഇറാനിലേക്ക് പോകേണ്ടിവരും, അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക്. ഈ രാജ്യം ഏറ്റവും ചെറിയ പ്രായത്തില്‍ പത്മശ്രീ നല്‍കി ആദരിച്ച ഗായികയാണവര്‍. 1976-ല്‍ പുരസ്‌കൃതയാകുമ്പോള്‍ പര്‍വീണിന് ഇരുപത്തിയാറുവയസ്സായിരുന്നു പ്രായം. ഇറാന്‍കാരിയായ മറൂഫാ ബേഗത്തിനും അഫ്ഗാന്‍കാരനായ ഇക്റാമുല്‍ മജീദിനും അസമിലെ നാഗോണ്‍ നഗരത്തിലുണ്ടായ പെണ്‍കുട്ടിയാണ് പര്‍വീണ്‍ സുല്‍ത്താന. അസമിയ കലാപാരമ്പര്യത്തില്‍ അവഗാഹമുള്ള പ്രൊഫസര്‍ പ്രദീപ് ജ്യോതി മഹന്തയോട് ഒരിക്കല്‍ സംസാരിക്കവേ ഞാന്‍ ചോദിച്ചിരുന്നു 'അസാധാരണമായ രീതിയില്‍ വിവിധ സ്ഥായികളില്‍ അനായാസം എത്താനുള്ള പര്‍വീണ്‍ സുല്‍ത്താനയുടെ കഴിവിനെക്കുറിച്ച്. അത് അവരുടെ ഘരാനയുടെ രീതിയായിക്കൊള്ളണമെന്നില്ല. താങ്കള്‍ക്കെന്തുതോന്നുന്നു?'
മഹന്ത മറുപടി പറഞ്ഞു, 'അസമിന്റെ നാടോടിപാരമ്പര്യത്തില്‍ നിന്ന്'. ഈ സംഭവം ഞാന്‍ ഇവിടെ ഉദ്ധരിക്കുവാന്‍ കാരണം പര്‍വീണ്‍ സുല്‍ത്താനയുടെ ലാവണ്യബോധത്തിന്റെ പൗരത്വനിര്‍ണയം എങ്ങനെ സാദ്ധ്യമാകും എന്ന പ്രശ്‌നം ഉന്നയിക്കാനായിരുന്നു. ജനനമല്ല ജീവിതമാണ് പൗരത്വത്തിന്റെ അടിസ്ഥാനം. അസമിയ സാഹിത്യത്തില്‍ ജ്ഞാനപീഠം നേടിയ ശീലഭദ്ര (രേബതി മോഹന്‍ ദത്ത ചൗധുരി) ജനിച്ചത് 1926-ല്‍ ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഗൗരിപ്പൂരില്‍ ആയിരുന്നു. ഹിന്ദു ആയതിനാല്‍ ശീലഭദ്രയ്ക്ക് പൗരത്വവും മുസ്ലിം ആയതിനാല്‍ പാവം റഹിം അലിയ്ക്ക് പൗരത്വനിഷേധവും എന്ന ദുരന്താവസ്ഥയോടാണ് ക്രൂദ്ധനായ കവിയായി അന്‍വര്‍ അലി പ്രതികരിച്ചത്. എന്തുനന്നായി ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന്‍ 1972-ല്‍ മരിച്ചത്. 1862-ല്‍ ഇന്നത്തെ ബംഗ്ലാദേശിലെ ശിബ്പൂര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം ഭാരതീയനാണെന്ന് തെളിയിക്കുവാന്‍ എവിടെനിന്ന് തെളിവ് കൊണ്ടുവരുമായിരുന്നു? ശിഷ്യനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍, പണ്ഡിറ്റ് നിഖില്‍ ബാനര്‍ജി, ഉസ്താദ് അലി അക്ബര്‍ ഖാന്‍, അന്നപൂര്‍ണ ദേവി, പന്നലാല്‍ ഘോഷ് എന്നിവരെ ചൂണ്ടിക്കാണിച്ചാല്‍ പോരല്ലോ. ഗായകനായിരുന്ന ബാപ്പ സബ്ദാര്‍ ഹുസൈന്‍ ഖാനും മകനും ബംഗ്ലാദേശിലല്ലേ ജനിച്ചത്, പത്താം വയസ്സില്‍ അലാവുദ്ദീന്‍ കൊല്‍ക്കത്തയില്‍ എത്തിയെങ്കിലും.
ബംഗ്ലാദേശില്‍ ജനിച്ചവരായ ഋഥ്വിക് ഘട്ടക്കിനും സത്യജിത് റേയുടെ പിതാവ് സുകുമാര്‍ റേയ്ക്കും അമര്‍ത്യ സെന്നിനും, മഹാശ്വേതാദേവിയ്ക്കും, സുനില്‍ ഗംഗോപാധ്യായക്കും ലഭിക്കുന്ന ഇന്ത്യന്‍ പൗരത്വം ഉസ്താദ് അലാവുദ്ദീന്‍ ഖാനുമാത്രം നിഷേധിച്ചാല്‍?, ഒന്നാലോചിച്ചുനോക്കൂ.
അന്‍വറിനെ സ്വാധീനിച്ച Identity Card എന്ന മഹ്‌മൂദ് ദര്‍വിഷ് കവിതയില്‍ ഒരാളുടെ വേരുകളെക്കുറിച്ച് പരാമര്‍ശിക്കുന്ന കുറച്ചുവരികളുണ്ട്.അതിതാണ്:
എന്റെ വേരുകളോ? പറയാം.
അതിന് എന്റെ ജനനസമയത്തിനും മുന്‍പേ പോയി തിരയണം.
യുഗങ്ങള്‍ പെറ്റുപെരുകുന്നതിനുമുന്‍പേ അന്വേഷിക്കണം.
സൈപ്രസ് മരങ്ങളും ഒലീവ് മരങ്ങളും പരാഗണം നടത്തിയതിനും മുന്‍പേ അന്വേഷിക്കണം.
കലപ്പയുഴുന്നവരുടെ വീട്ടില്‍ ജനിച്ചു ബാപ്പ,
പ്രഭുക്കന്മാരുടെ കുടുംബത്തിലല്ല.
ഉപ്പാപ്പ കൃഷിക്കാരനായിരുന്നു,
ഒരു വംശാവലിയിലും പിറക്കാത്തവന്‍.
വീട് പാറാവുകാരന്റെ കുടില്‍,
വൈക്കോലും ചുള്ളിക്കമ്പുകളും കൊണ്ടുമേഞ്ഞത്.
എന്റെ ഈ പാരമ്പര്യം നിങ്ങളെ തൃപ്തിപ്പെടുത്തുമോ?
ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഞാന്‍ അന്‍വര്‍ അലിയെ വിളിച്ചിരുന്നു. അന്‍വര്‍ പറഞ്ഞു , താന്‍ 'തിരിച്ചറിക്കാര്‍ഡ്' എഴുതിയ സമയത്ത് സമാനസ്വഭാവമുള്ള കവിതകള്‍ വേറേ ഇന്ത്യന്‍ ഭാഷകളിലും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു' എന്ന്. കൂടെ അസമിലെ മിയ ഭാഷയിലെ കാസി ഷരോവര്‍ ഹുസൈന്‍ എന്ന കവി എഴുതിയ കവിത അന്‍വര്‍ എനിക്കയച്ചുതരികയും ചെയ്തു. കവിതയുടെ പേര് 'ഈ ഭൂമി എന്റേത്, എന്നാല്‍ ഞാന്‍ ഈ നാട്ടുകാരനല്ല' എന്നാണ്.
വിഭജനകാലത്ത് മുസ്ലിങ്ങള്‍ പാകിസ്താനിലേക്കും ഹിന്ദുക്കള്‍ ഇന്ത്യയിലേക്കും ചേക്കേറിയ രക്തരൂഷിതദുരന്തത്തില്‍ ആളുകള്‍ക്ക് കൂടെ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു. സ്‌നേഹിക്കുന്നവരുടെ കൂടെ പോകാന്‍ കഴിയാതെ അനാഥയായിത്തീര്‍ന്ന ഒരു നായയെ ദത്തെടുത്ത ഒരു സര്‍ദാര്‍ജിയെ പണ്ടൊരിക്കല്‍ ഞാന്‍ അമൃത്സറില്‍ പരിചയപ്പെട്ടിട്ടുണ്ട്. ഞാന്‍ സര്‍ദാര്‍ജിയോട് ചോദിച്ചു എന്താണ് അന്ന് നായയ്ക്ക് നല്‍കിയ പേര് എന്ന്. അയാള്‍ മറുപടി പറഞ്ഞു 'ഭൂമി.'
(ഞാന്‍ ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അസം കരയുകയാണ്. കാലവര്‍ഷത്തില്‍ കരകവിഞ്ഞൊഴുകുന്ന മഹാനദിഭാഗത്തേക്ക് രണ്ടുദിവസങ്ങള്‍ക്കു മുന്‍പേ രാവിലെ നടക്കാനിറങ്ങിയ മഹാനായ അസമിയ ഗായകന്‍, 84 വയസ്സുകാരനായ, രമണ്‍ ബറുവ തിരിച്ചെത്തിയിട്ടില്ല. അദ്ദേഹം തിരിച്ചുവരട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.)
Content Highlights: s gopalakrishnan column azchappadukal 2 anwali ali poem thiricharikkard and assamee rahim ali
Published: 27 Jul 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented