2025 ഒക്ടോബര്‍ ആദ്യവാരം വരെ ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 18657 ആണ്. കൊട്ടിഘോഷിക്കപ്പെട്ട വെടിനിര്‍ത്തലിനുശേഷവും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുന്നതിനാല്‍ വായനക്കാര്‍ ഇതുവായിക്കുമ്പോഴേക്കും കുഞ്ഞുങ്ങളുടെ മരണസംഖ്യ കൂടാനാണ് സാധ്യത. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

To advertise here,

ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ വായിക്കുന്ന ഒരു പരിപാടി കേരളത്തിലെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടന്നുവരികയാണ്. ചിന്ത രവി ഫൗണ്ടേഷന്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. കോട്ടയം നഗരത്തിലെ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു സുഹൃത്ത് എനിക്കയച്ച ഒരു സന്ദേശമാണ് ഈ ലക്കം ആഴ്ചപ്പാടുകള്‍ക്ക് കാരണമായത്.

സുമനസ്സും മനുഷ്യന്‍ നന്നായി കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളുമായ ആ സുഹൃത്ത് എനിയ്ക്കയച്ച സന്ദേശത്തിന്റെ പൊരുള്‍ ഇതായിരുന്നു.

'ലോകത്തില്‍ എവിടെയാണെങ്കിലും യുദ്ധത്തിന്റെയോ വംശഹത്യയുടേയോ പേരില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെങ്കില്‍, പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അതെതിര്‍ക്കപ്പെടേണ്ടതാണ്. എന്തുകൊണ്ട് ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുമാത്രമായി ഈ വിലാപം? പലവിലാപങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ വിലാപം രാഷ്ട്രീയപ്രേരിതമല്ലേ?'

നിഷ്‌കളങ്കവും മനുഷ്യസ്‌നേഹപരവുമായ ഒരു സംശയമാണ് സുഹൃത്ത് എനിക്കയച്ചത്. എന്നാല്‍ ഈ ചോദ്യം ഉണ്ടായിവന്ന മനസ്സിന് ആധാരമായ രാഷ്ട്രീയവും സാംസ്‌കാരികവുമായ വര്‍ത്തമാനകാല ലോകപരിസരം നാം ശ്രദ്ധിക്കേണ്ടതാണ്.

ഇസ്ലാമിക തീവ്രവാദം ലോകത്ത് പലയിടങ്ങളിലും അത്ര വിദൂരമല്ലാത്ത ഭൂതകാലങ്ങളില്‍ വിതച്ച ഹിംസയുടെ ഞെട്ടലില്‍ നിന്നാണ് എന്റെ സുഹൃത്തിന്റെ ചോദ്യം ഉണ്ടാകുന്നത്. കുറച്ചുനാളുകളായി പിന്‍വാങ്ങി നിന്നിരുന്ന ബോക്കോ ഹറം എന്ന ഇസ്ലാമികതീവ്രവാദസംഘടന നൈജീരിയയില്‍ സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ കടുത്ത ഹിംസകളുമായി തിരിച്ചുവന്നതിനെക്കുറിച്ചും സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി. ഇത്തരം ഹിംസകള്‍ ഉള്ളപ്പോള്‍ ഗാസയിലെ കുട്ടികള്‍ക്കുവേണ്ടി മാത്രം എന്തേ ഈ ക്യാമ്പയിനുകള്‍?, ഇതാണ് ചോദ്യം.

തികഞ്ഞ അഹിംസാവാദിയായിരുന്ന മഹാത്മാഗാന്ധി കുറഞ്ഞത് മൂന്നുയുദ്ധങ്ങളിലെങ്കിലും പക്ഷം പിടിച്ചിരുന്നു. ലോകത്തില്‍ മതപരവും രാഷ്ട്രീയപരവും വംശീയവുമായ നിരവധി ഹിംസകള്‍ നിലനിന്നിരുന്ന കാലത്താണ് ഹിറ്റ്‌ലറും മുസ്സോളിനിയും ഒരു ഭാഗത്തണിനിരന്ന യുദ്ധത്തില്‍ ഗാന്ധി മറുപക്ഷം പിടിച്ചത്. അവിടെ, 'താന്‍ എല്ലാ ഹിംസകള്‍ക്കും എതിരാണ്, അതിനാല്‍ എല്ലാ ഹിംസകള്‍ക്കും എതിരായ ഒരു പരസ്യപ്രസ്താവനയേ ഞാന്‍ ഇറക്കൂ' എന്ന ഒരു നിലപാടല്ല ആ അഹിംസാവാദി എടുത്തത്. ലോകത്തില്‍ നിരവധി സ്വേച്ഛാധിപത്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ എന്തുകൊണ്ട് ഹിറ്റ്‌ലറും മുസ്സോളിനിയും നടത്തിയ അതിക്രമങ്ങളെ ലോകം പ്രത്യേകമായി നേരിട്ടു?

ഗാസയില്‍ 18000 കുഞ്ഞുങ്ങള്‍ രണ്ടുകൊല്ലങ്ങള്‍ക്കകം കൊല്ലപ്പെട്ടതിനെക്കുറിച്ചു പറയുമ്പോള്‍ ആരും നൈജീരിയയില്‍ ഇക്കാലത്തുതന്നെ ഇസ്ലാമികതീവ്രവാദികളാല്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ കുട്ടികളുടെ മുഖങ്ങള്‍ മറക്കുന്നില്ല. ഗുജറാത്തില്‍ തീവ്രഹിന്ദുക്കള്‍ കൊന്ന മുസ്ലിം കുട്ടികളുടെ അകാലത്തില്‍ പൊഴിഞ്ഞ ജീവിതങ്ങള്‍ മറക്കുന്നില്ല, ഇറാക്കില്‍ അമേരിക്കന്‍ പട്ടാളം കൊന്ന മുസ്ലിം കുട്ടികളുടെ പേരുകള്‍ മറക്കുന്നില്ല, കംബോഡിയയില്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ മരത്തില്‍ തലയടിച്ചു കൊന്ന നൂറുകണക്കിന് കുഞ്ഞുങ്ങളെ മറക്കുന്നില്ല. കുഞ്ഞുങ്ങളെ പരിചയാക്കി യുദ്ധമുഖം തീര്‍ക്കുന്ന ഹമാസ്സടക്കമുള്ള ഒരു തീവ്രസംഘടനകളേയും മറക്കുന്നില്ല. എന്നാല്‍ ചില സവിശേഷ സാഹചര്യങ്ങളില്‍ എല്ലാ ചോദ്യങ്ങളും ഒരുമിച്ചുചോദിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. അങ്ങനെ ചോദിച്ചാല്‍ ആ ചോദ്യം മുനയൊടിഞ്ഞുപോയ ലോകസമാധാന സെമിനാരികളുടെ മറ്റൊരു വിലാപം മാത്രമാകും. ഇസ്രയേല്‍ ഗാസയില്‍ കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരത അത്തരം ഒരു സമീകരണം അര്‍ഹിക്കുന്നില്ല. സമീകരണം ആ ഹിംസയെ സാധൂകരിക്കാനേ ഉതകൂ.

ലോകമനഃസ്സാക്ഷി, ലോകാധികാരങ്ങള്‍ക്കു പുറത്ത് ആലിംഗനബദ്ധരായി നില്‍ക്കുന്ന ജീവകോടികളുടെ ആര്‍ജ്ജിതമനഃസാക്ഷി എതിര്‍ത്തിട്ടും ഇസ്രയേല്‍ ഗാസയില്‍ നടത്തിയ, ഇപ്പോഴും തുടരുന്ന ക്രൂരതകളെ തടയാന്‍ കഴിയാത്തതിന് സമാന്തരമായി ഒരു ശിശുവിരുദ്ധ സാഹചര്യം ഇന്നത്തെ ലോകത്തിലില്ല. സമാന്തരങ്ങളില്ലാത്ത ക്രൂരതയാണിത്. ഗാസസഹസ്രനാമം നാം ആലപിക്കുമ്പോള്‍ സമാനക്രൂരത അനുഭവിക്കുന്ന, അനുഭവിച്ച, ഭാവിയില്‍ അനുഭവിക്കാവുന്ന മുഴുവന്‍ കുഞ്ഞുങ്ങളേയും അത് പ്രതിനിധീകരിക്കുന്നുണ്ട്. മനുഷ്യന്‍ ഉണ്ടാക്കിയ ദൈവങ്ങളുടെ അദ്ധ്യക്ഷതയില്‍ നൂറ്റാണ്ടുകളില്‍ നടന്ന കൊലപാതകങ്ങളുടേയും, അധികാരഗര്‍വ്വില്‍ ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍ പോട്ടും നടത്തിയ കൊലപാതകങ്ങളുടേയും വംശഹത്യകളുടേയും ലക്ഷണമൊത്ത തുടര്‍ച്ചയാണ് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത്. അതിനെ ഒറ്റതിരിഞ്ഞ് അപലപിക്കുന്നു എന്നു പറയരുത്. ഗാസയിലെ കുട്ടികളോട് ഇസ്രയേല്‍ ചെയ്യുന്നത് ഒറ്റപ്പെട്ടു നില്‍ക്കുന്ന അതിഭീമന്‍ ക്രൂരതയാണ്.

ഇന്നത്തെ ലോകം ഇരുധ്രുവലോകമല്ല. വിവിധധ്രുവങ്ങളുടെ മൊസൈക് ആണിത്. കമ്പോളം നിയന്ത്രിക്കുന്ന വര്‍ണ്ണ-വംശ-ദേശീയതാമിശ്രിതമാണത്. ആര്, ഏതു കള്ളിയില്‍ എന്ന് തിരിച്ചറിയാത്ത സങ്കീര്‍ണ്ണസങ്കരതയാണിത്. ആ മൊസൈക്കിലാണ് ഇതൊന്നും മനസ്സിലാകാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകങ്ങളും മുറിവുകളും അനാഥത്വവും സംഭവിക്കുന്നത്. അതിന്റെ ഏറ്റവും ഭീകരമായ ആവിഷ്‌കാരമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തിയത്, നടത്തുന്നത്.

'അയ്യോ ഇസ്ലാം ഭീകരത' (Islamophobia) ലോകത്തിലെ മറുമതതീവ്രര്‍ക്കെന്നപോലെ തീവ്രഇസ്ലാമിനും പ്രിയങ്കരമാണ്. ഈ ഭയത്തിന്റെ കലപ്പയാല്‍ ഉഴുതുമറിച്ച ഭൂമി അപരമതാവലംബദേശീയതകള്‍ക്ക് ഫലഭൂയിഷ്ഠമായ പശിമരാശിമണ്ണാകുമ്പോള്‍ അതേ Islamophobia തീവ്ര ഇസ്ലാമികസംഘങ്ങള്‍ക്ക് ആ ഭയം അരക്ഷിതരാക്കുന്ന മുസ്ലിം ജനവിഭാഗങ്ങളെ സംഘടിപ്പിക്കുവാനുള്ള എളുപ്പവഴിയുമാകുന്നു. ഇസ്ലാംപേടി ഉഴുതുമറിച്ച ഈ രണ്ടു കൃഷിത്തറകളും ഏറ്റവും ലക്ഷണമൊത്ത് തയ്യാറായിക്കൊണ്ടിരിക്കുന്ന ഇടമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സങ്കരസങ്കീര്‍ണ്ണതയില്‍ നാമേതു കള്ളിയില്‍ നിറം ചേര്‍ക്കുന്നു എന്ന് തിരിച്ചറിയാതെയാണ് സാമൂഹിക ഇയിടപെടലുകള്‍ നടക്കുന്നത്.

എന്തുകൊണ്ടാണ് ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കഴിയാതെപോകുന്നത്? അത് ലോകരാഷ്ട്രീയത്തിലെ സങ്കരസങ്കീര്‍ണത, a mosaic of complexities ഉണ്ടാക്കുന്ന സാഹചര്യത്തിലേക്കുള്ള ദിശാസൂചനയാണ്. ആ സങ്കീര്‍ണതകളെ അതിജീവിച്ചു നില്‍ക്കുന്ന മാനവികതയുടെ ഒരു കുട ലോകത്തിന് തണലായി വിടര്‍ന്നുനില്‍ക്കുന്നുമുണ്ട്. അത് ഗാന്ധിയുടെ തുടര്‍ച്ചയാണ്. ആ മാനവികതയുടെ കാലാതീതമായ നിത്യയൗവ്വനമാണ് ലോകനഗരങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെയോര്‍ത്ത് വിലപിക്കുന്നത്. ആ മാനവികത മതം നോക്കി കുഞ്ഞുങ്ങളുടെ പേരുവായിക്കുന്നില്ല. അത് ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ പേരില്‍ ബോക്കോ ഹറമിന്റെ കൊലനിലങ്ങളില്‍ ശവകുടീരങ്ങള്‍ പണിയാന്‍ തയ്യാറാണ്. നൈജീരിയയിലെ കുഞ്ഞിന്റെ പേരില്‍ ഗാസയിലും ശവകുടീരങ്ങള്‍ പണിയാന്‍ തയ്യാറാണ്.

കേരളത്തിലെ നഗരങ്ങളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ പേരുകള്‍ വായിക്കുന്നത് അതിനാല്‍ മനുഷ്യസമഭാവനയുടെ നന്മാശ്ലേഷമാണ്. സംഘര്‍ഷങ്ങളുടെ ഇരകളായി, മതങ്ങള്‍ക്കിരകളായി, വംശാഭിമാനങ്ങള്‍ക്കിരകളായി, പ്രത്യയശാസ്ത്രഭീകരതയ്ക്കിരകളായി ലോകത്തിലെവിടേയും മുറിവേല്‍കുന്ന, അനാഥരാകുന്ന, കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ പേരുകളുടെ പ്രതിനിധ്യമാണ് ഗാസയുടെ പേരുകള്‍.