
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സമരത്തിൽ പങ്കെടുത്ത കുട്ടിയുടെ പിതാവിന്റെ തലയടിച്ചു തകർത്തതായും, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ തനിക്ക് ജയിലിൽ പോകേണ്ടി വന്നിട്ടില്ലെന്നും സ്വതന്ത്ര ഭരദ്വാജ് എന്നയാളുടെ വെളിപ്പെടുത്തൽ. ബി.ജെ.പി. നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ള പ്രമുഖരുടെ അനുഗ്രഹമുള്ളതിനാലാണ് താൻ നിയമനടപടികളിൽനിന്ന് രക്ഷപ്പെട്ടതെന്നും ഇയാൾ വ്യക്തമാക്കുന്നു. യൂട്യൂബിൽ ലഭ്യമായ ഒരു മണിക്കൂർ ദൈർഘ്യമുള്ള പോഡ്‌കാസ്റ്റിലാണ് ഭരദ്വാജ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. ഇതോടെ, ആരോപണവുമായി എഎപിയും സിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലായിരുന്നു അക്രമം നടന്നത്. സമരത്തിൽ പങ്കെടുത്ത നിഷു എന്ന പെൺകുട്ടിയുടെ പിതാവായ സഞ്ജയ് എന്ന ദളിത് വ്യക്തിയെയാണ് താൻ മർദ്ദിച്ചതെന്ന് ഭരദ്വാജ് വെളിപ്പെടുത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയ്ക്ക് അറുപതോളം തുന്നലുകൾ വേണ്ടിവന്നിരുന്നു.
തന്റെ പിതാവിന് നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കുമെന്ന് സഞ്ജയിന്റെ മകൾ പറഞ്ഞിട്ടും തനിക്ക് തൊട്ടടുത്ത ദിവസംതന്നെ പുറത്തിറങ്ങി നടക്കുന്നതിന് തടസ്സമുണ്ടായില്ലെന്ന് ഭരദ്വാജ് പറഞ്ഞു. കൊലപാതകശ്രമത്തിനുള്ള ഐ.പി.സി. 307-ാം വകുപ്പാണ് ചുമത്തിയതെങ്കിലും തനിക്ക് ഒരൊറ്റ ദിവസംപോലും ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ലെന്നാണ് ഇയാളുടെ അവകാശവാദം.
തന്റെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും ഇയാൾ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. കപിൽ മിശ്ര തനിക്ക് ജ്യേഷ്ഠനെപ്പോലെയാണെന്നും കപിൽ മിശ്രയുടെ ഒരു ഫോൺ കോൾ വന്നതിനെത്തുടർന്നാണ് പൊലീസ് തന്നെ വിട്ടയച്ചതെന്നും ഇയാൾ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിരാഗ് പാസ്വാൻ തുടങ്ങിയ പ്രമുഖരും തന്റെ ജ്യേഷ്ഠന്മാരെപ്പോലെയാണെന്നും തനിക്ക് എല്ലാവരുടെയും പിന്തുണയുണ്ടെന്നും ഭരദ്വാജ് പറഞ്ഞു.
എന്നാൽ, വീഡിയോയെച്ചൊല്ലി ഡൽഹിയിൽ രാഷ്ട്രീയ വിവാദം പുകയുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് എ.എ.പി. അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. അക്രമിയായ ഭരദ്വാജിന് ബി.ജെ.പി. സംരക്ഷണം ഒരുക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം വീഡിയോ റീപോസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, വിവാദ വീഡിയോയെക്കുറിച്ച് പ്രതികരണം തേടി കപിൽ മിശ്രയെയും ചിരാഗ് പാസ്വാനെയും ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്ന് 'ടൈംസ് നൗ' റിപ്പോർട്ട് ചെയ്തു.
മർദ്ദനമേറ്റ സഞ്ജയിന്റെ തലയോട്ടി തകർന്നതായും അതിനാൽ എഫ്.ഐ.ആറിൽ വധശ്രമത്തിനുള്ള വകുപ്പ് (ഐ.പി.സി. 307) ചേർക്കണമെന്നും സി.ജെ.പി. കോ-കൺവീനർ സൗരവ് ദാസ് എക്സിലൂടെ (ട്വിറ്റർ) ആവശ്യപ്പെട്ടു. പൊലീസ് ഈ വകുപ്പ് ചേർക്കാൻ തയ്യാറായില്ലെന്നും വധശ്രമക്കേസ് ചുമത്തിയാൽ ഉടനടി അറസ്റ്റ് ചെയ്യേണ്ടിവരുമെന്നതിനാലാണ് പൊലീസ് ഇതിന് വിസമ്മതിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുതരമായ പരിക്കേൽപ്പിച്ചതിനുള്ള വകുപ്പ് (വകുപ്പ് 326) ചേർക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡി.സി.പിയും എ.സി.പിയും ഇത് നിരസിച്ചതായി സൗരവ് ദാസ് പറഞ്ഞു. കോടതി ഉത്തരവുമായി വരാനാണ് തങ്ങളോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്നും സൗരവ് ദാസ് പറഞ്ഞു. നീതി നടപ്പാക്കുന്നതിൽ നിയമവിരുദ്ധമായി ഇടപെട്ട ഡൽഹി മന്ത്രി കപിൽ മിശ്രയെ എന്തുകൊണ്ട് എഫ്.ഐ.ആറിൽ പ്രതിയാക്കിയില്ലെന്ന് ചോദിച്ച ദാസ്, ഗുണ്ടകളെ സംരക്ഷിക്കുന്ന മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.
Content Highlights: Accused Swatantra Bhardwaj claimed in a podcast that political influence and a phone call from Kapil Mishra helped him escape jail after the brutal Jantar Mantar assault, triggering intense political backlash from opposition leaders.
Published: 03 Sept 2026, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented