ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ അനാഥാലയത്തിനു കൈമാറിയ മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞാറയ്ക്കല്‍ മഞ്ഞനക്കാട് മുത്തങ്ങാട്ട് മേരി (76). ക്ലേശകരമായ ജീവിത സാഹചര്യത്തിലാണ് ഭര്‍ത്താവ് അഗസ്റ്റിനൊപ്പം നാലുവയസ്സുകാരി മിനിയെ നഗരത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലാക്കിയത്. മകളില്‍ ഒരവകാശവും ഉന്നയിക്കില്ലെന്ന് അന്ന് എഴുതി നല്‍കിയിരുന്നു.

To advertise here,

പിന്നീട് ജനിച്ച മകളെ ചേച്ചിയെ കാണിക്കാന്‍ കൊണ്ടുചെന്നപ്പോഴാണ് മൂത്തമകള്‍ അവിടെ ഇല്ലെന്നറിയുന്നത്. ഫ്രാന്‍സിലുള്ള ദമ്പതിമാര്‍ ദത്തെടുത്ത് കൊണ്ടുപോയെന്ന യാഥാര്‍ഥ്യത്തോട് അഗസ്റ്റിന്‍-മേരി ദമ്പതിമാര്‍ പൊരുത്തപ്പെടുകയായിരുന്നു. പിന്നീട് ഓര്‍മ്മകളില്‍ മാത്രം ജീവിക്കുകയായിരുന്നു ആ മകള്‍.

1999 സെപ്റ്റംബറില്‍ ഫ്രാന്‍സില്‍നിന്ന് കൊച്ചിയിലെത്തിയ റെജിന്‍ എന്ന യുവതി തന്റെ പൈതൃകം തേടുന്നതായി പത്രവാര്‍ത്ത വന്നിരുന്നു. കൂട്ടത്തില്‍ കുഞ്ഞുന്നാളിലെ ഒരു ചിത്രവും ഉണ്ടായിരുന്നു. മേരിയുടെ കുഞ്ഞിന്റെ ഛായ തന്നെയായിരുന്നു റെജിനും. പക്ഷേ, അത് മേരിയുടെ ശ്രദ്ധയില്‍ പെടുന്നത് 16 വര്‍ഷത്തിനുശേഷമാണ്. അപ്പോഴേക്കും റെജിനുമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. ഫ്രാന്‍സിലുള്ള ചിലരോടൊക്കെ ബന്ധപ്പെടാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു.

 

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച മേരി ഇളയ മകള്‍ സിനിക്കൊപ്പമാണ് കഴിയുന്നത്. കണ്ണടയും മുന്‍പ് തന്റെ മകളെ വീണ്ടുമൊരിക്കല്‍ കാണണം എന്ന പ്രാര്‍ഥനയിലാണ് ഈ അമ്മ.