സീതാറാം യെച്ചൂരി : ആരെടുക്കും ആ തിരിയുടെ ചുമട്?

To advertise here,

 സീതാറാം യെച്ചൂരി ഡയറി എഴുതാറുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. പരസ്യമായി അദ്ദേഹം എഴുതിയതും പറഞ്ഞതും പൊതുവിടത്ത് ലഭ്യമാണ്. അതുപോരെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിഭാവങ്ങളില്‍ പ്രസന്നചിത്തനായ ഒരു പൊതുവ്യക്തി ഉണ്ടായിരുന്നതുപോലെതന്നെ ഒരു ഏകാകിയും കൂടി ഉണ്ടായിരുന്നതായി എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ആ ഏകാകിയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുവാനാണ് ഇപ്പോള്‍ താല്‍പര്യം തോന്നുന്നത്. ആ പൊതുവ്യക്തിയെ നാം ജീവിക്കുന്ന ചരിത്രസന്ദിഗ്ദ്ധതയില്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ അതുംകൂടി ആവശ്യമാണ് എന്നു തോന്നുന്നു.  രാഷ്ട്രീയമനസ്സിന്റെ വ്യക്തിപരമായ തോന്നലുകളും, ക്രോധങ്ങളും, നൈരാശ്യങ്ങളും തുറന്നുപറയാനാകാത്തവിധം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വ്യവഹാരഘടന പരിമിതപ്പെട്ട പൊതുവിടം മാത്രമാണ്. അത് പരസ്യവ്യക്തിയുടെ തുറന്ന ജയില്‍ ആണ്. വ്യക്തിയും പൊതുവ്യക്തിയും വിപരീതദ്വന്ദങ്ങളാണെന്ന മുരടന്‍ മാതൃക നിലവിലില്ലാത്ത ഒരു ഏകാന്ത വൈകുന്നേരത്ത് സീതാറാം യെച്ചൂരി ഡയറി എഴുതിയിരുന്നെങ്കില്‍!

വിശ്രുത ജര്‍മ്മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗ് 2018 -ല്‍ നിര്‍മ്മിച്ച Meeting Gorbachev എന്ന ഡോക്യുമെന്ററിയുടെ അവസാനരംഗത്ത് സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖയേല്‍ ഗോര്‍ബച്ചേവ് ഒരു കവിത ചൊല്ലുന്നുണ്ട്. റഷ്യന്‍ കാല്‍പനിക കവിയായിരുന്ന, ഇരുപത്തിയാറാം വയസ്സില്‍ അന്തരിച്ച, Mikhail Yuryevich Lermontov (1814-1841) എഴുതിയ ഒരു കവിതയാണത്. സീതാറാമിനെക്കുറിച്ചോര്‍ക്കുന്ന ഈ സാന്ദ്രബിന്ദുവില്‍ എന്തുകൊണ്ടോ ആ കവിത ഇവിടെ കുറിക്കുവാന്‍ തോന്നുകയാണ്.

'അവസാനം ഞാന്‍ ഈ വഴിയില്‍ ഒറ്റയ്ക്ക്.
ഈ പരുക്കന്‍ വഴി കോടമഞ്ഞില്‍ തിളങ്ങുന്നു. 
നിശ്ചലം, രാത്രി. 
ഈ മരുഭൂമി ദൈവത്തിന് ചെവിയോര്‍ക്കുന്നു.
മുകളില്‍ നക്ഷത്രവും നക്ഷത്രവും തമ്മില്‍ സംസാരിക്കുന്നു.

കമാനം വിശുദ്ധാത്ഭുതത്തില്‍ ആമഗ്‌നം.
ആ വെള്ളിപ്രഭയില്‍ ഭൂമി ഉറങ്ങുന്നു. 
എന്തേ എനിക്കിത്ര വേദന?
എവിടെ എന്റെ തോണി അടുക്കുന്നു?, 
പശ്ചാത്താപത്തിലോ, അതോ പ്രത്യാശയിലോ?

വരും വര്‍ഷങ്ങളില്‍ ഒരു പ്രത്യാശയും ഞാന്‍ കാണുന്നില്ല 
കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച്  എനിക്ക് പശ്ചാത്താപവുമില്ല 
ഞാന്‍ അന്വേഷിക്കുന്നത് ശാന്തിയും സ്വാതന്ത്ര്യവും മാത്രം. 
എന്നെ സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് എനിക്കൊന്നുറങ്ങണം.'

കവിതയിലെ ദൈവത്തേയും ആകാശകമാനത്തേയും നക്ഷത്രങ്ങളേയും മതാത്മകജീവിതചിഹ്നങ്ങളായി എടുത്ത് ഈ ലേഖനസന്ദര്‍ഭത്തിന്റെ മറുഗൗരവം നേര്‍പ്പിക്കരുത് എന്നഭ്യര്‍ത്ഥിക്കുന്നു. 

ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി Meeting Gorbachev എന്ന സിനിമ ഞാന്‍ കാണുകയായിരുന്നു. ഗോര്‍ബച്ചേവിനെയും സീതാറാം യെച്ചൂരിയേയും സമാനരായി താരതമ്യം ചെയ്യാനല്ല ഈ സിനിമയെ ഇവിടേക്ക് ആനയിക്കുന്നത്. അളവിലും ഉള്ളടക്കത്തിലും അവര്‍ സമാനരല്ല തന്നെ. മിഖായേല്‍ ഗോര്‍ബച്ചേവ് താന്‍ ജീവിച്ച കലുഷിതവും നിര്‍ണായകവും പ്രഹരശേഷിയാല്‍ ലോകത്തെയാകെ ഞെട്ടിച്ചതുമായ കാലങ്ങളെ ഒരു വ്യക്തി എന്ന നിലയില്‍  ഓര്‍ത്തെടുക്കുകയാണ് ഈ ചിത്രത്തില്‍.

ആ പൊതുവ്യക്തിയിലെ ഏകാകിയെ അയാളിലെ എല്ലാ വിചാര - വികാര സത്യങ്ങളോടെയും പുറത്തുകൊണ്ടുവരികയാണ് പ്രതിഭാശാലിയായ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ് ചെയ്യുന്നത്. ഹെര്‍സോഗ് എന്ന സംവിധായകനിലെ വ്യക്തി ഈ അഭിമുഖത്തിന് സ്വയം പ്രാപ്തനാകുന്ന ഒരു മുഹൂര്‍ത്തവും ഇതിലുണ്ട്. നാസി ജര്‍മ്മനി റഷ്യയില്‍ ചെയ്ത ക്രൂരതകളെക്കുറിച്ച് ഗോര്‍ബച്ചേവ് പറയുമ്പോള്‍ ഹെര്‍സോഗ് മാപ്പ് പറയുന്നു. എന്തിനാണ് താന്‍ ചെയ്യാത്ത കുറ്റത്തിന് ഭൂതകാല ജര്‍മനിയുടെ കുമ്പസാരം പോലെ ആ സംവിധായകന്‍ അതു ചെയ്തത്? അത് ഹെര്‍സോഗുമായി ഭാവിയില്‍ ആരെങ്കിലും ഒരഭിമുഖസംഭാഷണം നടത്തുമ്പോള്‍ ഉന്നയിക്കേണ്ട ചോദ്യമായി നില്‍ക്കട്ടെ. (എണ്‍പത്തിരണ്ടാം വയസ്സില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നു). ഹെര്‍സോഗ് എന്ന പൊതുവ്യക്തിയിലെ ഏകാകിയാണ് ഈ മാപ്പു പറയല്‍ നടത്തുന്നത്. സര്‍ഗാത്മകകലയിലെ പൊതുവ്യക്തിക്ക് അതാകാം, എന്നാല്‍ രാഷ്ട്രീയക്കാരനിലെ വ്യക്തിനാവ് ഏതോ വ്യക്തിവിരുദ്ധകടിഞ്ഞാണിനാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജീവിതാന്ത്യത്തില്‍ ഗോര്‍ബച്ചേവ് ആ കടിഞ്ഞാണാല്‍ നിയന്ത്രിതനായിരുന്നില്ലല്ലോ. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് സീതാറാമിലെ ഏകാകിയ്ക്ക് പറയാനുള്ളത് അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ ഡയറിയില്‍ ഉണ്ടായിരിക്കും, അദ്ദേഹം അങ്ങനെയൊന്ന് എഴുതിയിരുന്നെങ്കില്‍. എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലാതാനും. അത് കേരളഘടകത്തിലെ പ്രശ്‌നമാണ് എന്ന ഒഴികഴിവിന്റെ തണുത്ത വിറകില്‍ ജന്മദീര്‍ഘമായി സ്വയം ദഹിക്കാതെ ഒരു നൈതികനിലപാട് സീതാറാമിന് വ്യക്തിഡയറിയില്‍ എടുക്കാന്‍ കഴിയുമായിരുന്നു.  

placeholder
മീറ്റിങ് ഗോര്‍ബച്ചേവ് എന്ന ബയോഗ്രഫിക്കല്‍ ഡോക്യുമെന്ററിയില്‍ വെര്‍ണര്‍ ഹെര്‍സോഗ്‌

പഠിക്കാന്‍ ഏറെ സമര്‍ത്ഥനായിരുന്ന ഗോര്‍ബച്ചേവ് ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചാണ് രാഷ്ട്രീയക്കളരിയിലേക്ക് വന്നത് എന്ന് ഹെര്‍സോഗ് സിനിമയില്‍ പറയുന്നുണ്ട്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരാള്‍ നേതൃനിരയുടെ പടവുകയറുന്നതിനേക്കാള്‍ വേഗതയിലാണ് ഗോര്‍ബച്ചേവ് അതു ചെയ്തത്. തന്റെ പിന്‍ഗാമി ചെര്‍ണന്‍കോ എഴുപത്തിമൂന്നാം വയസ്സില്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ഗോര്‍ബച്ചേവ് അന്‍പത്തിനാലാം വയസ്സില്‍ ആ സ്ഥാനത്തെത്തി. 'ബ്രെഷ്‌നെവ് മുരടിപ്പ്' എന്നറിയപ്പെടുന്ന കാലം മുതല്‍ ചെര്‍ണന്‍കോ മരിക്കുന്നതു വരെയുള്ള കാലങ്ങളില്‍ നേതൃത്വത്തില്‍ കാണാതെപോയ ഊര്‍ജം ഗോര്‍ബച്ചേവില്‍ ഉണ്ടായിരുന്നു എന്ന് ഹെര്‍സോഗ് സിനിമയില്‍ ചരിത്രപരമായ വസ്തുതകള്‍ നിരത്തി പറയുന്നുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വപ്നഛേദനം ചെയ്ത ഒറ്റുകാരനെ പോലെ ഗോര്‍ബച്ചേവിനെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിലെ ഏകാകി ലോകത്തിലെ ഉയര്‍ന്ന സര്‍ഗ്ഗധിഷണകളില്‍ ഒരാളായ വെര്‍ണര്‍ ഹെര്‍സോഗിനോട് പറഞ്ഞ കാര്യങ്ങള്‍ മറ്റൊരു വെളിച്ചത്തില്‍ കൂടി കാര്യങ്ങളെ കാണാന്‍ പ്രേരിപ്പിക്കുന്നു. ഗോര്‍ബച്ചേവ് സിനിമയില്‍ ഹെര്‍സോഗിനോട് പറഞ്ഞു, 'പെരെസ്‌ത്രോയ്ക (പുനഃസംഘാടനം)യുടെ ഉദ്ദേശം കൂടുതല്‍ ജനാധിപത്യം കൊണ്ടുവരികയായിരുന്നു. അതുമാത്രമായിരുന്നു പ്രധാന ഉദ്ദേശം. കൂടുതല്‍ സോഷ്യലിസം ഉറപ്പാക്കാന്‍ കൂടുതല്‍ ജനാധിപത്യം ആവശ്യമാണ്'. 

 പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തില്‍ നിന്നും 'കൂടുതല്‍ ജനാധിപത്യം' എന്ന ആശയത്തെ ഇറക്കുമതി ചെയ്തതാണ് സോവിയറ്റ് യൂണിയന്‍ എന്ന ഉരുക്കുകോട്ടയെ നിന്നനില്‍പ്പില്‍ തകര്‍ത്തത് എന്ന ഒരു വാദമുണ്ട്. എന്നാല്‍ സിനിമയില്‍ ഹെര്‍സോഗ് പറയുന്നത് 'ബ്രെഷ്‌നേവ് മുരടിപ്പ്' എന്ന അവസാനകാല ബ്രെഷ്‌നേവ്കാലം മുതല്‍ ഏതാണ്ട് രണ്ടുപതിറ്റാണ്ടുകളില്‍ ഉല്‍പാദനരംഗത്തും സാമ്പത്തികരംഗത്തും ഉണ്ടായ തളര്‍ച്ചയാണ് ഗോര്‍ബച്ചേവിനെ മാറിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത് എന്നാണ്. എന്നാല്‍ 'കൂടുതല്‍ ജനാധിപത്യം' എന്ന ചെറിയ ജനാല തുറന്നിട്ടപ്പോള്‍ അടഞ്ഞ കുടത്തിലെ ഭൂതകാലം കൊടുങ്കാറ്റു പോലെ അകത്തേക്ക് അടിച്ചുകയറുകയായിരുന്നു. ഗോര്‍ബച്ചേവിന് അടി പതറി. കിഴക്കന്‍ യൂറോപ്പിലാകെയും സോവിയറ്റ് യൂണിയനിലും എത്രപെട്ടെന്നാണ് ജനങ്ങള്‍ വഴിയിലിറങ്ങിയത്. ഗോര്‍ബച്ചേവ് പ്രതീക്ഷിച്ചിരുന്നതല്ല പൊടുന്നനെയുള്ള ഈ മാറ്റം. വെറുതേ നോക്കിനില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. 

സീതാറാം യെച്ചൂരിയുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹത്തിലേക്ക് ഞാന്‍ തിരിച്ചുപോകട്ടെ. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ സക്രിയമായി പങ്കെടുത്തുപോരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണങ്ങളുടെ ചുമട് ചുമക്കേണ്ട ആവശ്യമില്ല എന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഒ.വി. വിജയന്‍ 'തിരിയും ചുമടും' എന്ന ലേഖനത്തില്‍ പറഞ്ഞതാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രക്ഷീണമാകാനുള്ള കാരണം ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല, മറിച്ച് ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ഥ്യത്തെ മനസ്സിലാക്കാനുള്ള സാമഗ്രികള്‍ അവരുടെ പരമ്പരാഗത സാമൂഹ്യപഠന ടൂള്‍ബോക്‌സില്‍ ഇല്ലാത്തതുകൊണ്ടാണ്. ഇവിടെയാണ് സീതാറാമിന്റെ ജനാധിപത്യ മനസ്സ് പ്രസക്തമായിരുന്നത്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പാതയാണ് സീതാറാം പിന്തുടര്‍ന്നിരുന്നത് എന്നു പറയുമ്പോഴും നാം മറന്നുപോകരുതാത്ത വസ്തുത അന്ന് ആ പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റില്‍ നാല്‍പ്പതില്‍ കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നു എന്നതും ഇന്നത് നാലാണെന്നതുമാണ്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ പദവി നിലനിര്‍ത്താനുള്ള അടവുനയമല്ല സീതാറാമിനുണ്ടായിരുന്നത്, തീവ്രഹിന്ദുദേശീയത എന്ന ഇന്ത്യാവിരുദ്ധ ആശയത്തിന്റെ മുന്നേറ്റത്തെ നേരിടുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി ചിന്തിക്കണം എന്ന ഉറപ്പുകൊണ്ടായിരുന്നു. ഇന്ത്യയെ മനസ്സിലാക്കാനുള്ള പുതിയ സാമഗ്രി ടൂള്‍ബോക്‌സില്‍ സീതാറാം വെച്ചിട്ടാണ് വിടവാങ്ങിയിട്ടുള്ളത് എന്നു കരുതാനാണെനിക്കിഷ്ടം.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതാകുകയാണോ എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മാര്‍ക്സും ഏംഗല്‍സും ഇന്ത്യയിലൂടെ നടന്നുകൊണ്ടേയിരിക്കും. ലോകമാകമാനം നടന്നുകൊണ്ടേയിരിക്കും. ഡൊണാള്‍ഡ് ട്രമ്പ് എല്ലാ ദിവസവും ഒരു തവണയെങ്കിലും എതിരാളി കമല ഹാരിസിനെ മാര്‍ക്‌സിസ്റ്റ് എന്നു വിളിക്കുന്ന കാലമാണിത് എന്നതുമോര്‍ക്കുക. Meeting Gorbachev എന്ന ഡോക്യൂമെന്ററിയില്‍ ഹെര്‍സോഗ് ഗോര്‍ബച്ചേവിനോട് ചോദിക്കുന്നുണ്ട്, 'സോവിയറ്റ് യൂണിയന്‍ ഇല്ലാതാകേണ്ടത് അനിവാര്യത ആയിരുന്നോ? അതോ തടയാന്‍ വയ്യാത്ത വേഗത്തില്‍ കാര്യങ്ങള്‍ സംഭവിച്ചതാണോ?'

placeholder
ഡൊണാള്‍ഡ് ട്രമ്പ്, കമല ഹാരിസ്‌

അതിന് ഗോര്‍ബച്ചേവിന്റെ മറുപടി ഇതായിരുന്നു: 'വലിയ വെല്ലുവിളി നേരിടേണ്ടിവന്നപ്പോള്‍ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന രണ്ടു വാദങ്ങളായിരുന്നു ഇവ. എല്ലാവര്‍ക്കും അറിയാമായിരുന്നു പുതുതായി ചിന്തിക്കേണ്ടതുണ്ട് എന്ന്. വര്‍ഷങ്ങളിലൂടെ കുന്നുകൂടിയ പ്രശ്‌നങ്ങളാണ് കാര്യങ്ങളെ ആ നിലയില്‍ എത്തിച്ചത്. യൂണിയനിലെ റിപ്പബ്ലിക്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു....എനിക്ക് എന്റെ ജനതയെക്കുറിച്ചോര്‍ക്കുമ്പോള്‍ വിഷമമുണ്ട്.'

അധികാരത്തിലെത്താനുള്ള ബോറിസ് യെല്‍സിന്റെ തിരക്കായിരുന്നോ കാര്യങ്ങളെ വഷളാക്കിയത് എന്ന് ഹെര്‍സോഗ് ചോദിച്ചപ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞ മറുപടി ഇതായിരുന്നു, 'ഒരു തീപ്പെട്ടി കൊണ്ട് സിഗരറ്റു കൊളുത്തുന്നതിനുപകരം അയാള്‍ അത് തീക്കുണ്ഡം കൊണ്ട് ചെയ്തു'.  

കേരളത്തിലെ കാര്യങ്ങളുമായി ബന്ധപ്പെടുത്തിക്കാണാവുന്ന ഒരു വാചകം സിനിമയില്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ് പറയുന്നുണ്ട്, 'Self-destructive secrecy at the very top, covering up everything', ഉന്നതയിടങ്ങളിലെ ആത്മഹത്യാപരമായ രഹസ്യാത്മകത, എല്ലാം മൂടിവെയ്ക്കുന്ന രീതി', ഇതാണ് അധോഗതിയിലേക്ക് നയിച്ചത്. 

അഭിമുഖം അവസാനിക്കാറായപ്പോള്‍ ഹെര്‍സോഗ് ഭാര്യ റെയ്സയുടെ മരണത്തെക്കുറിച്ച് ചോദിച്ചു. അതിമനോഹരമായ ചോദ്യം. ഒരു ദൃശ്യകലാകാരന്‍ മറ്റു രണ്ടിന്ദ്രിയങ്ങളെ ആസ്പദമാക്കി ചോദിച്ചു, 'ഭാര്യയുടെ ശബ്ദം ഓര്‍ക്കുന്നുണ്ടോ? ഭാര്യ ഉപയോഗിച്ചിരുന്ന അത്തര്‍ മണക്കുന്നുണ്ടോ?'

placeholder
ഗോര്‍ബച്ചേവും ഭാര്യ റെയ്‌സയും രണ്ടുകാലങ്ങളില്‍

ഗോര്‍ബച്ചേവ് കുറേ നേരം നിശ്ശബ്ദനായി. വലതുകണ്ണിന്റെ കോണില്‍ നിന്നും ദുഃഖം നീരായി കവിളിലേക്കൊഴുകിയിറങ്ങി.
അദ്ദേഹം പറഞ്ഞു, 'അവള്‍ മരിച്ചപ്പോള്‍ ഞാനും മരിച്ചു.'

ഹെര്‍സോഗ് തന്റെ അവസാന ചോദ്യം ചോദിച്ചു: താങ്കളുടെ ശവക്കല്ലറയില്‍ എന്താണ് എഴുതിവെക്കേണ്ടത്?
ഗോര്‍ബച്ചേവ്: ഞാന്‍ അതെ കുറിച്ചാലോചിച്ചിട്ടില്ല. പക്ഷേ ഒരു സുഹൃത്തിന്റെ ശവക്കല്ലറയില്‍ ഇങ്ങനെ കണ്ടത് ഓര്‍ക്കുന്നു, 'We tried'. 'ഞങ്ങള്‍ ശ്രമിച്ചു'.

ഞാന്‍ ഈ കുറിപ്പ് എഴുതിത്തീരുമ്പോള്‍ സീതാറാം ജീവിതത്തിലുടനീളം പുകച്ചുതള്ളിയ ചാര്‍മിനാര്‍ സിഗരറ്റിന്റെ ഗന്ധം ഒരു ചുമയായി എന്നില്‍ നിന്നും പുറത്തു വന്നു.

ആ മൃതശരീരം ആശുപത്രിയില്‍ ഗവേഷണത്തിനായി കൈമാറിയ ചിത്രം കണ്ടപ്പോള്‍ ശവക്കച്ചയുടെമേല്‍ എന്റെ കണ്ണുകള്‍ ഇങ്ങനെ എഴുതി, 'He tried'