
ലാസ്ലോ ക്രാസ്‌നഹോര്‍ക്കയി
ലാസ്ലോ ക്രാസ്‌നഹോര്‍ക്കയി എന്ന് എഴുതാനാണ് ആ പേര് പറയുന്നതിനേക്കാള്‍ എളുപ്പം. തകഴി ശിവശങ്കരപ്പിള്ള ഡല്‍ഹിയില്‍ വരുമ്പോള്‍ അദ്ദേഹം അനുഭവിച്ചിരുന്ന സ്വത്വപ്രതിസന്ധി സ്വന്തം പേര് എല്ലാവരും തകസി എന്ന് ഉച്ചരിക്കുന്നതായിരുന്നു. ദ്രാവിഡത്തിനു പുറത്തും മഴ പെയ്യുമായിരുന്നെങ്കിലും അവര്‍ക്ക് മഴയിലെ 'ഴ' പറയാന്‍ കഴിയില്ലല്ലോ.
ഹിറ്റ്ലറുടെ ജൂതവേട്ടയ്ക്ക് ഇരയാകാതെ ലാസ്ലോ ക്രാസ്നഹോർക്കയിയുടെ അച്ഛനെ രക്ഷപ്പെടുത്തിയത് ആ പേരാണ്. സർവ്വസാധാരണമായ ഒരു ജൂതനാമധേയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിൽ ഒരു പക്ഷേ 2025 ലെ സാഹിത്യത്തിനുള്ള 2025 ലെ നോബൽ സമ്മാനം വാങ്ങാൻ ഇങ്ങനെയൊരു മകൻ ഉണ്ടാകുമായിരുന്നില്ല. ഒരു പേരിലെന്തിരിക്കുന്നു എന്ന സാധാരണലഘുത്വം എല്ലായിടത്തും ശരിയായിക്കൊള്ളണമെന്നില്ല.
സാഹിത്യപ്രസിദ്ധീകരണമായ The Paris Review-ല്‍ ഉപദേശക പത്രാധിപരും ബ്രിട്ടീഷ് നോവലിസ്റ്റുമായ ആദം തെള്‍വെല്‍ (Adam Thirlwell) ലാസ്ലോ ക്രാസ്‌നഹോര്‍ക്കയിയോട് ചോദിച്ചു, താങ്കളുടെ അച്ഛന്‍ എങ്ങനെയാണ് യുദ്ധത്തെ അതിജീവിച്ചത്? ക്രാസ്‌നഹോര്‍ക്കയിയുടെ മറുപടി ഇതായിരുന്നു:
'ഞങ്ങളുടെ യഥാര്‍ത്ഥ കുടുംബനാമം കൊറിന്‍ എന്നായിരുന്നു, ഒരു ജൂതപ്പേര്. ആ പേരുണ്ടായിരുന്നെങ്കില്‍ അച്ഛന്‍ ഒരിക്കലും അതിജീവിക്കുമായിരുന്നില്ല. എന്റെ മുത്തച്ഛന്‍ വളരെ ബുദ്ധിമാനായിരുന്നു, അദ്ദേഹം ഞങ്ങളുടെ പേര് ക്രാസ്‌നഹോര്‍ക്കയി എന്ന് മാറ്റി. ക്രാസ്‌നഹോര്‍ക്കയി എന്നത് പുരാതന ദേശാതിര്‍ത്തിയില്‍ അഭിമാനിക്കുവാന്‍ അദ്ദേഹം കണ്ടെത്തിയ ഒരര്‍ത്ഥത്തില്‍ അര്‍ത്ഥശൂന്യമായ ഒരു പേരായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഹംഗറിക്ക് രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും നഷ്ടപ്പെട്ടിരുന്നു, യുദ്ധാനന്തരം വന്ന യാഥാസ്ഥിതിക ദേശീയ സര്‍ക്കാരിന്റെ ഒരു പ്രധാന രാഷ്ട്രീയ നിലപാട് ഈ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ക്രാസ്‌നഹോര്‍ക്ക കോട്ടയെക്കുറിച്ച് വളരെ പ്രശസ്തമായ ഒരു ഗാനം ഉണ്ടായിരുന്നു. അത് അസഹനീയമാംവിധം വികാരഭരിതമായ ഒരു ഗാനം ആയിരുന്നു. യുദ്ധാനന്തരം അത് ചെക്കോസ്ലോവാക്യയുടെ ഭാഗമായി. ക്രാസ്‌നഹോര്‍ക്ക കൊട്ടാരം വളരെ ദുഃഖകരവും ഇരുണ്ടതുമാണെന്നും എല്ലാം നിരാശാജനകമാണെന്നും ആയിരുന്നു ആ ഗാനത്തിന്റെ സാരാംശം. അതുകൊണ്ടായിരിക്കാം എന്റെ മുത്തച്ഛന്‍ ക്രാസ്‌നഹോര്‍ക്കയി എന്ന വംശനാമം തിരഞ്ഞെടുത്തത്. എനിക്കറിയില്ല. ആര്‍ക്കും അറിയില്ല, കാരണം അദ്ദേഹം അധികമാരോടും മിണ്ടാത്ത ഒരാളായിരുന്നു'.
ദി പാരീസ് റിവ്യൂവിന്റെ 2018-ലെ വേനല്‍ക്കാലപ്പതിപ്പില്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കയിയുമായി ആദം തെള്‍വെല്‍ നടത്തിയ സംഭാഷണമാണ് ഈ ലക്കം ആഴ്ചപ്പാടുകള്‍ക്ക് ആധാരമായി വര്‍ത്തിച്ചിരിക്കുന്നത്. എത്രമാത്രം അഗാധവും ഏകാന്തവും അനുഭവതീവ്രവുമാണ് ക്രാസ്‌നഹോര്‍ക്കയിയുടെ എഴുത്തുജീവിതമെന്ന് നമ്മോടു പറയുന്ന ഈ സംഭാഷണം മാനവചരിത്രത്തിലെ ഇരുട്ടുകളാല്‍ ദുഃഖഭരിതവും എന്നാല്‍ പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ ജീവല്‍പ്രത്യാശകളാല്‍ പ്രസന്നഭരിതവുമാണ്. ഏതൊരു ജീവിതമാണ് മഹത്തായ സാഹിത്യകൃതികളെ ഉല്‍പാദിപ്പിക്കുന്നത് എന്നതിന് ഈ അഭിമുഖ സംഭാഷണം ഒരു പാഠപുസ്തകമായി വര്‍ത്തിക്കുന്നു.
സോവിയറ്റ് കമ്മ്യൂണിസ്റ്റാധിപത്യത്തിലുണ്ടായിരുന്ന ഹംഗറിയിലാണ് ക്രാസ്‌നഹോര്‍ക്കയിയുടെ ആദ്യനോവലായ Satantango പിറന്നത്, 1985-ല്‍. ആ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്ന 1989-ലാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന The Melancholy of Resistance പുറത്തിറങ്ങിയത്. ഹംഗറിയില്‍ അദ്ദേഹത്തിനൊരു വീടുണ്ടെങ്കിലും ഇപ്പോള്‍ ക്രാസ്‌നഹോര്‍ക്കയി താമസിക്കുന്നത് ജര്‍മ്മനിയിലെ ബെര്‍ലിനിലാണ്.
കമ്മ്യൂണിസ്റ്റ് ഹംഗറിയിലെ ജീവിതകാലത്തെക്കുറിച്ച് ക്രാസ്‌നഹോര്‍ക്കയിയോട് ആദം തെള്‍വെല്‍ ഇങ്ങനെയൊരു ചോദ്യമുന്നയിച്ചു:
'ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറിയിട്ടുള്ള സോവിയറ്റ് സാമ്രാജ്യത്തിന് കീഴില്‍ വളര്‍ന്നതിനോട് ബന്ധപ്പെടുത്തി, അക്കാലത്ത് താങ്കള്‍ അനുഭവിച്ചിരുന്ന കാലശൂന്യത (timelenssess) യെക്കുറിച്ച്, താങ്കള്‍ക്ക് അനുഭവപ്പെട്ട കാലാതീതതയുടെ ബോധത്തെക്കുറിച്ച് ഒരിക്കല്‍ സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു'.
ക്രാസ്‌നഹോര്‍ക്കയി ഈ ചോദ്യത്തിനു പറഞ്ഞ മറുപടി കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. പരിമിതമെങ്കിലും തുറസ്സുള്ള ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുപോരുന്ന ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്തിനാണ് സോവിയറ്റ് കാലഘട്ടത്തിലെ സ്വേച്ഛാധിപത്യത്തിന്റെ ചുമട് അകാരണമായി ചുമക്കുന്നത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് അതിനെ പൂര്‍ണമായും തള്ളിക്കളയാത്തത് എന്ന് നമ്മെക്കൊണ്ട് ഓര്‍മ്മിപ്പിക്കുന്ന വരികളാണ് ക്രാസ്‌നഹോര്‍ക്കയി പറഞ്ഞത്.
'കാര്യങ്ങള്‍ ഒരുകാലത്തും മാറാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ ചിന്തിക്കണമെന്ന് അവര്‍ ആഗ്രഹിച്ചതുകൊണ്ടാണ് അത് ഒരു കാലശൂന്യമായ, കാലാതീതമായ ഒരു സമൂഹമായി നമുക്ക് തോന്നിയത്. എല്ലായ്പ്പോഴും ഒരേ ചാരനിറത്തിലുള്ള ആകാശം, നിറമില്ലാത്ത മരങ്ങള്‍, പാര്‍ക്കുകള്‍, തെരുവുകള്‍, കെട്ടിടങ്ങള്‍, നഗരങ്ങള്‍, പട്ടണങ്ങള്‍, ബാറുകളിലെ ഭയാനകമായ കള്ളുകുടികള്‍, ദാരിദ്ര്യം, ഉറക്കെ പറയാന്‍ വിലക്കപ്പെട്ട കാര്യങ്ങള്‍, എന്നിങ്ങനെ. അതിനാല്‍ ഞങ്ങള്‍ ഒരുതരം നിത്യതയിലാണ് ജീവിച്ചത്. അത് വളരെ നിരാശാഭരിതമായിരുന്നു. എന്റെ തലമുറ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിലോ മാര്‍ക്‌സിസത്തിലോ വിശ്വസിക്കാതിരുന്നു എന്ന് മാത്രമല്ല, അത് പരിഹാസ്യവും ലജ്ജാകരവുമാണ് എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ആ രാഷ്ട്രീയ വ്യവസ്ഥയുടെ അവസാനകാലത്തിലൂടെ ഞാന്‍ ജീവിച്ചപ്പോള്‍, അതൊക്കെ എനിക്കൊരത്ഭുതമായിരുന്നു. ആ ദിവസങ്ങളില്‍ അനുഭവിച്ച രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ രുചി ഞാന്‍ ഒരിക്കലും മറക്കില്ല. അതുകൊണ്ടു മാത്രമാണ് എനിക്ക് ഇപ്പോള്‍ ജര്‍മ്മന്‍ പൗരത്വം ലഭിച്ചത്, കാരണം എനിക്ക് യൂറോപ്യന്‍ യൂണിയന്‍ എന്നുവെച്ചാല്‍ എല്ലാറ്റിനുമുപരി, ഇന്നത്തെ കിഴക്കന്‍ യൂറോപ്പിന്റെ ദൈവമായി മാറിയിരിക്കുന്ന ആക്രമണാത്മക മണ്ടത്തരത്തിനെതിരെയുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം കൂടിയാണ്'.
ഏതാണ് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സര്‍ഗാത്മകമായ ഭരണവ്യവസ്ഥ എന്ന ചോദ്യമല്ല ഇവിടെ ക്രാസ്‌നഹോര്‍ക്കയിയെ അലട്ടുന്നത്. മനുഷ്യന് ഏതാണ് നല്ലത് എന്നതാണ്. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞാല്‍, അത് ഭരണകൂടത്തിന് അപ്രിയമെങ്കില്‍ ജയിലിലാക്കപ്പെടുന്ന ഭരണവ്യവസ്ഥയെയാണ് ക്രാസ്‌നഹോര്‍ക്കയി ചോദ്യം ചെയ്യുന്നത്. ലോകത്തില്‍ മതകേന്ദ്രീകൃതമോ രാഷ്ട്രീയകേന്ദ്രീകൃതമോ ആയ ഏത് ഭരണവ്യവസ്ഥയും ചെയ്യുന്ന സ്വാതന്ത്ര്യനിഷേധത്തെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.
ക്രാസ്‌നഹോര്‍ക്കയി തുടരുന്നു:
'കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് ഒരു പങ്കും വഹിക്കാനില്ലാതിരുന്ന ഒരു ബൂര്‍ഷ്വാ ലോകത്തില്‍ നിന്നാണ് ഞാന്‍ വന്നത്. ഞങ്ങള്‍ സ്വതവേ സോഷ്യല്‍ ഡെമക്രാറ്റുകളായിരുന്നു, ഞങ്ങളുടെ കുടുംബം. എന്റെ അച്ഛന്‍ ഒരു അഭിഭാഷകനായിരുന്നു, അദ്ദേഹം എന്നും ദരിദ്രരെ സഹായിച്ചു. എന്റെ ജീവിതത്തിലെ യാഥാര്‍ത്ഥ്യമെന്നാല്‍ അതായിരുന്നു- ആഴ്ചയില്‍ രണ്ടോ മൂന്നോ വൈകുന്നേരങ്ങളില്‍ ദരിദ്രര്‍ ഞങ്ങളുടെ വീട്ടിലേക്കു വരുമായിരുന്നു, എന്റെ അച്ഛന്‍ ഒരു പ്രതിഫലവുമിച്ഛിക്കാതെ അവരെ സഹായിച്ചു. എന്നാല്‍ പിറ്റേന്ന്, അതിരാവിലെ, അവര്‍ വന്ന് ഞങ്ങളുടെ വാതിലിനു പുറത്ത് എന്തോ ഉപേക്ഷിച്ചു- രണ്ട് കോഴികള്‍, അതെന്തുകൊണ്ടാണ് എന്ന് എനിക്കന്ന് മനസ്സിലായിരുന്നില്ല'.
ബൂര്‍ഷ്വലോകത്തിന്റെ ഭൂതദയയല്ല പാവങ്ങള്‍ക്കു വേണ്ടത്, ഭരണമാറ്റം തന്നെയാണ് എന്ന മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം പ്രയോഗത്തില്‍ വന്നപ്പോഴുണ്ടായ അനുഭവപാഠങ്ങളാണ് ക്രാസ്‌നഹോര്‍ക്കയിയുടെ അഗാധമായ സര്‍ഗ്ഗരചനകളിലെ ഇരുട്ടിനെയും, സര്‍വ്വനാശത്തിന്റെ ദൃഷ്ടാന്തത്തിനെയും, മനുഷ്യമാത്രകേന്ദ്രീകൃതമായ എല്ലാ മൂല്യവ്യവസ്ഥകളെയും ഒറ്റയ്ക്കുനിന്ന് ചോദ്യം ചെയ്യുന്ന ഒരു കാഫ്ക്യന്‍ ഏകാന്തതയെയും സൃഷ്ടിച്ചത്.
ആദം തെള്‍വെല്‍ നടത്തിയ അഭിമുഖ സംഭാഷണത്തിലെ മുഖ്യഭാഗം ക്രാസ്‌നഹോര്‍ക്കയിയുടെ നോവലുകളെക്കുറിച്ചും രചനയുടെ സാങ്കേതികതകളെക്കുറിച്ചും അദ്ദേഹത്തില്‍ സംഗീതത്തിനുള്ള വലിയ സ്വാധീനത്തെക്കുറിച്ചും മലയാളികളുടെ പ്രിയങ്കര ചലച്ചിത്ര സംവിധായകനായ ബേല താറുമായുള്ള (Béla Tarr) ബന്ധത്തെക്കുറിച്ചുമാണ്. എന്നാല്‍ അതേക്കുറിച്ച് ഈ പംക്തിയില്‍ പരാമര്‍ശിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം കഴിഞ്ഞ ഒരാഴ്ചയില്‍ മലയാളത്തില്‍ വേണ്ടുവോളം അത്തരം കാര്യങ്ങള്‍ വന്നുകഴിഞ്ഞു എന്നതാണ്.
എന്നാല്‍ രണ്ടുകാര്യങ്ങള്‍ കൂടി പറയാമെന്നു കരുതുകയാണ്.
സമഗ്രത എന്ന ഒന്നില്ല, വിശദാംശങ്ങള്‍ മാത്രമേയുള്ളൂ എന്നൊരഭിപ്രായം ക്രാസ്‌നഹോര്‍ക്കയി പറയുന്നുണ്ട്.
'ബുദ്ധന്‍ ഒരിക്കലും പൂര്‍ണതയെക്കുറിച്ച് സംസാരിക്കാന്‍ ആരേയും അനുവദിച്ചില്ല, കാരണം സമഗ്രത എന്നത് അമൂര്‍ത്തമാണ്. സമഗ്രത യാഥാര്‍ത്ഥ്യമല്ല. പൂര്‍ണത, അല്ലെങ്കില്‍ സമഗ്രത (Wholeness) എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ലോകം, പ്രപഞ്ചം, അനന്തമാണെന്ന് നാം വിശ്വസിക്കുന്നു. അതൊരു മിഥ്യയാണ്, കാരണം ലോകം യഥാര്‍ത്ഥത്തില്‍ അനന്തമാണെങ്കില്‍, (മുന്നിലിരിക്കുന്ന ഒരു ഗ്ലാസ് ചായയിലേക്ക് വിരല്‍ ചൂണ്ടിയിട്ട്) ഈ വസ്തു നിലനില്‍ക്കില്ല. കാരണം അസ്തിത്വത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതെല്ലാം പരിമിതമാണ്.
ഈ ഗ്ലാസില്‍, പരിമിതമായ ചെറിയ ഭാഗങ്ങള്‍, ഉപ ആറ്റോമിക് ഘടകങ്ങള്‍ മുതലായവയുണ്ട്. നമുക്ക് അദൃശ്യമാണ്, പക്ഷേ അനന്തമല്ല.'
മറ്റൊരു പ്രധാനപ്പെട്ട കാര്യം ക്രാസ്‌നഹോര്‍ക്കയി പറയുന്നത് എഴുത്തിന്റെ ഒരു പരിമിതി അത് മനുഷ്യന്‍ എഴുതുന്ന ആഖ്യാനമാണ് എന്നതാണെന്നാണ്.
'നോവലിന്റെ ഘടനതന്നെ പൂര്‍ണമായും മനുഷ്യകേന്ദ്രീകൃതമാണ്. അതുകൊണ്ടാണ് കഥാകാരന്റെ പ്രശ്‌നം എപ്പോഴും ആദ്യത്തെ പ്രശ്‌നമാകുന്നത്, അത് എന്നെന്നേക്കുമായി അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഒരു നോവലില്‍ നിന്ന് എങ്ങനെ നിങ്ങള്‍ക്ക് കഥാകാരനെ ഒഴിവാക്കാന്‍ കഴിയും? എന്റെ ഏറ്റവും പുതിയ നോവലില്‍, ഓരോ പേജിലും ആളുകള്‍ പരസ്പരം സംസാരിക്കുകയാണ് - കഥാകാരനെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമാണിത്, പക്ഷേ ഇത് ഒരു സാങ്കേതികത മാത്രമാണ്. (കഥാകാരന്‍ എന്ന മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പുറത്തുപോകുന്നില്ലല്ലോ) കാരണം നോവലിന്റെയും ലോകത്തിന്റെയും ഫ്രെയിം മനുഷ്യകേന്ദ്രീകൃതമാണ്. എന്നാല്‍ ഒരു ഫ്രെയിം ഇല്ലാത്ത പ്രപഞ്ചത്തിനും ഒരു ഫ്രെയിമുള്ള മനുഷ്യവര്‍ഗത്തിനും ഇടയില്‍ എനിക്ക് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടിവന്നാല്‍, ഞാന്‍ മനുഷ്യവര്‍ഗത്തെ തിരഞ്ഞെടുക്കും.'
സര്‍വ്വനാശ (Apocalypse Trilogy)ത്തിന്റെ നോവലുകള്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ മൂന്നു നോവലുകളായ Satantango, The Melancholy of Resistance (1989), War and War (1999) എന്നിവയിലെ The Melancholy of Resistance ലെ ഒരു ഭാഗം (പേജ് 84) ഉദ്ധരിച്ചുകൊണ്ട് ഈ ലക്കം ആഴ്ചപ്പാടുകള്‍ അവസാനിപ്പിക്കുകയാണ്. സര്‍വ്വനാശമെന്ന ആശയത്തിലൂടെ നമുക്കും ഒന്നു നടന്നുനോക്കാം:' ആ വിജനമായ ഭൂപ്രകൃതിയിലൂടെ, ആൾക്കൂട്ടത്തിനിടയിലൂടെ, ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ബസുകളുടെയും കാറുകളുടെയും ഇടയിലൂടെ, അയാൾ നടന്നു , സ്വന്തം ജീവിതത്തിലൂടെ സഞ്ചരിക്കുന്നു എന്നപോലെ, ഏത് ഗുരുത്വാകർഷണമണ്ഡലത്തിലാണ് താൻ സഞ്ചരിക്കുന്നതെന്ന് അന്വേഷിക്കാൻ മടിക്കുന്ന ഒരു കുഞ്ഞുഗ്രഹത്തെപ്പോലെ, ഇത്രയും മഹത്തായ ശാന്തതയും കൃത്യതയും നിറഞ്ഞ ഒരു പദ്ധതിയിൽ തനിക്കുള്ള പങ്ക് എത്രതന്നെ ചെറുതാണ് എന്ന ആഹ്ളാദാറിവിൽ മുഴുവനായി മുഴുകി, തൻ്റെ പങ്ക് വിനീതമായി നിർവഹിച്ച്, അയാൾ സധൈര്യം നീങ്ങി'.
Published: 16 Oct 2025, 09:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented