'Will you be there' എന്ന ഗാനത്തില്‍ മൈക്കിള്‍ ജാക്സണ്‍ ഉപയോഗിച്ച ഒരു സംഗീതഖണ്ഡം ഒരു നിയമയുദ്ധത്തിലേക്കു നീങ്ങിയിരുന്നു. ഗാനത്തില്‍ ബീഥോവന്റെ ഒന്‍പതാം സിംഫണിയിലെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചതിലെ പകര്‍പ്പവകാശലംഘനമായിരുന്നു നിയമപ്രശ്‌നം. 18 -19 നൂറ്റാണ്ടുകളിലെ മഹാസംഗീതജ്ഞന് ഇരുപതാം നൂറ്റാണ്ടിലെ തരംഗസ്രഷ്ടാവായ ഗായകന്‍ നടത്തിയ ആദരാഞ്ജലിയാണ് ഒരു  നിയമപ്രശ്‌നമായത്. മൈക്കിള്‍ ജാക്സണ്‍ എന്ന ഗായകനില്‍ എങ്ങനെയാണ് സംഗീതചരിത്രം ചാന്ദ്രഗമനം നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ 'Will you be there' സഹായിക്കുന്നു. നിയമലംഘനം കലാചരിത്രത്തിലെ യമികളുടെ ശീലമാണ്.

To advertise here,

'നാഗവല്ലീ മനോന്മണീ, രാമനാഥന്‍ തേടും ബാലേ' എന്ന വരികള്‍ക്ക് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു വേണ്ടി എം.ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയപ്പോള്‍ അദ്ദേഹത്തില്‍ പഴയ തിരുവിതാംകൂറിലെ ദേശീയഗാനമായ 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം' എന്ന ഈണം വിരുന്നുവന്നതും ഒരാദരവായിട്ടായിരുന്നു. പഴയ അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി ആ നാടിനെ വേണാടിനോട് ചേര്‍ത്ത രാജവംശത്തിന്റെ ഗാനമായിരുന്നു അതെന്നതുപോലും അമ്പലപ്പുഴക്കാരനായ എം.ജി രാധാകൃഷ്ണന് ഒരു പ്രശ്‌നമായില്ല.  

വെറും നാലുവര്‍ഷങ്ങള്‍ കൊണ്ട് തനിയ്ക്ക് റാഫേലിനെ പോലെ വരയ്ക്കാനുള്ള കഴിവുകിട്ടിയെങ്കിലും ഒരു കുഞ്ഞുവരയ്ക്കുന്നതുപോലെ വരയ്ക്കാന്‍ ഒരു ജീവിതദൈര്‍ഘ്യം തന്നെ പരിശീലിക്കേണ്ടിവന്നു എന്ന് പാബ്ലോ പിക്കാസോ പറഞ്ഞപ്പോള്‍ 15 -16 നൂറ്റാണ്ടുകളിലെ ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന റാഫേലിനെ തള്ളിപ്പറയാതെയാണ് പിക്കാസോ ചിത്രരചനയില്‍ താന്‍ നടത്തിയ വിപ്ലവങ്ങളെ, കുതിപ്പുകളെ, കലയിലെ കലാപത്തിന്റെ ഗൃഹപാഠങ്ങളെ സ്മരിച്ചതെന്ന് കാണാന്‍ കഴിയും. ലോകസമക്ഷം ഇതുവരെ പ്രത്യക്ഷപ്പെടാത്ത ചുവര്‍ചിത്രകാരനായ ബാന്‍സ്‌കി ലണ്ടനിലെ ഒരു ചുവരില്‍ രാത്രിയില്‍ ഒരു ചിത്രം വരച്ചിരുന്നു, ലിയാനാഡോ ഡാവിഞ്ചിയുടെ മോണ ലിസ തീവ്രവാദിയായി ചുമലില്‍ ഒരു റോക്കറ്റ് ലോഞ്ചറുമായി നില്‍ക്കുന്നത്. വഴിമാറുമ്പോഴും നടവഴി മുന്നാലെ നടക്കും. ഇത്രയും ആമുഖമായി പറഞ്ഞത് നമ്പൂതിരിയേയും എം.എഫ് ഹുസൈനേയും അനുസ്മരിക്കുവാനാണ്.  

2025 സെപ്തംബര്‍ പതിമൂന്നാം തീയതിയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദിദിനം. സെപ്തംബര്‍ പതിനേഴാം തീയതിയായിരുന്നു എം. എഫ്  ഹുസ്സൈന്റെ നൂറ്റിപ്പത്താം ജന്മദിനം. മണ്മറഞ്ഞുപോയവര്‍ എങ്ങനെയാണ് കലാലോകത്തെ സര്‍ഗ്ഗസ്പന്ദങ്ങളില്‍ ജീവനോടെ തുടരുന്നത് എന്നാലോചിച്ചപ്പോഴാണ് ചിന്ത മൈക്കിള്‍ ജാക്സണിലേക്കും എം.ജി രാധാകൃഷ്ണനിലേക്കും പിക്കാസ്സോയിലേക്കും ബാന്‍സ്‌കിയിലേക്കും പോയത്. മുന്നോട്ടുകുതിക്കുന്ന ഓട്ടക്കാര്‍ക്ക് കാല്‍വെയ്ക്കാന്‍ ഒരു starting block കണ്ടിട്ടില്ലേ, അവിടെ നിന്നാണ് കുതിക്കാനുള്ള ആവേഗം ഉണ്ടാകുന്നത്. അതില്ലാതെ കുതിക്കാന്‍ സാദ്ധ്യമല്ല. കലയില്‍ ആ block  ഭൂതത്തിലേക്കു നീളുന്ന വേരാണ്.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു, 'തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തില്‍ പില്‍ക്കാലത്ത്, പതിനേഴാം നൂറ്റാണ്ടില്‍ പണികഴിയ്ക്കപ്പെട്ട സുബ്രഹ്‌മണ്യര്‍ കോവിലിലെ ചിത്രപ്പണികള്‍ കണ്ടിട്ടുണ്ടോ?'

അദ്ദേഹം എന്റെ കണ്ണുകളിലേക്ക് സൂക്ഷ്മമായി നോക്കിയിട്ട് സന്തോഷം തിരികൊളുത്തിയ ചിരിയോടെ ചോദിച്ചു, 'താന്‍ അതു കണ്ടുപിടിച്ചു അല്ലേ? എത്രനാള്‍ അവിടെ നടന്ന് അതൊക്കെ ഞാന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ടെന്നോ'.

ചോളശിലയിലെ ശുഭവടിവുകള്‍ നമ്പൂതിരിയിലേക്കു വന്നതുപോലെ നമ്പൂതിരിയുടെ ചിത്രമെഴുത്ത് പില്‍ക്കാല കേരളത്തിലെ രേഖാചിത്രലോകത്തും വലിയ സ്വാധീനമായിമാറി. അദ്ദേഹത്തെ നിഷേധിക്കുവാന്‍ ശ്രമിച്ചവരിലും, ശ്രമിച്ചുകൊണ്ടിരിക്കുന്നവരിലും അദ്ദേഹം തുടരുന്നു, പിക്കാസോയില്‍ റാഫേല്‍ എന്നപോലെ, ബാന്‍സ്‌കിയില്‍ ഡാവിഞ്ചി എന്ന പോലെ, അനിത തമ്പിയില്‍ ബാലാമണിയമ്മ എന്നപോലെ. കേരളത്തിലെ രേഖാചിത്രകാരികളെയും ചിത്രകാരന്മാരേയും ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരു കലാകാരന്‍ ഇല്ല. അത്  നിഷേധമായിട്ടോ ആചരണമായിട്ടോ ആകാമെന്നേയുള്ളൂ. ഗാനഗന്ധര്‍വന്‍ യേശുദാസ് പില്‍ക്കാലകേരളത്തിലെ പുരുഷഗായകരെ സ്വാധീനിച്ചതുപോലെയൊന്നാണത്. അതിന്റെ കോട്ടവും നേട്ടവും നമുക്ക് തര്‍ക്കവിഷയമാക്കാം, എന്നാലും ആ സ്വാധീനം വളരെ ആഴത്തിലുള്ളതാണ് എന്നത് സത്യമായി നില്‍ക്കും. അതിനാല്‍ ചിത്രമെഴുത്തു നമ്പൂതിരിയെ നമ്മുടെ രേഖാഗന്ധര്‍വന്‍ എന്ന് വിളിയ്ക്കാം. അദ്ദേഹത്തിന്റെ ശതാബ്ദി വേളയില്‍ മലയാളികള്‍ നമ്പൂതിരിച്ചിത്രങ്ങളുടെ സമഗ്രമായ ഒരു ആര്‍ക്കൈവ്സും മ്യൂസിയവും ഉണ്ടാക്കുവാന്‍ ആലോചിക്കേണ്ടതാണ്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ആ ചിത്രങ്ങളെല്ലാം, ഒട്ടുമുക്കാലും, വരയ്ക്കപ്പെട്ടത് വിലകുറഞ്ഞ ന്യൂസ്പ്രിന്റ് കടലാസ്സുകളിലോ സാധാരണ കടലാസ്സുകളിലോ ആയിരുന്നു എന്നുള്ളതാണ്. മറ്റൊന്ന്, പലയിടങ്ങളിലായി അവ ചിതറിക്കിടക്കുന്നു എന്നുള്ളതാണ്. ഒരു കലാകാരന്റെ ഏറ്റവും സമഗ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ അടുത്തകാലത്ത് കാണാനിടയായത് കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ ജന്മശതാബ്ദിക്കാലത്തായിരുന്നു. അദ്ദേഹം സശ്രദ്ധം സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മക്കള്‍ അതേ സൂക്ഷ്മതയോടെ ഭാവിയിലേക്ക് കരുതി എന്നത് ഇക്കാലത്തിന്റെ ഒരു ഭാഗ്യമാണ്. നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ അതുപോലെ സമാഹരിക്കപ്പെടുകയും കേരളത്തിലെ ഏതെങ്കിലും കലാഗാലറിയുടെ നിത്യഭാഗമാകുകയും വേണ്ടതാണ്. ഇക്കൊല്ലം ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി -മുസിരിസ് ആറാമത് ബിനാലെയില്‍ നമ്പൂതിരി ശതാബ്ദിയ്ക്ക് ആദരമായി ഒരു പ്രദര്‍ശനമുണ്ടായിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചുപോകുന്നു.

ഒരിക്കല്‍ അബു എബ്രഹാം കോഴിക്കോട്ട് ചെന്നപ്പോള്‍ നമ്പൂതിരിയെ കാണണമെന്ന ആഗ്രഹം എം.ടി വാസുദേവന്‍ നായരോട് പറഞ്ഞിരുന്നു. നമ്പൂതിരിയുടെ ചില രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ തനിയ്ക്കു കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എം.ടി അത് സംഘടിപ്പിക്കുകയും ചെയ്തു. എനിക്കുറപ്പാണ് അബുവിന്റെ ശേഖരത്തില്‍ അവ സുരക്ഷിതമായി ഉണ്ടായിരിക്കുമെന്ന്.  

1985. കോഴിക്കോട്. പുതുക്കുടി ബാലേട്ടനും നമ്പൂതിരിയും ഞാനും കൂടി തളിയിലെ സദ്ഗുരു സംഗീതസഭയില്‍ ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയത് ഓര്‍ക്കുന്നു. കച്ചേരിയ്ക്കുശേഷം ബാലേട്ടന്‍ ഞങ്ങളെ ശെമ്മങ്കുടിയുടെ അടുത്തുകൊണ്ടുപോയി. ചെറുപ്പത്തിന്റെ അനാവശ്യതിടുക്കത്തില്‍ ഞാന്‍ ശെമ്മങ്കുടിയോട് ഒരു ചോദ്യം ചോദിച്ചു, 'പാടിക്കൊണ്ടിരിക്കുമ്പോള്‍ പണ്ടുകേട്ട ഗുരുക്കന്മാരുടെ സംഗീതം ഓര്‍ക്കാറുണ്ടോ?' ശെമ്മങ്കുടി ബാലേട്ടന്റെ മുഖത്തേക്കുനോക്കിയാണ് മറുപടി പറഞ്ഞത്,' സംഗീതമേ നിനൈവ്, അല്ലേ?' ഇക്കൊല്ലം ശെമ്മങ്കുടിയുടെ ജന്മദിനത്തിന് ഗുരുവിന് ആദരമര്‍പ്പിച്ചുകൊണ്ട് ടി.എം കൃഷ്ണ ഒരു കച്ചേരി നടത്തിയിരുന്നു. മുഖവുരയില്‍ കൃഷ്ണ ഒരനുഭവം വിശദീകരിച്ചിരുന്നു. അവസാനകാലത്ത് രോഗാതുരനായി ആശുപത്രിയില്‍ കിടന്നിരുന്ന ശെമ്മങ്കുടിയെ കാണുവാന്‍ കൃഷ്ണ ചെന്നു. ശെമ്മങ്കുടി പറഞ്ഞു, 'എനിക്കൊരു ഭയമുണ്ട്'. കൃഷ്ണ പറഞ്ഞു, ഭയമൊന്നും വേണ്ട. അസുഖമൊക്കെ മാറും'. ശിഷ്യന്‍ ആശ്വസിപ്പിച്ചപ്പോള്‍ മഹാഗുരു പറഞ്ഞത്രേ, 'ആ ഭയമല്ല. മരണഭയമൊന്നുമില്ല. എന്നാല്‍ എനിക്കൊരു ഭയമുണ്ട് . സംഗീതം മറന്നുപോകുമോ എന്ന്'.

നമ്പൂതിരിയുടെ വിരലുകളില്‍ ഓര്‍മ്മകള്‍ കൂടുവെച്ചിരുന്നു. ഓര്‍മ്മയില്‍ നിന്നാണ് അദ്ദേഹം പുതുക്കുടി ബാലേട്ടനേയും, എം.ടിയേയും പട്ടത്തുവിളയേയും , ഉറൂബിനേയും, മാധവിക്കുട്ടിയേയും, അരവിന്ദനേയും, വി.കെ. എന്നേയും വരച്ചിരുന്നത്. പണ്ടെന്നോ കണ്ട ദേശമംഗലം മനയിലെ പതിനാറുകെട്ടുകള്‍ വരയ്ക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു. 2017-ല്‍ ദുബായില്‍ വെച്ചാണ് അദ്ദേഹത്തെ ഞാന്‍ അവസാനമായി കണ്ടത്. അന്ന് ആ തൊണ്ണൂറ്റിരണ്ടുകാരന്‍ നീല ജീന്‍സും വെളുത്ത ടീഷര്‍ട്ടുമണിഞ്ഞ് എന്നോടുപറഞ്ഞു, 'എടോ എന്റെ ചിത്രങ്ങളിലെ സ്ത്രീകള്‍ക്ക് അമിത ശരീരയളവുകള്‍ ഉണ്ടെന്നാണല്ലോ പരാതികള്‍. ഇവിടുത്തെ എയര്‍ പോര്‍ട്ടിലെത്തുമ്പോള്‍ കാണുന്ന പെണ്‍കുട്ടികളെയൊക്കെ കാണുമ്പോള്‍ എന്റെ ചിത്രത്തില്‍ അതൊക്കെ എത്ര കുറവാണെന്നാണ് എനിയ്ക്കു തോന്നുന്നത്'.    

എം.എഫ് ഹുസ്സൈന്റെ നൂറ്റിപ്പത്താം ജന്മദിനം സെപ്റ്റംബര്‍ പതിനേഴാം തീയതി ആയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തനായ ചിത്രകാരന്‍ എന്നാണോ അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്? 'ഞാന്‍ ഇന്ത്യ സൃഷ്ടിച്ച ഒരു ചിത്രകാരനാണ്, മരിക്കും വരെ അങ്ങനെ തുടരും' എന്നു പറഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ എന്നും ഇന്ത്യ ആയിരുന്നു. കന്യകാമേരി ക്രിസ്തുവിന്റെ മൃതശരീരം മടിയില്‍ കിടത്തിയിരിക്കുന്ന Pieta എന്ന ചിത്രം 1989-ല്‍ വരച്ചപ്പോള്‍ മേരി മദര്‍ തെരേസയുടെ ശിരോവസ്ത്രം അണിഞ്ഞിരുന്നു, മടിയിലെ ക്രിസ്തുശരീരത്തിനാകട്ടെ ഒലീവില പിടിച്ച ഗാന്ധിജിയുടെ സാദൃശ്യവും. എം.എഫ്  ഹുസൈനെ പഴി പറഞ്ഞുകൊണ്ട് ഈ ലേഖനത്തിനു താഴേ കമന്റുകള്‍ എഴുതരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. മരണാന്തരബഹുമതിയായെങ്കിലും ആ വലിയ കലാകാരനോട് ആദരം പുലര്‍ത്താനാണ് ഈ അഭ്യര്‍ത്ഥന. സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് 1937-ല്‍ ഗൂര്‍ണിക്ക നഗരം ബോംബ് ചെയ്യപ്പെട്ടപ്പോള്‍ അതിനോടുള്ള പ്രതികരണമായി പിക്കാസോ വരച്ച കരയുന്ന സ്ത്രീ (The Weeping Woman ) എന്ന ചിത്രത്തിലെ സ്ത്രീ ക്രിസ്തു മരിച്ചപ്പോള്‍ കരയുന്ന കന്യകാമേരിയാണെന്ന ഒരു വായനയുണ്ട്. ഈ ലേഖനം വായിക്കുന്നവര്‍ ആ ചിത്രമൊന്നു കാണുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്യൂബിസ്റ്റ് രചനാപദ്ധതിയില്‍ പിക്കാസോ മേരിയുടെ വിലാപത്തെ ആദരിക്കുകയാണ്, ആക്ഷേപിക്കുകയല്ല.  ഹുസൈന്‍ ഒരു ഇന്ത്യന്‍ കലാകാരനായി മരിച്ചു, ഇന്ത്യയ്ക്കു പുറത്ത്, ലണ്ടനില്‍. പിക്കാസോ തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ അന്തരിച്ചു. മരണദിവസം രാവിലെ മൂന്നുമണിയ്ക്കും അദ്ദേഹം പെയിന്റ് ചെയ്തു. ഹുസൈന്‍ തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ അന്തരിച്ചു, 2011-ല്‍. 2008 -2011 കാലത്ത് അദ്ദേഹം വരച്ച അവസാനചിത്രം 'മൂന്നു സാമ്രാജ്യങ്ങള്‍' എന്നതായിരുന്നു. അതില്‍ ഗാന്ധി പ്രത്യക്ഷപ്പെടുന്നുണ്ട്, കുരിശിനുപകരം ഒരു കലപ്പ തോളില്‍ പേറി.  

എം.എഫ് ഹുസൈനെ മറന്നുകൊണ്ട് ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ ചരിത്രം എഴുതാന്‍ കഴിയില്ല. ആ പൂര്‍ണ്ണസ്വരാജിന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ദേശീയതയുമായും ബന്ധമുണ്ട്. 1947- ലാണ് ബോംബെയില്‍ The Progressive Artists' Group (PAG) രൂപം കൊണ്ടത്. ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ഇന്ത്യന്‍ സമൂഹത്തിന് യൂറോപ്യന്‍ ജനാധിപത്യമൂല്യങ്ങളുടെ ആധുനികത പ്രദാനം ചെയ്യാന്‍ ശ്രമിച്ച കാലയളവില്‍ ഇന്ത്യന്‍ ചിത്രകലയില്‍ അതുചെയ്ത സംഘമായിരുന്നു PAG. എഫ്. എന്‍. സൗസ, എസ്.എച് റാസ, എം.എഫ്. ഹുസൈന്‍, കെ.എച് ആര, എച്.എ. ഗേഡ്, എസ്.കെ. ബാക്‌റേ എന്നിവരായിരുന്നു സംഘത്തിലെ ആറുപേര്‍.

ഇന്നത്തെ ഇന്ത്യന്‍ ചിത്രകലയില്‍ ഹുസൈന്‍ സാന്നിദ്ധ്യം നേരിട്ടുള്ള ഒരു സ്വാധീനമായിട്ടല്ല മറിച്ച് അതിന്റെ ഇനിയും മരിക്കാത്ത സ്വാതന്ത്ര്യവാഞ്ഛയുടെ പ്രേരണയായിട്ടാണ് തുടരുന്നത്. ഹുസൈന്‍ വരച്ച കുതിരകളെ പിന്നീട് ഗുലാം മൊഹമ്മദ് ഷെയ്ഖ് വരച്ചുവെങ്കിലും ആ കുതിരകള്‍ ഹുസ്സൈന്റെ കാന്‍വാസില്‍ നിന്നും നിഷ്‌ക്രമിക്കുകയും വേറേ പുല്‍മേടുകളിലേക്ക് പോകുകയുമായിരുന്നു. എന്നാല്‍ ഹുസൈന്‍ വരച്ച ഗാന്ധിയും കബീറും 2024-ലും ഗുലാം മൊഹമ്മദ് ഷെയ്ഖിലും അദ്ദേഹത്തേക്കാള്‍ എത്രയോ ചെറുപ്പമായ പുതിയ തലമുറയിലെ കലാകാരികളേയും കലാകാരന്മാരെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എം.എഫ് ഹുസൈന്‍ വരച്ച 'ആറ്റന്‍ബറോ പാനലുകള്‍' എന്ന ഗാന്ധി ചിത്രങ്ങളിലെ അവസാനചിത്രത്തില്‍ ഗാന്ധി മരണശേഷം ക്രിസ്തുവെപ്പോലെ ഉയിര്‍ക്കുന്നുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ഗാന്ധി മാത്രമല്ല ഉയിര്‍ക്കുന്നത്. നീതിമാന്റെ രക്തത്തില്‍ നിന്നും കലാകാരന്മാരും ഉയിര്‍ക്കുന്നുണ്ട്. എം. എഫ് ഹുസ്സൈന്റെ നൂറ്റിപ്പത്താം ജന്മദിനത്തില്‍ അങ്ങനെയൊരു ഉയിര്‍പ്പും ഇന്ത്യന്‍ കലാലോകത്തില്‍ നമുക്ക് കാണാവുന്നതാണ്. ലണ്ടനിലെ മതേതര സെമിത്തേരിയായ ബ്രുക്വുഡ് സെമിത്തേരിയിലാണ് ഹുസൈന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെനിന്നാണ് ഇന്നത്തെ ഇന്ത്യയിലേക്ക് ആ നിത്യഭാരതീയന്‍ ഉയിര്‍ക്കുന്നത്.