തുരംഗത്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ജേതാക്കളില്‍ ഒരാളായി കരുതപ്പെടുന്ന മാഗ്‌നസ് കാള്‍സണെ ഡി. ഗുകേഷ് പരാജയപ്പെടുത്തിയതും യവനകാലത്ത് ട്രോയ് നഗരത്തില്‍ കയറിയ ട്രോജന്‍ കുതിരകളെപ്പോലെ യുക്രൈന്‍ രഹസ്യമായി റഷ്യയ്ക്കകത്ത് അതിദൂരം പ്രവേശിച്ച് എയ്തുവിട്ട ഡ്രോണുകളാല്‍ ഭീമരാഷ്ട്രമായ റഷ്യയുടെ നാല്‍പ്പത്തിയൊന്ന് ബോംബര്‍ എയര്‍ ക്രാഫ്റ്റുകള്‍ നശിപ്പിച്ചതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. ചതുരംഗവും ചതുരങ്കവും ഒരക്ഷരക്കൂട്ടിനാല്‍ ശബ്ദവ്യത്യാസം പേറുന്നുവെന്നേയുള്ളൂ. അങ്കത്തിലെ ചതുരതയാണ് വിഷയം, കളിയിലും കാര്യത്തിലും. 

To advertise here,

പത്തൊന്‍പതാം നൂറ്റാണ്ടിലെ ജീവശാസ്ത്രകാരനും ചാള്‍സ് ഡാര്‍വിന്റെ കാവല്‍ നായ എന്നറിയപ്പെട്ടിരുന്ന പരിണാമവാദിയുമായിരുന്ന തോമസ് ഹക്സ്ലി ചെസ്സിനെക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്, 'ലോകം ചതുരംഗപ്പലകയാണ്. ഓരോ കരുക്കളും പ്രാപഞ്ചികപ്രതിഭാസങ്ങളാണ്. കളിയിലെ നിയമം എന്നുപറയുന്നത് പ്രകൃതിനിയമങ്ങള്‍ തന്നെയാണ്. ഇക്കളിയില്‍ എതിരാളി എപ്പോഴും അദൃശ്യനായിരിക്കും'.   

ഡി. ഗുകേഷും മാഗ്‌നസ് കാള്‍സണും തമ്മിലുള്ള മത്സരത്തിനു മുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ കാള്‍സണ്‍ ഒരു വാചകം tweet ചെയ്തിരുന്നു. HBO TV പരമ്പരയായ The Wire ലെ ഒരു പ്രശസ്ത വാചകമായിരുന്നു അത്.' നീ വരുന്നത് രാജാവിനടുത്തേക്കാണ് എന്നോര്‍ത്തുകൊള്ളൂ, ജയിക്കുകയല്ലാതെ നിനക്കു വേറെവഴിയില്ല' ( 'You come at the king, you best not miss') . ഗുകേഷിനെ സംബന്ധിച്ചിടത്തോളം ജയിക്കുകയല്ലാതെ വേറേ നിവൃത്തിയില്ലായിരുന്നു. തോറ്റ രാജാവ് കുപിതനായി ചെസ്സ് ബോര്‍ഡില്‍ ഇടിച്ചു. എഴുന്നേറ്റിട്ട് 'എന്റെ ദൈവമേ' എന്നു വിളിച്ച് കഥകളിയില്‍ ക്രൂദ്ധനായ രാവണനെപ്പോലെ, പരുന്തു ചുവടുകറക്കും പോലെ കറങ്ങി, പരാജയപ്പെട്ട പലകയിലെ കരുക്കള്‍ മാറ്റിക്കൊണ്ടിരുന്നു. ദുഃഖിതനായ രാജാവ് ദൈവത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യുക്രൈനില്‍ നിന്നും നാലായിരം കിലോമീറ്റര്‍ അകലെ സൈബീരിയയില്‍ ഡ്രോണുകള്‍ വിമാനങ്ങളെ തകര്‍ത്ത രാത്രിയില്‍ വ്‌ലാദിമിര്‍ പുട്ടിനും തന്റെ മേശയില്‍ ആഞ്ഞിടിച്ചുകാണണം, അറിയില്ല, അങ്ങനെ ആലോചിച്ചുപോകുകയാണ്. പരാജയം രാജാക്കന്മാര്‍ക്ക് സഹിക്കാന്‍ കഴിയില്ല. 

ആഴ്ചപ്പാടുകളുടെ ഈ ലക്കം നിങ്ങള്‍ വായിക്കുമ്പോള്‍ അത് ചെലവൂര്‍ വേണുവിന്റെ ഒന്നാം ചരമവാര്‍ഷികനേരത്തിലായി എന്നത് ആകസ്മികതയാണ്. 2024 ജൂണ്‍ മൂന്നാം തീയതിയായിരുന്നു അസാധാരണനായിരുന്ന ആ സാംസ്‌കാരികപ്രവര്‍ത്തകന്‍ വിടവാങ്ങിയത്. വേണുവേട്ടന്‍ ചതുരംഗം കളിച്ച് ഞാന്‍ കണ്ടിട്ടില്ല. ജീവിതത്തിലെ കരുനീക്കങ്ങളില്‍ അതീവശ്രദ്ധാലുവായിരുന്നില്ലാത്ത ആ വിഹരമാനസന് മതിയാകില്ലായിരുന്നു വെറും അറുപത്തിനാലുകളങ്ങള്‍ മാത്രമുള്ള ജീവിതകളിപ്പലക എന്നും തോന്നുന്നു. അറുപത്തഞ്ചാമത്തെ ചതുരത്തിലേക്ക് എപ്പോഴും കാലുവെച്ചുനിന്ന ഒരു മനുഷ്യനായിരുന്നു അയാള്‍. എന്നാല്‍ ചതുരംഗത്തെകുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു കളിക്കാരന്‍ മനസ്സില്‍ വരുന്നതിനും മുന്‍പേ മനസ്സിലേക്ക് ചെലവൂര്‍ വേണു വരുവാന്‍ ഒരു കാരണമുണ്ട്. അത് രണ്ടു ചലച്ചിത്രങ്ങള്‍ വഴിയാണ്. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റികളില്‍ ഒന്നായിരുന്നല്ലോ അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റി. 1971 മുതല്‍ അദ്ദേഹമായിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി. 1984 ഒടുവിലായിരുന്നുഞാന്‍ കോഴിക്കോട്ടെത്തിയത്. കോളേജില്‍ നിന്നും നേരേ അവിടുത്തെ ആകാശവാണിയിലേക്ക്. 1985-ല്‍ കോഴിക്കോട്ടുവെച്ചു കണ്ട രണ്ടു സിനിമകള്‍, ചതുരംഗം പ്രമേയസ്ഥായിയായ മനോഹരസൃഷ്ടികള്‍, രണ്ടും കാണിച്ചത് വേണുവേട്ടന്റെ അശ്വിനി ആയിരുന്നു. രണ്ടു സിനിമകളിലും മനുഷ്യബന്ധങ്ങളുടെ അനിശ്ചിതനേര്‍മ്മകളായിരുന്നു പ്രമേയം. വിജയിയായ ഗുകേഷ് പരാജിതനായ മാഗ്‌നസ് കാള്‍സന്റെ ക്രോധവിക്ഷോഭത്തില്‍, പിന്‍വാങ്ങുന്ന സിംഹത്തിനുമുന്നില്‍ അപൂര്‍വാദ്ഭുതപാരാവശ്യത്തോടെ നില്‍ക്കുന്ന ഒരു മാനായി നില്‍ക്കുന്നതുകണ്ടപ്പോള്‍ 1985-ല്‍ കണ്ട രണ്ടു ചലച്ചിത്രങ്ങള്‍ ഓര്‍മ്മയിലേക്കു വന്നു. കളിയിലെ നിയമം എന്നുപറയുന്നത് പ്രകൃതിനിയമങ്ങള്‍ തന്നെയാണ്.

1966-ല്‍ ഇറങ്ങിയ യൂഗോസ്ലാവിയന്‍ ചലച്ചിത്രം 'റോണ്ടോ', 1977-ല്‍ പുറത്തിറങ്ങിയ സത്യജിത്ത് റേ സിനിമയായ 'ഷത്രഞ്ച് കി ഖിലാരി' (Shatranj Ke Khilari, The Chess Players ) എന്നീ ചലച്ചിത്രങ്ങളാണ് ചതുരംഗത്തെ മനുഷ്യബന്ധചതുരതകളിലേക്കും സൂക്ഷ്മതകളിലേക്കും ബന്ധിപ്പിച്ച രണ്ട് കോഴിക്കോടന്‍ അനുഭവങ്ങള്‍. 

placeholder
ചെലവൂര്‍ വേണു

Zvonimir Berkovic എന്ന യൂഗോസ്ലാവിയന്‍ (ഇപ്പോള്‍ ക്രൊയേഷ്യന്‍ )സംവിധായകന്‍ സംവിധാനം ചെയ്ത റോണ്ടോ എക്കാലത്തെയും ക്ലാസ്സിക് ആയ ക്രൊയേഷ്യന്‍ ചലച്ചിത്രമായി വിലയിരുത്തപ്പെടുന്നു. (ബെറോവിച് 1962-ല്‍ സംവിധാനം ചെയ്ത My Flat Moj stan) ന് ഏറ്റവും നല്ല ഡോക്യുമെന്ററിയ്ക്കുള്ള കാന്‍ പുരസ്‌കാരം ലഭിച്ചതാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ മാത്രം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന സോഷ്യലിസ്റ്റ് പാര്‍പ്പിടസമുച്ചയത്തിലെ ഇടുങ്ങിയതും എന്നാല്‍ സുരക്ഷിതവുമായ ജീവിതത്തെ ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ കാണുന്ന ആ സിനിമ മനോഹരമാണ്. സോഷ്യലിസത്തിനു പുറത്തുള്ള ഒരു മനുഷ്യേച്ഛയാകും, ആ നീക്കമായിരിക്കും സോഷ്യലിസ്റ്റ് ബ്ലോക്കുകളെ ഇല്ലാതാക്കാന്‍ പോകുന്നത് എന്ന സൂചനയും ആ സിനിമ നല്‍കിയിരുന്നു). റോണ്ടോ എന്ന സിനിമയില്‍ ചതുരങ്ങളില്‍ കരു നീക്കുന്ന കളിയില്‍ ഏര്‍പ്പെടുന്ന രണ്ടു പുരുഷന്മാരും ആ കളിയ്ക്കു പുറത്ത് മൊസാര്‍ട്ടിന്റെ റോണ്ടോ എന്ന സംഗീതഖണ്ഡത്തെ സ്‌നേഹിക്കുന്ന ഒരു സ്ത്രീയുമാണ് കഥാപാത്രങ്ങള്‍. വെറും മൂന്നുപേര്‍ മാത്രമാണ് സിനിമയിലുള്ളത്. 1985-ല്‍ കണ്ട ആ സിനിമ ഗുകേഷ് - കാള്‍സണ്‍ കളിയവസാനത്തിലെ ക്രോധാന്തരീക്ഷത്തില്‍ ഓര്‍മ്മയിലേക്ക് വന്നത് എന്നെ അത്ഭുതപ്പെടുത്തി. കണ്ടതിന് നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായിട്ടാണ് ആ ചലച്ചിത്രം ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലേക്ക് തിരിച്ചുവന്നത്. എത്ര ശക്തമായ ഒപ്പാണ് ബെറോവിച് ഓര്‍മ്മയില്‍ ഇട്ടിട്ടുപോയത് എന്നത് വിസ്മയിപ്പിക്കുന്നു. ബെറോവിച് മനുഷ്യമനസ്സിനെക്കൊണ്ട് ചതുരംഗത്തോട് പറഞ്ഞ ചെക്ക്! ജീവിതം വിജയിക്കുന്നു. ജീവിതം എല്ലാവരിലും വിജയിക്കട്ടെ.

നിയമങ്ങള്‍ മാറാത്തതെങ്കിലും നീക്കങ്ങള്‍ മാറുന്നതിനാലാണ് കളികളില്‍ അവിചാരിതമുഹൂര്‍ത്തങ്ങള്‍ വരുന്നത്. ബോബി ഫിഷര്‍ പറഞ്ഞ ഒരു വാചകമുണ്ട്, I don't believe in psychology. I believe in good moves'. ബെറോവിച്, എന്നാല്‍ സിനിമയില്‍ മനഃശാസ്ത്രത്തെ കൊണ്ടുവരികയാണ്. അതിനെ കളിക്കളങ്ങള്‍ക്കും കരുക്കള്‍ക്കും നിയമങ്ങള്‍ക്കും നീക്കങ്ങള്‍ക്കും പുറത്തുനിര്‍ത്തുകയും എന്നാല്‍, ചതുരംഗമേ, നീയല്ല കളിക്കുന്നത്, മനസ്സുകളുള്ള മനുഷ്യരാണ് എന്ന് വിളിച്ചുപറയുകയും ചെയ്യുന്നു. ഗുകേഷ്-കാള്‍സണ്‍ കളിയവസാനത്തിനു ശേഷമുണ്ടായ ക്രോധാന്തരീക്ഷത്തിലും മനസ്സുകളുള്ള രണ്ടു മനുഷ്യരെയാണ് നാം കണ്ടത്. കളി നടക്കുമ്പോള്‍ ഈ ക്രോധം എവിടെയാണ് ഒളിച്ചിരിക്കുന്നത്? കളിയിലെ ജാരനോ അതോ കാമനോ അത്?

ഒരു ഞായര്‍ ദിനം. വെയിലുള്ള സാഗ്രെബ് നഗരം. ശില്‍പിയായ ഫെഡ്ജെയുടെ വീട്ടിലേക്ക് ജഡ്ജിയും നഗരമാന്യനുമായ സുഹൃത്ത് മ്ലാദന്‍ കടന്നുവരുന്നു. ഫെഡ്ജെ വിവാഹിതനാണ്. ഭാര്യ സുന്ദരിയും സംഗീതപ്രണയിയുമായ നെദ. മ്ലാദനെ ഫെഡ്ജെയുടെ വീട്ടിലേക്കെത്തിക്കുന്നത് രണ്ടുപേര്‍ക്കും ചെസ്സുകളിയോടുള്ള അദമ്യമായ ഭ്രമമാണ്. സിനിമയില്‍ മുക്കാല്‍ ഭാഗവും ചതുരംഗമാണ്. രണ്ടുപേരും ജയിക്കുന്നുണ്ട്, തോല്‍ക്കുന്നുമുണ്ട്. എന്നാല്‍ കളിയ്ക്കുപുറത്ത് നെദയ്ക്കും മ്ലാദനുമിടയില്‍ ഉടലെടുക്കുന്ന ആകര്‍ഷണങ്ങളെ അവര്‍ മൂന്നുപേരും എങ്ങനെ സമീപിക്കുന്നു എന്നതാണ് സിനിമയിലെ കളിയ്ക്കുപുറത്തെ ചതുരംഗം. അവസാനം എല്ലാവരും എല്ലാം പരസ്പരം ഏറ്റുപറഞ്ഞ്, തീര്‍പ്പാകുന്നു. എന്നാല്‍ ആ വീട്ടില്‍ നിന്നും ചെസ്സിനെ ഒഴിവാക്കാന്‍ തീരുമാനിക്കുന്നില്ല. ഫെഡ്ജെയും മ്ലാദനും വീണ്ടും ചതുരംഗപ്പലകയില്‍ കരുക്കള്‍ നിരത്തുന്നു. പശ്ചാത്തലത്തില്‍ മൊസാര്‍ട്ടിന്റെ Rondo പിയാനോയില്‍ വായിച്ചത് കേള്‍ക്കുമ്പോള്‍ സുന്ദരിയായ നെദ കാമറയ്ക്കു മുന്നിലേക്ക് ജാലകത്തിരശീല വലിച്ചിടുന്നു,'കാണികളേ, നിങ്ങള്‍ ഞങ്ങളുടെ നീക്കങ്ങള്‍ ഒളിഞ്ഞുനോക്കേണ്ട' എന്നു പറയുന്നിടത്ത് സിനിമ അവസാനിക്കുന്നു.     

മുന്‍ഷി പ്രേംചന്ദ് എഴുതിയ Shatranj Ke Khilari എന്ന കഥയിലും സമാനമായ അന്തരീക്ഷമാണുള്ളത്. 1924-ല്‍ എഴുതിയ ആ കഥയുടെ ശതാബ്ദിയിലൂടെയാണ് നാം കടന്നുപോകുന്നത് എന്നതും പ്രത്യേകാല്‍ ശ്രദ്ധേയമാണ്. ഇന്നലെ ഞാന്‍ ആ കഥയുടെ ഇംഗ്‌ളീഷ് വിവര്‍ത്തനം ഒന്നുകൂടി വായിച്ചു. (ഇംഗ്ലീഷ് ഭാഷ ഇന്ത്യയെ ബാധിച്ച രോഗമാണെന്ന് പ്രേംചന്ദ് വിശ്വസിച്ചിരുന്നു). എത്ര മനോഹരമായ കഥയാണത്. ബ്രിട്ടീഷ് കൊളോണിയിലസത്തിനു തൊട്ടുമുന്‍പുള്ള ലക്നൗ (അവധ് ) അഭിജാതരുടെ ജീവിതത്തില്‍ ചതുരംഗം ജീവിതാലസ്യമായി മാറിയ അന്തരീക്ഷത്തില്‍ ഗാര്‍ഹികത്തളങ്ങളില്‍ കുടുങ്ങിപ്പോയ രണ്ടുസ്ത്രീകളെ പ്രേംചന്ദ് അവതരിപ്പിക്കുന്നു. ചതുരംഗത്തിനകത്തും പുറത്തുമായി നാലുജീവിതങ്ങള്‍, രണ്ടു ദാമ്പത്യങ്ങള്‍, ഒരു ജാരന്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കവിയും സുകുമാരകലകളില്‍ വ്യാപൃതനുമായിരുന്ന അവധ് നവാബ് വാജിദ് അലി ഷായുടെ അധികാരം ബ്രിട്ടീഷുകാര്‍ അപഹരിക്കുന്നതാണ് പ്രമേയം. ഈ കഥയാണ് സത്യജിത് റേ അപാരമായ കൈത്തഴക്കത്തോടെ ചലച്ചിത്രമാക്കിയത്. ബെറോവിച്ചിന്റെ സിനിമയില്‍ ചതുരംഗം സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സത്യജിത് റേയുടെ ചലച്ചിത്രത്തില്‍ ചതുരംഗം സംഭാഷണത്തിലും കഥാഗതിയിലും ബ്രിട്ടീഷ് സൈന്യനീക്കത്തിലുമെല്ലാം പ്രത്യക്ഷപ്രമേയമാണ്. അവധിലെ രാജാവും ബ്രിട്ടീഷ് രാജ്ഞിയും അറുപത്തിനാലു കളങ്ങളിലെ കാലാളുകളും തേരുകളും കുതിരകളും ആനകളുമായി ചലച്ചിത്രം മുന്നോട്ടുപോകുന്നു. എന്നാല്‍ കഥയില്‍ പ്രേംചന്ദിന്റെ സമീപനം ബെറോവിച്ചിന്റെ സിനിമയിലെന്നപോലെ ചതുരംഗത്തെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക എന്നതാണ്. 

റോണ്ടോ എന്ന സിനിമയില്‍ സമൂഹവും സോഷ്യലിസ്റ്റ് ക്രമവും ഭരണകൂടവും കടന്നുവരുന്നതേയില്ല. ചതുരംഗവും മൂന്നുമനസ്സുകളും മാത്രം. എന്നാല്‍ Shatranj Ke Khilari യില്‍ കാര്യം അപ്പാടെ വ്യത്യസ്തമാണ്. ചെസ്സ് കളിഭ്രാന്തന്മാരായ ജാഗിര്‍ദാറുമാരുടെ കഥയാണിത്. (സുല്‍ത്താന്‍ ഭരണസംവിധാനത്തില്‍ ഭരണനിര്‍വഹണച്ചുമതലയുള്ള കുലീനരാണ് ജാഗിര്‍ദാറുമാര്‍. ജമീന്ദാര്‍മാരാകട്ടെ ഭൂവുടമകളും. റേയുടെ മറ്റൊരുചിത്രമായ ജല്‍സഘര്‍ കൈകാര്യം ചെയ്തത് സമാനമായ അന്തരീക്ഷത്തിലെ ഒരു ജമീന്ദാരുടെ ദുരന്താവസാനമാണ്). മിര്‍സാ സജ്ജാദ് അലിയും മിര്‍ റോഷന്‍ അലിയും ചതുരംഗത്തില്‍ ഉന്മത്തരായി നടക്കുമ്പോള്‍ രണ്ടുപേരുടേയും ദാമ്പത്യങ്ങള്‍ ദുര്‍ബലമാകുകയും, അതിനോടൊപ്പം രാജ്യം തന്നെ വിദേശഭരണത്തിന് അടിപ്പെടുകയും ചെയ്യുന്നു. സിനിമയുടെ അവസാനം എല്ലാം നഷ്ടപ്പെട്ട ജാഗിര്‍ദാറുമാരില്‍ ഒരാള്‍ മറ്റൊരാളോട് അയാളുടെ ഭാര്യയുടെ ജീവിതത്തിലെ ജാരനെക്കുറിച്ച് തുറന്നു പറയുന്നു. നിത്യസുഹൃത്തായ മിര്‍സാ സജ്ജാദ് അലിയുടെ നേരേ ദേഷ്യത്താല്‍ മിര്‍ റോഷന്‍ അലി വെടിവെയ്ക്കുന്നു, അത് ഭാഗ്യവശാല്‍ കൊള്ളാതെ പോകുന്നു. ആ സമയത്ത് ഒരു ബാലന്‍ വന്നുപറഞ്ഞു, 'അവധ് നവാബ് വാജിദ് അലി ഷാ കിരീടം സായ്വിന് കൊടുത്തു'വെന്ന്.

ഭാര്യയുടെ ജാരനെക്കുറിച്ച് പറഞ്ഞ സുഹൃത്തിനെ വെടിവെച്ചയാള്‍ സങ്കടത്തോടെ ചോദിക്കുന്നു, 'ഇനി ഞാന്‍ ആരുടെ കൂടെ ചതുരംഗം കളിയ്ക്കും?'.
അപ്പോള്‍ മിര്‍സാ സജ്ജാദ് അലി പറയുന്നു, 'ഞാനല്ലേ ഈ കളി തുടരുവാന്‍ എപ്പോഴും നിങ്ങളുടെ മുന്നിലുള്ളത്.'

ഇനിയും മാഗ്‌നസ് കാള്‍സനും ഡി.ഗുകേഷും കളിയ്ക്കും; കളി തുടരുകയാണ്. 

നോര്‍വേയിലെ ചെസ് മത്സരത്തിനുശേഷമുണ്ടായ മാഗ്‌നസ് കാള്‍സന്റെ രോഷപ്രകടനം രണ്ടു സിനിമകളിലേക്ക് ശ്രദ്ധകൊണ്ടുപോയി, ചെലവൂര്‍ വേണു എന്ന അസാധാരണ മനുഷ്യസ്‌നേഹിയെക്കുറിച്ചുള്ള നിത്യസ്മരണകളിലേക്കും.