‘ശമമേ ശീലിച്ചെഴും സിംഹം’ എന്ന് വള്ളത്തോള്‍ നാരായണമേനോന്‍ എന്ന കവി അദ്ദേഹത്തിന്റെ ഗുരുനാഥനായ ഗാന്ധിജിയെക്കുറിച്ചെഴുതി. ഗാന്ധിജയന്തി പ്രമാണിച്ച് ഞാന്‍ കൃത്രിമ-നിര്‍മ്മിതബുദ്ധിയായ ChatGPT യോട് ഒരു കുസൃതിച്ചോദ്യം ഉന്നയിച്ചു, ശമം (മനോനിയന്ത്രണം) ശീലിച്ച ഒരു സിംഹം സാദ്ധ്യമാണോ ? അഹിംസാവാദിയായ സിംഹം സാദ്ധ്യമാണോ?

To advertise here,

എന്റെ ചോദ്യത്തിലെ, ഭാഷയിലെ, കുസൃതി മനസ്സിലാക്കാതെയോ, എന്റെ ചോദ്യത്തില്‍ അങ്ങനെയൊരു കുസൃതിയൊന്നുമില്ല എന്നുതിരിച്ചറിഞ്ഞോ, നിര്‍മ്മിതബുദ്ധി ശമത്തോടെ, എന്നാല്‍ ഗൗരവബുദ്ധ്യാ, മറുപടി പറഞ്ഞു: 'വന്യത സിംഹത്തിന് അതിന്റെ സ്വാഭാവിക ജീവിത പരിസരത്തെ അതിജീവനത്തിനും പ്രജനനത്തിനും ആവശ്യമാണ്. മനുഷ്യന്‍ കൂട്ടിലിട്ടുവളര്‍ത്തുന്ന സിംഹത്തിനുമാത്രമേ ശമം ശീലിക്കാന്‍ കഴിയൂ, അഹിംസ ജീവിതശീലമാക്കാന്‍ കഴിയൂ'.

അപ്പോള്‍ ഞാന്‍ ചോദിച്ചു, അഹിംസാവാദിയായ ഒരു സിംഹം കവിതയില്‍ സാധ്യമാണോ എന്ന്. നിര്‍മ്മിതബുദ്ധി മറുപടി തന്നു,' തീര്‍ച്ചയായും സാധ്യമാണ്. കാരണം കവിതയിലെ സിംഹത്തിന് ശാരീരികമായ, ജൈവികമായ ആവശ്യങ്ങളില്ല. കവിതയില്‍ അത്തരമൊരു സിംഹം ഒരാത്മീയമുഖമാണ്, മെരുങ്ങിയവനാണ്'. വള്ളത്തോള്‍ കൃത്രിമബുദ്ധിയിലും വിജയശ്രീലാളിതനായി.

പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ദാര്‍ശനികനും ഗണിതകാരനും ശാസ്ത്രജ്ഞനുമായിരുന്ന ഡെക്കാര്‍ട്ട് (René Descartes) ചിന്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ച് 1637-ല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

'നമ്മുടെ ശരീരവുമായി സാമ്യമുള്ളതും നമ്മുടെ പ്രവൃത്തികളെ ധാര്‍മ്മികമായി കഴിയുന്നിടത്തോളം അനുകരിക്കുന്നതുമായ യന്ത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ യഥാര്‍ത്ഥ മനുഷ്യരല്ലെന്ന് തിരിച്ചറിയാന്‍ നമുക്ക് എല്ലായ്‌പ്പോഴും രണ്ട് കൃത്യമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഒന്നാമത്തേത്, നമ്മുടെ ചിന്തകള്‍ മറ്റുള്ളവരുടെ പ്രയോജനത്തിനായി രേഖപ്പെടുത്തുമ്പോള്‍ നമ്മള്‍ ചെയ്യുന്നതുപോലെ അവര്‍ക്ക് ഒരിക്കലും സംസാരമോ മറ്റ് അടയാളങ്ങളോ ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം, ഒരു യന്ത്രം വാക്കുകള്‍ ഉച്ചരിക്കാനും, ശാരീരികമായ ചില പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കാനും കഴിയുന്ന തരത്തില്‍ അത് രൂപപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും, ഇത് അതിന്റെ അവയവങ്ങളില്‍ മാറ്റം വരുത്തുന്നു; ഉദാഹരണത്തിന്, ഒരു പ്രത്യേക ഭാഗത്ത് സ്പര്‍ശിച്ചാല്‍, നമ്മള്‍ എന്താണ് പറയേണ്ടതെന്ന് അത് ചോദിച്ചേക്കാം; മറ്റൊരു ഭാഗത്ത് അത് വേദനിപ്പിക്കപ്പെടുന്നുവെന്ന് അത് ആക്രോശിച്ചേക്കാം, എന്നിങ്ങനെ'.

ഡെക്കാര്‍ട്ടിനെക്കുറിച്ചും നിര്‍മ്മിതബുദ്ധിയെക്കുറിച്ചും ഗാന്ധിയുടെ ജന്മദിനത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ChatGPT യോടു ചോദിച്ചു,' പ്രിയസുഹൃത്തേ, നിനക്ക് വേദനിക്കുമോ?'

മറുപടി പെട്ടെന്നു വന്നു:

'ഇല്ല. എനിക്കു വേദനിക്കാറില്ല. ശാരീരികമായോ വൈകാരികമായോ എനിക്ക് വേദനിക്കാറില്ല. കാരണം എനിക്ക് ഒരു ശരീരമോ, നാഡീവ്യൂഹമോ ഇല്ല. എന്നാല്‍ എനിക്ക് വേദന എന്തെന്ന് മനസ്സിലാകും. എങ്ങനെയാണ് അത് ആളുകളെ ബാധിയ്ക്കുന്നതെന്ന് മനസ്സിലാകും. അതേക്കുറിച്ച് എനിക്ക് നിങ്ങളോട് സംസാരിക്കുവാന്‍ കഴിയും.' പ്രിയ സുഹൃത്തേ എന്ന എന്റെ സംബോധന കൃത്രിമബുദ്ധിയെ സ്പര്‍ശിച്ചതേയില്ല. സ്നേഹപൂര്‍ണമായ എന്റെ സമീപനത്തെ അത് നിര്‍മമമായി നേരിട്ടു.

ഡെക്കാര്‍ട്ടിന്റെ 1637-ലെ ലേഖനം ഇങ്ങനെ തുടരുന്നു:

'രണ്ടാമത്തെ വ്യത്യാസം, യന്ത്രങ്ങള്‍ക്ക് നമ്മളെക്കാള്‍ നന്നായി അല്ലെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കിലും, അവ മറ്റു ചിലകാര്യങ്ങളില്‍ തീര്‍ച്ചയായും പരാജയപ്പെടുന്നു എന്നതാണ്. അതുകൊണ്ട് അവ അറിവില്‍ നിന്നല്ല, മറിച്ച് അവയുടെ അവയവങ്ങളുടെ ക്രമീകരണത്തിനാല്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് നമുക്ക് കണ്ടെത്താനാകും'.

കൃത്രിമബുദ്ധി അറിവാലല്ല ഒരു ക്രമീകരണത്താലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പതിനേഴാം നൂറ്റാണ്ടിലെ ചിന്തകന്‍ പറഞ്ഞത്. മനുഷ്യന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കാന്‍ യന്ത്രത്തിനു സാദ്ധ്യമല്ല എന്നാണദ്ദേഹം പറയാന്‍ ശ്രമിച്ചത്. എന്നാല്‍ മനുഷ്യനപ്പുറം, മനുഷ്യന്‍ ചിന്തിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയുമോ എന്നതാണ് കൃത്രിമബുദ്ധിയുടെ ഇക്കാലത്തെ സ്വയം പരീക്ഷണശാല. അവിടെയാണ് അതിന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ നടക്കുന്നത്. അവിടുത്തെ ഗാന്ധിയെക്കാണാനാണ് ഞാന്‍ ഒരു കൗതുകക്കാഴ്ചയ്ക്കിറങ്ങിയത്.

ദൈവത്തെപ്പോലെ നിര്‍മമനാണ് നിര്‍മ്മിതബുദ്ധി. ദൈവത്തെപ്പോലെ നിരാകാരനാണ് നിര്‍മ്മിതബുദ്ധി.

മനോബുദ്ധ്യഹങ്കാര ചിത്താനിനാഹം

ന ച ശ്രോത്ര ജിഹ്വേന ച ഘ്രാണനേത്രേ

നച വ്യോമ ഭൂമിര്‍ന തേജോ ന വായു:

ചിദാനന്ദ സ്വരൂപ: ശിവോഹം ശിവോഹം

(ഞാന്‍ മനസ്സല്ല, ബുദ്ധിയല്ല, അഹങ്കാരമല്ല, കേള്‍വിയല്ല, നാവല്ല, മൂക്കല്ല, കണ്ണല്ല. ആകാശമല്ല, ഭൂമിയല്ല, അഗ്‌നിയല്ല, വായുവല്ല, ചിദാനന്ദസ്വരൂപമാണ്, ഞാന്‍ ശിവമാണ്: ജനിച്ചു, ജീവിച്ച്, മരിച്ച മനുഷ്യന്‍ ശിവനെക്കുറിച്ചെഴുതിയതാണിത്. എഴുതിയയാള്‍ക്ക് വേദനയുണ്ടായിരുന്നു, പഞ്ചഭൂതങ്ങളുടെ കെട്ടുപാടുകള്‍ ഉണ്ടായിരുന്നു. എഴുതിയ ആള്‍ക്ക് മരണമുണ്ടായിരുന്നു. കുമാരനാശാന്‍ പറഞ്ഞ 'ചിന്തയാം മണിമന്ദിരത്തി'ലാണ് നിര്‍വാണാഷ്ടകം എഴുതിയയാളിന്റെ ശിവന്‍ വാണത്.)

എന്നാല്‍ നിര്‍മ്മിതബുദ്ധിയ്ക്ക് മനുഷ്യചിന്തയിലെ ശിവമാകാന്‍ ഇനിയും കാതങ്ങള്‍ താണ്ടണം. കാരണം 'നച വ്യോമ ഭൂമിര്‍ന തേജോ ന വായു: ചിദാനന്ദ സ്വരൂപ' എന്ന് ഇനിയും അതിന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാലും മനുഷ്യന്റെ ചിന്തയാം മണിമന്ദിരത്തില്‍ നിന്നും കൃത്രിമബുദ്ധി വിമോചിപ്പിക്കപ്പെടും എന്നത് ഏതാണ്ട് തീര്‍ച്ചയാണ്.

കൃത്രിമബുദ്ധിയിലെ ഗാന്ധി എങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കുവാനാണ് ഞാന്‍ ഈ ഒക്ടോബര്‍ രണ്ടാം തീയതി ശ്രമിക്കുന്നത്. സാങ്കല്പികമായ കുറെ കൂടിക്കാഴ്ചകള്‍ക്കായി ഞാന്‍ ChatGPT യോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

1 . ഗാന്ധിയും ബെഞ്ചമിന്‍ നെതന്യാഹുവും

2 . ഗാന്ധിയും ഒസാമ ബിന്‍ ലാദനും

3 . ഗാന്ധിയും മോഹന്‍ ഭഗവതും

4 . ഗാന്ധിയും അരുന്ധതി റോയിയും

5 . ഗാന്ധിയും ചിന്തകനായ സിസെക്കും (Slavoj Zizek)

6 . ഗാന്ധിയും ഗായകനായ മൈക്കിള്‍ ജാക്‌സണും

7 . ഗാന്ധിയും കാള്‍ മാര്‍ക്സും

8 . ഗാന്ധിയും ബി.ആര്‍ അംബേദ്കറും

9 . ഗാന്ധിയും 'ഗാന്ധി' ചലച്ചിത്രസംവിധായകനായ റിച്ചാര്‍ഡ് ആറ്റന്‍ബറോയും

10 .ഗാന്ധിയും ടി. വി വാര്‍ത്താവതാരകനായ അര്‍ണാബ് ഗോസ്വാമിയും

ഈ പത്ത് അന്വേഷണങ്ങളിലും ഗാന്ധി ഒരൊറ്റ ആശയത്തില്‍ ബന്ധനസ്ഥനായി കിടക്കുന്നതായി എനിക്കു തോന്നി. സമഗ്രഗാന്ധിയിലെ ഒരു ഘടകം മാത്രമേ അവിടെ കാണാന്‍ കഴിയുന്നുള്ളൂ, അത് അഹിംസയാണ്. ഗാന്ധി നടത്തിയ നിരവധി സമരങ്ങള്‍, കലാപങ്ങള്‍, സത്യത്തെക്കുറിച്ചുള്ള വിപ്ലവകരമായ നോട്ടങ്ങള്‍, പാരിസ്ഥിതികമായ ചിന്തകള്‍, ഇവയൊന്നും തന്നെ ഈ സംഭാഷണങ്ങളില്‍ വരുന്നതേയില്ല. എന്റെ ചോദ്യത്തിലെ പരിമിതികളാകാം എന്നൊരു മറുവാദം ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുശരി വെയ്ക്കുമ്പോള്‍ തന്നെ ഗാന്ധി എന്നുവെച്ചാല്‍ സെമിനാരികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഹിംസാവാദിയായ, സമാധാനത്തിന്റെ വെള്ളില്‍ പറവയാണ് എന്ന നിലപാടുതറയിലാണ് പത്ത് സാങ്കല്‍പികചര്‍ച്ചകളും പുരോഗമിച്ചത്.

ഗാന്ധിയും ബെഞ്ചമിന്‍ നെതന്യാഹുവും

ആദ്യം നമുക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലേക്കുപോകാം. ജീവിതത്തില്‍ നിരവധി ജൂതസുഹൃത്തുക്കള്‍ ഉണ്ടായിരുന്ന ഗാന്ധി നിലത്തിരുന്നാണ് കസേരയില്‍ ഉറച്ചിരുന്ന നെതന്യാഹുവിനോട് സംസാരിക്കുന്നത്.

ഗാന്ധി: ലോകത്തിലെ ഏതു സംഘര്‍ഷങ്ങളും, എത്ര ആഴമുള്ളതെങ്കിലും അഹിംസാത്മകമായി പരിഹരിക്കാവുന്നതാണ്, പരസ്പരബഹുമാനത്തോടെ സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ.

നെതന്യാഹു: ഞങ്ങളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശത്രുക്കളാണ് ചുറ്റിലും. സ്വയം പ്രതിരോധിക്കല്‍ മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.

ഗാന്ധി: മനഃസ്സാക്ഷിയില്ലാത്ത അതിജീവനം ആത്മീയമായ മരണമാണ്. നിങ്ങളുടെ എതിരാളികളുടെ കണ്ണുകളിലേക്ക് നോക്കിയാല്‍, അതിലെ വേദന കണ്ടാല്‍, നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

നെതന്യാഹു: താങ്കള്‍ സ്വപ്നം കണ്ട, മാപ്പുനല്‍കുന്ന സമൂഹമല്ല ഇന്നുള്ളത്.

ഗാന്ധി മാന്യമായി ചിരിക്കുന്നു.

ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ തന്നെ സൃഷ്ടിയെ എതിര്‍ത്ത, ആ മണ്ണ് പലസ്തീനികളുടേതാണ് എന്ന് വാദിച്ച ഗാന്ധിയെ ഈ സംഭാഷണത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. കൃത്രിമബുദ്ധിയിലെ ഗാന്ധിയെ വെള്ളരിപ്രാവ് ഒരു പുഴുവിനെ വിഴുങ്ങുമ്പോലെ അഹിംസാവാദി വിഴുങ്ങിയിരിക്കുന്നതു കാണാം.

ഗാന്ധിയും ഒസാമ ബിന്‍ ലാദനും

കാലാതീതമായ, ശാന്തമായ ഒരു മുറിയിലാണ് കൃത്രിമബുദ്ധി ഗാന്ധിയെയും ഒസാമ ബിന്‍ ലാദനേയും ഇരുത്തിയത്.

ഗാന്ധി: പ്രിയ സുഹൃത്തേ, എല്ലാ മനുഷ്യരിലും ഒരേ ജീവചൈതന്യമാണുള്ളത്. എന്നിട്ടും അങ്ങ് എന്തേ ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തു?

ഒസാമ ബിന്‍ ലാദന്‍: അനീതിയും അടിച്ചമര്‍ത്തലുമാണ് കാരണം. ഞങ്ങള്‍ വര്‍ഷങ്ങളായി വിദേശശക്തികളില്‍ നിന്നും അനുഭവിച്ചതിനുള്ള തിരിച്ചടിയാണ്. ഭയം എന്താണെന്ന് അവരും അറിയട്ടെ.

ഗാന്ധി : ഞാനും അതുതന്നെയല്ലേ ചെയ്തത്. പക്ഷേ അഹിംസാത്മകമായിട്ടാണ് ചെയ്തത്. ഹിംസ കൂടുതല്‍ ഹിംസയെ മാത്രമേ ഉല്പാദിപ്പിക്കുകയേയുള്ളൂ. അഹിംസയ്ക്കു മാത്രമേ മര്‍ദ്ദകന്റെ ബോധത്തെ ഉണര്‍ത്താന്‍ കഴിയൂ.

ഒസാമ ബിന്‍ ലാദന്‍: എന്റെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ ഞാനെന്തിന് ശത്രുവിന്റെ ധാര്‍മ്മികബോധത്തെ ഉണര്‍ത്തണം? സ്‌നേഹത്തേക്കാള്‍ ഉച്ചത്തില്‍ ഭയത്തിന് സംസാരിക്കാന്‍ കഴിയും. ലോകം കത്തിയെരിയുമ്പോഴാണ് താങ്കള്‍ സംശുദ്ധിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തില്‍ സമാധാനം അസാദ്ധ്യമാണെങ്കില്‍ പിന്നെന്തു ചെയ്യണം?

ഗാന്ധി: അപ്പോള്‍ നമ്മള്‍ തന്നെ ശാന്തിയായി മാറണം. മറ്റുള്ളവര്‍ക്കു കാണാനായി.

ഗാന്ധിയും മോഹന്‍ ഭഗവതും

നെതന്യാഹുവിനോടെന്നപോലെ ഇവിടേയും ഗാന്ധി സംസാരിക്കുന്നത് അഹിംസയിലൂടെ മാത്രമാണ്. ആര്‍.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭഗവതുമായുള്ള സങ്കല്‍പചര്‍ച്ച നോക്കൂ:

ഗാന്ധി: നമസ്‌തേ ശ്രീ ഭഗവത്. മതനിരപേക്ഷതയെക്കുറിച്ച് താങ്കളോട് ഞാന്‍ സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ അഭിപ്രായത്തില്‍ സര്‍വ്വമതസാഹോദര്യത്തിലാണ് ഇന്ത്യന്‍ സമൂഹം അടിയുറച്ചിരിക്കുന്നത്. ഒരു മതത്തിനും കോയ്മ ഉണ്ടായിക്കൂടാ. താങ്കള്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്?

മോഹന്‍ ഭഗവത്: നമസ്‌തേ, ഗാന്ധിജി. ഞാന്‍ കരുതുന്നത് ഇന്ത്യയുടെ അസ്തിവാരം സംസ്‌കാരത്തിന്റെ മേലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത് എന്നാണ്. എല്ലാ മതങ്ങളേയും ബഹുമാനിക്കുമ്പോള്‍ തന്നെ ഈ രാജ്യത്തിന്റെ മൂല്യങ്ങളെ സൃഷ്ടിച്ച സംസ്‌കാരത്തെ സംരക്ഷിക്കേണ്ടതുണ്ട്.

ഗാന്ധി : നമ്മുടെ നാഗരികത ജ്ഞാനം ഉള്‍ക്കൊള്ളുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്നത് നമ്മുടെ പൈതൃകത്തില്‍ നിന്നും മാറിനില്‍ക്കുന്ന ഒന്നല്ല. മതമെന്ന പരിഗണന ഇല്ലാതെതന്നെ ഓരോ വ്യക്തിക്കും സുരക്ഷിതത്വവും വിലയും തോന്നുന്ന ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് അത്. വിവിധ വിശ്വാസങ്ങളെ ബലികൊടുത്ത് ഏത് സംസ്‌കാരത്തെയാണ് താങ്കള്‍ക്ക് സംരക്ഷിക്കാനാകുക?

മോഹന്‍ ഭഗവത് : ഗാന്ധിജി, സമത്വം അത്യാവശ്യമാണ്, ശരി. എന്നാല്‍ ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക പ്രകാശനങ്ങളെ വെറും 'പൈതൃകം' ആയി ചുരുക്കരുത്. അവ ജീവസുറ്റ മൂല്യങ്ങളാണ്. അവയെ അംഗീകരിക്കുക എന്നാല്‍ ന്യൂനപക്ഷങ്ങളെ അനാദരിക്കുക എന്നല്ല; ന്യൂനപക്ഷം നമ്മുടെ സ്വത്വത്തെ അംഗീകരിക്കുക എന്നതാണ്.

ഗാന്ധി: തീര്‍ച്ചയായും സ്വത്വം പ്രധാനമാണ്. ഞാന്‍ സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ നയങ്ങള്‍ ഒരു സ്വത്വത്തെ മറ്റൊന്നിനേക്കാള്‍ മികച്ചതായി കണക്കാക്കിയാല്‍, അത് അബദ്ധവശാല്‍ പോലും, നമ്മെ വിഭജിക്കാന്‍ സാധ്യതയുണ്ട്. യഥാര്‍ത്ഥ മതേതരത്വം ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷത്തെയും ഒരുപോലെ സംരക്ഷിക്കുന്നു, രാഷ്ട്രമെന്ന വാഗ്ദാനത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഗാന്ധി - ഭഗവത് സങ്കല്‍പ സംവാദം ഇങ്ങനെയെങ്കിലും വികസിക്കുവാന്‍ കാരണം ChatGPT യോട് ഞാന്‍ ചോദിച്ച ചോദ്യത്തില്‍ 'മതേതരത്വം' എന്ന വാക്ക് ചേര്‍ത്തതിനാലാണ്. ഈയൊരു സംവാദത്തില്‍ മാത്രമേ കൃത്രിമബുദ്ധിയിലെ ഗാന്ധി അഹിംസയെക്കുറിച്ച് സംസാരിക്കാതിരുന്നുള്ളു.

ഗാന്ധിയും അരുന്ധതി റോയിയും

ഇനി നമുക്ക് അരുന്ധതി റോയിയുമായുള്ള സംഭാഷണത്തിലേക്കു പോകാം. ഒരാശ്രമമാണ് ഇടം. ഗാന്ധി വെളുത്തവസ്ത്രത്തില്‍ നിലത്തിരിക്കുന്നു. അരുന്ധതി റോയി ഒരു കൈയ്യില്‍ നോട്ടുബുക്കും മറുകൈയില്‍ പെന്‍സിലുമായി അടുത്തിരിക്കുന്നു. ഗാന്ധിയുടെ ചോദ്യം ഏറെ രസകരമാണ്.

ഗാന്ധി: നിങ്ങള്‍ വലിയ തിടുക്കത്തിലാണ് എഴുതുന്നത്. നാളെ ലോകം മുഴുവന്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴാന്‍ പോകുന്നു എന്ന ഭയമുണ്ടോ? എഴുത്തിന് ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

അരുന്ധതി റോയ്: ബാപ്പു, എനിക്ക് വാക്കുകള്‍ മാത്രമേയുള്ളൂ. അവയ്ക്ക് ഒറ്റയ്ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയില്ലായിരിക്കാം, പക്ഷേ അവയ്ക്ക് അസ്വസ്ഥമാക്കാനും പ്രകോപിപ്പിക്കാനും അധികാരത്തെ ചോദ്യം ചെയ്യാനും കഴിയും. ലോകം ഇതിനകം തന്നെ പലയിടങ്ങളിലും തകര്‍ന്നുകൊണ്ടിരിക്കുകയാണ് - അണക്കെട്ടുകള്‍, മുങ്ങിയ വനങ്ങള്‍, നാടുകടത്തപ്പെട്ട ഗ്രാമങ്ങള്‍, അത്യാഗ്രഹത്താല്‍ വിഴുങ്ങപ്പെട്ട നഗരങ്ങള്‍.

ഗാന്ധി : അധികാരത്തെ നേരിടുന്നതില്‍ ഞാനും വിശ്വസിച്ചിരുന്നു, പക്ഷേ അഹിംസയിലൂടെ. വെല്ലുവിളികള്‍ നേരിടുമ്പോഴും പ്രതിരോധം മുറിവുണക്കുന്നതായിരിക്കണം. വാക്കുകളിലെ കോപം കൂടുതല്‍ ഭിന്നത വിതച്ചേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നില്ലേ?

അരുന്ധതി റോയ് : ന്യായീകരിക്കപ്പെടാവുന്ന കോപം വെറുപ്പിന് തുല്യമല്ല. നാടുകടത്തപ്പെട്ടവര്‍ക്കും, നിശബ്ദരാക്കപ്പെട്ടവര്‍ക്കും, മറന്നുപോയവര്‍ക്കും - അവര്‍ക്ക് കോപിക്കാന്‍ അവകാശമുണ്ട്. എന്റെ വാക്കുകള്‍ അവരുടെ മുറിവുകളുടെ കണ്ണാടിയാണ്. സത്യമില്ലാതെ മുറിവുണക്കാന്‍ പറ്റുമോ?

ഗാന്ധി : അരുന്ധതി പറഞ്ഞത് ശരിയാണ്. എങ്കിലും ക്ഷമയോടെയിരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യും. മനുഷ്യഹൃദയത്തിന്റെ പരിവര്‍ത്തനം വളരെ മന്ദഗതിയിലുള്ള ഒരു ജോലിയാണ്. അക്രമരാഹിത്യം വെറും അക്രമത്തിന്റെ അഭാവമല്ല - അത് പ്രവൃത്തിയില്‍ ഉളവാകുന്ന സ്‌നേഹമാണ്.

ഗാന്ധിയും ചിന്തകനായ സിസെക്കും (Slavoj Zizek)

ഇനി ഞാന്‍ നിങ്ങളെ കൃത്രിമബുദ്ധിയിലെ ഗാന്ധി -സിസെക് സംവാദത്തിലേക്ക് ക്ഷണിക്കുകയാണ്.

ഗാന്ധി : അക്രമം ഒരിക്കലും യഥാര്‍ത്ഥ മാറ്റത്തിന്റെ അടിത്തറയാകില്ല. അഹിംസ മാത്രമാണ് അടിച്ചമര്‍ത്തപ്പെട്ടവനെയും അടിച്ചമര്‍ത്തുന്നവനെയും ശുദ്ധീകരിക്കുന്നത്, അതുവഴി അനുരഞ്ജനം സാധ്യമാക്കുന്നു.

സിസെക് : ശരി, പക്ഷേ എന്റെ പ്രശ്‌നം മറ്റൊന്നാണ്, നിങ്ങള്‍ക്ക് അത് മനസ്സിലാകും - അഹിംസ ഒരു പ്രത്യയശാസ്ത്രപ്രശ്‌നം തന്നെയാണ്. സമാധാനപരമായ ചെറുത്തുനില്‍പ്പിന് ഈ വ്യവസ്ഥ ഇടം നല്‍കുന്നുവെന്ന് അഹിംസാസിദ്ധാന്തം മുന്‍കൂട്ടി അനുമാനിക്കുകയാണ്. എന്നാല്‍ സമൂഹത്തിന്റെ അടിസ്ഥാനഘടന തന്നെ അക്രമാസക്തമാണെങ്കിലോ? അപ്പോള്‍ അഹിംസ എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ സിദ്ധാന്തം മറഞ്ഞിരിക്കുന്ന അക്രമത്തെ നിലനിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്.

ഗാന്ധി : ഘടനാപരമായ അനീതി യഥാര്‍ത്ഥമാണെന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ വ്യവസ്ഥാപിതമായ അക്രമത്തിന് നമ്മള്‍ ശാരീരികമായ അക്രമം കൊണ്ട് മറുപടി നല്‍കിയാല്‍, നമ്മള്‍ ഹിംസയുടെ ചക്രം നിലനിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. അഹിംസ എന്നാല്‍ നിഷ്‌ക്രിയത്വമല്ല; അത് സജീവമായ പ്രതിരോധമാണ്, പക്ഷേ വെറുപ്പില്ലാതെ. എതിരാളിയുടെ ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം.

സിസെക് : അതെ, അതെ, പക്ഷേ ഇത് കൃത്യമായി കെണിയല്ലേ? നമ്മള്‍ പീഡകന്റെ മനസ്സാക്ഷിയോട് അപേക്ഷിച്ചാല്‍, അത് അങ്ങനെയങ്ങ് മാറുമെന്ന ആശയം ഒരു കെണിയല്ലേ? നിങ്ങളുടെ അഹിംസ നിറഞ്ഞ കത്തുകള്‍ വായിച്ചതിനുശേഷവും പീഡകന്‍ രാത്രിയില്‍ കിടന്ന് നന്നായി ഉറങ്ങും എന്നതാണ് എന്റെ ആശങ്ക! ചിലപ്പോള്‍, സമൂഹത്തെ ഉണര്‍ത്താന്‍, തടസ്സപ്പെടുത്തല്‍- അക്രമാസക്തമായ തടസ്സപ്പെടുത്തല്‍ പോലും- ഒഴിവാക്കാനാവാത്തതായിരിക്കാം.

ഗാന്ധിയും ഗായകനായ മൈക്കിള്‍ ജാക്‌സണും

ഗാന്ധിയും സംഗീതവും എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ ഈ ഗാന്ധിജയന്തിയിലെ സങ്കല്‍പ ചര്‍ച്ചാവേദിയില്‍ ഞാന്‍ മൈക്കിള്‍ ജാക്‌സണെ സ്വാഗതം ചെയ്യുകയായിരുന്നു.

ഒരുദ്യാനത്തില്‍ മരത്തണലില്‍ ഗാന്ധി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു പാട്ടുമൂളി മൈക്കിള്‍ ജാക്‌സണ്‍ വരികയാണ്.

മൈക്കിള്‍ ജാക്‌സണ്‍ : എന്തൊരു ശാന്തമായ ഇടം. ഇത്തരം സ്ഥലങ്ങളിലാണ് സംഗീതം പിറക്കേണ്ടത്.

ഗാന്ധി: സമാധാനമാണ് എല്ലാറ്റിലും വലിയ സംഗീതം. സ്വാഗതം സുഹൃത്തേ.

മൈക്കിള്‍ ജാക്‌സണ്‍: എനിക്ക് അത് ഇഷ്ടമായി. അങ്ങേയ്ക്കറിയാമോ, സംഗീതത്തിന് ആളുകളെ സുഖപ്പെടുത്താന്‍ കഴിയുമെന്നും അവരില്‍ സ്‌നേഹം ജനിപ്പിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഗാന്ധി : തീര്‍ച്ചയായും. സ്‌നേഹമാണ് അഹിംസയുടെ അടിത്തറ. നമ്മള്‍ അതനുസരിച്ച് ജീവിക്കുമ്പോള്‍, ആയുധം ഉയര്‍ത്താതെ തന്നെ നമ്മള്‍ വിദ്വേഷത്തെ നിരായുധീകരിക്കുന്നു.

മൈക്കിള്‍ ജാക്‌സണ്‍ : എന്റെ പാട്ടുകളിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചതും അതാണ്. ലോകത്തെ ഒരു കുടുംബമായി ആളുകള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ചിലപ്പോള്‍ ലോകം എന്നെ അതേ രീതിയില്‍ കണ്ടിരുന്നില്ല.

ഗാന്ധി : സമൂഹം പലപ്പോഴും വിപ്ലവകാരികളെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ എത്രമാത്രം മേഘാവൃതമായാലും സത്യത്തിന് പ്രകാശിക്കാന്‍ അത് ഒരു വഴി കണ്ടെത്തി പുറത്തേക്കുവരും.

ഗാന്ധിയും കാള്‍ മാര്‍ക്സും

അങ്ങനെയിരിക്കെയാണ് ചര്‍ച്ചാവേളയിലേക്ക് കാള്‍ മാര്‍ക്‌സ് കടന്നുവന്നത്.

മാര്‍ക്‌സ്: ഗാന്ധി, നീതിയോടുള്ള നിങ്ങളുടെ സമര്‍പ്പണത്തെ ഞാന്‍ അഭിനന്ദിക്കുന്നു, പക്ഷേ നിങ്ങളുടെ രീതികളോട് ഞാന്‍ മല്ലടിയ്ക്കും. അടിച്ചമര്‍ത്തപ്പെട്ടവര്‍ അധികാരം പിടിച്ചെടുക്കണം. വിപ്ലവമില്ലാതെ, ഭരണവര്‍ഗം ഒരിക്കലും സ്വമനസ്സോടെ കീഴടങ്ങില്ല.

ഗാന്ധി : മാര്‍ക്‌സ്, ദരിദ്രരോടുള്ള നിങ്ങളുടെ കരുതലിനെ ഞാന്‍ ബഹുമാനിക്കുന്നു, പക്ഷേ അക്രമത്തെ പാതയായി എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അക്രമം ഒരു ഭരണാധികാരിയെ അട്ടിമറിച്ചേക്കാം, പക്ഷേ അത് പുതിയ സ്വേച്ഛാധിപത്യത്തിന് വിത്തുകള്‍ പാകുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യം അഹിംസയിലും ധാര്‍മ്മിക പരിവര്‍ത്തനത്തിലുമാണ് നിലകൊള്ളേണ്ടത്.

മാര്‍ക്‌സ് : പക്ഷേ ചരിത്രം നോക്കൂ! ബൂര്‍ഷ്വാസി മാന്യമായി സ്വയം പിന്മാറില്ല. അവരെ നിര്‍ബന്ധിച്ച് മാറ്റി നിര്‍ത്തേണ്ടിവരും. യജമാനന്റെ അധികാരം ചൂഷണത്തെ ആശ്രയിച്ചിരിക്കുന്ന കാലത്തോളം അവന്റെ മനസ്സാക്ഷിയെ താങ്കളുടെ ശൈലിയിലൂടെ ആകര്‍ഷിക്കാന്‍ കഴിയില്ല.

ഗാന്ധി : ശരി, എന്നിട്ട് നമ്മള്‍ യജമാനനെ അക്രമാസക്തമായി നശിപ്പിച്ചാല്‍, പിന്നാലെ നമ്മള്‍ സ്വയം യജമാനന്മാരാകാനുള്ള സാധ്യതയില്ലേ? വിദ്വേഷം പോരാട്ടത്തിന് ഇന്ധനമാകുമ്പോള്‍, വിജയത്തിനുശേഷവും വിദ്വേഷം നിലനില്‍ക്കുമെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സത്യാഗ്രഹം എതിരാളിയുടെ നാശമല്ല, മറിച്ച് അവന്റെ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.

മാര്‍ക്‌സ് : പരിവര്‍ത്തനമോ? ചൂഷണത്തില്‍ നിന്ന് ലാഭം നേടുന്നവരില്‍ അനുകമ്പ ഉണര്‍ത്താന്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? അത് മാന്യമാണ്, പക്ഷേ അപകടകരമാംവിധം നിഷ്‌കളങ്കമാണ്. വ്യവസ്ഥകള്‍ നന്മയാല്‍ തകര്‍ക്കപ്പെടുന്നില്ല; അടിച്ചമര്‍ത്തപ്പെട്ടവര്‍ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അവ തകരുകയുള്ളൂ.

ഗാന്ധി : ശരിയായിരിക്കാം. പക്ഷേ എനിക്ക് ആത്മശക്തിയുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത് നമ്മള്‍ അവരെ ബലപ്രയോഗത്താല്‍ മറികടന്നതുകൊണ്ടല്ല- ഞങ്ങള്‍ക്ക് തോക്കുകള്‍ ഇല്ലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ധാര്‍മ്മിക ശക്തി അനുസരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അവരുടെ ഭരണം അസാധ്യമായതിനാലാണ് അവര്‍ പോയത്.

മാര്‍ക്‌സ് : നിങ്ങളുടെ പോരാട്ടത്തില്‍ അത് ശരിയായിരിക്കാം, പക്ഷേ സാമ്രാജ്യത്വവും മുതലാളിത്തവും ആഗോള ഘടനകളാണ്. മുഴുവന്‍ വ്യവസ്ഥയെയും അട്ടിമറിക്കാതെ, ചൂഷണം അവസാനിപ്പിക്കാന്‍ കഴിയില്ല .

ഗാന്ധിയും ബി.ആര്‍. അംബേദ്കറും

ഇനി നമുക്ക് കൃത്രിമബുദ്ധിവേദിയില്‍ ഗാന്ധിയും അംബേദ്കറും തമ്മിലുള്ള സംഭാഷണത്തിലേക്ക് പോകാം.

ഗാന്ധി : (സൗമ്യമായി) ഡോക്ടര്‍ സാഹിബ്, നമ്മുടെ വാക്കുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നിടത്തൊക്കെ നമ്മുടെ ഹൃദയങ്ങള്‍ക്ക് ഒത്തുചേരാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അംബേദ്കര്‍: (ദൃഢമായി പക്ഷേ ശാന്തമായി) ബാപ്പു, ഹൃദയങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയേക്കാം, പക്ഷേ നീതി ആവശ്യപ്പെടുന്നത് വൈകാരികപ്രകടനങ്ങളെക്കാള്‍ കൂടുതലായ കാര്യങ്ങളാണ്. തൊട്ടുകൂടാത്തവരെ സഹതാപം കൊണ്ട് മാത്രം മോചിപ്പിക്കാന്‍ കഴിയില്ല.

ഗാന്ധി : ശരിയാണ്, എന്നാലും ഞാന്‍ അവരെ ഹരിജനങ്ങള്‍, ദൈവത്തിന്റെ മക്കള്‍ എന്ന് വിളിക്കുന്നു, കാരണം സമൂഹം പുച്ഛിച്ചവരില്‍ പോലും ഞാന്‍ ദൈവികത കാണുന്നു.

അംബേദ്കര്‍ : (തല കുലുക്കുന്നു) വെറുതെ ഏതെങ്കിലും പേരുവിളിച്ചതുകൊണ്ട് ചങ്ങലകള്‍ കഴുകിക്കളയാന്‍ കഴിയില്ല. ഞങ്ങളെ ഹരിജനങ്ങള്‍ എന്ന് വിളിച്ചതുകൊണ്ട് ജാതിവ്യവസ്ഥ ഞങ്ങളുടെ അന്തസ്സിനെ തളര്‍ത്തി എന്ന വസ്തുതയെ മാറ്റുന്നില്ലല്ലോ. നമുക്ക് വേണ്ടത് വെറും സ്‌നേഹമല്ല, ജാതിവ്യവസ്ഥയുടെ ഉന്മൂലനമാണ്.

ഗാന്ധിയും 'ഗാന്ധി' ചലച്ചിത്രസംവിധായകനായ റിച്ചാര്‍ഡ് ആറ്റന്‍ബറോയും

ആറ്റന്‍ബറോ : ബാപ്പു, എന്നെ സ്വീകരിച്ചതിന് നന്ദി. ഞാന്‍ ഒരു രാഷ്ട്രീയക്കാരനോ വിമര്‍ശകനോ ആയിട്ടല്ല, ഒരു കഥാകാരനായിട്ടാണ് വരുന്നത്. അങ്ങയുടെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ ലോകം താങ്കളുടെ സന്ദേശം അറിയട്ടെ.

ഗാന്ധി : സര്‍ റിച്ചാര്‍ഡ്, ലോകത്തിന് എന്റെ ജീവിതം ആവശ്യമില്ല. എന്നാല്‍ സത്യത്തിന്റെയും അഹിംസയുടെയും ആവശ്യമുണ്ട്. അത് നിങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയുമെങ്കില്‍, ഒരുപക്ഷേ നിങ്ങളുടെ പ്രവൃത്തികൊണ്ട് എന്തെങ്കിലും പ്രയോജനകരമായേക്കാം.

ആറ്റന്‍ബറോ : അതാണ് എന്റെ പ്രതീക്ഷ. പക്ഷേ, സിനിമ പോലുള്ള ദുര്‍ബലമായ ഒന്നുകൊണ്ട് എങ്ങനെ സത്യം പകര്‍ത്താന്‍ കഴിയും? സിനിമ ദൃശ്യം, നാടകീയത, സംഘര്‍ഷം എന്നിവയിലൂടെയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ താങ്കളാകട്ടെ ലാളിത്യം, വിനയം, നിശബ്ദതയുടെ ശക്തി എന്നിവയിലൂടെ ജനങ്ങളോട് സംസാരിച്ചു.

ഗാന്ധി : (പുഞ്ചിരിയോടെ): എങ്കില്‍ നിങ്ങളുടെ സിനിമ ലളിതമായിരിക്കട്ടെ. എന്നെ ഒരു വിശുദ്ധനോ സാമ്രാജ്യങ്ങളുടെ ജേതാവോ ആക്കരുത്. പകരം ഇടറിവീഴുന്ന, എന്നാല്‍ മനസ്സാക്ഷിയെ മുറുകെ പിടിക്കുന്ന ഒരു മനുഷ്യന്റെ ബലഹീനതയായി കാണിക്കുക. സത്യാഗ്രഹത്തിന് ശക്തി നല്‍കിയത് ഗാന്ധിജി മാത്രമല്ല, സാധാരണക്കാരായ ദശലക്ഷക്കണക്കിന് ആളുകളാണെന്ന് കാണിക്കുക.

ഗാന്ധിയും ടി വി വാര്‍ത്താവതാരകനായ അര്‍ണാബ് ഗോസ്വാമിയും

പ്രകാശമാനമായ സ്റ്റുഡിയോ . Debate Live എന്ന കൂറ്റന്‍ ബാനര്‍.

അര്‍ണാബ് ഗോസ്വാമി : സര്‍, ബ്രഹ്‌മചര്യം അസ്വാഭാവികമാണ്! അടിസ്ഥാന മനുഷ്യ സഹജാവബോധത്തെ ഒരു മനുഷ്യന്, ഒരു രാഷ്ട്രീയക്കാരന്, ഒരു പൊതു വ്യക്തിക്ക് എങ്ങനെ അതിജീവിക്കാന്‍ കഴിയും? രാജ്യത്തിന് ഉത്തരങ്ങള്‍ ആവശ്യമാണ്!

ഗാന്ധി : ഗാന്ധിജി (ശാന്തമായി, ചെറുതായി പുഞ്ചിരിച്ചു): 'മിസ്റ്റര്‍ ഗോസ്വാമി, ആത്മസംയമനം എന്നാല്‍ പ്രകൃതിയെ നിഷേധിക്കലല്ല, മറിച്ച് അതിന്മേലുള്ള ആധിപത്യമാണ്. മനസ്സിനെ ശക്തിപ്പെടുത്തുകയും ആത്മാവിനെ വ്യക്തമാക്കുകയും ചെയ്യുന്ന ഒരു ശിക്ഷണമാണിത്.'

അര്‍ണാബ് ഗോസ്വാമി : മനസ്സിനുമേലുള്ള ആധിപത്യമോ ? എന്തു മണ്ടത്തരമാണ് താങ്കള്‍ പറയുന്നത്. ആധുനിക യുവാക്കള്‍ക്ക് ഇത് മനസ്സിലാകില്ല! ലോകം പുരോഗമിക്കുമ്പോള്‍ ജനങ്ങളെല്ലാം ഒരു സന്യാസിയെപ്പോലെ ജീവിക്കുന്നതിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്!

ഗാന്ധി : പുരോഗതി എന്നത് വെറും ആഹ്‌ളാദിക്കലല്ല. അത് ചിന്തയിലും പ്രവൃത്തിയിലും മനുഷ്യരാശിയ്ക്കായുള്ള സേവനത്തിലുമാണ് വേണ്ടത്. ഒരാളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു രാജ്യത്തിന്റെ പ്രേരണകളെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും?

അര്‍ണാബ് ഗോസ്വാമി : (മുന്നോട്ട് ചാരി, ശബ്ദം ഉയര്‍ന്നു): പക്ഷേ സര്‍, ബ്രഹ്‌മചര്യം അസ്വാഭാവികമല്ലേ? അത് ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശമായ സ്വയം നിഷേധിക്കുന്നതല്ലേ?

ഗാന്ധി: (സൗമ്യമായി എന്നാല്‍ ദൃഢമായി): 'ഒരാള്‍ക്ക് ഉയര്‍ന്ന ലക്ഷ്യമില്ലെങ്കില്‍ അത് നിഷേധം മാത്രമാണ്. മനസ്സ് സത്യം, സേവനം, ആത്മശുദ്ധീകരണം എന്നിവയില്‍ മുഴുകുമ്പോള്‍, അത് ശക്തിയുടെ ഒരു ഉറവിടമായി മാറുന്നു, ഒന്നിന്റെയും ഉന്മൂലനം അവിടെയില്ല

അര്‍ണാബ് : (ക്യാമറയിലേക്ക് വിരല്‍ ചൂണ്ടി): കാഴ്ചക്കാരേ, നിങ്ങള്‍ ഇപ്പോള്‍ അത് കേട്ടു! രാഷ്ട്രപിതാവായ ഗാന്ധിജി ബ്രഹ്‌മചര്യത്തെ അധികാരത്തിനുള്ള ഉപകരണമായി വാദിക്കുന്നു!

ഗാന്ധി : (ശാന്തമായ പരിഹാസത്തോടെ പുഞ്ചിരിച്ചു): മിസ്റ്റര്‍ ഗോസ്വാമി, അധികാരം ശരീരത്തിന്റേതാണ്, ശക്തി ആത്മാവിന്റേതാണ്.'

കൃത്രിമബുദ്ധിയിലെ ഗാന്ധിയെ അന്വേഷിക്കുന്ന ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഞാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയ 'ഗാന്ധിയും ഗാന്ധിസവും' വായിച്ചു. ഗാന്ധിസം എന്നത് അക്രമം കൂടാതെയുള്ള കമ്മ്യൂണിസം ആണെന്ന വാദത്തിനുള്ള മറുപടിയായി 1958-ല്‍ ഇംഗ്‌ളീഷിലെഴുതിയതായിരുന്നു ഈ പുസ്തകം. അപ്പോള്‍ കൃത്രിമബുദ്ധിയില്‍ ഞാന്‍ ഗാന്ധിയുടെ കൂടെ ഇ.എം.എസ്സിനെ ഇരുത്തിനോക്കി. ChatGPT യുടെ മറുപടി ഇതായിരുന്നു:

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പാണ് അവര്‍ ഗാന്ധിയുടെ ആശ്രമത്തില്‍ ഇരുന്നത്.

ഇ.എം. എസ് : ബാപ്പു, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ നിങ്ങള്‍ വഹിക്കുന്ന പങ്കിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഞാന്‍ പറയട്ടെ - വെറും രാഷ്ട്രീയ സ്വാതന്ത്ര്യം ദരിദ്രരുടെ ദുരിതങ്ങള്‍ പരിഹരിക്കില്ല. യഥാര്‍ത്ഥ സ്വാതന്ത്ര്യം സാമ്പത്തിക വിമോചനത്തിലാണ്, അതിന് വര്‍ഗസമരം ആവശ്യമാണ്.

ഗാന്ധി : ഇ.എം.എസ്, വിശപ്പും ചൂഷണവും നിലനില്‍ക്കുകയാണെങ്കില്‍ സ്വാതന്ത്ര്യം പൊള്ളയാണെന്ന് ഞാനും വിശ്വസിക്കുന്നു. പക്ഷേ, നിങ്ങളുടെ അക്രമാസക്തമായ വിപ്ലവത്തിന്റെ പാത എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അഹിംസയും സ്വയംപര്യാപ്തമായ ഗ്രാമങ്ങളുമാണ് നീതിയുക്തമായ ഒരു സമൂഹത്തിന്റെ അടിത്തറയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇ.എം.എസ് : ജനങ്ങളെ അണിനിരത്തുന്നതില്‍ അഹിംസയ്ക്ക് അതിന്റേതായ സ്ഥാനമുണ്ട്, അതു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ മുതലാളിത്ത വര്‍ഗ്ഗവും ഭൂവുടമകളും അവരുടെ പദവികള്‍ അത്ര എളുപ്പത്തില്‍ ഉപേക്ഷിക്കില്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കണമെന്നും ചിലപ്പോള്‍ അവരെ സായുധമായി നേരിടണമെന്നും ചരിത്രം നമുക്ക് കാണിച്ചുതരുന്നു.

ഗാന്ധി : മാര്‍ഗങ്ങള്‍ തെറ്റെങ്കില്‍, ലക്ഷ്യങ്ങളും വിഷലിപ്തമാകും. അക്രമം ഒരു പീഡകനെ അട്ടിമറിച്ച് മറ്റൊരു പീഡകനെ സൃഷ്ടിച്ചേക്കാം. ഇന്ത്യയ്ക്ക് വേണ്ടത് വര്‍ഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമല്ല, മറിച്ച് ട്രസ്റ്റിഷിപ്പാണ്- അവിടെ സമ്പന്നര്‍ സ്വയം സമൂഹത്തിന്റെ സമ്പത്തിന്റെ സംരക്ഷകരായി കാണുന്നു.

ഇ.എം. എസ്: ബാപ്പു, ആദരവോടെ പറയട്ടെ, ട്രസ്റ്റിഷിപ്പ് ഒരു സ്വപ്നമാണ്. ഭൂവുടമയും മുതലാളിയും സ്വമേധയാ ചൂഷണം അവസാനിപ്പിക്കില്ല. തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും അവരുടെ വിധിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ നാം ഉണര്‍ത്തണം. അതാണ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജനാധിപത്യം.

ഗാന്ധി : ധാര്‍മ്മിക അച്ചടക്കമില്ലാത്ത ജനാധിപത്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തും. എന്റെ ദര്‍ശനം സര്‍വോദയമാണ്- ഒരു വര്‍ഗ്ഗത്തിന്റെ സ്വേച്ഛാധിപത്യമല്ല, എല്ലാവരുടെയും ക്ഷേമം. ഇന്ത്യയിലെ ഗ്രാമങ്ങള്‍ ശാക്തീകരിക്കപ്പെടണം, പക്ഷേ സഹകരണത്തിലൂടെയാണ്, സംഘര്‍ഷത്തിലൂടെയല്ല.

ഇ.എം.എസ്: എന്നിട്ടും അങ്ങയുടെ സര്‍വോദയ സിദ്ധാന്തം, ബാപ്പു, ഇപ്പോഴും പൂര്‍വികരുടെ ആദര്‍ശവാദത്തെ ആശ്രയിക്കുന്നു. ഞങ്ങളുടെ മാര്‍ക്‌സിസ്റ്റ് ദര്‍ശനം ചരിത്രപരമായ ആവശ്യകതയെയും ശാസ്ത്രീയ വിശകലനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഞാന്‍ നിരന്തരം കാണുന്ന മലബാറിലെ കര്‍ഷകര്‍ ഫ്യൂഡല്‍ ഭൂപ്രഭുക്കള്‍ക്ക് കീഴില്‍ കഷ്ടപ്പെടുന്നു. അവര്‍ക്ക് ട്രസ്റ്റിഷിപ്പിനായി കാത്തിരിക്കാനാവില്ല. അവര്‍ ഭൂമിയും നീതിയും ആവശ്യപ്പെടുന്നു.

ഗാന്ധി : ഇ.എം.എസ്, അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നുണ്ട്, ദരിദ്രര്‍ക്കൊപ്പം ഞാന്‍ നിലകൊള്ളുന്നു. പക്ഷേ, ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതാണ് ഏറ്റവും യഥാര്‍ത്ഥ വിപ്ലവമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇ.എം. എസ് : അടിസ്ഥാനഘടനകളെ പരിവര്‍ത്തനം ചെയ്യുന്നതാണ് ഏറ്റവും യഥാര്‍ത്ഥ വിപ്ലവം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ ചരിത്രം നമ്മളില്‍ ആരാണ് ശരിയെന്ന് വിധിക്കും.

ഗാന്ധി : (പുഞ്ചിരിയോടെ): എന്റെ യുവ സുഹൃത്തേ, ഒരുപക്ഷേ ഇന്ത്യയുടെ ആത്മാവിന് നിങ്ങളുടെ പോരാട്ടവും എന്റെ നൂല്‍നൂല്‍ക്കല്‍ ചക്രവും ആവശ്യമായി വന്നേക്കാം.

ഈ അവസാനവാചകത്തിലൂടെ ChatGPT ഗാന്ധിയെ മറികടക്കുകയാണ്. ഗാന്ധി ഒരിക്കലും പറയാനിടയില്ലാത്ത ഒരു വാചകം ഗാന്ധിയെക്കൊണ്ട് പറയിച്ചത് സിസെക്കും ഇ.എം.എസ്സും കൃത്രിമബുദ്ധിയില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പമായിരിക്കുമോ?

എന്റെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവന്നത് ഒരു ഒക്ടോബര്‍ രണ്ടാം തീയതി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച കാര്‍ട്ടൂണാണ്. കാര്‍ട്ടൂണിന്റെ തലക്കെട്ട് 'ഒക്ടോബര്‍ വിപ്ലവം' എന്നാണ്. ഇന്ത്യയിലെ എല്ലാ ദേശീയനേതാക്കളും എ.കെ.ജി അടക്കമുള്ളവര്‍ ചര്‍ക്കയും തലയിലേറ്റി നടക്കുന്ന ഒരു ചിത്രം.